ചെമ്പൻ അരിവാൾ കൊക്കൻ

ചൈനയിൽ
കുരുവികളെ
ഉന്മൂലനം ​ചെയ്യാൻ
ഉത്തരവിട്ട മാവോ,
പക്ഷികളെക്കുറിച്ച്
ചില രഹസ്യങ്ങൾ

കൃഷിയുടെ ശത്രുക്കളായി മുദ്രകുത്തപ്പെട്ട പക്ഷികൾ ഒട്ടേറെയുണ്ട്. എന്നാൽ പക്ഷികൾ കർഷകരുടെ മിത്രങ്ങളാണെന്ന സത്യം പലരും ഓർക്കാറില്ല. നമ്മുടെ കാർഷിക സംസ്കാരവുമായി ഉറ്റ ബന്ധമുള്ള പക്ഷികളെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ പങ്കിടുന്നു, പക്ഷിനിരീക്ഷകനും ഗവേഷകനുമായ ഡോ. അബ്ദുള്ള പാലേരി.

ക്ഷികൾ കൃഷി നശിപ്പിക്കുന്നതായി കർഷകർ പരാതി പറയുന്നത് സാധാരണമാണ്. നെൽവിത്തുകൾ തിന്നു നശിപ്പിക്കുന്ന മയിലുകൾ; നെൽക്കതിർ മുറിച്ചെടുത്തു പറന്നുപോകുന്ന തത്തകൾ; പപ്പായ തിന്നു തീർക്കുന്ന ചിന്നക്കുട്ടുറുവൻ; ഞാറുകൾ ചെളിയിൽ ചവിട്ടിത്താഴ്ത്തുന്ന നീലക്കോഴികൾ- ഇങ്ങനെ കൃഷിയുടെ ശത്രുക്കളായി മുദ്രകുത്തപ്പെട്ട പക്ഷികൾ ഒട്ടേറെയുണ്ട്.

എന്നാൽ പക്ഷികൾ കർഷകരുടെ മിത്രങ്ങളാണെന്ന സത്യം പലരും ഓർക്കാറില്ല. മാത്രമല്ല നമ്മുടെ കാർഷിക സംസ്കാരവുമായി പക്ഷികൾക്ക് അഭേദ്യബന്ധമുണ്ട്.

നമ്മുടെ കാർഷിക സംസ്കാരവുമായി ഉറ്റ ബന്ധമുള്ള ഒരു പക്ഷിയാണ് വിഷുപ്പക്ഷി. മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ കേരളത്തിലെ ഗ്രാമഹൃദയങ്ങളിൽ നാദമധുരം ചൊരിയുന്ന പക്ഷി. ഒരിനം കുയിലാണിത്. വിഷുക്കാലത്താണ് കേരളത്തിൽ ഈ പക്ഷിയുടെ സാന്നിധ്യം നാം തിരിച്ചറിയുന്നത്. ഉച്ചത്തിൽ കേൾക്കുന്ന അനുപമ ഗാനം ആലപിച്ചാണ് തന്റെ സാന്നിധ്യം ഈ പക്ഷി വിളംബരം ചെയ്യുന്നത്. ‘ഗ്രീഷ്മകാല ദേശാടകൻ’ (Summer Migrant) എന്നാണ് പൊതുവെ ഈ പക്ഷിയെ വിശേഷിപ്പിക്കുന്നത്. മറ്റു കാലങ്ങളിൽ ഈ പക്ഷി കേരളത്തിൽ വസിക്കുന്നുണ്ടോ എന്ന് നിശ്‌ചയമില്ല. കാരണം കേൾക്കാൻ എളുപ്പമാണെങ്കിലും കാണാൻ ഏറെ ബുദ്ധിമുട്ടുള്ള പക്ഷിയാണിത്. കാണാമറത്തിരുന്നു പാടുമ്പോഴാണ് ഈ പക്ഷി നമ്മുടെ ശ്രദ്ധിൽ പെടുന്നത്. പാടുന്നതാകട്ടെ ഗ്രീഷ്മകാലത്തും. ഉത്തരായനപ്പക്ഷി എന്നും ഇതിനെ വിളിക്കാറുണ്ട്. സൂര്യന്റെ ഉത്തരായനകാലത്താണല്ലോ ഈ പക്ഷി കേരളത്തിൽ സാന്നിധ്യം അറിയിക്കുന്നത്.

കതിരുകാണാക്കിളി എന്നാണ് ഈ ഗ്രീഷ്മകാല ദേശാടകന്റെ മറ്റൊരു പേര്. ഒരു വിരുന്നുകാരനായി സങ്കല്പിച്ചാൽ മിക്കവാറും കൊയ്ത്തുകാലം കഴിഞ്ഞെത്തുന്ന ഈ പക്ഷിക്ക് എങ്ങനെ നെൽക്കതിർ കാണാൻ കഴിയും!

കേരളത്തിൽ ചക്ക സുലഭമായ നാളുകളിൽ ഈ പക്ഷി വരുന്നത് ചക്കയ്ക്ക് ഉപ്പുണ്ടോ എന്നു നോക്കനാണോ?. ഈ ഭാവനാസന്ദേഹമാണ് പക്ഷിയുടെ ‘ചക്കയ്ക്ക് ഉപ്പുണ്ടോ’ കുയിൽ എന്ന പേരിനാധാരം.

