കോവിഡിന്റെ മറവിൽ ജനാധിപത്യ വിരുദ്ധ പരിസ്ഥിതി നിയമ ഭേദഗതിയുമായി കേന്ദ്രം

ജനാധിപത്യത്തിന്റെ അന്തസ്സത്തയെ ചോർത്തുന്ന വിധത്തിൽ പരിസ്ഥിതി ആഘാത പഠന നിയമങ്ങൾ ഭേദഗതി ചെയ്ത് കൊണ്ട് പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. ഈ ലോക്ഡൗൺ കാലത്തും പരിസ്ഥിതി നിബന്ധനകൾ ലംഘിച്ചുകൊണ്ട് നൂറിലധികം പദ്ധതികൾക്ക് അനുമതി നൽകാൻ ശ്രമങ്ങൾ നടക്കുന്നു. ഈ സാഹചര്യത്തിൽ, അനിയന്ത്രിതമായ വ്യാവസായിക വികസനവും സാമ്പത്തിക വളർച്ചയ്ക്ക് മാത്രമുള്ള ഊന്നലും പാരിസ്ഥിതിക ഉത്തരവാദിത്തത്തെയും അടിസ്ഥാന ജനാധിപത്യ പ്രക്രിയയെയും എങ്ങിനെയൊക്കെ അതിലംഘിക്കുന്നുവെന്ന് പരിശോധിക്കുകയാണ് തമിഴ്‌നാട് കേന്ദ്രസർവകലാശാല സാമൂഹിക പ്രവർത്തന വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. ചിത്ര കെ.പിയും മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഗവേഷണ വിദ്യാർഥിനിയായ പ്രീത കെ.വിയും

ക്കഴിഞ്ഞ മെയ് 7 ന്, പന്ത്രണ്ട് പേരെ മരണത്തിനും നൂറുകണക്കിനാളുകളെ ശാരീരികാസ്വസ്ഥതകളിലേക്കും തള്ളിവിട്ട, വിശാഖപട്ടണത്ത് പ്രവർത്തിക്കുന്ന എൽജി പോളിമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ വിഷവാതകച്ചോർച്ച ഒരു സാങ്കേതികപ്പിഴവായിട്ടാണ് ഭൂരിഭാഗം മാധ്യമങ്ങളും വിലയിരുത്തിയത്. അതിനുമപ്പുറം നിലവിലുള്ള പരിസ്ഥിതി നിയമങ്ങളിലെ പഴുതുകളെക്കുറിച്ചോ വ്യാവസായിക വികസന പ്രവർത്തനങ്ങളിൽ തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ജീവനുമേലുള്ള ഭീഷണികളെക്കുറിച്ചോ എന്തെങ്കിലും ഉത്കണ്ഠകൾ മാധ്യമ റിപ്പോർട്ടുകളിലോ ബന്ധപ്പെട്ട സംവാദങ്ങളിലോ കാണാൻ സാധിച്ചില്ല. അനിയന്ത്രിതമായ വ്യാവസായിക വികസനവും സാമ്പത്തിക വളർച്ചയ്ക്ക് മാത്രമുള്ള ഊന്നലും പാരിസ്ഥിതിക ഉത്തരവാദിത്തത്തെയും അടിസ്ഥാന ജനാധിപത്യ പ്രക്രിയയെയും എങ്ങിനെയൊക്കെ അതിലംഘിക്കുന്നുവെന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ജനാധിപത്യത്തിന്റെ അന്തസത്തയെ ചോർത്തുന്ന വിധത്തിൽ പരിസ്ഥിതി ആഘാത പഠന (EIA) നിയമ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് കൊണ്ട് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെയും (Draft EIA 2020) പരിസ്ഥിതി നിബന്ധനകൾ ലംഘിച്ചുകൊണ്ട് നൂറിലധികം പദ്ധതികൾക്ക് അനുമതി നൽകാൻ ഈ ലോക്ഡൗൺ കാലത്തും ശ്രമങ്ങൾ നടക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ വിശകലനം.

പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തു കൊണ്ടുള്ള വികസന പ്രക്രിയയാണ് കൊളോണിയൽ കാലം മുതൽ ഇന്ത്യയിൽ നടന്നു വരുന്നത്. തത്ഫലമായിട്ടുണ്ടായിട്ടുള്ള കാലാവസ്ഥാവ്യതിയാനവും, ജൈവവൈവിധ്യ നഷ്ടവും പെട്ടെന്നുള്ള വെള്ളപ്പൊക്കം, വരൾച്ച, ഉയർന്നതോതിലുള്ള മലിനീകരണം എന്നിങ്ങനെ പ്രത്യക്ഷമായ പരിസ്ഥിതി ദുരന്തങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. നിലവിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജന്തുജന്യരോഗങ്ങളായ നിപ, ഏവിയൻ ഇൻഫ്ളുവെൻസ, സിക, കോവിഡ്-19 എന്നിവയ്ക്ക് ജൈവവൈവിധ്യശോഷണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഇന്ത്യൻ പരിസ്ഥിതി മന്ത്രാലയം തന്നെ അംഗീകരിച്ചിട്ടുണ്ട്. പരിസ്ഥിതിയുടെ നാശം ജനങ്ങളുടെ ജീവസന്ധാരണ മാർഗ്ഗങ്ങളെയും പൊതു ആരോഗ്യ വ്യവസ്ഥയെയും ഏറെ പ്രതികൂലമായി ബാധിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പരിസ്ഥിതി ആഘാത പഠന നിയമ വ്യവസ്ഥകൾ പ്രസക്തമാവുന്നത്.

2020 മാർച്ച് 23 ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ പല വ്യവസ്ഥകളും EIA നിയമത്തിന്റെ അടിസ്ഥാനലക്ഷ്യം തന്നെ മാറ്റി മറിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് അവശ്യം വേണ്ട ജനാധിപത്യ പ്രക്രിയയെത്തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്നു.

