പ്രളയം വരുമ്പോൾ വാവിട്ടുകരച്ചിലും ചർച്ചകളും. ഉരുൾപൊട്ടലിനുശേഷമുള്ള തട്ടുതകർപ്പൻ ചാനൽ ചർച്ചകൾ, പഴിപറച്ചിലുകൾ. മഴക്കെടുതിയുടെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങളുടെ ആഘോഷം. ഏതു ദുരന്തം സംഭവിക്കുമ്പോഴും ക്ഷണനേരത്തേക്കുള്ള ആലോചനകളും, വിചാരങ്ങളും.
ഇത് ഒരു കുറ്റവിചാരണയല്ല. ആധുനികത (‘ദ്രാവക ആധുനികത’യെന്ന് സിഗ്മണ്ട് ബോമാൻ വിശേഷിപ്പിക്കുന്ന) സൃഷ്ടിക്കുന്ന മിന്നിമറയുന്ന വർത്തമാന സംഭവവികാസങ്ങളിൽ, പിക്നോലെപ്സി ((pyknolepsy) ബാധിച്ച പോലെ ക്ഷണനേരത്തേക്ക് ഒരുതരം അബോധാവസ്ഥയിൽ നിൽക്കുന്ന സാക്ഷരകേരളത്തിന്റെ ദുരവസ്ഥയാണിത്. പാരിസ്ഥിതിക മനസ്സിനുമേൽ ആധിപത്യം നേടിയ വികസനമനസ്സിന്റെ ബഹള സന്തോഷങ്ങളിൽ മതിമറക്കുന്ന, അപകട സമൂഹത്തിന്റെ സവിശേഷ പ്രകൃതം.
കേരളം എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്നതിന്, ആഗോള / ദേശീയ പാരിസ്ഥിതിക ചരിത്രത്തിന് ചില സൂചനകൾ നൽകാനുണ്ട്. അതിലേക്കുള്ള ചില ചിന്തകൾ വിശദീകരിക്കുവാനാണ് ശ്രമിക്കുന്നത്.
വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം
കൊളോണിയൽ കാലത്തെ 'പുരോഗതി' എന്ന രാഷ്ട്രീയ അജണ്ടയുടെ തുടർച്ചയാണ് ആധുനിക 'വികസന' മാതൃകകളെന്ന് ഈ ലേഖനം വിലയിരുത്തുന്നു. ശാസ്ത്രീയ വനപരിപാലനത്തിലൂടെ കൊളോണിയൽ അധികാരികൾ ആദിവാസികളെ വനത്തിൽനിന്ന് പുറന്തള്ളിയതുപോലെ, കൊളോണിയൽ അനന്തര കാലത്തെ വൻകിട അണക്കെട്ടുകളും വ്യവസായങ്ങളും ദരിദ്രജനവിഭാഗങ്ങളുടെ പലായനത്തിന് കാരണമായി. നെഹ്റുവിയൻ വികസന ദേശീയതയും ഗാന്ധിയൻ പരിസ്ഥിതിബോധവും തമ്മിലുള്ള സംഘർഷങ്ങൾ ഇതിൽ പ്രകടമാണ്. സുസ്ഥിരവികസനമെന്ന ആശയം വികസനത്തെ നിലനിർത്താൻ പരിസ്ഥിതിയെ വിപണിചരക്കാക്കുകയാണ് ചെയ്തത്. ദുരന്തമുതലാളിത്തവും വിഭവചൂഷണത്തിന്റെ അതിവേഗതയും നദികളും വനങ്ങളും മാഞ്ഞുപോകുന്ന ഒരു 'അപകട സമൂഹത്തെ' (Risk Society) സൃഷ്ടിച്ചു. നരവംശയുഗത്തിലെ (Anthropocene) വിനാശകരമായ സാമ്പത്തികവളർച്ചയും പാരിസ്ഥിതിക നീതിനിഷേധവും തമ്മിലുള്ള അവിഭാജ്യമായ ബന്ധത്തെയാണ് ഈ പാരിസ്ഥിതിക ചരിത്രന്വേഷണം ദൃശ്യവത്കരിക്കുന്നത്.

കേരളത്തിന്റെ വർത്തമാന കാലത്തിലെ പ്രകൃതി ദൃശ്യങ്ങൾ പാരിസ്ഥിതിക ചരിത്രഗവേഷകർക്ക് ഒരു പുരാരേഖാസമുച്ചയമാണ്. പുരാരേഖ എന്നുദ്ദേശിച്ചത്, ഭൗതികപരമായ പ്രകൃതി സംവിധാനങ്ങൾ അപഗ്രഥനത്തിന് വിധേയപ്പെടുത്തേണ്ട ചരിത്രരേഖയെന്ന വീക്ഷണ രീതി ശാസ്ത്രത്തെ അവലംബിച്ചാണ്. കേരളത്തിന്റെ ഇന്നു നാം കാണുന്ന പ്രകൃതിദൃശ്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പുരോഗതി എന്ന കൊളോണിയൽ രാഷ്ട്രീയ പദ്ധതിയുണ്ട്. അപ്രത്യക്ഷമാകുന്ന പ്രകൃതിയുടെ ദൃശ്യരാഷ്ട്രീയമെന്ന ആശയവാദം നിലനിൽക്കുന്നത് പാരിസ്ഥിതിക ചരിത്രം ആഗോള പരമായും പ്രാദേശികപരമായും നിർമ്മിക്കുന്ന മാനവ പാരിസ്ഥിതിക ജ്ഞാന / ബോധ വ്യവസ്ഥയ്ക്കുള്ളിലാണ്.
കാട് പുന്തോട്ടവൽക്കരിച്ച കൊളോണിയൽ യുക്തിയിൽനിന്ന് ജലപ്രവാഹങ്ങളെ തടഞ്ഞ് ഡാമുകൾ നിർമ്മിക്കുന്ന ദേശീയ യുക്തിയിലേക്കു വരുന്ന വികസനമാതൃകകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന പ്രകൃതി / മനുഷ്യ ദൃശ്യചരിത്രങ്ങൾ തെളിവാകുന്നത്, പാരിസ്ഥിതിക ചരിത്രാന്വേഷണത്തിലൂടെ മാത്രമാണ്. ഇന്ത്യാ ചരിത്രത്തെ അധികരിച്ച് വീക്ഷിച്ചാൽ, പാരിസ്ഥിതി ഓർമ്മകളെ നിരാകരിച്ച് പുരോഗതിയുടെയും വികസനത്തിന്റെയും നവ പാരിസ്ഥിതിക ഓർമ്മകൾ സൃഷ്ടിച്ച ഭൂതകാലവും, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലവും തമ്മിൽ ഒരു അർദ്ധരാത്രിയുടെ അകലം മാത്രമേ ഉള്ളൂ.
പുരോഗതി എന്ന കൊളോണിയൽ രാഷ്ട്രീയ സാമ്പത്തിക അജണ്ടയുടെ, മറുപുറമായി മാറിയിരിക്കുകയാണ് വർത്തമാനകാലത്തെ വികസന പ്രവർത്തനങ്ങളും, നയങ്ങളും.
ജ്ഞാനോദയകാലത്തുയർന്ന
പുരോഗതി എന്ന രാഷ്ട്രീയ അജണ്ട
പുരോഗതി എന്ന ആശയത്തിന്റെ ബൗദ്ധിക അടിത്തറ രൂപപ്പെടുന്നത് ജ്ഞാനോദയത്തിന്റെ കാലഘട്ടത്തിലാണ്. വ്യവസായ വിപ്ലവത്തിനുശേഷം ഇത് മൂലധന വ്യവസ്ഥയ്ക്കുള്ളിലെ ലാഭത്തിനു വേണ്ടിയുള്ള കമ്പോളപ്രത്യയശാസ്ത്രമായി മാറി. മാക്സ് വെബർ പ്രൊട്ടസ്റ്റൻറ് ആൻഡ് ദ സ്പിരിറ്റ് ഓഫ് ക്യാപിറ്റലിസത്തിൽ വാദിക്കുന്നതുപോലെ, ക്യാപിറ്റലിസം വിശുദ്ധമായ ഒരു കഠിനപ്രയത്നത്തിന്റെ മേഖലയായി മാറി. അതിന്റെ യുക്തി പ്രപഞ്ചത്തിൽ ലാഭം മാത്രം ലക്ഷ്യമായപ്പോൾ, സാമ്പത്തികശാസ്ത്രത്തിന്റെ അളവുകോൽ വികസനത്തിന്റെ സ്റ്റാറ്റിസ്റ്റിക്കൽ കണക്കുകളായി. വെബർ ചൂണ്ടിക്കാണിക്കുന്നതു പോലെ ബുക്ക് കീപിംഗ് ആന്റ് അക്കൗണ്ടൻസി പോലുള്ള വിഷയങ്ങൾ പോലും രൂപപ്പെട്ടു. ഇത് വികസനത്തിന്റെ കൃത്യമായ ലാഭക്കണക്കുകൾ ആധികാരിക ലഡ്ജർ ബുക്കുകളിൽ സംഭരിച്ചു. തികച്ചും പ്രയോജനവാദപരമായ ലാഭേഛയും പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തെയും, വിനാശകരമായ ഉപയോഗത്തെയും സ്ഥിതിവിവരണ കണക്കുകളായി, ജി.ഡി.പിയും പ്രതിശീർഷ വരുമാനുവുമൊക്കെയായി, ദേശപുരോഗമനത്തിന്റെ അളവുകോലാക്കി മാറ്റി.