ചിന്നക്കുട്ടുറുവൻ
ചിന്നക്കുട്ടുറുവൻ

പേരുകളിൽ പോലും കേരളത്തിന്റെ കാർഷിക സംസ്കാരം തുടിക്കുന്ന പക്ഷിയാണ് വിഷുപ്പക്ഷി. മാത്രമല്ല, മലയാളികൾ ചില മനോഹരമായ ഈരടികളിലൂടെ ഈ കുയിലിനെ നമ്മുടെ കാർഷിക സംസ്കാരവുമായി ബന്ധപ്പിക്കുന്നുണ്ട്. വിഷുപ്പക്ഷിയുടെ പാട്ടിന്റെ ഈണത്തിന് അനുസൃതമായിട്ടാണ് ഈ ഈരടികൾ മൊഴിയുന്നത്: "ചക്കയ്ക്കുപ്പുണ്ടോ,
വിത്തും കൈക്കോട്ടും,
അച്ഛൻ കൊമ്പത്ത്,
അമ്മ വരമ്പത്ത്,
കള്ളൻ ചക്കേട്ടു,
കണ്ടാമിണ്ടണ്ടാ ..."

ഗൃഹനാഥൻ ചക്ക കൊയ്യാനോ മാങ്ങയിടാനോ മാവിലോ പ്ലാവിലോ കയറിയിരിക്കുന്നു. അമ്മ പാട വരമ്പത്താണ്. ആ തക്കം നോക്കിയാണ് കള്ളൻ ചക്ക മോഷ്ടിക്കുന്നത്. പക്ഷേ, കള്ളൻ ചക്ക മോഷ്ടിച്ചത് ആരോടും പറയരുത്. നമ്മുടെ ഗ്രാമങ്ങളിലെ കാർഷിക ജീവിതത്തെ എത്ര ആകർഷകമായിട്ടാണ് ഈ ഈരടികളിൽ ആവിഷ്കരിച്ചിരിക്കുന്നത്.

മാത്രമല്ല, കള്ളൻ ചക്കയിടുന്നത് കണ്ടിട്ടും ആരോടും മിണ്ടരുതെന്ന ഉപദേശത്തിൽ നമ്മുടെ ഗ്രാമനന്മ ആവോളം പ്രതിഫലിക്കുന്നുണ്ട്. വിശപ്പടക്കാനായി ചക്ക മോഷ്ടിക്കുന്നത് ഒരു വലിയ അപരാധമായി കാണേണ്ടതില്ല എന്ന ഗുണപാഠവും ഈ ഈരടികളിലുണ്ട്.

നീലക്കോഴി
നീലക്കോഴി

പ്രാചീനകാലം മുതൽക്കുതന്നെ പക്ഷികളും കർഷകരും തമ്മിൽ അഭേദ്യബന്ധം നിലനിന്നിരുന്നു. എണ്ണായിരം വർഷങ്ങൾക്കുമുമ്പാണ് കാട്ടുകോഴിയെ ഇണക്കിയെടുത്ത് നാം കൂടെ കൂട്ടിയത്. ഏതാണ്ട് 10,000 വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ കാർഷിക ജീവിതം ആരംഭിച്ചു. പക്ഷികളും കർഷകരും തമ്മിൽ ഒരു പരപ്സപാരാശ്രിത ബന്ധം (Symbiosis) നില നിന്നിരുന്നു. കൃഷിയെ നശിപ്പിക്കുന്ന പ്രാണികളെയും പുഴുക്കളെയും പക്ഷികൾ യഥേഷ്ടം ഭക്ഷിച്ചു. വിളവിന്റെ ഒരു പങ്ക് പക്ഷികൾക്ക് ലഭിച്ചിരുന്നു. കൃഷിയെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാൽ പക്ഷികൾ കർഷകരുടെ ഉറ്റ മിത്രങ്ങളായിത്തീർന്നു.

പക്ഷികളുടെ ശാന്തതക്ക് ഭംഗം വരാതിരിക്കാൻ പടക്കം പൊട്ടിക്കാതെയാണ് തിരുനെൽവേലി ജില്ലയിലെ കൂന്തകുളം പക്ഷിസങ്കേതത്തിനടുത്തുള്ള കർഷകർ ഉത്സവങ്ങൾ ആഘോഷിക്കുന്നത്. പരിക്കേറ്റ പക്ഷികളേയും കൂടുകളിൽനിന്ന് വീണുപോകുന്ന പക്ഷിക്കുഞ്ഞുങ്ങളേയും അവർ അതീവ കരുതലോടെ പരിചരിക്കുന്നു.