അനിയന്ത്രിതമായ വികസന പദ്ധതികളുണ്ടാക്കിയേക്കാവുന്ന പരിസ്ഥിതി നാശത്തിന്റെ തോത് കുറയ്ക്കുകയോ ആവശ്യമെങ്കിൽ പദ്ധതി തന്നെ നിർത്തലാക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ (1986) ഭാഗമായി പരിസ്ഥിതി ആഘാത പഠന (Environment Impact Assessment-EIA) വിജ്ഞാപനം 1994 ൽ ഇന്ത്യയിൽ നിലവിൽ വരുന്നത്. 1992ൽ ഐക്യരാഷ്ട്രസഭ റിയോ ഡി ജനീറോയിൽ വച്ച് നടത്തിയ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിൽ ഇന്ത്യ ഒപ്പ് വെച്ച റിയോ ഉടമ്പടിയിൽ (Rio-Declaration) പരിസ്ഥിതി സംരക്ഷണത്തിനായി വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് പ്രത്യേകം നിഷ്‌കർഷിക്കുന്നുണ്ട്. വികസന പദ്ധതികളുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങളെ ജന പങ്കാളിത്തത്തോടെ വിലയിരുത്തി പദ്ധതി നടത്തിപ്പിന് അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണ് വിജ്ഞാപനത്തിൽ വേണ്ടത്.

പരിഷ്‌കരിച്ച പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം 2006 ലും (EIA2006) അവയിലെ പല വ്യവസ്ഥകളും പുതുക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം 2020 (Draft EIA-2020) ലും പുറത്തിറങ്ങി. വികസന പദ്ധതികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി 2006 നും 2020 നും ഇടയിൽ പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുന്ന ധാരാളം നിയമഭേദഗതികൾ(Amendments) പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ 2020 മാർച്ച് 23 ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ പല വ്യവസ്ഥകളും EIA നിയമത്തിന്റെ അടിസ്ഥാനലക്ഷ്യം തന്നെ മാറ്റി മറിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് അവശ്യം വേണ്ട ജനാധിപത്യ പ്രക്രിയയെത്തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്നു. പദ്ധതികളുടെ വിഭാഗീകരണത്തിലും മുൻകൂർ പരിസ്ഥിതി അനുമതി പ്രക്രിയയിലും വികസന പ്രക്രിയയിൽ പങ്കാളികൾ ആവാനുള്ള ജനങ്ങളുടെ അവകാശത്തിലും അപകടകരമായ മാറ്റങ്ങളാണ് കരട് വിജ്ഞാപനം മുന്നോട്ട് വയ്ക്കുന്നത്.

പാരിസ്ഥിതിക അനുമതി പ്രക്രിയയുടെ സാങ്കേതിക വശങ്ങൾ

2006 ലെ വിജ്ഞാപനത്തിൽ വികസനപദ്ധതികളെ പ്രധാനമായും A, B വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ആധുനികവത്കരണ, വിപുലീകരണ പദ്ധതികളുൾപ്പടെയുള്ള "A' വിഭാഗം പദ്ധതികൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും "B' വിഭാഗം പദ്ധതികൾ സംസ്ഥാന EIA അതോറിറ്റിയിൽ നിന്നും മുൻകൂർ പാരിസ്ഥിതിക അനുമതി (Prior Environmental Clearance) വാങ്ങണമെന്ന് 2006 ലെ വിജ്ഞാപനം നിഷ്‌കർഷിച്ചിരുന്നു. കേന്ദ്ര/ സംസ്ഥാന തലങ്ങളിലുള്ള വിദഗ്ധ സമിതിയുടെ (EAC/ SEAC) നിർദ്ദേശങ്ങൾക്കനുസൃതമായി പരിസ്ഥിതി മന്ത്രാലയം/സംസ്ഥാന അതോറിറ്റി (MoEFCC/ SEIAA) പാരിസ്ഥിതിക അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യും. ഇതിൽ 'B' വിഭാഗത്തിൽ പെടുന്ന പദ്ധതികളെ പരിസ്ഥിതി ആഘാത പഠനം വേണ്ടതെങ്കിൽ 'B1' എന്നും അല്ലെങ്കിൽ "B2' എന്നും രണ്ടായി തിരിച്ചിരുന്നു.

A, B1 വിഭാഗങ്ങളിൽ പെട്ട വികസന പദ്ധതികൾക്കുള്ള മുൻകൂർ പാരിസ്ഥിതിക അനുമതി പ്രക്രിയ
A, B1 വിഭാഗങ്ങളിൽ പെട്ട വികസന പദ്ധതികൾക്കുള്ള മുൻകൂർ പാരിസ്ഥിതിക അനുമതി പ്രക്രിയ