പ്രകൃതി എന്നത് ശാസ്ത്രീയമായ മാനേജ്‌മെന്റിനും സാമ്പത്തിക ചൂഷണത്തിനും ലഭ്യമായ ഒരു ബാഹ്യവസ്തുവായി ക്രമേണ വീക്ഷിക്കപ്പെട്ടു. കോളനിവാഴ്ചാസാമ്രാജ്യങ്ങൾ ഈ വികസന ഭാവനകളുടെ പരീക്ഷണശാലകളായി പ്രവർത്തിച്ചു. വനങ്ങൾ തടിശേഖരങ്ങളായും നദികൾ ഗതാഗത ഇടനാഴികളായും, പർവതങ്ങൾ ധാതു നിക്ഷേപങ്ങളായും, കാർഷിക ഭൂപ്രകൃതികൾ വാണിജ്യ ഉൽപ്പാദന മേഖലകളായും മാറി.
ഭൗമബോധത്തിന്റെ ഉത്ഭവവും,
നവ പാരിസ്ഥിതിക ലോകവും
പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധം 1970- കൾക്കു ശേഷമുള്ള ഭൗമലോക ബോധാവസ്ഥയിൽ നിന്ന് ഉയർന്നുവന്ന വിമർശനാത്മപരമായ സാർവ്വദേശീയ ചോദ്യമാണ്. ഇത് പാരിസ്ഥിതിക തകർച്ചയുമായി നേരിട്ടു ബന്ധമുള്ള വിഷയമാണെങ്കിലും, പ്രശ്നത്തിന്റെ അടിത്തട്ടിൽ സാമൂഹിക നീതിനിഷേധത്തിന്റെ മനുഷ്യാവകാശ ചോദ്യം കൂടിയാണ് തെളിഞ്ഞു വരുന്നത്.
വികസന ജ്വരം ബാധിച്ച ഉൽപ്പാദന വിതരണ സംവിധാനങ്ങൾ പ്രകൃതിയെ കച്ചവടച്ചരക്കാക്കിയ അതേ യുക്തിയിൽ ഒരു വലിയ ഗണം മനുഷ്യക്കൂട്ടത്തെ വിഷവായു ശ്വസിക്കുന്നവരും, ആരോഗ്യം നശിച്ചവരും, ഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ടവരുമായി മാറ്റിയ ദുരന്തമുതലാളിത്വ (സ്വകാര്യ മൂലധന) വ്യവസ്ഥയുടെ അധികാര പ്രയോഗത്തിന്റെ മറ്റൊരു പ്രവിശ്യ കൂടിയാണ് പരിസ്ഥിതി - വികസന സംവാദങ്ങൾ. അത്, അക്കങ്ങൾ നിരത്തിയുള്ള ഭരണസംവിധാന കണക്കുകൾക്കുള്ളിൽ അറിയപ്പെടാതെ പോകുന്ന മനുഷ്യാവകാശ ധ്വംസനങ്ങളാണ്. പുരോഗതി എന്ന കൊളോണിയൽ രാഷ്ട്രീയ സാമ്പത്തിക അജണ്ടയുടെ, മറുപുറമായി മാറിയിരിക്കുകയാണ് വർത്തമാനകാലത്തെ വികസന പ്രവർത്തനങ്ങളും, നയങ്ങളും.

മാർക്സ് എഴുതിയതുപോലെ, നിഴലിനെ വിൽക്കുക അസാധ്യമാകയാൽ മരത്തെ തന്നെ വെട്ടി വിൽക്കുന്ന സ്വകാര മൂലധനവ്യവസ്ഥ, സമൂഹ മനസ്സിൽ മായ്ക്കാൻ പറ്റാത്ത മുദ്രണമാക്കി മാറ്റിയ ആശയമാണ് വികസനം. പോൾ വിരിലിയോ സൂചിപ്പിക്കുന്ന മാഞ്ഞുപോകലിന്റെ സൗന്ദര്യ സങ്കൽപ്പനത്തിനെ പാരിസ്ഥിതി കചരിത്രത്തിൽ പ്രയോഗിച്ചാൽ, വികസന മനസ് ഏവരെയും അടിമപ്പെടുത്തി പ്രകൃതിവിഭവങ്ങളുടെ നശീകരണത്തിൽ ഉയർന്നു വരുന്ന കാഴ്ചകളിൽ അഭിരമിക്കുന്ന മനുഷ്യരെയാണ് ലോകമെങ്ങും കാണുന്നത്. അതിന്റെ ദുരിതഭാരം ഇപ്പോഴും വഹിക്കേണ്ടവരായി മാറുന്നത് മൂന്നാം ലോക രാജ്യങ്ങളിലെ മഹാജനസഞ്ചയങ്ങൾ ആണെന്നതാണ് പുരോഗതിയുടെ പിൻഗാമിയായ വികസന ലോകത്ത് ദൃശ്യപ്പെടുന്നത്.
പുരോഗതി എന്ന ആശയത്തിന്റെ കൊളോണിയൽ ഗർഭാശയത്തിൽ തന്നെ ജീവൻ വച്ച ആശയമാണ് വികസനം. അതുകൊണ്ട്, പുരോഗതിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ സാധുകരിക്കുകയും, ദ്രുതവേഗതയിൽ സാധ്യമാക്കുകയും ചെയ്യുന്ന വ്യവസ്ഥയ്ക്കുള്ളിലെ പ്രേരക ശക്തിയാണ് വികസനം.
പാരിസ്ഥിതിക ചിന്താമണ്ഡലം
ലോകത്തിന്റെ ചിന്താമണ്ഡലത്തിൽ ഒരു കുടമാറ്റം (പാരഡൈം ഷിഫ്റ്റ്) നടന്ന 18-ാം നൂറ്റാണ്ട് മുതൽ, പുരോഗതി, ശാസ്ത്രീയ മുന്നേറ്റം, മാനവവിമോചനം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് ആധുനികതയുടെ മുഖ്യ പ്രമേയമായി വികസനം (അന്ന് പുരോഗതി) നിലകൊള്ളുകയാണ്. പുരോഗതി എന്ന ആശയത്തിന്റെ കൊളോണിയൽ ഗർഭാശയത്തിൽ തന്നെ ജീവൻ വച്ച ആശയമാണ് വികസനം. അതുകൊണ്ട്, പുരോഗതിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ സാധുകരിക്കുകയും, ദ്രുതവേഗതയിൽ സാധ്യമാക്കുകയും ചെയ്യുന്ന വ്യവസ്ഥയ്ക്കുള്ളിലെ പ്രേരക ശക്തിയാണ് വികസനം. അത് വന്ന വഴികളിലെ നാഴികക്കല്ലുകൾ സ്വകാര്യ മൂലധന ശക്തികളുടെ പ്രകടനങ്ങളാണ്. എന്നാൽ പരിസ്ഥിതിക ചരിത്രം ഈ പ്രമേയത്തിന്റെ കാതലായ ഒരു വൈരുദ്ധ്യത്തെ വെളിപ്പെടുത്തുന്നുണ്ട്. അഭൂതപൂർവ്വമായ സാമ്പത്തിക വളർച്ചയ്ക്കും സാങ്കേതിക പുരോഗതിക്കും കാരണമായ അതേ പ്രക്രിയകൾ തന്നെയാണ് ആഗോളതലത്തിൽ പാരിസ്ഥിതിക തകർച്ചയ്ക്കും കാരണമായത്. നരവംശപരമായ കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യനഷ്ടം, വനനശീകരണം, ജീവിവർഗ്ഗങ്ങളുടെ വംശനാശം, വൻതോതിലുള്ള പരിസ്ഥിതി വ്യതിയാനങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തപ്പെടുന്ന ആന്ത്രോപോസീനിൽ (Anthropocene/നരവംശയുഗം) കാണുന്ന മനുഷ്യൻ ഭൗമശക്തിയായി മാറിയിരിക്കുന്നു. ടെക്ടോണിക് ഷിഫ്റ്റ് പോലെ, കൊടുങ്കാറ്റു പോലെ ആയി രൂപാന്തരപ്പെട്ടിരിക്കുകയാണ് ആധുനിക ആന്തോപ്പോസീൻ മനുഷ്യൻ. വികസന ലോകത്തിലെ പുതിയ സ്പീഷീസായി മാറിയിരിക്കുകയാണ് നവ നരവംശ മനുഷ്യൻ.

