2026 ജൂണോടെ ഇന്ത്യ E85 ഇന്ധനത്തിലേക്കുള്ള ആദ്യ ചുവട് വച്ചിരിക്കുകയാണല്ലോ. 85% എഥനോളും 15% പെട്രോളും അടങ്ങിയ ഇന്ധനമിശ്രിതമായ E85- നെ പാരിസ്ഥിതിക സൗഹൃദവും, ചെലവ് കുറഞ്ഞതുമായ ഇന്ധനമായിട്ടാണ് ഇന്ത്യൻ ഉപരിതല ഗതാഗത മന്ത്രാലയം അവതരിപ്പിച്ചിട്ടുള്ളത്.
ഊർജ്ജ സ്വയംപര്യാപ്തത നേടുക, ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുക, കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുക വഴി പരിസ്ഥിതി മലിനീകരണം കുറക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഭരണകൂടം E85- ഇന്ധനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ വാദങ്ങളുടെ പശ്ചാത്തലത്തിൽ, E85 ഒരു സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
എന്നാൽ ഒരു നയത്തിന്റെ യഥാർത്ഥ സ്വഭാവം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ മാത്രം ഉൾച്ചേർന്നിരിക്കുന്നതല്ല; മറിച്ച് അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പുതിയ വിഭവബന്ധങ്ങളിലും അധികാരബന്ധങ്ങളിലും വിഭവവിതരണ രീതികളിലുമാണ് പ്രതിഫലിക്കുന്നത്. ആധുനിക ലോകത്ത് ഊർജപ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകൾ സാധാരണയായി സാങ്കേതിക ഭാഷയിലാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ പൊളിറ്റിക്കൽ എക്കോളജിയുടെ കാഴ്ചപ്പാടിൽ ഒരു ഇന്ധനത്തെ മറ്റൊരു ഇന്ധനം കൊണ്ട് മാറ്റിസ്ഥാപിക്കുന്നത് സാങ്കേതികമാറ്റം മാത്രമല്ല; അത് സമൂഹത്തിൻറെ സർവ്വമേഖലകളെയും ബാധിച്ചേക്കാവുന്ന സാമൂഹിക- രാഷ്ട്രീയ പ്രക്രിയ കൂടിയാണ്. അതുകൊണ്ടുതന്നെ E85-ലേക്കുള്ള മാറ്റത്തെ മനസ്സിലാക്കുന്നതിന് സാങ്കേതികമായ വശങ്ങളിലുപരി അതിന്റെ ഉൽപ്പാദനത്തിനുപിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ ധനതത്വശാസ്ത്രത്തെ വിശകലനം ചെയ്യേണ്ടതുണ്ട്.
എഥനോളിനെ സ്വതവേ ‘ഹരിത ഇന്ധനം’ എന്ന നിലയിൽ വിശേഷിപ്പിക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങളെ സാങ്കേതികമായി ലളിതവൽക്കരിക്കുന്ന സമീപനമായി കാണാം.
E85-നെക്കുറിച്ചുള്ള ഔദ്യോഗിക ചർച്ചകളിൽ ഏറ്റവും ശ്രദ്ധേയം, അത് പരിസ്ഥിതി സൗഹൃദമാണ് എന്ന അവകാശവാദങ്ങളാണ്. എഥനോളിന്റെ ഉപയോഗം കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുമെന്ന് വ്യാപകമായി വാദിക്കപ്പെടുന്നു. എന്നാൽ ഈ വാദം പ്രധാനമായും വാഹനങ്ങളുടെ എക്‌സോസ്റ്റ് വെന്റിൽനിന്നുള്ള പുറന്തള്ളലുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു ഇന്ധനത്തിന്റെ പരിസ്ഥിതി പ്രത്യാഘാതം വിലയിരുത്തുമ്പോൾ അതിന്റെ ഉൽപ്പാദനം, സംസ്കരണം, ഗതാഗതം, സംഭരണം, ഉപഭോഗം എന്നിവ ഉൾപ്പെടുന്ന മുഴുവൻ ജീവിതചക്രവും പരിഗണിക്കേണ്ടതുണ്ട്.
കരിമ്പ് കൃഷിക്കായി വിനിയോഗിക്കപ്പെടുന്ന ജലത്തിന്റെ അളവ് മുതൽ രാസവളങ്ങളുടെ ഉപയോഗം, ഭൂവിനിയോഗ മാറ്റങ്ങൾ, ഭക്ഷ്യവിളകളുടെ പുനർവിന്യാസം, ഡിസ്റ്റിലറികളുടെ മലിനീകരണം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കപ്പെടുമ്പോൾ E85-ന്റെ പാരിസ്ഥിതിക ചിത്രം കൂടുതൽ സങ്കീർണ്ണമാകുന്നു. അതിനാൽ എഥനോളിനെ സ്വതവേ ‘ഹരിത ഇന്ധനം’ എന്ന നിലയിൽ വിശേഷിപ്പിക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങളെ സാങ്കേതികമായി ലളിതവൽക്കരിക്കുന്ന ഒരു സമീപനമായി കാണാം.

ഈ നയത്തിൽ ശ്രദ്ധ പതിപ്പിക്കേണ്ട മറ്റൊരു പ്രധാന മേഖല, ഇതിന്റെ രാഷ്ട്രീയ ധനതത്വ ശാസ്ത്രമാണ് (Political Economy). എഥനോൾ വിപണി ആവശ്യകതയെയും വിതരണത്തെയും (Demand & Supply) ആശ്രയിച്ചു രൂപപ്പെട്ട ഒന്നല്ല. ഈ മേഖല വികസിപ്പിച്ചെടുക്കുന്നത് നികുതി ഇളവുകൾ, പലിശരഹിതവായ്പകൾ, സബ്‌സിഡികൾ, സർക്കാർ നിശ്ചയിക്കുന്ന വാങ്ങൽവില, അടിസ്ഥാനസൗകര്യത്തിലുള്ള പൊതു നിക്ഷേപങ്ങൾ എന്നിവയിലൂടെയാണ്. E85-ന്റെ താരതമ്യേനയുള്ള കുറഞ്ഞ വിലയ്ക്കുപിന്നിൽ പൊതുസമ്പത്തിന്റെ ഗണ്യമായ വിനിയോഗം പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ ഉയരുന്ന പ്രധാന ചോദ്യം, ഈ പൊതുനിക്ഷേപങ്ങളുടെ നേട്ടംകൊയ്യുന്നത് കർഷകകർ, ഉപഭോക്താക്കൾ തുടങ്ങിയ ബഹു ഭൂരിപക്ഷം വരുന്ന പൊതുജനങ്ങളാണോ അതോ പഞ്ചസാര മില്ലുകൾ, ഡിസ്റ്റിലറികൾ, വൻകിട ജൈവഇന്ധന വ്യവസായങ്ങൾ എന്നിവ കയ്യാളുന്ന കുത്തക മുതലാളിമാരാണോ എന്നതാണ്. ഈ ചോദ്യങ്ങൾ E85-നെ ഒരു ഊർജനയം എന്നതിലുപരി ഒരു രാഷ്ട്രീയ- സാമ്പത്തിക (Political Ecology) പദ്ധതിയായി കാണേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഉൽപ്പാദനച്ചെലവ് ഏകദേശം ₹35 മുതൽ ₹55 വരെയും കരിമ്പ് മൊളാസിസ്, പഞ്ചസാര സിറപ്പ്, ധാന്യങ്ങൾ എന്നിവയിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന എഥനോളിന്റെ ഉല്പാദന ചെലവ് ₹50 മുതൽ ₹70 വരെയോ അതിൽ കൂടുതലോ ആണ്.
E85- ഇന്ധനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത, ഇത് ഒരു പുതിയ വിഭവഭൂമിശാസ്ത്രം (resource geography) സൃഷ്ടിക്കുന്നു എന്നതാണ്. എണ്ണപ്പാടങ്ങളിൽനിന്ന് കാർഷിക ഭൂമിയിലേക്കും, എണ്ണക്കിണറുകളിൽനിന്ന് ജലസേചന സംവിധാനങ്ങളിലേക്കും, പെട്രോളിയം വിപണികളിൽനിന്ന് ഭക്ഷ്യധാന്യ ശേഖരങ്ങളിലേക്കും ഊർജോൽപ്പാദനത്തിന്റെ കേന്ദ്രം മാറുന്നു. ഇത് ഊർജപ്രതിസന്ധിയെ പരിഹരിക്കുകയല്ല, മറിച്ച് പ്രതിസന്ധികൾ സാധാരണ മനുഷ്യരുടെ ജീവിതപരിസരങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. E85 ഇന്ധനത്തെകുറിച്ചുള്ള വിമർശനാത്മക ആലോചനകളുടെ ആരംഭം ഈ മാറ്റങ്ങളുടെ യഥാർത്ഥ ഗുണഭോക്താക്കൾ ആരെല്ലാമാണ്, ഇതിന്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ ചെലവ് വഹിക്കുന്നത്ഏ ആരെല്ലാമാണ്, ഏതെല്ലാം പ്രദേശങ്ങളിലാണ് ഇതിന്റെ പാരിസ്ഥിതിക ഭാരം കേന്ദ്രീകരിക്കപ്പെടുന്നത് എന്നീ ചോദ്യങ്ങളിൽ നിന്നുമാണ്.