2020 ലെ കരട് വിജ്ഞാപനത്തിലും വികസന പദ്ധതികളെ കേന്ദ്ര സംസ്ഥാന തലങ്ങളിലായി A, B1, B2 എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടിട്ടുണ്ട്. A, B1 വിഭാഗങ്ങളിൽ പെട്ട വികസന പദ്ധതികൾക്കുള്ള മുൻകൂർ പാരിസ്ഥിതിക അനുമതി പ്രക്രിയ ആറ് ഘട്ടങ്ങളിലായാണ് നടക്കുക - 1) വിഷയ പഠനം (Scoping) 2) EIA റിപ്പോർട്ടിന്റെ കരട് തയ്യാറാക്കൽ 3) അഭിപ്രായ ശേഖരണവും പൊതുതെളിവെടുപ്പും (Public Consultation) 4) EIA റിപ്പോർട്ട് തയാറാക്കൽ 5) വിലയിരുത്തൽ (Appraisal) 6) മുൻകൂർ പാരിസ്ഥിതിക അനുമതി നൽകുകയോ റദ്ദാക്കുകയോ ചെയ്യൽ. എന്നാൽ A, B1 വിഭാഗങ്ങളിൽ പ്രാരംഭ ശേഷിയേക്കാൾ 50 ശതമാനത്തിൽ കുറവ് വികാസം മാത്രം ആവശ്യമായ വിപുലീകരണ പദ്ധതികളെ കരട് വിജ്ഞാപനത്തിൽ പാരിസ്ഥിതിക അനുമതി തേടുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. കൂടാതെ B2 പദ്ധതികൾക്കുള്ള പ്രവർത്തനാനുമതി മുൻകൂർ പാരിസ്ഥിതിക അനുമതിയെന്നും (Prior Environmental Clearance) മുൻകൂർ പാരിസ്ഥിതിക അനുവാദമെന്നും (Prior Environmental Permission) എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ അർത്ഥം (അനുമതി, അനുവാദം) ഒന്ന് തന്നെയെങ്കിലും മുൻകൂർ പാരിസ്ഥിതിക അനുവാദം മാത്രം വേണ്ടി വരുന്ന B2 പദ്ധതികൾക്ക് EIA റിപ്പോർട്ടുകളോ വിദഗ്ധ സമിതിയുടെ വിലയിരുത്തലോ ആവശ്യമില്ല. സംസ്ഥാന റെഗുലേറ്ററി അതോറിറ്റിയിൽ നിന്നും നേരിട്ടുള്ള അപേക്ഷയിൽ പ്രവർത്തനാനുമതി ലഭ്യമാക്കാവുന്നതാണ്. പദ്ധതിക്ക് വേണ്ടിയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ആസൂത്രണ രേഖ (Environment Management Plan) ഹാജരാക്കിയാൽ മാത്രം മതിയാകും. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടതും തന്ത്ര പ്രധാനമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നതുമായ പദ്ധതികളെ (Defence projects & projects of strategic importance) A, B1, B2 എന്നിവയിൽ പെടാത്ത ഒരു പ്രത്യേക വിഭാഗമായി തന്നെ പുതിയ വിജ്ഞാപനത്തിൽ പരിഗണിച്ചിരിക്കുന്നു.

പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്റെ അപചയം, ജനാധിപത്യപ്രക്രിയയുടെയും

കരട് വിജ്ഞാപനത്തിൽ പരിസ്ഥിതി ആഘാത പഠനവും പൊതു തെളിവെടുപ്പും നടപ്പിലാക്കേണ്ട പദ്ധതികളുടെ എണ്ണവും തരവും ഗണ്യമായി കുറച്ചിരിക്കുന്നു. ജലസേചനം ആധുനികവത്കരിക്കാനുള്ള പദ്ധതികൾ, പ്രഖ്യാപിത വ്യവസായ എസ്റ്റേറ്റുകൾക്കുള്ളിൽ (Notified Industrial Estates) പ്രവർത്തിക്കുന്ന ലോഹ, കീടനാശിനി, പെയിന്റ്, പെട്രോളിയം ഉത്പന്നങ്ങൾ മുതലായവ നിർമ്മിക്കുന്ന വ്യവസായ പദ്ധതികൾ, അതിർത്തി പ്രദേശങ്ങളിലുള്ള ദേശീയ പാത, എക്സ്പ്രസ് പാത, പൈപ്പ് ലൈൻ പദ്ധതികൾ, കെട്ടിട നിർമ്മാണ പദ്ധതികൾ, പ്രാദേശിക വികസന പദ്ധതികൾ, മേൽപ്പാലം, ഉപരിതല പാത, ഫ്‌ളൈ ഓവർ പദ്ധതികൾ, കടൽ തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അപ്പുറമുള്ള പദ്ധതികൾ എന്നിവയ്ക്ക് പൊതു തെളിവെടുപ്പുകൾ വേണ്ടെന്ന് പുതിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. വിപുലീകരണപദ്ധതികളുടെ കാര്യമെടുത്താൽ പ്രാരംഭ ശേഷിയേക്കാൾ 50 ശതമാനമെങ്കിലും അധികം വികാസം ആവശ്യമായ A, B1 വിഭാഗങ്ങളിലുള്ള പദ്ധതികൾക്ക് മാത്രമേ പൊതു തെളിവെടുപ്പുകൾ ആവശ്യമുള്ളു എന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഇതിനെല്ലാം പുറമെ B2 വിഭാഗത്തിൽ പെടുന്ന എല്ലാ പദ്ധതികൾക്കും ആഘാത പഠനവും പൊതു തെളിവെടുപ്പുകളും വിജ്ഞാപനത്തിലൂടെ ഒഴിവാക്കിയിരിക്കുന്നു. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടതും തന്ത്ര പ്രധാനമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നതുമായ പദ്ധതികളിലും പൊതുതെളിവെടുപ്പുകൾ ഒഴിവാക്കിയിരിക്കുന്നു. ഈപദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളാന്നും തന്നെ പൊതു സമൂഹത്തിനുമുന്നിൽ വയ്ക്കേണ്ടതില്ലെന്നും വിജ്ഞാപനത്തിലുണ്ട്. ഒരു പദ്ധതിയെ തന്ത്ര പ്രധാനമെന്ന് വിലയിരുത്താനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാവുന്നതിലൂടെ ഭാവിയിൽ പല വികസന പദ്ധതികളെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി പൊതുസമൂഹത്തിന്റെ അംഗീകാരം ഇല്ലാതെ തന്നെ നടപ്പിലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഭൂമിയുടെ പാരിസ്ഥിതിക മൂല്യത്തേയോ വൈവിധ്യത്തേയോ അവയിൽ പുലരുന്ന ജനവിഭാഗങ്ങളേയോ അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിയുക്തിയല്ല മറിച്ച് സാമ്പത്തിക ലാഭത്തിലധിഷ്ഠിതമായ കമ്പോളയുക്തിയാണ് നിലവിൽ പരിസ്ഥിതി സംബന്ധമായ തീരുമാനങ്ങൾക്കാധാരമെന്ന് പരിസ്ഥിതി നിയമ നിർമാണത്തിലെ വൈരുദ്ധ്യങ്ങൾ തെളിയിക്കുന്നു.

സാമൂഹിക, പാരിസ്ഥിതിക മേഖലകളിൽ ഉണ്ടായേക്കാവുന്ന ആഘാതങ്ങൾക്കനുസൃതമായിട്ടാണ് പദ്ധതികളുടെ വിഭാഗീകരണം എന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എങ്കിലും വികസന പദ്ധതിയുടെ ശേഷി, ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തൃതി എന്നിവയെ അടിസ്ഥാനമാക്കിയാണ് വിജ്ഞാപനത്തിൽ പദ്ധതിയുടെ വിഭാഗീകരണം പ്രധാനമായും നടന്നിരിക്കുന്നത്. കരട് വിജ്ഞാപനത്തിൽ ഭൂമിക്ക് ഏകതാനമായ (homogeneous) ആയ ഒരു അസ്തിത്വമാണ് കൽപ്പിച്ച് കൊടുക്കപ്പെട്ടിട്ടുള്ളത്. കൃഷിനിലങ്ങൾ, തണ്ണീർത്തടങ്ങൾ, വനമേഖലകൾ, ജലസ്രോതസ്സുകൾ, തീരപ്രദേശങ്ങൾ, മലമ്പ്രദേശങ്ങൾ എന്നിങ്ങനെ പ്രകൃതം കൊണ്ടും പാരിസ്ഥിതിക സാമൂഹിക പ്രാധാന്യം കൊണ്ടും വ്യത്യസ്തമാണ് വികസന പദ്ധതികൾക്ക് വേണ്ടി ഏറ്റെടുക്കപ്പെടുന്ന ഭൂമി. ഭൂമിയുടെ പാരിസ്ഥിതിക മൂല്യത്തേയോ വൈവിധ്യത്തേയോ അവയിൽ പുലരുന്ന ജനവിഭാഗങ്ങളേയോ അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിയുക്തിയല്ല (Environmental Rationality) മറിച്ച് സാമ്പത്തിക ലാഭത്തിലധിഷ്ഠിതമായ കമ്പോളയുക്തിയാണ് (Economic/Market Rationality) നിലവിൽ പരിസ്ഥിതി സംബന്ധമായ തീരുമാനങ്ങൾക്കാധാരമെന്ന് പരിസ്ഥിതി നിയമ നിർമാണത്തിലെ വൈരുദ്ധ്യങ്ങൾ തെളിയിക്കുന്നു. പാരിസ്ഥിതിക പഠനവും പൊതു തെളിവെടുപ്പും ഒഴിവാക്കുന്നതിലെ പരിസ്ഥിതി ഉത്തരവാദിത്തമില്ലായ്മയും ജനാധിപത്യനിരാസവും വെളിവാക്കുന്ന ധാരാളം ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്.

മെയ് 7 ന് ദുരന്തമുണ്ടായ വിശാഖപ്പട്ടണത്തെ എൽ.ജി പോളിമേഴ്‌സ് കെമിക്കൽ പ്ലാന്റിന്റെ വിഷയം തന്നെയെടുത്താൽ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (SPCB) മാത്രം അനുമതിയോടെയാണ് പ്ലാന്റ് പ്രവർത്തിച്ചിരുന്നത് എന്ന് കാണാം. 2004 നും 2018 നും ഇടയിൽ SPCBയുടെ അനുമതിയോടെ ആറ് തവണ പ്ലാന്റിൽ വിപുലീകരണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. 13 കൊല്ലത്തിനിടെ കമ്പനി പോളിസ്റ്റിറീന്റെ (Polystyrene) ദൈനംദിന ഉത്പാദനം 235 ടണ്ണിൽ നിന്നും 313 ടണ്ണായി കൂട്ടിയിട്ടുണ്ട്. ദൈനം ദിന ഉത്പാദനം 615 ടണ്ണാക്കി ഉയർത്താനുള്ള അപേക്ഷയാണ് ഇപ്പോൾ കമ്പനി സമർപ്പിച്ചിരിക്കുന്നത്. ഇത് പോലെ പല കമ്പനികളും പ്രവർത്തന ശേഷി പല ഘട്ടങ്ങളായി ഉയർത്തിക്കൊണ്ട് പാരിസ്ഥിതിക അനുമതി പ്രക്രിയയിൽ നിന്നൊഴിവാവുന്നതും പതിവാണ്. വിപുലീകരണ പ്രവർത്തനങ്ങൾക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന 2006ലെ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ പാലിക്കാതെയാണിത് നടന്നിരിക്കുന്നത്.

മുൻകൂർ പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പദ്ധതികളിൽ നിയമലംഘനങ്ങൾ നടന്നാൽ അവ ലംഘനങ്ങൾ (Violations) എന്ന വിഭാഗത്തിൽപ്പെടുത്തി അനുമതിക്കായി അപേക്ഷിക്കാമെന്ന് നിയമഭേദഗതി ഇറങ്ങുകയും ഇപ്പോഴുള്ള വിജ്ഞാപനത്തിൽ അത് ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ലംഘനങ്ങളുടെ വിഭാഗത്തിൽ പ്ലാന്റ് പാരിസ്ഥിതിക അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികൾ ഉറപ്പ് വരുത്താതെയുള്ള പദ്ധതി പ്രവർത്തനങ്ങൾ എന്തെല്ലാം ദുരന്തങ്ങൾ ഇനിയും ഉണ്ടാക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് വിശാഖപട്ടണത്ത് സംഭവിച്ചത്. വിപുലീകരണ പ്രവർത്തനങ്ങൾ അൻപത് ശതമാനത്തിൽ താഴെയാണെങ്കിലും അവപരിസ്ഥിതിയേയും തദ്ദേശ ജനവിഭാഗങ്ങളേയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും ഈ ദുരന്തത്തിൽ നിന്ന് മനസ്സിലാക്കാം. പദ്ധതിയുടെ സ്വഭാവവും സാമൂഹിക പാരിസ്ഥിതിക ആഘാത സാധ്യതകളും പാരിസ്ഥിതിക അനുമതിക്ക് നിർബന്ധമായും മാനദണ്ഡങ്ങൾ ആവേണ്ടതിന്റെ ആവശ്യകതയാണ് ഇത്ചൂണ്ടിക്കാണിക്കുന്നത്.

2006 ലെ വിജ്ഞാപനത്തിന് ശേഷം വിവിധ നിയമഭേദഗതികളിലൂടെ പാരിസ്ഥിതിക അനുമതി പ്രക്രിയയിൽ പല അടിസ്ഥാനമാറ്റങ്ങളും കേന്ദ്രപരിസ്ഥിതി മന്ത്രാലയം വരുത്തിയിട്ടുണ്ട്.

മുൻകൂർ പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പദ്ധതികളിൽ നിയമലംഘനങ്ങൾ നടന്നാൽ അവ ലംഘനങ്ങൾ (Violations) എന്ന വിഭാഗത്തിൽപ്പെടുത്തി അനുമതിക്കായി അപേക്ഷിക്കാമെന്ന് നിയമഭേദഗതി ഇറങ്ങുകയും ഇപ്പോഴുള്ള വിജ്ഞാപനത്തിൽ അത് ചേർക്കുകയും ചെയ്തിട്ടുണ്ട്.

തമിഴ്നാട്ടിലെ കാവേരി ഡെൽറ്റ പ്രദേശത്ത് ONGC, വേദാന്ത ലിമിറ്റഡ് മുതലായ സ്ഥാപനങ്ങളുടെ ഹൈഡ്രോ കാർബൺ പര്യവേക്ഷണ പദ്ധതികളെ 2020 ജനുവരിയിൽ A വിഭാഗം പദ്ധതിയിൽ നിന്നും മാറ്റി B2 വിഭാഗത്തിൽ ഉൾപ്പെടുത്തി ഉത്തരവായി. മാർച്ചിലെ കരട് വിജ്ഞാപനത്തിൽ B2 പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി പ്രക്രിയ ആവശ്യവുമില്ല. ഇതിലൂടെ പരിസ്ഥിതി ആഘാത പഠനമോ പൊതു തെളിവെടുപ്പോ ഇല്ലാതെ പാരിസ്ഥിതിക അനുവാദം മാത്രം നേടേണ്ട ഒരു പദ്ധതി ആക്കി ചുരിക്കിയിരിക്കുന്നു. നാലായിരം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശത്തുള്ള പര്യവേക്ഷണ പദ്ധതികൾക്കാണ് തദ്ദേശ ജനങ്ങളുടെ എതിർപ്പ് കണക്കിലെടുക്കാതെ പ്രവർത്തിക്കാനുള്ള അനുമതി ലഭ്യമാവുന്നത്. ഈ പദ്ധതികളുണ്ടാക്കുന്ന പാരിസ്ഥിതികമായ ആഘാതങ്ങൾ പ്രദേശത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവസന്ധാരണമാർഗ്ഗങ്ങളെ കൂടി പ്രതികൂലമായി ബാധിക്കും. കരട് വിജ്ഞാപനത്തിൽ എല്ലാ ഹൈഡ്രോ കാർബൺ പര്യവേക്ഷണ പദ്ധതികളെയും B2 വിഭാഗത്തിൽ പെടുത്തിക്കൊണ്ട് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലൂടെ ഭാവിയിലും പല വികസന പദ്ധതികളും ഇപ്രകാരം പാരിസ്ഥിതിക അനുവാദ വിഭാഗത്തിൽപ്പെടുത്തി എളുപ്പത്തിൽ നടപ്പിൽ വരുത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.

മറ്റൊന്ന് ഖനന പദ്ധതികളെ കുറിച്ചാണ്. 5 ഹെക്റ്ററിലോ അതിൽ താഴെയോ ഉള്ള ഖനന പദ്ധതികളെ B2 വിഭാഗത്തിൽ പെടുത്തി പാരിസ്ഥിതിക അനുമതിയോ പൊതു തെളിവെടുപ്പോ നടത്തേണ്ടതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. 2006 ലെ വിജ്ഞാപനത്തിലും ഈ വിസ്തൃതിയിലുള്ള ഖനന പദ്ധതികളെ പാരിസ്ഥിതിക അനുമതി പ്രക്രിയയിൽ നിന്നും ഒഴിവാക്കിയിരുന്നു. കേരള വന ഗവേഷണ കേന്ദ്രം (KFRI) കരിങ്കൽ ക്വാറികളെക്കുറിച്ച് നടത്തിയ 2017ലെ പഠനറിപ്പോർട്ടിൽ കേരളത്തിലെ 5924 ക്വാറികളിൽ 50.6 ശതമാനം ക്വാറികളും 0.02- 0.5 ഹെക്ടർ വിസ്തൃതിയിലുള്ള ക്വാറികളാണ് എന്ന് പറയുന്നുണ്ട്. 35.7 ശതമാനം ക്വാറികൾ 0.5 - 2 ഹെക്ടർ വിസ്തൃതിയിൽ പെടുന്നു. ഈ റിപ്പോർട്ട് പ്രകാരം കേരളത്തിലെ മൊത്തം 7157.6 ഹെക്ടർ ക്വാറികളുടെ ഭൂരിഭാഗവും രണ്ടോ അതിൽ താഴെയോ ഹെക്ടർ മാത്രം വിസ്തൃതി ഉള്ളവയാണ്. ഇവയിൽ പലതും സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ലോല മേഖലകളിലും. 2012ൽ സുപ്രീം കോടതി കരിങ്കൽ ക്വാറികൾക്ക് അനുമതി നൽകുന്നതിന് മുൻപ് നിർബന്ധമായും പരിസ്ഥിതി ആഘാത പഠനവും വിലയിരുത്തലും നടത്തണമെന്ന് വിധിക്കുകയുണ്ടായി. ചെറു വിസ്തൃതിയുള്ള ക്വാറികൾ ആണെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് കാലങ്ങളായി ഖനനം നടത്തിയാൽ ആ പ്രദേശത്തിന്റെ മൊത്തം പരിസ്ഥിതിയെ ബാധിക്കാനുള്ള സാധ്യതയെക്കുറിച്ച് കോടതി വിധിയിൽ പറയുന്നു. കേരളത്തിൽ സമീപ കാലത്ത് അധികമായി ഉണ്ടാവുന്ന ഉരുൾപൊട്ടൽ ദുരന്തങ്ങളെ ഈ സാഹചര്യത്തോട് ചേർത്ത് വായിക്കേണ്ടതുണ്ട്.