പരിസ്ഥിതി / വികസന സംവാദങ്ങളെയും, ആശയ തർക്കങ്ങളെയും, ഇന്ത്യയുടെ പാരിസ്ഥിതികചരിത്രത്തിന്റെ ഭൂമികയിൽ വിശകലനം ചെയ്താൽ അദൃശ്യ ചരിത്രങ്ങളുടെ ദൃശ്യവൽക്കരണം സാധ്യമാകും. 1972- ലെ സ്റ്റോക്ക്ഹോം ഉച്ചകോടിയാണ്, ലോകത്താദ്യമായി പാരിസ്ഥിതിക തകർച്ചകളെയും, ആശങ്കകളെയും ആദ്യമായി പ്രശ്നവൽക്കരിക്കുന്നത്. ഇതിലെ ബ്രന്റ്ലാൻറ്റ് റിപ്പോർട്ടിലൂടെ, മുന്നോട്ടു വച്ച സുസ്ഥിര വികസനമെന്ന ആശയമാണ്, മേൽപറഞ്ഞ ഭൗമ ബോധത്തിന്റെ ആശയ ആവിഷ്ക്കാരം. അന്നത്തെ ആഗോള കാഴ്ചപ്പാടിൽ, വികസനം അനിവാര്യമായ ഒരു ലോക / രാജ്യ നിർമ്മാണ പ്രകിയയുടെ ചാലക ശക്തിയാണെന്ന തിരിച്ചറിവിലൂടെത്തന്നെയാണ് സുസ്ഥിര വികസനം എന്ന ആശയനിർമ്മാണം നടന്നത്. ഇതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ, നാളെയ്ക്കുള്ള പാരിസ്ഥിതിക കരുതിവെയ്ക്കൽ ഉണ്ടെങ്കിലും, ആശയനിർമ്മാണ പദത്തിൽ സുസ്ഥിര വികസനമാണ് മേൽകൈ നേടിയത്. വികസനം നടക്കുമ്പോൾ, പരിസ്ഥിതിയെക്കൂടി കണക്കിലെടുത്ത്, സുസ്ഥിരമായ ഒരു പാരിസ്ഥിതിക സ്ഥിതിവിശേഷത്തെക്കൂടി സംജാതമാക്കണമെന്നായിരുന്നു ഈ ആശയത്തെ പരുവപ്പെടുത്തിയവരുടെ മനസ്സിലുണ്ടായിരുന്നത്. പക്ഷേ, നടപ്പിലാക്കിയപ്പോൾ വികസന സാമ്രാജ്യത്തിലെ കുടികിടപ്പുകാരനായി മാറി പരിസ്ഥിതി.

എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിനുത്തരം കാണുന്നതിൽ ആഗോള പാരിസ്ഥിതിക സംവിധാനങ്ങളും / വികസന ഭരണകൂടങ്ങളും പരാജയപ്പെട്ടു എന്നു പറയേണ്ടി വരുന്നത്, അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 2026 ൽ 430 പി.പി.എമ്മിനടുത്തെത്തി എന്ന് വിശദമായ കാലാവസ്ഥ കണക്കുകൾ സാക്ഷ്യപ്പെടുത്തുമ്പോഴാണ്. 450 പി.പി.എം കഴിഞ്ഞാൽ ഭൂമിയിൽ മനുഷ്യവാസം സാധ്യമാകുമോ എന്ന ചോദ്യം കൂടി പാരിസ്ഥിതിക / കാലാവസ്ഥാ ശാസ്ത്രജ്ഞന്മാർ ചോദിക്കുന്നുണ്ട്.
ബെക്കിന്റെ അപകട സമൂഹം
ഈ നിരീക്ഷണങ്ങളോട് പ്രതികരിക്കുമ്പോൾ, മനസ്സിൽ തെളിഞ്ഞുവരുന്നത് അപകട സമൂഹമെന്ന ആശയം മുന്നോട്ടു വച്ച ജർമ്മൻ സാമൂഹ്യ ശാസ്ത്രജ്ഞൻ ഉൾറിച്ച് ബെക്കാണ്. ബെക്കിന്റെ പഠനത്തിൽ പറയുന്നത്, അപകടങ്ങളുണ്ടാകുമെന്ന് ഉറപ്പാണെങ്കിലും കൂടുതൽ വികസന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന സമൂഹമാണ് നമ്മുടേതെന്നാണ്. ഒരേസമയം, ഏറ്റവും കൃത്യമായ ശാസ്ത്രീയ പാരിസ്ഥിതിക ബോധ്യങ്ങളുണ്ടെങ്കിലും, വർത്തമാന സമൂഹത്തിന് ഏറ്റവും പ്രിയങ്കരമായത് വികസനം തന്നെയാണ്. പുഴകളില്ലാതായാലും, മാളിലെ കൃത്രിമ വെള്ളച്ചാട്ടത്തിൽ അഭിരമിക്കുന്നവരായി മാറിയിരിക്കുന്നു വികസന സമൂഹം. ഇതു തന്നെയാണ് മേൽ സൂചിപ്പിച്ച വിരീലിയൻ മാഞ്ഞുപോകലിന്റെ സൗന്ദര്യശാസ്ത്രം. എൻ.എസ്. മാധവൻ പണ്ടെഴുതിയ ഒരു കാര്യം ഓർമ്മയിൽ വരുന്നത് ഈ വിരീലിയൻ ആശയത്തെ ബലപ്പെടുത്തുന്നുണ്ട്:
ആലുവ ശിവക്ഷേത്രത്തിനടുത്ത്, പെരിയാറിൽ പിതൃദർപ്പണത്തിനു വന്ന ആളോട് പിണ്ഡം പുഴയിലേക്കെറിയാൻ പൂജാരി നിർദ്ദേശിച്ചു. അയാൾ നോക്കയപ്പോൾ പുഴ കാണുന്നില്ല. പൂജാരിയുടെ നിർദ്ദേശം വീണ്ടും, പുഴയാണെന്ന് സങ്കൽപ്പിച്ച് എറിഞ്ഞോളൂ എന്നായിരുന്നു. വെള്ളമില്ലാത്ത പുഴയായിരുന്നു അപ്പോൾ പെരിയാർ. ഈ സന്നിഗ്ധാവസ്ഥയിലാണ് ഇന്ന് മനുഷ്യർ. ഈ മാഞ്ഞുപോകലിന്റെ വസ്തുനിഷ്ഠമായ ആവിഷ്ക്കാരം കേരളീയം ചാനലിന്റെ ‘കാണാതായ പുഴ’ എന്ന ഡോക്യുമെന്ററിയിൽ അവതരിപ്പിക്കുന്നുണ്ട്. ജലവും ഒഴുക്കും മണലും ആരോഗ്യവും നഷ്ടപ്പെട്ട കേരളത്തിന്റെ ഏറ്റവും വീതികൂടിയ നിളാനദിയുടെ (ഭാരതപ്പുഴ) ഇന്നത്തെ അവസ്ഥ, വികസന / പാരിസ്ഥിതിക സംവാദങ്ങളിലെ എരിയുന്ന കനലായി മാറിയിരിക്കുന്നു. പുഴ തന്നെ കാണാതായിരിക്കുന്നു. പുഴയെ കണ്ടുമുട്ടണമെങ്കിൽ മത്സരപരീക്ഷ എഴുതേണ്ടിവരുന്ന അവസ്ഥ. കാരണം, അതിലെ ഒറ്റവാക്കിലെഴുതാൻ പറ്റിയ ചോദ്യമായി മാറിയിരിക്കുന്നു കേരളത്തിന്റെ ഏറ്റവും വീതി കൂടിയ നദി.

