ഉത്തരകേരളത്തിലെ കാവുകളൊക്കെ ക്ഷേത്രങ്ങളായി മതം മാറുകയാണ്. കേരളമാകെയെടുത്താലും സവർണ്ണവൽക്കരണം നടക്കാത്ത, കീഴാളരുടേയും ആദിവാസി ജനതയുടേയും ദേവസ്ഥാനങ്ങൾ കണ്ടെത്തുക പ്രയാസമാണ്. അവശേഷിക്കുന്നവയുടെ മതംമാറ്റം അതിവേഗത്തിൽ നടന്നു വരുന്നുമുണ്ട്. വിശ്വാസത്തിന്റെ പേരിൽ സംരക്ഷിക്കപ്പെട്ട വനങ്ങളാണ് കാവുകൾ. ജൈവവൈവിധ്യത്തിന്റെ കലവറ. ഒരായിരം ജീവികളുടെ അഭയ സങ്കേതം. പെയ്ത്തു മഴയുടെ സംഭരണ കേന്ദ്രം. ഈ കാവുവട്ടങ്ങളുടെ ചരിത്രം തേടി, മാറ്റങ്ങളെ അറിഞ്ഞ് മൂന്നു പതിറ്റാണ്ടുകളായി നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഇ. ഉണ്ണികൃഷ്ണന്റെ 'ഉത്തരകേരളത്തിലെ വിശുദ്ധ വനങ്ങൾ 'കാവുകളെ കുറിച്ചുള്ള, ലോകത്തിലെ തന്നെ ആദ്യത്തെ സമഗ്രഗ്രന്ഥമാണ്. കാൽ നൂറ്റാണ്ടായി വിശുദ്ധ വനങ്ങൾപ്രസിദ്ധീകരിച്ചിട്ട്.
ഭൗതികമായ അർത്ഥത്തിൽ കാവുകൾക്ക് മതിൽ കെട്ടുകളില്ല. വിശ്വാസത്തിന്റെ മതിലുറപ്പാണ് കാവുകളെ ഇക്കാലമത്രയും നിലനിർത്തിയത്. അകത്തും പുറത്തും കൽമതിലുകളില്ലാത്ത കാവുകളിലാണ് ഗ്രാമദേവതമാർ കുടിയിരുന്നത് എന്നും കോലധാരികളുടെ ശരീരമെന്ന മാധ്യമത്തിലൂടെയാണ് ഭക്തരുമായി ഗ്രാമീണ ദേവതമാർ സംവദിച്ചിരുന്നത് എന്നുമാണ് വിശ്വാസം. ആണ്ടിലൊരിക്കൽ മാത്രം നടക്കുന്ന കളിയാട്ടങ്ങളിലൂടെയും പതിറ്റാണ്ടുകളുടെ ഇടവേളയിൽ നടത്തപ്പെടുന്ന പെരുങ്കളിയാട്ടമെന്ന നരവംശോത്സവത്തിലൂടെയും മാത്രമായിരുന്നു വടക്കൻ കേരളത്തിലെ തെയ്യക്കാവുകൾ മനുഷ്യക്കൂറ്റ് കേട്ട് ജീവൻ വെച്ചിരുന്നത്.
പള്ളിയറയെന്നും കോട്ടമെന്നും മുടിപ്പുരകളെന്നും മുണ്ട്യയെന്നുമൊക്കെ വിളിക്കപ്പെട്ട കാവുകളെന്ന പ്രാചീന ആരാധനാലയങ്ങൾ വൻമതിലും പടിപ്പുരയും വിഗ്രഹങ്ങളുമുള്ള ക്ഷേത്രങ്ങളിൽ നിന്നും ആകൃതി പ്രകൃതികളിലും ആചാരാനുഷ്ഠാനങ്ങളിലും തികച്ചും വ്യത്യസ്തമായിരുന്നു. കാവുകളുടെ ഘടനയിലും അനുഷ്ഠാന രീതിയിലും വന്ന പരിണാമ ഗതി പുരോഗമനാത്മകമല്ല എന്ന് "കാവുണ്ണി ' എന്നറിയപ്പെടുന്ന ഡോ.ഇ.ഉണ്ണികൃഷ്ണൻ തന്റെ അനുഭവങ്ങളുടെ ബലത്തിലാണ് പറയുന്നത്.
തെയ്യവും തിറയും പടയണിയും മുടിയേറ്റും പുള്ളുവൻ പാട്ടുമൊക്കെ അരങ്ങേറിയ കാവുകളുടെ മതപൂർവകാല സൂചനകളും ജൈന ബുദ്ധമതമോട്ടിഫുകളും ദ്രാവിഡ അനുഷ്ഠാനങ്ങളും അടർത്തിമാറ്റപ്പെടുന്നു. പ്രാചീന മാതൃദേവതകളെപ്പോലും ജ്യോതിഷ വിധികളിലൂടെ തന്ത്രവിധികളനുഷ്ഠിക്കേണ്ടവരാക്കി മാറ്റുന്നു. കാവുകളൊക്കെ ക്ഷേത്രങ്ങളായി പരിവർത്തനപ്പെടുത്തിക്കൊണ്ടിരിക്കുകയാണിന്ന്. കാവുകളിലെ അരമതിലുകൾ മുഴുമതിലുകളായി. ചെങ്കൽ-പ്പടുപ്പുകളായ പള്ളിയറകൾ തഞ്ചാവൂർ സമ്പ്രദായത്തിലെ കരിങ്കൽക്കെട്ടുകളായി. പൈതങ്ങൾ മേൽക്കുപ്പായമൂരി ക്ഷേത്രപ്രവേശനം നടത്തുന്നു.