പ്രവർത്തനാനുമതി നിർലോഭം നൽകപ്പെട്ട മറ്റൊരു മേഖലയാണ് നിർമ്മാണ മേഖല. പുതിയ വ്യവസ്ഥകൾ പ്രകാരം 1,50,000 ചതുരശ്ര മീറ്റർ വരെയുള്ള നിർമ്മാണ പദ്ധതികൾക്ക് പരിസ്ഥിതി ആഘാത പഠനമോ പൊതു തെളിവെടുപ്പോ ആവശ്യമില്ല. വ്യവസായ ആവശ്യങ്ങൾക്കടക്കമുള്ള പല നിർമ്മാണ പദ്ധതികൾക്കും വിദഗ്ധസമിതിയുടെ വിലയിരുത്തൽ കൂടാതെ തന്നെ നേരിട്ടുള്ള അപേക്ഷയിലൂടെ പരിസ്ഥിതി അനുവാദം ലഭ്യമാകും.

മറ്റൊരുദാഹരണം സമീപകാലത്ത് ജനകീയ സമരത്തെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട കണ്ടങ്കാളിയിലെ നിർദിഷ്ട പെട്രോളിയം സംഭരണ പദ്ധതിയാണ്. 86 ഏക്കർ വരുന്ന നെൽവയൽ നികത്തുമ്പോഴുള്ള തണ്ണീർത്തട ആവാസവ്യവസ്ഥയുടെ നശീകരണമോ പദ്ധതി മൂലമുണ്ടായേക്കാവുന്ന ജലവായു മലിനീകരണമോ ഒന്നും തന്നെ കണക്കിലെടുക്കാതെയുള്ള വികസന പദ്ധതിക്കെതിരെ ശക്തമായ ജനകീയ സമരം ഉയർന്നു വന്നിരുന്നു. EIA 2006 വിജ്ഞാപന പ്രകാരം 6(b) വിഭാഗത്തിൽ ഉൾപ്പെട്ട പ്രസ്തുത പദ്ധതി പാരിസ്ഥിതിക അനുമതിക്കായുള്ള വിശകലനത്തിനായി 2017 ൽ സംസ്ഥാനതല കമ്മിറ്റിയിൽ വന്നു. 2019 ൽ അപകടകരമായ വസ്തുക്കളുടെ (Hazardous Chemicals) സംഭരണവുമായി ബന്ധപ്പെട്ട പദ്ധതികളെ പാരിസ്ഥിതിക അനുമതിയിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ഭേദഗതി നിലവിൽ വന്നതിനെത്തുടർന്ന് പദ്ധതിക്കുള്ള തടസങ്ങൾ ഒഴിവായി. പദ്ധതി പ്രദേശത്ത് നടന്ന പൊതുതെളിവെടുപ്പ് യോഗത്തിൽ 1200 ഓളം ആളുകൾ പങ്കെടുക്കുകയും പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുകയും ചെയ്തിട്ടും നിയമഭേദഗതിയിലൂടെ പദ്ധതികൾ പ്രാവർത്തികമാക്കാൻ അധികാര കേന്ദ്രങ്ങൾക്ക് സാധിക്കും എന്നുള്ളതിന് തെളിവാണ് പിന്നീട് ഉപേക്ഷിക്കപ്പെട്ടെങ്കിലും ഈ പദ്ധതി.

പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതു സമൂഹത്തിന് കൈമാറാനും ജനങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞ് വേണ്ട പരിഹാര പ്രവർത്തനങ്ങൾ നടത്താനും പാരിസ്ഥിതികാനുമതി പ്രക്രിയയിൽ ആകെയുള്ള ഒരു വേദിയാണ് പൊതുതെളിവെടുപ്പ്. പല പദ്ധതികൾക്കും അവ വേണ്ടെന്ന് വയ്ക്കുന്നതിലൂടെ സുതാര്യമായ ജനാധിപത്യ പ്രക്രിയകൾ തന്നെ ഇല്ലാതാവുന്നു. വികസന ചർച്ചകളിലും തീരുമാനങ്ങളിലും, പദ്ധതിയുടെ സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതം അനുഭവിച്ചേക്കാവുന്ന ജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നില്ലെന്നും അവരുമായുള്ള കൂടിയാലോചനകൾ അപര്യാപ്തമാണെന്നും പൊതു തെളിവെടുപ്പുകൾ സുതാര്യമല്ലെന്നുമുള്ള വിമർശനങ്ങൾ നിലവിൽ തന്നെയുണ്ട്. പൊതു തെളിവെടുപ്പുകൾ പേരിന് മാത്രം നടത്തുക, അല്ലെങ്കിൽ അവ നടക്കുന്നതായി ജനങ്ങളെ അറിയിക്കാതിരിക്കുക, പദ്ധതിയുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങൾ ജനങ്ങളിൽ നിന്നും മറച്ച് വയ്ക്കുകയോ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുകയോ ചെയ്യുക, വേണ്ട തീരുമാനങ്ങളെടുക്കാനും പ്രവർത്തിക്കാനും ജനങ്ങൾക്ക് ആവശ്യത്തിന് സമയം അനുവദിക്കാതിരിക്കുക എന്നിങ്ങനെ നിരവധി പോരായ്മകൾ നിലവിലെ പാരിസ്ഥിതികാനുമതി പ്രക്രിയയിലുണ്ട്. പരിസ്ഥിതി ആഘാത പഠനം നടത്തുന്ന കൺസൾറ്റന്റ് ഏജൻസിയെ അത് നടത്താൻ ഏൽപ്പിക്കുന്നത് പദ്ധതി വക്താക്കൾ തന്നെയാണ് എന്ന വൈരുദ്ധ്യവും നിലവിലുണ്ട്. ഇതിനിടെയാണ് പല പദ്ധതികളും പരിസ്ഥിതി ആഘാത പഠനമോ പൊതു തെളിവെടുപ്പോ ഇല്ലാതെ ആരംഭിക്കാനാകുമെന്ന് പുതിയ വിജ്ഞാപനം ഇറങ്ങുന്നത്. കൂടാതെ പൊതുതെളിവെടുപ്പിനായി EIA റിപ്പോർട്ട് വായിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സമയം പുതിയ വിജ്ഞാപനത്തിൽ 30-ൽ നിന്നും 20 ദിവസങ്ങളായി വെട്ടിക്കുറച്ചിരിക്കുന്നു. പൊതുതെളിവെടുപ്പ് പ്രക്രിയയ്ക്ക് മുൻപുണ്ടായിരുന്ന 45 ദിവസങ്ങൾ 40 ദിവസങ്ങളായി കുറയ്ക്കുകയും ചെയ്തിരിക്കുന്നു. ഏത് പദ്ധതിയായാലും അത് സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതങ്ങളുണ്ടാക്കുമോ എന്നറിയാനുള്ള അവകാശം പൊതുസമൂഹത്തിനും തദ്ദേശ ജനവിഭാഗങ്ങൾക്കുമുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളിൽ പങ്ക് വഹിക്കാനുള്ള തദ്ദേശ ജനവിഭാഗങ്ങളുടെ അവകാശവും അധികാരവുമാണ് നിയമ വ്യവസ്ഥകളെ ദുർബലപ്പെടുത്തുന്നതിലൂടെ ഇല്ലാതാകുന്നത്.

പദ്ധതി വക്താക്കൾക്കോ സർക്കാർ വകുപ്പിനോ വിദഗ്ധ സമിതിക്കോ നിയന്ത്രണ അധികാരിക്കോ (Regulatory Authority) മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി നിയമലംഘനങ്ങൾ നടന്നാൽ അറിയിക്കാനുള്ള അധികാരമുള്ളു. അത്തരം ഒരു സാഹചര്യത്തിൽ ഇടപെടാൻ പൗര സമൂഹത്തിനോ തദ്ദേശജന വിഭാഗങ്ങൾക്കോ ഇടമില്ല എന്നതും ശ്രദ്ധേയമാണ്.

കുറഞ്ഞ പക്ഷം മുൻകരുതൽ തത്ത്വങ്ങളെങ്കിലും (Precautionary principles) പാലിക്കുകയെന്നതാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ കാതൽ. പ്രാവർത്തികമായാൽ ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ചുള്ള പഠനങ്ങളും സാധ്യമായ തിരുത്തൽ നടപടികളും പല പദ്ധതികൾക്കും വേണ്ടതില്ല എന്ന നയം കൂടുതൽ ഗൗരവതരമായ പരിസ്ഥിതി നാശം ഉണ്ടാക്കാനേ സഹായിക്കൂ. പ്രവർത്തനങ്ങൾ ആരംഭിച്ച ശേഷം നിയമലംഘനങ്ങൾ (Violations) നടത്തിയാൽ അവ തിരുത്താനും അനുമതിക്കായി അപേക്ഷിക്കാനും കരട് വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. മുൻകൂർ അനുമതി ഇല്ലാതെ നടന്ന നിർമ്മാണ പ്രവർത്തനമോ അനുവദനീയമായ പരിധിക്കപ്പുറം നടന്ന വിപുലീകരണ പ്രവർത്തനമോ പദ്ധതിയുടെ വക്താക്കൾ സ്വമേധയാ അപേക്ഷിച്ചാൽ ക്രമീകരിക്കാനുള്ള സാധ്യതയാണ് വിജ്ഞാപനം നൽകുന്നത്. മുൻകാല പ്രാബല്യത്തോടെയുള്ള പാരിസ്ഥിതിക അനുമതി (ex post facto clearance) പരിസ്ഥിതിനിയമങ്ങളുടെ അടിസ്ഥാന തത്ത്വങ്ങൾക്കും സുസ്ഥിര വികസനത്തിനും വിരുദ്ധമാണെന്നും അത്തരമൊരു അനുമതി നൽകാൻ കേന്ദ്ര സർക്കാരിനവകാശമില്ലെന്നും സുപ്രീം കോടതി തന്നെ ഈയടുത്ത് വിധിക്കുകയുണ്ടായി. പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് മുൻപ് പ്രവർത്തനമാരംഭിച്ച നിരവധി വികസന പദ്ധതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് ഈ വിധി.

പരിസ്ഥിതി സംബന്ധമായ തീരുമാനങ്ങൾ ഉന്നതാധികാര ശ്രേണികളിൽ കേന്ദ്രീകരിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. പദ്ധതി വക്താക്കൾക്കോ സർക്കാർ വകുപ്പിനോ വിദഗ്ധ സമിതിക്കോ നിയന്ത്രണ അധികാരിക്കോ (Regulatory Authority) മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി നിയമലംഘനങ്ങൾ നടന്നാൽ അറിയിക്കാനുള്ള അധികാരമുള്ളു. അത്തരം ഒരു സാഹചര്യത്തിൽ ഇടപെടാൻ പൗര സമൂഹത്തിനോ തദ്ദേശജന വിഭാഗങ്ങൾക്കോ ഇടമില്ല എന്നതും ശ്രദ്ധേയമാണ്.

പരിസ്ഥിതി നിയമ വ്യവസ്ഥ - ശക്തമായ ഇടപെടലുകൾ ആവശ്യം

വിജ്ഞാപനവുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെങ്കിലും ഗൗരവത്തോടെ കാണേണ്ട ഒന്നാണ് ഈ കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിങ്ങിലൂടെ 191 വികസന പദ്ധതികളുടെ - ഓയിൽ റിഫൈനറി, യുറേനിയം ഖനന പദ്ധതി, കൽക്കരി പ്ലാന്റ് മുതലായവ ഉൾപ്പടെ - പാരിസ്ഥിതികാനുമതി പ്രക്രിയ ത്വരിതപ്പെടുത്താൻ പരിസ്ഥിതി മന്ത്രാലയം ശ്രമിക്കുന്നു എന്ന വാർത്ത. ഒരു പദ്ധതിക്കായി ഒരുദിവസം വരെ നീളുന്ന വിലയിരുത്തൽ പ്രക്രിയയാണ് വീഡിയോ കോൺഫറൻസിൽ ചുരുങ്ങിയ സമയക്രമത്തിൽ നടത്തേണ്ടി വരുന്നത്. കൂടാതെ വലിയ പദ്ധതികളുടെ കാര്യത്തിൽ ആഘാതമനുഭവിക്കുന്ന ജനങ്ങൾക്കോ അവരുടെ പ്രതിനിധികൾക്കോ തെളിവുകൾ ഹാജരാക്കാനുള്ള അവസരവും നഷ്ടമാവുന്നു.

ഗൗരവത്തോടെ കാണേണ്ട ഒന്നാണ് ഈ കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിങ്ങിലൂടെ 191 വികസന പദ്ധതികളുടെ - ഓയിൽ റിഫൈനറി, യുറേനിയം ഖനന പദ്ധതി, കൽക്കരി പ്ലാന്റ് മുതലായവ ഉൾപ്പടെ - പാരിസ്ഥിതികാനുമതി പ്രക്രിയ ത്വരിതപ്പെടുത്താൻ പരിസ്ഥിതി മന്ത്രാലയം ശ്രമിക്കുന്നു എന്ന വാർത്ത.

കോവിഡ് -19 മൂലമുള്ള അതിരൂക്ഷമായ സാമൂഹിക സാമ്പത്തിക പ്രതിസന്ധികൾ ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ തന്നെ പരിസ്ഥിതി സംരക്ഷണത്തിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവസന്ധാരണത്തിനും ഗൗരവതരമായ ആഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന പുതിയ നിയമനിർമ്മാണങ്ങൾ നടത്തുന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. കരട് വിജ്ഞാപനം നിയമമാകുന്നതിന് മുൻപ് പൊതുസമൂഹത്തിൽ പരിസ്ഥിതി സാമൂഹിക പ്രവർത്തകർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, പൊതുജനങ്ങൾ, പഞ്ചായത്ത് തല പ്രതിനിധികൾ എന്നിവരുമായുള്ള വിശദമായ ചർച്ചകൾക്കും അഭിപ്രായസമന്വയങ്ങൾക്കും വിധേയമാകേണ്ടതുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൗരസമൂഹത്തിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയുംസമ്മർദ്ദത്തെത്തുടർന്ന് കരട് വിജ്ഞാപനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശങ്കകളും എതിർപ്പുകളും പങ്ക് വയ്ക്കുവാനുള്ള തീയതി 2020 ജൂൺ 30 വരെ കേന്ദ്ര സർക്കാർനീട്ടിയിരിക്കുന്നു.

സാമൂഹിക-പാരിസ്ഥിതിക നീതിയിലും അവകാശങ്ങളിലും അധിഷ്ഠിതമായ നിയമനിർമ്മാണം നടപ്പിൽ വരുത്താൻ ഈ സമയം നാം വിനിയോഗിക്കേണ്ടതുണ്ട്. വിജ്ഞാപനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക എന്നതിലപ്പുറം പരിസ്ഥിതി ആഘാത പഠന പ്രക്രിയയെ പ്രത്യേകം ഒരു നിയമവ്യവസ്ഥയ്ക്കുള്ളിൽ കൊണ്ട് വരുന്നതിന്റെ സാധ്യതകളും ആലോചിക്കേണ്ടതാണ്. രാഷ്ട്രീയ സമ്മർദമോ കമ്പോള താത്പര്യമോ കൊണ്ട് വിജ്ഞാപനത്തിൽ വരുത്തുന്ന ഭേദഗതികളെ തടയാൻ ശക്തമായ ഒരു നിയമത്തിന് സാധിക്കും. ഒരേ പ്രദേശത്ത് ധാരാളം പദ്ധതികൾ വരുന്നത് കൊണ്ടുണ്ടാകുന്ന സംഘടിതമായ പാരിസ്ഥിതിക ആഘാതങ്ങളെയും (Regional & Cumulative Impact Assessment) പഠിക്കേണ്ടതുണ്ട്. കോവിഡ്-19 എന്ന ആഗോള വ്യാധിയുടെ പശ്ചാത്തലത്തിൽ വിവിധ പദ്ധതികളുടെ പൊതുജനാരോഗ്യ ആഘാത പഠനവും (Health Impact Assessment) അത്ര തന്നെ പ്രസക്തമാണ്.

Comments