പുരോഗതിക്കുള്ളിലെ സാമൂഹിക പുറന്തള്ളൽ: കൊളോണിയൽ മാതൃക
ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയലിസം ഈ പ്രക്രിയയെ ചരിത്രപരമായി വ്യക്തമാക്കുന്നുണ്ട്. ശാസ്ത്രീയ വനപരിപാലനം, റെയിൽവേ വികസനം, തോട്ടവിള കൃഷി, ജലസേചനപദ്ധതികൾ എന്നിവ സാമ്രാജ്യത്വ സമ്പത്ത് സമാഹരണത്തിന്റെ ആവശ്യകതകൾക്കനുസരിച്ച് പാരിസ്ഥിതിക വ്യവസ്ഥകളെ മാറ്റിമറിച്ചു. ഉദാഹരണത്തിന് ഇന്ത്യയിലെ ആദ്യത്തെ വനസംരക്ഷണനിയമം പാസാക്കുന്നത് 1865 ലാണ്. ചരിത്രരേഖകൾ പരിശോധിച്ചാൽ ഇതിനുപിന്നിൽ കാണാൻ കഴിയുന്നത് പാരിസ്ഥിതിക ചരിത്രത്തിലെ വലിയ ശാസ്ത്രീയ തട്ടിപ്പിന്റെ കൊളോണിയൽ രീതികളാണ്. ആദിവാസികളുടെ മാറ്റകൃഷിരീതിയാണ് ഇന്ത്യയിലെ വനനശീകരണത്തിന് ഏറ്റവും വലിയ ഘടകമെന്ന് വാദിച്ച്, അവരെ കുറ്റവാളികളാക്കി മാറ്റി, വനത്തിൽ നിന്നും പുറത്താക്കുന്ന പരിപാടിയാണ് കൊളോണിയൽ ഭരണകൂടം ആവിഷ്ക്കരിച്ചത്. ക്രിമിനൽ ട്രൈബ്സ് എന്ന നിയമം പോലും ഇതിനെ സാധൂകരിക്കാൻ അവർ പ്രാവർത്തികമാക്കി. പുരോഗതി എന്ന ഭരണ ലക്ഷ്യം കൈവരിക്കണമെങ്കിൽ ആദിവാസികളെ കാട്ടിൽ നിന്നും പുറത്താക്കി അവരെ പാർശ്വവൽക്കരിക്കുന്ന രീതിയാണ് ശാസ്ത്രീയ വനപരിപാലനമെന്ന ഭരണ പരിഷ്ക്കാരത്തിലൂടെ നടപ്പാക്കിയത്. എങ്ങനെയാണ് ശാസ്ത്രീയ യുക്തിയെ ഈ സാമൂഹികപുറന്തള്ളലിന് ചരിത്രപരമായി ഒരു കൊളോണിയൽ ഭരണകൂടം ഉപയോഗിച്ചതെന്നിന് ഇത്രയും സാധൂകരണം നൽകുന്ന മറ്റൊരു ചരിത്ര സന്ദർഭം ഇന്ത്യാ ചരിത്രത്തിൽ കാണുവാൻ കഴിയില്ല.

ഈ പുറന്തള്ളലിനെ വനചരിത്രത്തിന്റെ (പിന്നീട് പാരിസ്ഥിതിക ചരിത്രം) ഭരണയുക്തിയിൽ ചരിത്രവൽക്കരിക്കുവാൻ കൊളോണിയൽ ഇന്ത്യയിലെ വനംവകുപ്പിന്റെ തലവന്മാർ ശ്രമിച്ചിട്ടുണ്ട്, ആദ്യത്തെ ഇന്ത്യൻ ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ് ഫോറസ്റ്റ് ആയിരുന്ന ഡിട്രിച്ച് ബ്രാൻഡിസിന്റെ നിലപാടൊഴിച്ച്. ബ്രാൻഡിസ് കൊളോണിയൽ ഇന്ത്യയിലെ ആദിവാസികൾക്കും, പാവപ്പെട്ട കർഷകർക്കും വനത്തിൽ അവകാശങ്ങളുണ്ടെന്ന് വാദിച്ചിരുന്നു. തുടർന്നുവന്ന വന ഭരണത്തലവന്മാരായിരുന്ന ബെർത് ഹോൾഡ് റിബെൻട്രോപ്പും, സ്റ്റെബ്ബിങ്ങുമൊക്കെ ശാസ്ത്രീയ വനപരിപാലന ഭരണ യുക്തിയെ ന്യായീകരിക്കുകയും, കൊളോണിയൽ പൂർവ്വ കാലത്ത് നടന്ന വനവിഭവചൂഷണത്തിനും, നാഷനഷ്ടങ്ങൾക്കും പ്രതിസ്ഥാനത്ത് നിർത്തിയത് ആദിവാസികളെയും, ഇന്ത്യയിലേക്ക് വന്ന മുസ്‍ലിം ഭരണാധികാരികളെയുമായിരുന്നു. മുസ്‍ലിം ഭരണകാലത്ത് ഇന്ത്യയിലെ വനങ്ങൾക്ക് മൊത്തത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായെന്ന ( wholesale destruction) വാദം മുന്നോട്ടു വച്ച്, പിന്നീട് വന്ന ഇന്ത്യാചരിത്ര വർഗ്ഗീയവൽക്കരണത്തിന് ഒരു പാരിസ്ഥിതിക പരിവേഷം കൂടി നൽകുകയും ചെയ്തു. പുരോഗതി എന്ന അജണ്ടയ്ക്ക് വിഘ്നം നിൽക്കുന്നവരായി ദലിതരെയും മുസ്ലീങ്ങളെയും കുറ്റവാളികളാക്കുന്ന ഭരണയുക്തി തികച്ചും അപകടകരമായ ശാസ്ത്രീയ ഭരണപരിഷ്ക്കാരത്തിന്റ ഫലമായി മാറി. കൊളോണിയൽ ഭരണാധികാരികൾ ഈ ഇടപെടലുകളെ ശാസ്ത്രീയ വനപരിപാലനം, നാഗരികതയുടെ വളർച്ച, പുരോഗതി എന്നീ ഭരണ ന്യായീകരണത്തിലൂടെയും, പരിഷ്ക്കാരങ്ങളിലൂടെയും ന്യായീകരിച്ചു. എന്നാൽ രാമചന്ദ്ര ഗുഹ, മാധവ് ഗാഡ്ഗിൽ, ശിവരാമകൃഷ്ണൻ, ഡേവിഡ് ആർനോൾഡ് തുടങ്ങിയ പരിസ്ഥിതി ചരിത്രകാരന്മാർ ഈ പദ്ധതികൾ പലപ്പോഴും പാരിസ്ഥിതിക സങ്കീർണ്ണതകളെ ഇല്ലാതാക്കുന്നതിനും സാമൂഹിക പലായനങ്ങൾക്കും പരിസ്ഥിതിതകർച്ചയ്ക്കും കാരണമായതായി പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.
നെഹ്റൂവിയൻ വികസന രാഷ്ട്രീയം പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയെ സാമ്പത്തികമായി കരകയറ്റുക എന്ന സാമ്പത്തിക രാഷ്ട്രീയത്തിൽ അധിഷ്ഠിതമായിരുന്നെങ്കിലും, സ്വകാര്യ മൂലധന ശക്തികളുടെ ശക്തമായ വരവിനെ പ്രചോദിപ്പിച്ചു.
വികസന ദേശീയത
കൊളോണിയൽ അനന്തര കാലഘട്ടം ഈ അനുമാനങ്ങളിൽ പലതും പാരമ്പര്യമായി സ്വീകരിച്ചു. പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ കൊളോണിയൽ ആശ്രിതത്വത്തിൽ നിന്ന് മോചനം നേടാനുള്ള ഒരു മാർഗ്ഗമായി വികസനത്തെ കണ്ടു. ഇന്ത്യയിൽ, ജവഹർലാൽ നെഹ്റു വികസന ആധുനികതയുടെ മുഖ്യ ശില്പിയായി മാറി. നെഹ്റൂവിയൻ ഇന്ത്യയിൽ വൻകിട അണക്കെട്ടുകൾ, ഉരുക്ക് വ്യവസായശാലകൾ, ശാസ്ത്രസ്ഥാപനങ്ങൾ, വ്യവസായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരു പരമാധികാര രാഷ്ട്രത്തിന്റെ അഭിലാഷങ്ങളെ പ്രതീകവൽക്കരിച്ചു. അണക്കെട്ടുകൾ "ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ" ആയി മാറി, ഇത് ശാസ്ത്രീയ ആസൂത്രണത്തിലും സാങ്കേതിക പരിവർത്തനത്തിലുമുള്ള വിശ്വാസത്തെയാണ് പ്രതിഫലിപ്പിച്ചത്.