E85-നെ ഒരു പുതിയ ഇന്ധനമെന്ന നിലയിൽ മാത്രം വിശകലനം ചെയ്യുന്നത് ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പാരിസ്ഥിതികനീതി, പൊതുസമ്പത്തിന്റെ വിനിയോഗം, കാർഷിക പരിവർത്തനം, ഊർജ സ്വയംപര്യാപ്തത എന്നീ മേഖലകളെ ഇത് എങ്ങനെ ബാധിക്കുന്നു എന്ന രാഷ്ട്രീയ സാമ്പത്തിക ചോദ്യങ്ങളെ മറച്ചുപിടിക്കുന്നു. E85-നെക്കുറിച്ചുള്ള ഔദ്യോഗിക വികസന ആഖ്യാനങ്ങളെ വിമർശനാത്മകമായി പരിശോധിച്ച്, അതിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ പൊളിറ്റിക്കൽ എക്കളോജിയുടെയും വിമർശനാത്മക ഭൂമിശാസ്ത്രത്തിന്റെയും ചട്ടക്കൂടിൽ നിന്നും വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ് ഈ ലേഖനം.

സാമ്പത്തിക യുക്തിയും
പൊതുസബ്‌സിഡികളുടെ രാഷ്ട്രീയവും
E85 ഇന്ധനത്തെ അനുകൂലിക്കുന്ന പ്രധാന വാദങ്ങളിലൊന്ന്, പെട്രോളിനെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതിനാൽ, ഇത് രാജ്യത്തിന്റെ ഊർജസുരക്ഷയ്ക്കും ഉപഭോക്തൃ ക്ഷേമത്തിനും ഒരേസമയം സഹായകമാകുമെന്നതാണ്. എന്നാൽ ഈ വിലയുടെ പിന്നിലുള്ള സാമ്പത്തിക യുക്തി സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, E85-ന്റെ കുറഞ്ഞ വില നിർണയിക്കുന്നത് ഉൽപ്പാദനക്ഷമതയോ സ്വതന്ത്ര വിപണി മത്സരമോ അല്ലെന്നും, മറിച്ച്, വിപുലമായ സർക്കാർ ഇടപെടലുകളും പൊതുസമ്പത്തിന്റെ വിനിയോഗവുമാണെന്നും കാണാൻ കഴിയും.
സാധാരണ നിലയിൽ ഒരു ഉൽപ്പന്നം കുറഞ്ഞ ചെലവിൽ ഉൽപ്പാദിപ്പിക്കപ്പെടുമ്പോഴാണ് അത് വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നത്. എന്നാൽ ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഉൽപ്പാദനച്ചെലവ് ഏകദേശം ₹35 മുതൽ ₹55 വരെയും കരിമ്പ് മൊളാസിസ്, പഞ്ചസാര സിറപ്പ്, ധാന്യങ്ങൾ എന്നിവയിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന എഥനോളിന്റെ ഉല്പാദന ചെലവ് ₹50 മുതൽ ₹70 വരെയോ അതിൽ കൂടുതലോ ആണ്. എന്നിട്ടും E85 പെട്രോളിനേക്കാൾ ₹20 കുറവിൽ ലിറ്ററിന് ₹82.12 എന്ന നിരക്കിൽ ദൽഹിയിൽ ലഭ്യമാകുന്നുവെങ്കിൽ ഇത് പെട്രോളിനെ അപേക്ഷിച്ച് എഥനോളിന്റെ വില കുറഞ്ഞതുകൊണ്ടോ കമ്പോളത്തിലെ മത്സരത്തിന്റെ ഫലമോ ആയി വ്യാഖ്യാനിക്കുന്നത് യാഥാർഥ്യത്തെ മറച്ചുവയ്ക്കുന്ന സമീപനമായിരിക്കും.
ഒരു ലിറ്റർ പെട്രോളിൽ ഏകദേശം 34 മെഗാജൂൾ ഊർജം അടങ്ങിയിരിക്കുമ്പോൾ, എഥനോളിൽ ഇത് 21 - 24 മെഗാജൂൾ വരെ മാത്രമാണ്. ഒരേ ദൂരം സഞ്ചരിക്കുന്നതിന് E85 ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് കൂടുതൽ ഇന്ധനം ആവശ്യമായി വരും. അതിനാൽ ഇന്ധനവില മാത്രം അടിസ്ഥാനമാക്കി അതിന്റെ സാമ്പത്തിക കാര്യക്ഷമത വിലയിരുത്താൻ കഴിയില്ല.
E85-ന്റെ വില നിർണയിക്കുന്നതിൽ ഏറ്റവും പ്രധാന ഘടകം സർക്കാരിന്റെ ധനകാര്യ പിന്തുണാ സംവിധാനമാണ്. എഥനോൾ ഉൽപ്പാദനത്തിനായി സ്ഥാപിക്കപ്പെടുന്ന ഡിസ്റ്റിലറികൾക്ക് കേന്ദ്ര സർക്കാർ പലിശസബ്‌സിഡി നൽകുന്നു. Ethanol Interest Subvention Scheme പ്രകാരം ബാങ്ക് വായ്പകളുടെ പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കുന്നു. ഇതിനുപുറമേ ഡിസ്റ്റിലറികളുടെ വികസനം, സംഭരണ സൗകര്യങ്ങൾ, ഗതാഗത സംവിധാനങ്ങൾ, മിശ്രണത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്കായി ആയിരക്കണക്കിന് കോടി രൂപയുടെ പൊതുനിക്ഷേപം നടത്തിയിട്ടുണ്ട്. സാധാരണ വിപണിവ്യവസ്ഥയിൽ ഒരു വ്യവസായം സ്വയം വഹിക്കേണ്ട ചെലവുകളുടെ ഒരു ഭാഗത്തിനായി പൊതുസമ്പത്തുപയോഗിച്ചിരിക്കുന്നു എന്നർത്ഥം.
ഇന്ധനങ്ങളുടെ നികുതി ഘടന E85-ന്റെ വിലയേയും മത്സരക്ഷമതയെയും നിർണയിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. പെട്രോൾ കേന്ദ്ര എക്സൈസ് തീരുവ, അധിക എക്സൈസ് തീരുവ, സംസ്ഥാന വാറ്റ് തുടങ്ങിയ നികുതികളുടെ കീഴിലാണുള്ളത്. എന്നാൽ എഥനോളിന് ഈ നികുതി ഭാരം ബാധകമല്ല. GST സംവിധാനത്തിന് കീഴിലുള്ള താരതമ്യേന കുറഞ്ഞ നികുതിനിരക്കുകളാണ് എഥനോൾ ഉൽപ്പന്നങ്ങൾക്ക് ബാധകമാകുന്നത്. പെട്രോളിന്റെ വിലയിൽ 50 മുതൽ 55% വരെ വിവിധ നികുതികളാണെന്നിരിക്കെ, E85- ൻറെ 18% മാണ് GST. അതിനാൽ പെട്രോളിന്റെ ഉയർന്ന വിലയിൽ വലിയൊരു പങ്ക് നികുതികളാണെങ്കിൽ, E85-ന്റെ കുറഞ്ഞ വില ഒരു പരിധിവരെ നികുതി ഇളവുകളുടെ ഫലവുമാണ്. ഈ സാഹചര്യത്തിൽ E85-ന്റെ വില ഉൽപ്പാദനച്ചെലവിന്റെ പ്രതിഫലനമായി കാണാൻ കഴിയില്ല; മറിച്ച് ഇത് നികുതിനയത്തിന്റെകൂടി പ്രതിഫലനമാണ്.