ഭക്ഷണാവശ്യത്തിനായി ആരംഭിച്ച കൃഷിയുടെ ലക്ഷ്യം കാലാന്തരത്തിൽ പുനഃനിർവചിക്കപ്പെട്ടു. വിളവിന്റെ വൻലഭ്യതയായി കൃഷിയുടെ ലക്ഷ്യം മാറി. രോഗങ്ങളും കീടങ്ങളും ഈ ലക്ഷ്യസാക്ഷാൽക്കാരത്തിന് വിലങ്ങുതടിയായി. ലോകവ്യാപകമായി കീടനിയന്ത്രണത്തിനായി കൃഷിയിടങ്ങളിൽ മാരകമായ കീടനാശിനികൾ പ്രയോഗിച്ചുതുടങ്ങി. കൃഷി നശിപ്പിക്കുന്ന പ്രാണികളെയും പുഴുക്കളെയും നിയന്ത്രിക്കുന്നതിൽ പക്ഷികളുടെ മഹത്തായ പങ്ക് വിസ്മരിക്കപ്പെട്ടു. മാത്രമല്ല പക്ഷികൾ കർഷകരുടെ ശത്രുക്കളാണെന്ന ഒരു ധാരണ കർഷകരിൽ വേരുപിടിച്ചു തുടങ്ങി. പക്ഷികൾ കൃഷിക്ക് ചെയ്യുന്ന സംഭാവന എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയാൻ ഇരുപതാം നൂറ്റാണ്ടിൽ ചൈനയിലുണ്ടായ ഭക്ഷണക്ഷാമത്തിന്റെ കാരണം അന്വേഷിച്ചാൽ ബോധ്യമാകും.

കാട്ടുകോഴി. എണ്ണായിരം വർഷങ്ങൾക്കുമുമ്പാണ്  കാട്ടുകോഴിയെ  ഇണക്കിയെടുത്ത് നാം കൂടെ കൂട്ടിയത്.
കാട്ടുകോഴി. എണ്ണായിരം വർഷങ്ങൾക്കുമുമ്പാണ് കാട്ടുകോഴിയെ ഇണക്കിയെടുത്ത് നാം കൂടെ കൂട്ടിയത്.

1958-ൽ ചൈനയിൽ മാവോസേതൂങ് ഒരു ഉത്തരവിറക്കി: മനുഷ്യരിൽ രോഗം പരത്തുന്ന കൊതുകുകളേയും ഈച്ചകളേയും ധാന്യങ്ങൾ നശിപ്പിക്കുന്ന എലികളേയും കുരുവികളേയും രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യണം.
ഈ നാലിനം ജീവികളേയും ജനങ്ങൾ വ്യാപകമായി കൊന്നുതുടങ്ങി. ഒരുവർഷത്തിനുള്ളിൽ രണ്ടു ലക്ഷത്തോളം കുരുവികൾ ഉന്മൂലനം ചെയ്യപ്പെട്ടു. അതോടെ കൃഷിയിടങ്ങളിൽ കീടങ്ങൾ പെരുകാൻ തുടങ്ങി. കാരണം, കീടങ്ങളേയും അവയുടെ പുഴുക്കളേയും തിന്നുനശിപ്പിച്ചിരുന്ന കുരുവികൾ പലയിടങ്ങളിൽ നിന്നും അപ്രത്യക്ഷമായിരുന്നു. അനിയന്ത്രിതമായി പെരുകിയ കീടങ്ങൾ കൃഷിയെ മുച്ചൂടും നശിപ്പിച്ചു. ധാന്യലഭ്യത തുലോം കുറഞ്ഞു. ഭക്ഷണക്ഷാമം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ചു. അബദ്ധം തിരിച്ചറിഞ്ഞ മാവോ 1960-ൽ ആ ഉന്മൂലന ഉത്തരവ് പൂർണമായി പിൻവലിച്ചു. ഈ ചരിത്രസംഭവം മനുഷ്യരും പക്ഷികളും തമ്മിലുള്ള അനർഘബന്ധത്തിന്റെ ഉത്തമ നിദർശനമായി എക്കാലവും ഓർമ്മിക്കപ്പെടും.

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ ഒരു പ്രശസ്ത പക്ഷിസങ്കേതമുണ്ട്; കൂന്തകുളം പക്ഷിസങ്കേതം. ലക്ഷക്കണക്കിന്‌ പക്ഷികളാണ് ഇവിടെ വിരുന്നുവരുന്നത്. കൂന്തകുളം ഗ്രാമത്തിലെ കർഷകരുടെ ഹൃദയത്തിലേക്കാണ് ഈ പക്ഷികൾ ചിറകടിച്ചെത്തുന്നത്. കഴിഞ്ഞ 300 വർഷമായി അവർ പക്ഷികളെ സ്‌നേഹിക്കുന്നു; ആദരിക്കുന്നു; സംരക്ഷിക്കുന്നു. പക്ഷികൾ തങ്ങളുടെ ജീവിതത്തിലെ ഭാഗ്യദായകരാണ് എന്ന് അവർ വിശ്വസിക്കുന്നു. തങ്ങളുടെ കൃഷിയിടങ്ങളിൽ പൊന്ന് വിളയുന്നത് ഈ പക്ഷികളുടെ വിസർജ്യം മണ്ണിനെ പോഷകസമൃദ്ധമാക്കുന്നത് കൊണ്ടാണെന്ന തിരിച്ചറിവാണ് ഈ വിശ്വാസത്തിന്റെ ആധാരം.