ഈ നെഹ്റൂവിയൻ വികസന രാഷ്ട്രീയം പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയെ സാമ്പത്തികമായി കരകയറ്റുക എന്ന സാമ്പത്തിക രാഷ്ട്രീയത്തിൽ അധിഷ്ഠിതമായിരുന്നെങ്കിലും, സ്വകാര്യ മൂലധന ശക്തികളുടെ ശക്തമായ വരവിനെ പ്രചോദിപ്പിച്ചു. അണക്കെട്ടുകൾ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളെ ആവാസവ്യവസ്ഥയിൽനിന്ന് കുടിയിറക്കിയ ചരിത്രം ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടിയിരിക്കുന്നു. അത് നെഹ്റുവിന്റെ കാഴ്ചപ്പാടിലെ പരിമിതിയല്ല, മറിച്ച് ആഗോള ക്യാപിറ്റലിസത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയിലേക്ക് ഇന്ത്യയെ കോർത്തിണക്കിയ സാമ്പത്തിക സംവിധാനത്തിന്റെ ബലമായിരുന്നു.
നെഹ്റു / ഗാന്ധി സംവാദം
നെഹ്റുവിയൻ മാതൃക വ്യവസായശേഷിയും ദേശീയ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചെടുത്തു എന്നതിൽ തർക്കമില്ല. എന്നിരുന്നാലും പരിസ്ഥിതി ചരിത്രകാരർ അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെയും എടുത്തുകാണിച്ചിട്ടുണ്ട്. വൻതോതിലുള്ള കുടിയൊഴിപ്പിക്കലുകൾ, വനനശീകരണം, നദികളുടെ തടസ്സപ്പെടുത്തലുകൾ, ജൈവവൈവിധ്യനഷ്ടം എന്നിവ ഈ ഉപഭൂഖണ്ഡത്തിലെ വികസന പദ്ധതികൾക്കൊപ്പം സംഭവിച്ചു. ദേശീയ പുരോഗതിക്കായി യുക്തിസഹമായി കൈകാര്യം ചെയ്യപ്പെടേണ്ട ഒരു വിഭവസ്രോതസ്സായിട്ടാണ് പ്രകൃതിയെ കൂടുതലായി വീക്ഷിച്ചത്.

ഈ വികസന ദേശീയമാതൃകയെ ദേശീയ സമരകാലത്തുതന്നെ ഗാന്ധി എതിർത്തിരുന്നു. വ്യവസായവൽക്കരിക്കുക അല്ലെങ്കിൽ നശിക്കുക എന്ന നെഹ്റൂവിയൻ മുദ്രവാക്യത്തെ, വ്യവസായവൽക്കരിക്കുക, നശിക്കുക എന്ന എതിർ വാക്യത്തിലൂടെ ഗാന്‌ധിശിഷ്യനായ കുമാരപ്പ എതിർക്കുന്നത്, ഗാന്ധി / നെഹ്റു സംവാദത്തിലെ നാഴികക്കല്ലാണ്.
ആഗോളതലത്തിൽ പരിസ്ഥിതിവാദം ഒരു പ്രസ്ഥാനമായി ഉയർന്നുവരുന്നതിന് എത്രയോ മുമ്പു തന്നെ, വ്യവസായ സംസ്കാരത്തിനെതിരെ ഏറ്റവും ആഴമേറിയ വിമർശനം ഗാന്ധി ഉയർത്തിയിരുന്നു. 'ഹിന്ദ് സ്വരാജ്' (1909) എന്ന പുസ്തകത്തിലൂടെ അദ്ദേഹം ആധുനികതയുടെ അനുമാനങ്ങളെത്തന്നെ ആത്യന്തികമായി ചോദ്യം ചെയ്തു. അനന്തമായ ഭൗതിക സമാഹരണം, വർദ്ധിച്ചുവരുന്ന ഉപഭോഗം, സാങ്കേതിക വികാസം എന്നിവ ഒരു സംസ്കാരത്തിന്റെ പ്രതിസന്ധിയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഗാന്ധി വാദിച്ചു. ചില ഗവേഷകർ ഗാന്ധിയുടെ അക്രമരാഹിത്യ സത്യഗ്രഹത്തെ, പാരിസ്ഥിതികമായി ബന്ധിപ്പിക്കുന്ന ആശയമാക്കുന്നുണ്ട്. വലിയ ഭവനങ്ങളും, ഓഫീസ് സമുച്ചയങ്ങളുമെല്ലാം, ഈ ചട്ടക്കൂട്ടിൽ നോക്കിയാൽ സാമൂഹിക അക്രമമായി കാണുവാൻ സാധിക്കും.
ബ്രിട്ടന് അതിന്റെ വ്യവസായ ജീവിതരീതി നിലനിർത്താൻ വൻതോതിലുള്ള ആഗോള വിഭവങ്ങൾ ആവശ്യമാണെന്ന ഗാന്ധിയുടെ പ്രശസ്തമായ നിരീക്ഷണം, പാരിസ്ഥിതിക കാൽപ്പാടുകളെയും, ഗ്രഹത്തിന്റെ അതിരുകളെയും കുറിച്ചുള്ള സമകാലിക ചർച്ചകളെ മുൻകൂട്ടി കണ്ടതായിരുന്നു. വ്യവസായ വികസനവാദത്തിന് ബദലായി വികേന്ദ്രീകരണം, സ്വയംപര്യാപ്തത, ആത്മനിയന്ത്രണം, പ്രകൃതിയോടുള്ള ധാർമ്മിക ബന്ധം എന്നിവ ഗാന്ധി നിർദ്ദേശിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിന്റെയും പാരിസ്ഥിതിക അതിരുകടക്കലിന്റെയും (ecological overshoot) യുഗത്തിൽ ഗാന്ധിയുടെ വിമർശനം തികച്ചും ഭാവിയിലേക്കുള്ള പാരിസ്ഥിതികചിന്ത തന്നെയായിരുന്നു. ഗാന്ധിയൻ ആത്മനിയന്ത്രണവും നെഹ്റുവിയൻ വികസനവാദവും തമ്മിലുള്ള സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിലെ (Global South) പാരിസ്ഥിതിക ചർച്ചകളെ ഇന്നും സ്വാധീനിക്കുന്നുണ്ട്. ഈ വൈരുദ്ധ്യം കേവലം പ്രത്യയശാസ്ത്രപരമല്ല, മറിച്ച് പാരിസ്ഥിതികമാണെന്ന് പരിസ്ഥിതി ചരിത്രം കാണിക്കുന്നു. പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ചുള്ള തികച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളാണ് ഇതിന് ആധാരം.
ആഗോളതലത്തിൽ പരിസ്ഥിതിവാദം ഒരു പ്രസ്ഥാനമായി ഉയർന്നുവരുന്നതിന് എത്രയോ മുമ്പു തന്നെ, വ്യവസായ സംസ്കാരത്തിനെതിരെ ഏറ്റവും ആഴമേറിയ വിമർശനം ഗാന്ധി ഉയർത്തിയിരുന്നു.
സ്വാതന്ത്ര്യത്തെ പണയം വയ്ക്കുന്ന വികസനം:
അമർത്യാസെന്നിന്റെ ചിന്തകൾ
വികസനത്തെക്കുറിച്ചുള്ള ഈ ചരിത്രസംവാദത്തിനുള്ളിൽ അമർത്യാ സെന്നിന്റെ Development as Freedom മറ്റൊരു വാതിൽ തുറക്കുന്നുണ്ട്. GDP ഉയരുന്നതോ പ്രതിശീർഷ വരുമാനം വർധിക്കുന്നതോ മാത്രം മനുഷ്യന്റെ ജീവിതം മെച്ചപ്പെട്ടുവെന്നതിന് തെളിവാകുന്നില്ല. മനുഷ്യന് എന്തു ചെയ്യാൻ കഴിയുന്നു, എങ്ങനെ ജീവിക്കാൻ കഴിയുന്നു, എന്തെല്ലാം സ്വാതന്ത്ര്യങ്ങൾ അനുഭവിക്കാൻ കഴിയുന്നു എന്നിടത്താണ് വികസനത്തിന്റെ യഥാർത്ഥ അളവുകോൽ തേടേണ്ടതെന്ന സെന്നിന്റെ വാദം വളർച്ചയുടെ സാമ്പത്തികഭാഷയെ മനുഷ്യജീവിതത്തിന്റെ ഭാഷയിലേക്ക് മാറ്റിയെഴുതുന്നു.