സർക്കാർ ഉറപ്പുനൽകുന്ന വാങ്ങൽ സംവിധാനമാണ് എഥനോൾ വിപണിയുടെ മറ്റൊരു സവിശേഷത. എണ്ണ വിപണന കമ്പനികൾ എഥനോൾ വാങ്ങേണ്ട വില സർക്കാർ മുൻകൂട്ടി നിശ്ചയിക്കുകയും അസംസ്കൃത വസ്തുവിന്റെ സ്വഭാവമനുസരിച്ച് വ്യത്യസ്ത വിലകൾ പ്രഖ്യാപിക്കുകയും അതുവഴി ഉൽപ്പാദകർക്ക് വിപണി ഉറപ്പാക്കുകയും ചെയ്യുന്നു. സ്വതന്ത്ര വിപണിയിൽ സാധാരണയായി കാണുന്ന വിലയിലെ അനിശ്ചിതത്വവും അപകടസാധ്യതകളും ഇവിടെ കുറയുന്നു. അതുകൊണ്ടുതന്നെ എഥനോൾ വ്യവസായം ഒരു സ്വതന്ത്രവിപണിയിൽ രൂപപ്പെട്ടുവന്നതല്ല; മറിച്ച് ഭരണകൂടത്തിന്റെ സജീവ ഇടപെടലുകളിലൂടെ സംരക്ഷിക്കപ്പെടുകയും വികസിക്കുകയും ചെയ്യുന്ന ഒരു നയാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണ്.
എഥനോളിന്റെ ഊർജസാന്ദ്രത പെട്രോളിനേക്കാൾ വളരെ കുറവാണ് എന്ന മറ്റൊരു പ്രധാന വസ്തുത കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഒരു ലിറ്റർ പെട്രോളിൽ ഏകദേശം 34 മെഗാജൂൾ ഊർജം അടങ്ങിയിരിക്കുമ്പോൾ, എഥനോളിൽ ഇത് 21 - 24 മെഗാജൂൾ വരെ മാത്രമാണ്. ഒരേ ദൂരം സഞ്ചരിക്കുന്നതിന് E85 ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് കൂടുതൽ ഇന്ധനം ആവശ്യമായി വരും. അതിനാൽ ഇന്ധനവില മാത്രം അടിസ്ഥാനമാക്കി അതിന്റെ സാമ്പത്തിക കാര്യക്ഷമത വിലയിരുത്താൻ കഴിയില്ല. യഥാർത്ഥത്തിൽ ഉപഭോക്താവ് നൽകുന്ന വിലയും ലഭിക്കുന്ന ഊർജവും തമ്മിലുള്ള ബന്ധമാണ് നിർണായകം. അങ്ങനെവരുമ്പോൾ E85-ന്റെ വിലക്കുറവിന്റെ ഗുണം ഫലത്തിൽ ഉപഭോക്താവിന് ലഭിക്കുന്നില്ല എന്ന് സാരം.
യഥാർത്ഥ ചോദ്യം, ഈ വിലക്കുറവിന്റെ ചെലവ് ആരാണ് വഹിക്കുന്നത് എന്നതാണ്. നികുതി ഇളവുകളിലൂടെ നഷ്ടമാകുന്ന പൊതുവരുമാനം, സബ്‌സിഡികളിലൂടെ വിനിയോഗിക്കപ്പെടുന്ന പൊതുപണം, അടിസ്ഥാനസൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന വിഭവങ്ങൾ എന്നിവയെല്ലാം സമൂഹം തന്നെ വഹിക്കുന്ന ചെലവുകളാണ്.
ഇവിടെ ഉയരുന്ന ഒരു അടിസ്ഥാന ചോദ്യം, ഈ പൊതുസബ്‌സിഡികളുടെയും നികുതി ഇളവുകളുടെയും പ്രധാന ഗുണഭോക്താക്കൾ ആരാണ് എന്നതാണ്. ഔദ്യോഗികമായി ഇത് കർഷകരെ സഹായിക്കുന്ന പദ്ധതിയായി അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, മൂല്യവർധിത ശൃംഖലയുടെ ഏറ്റവും ലാഭകരമായ ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നത് പഞ്ചസാര മില്ലുകൾ, ഡിസ്റ്റിലറികൾ, ജൈവഇന്ധനകമ്പനികൾ, എണ്ണ വിപണന സ്ഥാപനങ്ങൾ എന്നിവയാണ്. അതിനാൽ പൊതുസമ്പത്തിന്റെ സഹായത്തോടെ രൂപപ്പെടുത്തുന്ന ഈ പുതിയ വിപണിയുടെ നേട്ടങ്ങൾ കാർഷികരേക്കാൾ വൻകിട വ്യവസായങ്ങൾക്കാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ E85- നെ ഒരു ഇന്ധന മാറ്റമെന്നതിലുപരി, പൊതുവിഭവങ്ങളെ പ്രത്യേക സാമ്പത്തികമേഖലകളിലേക്ക് പുനർവിന്യസിക്കുന്ന ഒരു വികസന പദ്ധതിയായി കാണേണ്ടതുണ്ട്. അതുകൊണ്ടുതന്നെ E85-ന്റെ സാമ്പത്തിക യുക്തിയെക്കുറിച്ചുള്ള ചർച്ച വിലക്കുറവിന്റെ തലത്തിൽ അവസാനിക്കുന്നില്ല.
യഥാർത്ഥ ചോദ്യം, ഈ വിലക്കുറവിന്റെ ചെലവ് ആരാണ് വഹിക്കുന്നത് എന്നതാണ്. നികുതി ഇളവുകളിലൂടെ നഷ്ടമാകുന്ന പൊതുവരുമാനം, സബ്‌സിഡികളിലൂടെ വിനിയോഗിക്കപ്പെടുന്ന പൊതുപണം, അടിസ്ഥാനസൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന വിഭവങ്ങൾ എന്നിവയെല്ലാം സമൂഹം തന്നെ വഹിക്കുന്ന ചെലവുകളാണ്. അതിനാൽ E85-ന്റെ കുറഞ്ഞ വിലയെ അതിന്റെ സാമ്പത്തിക മികവിന്റെ തെളിവായി കാണുന്നതിനു പകരം, പൊതുസമ്പത്തിന്റെ പിന്തുണയിൽ നിലനിൽക്കുന്ന ഒരു രാഷ്ട്രീയ-സാമ്പത്തിക നിർമ്മിതിയായി മനസ്സിലാക്കേണ്ടതുണ്ട്.
രാജ്യം ഏതാണ്ട് പൂർണ്ണമായും E 85 ഇന്ധനത്തിലേക്ക് മാറുന്നതോടെ അടിസ്ഥാനപരമായി നവലിബറൽ നയങ്ങൾ പിന്തുടരുന്ന സർക്കാർ ഈ മേഖലയിലെ പൊതു നിക്ഷേപങ്ങളിൽ നിന്നും പിന്മാറുകയും അതോടെ പെട്രോളിനേക്കാൾ ഉയർന്ന വിലയിൽ ഊർജ്ജ ക്ഷമത കുറഞ്ഞ E 85 ഉപയോഗിക്കാൻ പൊതുജനങ്ങൾ നിര്ബന്ധിതരാവുകയും ചെയ്തേക്കാമെന്നത് മറ്റൊരു സാധ്യതയാണ്.

ഭക്ഷ്യസുരക്ഷയെകുറിച്ചുള്ള ആശങ്ക
E85-നെക്കുറിച്ചുള്ള ചർച്ചകളിൽ സ്വാഭാവികമായും ഉയർന്നുവരുന്ന അടുത്ത ചോദ്യം, ഈ ഇന്ധന സമ്പദ്‌വ്യവസ്ഥയുടെ വിഭവാടിത്തറ എന്താണ് എന്നതാണ്. ഒരു രാജ്യത്തിന്റെ ഊർജസുരക്ഷ വർധിപ്പിക്കുന്നതിനായി ഏതെല്ലാം വിഭവങ്ങളാണ് വിനിയോഗിക്കപ്പെടുന്നത്, അവയുടെ മറ്റു സാമൂഹിക ഉപയോഗങ്ങൾ എന്തൊക്കെയാണ്, ആ വിഭവങ്ങളുടെ പുനർവിന്യാസം ആരെയൊക്കെയാണ് ബാധിക്കുന്നത് എന്നീ ചോദ്യങ്ങളാണ് ഇവിടെ പ്രസക്തമാകുന്നത്. ഇന്ത്യയിലെ എഥനോൾ നയത്തിന്റെ ഏറ്റവും വിവാദപരമായ വശങ്ങളിലൊന്ന് ഭക്ഷ്യവിളകളെയും ഭക്ഷ്യധാന്യങ്ങളെയും ഇന്ധനോൽപ്പാദനത്തിന്റെ അസംസ്കൃത വസ്തുക്കളാക്കി മാറ്റുന്നു എന്നതാണ്. ഈ പ്രവണതയെ വെറും കാർഷിക ഉൽപ്പന്നങ്ങളുടെ ഒരു പുതിയ ഉപയോഗമായി കാണാൻ കഴിയില്ല; മറിച്ച് ഭക്ഷ്യലഭ്യതയെ ബാധിച്ചേക്കാവുന്ന ഗൗരവകരമായ ഒരു പ്രശ്നമായിട്ടാണ്.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യധാന്യ ഉൽപ്പാദക രാജ്യങ്ങളിലൊന്നായിരിക്കെത്തന്നെ. ഏറ്റവുമധികം മനുഷ്യർ ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും അനുഭവിക്കുന്ന രാജ്യങ്ങളിൽ ഒന്നുകൂടിയാണ് ഇന്ത്യ. 2024-ലെ Global Hunger Index പ്രകാരം ഇന്ത്യ 127 രാജ്യങ്ങളുള്ള പട്ടികയിൽ 105-ാം സ്ഥാനത്താണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഗണ്യമായൊരു വിഭാഗം വളർച്ചാക്കുറവും (stunting), ഭാരക്കുറവും (wasting), പോഷകാഹാരക്കുറവും അനുഭവിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ പൊതുവിതരണ സംവിധാനത്തെയും ഭക്ഷ്യസുരക്ഷാ പദ്ധതികളെയും ആശ്രയിച്ചാണ് ഇന്നും നൂറുകണക്കിന് ദശലക്ഷം ജനങ്ങൾ ജീവിക്കുന്നത്. ഈ സാമൂഹിക യാഥാർഥ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷ്യധാന്യങ്ങളെ ഇന്ധനമായി പരിവർത്തനം ചെയ്യുന്ന നയത്തെ വിലയിരുത്തേണ്ടത്.