പക്ഷികളുടെ സ്വൈരജീവിതത്തെ ഹനിക്കുന്ന പ്രവർത്തങ്ങളിൽ നിന്നെല്ലാം അവർ വിട്ടു നിൽക്കുന്നു. പക്ഷികളുടെ ശാന്തതക്ക് ഭംഗം വരാതിരിക്കാൻ പടക്കം പൊട്ടിക്കാതെയാണ് അവർ ഉത്സവങ്ങൾ ആഘോഷിക്കുന്നത്. പരിക്കേറ്റ പക്ഷികളേയും കൂടുകളിൽനിന്ന് വീണുപോകുന്ന പക്ഷിക്കുഞ്ഞുങ്ങളേയും അവർ അതീവ കരുതലോടെ പരിചരിക്കുന്നു. പക്ഷികളും കർഷകരും തമ്മിൽ നിലനിൽക്കുന്ന സഹവർത്തനത്തിന്റെ ഉത്തമദൃഷ്ടാന്തമാണിത്

മയിൽ
മയിൽ

പക്ഷികളും വൃക്ഷങ്ങളും തമ്മിൽ പുലർത്തുന്ന ഉറ്റ ബന്ധത്തിന് ഇതാ ചരിത്രത്തിൽനിന്ന് മറ്റൊരുദാഹരണം.

ഇന്ത്യ മഹാസമുദ്രത്തിലെ ഒരു കൊച്ചു ദ്വീപാണ് മൗറീഷ്യസ്. ദ്വീപിൽ സാധാരണയായി കണ്ടിരുന്ന ഒരു പക്ഷിയാണ് ഡോഡോ. ഒരിനം വലിയ പറക്കാത്ത പക്ഷി. ഡോഡോക്ക് മൗറീഷ്യസിൽ ശത്രുക്കളേ ഉണ്ടായിരുന്നില്ല. സമുദ്രസഞ്ചാരികൾ യാത്രാമദ്ധ്യേ മൗറീഷ്യസിൽ വിശ്രമത്തിനും മറ്റുമായി ഇറങ്ങുന്നത് പതിവായിരുന്നു. അവർ ഭക്ഷണത്തിനും വിനോദത്തിനുമായി ഡോഡോപ്പക്ഷിളെ കൊന്നു തുടങ്ങി. ദ്വീപിൽ പക്ഷികൾക്ക് ശത്രുക്കൾ ഇല്ലാതിരുന്നതിനാൽ അവ നിർഭയരായി നാവികരെ സമീപിച്ചു. അതിനാൽ അവയെ കൊല്ലുക വളരെ എളുപ്പമായിരുന്നു. പക്ഷികളുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ 17-ാം നൂറ്റാണ്ടിൽ ഒരു ഫോട്ടോ പോലും അവശേഷിപ്പിക്കാതെ ഡോഡോ പക്ഷികൾ നാമാവശേഷമായി.

കേരളത്തിലെ ഒരു സാധാരണ പക്ഷിയായ വെള്ളിമൂങ്ങ കർഷകരുടെ ഉറ്റമിത്രങ്ങളാണ്. വെള്ളി മൂങ്ങയെ പത്തായപ്പക്ഷി എന്നും കളപ്പുര മൂങ്ങ എന്നും വിളിക്കാറുണ്ട്.

ഡോഡോയുടെ തിരോധാനത്തിനുശേഷം ദ്വീപിൽ ഒരസാധാരണ സംഭവമുണ്ടായി. ദ്വീപിൽ സമൃദ്ധമായി വളർന്നിരുന്ന കാൽവാരിയ എന്ന വൃക്ഷങ്ങളുടെ എണ്ണം ദ്രുതഗതിയിൽ കുറഞ്ഞുകൊണ്ടിരുന്നു. ഏറെ നാൾ കഴിയുന്നതിനുമുമ്പേ കാൽവാരിയ വംശനാശത്തിന്റെ വക്കിലേക്ക് തള്ളപ്പെട്ടു. എന്തുകൊണ്ടാണ് കാൽവാരിയ ഹ്രസ്വകാലത്തിനുള്ളിൽ ക്രമാതീതമായി കുറഞ്ഞുപോയത്? നിരന്തര അന്വേഷണത്തിന്റെ ഫലമായി ശാസ്ത്രജ്ഞർ കാൽവാരിയയുടെ വംശശൈഥില്യത്തിന്റെ രഹസ്യം കണ്ടെത്തി. ഡോഡോ പക്ഷികൾ കാൽവാരിയയുടെ ഫലങ്ങൾ യഥേഷ്ടം ഭക്ഷിച്ചിരുന്നു. പക്ഷികൾ വിസർജ്ജിച്ച ഫലവിത്തുകൾ കിളിർത്താണ് കാൽവാരിയതൈകൾ ഉണ്ടായിരുന്നത്. കാൽവാരിയുടെ വംശവർദ്ധനവിനു സഹായിച്ചിരുന്ന ഡോഡോ പക്ഷികൾ മണ്മറഞ്ഞു പോയതോടെ വൃക്ഷങ്ങളുടെ വംശം ക്ഷയിച്ചു തുടങ്ങിയതായി ഗവേഷകർ കണ്ടെത്തി. പ്രകൃതിയിൽ പക്ഷികളും വൃക്ഷങ്ങളും തമ്മിൽ നില നിൽക്കുന്ന അദൃശ്യവും സങ്കീർണവുമായ ബന്ധങ്ങളുടെ ഉത്തമദൃഷ്ടാന്തമാണ് ഈ ചരിത്ര സംഭവം.