എന്നാൽ പാരിസ്ഥിതിക ചരിത്രം ഇവിടെ മറ്റൊരു ചോദ്യം ഉന്നയിക്കുന്നു: ആ സ്വാതന്ത്ര്യം സാധ്യമാകുന്ന ഭൂമി തന്നെ വാസയോഗ്യമല്ലാതായാലോ? ശുദ്ധവായുവും വെള്ളവും മണ്ണും കാടും നഷ്ടപ്പെടുന്ന ഒരു സമൂഹത്തിൽ വരുമാനം വർധിക്കുന്നതിനെ മാത്രം സ്വാതന്ത്ര്യത്തിന്റെ വികാസമെന്നു വിളിക്കാമോ? പരിമിതമായ ഒരു ഗ്രഹത്തിൽ മനുഷ്യന്റെ കഴിവുകളുടെ വികാസത്തിനും പാരിസ്ഥിതിക അതിരുകളുണ്ട്. അതുകൊണ്ടുതന്നെ സെന്നിന്റെ സ്വാതന്ത്ര്യസങ്കല്പവും പാരിസ്ഥിതിക നീതിയും തമ്മിലുള്ള സംഭാഷണം ആന്ത്രോപോസീനിൽ ഒഴിവാക്കാനാവാത്ത ഒന്നായി മാറുന്നു.
സുസ്ഥിരവികസന പ്രതിസന്ധി
‘സുസ്ഥിര വികസനം’ എന്ന പ്രയോഗത്തിനുള്ളിൽ തന്നെ ഒരു കൗതുകകരമായ വൈരുദ്ധ്യം ഒളിഞ്ഞിരിക്കുന്നു. എന്താണ് ഇവിടെ സുസ്ഥിരമായി നിലനിർത്തേണ്ടത്- പ്രകൃതിയെയോ വികസനത്തെയോ? പദക്രമത്തിൽ പോലും വികസനമാണ് കേന്ദ്രത്തിൽ; സുസ്ഥിരത അതിനെ വിശേഷിപ്പിച്ചു നിൽക്കുന്നു. അതുകൊണ്ടാണ് പാരിസ്ഥിതിക ചരിത്രത്തിന്റെ ഭൂമികയിൽനിന്ന് ഈ ആശയത്തെ വീണ്ടും വായിക്കേണ്ടിവരുന്നത്. കൊളോണിയൽ കാലത്തെ ‘പുരോഗതി’ വനത്തെ തടിയായും നദിയെ ഗതാഗതപാതയായും പർവതത്തെ ധാതുശേഖരമായും കണ്ടു. സ്വാതന്ത്ര്യാനന്തര വികസന ഭരണകൂടം ഭാഷ മാറ്റിയെങ്കിലും പ്രകൃതിയെ വിഭവമായി കാണുന്ന ആ അടിസ്ഥാന യുക്തി പൂർണ്ണമായി ഉപേക്ഷിച്ചില്ല. പിന്നീട് ‘സുസ്ഥിരത’ കൂടി വികസനത്തിന്റെ നിഘണ്ടുവിലെത്തി. എന്നാൽ വികസന മനസ്സിന്റെ വേഗം കുറയ്ക്കാൻ അതിനു കഴിഞ്ഞോ എന്നതാണ് ചരിത്രം ചോദിക്കുന്ന ചോദ്യം.
‘സുസ്ഥിര വികസനം’ എന്ന പ്രയോഗത്തിനുള്ളിൽ തന്നെ ഒരു കൗതുകകരമായ വൈരുദ്ധ്യം ഒളിഞ്ഞിരിക്കുന്നു. എന്താണ് ഇവിടെ സുസ്ഥിരമായി നിലനിർത്തേണ്ടത്- പ്രകൃതിയെയോ വികസനത്തെയോ?
ഇവിടെയാണ് ആന്ത്രോപോസീൻ നമ്മെ അസ്വസ്ഥരാക്കുന്നത്. സുസ്ഥിരവികസനം ആഗോള ഭരണഭാഷയിലെ ഏറ്റവും സ്വീകാര്യമായ പദങ്ങളിലൊന്നായി മാറിയ കാലത്തുതന്നെയാണ് കാർബൺ പുറന്തള്ളലും ജൈവവൈവിധ്യനഷ്ടവും വിഭവചൂഷണവും അസാധാരണമായ തോതിൽ വർധിച്ചത്. ‘മഹാത്വരണം’ (Great Acceleration) വികസനത്തിന്റെ മാത്രമല്ല, പ്രകൃതിനാശത്തിന്റെ കൂടി ത്വരണമായിരുന്നു. അതിനാൽ സുസ്ഥിര വികസനം വികസനവാദത്തിൽ നിന്നുള്ള ഒരു വഴിമാറ്റമാണോ, അതോ പഴയ വികസനമനസ്സിന് പച്ചനിറം നൽകിയ പുതിയ ഭാഷയാണോ എന്ന ചോദ്യം പ്രസക്തമാകുന്നു. പരിസ്ഥിതി വികസനത്തിന്റെ കൂടെ കൊണ്ടുനടക്കേണ്ട ഒരു അനുബന്ധ വിഷയമല്ല; വികസനം നടക്കേണ്ട അതിരുകൾ നിർണ്ണയിക്കുന്ന ഭൗമയാഥാർഥ്യമാണ്.
ആന്ത്രോപോസീനിലെ അപകട സമൂഹം
ആന്ത്രോപോസീൻ എന്നത് അടിസ്ഥാനപരമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു റിസ്ക് സൊസൈറ്റിയാണെന്ന് പരിസ്ഥിതി ചരിത്രം തെളിയിക്കുന്നു. കാലാവസ്ഥാവ്യതിയാനം, ജീവിവർഗ്ഗങ്ങളുടെ വംശനാശം, ആവാസവ്യവസ്ഥയുടെ തകർച്ച എന്നിവ നൂറ്റാണ്ടുകളായുള്ള വികസന ഇടപെടലുകളുടെ സഞ്ചിത ഫലങ്ങളാണ് (cumulative outcomes). സുസ്ഥിര വികസനം പലപ്പോഴും ഈ അപകടങ്ങളെ സൃഷ്ടിക്കുന്ന ഘടനകളെ ചോദ്യം ചെയ്യാതെ അവയെ നിയന്ത്രിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.
പോൾ വിരിലിയോയുടെ 'ഡ്രോമോളജി' (dromology) സിദ്ധാന്തം ഇതിലേക്ക് മറ്റൊരു നിർണ്ണായക തലം കൂടി കൂട്ടിച്ചേർക്കുന്നു. വിരിലിയോയെ സംബന്ധിച്ച് ആധുനികതയുടെ പ്രധാന സവിശേഷത വേഗത / ത്വരണമാണ്. സാങ്കേതിക വിദ്യകൾ ഗതാഗതം, ആശയവിനിമയം, വിഭവ ചൂഷണം, ഉൽപ്പാദനം എന്നിവയുടെ വേഗത നിരന്തരം വർദ്ധിപ്പിക്കുന്നു. വേഗതയിലുണ്ടാകുന്ന ഓരോ വർദ്ധനവും സാധ്യമായ അപകടങ്ങളുടെ വ്യാപ്തിയും വർദ്ധിപ്പിക്കുന്നു. കപ്പൽ നിർമ്മിച്ചതുകൊണ്ട് കപ്പൽ തകർച്ചയുണ്ടാകുന്നു എന്ന വിരീലിയൻ വാദം, സാങ്കേതികതയുടെ വളർച്ചയ്ക്കൊപ്പം സുനിശ്ചിത അപകടങ്ങൾ നിലയുറപ്പിക്കുന്നു എന്നതിന്റെ ലളിതമായ വാഖ്യാനമാണ്.