ആദ്യകാലങ്ങളിൽ എഥനോൾ ഉൽപ്പാദനം പ്രധാനമായും കരിമ്പ് മൊളാസിസിനെ ആശ്രയിച്ചിരുന്നുവെങ്കിൽ എഥനോളിന്റെ ആവശ്യകത അതിവേഗം ഉയർന്നതോടെ കരിമ്പ് അധിഷ്ഠിത ഉൽപ്പാദനം മാത്രം മതിയാകാതെയായി. ഇതോടെയാണ് അരി, ചോളം, നുറുങ്ങിയ അരി, മറ്റ് ധാന്യങ്ങൾ എന്നിവയെ എഥനോൾ ഉൽപ്പാദനത്തിനായി ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയത്. ദേശീയ ജൈവഇന്ധന നയവും അതിനുശേഷമുള്ള ഭേദഗതികളും ഭക്ഷ്യധാന്യങ്ങളെ ജൈവഇന്ധന സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. സമീപ വർഷങ്ങളിൽ FCI "അധിക" അരി എഥനോൾ ഡിസ്റ്റിലറികൾക്ക് അനുവദിക്കപ്പെട്ടത് ഈ നയത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
2024-2025-ൽ മാത്രം 5.2 മില്യൻ മെട്രിക് ടൺ അരിയാണ് എഥനോൾ ഉൽപ്പാദനത്തിനായി FCI നൽകിയത്. ഇത് 2025-26 ൽ 7.2 മില്യൻ മെട്രിക് ടണ്ണാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2024-2025-ൽ മാത്രം 5.2 മില്യൻ മെട്രിക് ടൺ അരിയാണ് എഥനോൾ ഉൽപ്പാദനത്തിനായി FCI നൽകിയത്. ഇത് 2025-26 വർഷത്തിൽ 7.2 മില്യൻ മെട്രിക് ടണ്ണാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ നയത്തെ അനുകൂലിക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം, ഉപയോഗിക്കാതെ കിടക്കുന്ന "അധിക" ധാന്യശേഖരങ്ങൾ സാമ്പത്തികമായി പ്രയോജനപ്പെടുത്തുകയാണ് എന്നതാണ്. എന്നാൽ ഇവിടെ ഉയരുന്ന അടിസ്ഥാന ചോദ്യം, ഗൗരവകരമായ ഭക്ഷ്യദാരിദ്ര്യം അനുഭവിക്കുന്ന ഒരു രാജ്യത്തു "അധികം" എന്നതിന്റെ അർത്ഥമെന്താണ് എന്നതാണ്. ഭക്ഷ്യസുരക്ഷയുടെ കാഴ്ചപ്പാടിൽ ഭക്ഷ്യശേഖരങ്ങൾ വെറും വിപണിയിലെ അധികോൽപ്പാദനത്തിന്റെ സൂചകമല്ല. അവ വരൾച്ച, പ്രളയം, വിളനാശം, യുദ്ധം, സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ ദുരന്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ സമൂഹത്തിന്റെ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാണ്. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനം കാർഷിക ഉൽപ്പാദനത്തെ അനിശ്ചിതമാക്കുന്ന ഒരു കാലഘട്ടത്തിൽ ഭക്ഷ്യധാന്യ ശേഖരങ്ങളെ ഊർജോൽപ്പാദനത്തിനായി വിനിയോഗിക്കുന്നത് ദീർഘകാല ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പുതിയ ആശങ്കകൾ സൃഷ്ടിക്കുന്നു. ഇവിടെ ഭക്ഷണം എന്നതും ഇന്ധനം എന്നതും തമ്മിലുള്ള ബന്ധം ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല; അത് ഒരു നൈതികവും രാഷ്ട്രീയവുമായ ചോദ്യമാണ്. ഒരു സമൂഹത്തിലെ പരിമിത വിഭവങ്ങൾ ആദ്യം ഏത് ആവശ്യങ്ങൾക്കാണ് വിനിയോഗിക്കപ്പെടേണ്ടത്? മനുഷ്യരുടെ പോഷകാഹാര ആവശ്യങ്ങൾക്കോ അതോ ഇന്ധന ആവശ്യങ്ങൾക്കോ? പൊതുവിതരണ സംവിധാനത്തിന്റെ ഭാഗമായി സംഭരിച്ചിരിക്കുന്ന അരി ഒരു സാധാരണ വിപണി ഉൽപ്പന്നമല്ല; അത് സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളുടെ ഭക്ഷ്യാവകാശവുമായി ബന്ധപ്പെട്ട പൊതുസമ്പത്താണ്. അത്തരം വിഭവങ്ങളെ ഇന്ധനോൽപ്പാദനത്തിനായി വഴിമാറ്റുന്നത് ഒരു സാങ്കേതിക തീരുമാനമല്ല; ഭരണകൂടത്തിന്റെ മുഗണനാ താല്പര്യങ്ങളുടെ പ്രകടനമാണ്.

ഭക്ഷ്യധാന്യങ്ങളുടെ ഇന്ധനവൽക്കരണം കാർഷിക ഉൽപ്പാദനരീതികളിലും ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. എഥനോൾ ഉൽപ്പാദനത്തിന് സർക്കാർ ഉറപ്പുനൽകുന്ന വാങ്ങൽവിലകളും സ്ഥിരമായ ആവശ്യകതയും നിലനിൽക്കുമ്പോൾ, കർഷകർ കൂടുതൽ ലാഭകരമായ വിളകളിലേക്ക് ആകർഷിക്കപ്പെടാനുള്ള സാധ്യത വർധിക്കുന്നു. ഇതുവഴി ഭക്ഷ്യവിളകളുടെ കൃഷിയിടങ്ങൾ ക്രമേണ ഇന്ധനവിളകളുടെ കൃഷിയിടങ്ങളായി മാറാം. ആഗോളതലത്തിൽ ജൈവഇന്ധനങ്ങളുടെ വ്യാപനം പല പ്രദേശങ്ങളിലും ഭക്ഷ്യവില വർധനവിനും ഭൂവിനിയോഗ മാറ്റങ്ങൾക്കും കാരണമായതായി പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഈ പ്രവണത ഇപ്പോഴും പൂർണ്ണമായി പ്രകടമായിട്ടില്ലെങ്കിലും, നിലവിലെ നയങ്ങളുടെ ദിശ അതിലേക്കുള്ള സാധ്യതകളെ ശക്തിപ്പെടുത്തുന്നതായി കാണാം.