കേരളത്തിലെ ഒരു സാധാരണ പക്ഷിയായ വെള്ളിമൂങ്ങ കർഷകരുടെ ഉറ്റമിത്രങ്ങളാണ്. വെള്ളി മൂങ്ങയെ പത്തായപ്പക്ഷി എന്നും കളപ്പുര മൂങ്ങ എന്നും വിളിക്കാറുണ്ട്. കൃഷിയുമായി വെള്ളിമൂങ്ങയുടെ ബന്ധം വിളിച്ചോതുന്ന പേരുകളാണിവ. നെല്ല് തിന്നുനശിപ്പിക്കുന്ന എലികളാണ് വെള്ളിമൂങ്ങയുടെ മുഖ്യ ഇരകൾ. എലികളെ പിടിച്ചുതിന്ന് കർഷകന്റെ പത്തായത്തിൽ ധാന്യം നിറയാൻ സഹായിക്കുന്ന പക്ഷിയാണല്ലോ പത്തായപ്പക്ഷി. കളപ്പുരയിൽ നെല്ലുതിന്നാൻ എത്തുന്ന എലികളെ പിടിക്കാൻ കളപ്പുര സന്ദർശിക്കുന്ന വെള്ളിമൂങ്ങയെ കളപ്പുരമൂങ്ങ എന്ന് വിളിക്കുന്നത് തീർത്തും ഉചിതം തന്നെ.

പഞ്ഞിക്കഴുത്തൻ കൊക്ക്
പഞ്ഞിക്കഴുത്തൻ കൊക്ക്

എലിയെ പിടിക്കാൻ വെള്ളിമൂങ്ങക്ക് അസാധാരണ വിരുതുണ്ട്. പകൽസമയത്ത് കാഴ്ച കുറവായതിനാൽ മൂങ്ങ വൃക്ഷങ്ങളിലും മറ്റുമിരുന്ന്‌ വിശ്രമിക്കും. സന്ധ്യ മയങ്ങുന്നതോടെ ഇരപിടിക്കാനിറങ്ങും. രാത്രിയിലെ മങ്ങിയ വെളിച്ചത്തിൽ ഇരയെ മൂങ്ങക്ക് എളുപ്പം കണ്ടെത്താൻ കഴിയും. മങ്ങിയ വെളിച്ചത്തിൽ മനുഷ്യരേക്കാൾ നൂറിരട്ടി കാഴ്ചശക്തിയുള്ള പക്ഷികളാണ് മൂങ്ങകൾ. മാത്രമല്ല, തൂവലുകൾ പട്ടുപോലെ മിനുമിനുത്തതിനാൽ നിശബ്ദമായി പറന്നുവന്ന് എലിയെ പിടിക്കാൻ കഴിയും.

1962 മുതൽ മലേഷ്യയിലെ എണ്ണപ്പനതോട്ടങ്ങളിൽ വെള്ളിമൂങ്ങകളെ തുറന്നുവിട്ടിരുന്നു. തോട്ടങ്ങളിലെ എലികളുടെ ജൈവികനിയന്ത്രണത്തിന് മൂങ്ങകൾ നിസ്തുലപങ്ക് വഹിക്കുന്നു.

കേരളത്തിൽ പൂന്തേൻ കുടിച്ച് വിശപ്പടക്കുന്ന വിവിധയിനം പക്ഷികളുണ്ട്. സസ്യങ്ങളിൽ പരാഗണം നടക്കാൻ സഹായിക്കുന്ന പക്ഷികളാണിവ.

കർഷകരുടെ പേടിസ്വപ്നമാണ് ആഫ്രിക്കൻ ഒച്ച്. സ്വദേശമായ കിഴക്കൻ ആഫ്രിക്കയിൽനിന്ന് വിധ രാജ്യങ്ങളിലേക്ക് വ്യാപിച്ച ഈ അധിനിവേശ ഒച്ച് പച്ചപ്പിന്റെ അന്തകനാണ്. മനുഷ്യരിലും മൃഗങ്ങളിലും ചില രോഗങ്ങൾ പകർത്തുന്നതിലും ഈ ഒച്ചിന് പങ്കുണ്ട്. ആഫ്രിക്കൻ ഒച്ച് എങ്ങനെ കേരളത്തിൽ എത്തി എന്ന ചോദ്യത്തിന് ഉത്തരം പലതാണ്. ഏറ്റവും വിശ്വസനീയമായ ഒരു വിശദീകരണമിതാ: 1950-കളിൽ അണ്ണാമല സർവകലാശാലയിൽ ഒരു മലയാളി ആഫ്രിക്കൻ ഒച്ചിൽ ഗവേഷണം നടത്തിയിരുന്നു. ഒരിക്കൽ അദ്ദേഹം നാട്ടിലേക്കു പോന്നപ്പോൾ കൂടെ രണ്ടു ആഫ്രിക്കൻ ഒച്ചുകളെയും കൊണ്ടുവന്നു. വീട്ടിൽ സൂക്ഷിച്ചുവെച്ച ഈ രണ്ട് ഒച്ചുകളേയും വീട്ടുജോലിക്കാരി വീടിന്റെ പുറത്തു കളഞ്ഞു. ഇവ ദ്രുതഗതിയിൽ പ്രജനനം നടത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.