അതിനാൽ പാരിസ്ഥിതിക ചരിത്രത്തെ ത്വരിതഗതിയിലുള്ള പാരിസ്ഥിതിക മാറ്റത്തിന്റെ ചരിത്രമായി വ്യാഖ്യാനിക്കാം. നൂറ്റാണ്ടുകൾ കൊണ്ട് അപ്രത്യക്ഷമായിരുന്ന വനങ്ങൾ ഇപ്പോൾ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കാൻ കഴിയും. യാന്ത്രിക ക്വാറിയിംഗിലൂടെ പർവതങ്ങൾ / കുന്നുകൾ ഇല്ലാതാക്കപ്പെടുന്നു. അഭൂതപൂർവ്വമായ തോതിലുള്ള എഞ്ചിനീയറിംഗ് പദ്ധതികളിലൂടെ നദികൾ വഴിതിരിച്ചുവിടപ്പെടുന്നു. നദി ഇല്ലാതാകുന്നു, വംശനാശം സംഭവിക്കുന്ന ജീവജാലങ്ങളെപ്പോലെ. കാലാവസ്ഥാ വ്യതിയാനത്തെത്തന്നെ ഫോസിൽ ഇന്ധന ഉപഭോഗത്തിന്റെ ത്വരിതഗതിയിലുള്ള വർദ്ധനവിന്റെ പാരിസ്ഥിതിക ഫലമായി മനസ്സിലാക്കാം. പാരിസ്ഥിതിക നാശം വികസനത്തിന്റെ ഒരു ഫലം മാത്രമല്ല, മറിച്ച് വികസനത്തിന്റെ നിരന്തരമായ ത്വരണത്തിന്റെ കൂടെ ഫലമാണെന്ന് വിരിലിയോയുടെ ഉൾക്കാഴ്ച (അദ്ദേഹം പാരിസ്ഥിതിക പ്രശ്നവൽക്കരണമല്ല നടത്തിയെങ്കിലും) വ്യക്തമാക്കുന്നു.
‘വികസിതം’, ‘വികസ്വരം’ എന്നീ വാക്കുകളെ ചരിത്രപരമായി അഴിച്ചുനോക്കുമ്പോൾ അവ അത്ര നിഷ്കളങ്കമായ പദങ്ങളല്ല. വികസിത രാജ്യങ്ങൾ മുന്നിലെത്തുകയും മറ്റുള്ളവർ യാത്രയിൽ പിന്നിലാവുകയും ചെയ്തുവെന്ന ലളിതമായ കഥയെയാണ് ആശ്രിതത്വ സിദ്ധാന്തം ആദ്യം സംശയിച്ചത്.
ആശ്രിതത്വ സിദ്ധാന്തത്തിന്റെ
പാരിസ്ഥിതിക മാനങ്ങൾ
‘വികസിതം’, ‘വികസ്വരം’ എന്നീ വാക്കുകളെ ചരിത്രപരമായി അഴിച്ചുനോക്കുമ്പോൾ അവ അത്ര നിഷ്കളങ്കമായ പദങ്ങളല്ല. വികസിത രാജ്യങ്ങൾ മുന്നിലെത്തുകയും മറ്റുള്ളവർ യാത്രയിൽ പിന്നിലാവുകയും ചെയ്തുവെന്ന ലളിതമായ കഥയെയാണ് ആശ്രിതത്വ സിദ്ധാന്തം ആദ്യം സംശയിച്ചത്. ആന്ദ്രെ ഗുന്ദർ ഫ്രാങ്കിന്റെ development of underdevelopment എന്ന ആശയത്തിന്റെ പ്രസക്തി ഇവിടെയാണ്. വികസ്വരത വികസനത്തിലേക്കുള്ള യാത്രയിലെ ഒരു പിന്നാക്കഘട്ടം മാത്രമല്ല; ലോക മുതലാളിത്തത്തിന്റെ ചരിത്രത്തിനുള്ളിൽ തന്നെ നിർമ്മിക്കപ്പെട്ട അവസ്ഥയാണത്. സമീർ അമീൻ ചൂണ്ടിക്കാട്ടിയ അസമമായ കൈമാറ്റം ഈ ബന്ധത്തെ കൂടുതൽ തെളിച്ചത്തോടെ കാണിക്കുന്നു. കേന്ദ്രത്തിലേക്കു സമ്പത്ത് ഒഴുകുമ്പോൾ അതിന്റെ വില മറ്റൊരിടം നൽകുന്നു.
പാരിസ്ഥിതിക ചരിത്രത്തിൽ ആ ‘വില’ പലപ്പോഴും മണ്ണും വെള്ളവും കാടും മനുഷ്യരുടെ ആവാസവ്യവസ്ഥയുമാണ്. വിഭവങ്ങൾ പുറത്തേക്കു പോകുന്നു; മാലിന്യവും മലിനീകരണവും പാരിസ്ഥിതിക മുറിവുകളും അവിടെത്തന്നെ അവശേഷിക്കുന്നു. ഇന്ത്യയിലെ വനവും കരീബിയയിലെ തോട്ടവും ആഫ്രിക്കയിലെ ധാതുഭൂമിയും തെക്കുകിഴക്കൻ ഏഷ്യയിലെ റബ്ബർ എസ്റ്റേറ്റും വ്യത്യസ്ത ഭൂമിശാസ്ത്രങ്ങളിലാണെങ്കിലും അവയെ ബന്ധിപ്പിച്ചിരുന്നത് മൂലധനത്തിന്റെയും സാമ്രാജ്യത്തിന്റെയും സഞ്ചാരപാതകളായിരുന്നു. ആൽഫ്രഡ് ക്രോസ്ബിയുടെ പാരിസ്ഥിതിക സാമ്രാജ്യത്വവും ഇമ്മാനുവൽ വാലെർസ്റ്റൈന്റെ ലോകവ്യവസ്ഥയും ചേർത്തുവായിക്കുമ്പോൾ കേന്ദ്രത്തിന്റെ സമൃദ്ധിയും പരിധിയുടെ പാരിസ്ഥിതിക പരിവർത്തനവും ഒരേ ചരിത്രത്തിന്റെ രണ്ടു ദൃശ്യങ്ങളായി മാറുന്നു. അപ്പോൾ ‘വികസ്വരത’ വികസനത്തിന്റെ അഭാവമല്ല; ചിലപ്പോൾ മറ്റൊരിടത്തെ വികസനത്തിന്റെ ചരിത്രപരമായ വില തന്നെയാണ്.

ദുരന്ത മുതലാളിത്തം:
ദുരന്തത്തിനും ഒരു കമ്പോളമുണ്ട്
പ്രളയത്തിനുശേഷം വെള്ളം ഇറങ്ങും; പക്ഷേ കമ്പോളം പിന്മാറണമെന്നില്ല. നാവോമി ക്ലീന്റെ ‘disaster capitalism’ എന്ന ആശയം പ്രസക്തമാകുന്നത് ഈ വൈരുദ്ധ്യത്തിലാണ്. ദുരന്തം മനുഷ്യർക്കു നഷ്ടമാണെങ്കിലും മൂലധനത്തിന് അത് പുതിയ അവസരങ്ങളുടെ വാതിൽ തുറന്നേക്കാം. ദുരന്താവശിഷ്ടങ്ങളിൽ നിന്നുപോലും പുതിയ കമ്പോളങ്ങൾ ഉയർന്നുവരാം. അതിനാൽ മുതലാളിത്തവും പാരിസ്ഥിതിക ദുരന്തവും എല്ലായ്പ്പോഴും പരസ്പരവിരുദ്ധ ശക്തികളാണെന്നു കരുതാനാവില്ല. ചില സന്ദർഭങ്ങളിൽ ദുരന്തത്തെത്തന്നെ മൂലധന സമാഹരണത്തിന്റെ പുതിയ ഭൂമികയാക്കാൻ കമ്പോളത്തിന് കഴിയും.
തോമസ് പിക്കെറ്റിയുടെ സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളെ പാരിസ്ഥിതിക ചരിത്രത്തിലേക്കു കൊണ്ടുവന്നാൽ മറ്റൊരു അസമത്വം കൂടി ദൃശ്യമാകുന്നു. വികസനത്തിന്റെ നേട്ടവും അതിന്റെ പാരിസ്ഥിതിക ചെലവും ഒരേ സാമൂഹിക വിഭാഗങ്ങൾക്കല്ല ലഭിക്കുന്നത്. ലാഭം ഒരിടത്ത് കേന്ദ്രീകരിക്കുമ്പോൾ മലിനീകരണവും കുടിയൊഴിപ്പിക്കലും വിഭവനഷ്ടവും മറ്റൊരിടത്ത് അടിഞ്ഞുകൂടാം. ജോവാൻ മാർട്ടിനെസ്- അലിയറുടെ ‘ecological debt’ ഈ ചരിത്രത്തെ കൂടുതൽ കൃത്യമായി രാഷ്ട്രീയവൽക്കരിക്കുന്നു. വ്യവസായവൽകൃത ലോകത്തിന്റെ സമ്പത്ത് അതിന്റെ അതിർത്തിക്കുള്ളിൽ മാത്രം സൃഷ്ടിക്കപ്പെട്ടതല്ല; ദരിദ്ര പ്രദേശങ്ങളിൽ നിന്നെടുത്ത ഊർജ്ജത്തിന്റെയും വിഭവങ്ങളുടെയും പാരിസ്ഥിതിക ഇടത്തിന്റെയും ചരിത്രം അതിനുള്ളിലുണ്ട്. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനം അന്തരീക്ഷത്തിലെ കാർബണിന്റെ ശാസ്ത്രീയ കണക്കു മാത്രമല്ല; ആരാണ് സമ്പത്ത് സമാഹരിച്ചത്, ആരാണ് അതിന്റെ പാരിസ്ഥിതിക വില നൽകിയത് എന്ന ചരിത്രനീതിയുടെ ചോദ്യം കൂടിയാണ്.