ഈ ചർച്ചയുടെ മറ്റൊരു നിർണായകവശം വർഗപരവും സാമൂഹികവുമായ അസമത്വങ്ങളാണ്. എഥനോൾ സമ്പദ്‌വ്യവസ്ഥയുടെ നേട്ടങ്ങൾ പ്രധാനമായും വാഹനങ്ങൾ ഉപയോഗിക്കുന്ന നഗര മധ്യവർഗ്ഗത്തിനും വ്യവസായ മേഖലയ്ക്കുമാണ് ലഭിക്കുന്നത്. എന്നാൽ അതിന്റെ ചെലവ് വഹിക്കുന്നത് ഗ്രാമീണസമൂഹങ്ങളും പൊതുവിതരണ സംവിധാനത്തെ ആശ്രയിക്കുന്ന ദരിദ്ര വിഭാഗങ്ങളുമാണ്. അതിനാൽ ഭക്ഷ്യധാന്യങ്ങളുടെ ഇന്ധനവൽക്കരണം ഒരു സാങ്കേതിക ഇന്ധനമാറ്റം മാത്രമല്ല; വിഭവങ്ങളുടെ സാമൂഹിക പുനർവിതരണവുമായി ബന്ധപ്പെട്ട ഒരു അധികാരപ്രശ്നവുമാണ്. E85 നയത്തിന്റെ കേന്ദ്രത്തിൽ നിലകൊള്ളുന്നത് ഭക്ഷ്യധാന്യങ്ങളുടെ ഒരു പുതിയ ചരക്കുവൽക്കരണമാണ് (commodification). മുമ്പ് ഭക്ഷണമായി, സാമൂഹിക ക്ഷേമത്തിന്റെ ഭാഗമായി, ദേശീയ ഭക്ഷ്യസുരക്ഷയുടെ ഘടകമായി മനസ്സിലാക്കപ്പെട്ടിരുന്ന വിഭവങ്ങൾ ഇപ്പോൾ ഊർജവിപണിയുടെ അസംസ്കൃത വസ്തുക്കളായി പുനർനിർവചിക്കപ്പെടുകയാണ്. അതിനാൽ ഭക്ഷ്യധാന്യങ്ങളെ ഇന്ധനമാക്കി മാറ്റുന്ന നയത്തെ ഊർജസുരക്ഷയുടെ കണ്ണിലൂടെ മാത്രം കാണാതെ, ഭക്ഷ്യനീതി, സാമൂഹികനീതി, വിഭവനീതി എന്നിവയുടെ അടിസ്ഥാനത്തിലും വിലയിരുത്തേണ്ടതുണ്ട്. വിശപ്പും പോഷകാഹാരക്കുറവും ഇപ്പോഴും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഭക്ഷ്യധാന്യങ്ങളെ ഇന്ധനമാക്കി മാറ്റുന്ന നയം വികസനത്തിന്റെ ഒരു പുതിയ മാതൃകയെ സൂചിപ്പിക്കുന്നു. നിർഭാഗ്യവശാൽ ആ മാതൃകയുടെ കേന്ദ്രത്തിൽ മനുഷ്യരല്ല മറിച്ച് ഊർജവിപണിയിലെ ലാഭക്കൊതിയാണ് സ്ഥിതിചെയ്യുന്നത്. അതിനാൽ E85-നെക്കുറിച്ചുള്ള ഏത് വിമർശനാത്മക പഠനത്തിന്റെയും കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷയുടെ ഈ ചോദ്യം അനിവാര്യമായും ഉൾപ്പെടേണ്ടതാണ്.
ഇന്ത്യയിൽ E85-ന്റെ വ്യാപനത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും കുറച്ച് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും, എന്നാൽ ഏറ്റവും ഗുരുതരമായതുമായ വിഷയമാണ് ജലസുരക്ഷയുടെ ചോദ്യം.
ജലനീതിയെ കുറിച്ചുള്ള ആശങ്ക
ഇന്ത്യയിൽ E85-ന്റെ വ്യാപനത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും കുറച്ച് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും, എന്നാൽ ഏറ്റവും ഗുരുതരമായതുമായ വിഷയമാണ് ജലസുരക്ഷയുടെ ചോദ്യം. ഊർജസ്വയംപര്യാപ്തതയുടെ പേരിൽ മുന്നോട്ടുവയ്ക്കപ്പെടുന്ന ഈ നയം യഥാർത്ഥത്തിൽ രാജ്യത്തിന്റെ ജലവിഭവങ്ങളിൽ ഏത് തരത്തിലുള്ള സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത് എന്ന ചോദ്യം ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ജലസമ്മർദ്ദം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ്. നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം ഏകദേശം 60 കോടി ജനങ്ങൾ ഉയർന്നതോ അതിതീവ്രമോ ആയ ജലക്ഷാമ സാഹചര്യങ്ങളിൽ ജീവിക്കുന്നു. രാജ്യത്തെ 21 പ്രധാന നഗരങ്ങൾ ഭൂഗർഭജല ശേഖരങ്ങളുടെ ഗുരുതരമായ ക്ഷയഭീഷണി നേരിടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു (NITI Aayog, 2018). ഭൂഗർഭജലത്തിന്റെ അമിത ചൂഷണം, കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വർധനവ്, നഗരവൽക്കരണം, കാർഷിക ജലോപഭോഗം എന്നിവയെല്ലാം ചേർന്ന് ഇന്ത്യയെ ഒരു ദീർഘകാല ജലപ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് എഥനോൾ ഉൽപ്പാദനത്തിനായി ജലസ്രോതസ്സുകളുടെ വ്യാപകമായ വിനിയോഗം നടക്കുന്നത്.
ഇന്ത്യയിലെ എഥനോൾ ഉൽപ്പാദനത്തിന്റെ പ്രധാന അടിത്തറ കരിമ്പാണ്. ആ കരിമ്പാവട്ടെ ഏറ്റവും ഉയർന്ന ജലോപഭോഗമുള്ള കാർഷികവിളയുമാണ്. വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒരു ലിറ്റർ കരിമ്പ് അധിഷ്ഠിത എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിന് ഏകദേശം 2,500 മുതൽ 3,000 ലിറ്റർ വരെ വെള്ളം ആവശ്യമാണ് എന്നാണ്(Gerbens-Leenes & Hoekstra, 2009). വാഹനത്തിന്റെ ടാങ്കിലേക്ക് എത്തുന്ന ഓരോ ലിറ്റർ എഥനോളിനും പിന്നിൽ ദൃശ്യമല്ലാത്ത ഒരു "ജലപാദമുദ്ര" (water footprint) നിലനിൽക്കുന്നു എന്നതാണ് ഇതിന്റെ അർത്ഥം. ഈ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നത് കരിമ്പ് കൃഷിയുടെ ഭൂമിശാസ്ത്രം പരിശോധിക്കുമ്പോഴാണ്. ഇന്ത്യയിലെ പ്രധാന കരിമ്പ് ഉൽപ്പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും കർണാടകയും ആവർത്തിച്ചുള്ള വരൾച്ചയും ഭൂഗർഭജല ക്ഷയവും നേരിടുന്ന പ്രദേശങ്ങളാണ്. മഹാരാഷ്ട്ര രാജ്യത്തിന്റെ മൊത്തം ജലസേചന ഭൂമിയുടെ ചെറിയൊരു വിഹിതം മാത്രമേ കൈവശം വയ്ക്കുന്നുള്ളൂ. എന്നിരുന്നാലും സംസ്ഥാനത്തെ ജലസേചന ജലത്തിന്റെ വലിയൊരു പങ്ക് കരിമ്പ് കൃഷിക്കായി വിനിയോഗിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ ഉയരുന്ന ചോദ്യം, ജലദൗർലഭ്യം അനുഭവിക്കുന്ന പ്രദേശങ്ങളിൽ പരിമിതമായ ജലവിഭവങ്ങൾ ഏത് ആവശ്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത് എന്നതാണ്. ഇവിടെയാണ് ജലക്ഷാമത്തിന്റെ ചോദ്യം ജലനീതിയുടെ (Water Justice) ചോദ്യമായി മാറുന്നത്. ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും ജലവിഭവങ്ങളിൽ തുല്യമായ പ്രവേശനം ഉണ്ടോ? ജലത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ ആരാണ് എടുക്കുന്നത്? ജലക്ഷയത്തിന്റെ ചെലവ് ആരാണ് വഹിക്കുന്നത്? എഥനോൾ സമ്പദ്‌വ്യവസ്ഥയുടെ നേട്ടങ്ങൾ ആരാണ് കൈവരിക്കുന്നത്? ഈ ചോദ്യങ്ങൾക്ക് ലഭിക്കുന്ന ഉത്തരങ്ങൾ ജലവിഭവങ്ങളുടെ വിതരണം സാമൂഹികമായി നിഷ്പക്ഷമല്ലെന്ന് വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളിലെ വാഹന ഉടമകൾക്ക് ലഭിക്കുന്ന ഊർജ നേട്ടത്തിനായി ഗ്രാമപ്രദേശങ്ങളിലെ ഭൂഗർഭജല ശേഖരങ്ങൾ ഉപയോഗിക്കപ്പെടുമ്പോൾ, അതിന്റെ പാരിസ്ഥിതിക ചെലവ് പ്രാദേശിക സമൂഹങ്ങളാണ് വഹിക്കുന്നത്. അതിനാൽ എഥനോൾ ഉൽപ്പാദനം ഒരു സാങ്കേതിക ഇന്ധനമാറ്റം മാത്രമല്ല; ജലവിഭവങ്ങളുടെ പുനർവിതരണവുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പ്രക്രിയ കൂടിയാണ്.