ആഫ്രിക്കൻ ഒച്ചുകളെ അങ്ങനെ എളുപ്പം നശിപ്പിക്കുക സാധ്യമല്ല. നമ്മുടെ പാടങ്ങളിൽ സാധരണയായി കണ്ടുവരുന്ന പക്ഷിയാണ്‌ അടയാക്കൊക്കൻ അഥവാ നമച്ചി എടുപ്പൻ. പാടങ്ങളിലും തോടുകളിലും കഴിയുന്ന ഒരിനം തോടുള്ള ഒച്ചാണ് നമച്ചി (നത്തക്ക,ഞവണിക്ക). അടയാക്കൊക്കൻ നമച്ചിയെ ഭക്ഷിക്കുന്നത് കൊണ്ടാണ് ഈ പക്ഷിയെ നമ്മച്ചി എടുപ്പൻ എന്ന് വിളിക്കുന്നത്. ഈ പക്ഷിയുടെ കൊക്കിന് ഒരു പാക്ക് വെട്ടിയുടെ ആകൃതിയാണ്. വലിയ കൊക്കിനു നടുവിലായി ഒരു വിടവുണ്ട്. പാക്ക് വെട്ടികൊണ്ടു പാക്ക് പിളർക്കുന്നതുപോലെ പക്ഷി ആഫ്രിക്കൻ ഒച്ചിന്റെ തോട് പൊട്ടിച്ച് ഒച്ചിനെ ആഹരിക്കും. അടയാക്കൊക്കനുകൾക്ക് ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കുണ്ട്.

അടയാക്കൊക്കൻ അഥവാ നമച്ചി എടുപ്പൻ. പാക്ക് വെട്ടികൊണ്ടു പാക്ക് പിളർക്കുന്നതുപോലെ പക്ഷി ആഫ്രിക്കൻ ഒച്ചിന്റെ തോട് പൊട്ടിച്ച് ഒച്ചിനെ ആഹരിക്കും. അടയാക്കൊക്കനുകൾക്ക്  ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കുണ്ട്.
അടയാക്കൊക്കൻ അഥവാ നമച്ചി എടുപ്പൻ. പാക്ക് വെട്ടികൊണ്ടു പാക്ക് പിളർക്കുന്നതുപോലെ പക്ഷി ആഫ്രിക്കൻ ഒച്ചിന്റെ തോട് പൊട്ടിച്ച് ഒച്ചിനെ ആഹരിക്കും. അടയാക്കൊക്കനുകൾക്ക് ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കുണ്ട്.

പക്ഷികൾ ഒരു രാജ്യത്തിന്റെ സാമ്പത്തികഭദ്രതക്ക് മുതൽക്കൂട്ടായതിന്റെ ഒരു ചരിത്രമിതാ. തെക്കേ അമേരിക്കയിലെ പെറുവിന്റെ കടൽത്തീരങ്ങളിൽ ലക്ഷക്കണക്കിന് കടൽപ്പക്ഷികൾ താവളമടിക്കുക പതിവായിരുന്നു. തീരങ്ങളിൽ പക്ഷിവിസർജ്യം കുന്നുപോലെ കൂടിക്കിടക്കും. ഗ്വാനോ (Guano) എന്നാണ് ഈ വിസർജ്യക്കൂനകൾ അറിയപ്പെടുന്നത്. കൃഷിക്ക് അനിവാര്യമായ മുഖ്യ പോഷകങ്ങളുടെ പ്രകൃതിജന്യ കലവറയാണല്ലോ പക്ഷിവിസർജ്യം. കർഷകർ പക്ഷിവിസർജ്യം വളമായി ഉപയോഗിച്ചപ്പോൾ കാർഷികോത്പാദനം കുതിച്ചുയർന്നു. അവശേഷിച്ച വിസർജ്യവളം പെറു മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. 19-ാം നൂറ്റാണ്ടിൽ ഈ കയറ്റുമതയിലൂടെ പെറു വൻ സാമ്പത്തികനേട്ടം കൈവരിച്ചു. എന്നാൽ അടുത്ത കാലത്തായി കടൽത്തീരങ്ങളിൽ പക്ഷികൾ വിരളമായതോടെ വിസർജ്യവളത്തിന്റെ കയറ്റുമതി തുലോം കുറഞ്ഞുപോയത്രെ.