വികസന മനസ്സും പാരിസ്ഥിതിക മനസ്സും തമ്മിലുള്ള മത്സരത്തിൽ, അത്യപൂർവ്വമായ വേഗത കൈവരിക്കുന്നത് വികസന മനസ്സ് തന്നെയാണ്.
ഉപസംഹരിക്കാൻ പറ്റാത്ത സാമൂഹിക പാരിസ്ഥിതിക അവസ്ഥ
21-ാം നൂറ്റാണ്ടിലേക്ക് ഈ പറഞ്ഞ വാദങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഗഹനമായ വീക്ഷണം നടത്തിയാൽ രണ്ട് ലോകമനസ്സുകളുടെ സംഘർഷമാണ് കാണാൻ സാധിക്കുന്നത്: ഒന്ന്, വികസന മനസ്സ്, രണ്ട്, പാരിസ്ഥിതിക മനസ്സ്. ഇത് രണ്ടും തമ്മിലുള്ള മത്സരത്തിൽ, അത്യപൂർവ്വമായ വേഗത കൈവരിക്കുന്നത് വികസന മനസ്സ് തന്നെയാണ്. ശാസ്ത്രീയ പരീക്ഷണങ്ങളിൽ അടിസ്ഥാനപ്പെടുത്തി പാരിസ്ഥിതിക മനസ്സ്, വികസനമെന്ന മെഗാ പ്രബന്ധത്തിലെ അടിക്കുറിപ്പു മാത്രമായി ചുരുങ്ങുന്നു. ഇത് പാരിസ്ഥിതിക ചരിത്രത്തിന്റെ പഠനശാഖ തെളിയിക്കുന്നുണ്ട്.
21-ാം നൂറ്റാണ്ടിലെ പ്രധാന വെല്ലുവിളി വികസനത്തെ കൂടുതൽ പച്ചപ്പുള്ളതോ സുസ്ഥിരമോ ആക്കുക എന്നതല്ല. പുരോഗതിയെ വളർച്ചയുമായും, അഭിവൃദ്ധിയെ ഉപഭോഗവുമായും, മനുഷ്യന്റെ അഭിവൃദ്ധിയെ ഭൗതിക സമാഹരണവുമായും സമീകരിക്കുന്ന ചരിത്രപരമായ അനുമാനങ്ങളെ ചോദ്യം ചെയ്യുക എന്നതാണ്.

പാരിസ്ഥിതിക പ്രതിസന്ധികൾ എന്നത് വിജയകരമായ വികസനപദ്ധതികളുടെ ആകസ്മികമായ പാർശ്വഫലങ്ങളല്ലെന്ന് ആന്ത്രോപോസീൻ വെളിപ്പെടുത്തുന്നു. അവ കൊളോണിയലിസം, വ്യവസായവൽക്കരണം, സാങ്കേതികത്വരണം, മുതലാളിത്ത സമാഹരണം, അസമമായ കൈമാറ്റം എന്നിവയ്ക്കുള്ളിൽ ചരിത്രപരമായി ഉത്പാദിപ്പിക്കപ്പെട്ട ഫലങ്ങളാണ്. വികസനവും പരിസ്ഥിതിതകർച്ചയും പലപ്പോഴും ഒപ്പത്തിനൊപ്പമാണ് മുന്നേറിയിട്ടുള്ളത്. അതിൽ ആത്യന്തിക വിജയം വികസനത്തിനു തന്നെയാണെന്ന സ്ഥിതിവിവര കാർബൺ കണക്കുകളാണ് നാം കാണുന്നത്. ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന കവിയുടെ ആശങ്ക, പ്രതിനിധീകരിക്കുന്നത് ആഗോളതലത്തിൽ പരാജയപ്പെട്ട പാരിസ്ഥിതിക ചിന്തകളും, ആഹ്വാനങ്ങളും, നയങ്ങളുമാണ്.
കേരളക്കരയിലെ സമൂഹത്തിന് വ്യാപിച്ച പൈക്നോലെപ്സി ചരിത്രപരമായി സംഭവിക്കുന്ന മനോഭാവമാറ്റമാണ്; വേഗതയുടെ രാഷ്ട്രീയത്തിൽ മുങ്ങിത്താഴുന്ന കൊച്ചുകേരളത്തിന്റെ അന്ധാളിപ്പ്! മൂന്നാറിൽ ചെല്ലുന്ന മലയാളി എന്തൊരു രസമെന്ന് പറയുമ്പോൾ, അതിന് പിന്നാമ്പുറത്ത് കൈവിട്ടു പോയ പാരിസ്ഥിതിക ഓർമ്മകളുണ്ടെന്ന് ചരിത്രം തെളിയിക്കും.
▮
കുറിപ്പ്:
*പോൾ വിറിലിയോ തൻ്റെ 1980-ലെ 'ദ ഈസ്‌തെറ്റിക്സ് ഓഫ് ഡിസപ്പിയറൻസ്' (The Aesthetics of Disappearance) എന്ന കൃതിയിൽ, ആധുനിക ജീവിതത്തിന്റെ വർദ്ധിച്ചുവരുന്ന വേഗത മൂലം സംഭവിക്കുന്ന ഹ്രസ്വവും ക്ഷണികവുമായ ബോധക്ഷയത്തെയാണ് 'പിക്നോലെപ്സി' (pyknolepsy) എന്ന സങ്കല്പത്തിലൂടെ വിശേഷിപ്പിച്ചത്.
References:
Arnold, David. The Tropics and the Traveling Gaze: India, Landscape, and Science, 1800–1856. Seattle: University of Washington Press, 2006.
Beck, Ulrich. Risk Society: Towards a New Modernity. Translated by Mark Ritter. London: Sage Publications, 1992.
Brandis, Dietrich. Indian Forestry. London: Sampson Low, Marston and Company, 1897.
Crosby, Alfred W. Ecological Imperialism: The Biological Expansion of Europe, 900–1900. Cambridge: Cambridge University Press, 1986.
Frank, Andre Gunder. "The Development of Underdevelopment." Monthly Review vol. 18.no.4 (1966): 17–31.
Gadgil, Madhav, and Ramachandra Guha. This Fissured Land: An Ecological History of India. Delhi: Oxford University Press, 1992.
Gandhi, M. K. Hind Swaraj and Other Writings. Edited by Anthony J. Parel. Cambridge: Cambridge University Press, 2014.
Martinez-Alier, Joan. "Ecological Debt and Property Rights on Carbon Sinks and Reservoirs." Capitalism Nature Socialism 13.1 (2002): 115–119.
Klein, Naomi. The Shock Doctrine: The Rise of Disaster Capitalism. New York: Metropolitan Books, 2007.
Piketty, Thomas. Capital in the Twenty-First Century. Translated by Arthur Goldhammer. Cambridge, MA: Harvard University Press, 2014.
Ribbentrop, Berthold. Forestry in British India. Calcutta: Office of the Superintendent of Government Printing, 1900.
Sen, Amartya. Development as Freedom. New Delhi: Oxford University Press, 1999.
Stebbing, E. P. The Forests of India. Vols. 1–4. London: John Lane, The Bodley Head, 1922–1927.
Virilio, Paul. Aesthetics of Disappearance. Translated by Philip Beitchman. New York: Semiotext(e), 1991.
Virilio, Paul. Speed and Politics: An Essay on Dromology. Translated by Mark Polizzotti. New York: Semiotext(e), 1986.
Wallerstein, Immanuel. The Modern World-System. 4 vols. Berkeley: University of California Press, 1974–2011.