എഥനോൾ നയത്തെ അനുകൂലിക്കുന്നവർ പലപ്പോഴും ഊർജസുരക്ഷയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഒരു രാജ്യത്തിന്റെ ഊർജസുരക്ഷ അതിന്റെ ജലസുരക്ഷയെ ദുർബലപ്പെടുത്തുന്ന രീതിയിലാണെങ്കിൽ അത് എത്രത്തോളം സുസ്ഥിരമാണെന്ന ചോദ്യം ഇവിടെ ഉയരുന്നു. ഒരു പ്രതിസന്ധി മറ്റൊരു പ്രതിസന്ധിയിലേക്ക് മാറ്റിസ്ഥാപിക്കുന്നതാണോ യഥാർത്ഥ പരിഹാരം? എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനായി ജലവിഭവങ്ങളുടെ മേൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്ന ഒരു നയം ദീർഘകാല വികസനത്തിന്റെ അടിസ്ഥാനമാകുമോ? ഈ ചോദ്യങ്ങൾക്ക് ലളിതമായ ഉത്തരങ്ങളില്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ്: ഇന്ധനത്തിനായുള്ള പാരിസ്ഥിതികമായ ചെലവ് പെട്രോൾ ഇറക്കുമതി കുറയുന്നതോടെയും E85-ന്റെ അവതരണത്തോടെയും അപ്രത്യക്ഷമാകുന്നില്ല; അത് ഭൂഗർഭജല ശേഖരങ്ങളിലേക്കും ജലസേചന സംവിധാനങ്ങളിലേക്കും ഗ്രാമീണ ഭൂപ്രകൃതികളിലേക്കും മാറ്റിസ്ഥാപിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ E85-നെക്കുറിച്ചുള്ള ചർച്ചയിൽ ജലത്തെ ഒരു സാങ്കേതിക ഉൽപ്പാദന ഘടകമായി മാത്രം കാണുന്നത് ഉചിതമാവില്ല. ജലം ഒരു പ്രകൃതിവിഭവം മാത്രമല്ല; അത് ജീവന്റെ അടിസ്ഥാനവും സാമൂഹിക അവകാശവും, പൊതുസമ്പത്തുമാണ്. ഈ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ E85-ന്റെ വ്യാപനം ഇന്ത്യയുടെ ജലഭാവിയെക്കുറിച്ചുള്ള ഒരു അടിസ്ഥാന രാഷ്ട്രീയ ചോദ്യമായി മാറുന്നു. ഊർജസുരക്ഷയുടെ പേരിൽ ജലവിഭവങ്ങളെ ഇന്ധനോല്പാദനത്തിനായി വിനിയോഗിക്കുന്നത് വികസനത്തിന്റെ ഒരു രൂപമാകാം; പക്ഷേ അത് ജലനീതിയുടെ കാഴ്ചപ്പാടിൽ എത്രത്തോളം ന്യായീകരിക്കപ്പെടും എന്ന ചോദ്യം ഇപ്പോഴും തുറന്നുകിടക്കുന്നു.
പരിസ്ഥിതിയെ സംബന്ധിക്കുന്ന ആശങ്ക
E85-നെക്കുറിച്ചുള്ള പൊതുചർച്ചകളിൽ ഏറ്റവും ശക്തമായി ആവർത്തിക്കപ്പെടുന്ന വാദം ഇത് ഒരു "ഹരിത ഇന്ധനം" (Green Fuel) ആണെന്നതാണ്. എഥനോൾ പുനരുത്പാദിപ്പിക്കാവുന്ന ജൈവവിഭവങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്നതിനാൽ അത് പരിസ്ഥിതി സൗഹൃദമാണെന്നും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കുമെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഒരു ഇന്ധനത്തിന്റെ പാരിസ്ഥിതിക സ്വഭാവം വിലയിരുത്തേണ്ടത് അതിന്റെ ദഹനഘട്ടത്തിൽ മാത്രമല്ല, മറിച്ച് അതിന്റെ മുഴുവൻ ജീവിതചക്രത്തിലൂടെയാണ്. അസംസ്കൃത വസ്തുക്കളുടെ ഉൽപ്പാദനം, ഭൂവിനിയോഗം, ജലോപയോഗം, രാസവള പ്രയോഗം, സംസ്കരണം, ഗതാഗതം, ഉപഭോഗം, മാലിന്യ നിർമ്മാർജനം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പ്രക്രിയയെ പരിഗണിക്കുമ്പോൾ E85-ന്റെ പരിസ്ഥിതി ചിത്രം ഔദ്യോഗികമായി അവതരിപ്പിക്കപ്പെടുന്നതിനെക്കാൾ സങ്കീർണ്ണവും വൈരുധ്യപൂർണ്ണവുമാണെന്ന് കാണാൻ കഴിയും.
എഥനോളിന്റെ പ്രധാന അസംസ്കൃത വസ്തുക്കളായ കരിമ്പ്, ചോളം, അരി തുടങ്ങിയ വിളകൾ ഉയർന്ന അളവിൽ നൈട്രജൻ വളങ്ങൾ ആവശ്യപ്പെടുന്നവയാണ്. ഈ രാസവളങ്ങൾ മണ്ണിന്റെയും ജലസ്രോതസ്സുകളുടെയും മലിനീകരണത്തിന് കാരണമാകുന്നു.
രാസവളങ്ങളുടെ വ്യാപകമായ ഉപയോഗമാണ് എഥനോൾ ഉൽപ്പാദനത്തിലെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പാരിസ്ഥിതിക വെല്ലുവിളി. എഥനോളിന്റെ പ്രധാന അസംസ്കൃത വസ്തുക്കളായ കരിമ്പ്, ചോളം, അരി തുടങ്ങിയ വിളകൾ ഉയർന്ന അളവിൽ നൈട്രജൻ വളങ്ങൾ ആവശ്യപ്പെടുന്നവയാണ്. ഈ രാസവളങ്ങൾ മണ്ണിന്റെയും ജലസ്രോതസ്സുകളുടെയും മലിനീകരണത്തിന് കാരണമാകുന്നു. നൈട്രജൻ വളങ്ങളുടെ ഉപയോഗഫലമായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന നൈട്രസ് ഓക്സൈഡ് (N₂O) ലോകത്തിലെ ഏറ്റവും ശക്തമായ ഹരിതഗൃഹ വാതകങ്ങളിലൊന്നാണ്. Intergovernmental Panel on Climate Change (IPCC) പ്രകാരം, നൈട്രസ് ഓക്സൈഡിന്റെ ആഗോള താപനശേഷി കാർബൺ ഡയോക്സൈഡിനേക്കാൾ ഏകദേശം 273 മടങ്ങ് കൂടുതലാണ് (IPCC, 2023). അതിനാൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി പ്രോത്സാഹിപ്പിക്കപ്പെടുന്ന എഥനോൾ, അതിന്റെ ഉൽപ്പാദന ഘട്ടത്തിൽ തന്നെ മറ്റൊരു ശക്തമായ ഹരിതഗൃഹ വാതകത്തിന്റെ ഉൽപ്പാദനത്തിന് കാരണമാകുന്നുവെന്ന വൈരുധ്യം ഇവിടെ കാണാം. രാസവളങ്ങളുടെ അമിത ഉപയോഗം ജലമലിനീകരണത്തിനും കാരണമാകുന്നു. കരിമ്പ് കൃഷിയിടങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന നൈട്രേറ്റുകളും ഫോസ്ഫേറ്റുകളും നദികളിലും ജലാശയങ്ങളിലും അടിഞ്ഞുകൂടി യൂട്രോഫിക്കേഷൻ (eutrophication) എന്ന പ്രതിഭാസത്തിന് കാരണമാകുന്നു. ഇതിന്റെ ഫലമായി ജലാശയങ്ങളിലെ ഓക്സിജന്റെ അളവ് കുറയുകയും ജലജീവികളുടെ ആവാസവ്യവസ്ഥകൾ നശിക്കുകയും ചെയ്യുന്നു. ഭൂഗർഭജലത്തിലേക്ക് പ്രവേശിക്കുന്ന നൈട്രേറ്റുകൾ മനുഷ്യരുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.
ഈ ചർച്ചയിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന മറ്റൊരു ഘടകം എഥനോൾ വ്യവസായത്തിന്റെ വ്യാവസായിക മലിനീകരണമാണ്. എഥനോൾ ഡിസ്റ്റിലറികളിൽ നിന്ന് പുറത്തുവരുന്ന സ്പെന്റ് വാഷ് (spent wash) പോലുള്ള മാലിന്യങ്ങൾ ഉയർന്ന ജൈവ മലിനീകരണ ശേഷിയുള്ളവയാണ്. ഇവ ശരിയായ രീതിയിൽ സംസ്കരിക്കപ്പെടാത്ത സാഹചര്യങ്ങളിൽ നദികൾ, തോടുകൾ, ഭൂഗർഭജല സ്രോതസ്സുകൾ എന്നിവ ഗുരുതരമായി മലിനമാകുന്നു. ഇന്ത്യയിലെ പല പ്രദേശങ്ങളിലും ഡിസ്റ്റിലറികളുമായി ബന്ധപ്പെട്ട ജലമലിനീകരണ പ്രശ്നങ്ങൾ പ്രാദേശിക ജനകീയ പ്രക്ഷോഭങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇന്ധനത്തിന്റെ ഉപഭോഗ ഘട്ടത്തിൽ ദൃശ്യമാകാത്ത ഈ മലിനീകരണങ്ങൾ ഉൽപ്പാദന മേഖലയിലെ ഗ്രാമീണ സമൂഹങ്ങളാണ് പ്രധാനമായും അനുഭവിക്കുന്നത്.
വായുമലിനീകരണത്തിന്റെ കാര്യത്തിലും E85-നെക്കുറിച്ചുള്ള ഔദ്യോഗിക അവകാശവാദങ്ങൾ വിമർശനാത്മക പരിശോധന അർഹിക്കുന്നു. എഥനോൾ കാർബൺ മോണോക്സൈഡിന്റെയും ചില ഹൈഡ്രോകാർബണുകളുടെയും പുറന്തള്ളൽ കുറയ്ക്കുന്നുണ്ടെങ്കിലും, അസെറ്റാൽഡിഹൈഡ് (acetaldehyde), ഫോർമാൽഡിഹൈഡ് (formaldehyde) തുടങ്ങിയ ഓക്സിജനേറ്റഡ് ജൈവ സംയുക്തങ്ങളുടെ പുറന്തള്ളൽ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു (Jacobson, 2007). ഈ സംയുക്തങ്ങൾ നൈട്രജൻ ഓക്സൈഡുകളുമായി ചേർന്ന് ഫോട്ടോകെമിക്കൽ സ്മോഗ് രൂപീകരണത്തിന് കാരണമാകുന്നു. പ്രത്യേകിച്ച് ഉയർന്ന താപനിലയും ശക്തമായ സൂര്യപ്രകാശവും അനുഭവപ്പെടുന്ന ഇന്ത്യൻ നഗരപ്രദേശങ്ങളിൽ ഭൂതല ഓസോണിന്റെ (ground-level ozone) അളവ് വർധിക്കുകയും ശ്വാസകോശരോഗങ്ങൾ, ആസ്തമ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് വഴിവെക്കുകയും ചെയ്യാം. അതിനാൽ എഥനോൾ ഉപയോഗം എല്ലാ തരത്തിലുള്ള വായുമലിനീകരണങ്ങളും കുറയ്ക്കുമെന്ന ധാരണ ശാസ്ത്രീയമായി കൃത്യതയില്ലാത്തതാണ്. എഥനോളിന്റെ പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചുള്ള ഏറ്റവും വലിയ പ്രശ്നം അതിന്റെ വിലയിരുത്തലിൽ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളിലാണ്. ഔദ്യോഗിക കണക്കുകൂട്ടലുകൾ പലപ്പോഴും വാഹനങ്ങളുടെ ടെയിൽപൈപ്പ് പുറംതള്ളുന്ന മാലിന്യങ്ങളെ മാത്രം പരിഗണിക്കുബോൾ . പൊളിറ്റിക്കൾ ഇക്കോളജിയും ലൈഫ്-സൈക്കിൾ അസസ്മെന്റും ആവശ്യപ്പെടുന്നത് ഉൽപ്പാദനത്തിന്റെ മുഴുവൻ ശൃംഖലയുടെയും പരിശോധനയാണ്. ഒരു ലിറ്റർ എഥനോളിനുപിന്നിൽ ഉപയോഗിക്കപ്പെട്ട ജലം, ഭൂമി, രാസവളങ്ങൾ, ഊർജം, തൊഴിൽ, പാരിസ്ഥിതികമായ ചെലവുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി കണക്കാക്കുമ്പോൾ അതിന്റെ ‘ഹരിതത്വം’ കൂടുതൽ സങ്കീർണ്ണമായ ഒരു ചോദ്യമായി മാറുന്നു. അതിനാൽ E85-നെ ഒരു പരിസ്ഥിതി സൗഹൃദ ഇന്ധനമായി വിശേഷിപ്പിക്കുന്നതിനു മുമ്പ് ഒരു അടിസ്ഥാന ചോദ്യം ഉയർത്തേണ്ടതുണ്ട്: നാം യഥാർത്ഥത്തിൽ മലിനീകരണം കുറയ്ക്കുകയാണോ, അതോ മലിനീകരണത്തിന്റെ സ്ഥാനവും രൂപവും മാറ്റുകയാണോ?

ഊർജ്ജ സ്വയംപര്യാപ്തത എന്ന മിത്ത്
ഇന്ത്യയിലെ E85 നയത്തെ ന്യായീകരിക്കുന്ന ഏറ്റവും ശക്തമായ രാഷ്ട്രീയ ആഖ്യാനം ഊർജസ്വയംപര്യാപ്തത (Energy Self-Sufficiency) എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് രൂപപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, വിദേശവിനിമയ ചെലവ് നിയന്ത്രിക്കുക, ആഭ്യന്തര വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഊർജ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളാണ് എഥനോൾ നയത്തിന്റെ പ്രധാന ന്യായീകരണങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. ആദ്യനോട്ടത്തിൽ ഈ വാദം യുക്തിസഹമായി തോന്നിയേക്കാം, കാരണം, ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരിൽ ഒരാളായ ഇന്ത്യയ്ക്ക് ബദൽ ഊർജ സ്രോതസ്സുകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത നിഷേധിക്കാനാവില്ല. പൊളിറ്റിക്കൽ ഇക്കണോമിയുടെ വീക്ഷണകോണിൽനിന്നും നോക്കുമ്പോൾ, "സ്വയംപര്യാപ്തത" എന്ന ഈ വാദം യാഥാർഥ്യത്തെ പൂർണമായി പ്രതിഫലിപ്പിക്കുന്നില്ല. മറിച്ച്, അത് ഒരു പുതിയ ആശ്രിതത്വത്തെ മറച്ചുവയ്ക്കുന്ന ഒരു വികസന ആഖ്യാനമായി മാത്രം പ്രവർത്തിക്കുന്നതായി കാണാം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ എഥനോൾ ആവശ്യകത അതിവേഗം വർധിച്ചിട്ടുണ്ട്. E 20- നാവശ്യമായ എഥനോൾ പോലും തദ്ദേശീയമായി ഉല്പാദിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നമ്മൾ E 85 എന്ന പുതിയ ലക്ഷ്യത്തിലേക്ക് കടക്കുന്നത്. E 20 നിർമ്മിക്കുന്നതിനുവേണ്ടിത്തന്നെ ഇന്ത്യ വിവിധ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് അമേരിക്കയിൽ നിന്ന്, എഥനോളും അതുമായി ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയുടെ എഥനോൾ ആവശ്യകത വർധിച്ചതോടെ അമേരിക്കൻ ജൈവഇന്ധന വിപണിക്കും പുതിയ അവസരങ്ങൾ തുറന്നു. സമീപകാല വ്യാപാര കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ എഥനോൾ ഇറക്കുമതിയിൽ അമേരിക്കയുടെ പങ്ക് ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ്. അതായത്, എണ്ണ ഇറക്കുമതിയിലൂടെ രൂപപ്പെട്ടിരുന്ന ഒരു അന്താരാഷ്ട്ര ആശ്രിതത്വത്തിന് പകരം എഥനോൾ വിപണിയിലൂടെ മറ്റൊരു ആശ്രിതത്വം രൂപപ്പെടുകയാണ്. ഇവിടെ ഇന്ധനത്തിന്റെ സ്വഭാവം മരുന്നുവെങ്കിലും സ്വയം പര്യാപ്തത ഒരു മിത്തായി തുടരുന്നു. ഇന്ത്യയുടെ ആഭ്യന്തര എഥനോൾ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ഭക്ഷ്യധാന്യങ്ങളും ജലവിഭവങ്ങളും പൊതുസബ്‌സിഡികളും വ്യാപകമായി വിനിയോഗിക്കപ്പെടുമ്പോൾത്തന്നെ വിദേശ എഥനോളിന്റെ ഇറക്കുമതി വർധിപ്പിക്കുകയും ചയ്യുന്നു. അതായത്, ഒരു വശത്ത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും ജലസുരക്ഷയെയും ബാധിക്കുന്ന തരത്തിൽ ആഭ്യന്തര വിഭവങ്ങൾ പുനർവിന്യസിക്കപ്പെടുമ്പോൾ, മറുവശത്ത് ആഗോള വിപണിയുമായുള്ള ആശ്രിത ബന്ധങ്ങളും നിലനിർത്തപ്പെടുന്നു. ഈ ഇരട്ട പ്രക്രിയ സ്വയംപര്യാപ്തത എന്ന ആശയത്തിന്റെ ഉള്ളടക്കത്തെ തന്നെ ചോദ്യം ചെയ്യുന്നു.
എണ്ണ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമം യാഥാർഥ്യമാണെങ്കിലും, അത് പൂർണമായ ഊർജസ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നില്ല. മറിച്ച് പുതിയ വിഭവ ആശ്രിതത്വങ്ങൾ, ആഗോള വിപണിബന്ധങ്ങൾ, സാമൂഹ്യ-പാരിസ്ഥിതിക ചെലവുകൾ എന്നിവ സൃഷ്ടിക്കുന്ന പ്രക്രിയയായി മാറുന്നു.
E85 നയം ദേശീയതയുടെ ഭാഷയിൽ അവതരിപ്പിക്കപ്പെടുന്ന ഒരു ആഗോളവൽക്കരണ പദ്ധതിയായി കാണാൻ സാധിക്കും. "ആത്മനിർഭർ ഭാരത്", "ഊർജസ്വാതന്ത്ര്യം", "ദേശീയ വികസനം" തുടങ്ങിയ ആശയങ്ങൾ ഉപയോഗിച്ചാണ് എഥനോൾ പരിപാടി അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ യാഥാർഥ്യത്തിൽ ഈ പദ്ധതി ആഗോള കാർഷിക-വ്യാവസായിക ശൃംഖലകളുമായും അന്താരാഷ്ട്ര ജൈവഇന്ധന വിപണികളുമായും കൂടുതൽ അടുക്കുന്ന ഒരു പ്രക്രിയ കൂടിയാണ്. അതിനാൽ ഇത് ദേശീയ വിഭവങ്ങളുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനേക്കാൾ, ദേശീയ വിഭവങ്ങളെ ആഗോള ഊർജ വിപണിയുടെ ഭാഗമാക്കുന്ന ഒരു പ്രക്രിയയായി വായിക്കാവുന്നതാണ്. E85 നയത്തിന്റെ സ്വയംപര്യാപ്തതാവാദം ഒരു സാമ്പത്തിക യാഥാർഥ്യത്തേക്കാൾ ഒരു രാഷ്ട്രീയ ആഖ്യാനമായാണ് പ്രവർത്തിക്കുന്നത് എന്നുപറയാം. എണ്ണ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമം യാഥാർഥ്യമാണെങ്കിലും, അത് പൂർണമായ ഊർജസ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നില്ല. മറിച്ച് പുതിയ വിഭവ ആശ്രിതത്വങ്ങൾ, ആഗോള വിപണിബന്ധങ്ങൾ, സാമൂഹ്യ-പാരിസ്ഥിതിക ചെലവുകൾ എന്നിവ സൃഷ്ടിക്കുന്ന ഒരു പ്രക്രിയയായി മാറുന്നു.

വേണം, കൂടുതൽ ചർച്ച
E85-ന്റെ കേന്ദ്രപ്രശ്നം നിലകൊള്ളുന്നത് ഇന്ധനത്തിന്റെ സാങ്കേതിക സ്വഭാവത്തിലല്ല, വിഭവങ്ങളുടെ സാമൂഹിക പുനർവിതരണത്തിലാണ്. ആരുടെ ഭൂമിയും ജലവും മണ്ണുമാണ് വിനിയോഗിക്കപ്പെടുന്നത്? ആരുടെ ഭക്ഷ്യവിളകളാണ് ഇന്ധനമാകുന്നത്? പൊതുസമ്പത്ത് വിനിയോഗിക്കുന്നതിൻറെ നേട്ടം ആരിലേക്കാണ് ഒഴുകികൂടുന്നത്? പാരിസ്ഥിതിക ആഘാതങ്ങൾ ആരെയാണ് ബാധിക്കുന്നത്? ഈ ചോദ്യങ്ങളാണ് E85-ന്റെ യഥാർത്ഥ രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്നത്. E85-നെക്കുറിച്ചുള്ള അടിസ്ഥാനചോദ്യം അത് പെട്രോളിന് പകരമാകുമോ എന്നതല്ല. മറിച്ച്, ഊർജസുരക്ഷയുടെ പേരിൽ ഭൂമി, ജലം, ഭക്ഷണം, പൊതുസമ്പത്ത് എന്നിവയെ പുനർവിന്യസിക്കുന്ന ഈ പുതിയ വികസന മാതൃക സാമൂഹികമായും പാരിസ്ഥിതികമായും എത്രത്തോളം നീതിയുക്തമാണ് എന്നതാണ്. ഈ കാഴ്ചപ്പാടിൽ നോക്കുമ്പോൾ E85 ഒരു ഇന്ധനം മാത്രമല്ല; അത് വിഭവങ്ങളുടെ നിയന്ത്രണത്തെയും ഉപയോഗത്തെയും പുനർനിർവചിക്കുന്ന ഒരു രാഷ്ട്രീയ പദ്ധതിയാണ്. അതുകൊണ്ടുതന്നെ E85-നെക്കുറിച്ചുള്ള ചർച്ച ഇന്ധനനയത്തിന്റെ വിലയിലോ കാര്യക്ഷമതയുടെ പരിധിയിൽ ഒതുങ്ങുന്നില്ല; മറിച്ച്, വികസനം, പരിസ്ഥിതി, സാമൂഹ്യനീതി, ജനാധിപത്യം എന്നിവയെക്കുറിച്ചുള്ള ഒരു വിശാലമായ സംവാദത്തിന്റെ ഭാഗമാണ്. അത് അത്തരത്തിൽ തന്നെ കൂടുതൽ ചർച്ചകൾക്കും വിശകലനങ്ങൾക്കും വിധേയമാവേണ്ടതുണ്ട്.
▮
References
Crutzen, P. J., Mosier, A. R., Smith, K. A., & Winiwarter, W. (2008). N₂O release from agro-biofuel production negates global warming reduction by replacing fossil fuels. Atmospheric Chemistry and Physics, 8(2), 389–395. https://doi.org/10.5194/acp-8-389-2008
Gerbens-Leenes, P. W., & Hoekstra, A. Y. (2009). The water footprint of sweeteners and bio-ethanol. UNESCO-IHE Institute for Water Education.
Gerbens-Leenes, P. W., Hoekstra, A. Y., & Van der Meer, T. H. (2009). The water footprint of bioenergy. Proceedings of the National Academy of Sciences, 106(25), 10219–10223. https://doi.org/10.1073/pnas.0812619106
Government of India. (2018). National Policy on Biofuels 2018. Ministry of Petroleum and Natural Gas, Government of India.
Government of India. (2022). National Policy on Biofuels (Amendment). Ministry of Petroleum and Natural Gas, Government of India.
Intergovernmental Panel on Climate Change (IPCC). (2023). Climate Change 2023: Synthesis Report. IPCC.
Jacobson, M. Z. (2007). Effects of ethanol (E85) versus gasoline vehicles on cancer and mortality in the United States. Environmental Science & Technology, 41(11), 4150–4157. https://doi.org/10.1021/es062085v
Jain, A. (2025). Why India's plan to sell rice for ethanol undermines food and water security. Ideas for India. https://www.ideasforindia.in
NITI Aayog. (2018). Composite Water Management Index: A tool for water management. Government of India.
NITI Aayog. (2021). Roadmap for Ethanol Blending in India 2020–2025. Government of India.
Pimentel, D., & Patzek, T. W. (2005). Ethanol production using corn, switchgrass, and wood; biodiesel production using soybean and sunflower. Natural Resources Research, 14(1), 65–76. https://doi.org/10.1007/s11053-005-4679-8
Renewable Fuels Association. (2025). U.S. Ethanol Trade Statistical Report 2025. Renewable Fuels Association.
Reuters. (2025, June 26). From shortage to surplus: India pours record rice crop into ethanol. Reuters.
Reuters. (2025, September 1). India allows production of ethanol from sugarcane juice and molasses. Reuters.
Searchinger, T., Heimlich, R., Houghton, R. A., Dong, F., Elobeid, A., Fabiosa, J., Tokgoz, S., Hayes, D., & Yu, T. H. (2008). Use of U.S. croplands for biofuels increases greenhouse gases through emissions from land-use change. Science, 319(5867), 1238–1240. https://doi.org/10.1126/science.1151861
Shagun. (2025, May 12). Centre approves additional 2.8 million tonnes of FCI rice for ethanol production. Down To Earth. https://www.downtoearth.org.in
Sustainable Policy Research Foundation (SPRF). (2024). Grain-based ethanol: Feasibility and sustainability considerations. Sustainable Policy Research Foundation. https://sprf.in
U.S. Energy Information Administration. (2025). U.S. fuel ethanol exports on track to set record. U.S. Department of Energy.
Welthungerhilfe, & Concern Worldwide. (2024). Global Hunger Index 2024: Gender justice, climate resilience, and food and nutrition security. Global Hunger Index. https://www.globalhungerindex.org