കേരളത്തിൽ പൂന്തേൻ കുടിച്ച് വിശപ്പടക്കുന്ന വിവിധയിനം പക്ഷികളുണ്ട്. സസ്യങ്ങളിൽ പരാഗണം നടക്കാൻ സഹായിക്കുന്ന പക്ഷികളാണിവ. പരാഗണത്തെ തുടർന്ന് സസ്യങ്ങൾ കായ്ക്കുന്നു; ഫലിക്കുന്നു. കായ്കനികൾ ഭക്ഷിക്കുന്ന പക്ഷികൾ സസ്യങ്ങളുടെ വംശവർദ്ധനവിനും സഹായിക്കുന്നു. തേനുണ്ണുന്നുന്നവരും ഫലമുണ്ണുന്നവരുമായ പക്ഷികൾ കർഷകരെ തെല്ലൊന്നുമല്ല സഹായിക്കുന്നത്. ഫലവൃക്ഷങ്ങളുടെ നാശം ഫലഭോജികളായ പക്ഷികളുടെ വംശം ക്ഷയിക്കാൻ കാരണമായിട്ടുണ്ട്.

ചാരമുണ്ടി
ചാരമുണ്ടി

കൃഷിയിടങ്ങളിലെ വ്യക്ഷങ്ങളിൽ ഒട്ടേറെ പക്ഷികൾ ചേക്കിരിക്കാറുണ്ട്. വിവിധയിനം കൊറ്റികളും നീർക്കാക്കകളും കൂട്ടമായി കൂടുകൂട്ടാറുമുണ്ട്. കൊറ്റില്ലങ്ങൾ എന്നാണ് ഈ സമൂഹപ്രജനനം അറിയപ്പെടുന്നത്. ഈ പക്ഷികളുടെ കാഷ്ഠം കൃഷിയിടങ്ങളിലെ മണ്ണിനെ പോഷക സമൃദ്ധമാക്കുന്നു. പരിസ്ഥിതിക്കും മനുഷ്യനും ഹാനികരമായ രാസവളങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ഇതുവഴി സാധിക്കും. കേരളത്തിലെ കൊറ്റില്ലങ്ങൾ പലതും ഇതിനകം തന്നെ അപ്രത്യക്ഷമായതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

കർഷകർക്ക് ഉപകാരം ചെയ്യുന്ന പക്ഷികളാണ് കാലിക്കൊക്ക്. കന്നുകാലികളുടെ സന്തത സഹചാരികളായതുകൊണ്ടാണ് ഈ പക്ഷിയെ കാലിക്കൊക്ക് (കാലിമുണ്ടി) എന്നു വിളിക്കുന്നത്. പാടം ഉഴുവുമ്പോൾ ഈ പക്ഷികൾ കാളകളുടെ പിന്നാലെ നടക്കും. കാളകൾ നടക്കുമ്പോൾ പുല്ലുകൾക്കിടയിൽനിന്ന് പുറത്തു വരുന്ന പ്രാണികളെ കൊറ്റികൾ കൊത്തിവിഴുങ്ങും. പുല്ലുകളിൽ ഒളിച്ചിരിക്കുന്ന ഒട്ടേറെ കീടങ്ങളെ ഇവ നശിപ്പിക്കും.

കന്നുകാലികളുടെ ദേഹത്ത് പറ്റിക്കിടന്ന് രക്തമൂറ്റിക്കുടിക്കുന്ന പരാദപ്രാണികളെയും കൊറ്റികൾ കൊത്തിത്തിന്നും. അങ്ങനെ കന്നുകാലികളും കാലിക്കൊക്കും തമ്മിലുള്ള ബന്ധം പരസ്പരം പ്രയോജനം ചെയ്യുന്ന ബന്ധമായിത്തീരുന്നു (Symbiosis). കാണ്ടാമൃഗങ്ങളെ അനുഗമിക്കുന്ന കൊറ്റികളെ ഞാൻ ദക്ഷിണാഫ്രിക്കയിൽ കണ്ടിട്ടുണ്ട്. അവയുടെ ദേഹത്തുനിന്ന് കൊറ്റികൾ രക്തപാനികളായ പ്രാണികളെ പിടിച്ചുതിന്നും. സഹജീവനത്തിന് മറ്റൊരുദാഹരണം.

കൊറ്റികൾ
കൊറ്റികൾ

മൂങ്ങകൾ ഒരിക്കലും എലികളെ പൂർണമായി നശിപ്പിക്കില്ല. പാറ്റപിടിയൻ പക്ഷികൾ പ്രാണികളെ അശേഷം തുടച്ചുനീക്കാറില്ല. ഉന്മൂലനം ജൈവിക നിയന്ത്രണത്തിന്റെ ഭാഗമല്ല. ഒരു ജീവി മറ്റൊരു ജീവിയുടെ പെരുക്കം നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്. പക്ഷേ, മനുഷ്യരോ?. ഡോഡോ പക്ഷിയെ ഒന്നോഴിയാതെ കൊന്നുതീർത്തത് മനുഷ്യരാണ്. സഞ്ചാരിപ്രാവുകളുടേയും കരോലിന തത്തകളുടേയും വംശനാശത്തിൽ മനുഷ്യുരുടെ ഇടപെടലുകൾക്ക് നിർണായക പങ്കുണ്ട്.

പക്ഷികൾ കൃഷിക്ക് ചെയ്യുന്ന ഗുണദോഷങ്ങൾ താരതമ്യം ചെയ്താൽ ഗുണങ്ങളുടെ തട്ട് താണുതന്നെ കിടക്കുമെന്നതിന് ധാരാളം പഠന പിൻബലങ്ങളുണ്ട്.

1990-കളുടെ അവസാനം. നീലക്കോഴികളെക്കുറിച്ച് ഗവേഷണം നടത്തുന്ന കാലം. കോഴിക്കോട് ജില്ലയിലെ ഒട്ടേറെ പാടങ്ങളിലൂടെ നീലക്കോഴികളെ തേടി സഞ്ചരിച്ചിട്ടുണ്ട്. കർഷകർ നീലക്കോഴികളെ പണ്ടാരക്കോഴികൾ എന്നാണ് വിളിച്ചിരുന്നത്. വിത്തിടുമ്പോൾ വിത്തുകൾ ചെളിയിൽ ചവിട്ടിത്താഴ്ത്തിയും ഞാറ് നടുമ്പോൾ ഞാറുകൾ ചെളിയിൽ താഴ്ത്തിയും നെൽച്ചെടികളുടെ അകക്കാമ്പ് തിന്നും കതിരിടുമ്പോൾ നെന്മണികൾ കൊത്തിത്തിന്നും നീലക്കോഴികൾ നെല്ല് നശിപ്പിച്ചിരുന്നു. അതുകൊണ്ടാണ് നീലക്കോഴികളെ പണ്ടാരക്കോഴികൾ എന്ന് വിളിച്ചിരുന്നത്. പക്ഷേ, നെല്ലുതിന്ന് നശിപ്പിക്കുന്ന തണ്ടുതുരപ്പൻ പുഴുക്കളെയും കീടപ്രാണികളെയും നീലക്കോഴികൾ ആഹരിക്കുന്നത് കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് നീലക്കോഴികൾ നെല്ല് നശിപ്പിക്കുന്നത് എന്ന ചോദ്യത്തിന് പ്രശസ്ത പക്ഷിനിരീക്ഷകനായ ഇന്ദുചൂഡൻ നൽകുന്ന ഉത്തരമിതാ: "നീലക്കോഴികളുടെ സ്വാഭാവിക ഭക്ഷണം ചതുപ്പുകളിൽ കാണുന്ന ചില ജാതി പോട്ടപ്പുല്ലുകൾ, ഷഡ്പദങ്ങൾ, ഒച്ചുകൾ മുതലായവയാണ്‌.

ചട്ടുകക്കൊക്കൻ
ചട്ടുകക്കൊക്കൻ

കേരളത്തിൽ നെൽവയലുകളും ചതുപ്പുനിലങ്ങളും മറ്റാവശ്യങ്ങൾക്കായി നികത്തിയെടുക്കുക കാരണം ഇത്തരം സ്ഥലങ്ങളുടെ വിസ്തൃതി അനുദിനം കുറഞ്ഞുവരികയാണ്. അതിനാൽ സ്വാഭാവിക ആവാസ്ഥലം നഷ്ടപ്പെടുന്ന നീലക്കോഴികൾക്ക് ബാക്കിനിൽക്കുന്ന നെൽവയലുകളെ ആശ്രയിക്കേണ്ടിവരുന്നു. സ്വാഭാവിക ഭക്ഷണം ലഭിക്കാതെവരുമ്പോൾ നെൽച്ചെടികളുടെ ഇളം നാമ്പുകൾ തിന്നാൻ ഇവ നിബന്ധിതരാവുകയാണ്"(‘കേരളത്തിലെ പക്ഷികൾ’).

പക്ഷികൾ കൃഷിക്ക് ചെയ്യുന്ന ഗുണദോഷങ്ങൾ താരതമ്യം ചെയ്താൽ ഗുണങ്ങളുടെ തട്ട് താണുതന്നെ കിടക്കുമെന്നതിന് ധാരാളം പഠന പിൻബലങ്ങളുണ്ട്. കീടനാശിനികൾ ഗായകപ്പക്ഷികളെ കൊന്നൊടുക്കുമ്പോൾ മൂകമാകുന്ന വസന്തങ്ങളെ കുറിച്ച് റേച്ചൽ കാൾസൺ മൂകവസന്തം എന്ന വിഖ്യാത ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പക്ഷികൾ നാമവശേഷമായാൽ കീടങ്ങൾ പെരുകുകയും ഭൂമിയിലെ ഹരിതാഭ അപ്രത്യക്ഷമാവുകയും തൽഫലമായി മനുഷ്യന്റെ നിലനിൽപ് അസാധ്യമാവുകയും ചെയ്യുമെന്ന് ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞൻ ഡോ. സാലിം അലി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തത്തച്ചിന്നൻ
തത്തച്ചിന്നൻ
ചെറിയ പുള്ളിപ്പരുന്ത്
ചെറിയ പുള്ളിപ്പരുന്ത്


Summary: Dr. Abdulla Paleri, birdwatcher and researcher, shares fascinating facts about birds closely linked to Kerala’s agricultural culture.


ഡോ. അബ്​ദുള്ള പാലേരി

പക്ഷിനിരീക്ഷകൻ, അധ്യാപകൻ. പക്ഷിനിരീക്ഷണം: അറിവും വിനോദവും, വരൂ, നമുക്ക്​ പൂമ്പാറ്റകളെ നിരീക്ഷിക്കാം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments