'റിസ്‌കി പട്ടണ'ങ്ങളാകുന്ന വ്യാവസായിക നഗരങ്ങൾ

മൂന്ന് വ്യാവസായിക അപകടങ്ങൾ! 24 മണിക്കൂറിനുള്ളിൽ!! ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ 11ഓളം ആളുകളുടെ മരണത്തിനും നൂറുകണക്കിന് ആളുകളെ ഗുരുതരാവസ്ഥയിലേക്കും തള്ളിവിട്ടുകൊണ്ട് വിഷവാതക ചോർച്ച. ഛത്തീസ്ഗഢിൽ പേപ്പർ മില്ലിൽ വിഷവാതകം ശ്വസിച്ച് ഏഴോളം തൊഴിലാളികൾ ആശുപത്രിയിൽ. തമിഴ്‌നാട്ടിൽ പൊതുമേഖലാ സ്ഥാപനമായ ലിഗ്നൈറ്റ് കോർപ്പറേഷനിൽ ബോയ്‌ലർ പൊട്ടിത്തെറിച്ച് എട്ടോളം പേർ ഗുരുതരാവസ്ഥയിൽ.

ഇ.എ.എസ്. ശർമ

രാജ്യത്ത് നാല്പത്തിമൂന്ന് ദിവസങ്ങളായി തുടരുന്ന സമ്പൂർണ്ണ ലോക്ഡൗണിൽ നിന്ന് പതുക്കെ മോചനം നേടാനുള്ള ശ്രമത്തിനിടയിൽ നിന്ന് ചില ദുരന്തമുഖങ്ങളിലേക്കാണ് നടന്നുനീങ്ങുന്നതെന്ന് സംശയിക്കേണ്ടതുണ്ട്. ആറ് ആഴ്ചക്കാലമായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിപ്പിക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക സുരക്ഷാ നടപടികൾ പോലും സ്വീകരിക്കാതെയാണ് അത്യന്തം അപകടകാരികളായ വ്യാവസായിക സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നതെന്ന് തെളിയിക്കുന്നതാണ് മേൽപ്പറഞ്ഞ അപകടങ്ങൾ. ഒരു ഭാഗത്ത് അപകടകാരികളായ വ്യവസായ സ്ഥാപനങ്ങൾക്ക് യാതൊരു നിബന്ധനകളും കൂടാതെ പ്രവർത്തനാനുമതി നൽകുന്നു. നൽകിയ അനുമതി എന്തിനുമുള്ള ലൈസൻസാണെന്ന് ധരിച്ചുവശായ സ്ഥാപനമേധാവികൾ ഒരുതരത്തിലുമുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ തയ്യാറാകാത്തത് മറ്റൊരു ദുരന്തം. മറുഭാഗത്ത്, ഒരു അപകടം സംഭവിച്ചാൽ ആവശ്യമായ ദുരന്ത നിവാരണ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ സന്നദ്ധത കാണിക്കാത്ത ഭരണകൂടം. കൊറോണ പകർച്ചവ്യാധി തകർത്തുകഴിഞ്ഞ രാജ്യത്തെ ആരോഗ്യ സംവിധാനത്തെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുന്ന തരത്തിലായിക്കഴിഞ്ഞിരിക്കുന്നു ലോക്ഡൗണിന് ശേഷമുള്ള വ്യാവസായിക നഗരങ്ങളുടെ പോക്ക്.

കൊറോണ പകർച്ചവ്യാധി തകർത്തുകഴിഞ്ഞ രാജ്യത്തെ ആരോഗ്യ സംവിധാനത്തെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുന്ന തരത്തിലായിക്കഴിഞ്ഞിരിക്കുന്നു ലോക്ഡൗണിന് ശേഷമുള്ള വ്യാവസായിക നഗരങ്ങളുടെ പോക്ക്

മാർച്ച് 7ന് പുലർച്ചെ 2.30നാണ് വിശാഖപട്ടണത്തിന് 14 കിലോമീറ്റർ ദൂരെയുള്ള ആർ.ആർ വെങ്കിട്ടപുരത്ത് പ്രവർത്തിക്കുന്ന എൽ.ജി പോളിമേർസ് എന്ന സ്ഥാപനത്തിൽ നിന്ന് സ്റ്റൈറീൻ വാതകം ചോർന്ന് വൻതോതിലുള്ള വിനാശം വിതച്ചത്. ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് ഒരു കുട്ടിയടക്കം 11 പേരുടെ മരണത്തിലേക്കും എൺപതോളം ആളുകളെ ഗുരുതരാവസ്ഥയിലേക്കും അയ്യായിരത്തോളം ആളുകളെ ശാരീരികാസ്വസ്ഥതകളിലേക്കും തള്ളിവിട്ടിരിക്കുകയാണ് ഈ വ്യാവസായിക അപകടം. 1984 ലെ ഭോപ്പാൽ ദുരന്തത്തെ സ്മരിപ്പിക്കുന്ന കാഴ്ചകളാണ് വിശാഖപട്ടണത്തിൽ നിന്നും പുറംലോകത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്.

വ്യാവസായിക പോളിമറുകൾ നിർമ്മിക്കുന്ന ഹിന്ദുസ്ഥാൻ പോളിമേർസ് എന്ന സ്ഥാപനം വിശാഖപട്ടണത്തിലെ വെങ്കിട്ടപുരത്ത് പ്രവർത്തനമാരംഭിക്കുന്നത് 1961ലാണ്. ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയ കുപ്രസിദ്ധ വ്യവസായിയായ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുബി ഗ്രൂപ്പ് 1978ൽ ഹിന്ദുസ്ഥാൻ പോളിമേർസ് ഏറ്റെടുക്കുകയും പിന്നീട് 1997ൽ കൊറിയൻ കമ്പനിയായ എൽ.ജി പോളിമേർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡായി മാറുകയും ചെയ്തു. എഞ്ചിനീയറിംഗ് പ്ലാസ്റ്റിക് അടക്കമുള്ള വിവിധ പോളിസ്റ്റൈറീനുകളാണ് പ്രസ്തുത കമ്പനിയിൽ നിന്നും ഉത്പാദിപ്പിക്കുന്നത്.

ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നീ മൂന്ന് ജില്ലകൾ ഉൾപ്പെടുന്ന ഉത്തരാന്ധ്ര ഇന്ത്യയിലെ എട്ട് പ്രധാന വ്യവസായ മേഖലകളിലൊന്നാണ്. ഏതാണ്ട് 2,900 ഇടത്തരം, വൻകിട വ്യവസായങ്ങൾ ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. തുറമുഖ-വ്യാവസായിക നഗരമെന്ന് അറിയപ്പെടുന്ന വിശാഖപട്ടണത്തിന്റെ മറ്റൊരു വിളിപ്പേര് "റിസ്‌കി പട്ടണം' എന്നായത് യാദൃശ്ചികമല്ല. ആവർത്തിച്ച് സംഭവിക്കുന്ന വ്യാവസായിക അപകടങ്ങൾ നഗരത്തിലെ ജനജീവിതം കൂടുതൽ റിസ്‌കിലേക്ക് നയിക്കുന്നുണ്ടെന്ന ബോധ്യത്തിൽ നിന്നുതന്നെയാണ് അത്തരമൊരു വിളിപ്പേര് വന്നത്. എന്നാൽ ജനങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്ന ഈയൊരു അരക്ഷിതബോധത്തിന് പരിഹാരം കാണാനോ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കാനോ ഭരണാധികാരികൾ തയ്യാറാകുന്നില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മെയ് ഏഴാം തീയ്യതി രാവിലെ 2.30 മണിക്ക് എൽ ജി പോളിമേർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നടന്ന വിഷ വാതക ചോർച്ച.

എൽ ജി പോളിമേർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നടന്ന വിഷ വാതക ചോർച്ച

വിശാഖ പട്ടണത്തിൽ ആവർത്തിച്ച് സംഭവിക്കുന്ന വ്യാവസായിക അപകടങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്ക് നിരന്തരമായി മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്ന ആന്ധ്രപ്രദേശ് 1965 കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ ഡോ.ഈ.എ.എസ് ശർമ്മ അപകടം സംഭവിച്ച് മണിക്കൂറുകൾക്കകം തന്നെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് കത്തെഴുതുകയുണ്ടായി. നിരന്തരമായി നിയമലംഘനം നടത്തിക്കൊണ്ടിരിക്കുന്ന കൊറിയൻ ബഹുരാഷ്ട്ര കമ്പനിക്ക് പ്രവർത്താനാനുമതി നൽകിയതിനെ തന്റെ കത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ഒരു എക്‌സ് ബ്യൂറോക്രാറ്റ് എന്നതിനേക്കാൾ ഒരു ആക്ടിവിസ്റ്റായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഡോ.ശർമ്മ, ഇന്ത്യയിലെ ആണവ വിരുദ്ധ പ്രസ്ഥാനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ്.

ഡോ. ഇ.എ.എസ് ശർമ്മ എന്ന ഈമണി അനന്ത സത്യനാരായണ ശർമ്മ ഇന്ത്യാ ഗവൺമെന്റിന്റെ ധന-ഊർജ്ജ കാര്യ സെക്രട്ടറി, വേൾഡ് ബാങ്കിന്റെ ഇന്ത്യാ ഗവർണർ, ആസൂത്രണ വകുപ്പിന്റെ പ്രിൻസിപ്പൽ അഡ്വെെ, ഇന്ത്യൻ അഡ്മിനിസ്ട്രീറ്റീവ് ആന്റ് സ്റ്റാഫ് കോളേജ് പ്രിൻസിപ്പൽ, ന്യൂക്ലിയർ പവർ പ്രൈസിംഗ് കമ്മറ്റി അംഗം തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചു പരിചയം നേടിയ വ്യക്തിയാണ്. ആണവോർജ്ജ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഡോ.ശർമ്മ, ഡോ.ഹോമി ഭാഭ അടക്കമുള്ള പ്രതിഭാധനന്മാരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ആണവോർജ്ജ മേഖലയുടെ ജനാധിപത്യ വിരുദ്ധതയും സുരക്ഷാപ്രശ്‌നങ്ങളും തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീട് ആ മേഖലയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.

2000ത്തിൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് സ്വമേധയാ വിരമിച്ച ശർമ്മ, പിന്നീടുള്ള ജീവിതം ജനകീയ പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചു. വികസനം, പരിസ്ഥിതി, ജനാധിപത്യം, മനുഷ്യാവകാശം, ആണവോർജ്ജം തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം തന്റെ അറിവും അനുഭവങ്ങളും പകർന്നുനൽകിക്കൊണ്ട് ജനകീയ പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി.

കെ.സഹദേവൻ: സ്റ്റൈറീൻ വാതകത്തെയും അതിന്റെ ഉപയോഗത്തെയും കുറിച്ച് വിശദീകരിക്കാമോ?
ഡോ.ഇ.എ.എസ്.ശർമ്മ: ഒരു ദ്രവീകൃത ഹൈഡ്രോകാർബൺ വാതകമാണ് സ്റ്റൈറീൻ. ഇതൊരു ബെൻസീൻ ഉൽപ്പന്നമാണ്. ഈഥനൈൽ ബെൻസീൻ, വിനൈൽ ബെൻസീൻ, ഫിനൈൽ ബെൻസീൻ എന്നിങ്ങനെയും ഇത് അറിയപ്പെടും. നിറമില്ലാത്തതും രൂക്ഷഗന്ധമുള്ളതുമായ ഈ ദ്രവീകൃത ഹൈഡ്രോ കാർബൺ ഉയർന്ന ചൂടിൽ അന്തരീക്ഷവായുവിലേക്ക് കലരും. അന്തരീക്ഷവായുവിലെത്തിക്കഴിഞ്ഞാൽ സ്റ്റൈറീൻ ഓക്‌സിജനുമായി പ്രതിപ്രവർത്തിച്ച് സ്റ്റൈറീൻ ഡയോക്‌സൈഡായി മാറും. ഇത് കൂടുതൽ അപകടകാരിയാണ്.
എൽ.ജി പോളിമേർസ് കമ്പനിയിൽ പോളിസ്റ്റൈറീൻ നിർമ്മിക്കുന്നതിനാണ് സ്റ്റൈറീൻ ഗ്യാസ് ഉപയോഗപ്പെടുത്തുന്നത്. ഫൈബർ ഗ്ലാസ്, ലബോറട്ടറി ഉപകരണങ്ങൾ, ഇലക്ട്രിക് ഫാനുകളുടെ ബ്ലേഡുകൾ, കളിപ്പാട്ടങ്ങൾ, കോസ്‌മെറ്റിക് ഉപകരണങ്ങളുടെ ഡപ്പികൾ, ഭക്ഷ്യവസ്തുക്കൾ പൊതിയുന്നതിനുള്ള പ്ലാസ്റ്റിക് പേപ്പറുകൾ തുടങ്ങി വിവിധങ്ങളായ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് പോളി സ്റ്റൈറീൻ ആവശ്യമാണ്.
ഇത് മനുഷ്യാരോഗ്യത്തെ എങ്ങിനെയൊക്കെയാണ് ബാധിക്കുന്നത്?
സ്റ്റൈറീൻ അറിയപ്പെടുന്ന കാൻസർ ഹേതു (carcinogen) വാണ്. കണ്ണ്, മൂക്ക്, തൊലി, ശ്വാസകോശം എന്നിവകളിലൂടെയാണ് സ്റ്റൈറീൻ ഓക്‌സൈഡ് തന്മാത്രകൾ മനുഷ്യശരീരത്തിൽ എത്തിച്ചേരുന്നത്. ഇത് കാൻസർ, ജനതിക വൈകല്യങ്ങൾ തുടങ്ങി മാരകമായ പ്രത്യാഘാതങ്ങൾ മനുഷ്യശരീരത്തിൽ സൃഷ്ടിക്കുന്നതായി വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യയിലെ തന്നെ പ്രധാന വ്യാവസായിക നഗരങ്ങളിലൊന്നാണ് വിശാഖപട്ടണം. വ്യാവസായിക അപകടങ്ങൾ തുടർക്കഥയായതിനെത്തുടർന്ന് "റിസ്‌കിപ്പട്ടണം' എന്നൊരു വിളിപ്പേര് കൂടി ഈ നഗരത്തിനുണ്ട്. ആവർത്തിച്ചുള്ള അപകടങ്ങൾ ഭരണകൂടങ്ങൾ കണക്കിലെടുക്കിന്നില്ലെന്നാണോ ഇത് സൂചിപ്പിക്കുന്നത്?
തീർച്ചയായും. സമാനമായ രീതിയിലുള്ള ഒരപകടം ആറേഴ് വർഷങ്ങൾക്ക് മുമ്പ് വിശാഖപട്ടണത്തിന് അറുപത് മൈൽ അകലെയുള്ള ഒരു വ്യവസായ സ്ഥാപനത്തിൽ നടക്കുകയുണ്ടായി. ഇതേ വാതകച്ചോർച്ച തന്നെയായിരുന്നു അവിടെയും സംഭവിച്ചത്. അന്ന് ഞങ്ങൾ അതിനെതിരായി പ്രതിഷേധിക്കുകയൊക്കെ ചെയ്തിരുന്നു. എന്നാൽ വ്യാവസായിക നിയന്ത്രണ അതോറിറ്റി അത്തരം സംഭവങ്ങളെ ഗൗരവമായി പരിഗണിക്കാനോ ജനങ്ങളുടെ പ്രതിഷേധങ്ങളെ കണക്കിലെടുക്കാനോ തയ്യാറാകുന്നില്ല. കമ്പനി അധികാരികൾക്കെതിരെ യാതൊരുവിധ നടപടികളും നാളിതുവരെ സ്വീകരിക്കുകയുണ്ടായില്ല.

വ്യാവസായിക സുരക്ഷയുടെ ചുമതലയുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥനെപ്പോലും ഇതുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിട്ടില്ല. അപകടത്തിൽപ്പെട്ട വ്യവസായ യൂണിറ്റിന്റെ ഒരു പ്രൊമോട്ടറെ അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥനെപ്പോലും അറസ്റ്റ് ചെയ്യുകയോ പ്രോസിക്യൂട്ട് ചെയ്യുകയോ ചെയ്തിട്ടില്ല

തുടർച്ചയായുള്ള വ്യാവസായിക അപകടങ്ങൾ മൂലം വടക്കൻ തീരദേശ ആന്ധ്രയിലെ തൊഴിലാളികൾക്കും ആളുകൾക്കും പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ ആറ് വർഷക്കാലയളവിൽ വിശാഖപട്ടണത്തെ വ്യാവസായിക യൂണിറ്റുകളിൽ നടന്ന നിരവധി അപകടങ്ങളിലായി 30ലേറെ മരണങ്ങളുണ്ടായിട്ടുണ്ട്. ഇരട്ടിയിലേറെ ആളുകളെ ഗുരുതരാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്തിട്ടുണ്ട്. വ്യാവസായിക സുരക്ഷയുടെ ചുമതലയുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥനെപ്പോലും ഇതുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിട്ടില്ല. അപകടത്തിൽപ്പെട്ട വ്യവസായ യൂണിറ്റിന്റെ ഒരു പ്രൊമോട്ടറെ അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥനെപ്പോലും അറസ്റ്റ് ചെയ്യുകയോ പ്രോസിക്യൂട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വവും വ്യവസായ പ്രമോട്ടർമാരും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇതിന് കാരണമെന്ന് കാണാം.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവന മേഖലയിൽ ഈ അപകടം കൂടുതൽ ഗുരുതരാവസ്ഥ സൃഷ്ടിക്കുകയല്ലേ ചെയ്തിട്ടുള്ളത്?
തീർച്ചയായും. കൊറോണ വൈറസ് മനുഷ്യന്റെ പ്രതിരോധ ശേഷിയിൽ ഗുരുതരമായ മാറ്റങ്ങൾ വരുത്തുന്നതാണ്. അതുപോലെത്തന്നെ തിരിച്ച് ഇത്തരം അപകടങ്ങളും വ്യക്തികളുടെ പ്രതിരോധ ശേഷിയിൽ കുറവ് വരുത്തും. ഇപ്പോൾത്തന്നെ രാജ്യത്തെ ആശുപത്രികൾ കൊറോണ ബാധിതരുടെ ചികിത്സയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. അത്തരമൊരവസ്ഥയിലാണ് ആയിരക്കണക്കായ ആളുകൾ വിഷവാതകം ശ്വസിച്ച് ആശുപത്രിയിലായിരിക്കുന്നത്. ദുരന്ത നിവാരണ കൈകാര്യകർത്വത്തിന് ഇത് വലിയ തിരിച്ചടിയായിരിക്കും സൃഷ്ടിക്കുക. ഗവൺമെന്റ് ചെയ്യുന്ന പല കാര്യങ്ങളും തികഞ്ഞ വിരോധാഭാസങ്ങളായവയാണ്. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട കാര്യം നോക്കൂ. മദ്യം ആളുകളുടെ പ്രതിരോധ ശേഷി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ആവർത്തിച്ച് അറിയിച്ചിരിക്കുകയാണ്. എന്നാൽ മറ്റ് അവശ്യ സ്ഥാപനങ്ങൾ ഇനിയും തുറന്നിട്ടില്ലെങ്കിൽ കൂടിയും രാജ്യത്ത് മദ്യ വിൽപ്പന അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

വ്യവസായങ്ങളെ ആകർഷിക്കാനുള്ള തത്രപ്പാടിൽ രാജ്യത്തെ പരിസ്ഥിതി നിയമങ്ങൾ അവഗണിച്ചുകൊണ്ട് വിദേശ കമ്പനികൾക്ക് പോലും ഉടൻ ലൈസൻസ് നൽകുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്.

അതിന് പുറമെ ഇത്തരം വ്യാവസായിക അപകടങ്ങളും ജനങ്ങളുടെ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കും. സ്റ്റൈറീൻ വാതകം ശ്ലേഷ്മ സ്തര (mucous membrane)
ങ്ങളെയും ആമാശയകുടലുകളെ(gastrointestinal)
യും ബാധിക്കുന്ന ഒന്നാണ്. ഇവയൊക്കെയും കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് വിഘാതം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ മലിനീകാരികളായ രാസവ്യവസായ ശാലകൾ തുറന്നു പ്രവർത്തിക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് കൊറോണയ്‌ക്കെതിരായ യുദ്ധത്തിൽ സ്വീകരിക്കുന്ന കർശന നിയന്ത്രണങ്ങളെപ്പോലെ പ്രധാനപ്പെട്ട സംഗതികളാണ്.
""നിക്ഷേപത്തിനുള്ള ലക്ഷ്യസ്ഥാനം എന്ന നിലയിൽ സംസ്ഥാനം ആകർഷകമായി തുടരുന്നതിൽ ആന്ധ്രാപ്രദേശ് സർക്കാരിന് അഭിമാനമുണ്ട്. പരിസ്ഥിതി നിയമങ്ങൾ ദുർബലവും മലിനീകരണ നിയന്ത്രണ സംവിധാനം അയവുള്ളതുമാണ് എന്നതുകൊണ്ടുതന്നെ വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ സംശയിക്കുന്നു. നാം അറിയാതെ തന്നെ നമുക്ക് ചുറ്റും നിരവധി ഭോപ്പാലുകൾ സൃഷ്ടിക്കുകയാണ്.'' 2011ൽ താങ്കൾ എഴുതിയ വിൽ ദ സ്പാരോ റിട്ടേൺ എന്ന പുസ്തകത്തിലെ വരികളാണിത്. താങ്കൾ ഭയപ്പെട്ടതുപോലെ ഭോപ്പാലിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ വിശാഖപട്ടണത്തിൽ നിലനിൽക്കുന്നത്. ആരാണ് യഥാർത്ഥ കുറ്റവാളികൾ?
വിശാഖപട്ടണത്ത് സംഭവിക്കുന്ന ആദ്യത്തെ വ്യാവസായിക അപകടമല്ലിത്. കഴിഞ്ഞ ആറേഴ് വർഷക്കാലയളവിൽ തന്നെ ഏതാണ്ട് മുപ്പതിലധികം "മേജർ' എന്ന് പറയാവുന്ന അപകടങ്ങൾ ഈ മേഖലയിൽ നടന്നിട്ടുണ്ട്. പൊതുതാൽപര്യം, വ്യാവസായിക വികസനം എന്നിവയുടെ പേരിൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി വ്യവസായങ്ങൾ ഇവിടെ കൂണുപോലെ തഴച്ചുവളരുകയാണ്. വ്യവസായങ്ങളെ ആകർഷിക്കാനുള്ള തത്രപ്പാടിൽ രാജ്യത്തെ പരിസ്ഥിതി നിയമങ്ങൾ അവഗണിച്ചുകൊണ്ട് വിദേശ കമ്പനികൾക്ക് പോലും ഉടൻ ലൈസൻസ് നൽകുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്. ഇതിനെതിരെ വലിയ തോതിലുള്ള കാമ്പെയ്‌നുകൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ വ്യാവസായിക ലോബിയും രാഷ്ട്രീക്കാരും ചേർന്നുള്ള കൂട്ടുകെട്ട് ഈ പ്രതിഷേധങ്ങളും രാജ്യത്തെ നിയമങ്ങളും മറികടന്നുകൊണ്ട് ലാഭം കുന്നുകൂട്ടുകയാണ്. ഇതിന്റെ ഫലം രാഷ്ട്രീയ പാർട്ടികൾക്ക് കൂടി ലഭിക്കുന്നുണ്ടെന്നത് വസ്തുതയാണ്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന ഈ കമ്പനികൾ ഡസൻ കണക്കിന് ഭോപ്പാലുകൾക്കുള്ള സാധ്യതകളാണ് തുറന്ന് വെച്ചിരിക്കുന്നത്. അപകടങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ അധികാരികൾ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.

എൽ.ജി പോളിമർ അപകടത്തിന്മേൽ എന്ത് തുടർനടപടികളാണ് താങ്കൾ ഉൾപ്പെടുന്ന ആക്ടിവിസ്റ്റുകൾ ചെയ്യാനുദ്ദേശിക്കുന്നത്?
ഈ അപകടവുമായി ബന്ധപ്പെട്ട്, കമ്പനിക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകിയതിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട്, ദേശീയ ഹരിത ട്രിബ്യൂണലിൽ ഒരു കേസ് ഞാൻ ഇന്നലെത്തന്നെ ഫയൽ ചെയ്തിരിക്കുകയാണ്. അതിനാവശ്യമായ കടലാസ് പണികൾ നടത്തുന്ന തിരക്കിലാണ് ഞാൻ. വളരെപ്പെട്ടെന്നുതന്നെ ഇത്തരമൊരു കേസ് ഫയൽ ചെയ്യാനുള്ള കാരണം മറ്റാരെങ്കിലും ഒരു ഫേക് കേസ് ഇതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ടുകൊണ്ടാണ്. ഇത്തരം സന്ദർഭങ്ങളിൽ കമ്പനിയുമായി ബന്ധപ്പെട്ടവർ തന്നെ വ്യാജ കേസുകൾ ഫയൽ ചെയ്യുകയും കോടതി നടപടികളിൽ നിന്ന് കുറ്റക്കാരായ കമ്പനികളെ രക്ഷപ്പെടുത്തിയെടുക്കുന്ന പ്രവണത സമീപകാലത്ത് വർദ്ധിച്ചുവരികയും ചെയ്യുന്നുണ്ടെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് വ്യാവസായിക അപകടങ്ങൾ രാജ്യത്ത് നടന്നു. വിശാഖപട്ടണം അപകടത്തെ കൂടാതെ ഛത്തീസ്ഗഢിലെ ശക്തി പേപ്പർ മില്ലിലെ അപകടം, തമിഴ്‌നാട്ടിലെ നെയ്‌വേലിലിഗ്നൈറ്റിലെ ബോയ്‌ലർ പൊട്ടിത്തെറി എന്നിവയാണവ. നീണ്ടുനിന്ന ലോക്ഡൗണിന് ശേഷം രാജ്യത്ത് ആയിരക്കണക്കിന് അപകടസാധ്യതയുള്ള ഫാക്ടറികൾ തുറന്നുപ്രവർത്തിക്കാൻ പോകുകയാണ്. എന്തൊക്കെ തരത്തിലുള്ള സുരക്ഷാ നടപടികളാണ് ഈയവസരത്തിൽ സ്വീകരിക്കേണ്ടതെന്ന് നിർദ്ദേശിക്കാമോ?

തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റിലെ ബോയ്‌ലർ പൊട്ടിത്തെറി

താങ്കൾ ചൂണ്ടിക്കാട്ടി അപകടങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഗുരുതരമായ സുരക്ഷാ വിഴ്ചകളിലേക്കാണ്. ദീർഘനാൾ അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് മുന്നോടിയായി സർക്കാരിന്റെ വ്യാവസായിക സുരക്ഷാ വിഭാഗം കർശനമായ പരിശോധനകൾ നടത്തേണ്ടതാണ്. അതിന് ഉത്തരവാദപ്പെട്ടവർ സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി വിംഗും, മലിനീകരണ നിയന്ത്രണ ബോർഡും മറ്റുമാണ്. അവരാണ് ഇത്തരം കാര്യങ്ങൾ മോണിറ്റർ ചെയ്യേണ്ടത്. വ്യവസായശാലകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഓരോ മാസവും പുതുക്കി നിശ്ചയിക്കേണ്ടതാണ്. വ്യവസായങ്ങളുടെ അപകട സാധ്യത കണക്കിലെടുത്തുകൊണ്ട് ഓരോ മാസവും സുരക്ഷാപരിശോധന നടത്തേണ്ടതുണ്ട്. എന്നാലിവയൊന്നും ഫലപ്രദമായി നടക്കുന്നില്ലെന്നത് വസ്തുതയാണ്.

ഈ അപകടവുമായി ബന്ധപ്പെട്ട്, കമ്പനിക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകിയതിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട്, ദേശീയ ഹരിത ട്രിബ്യൂണലിൽ ഒരു കേസ് ഞാൻ ഇന്നലെത്തന്നെ ഫയൽ ചെയ്തിരിക്കുകയാണ്.

മലിനീകരണ നിയന്ത്രണ ബോർഡുകൾ യഥാർത്ഥത്തിൽ സർക്കാരിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒരു ബോഡിയായിരിക്കണം. എന്നാൽ ഇന്ത്യയിൽ അത് അങ്ങിനെയല്ല പ്രവർത്തിക്കുന്നത്. രാഷ്ട്രീയക്കാരുടെ താൽപര്യങ്ങൾക്ക് വിധേയമായിക്കൊണ്ടാണ് അവ പ്രവർത്തിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ തലപ്പത്ത് ഹൈക്കോടതി ജഡ്ജിന്റെ പദവിയിലുള്ള ആളുകളെയാണ് ചുമതലപ്പെടുത്തേണ്ടത്. ഒരുപരിധിവരെ രാഷ്ട്രീയ സ്വാധീനങ്ങളിൽ നിന്ന് മുക്തിനേടുവാൻ ഇതിലൂടെ സാധിക്കും.
പുതിയ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കിക്കൊണ്ട് മാത്രമേ അപകട സാധ്യതയുള്ള വ്യവസായ ശാലകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകാൻ പാടുള്ളു. പെട്രോളിയം, രാസ വ്യവസായങ്ങൾ തുടങ്ങിയവ പ്രത്യേകിച്ചും. ഇത് സംബന്ധിച്ച് വിശദമായ ഒരു നോട്ട് തയ്യാറാക്കി കേന്ദ്ര ഗവൺമെന്റിന് അയക്കാനുള്ള ശ്രമത്തിലാണ് ഞാൻ.
****
എൽ.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഉത്തര കൊറിയൻ കമ്പനിയുടെ പൂർണ്ണരൂപം "ലക്കി ഗോൾഡ് സ്റ്റാർ' എന്നാണ്. എന്നാൽ പേര് സൂചിപ്പിക്കുന്നതുപോലെ എൽ.ജിയുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശവാസികളെ സംബന്ധിച്ചിടത്തോളം അത് അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന ഭാഗ്യതാരകമല്ല, മറിച്ച് ആയിരങ്ങളെ നിത്യദുരിതങ്ങളിലേക്ക് തള്ളിവിടുന്ന ദൗർഭാഗ്യ സൂചകമാണ്. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചും, പ്രാദേശിക വിഭവങ്ങൾ കവർന്നും, ഭരണകൂടങ്ങളെ സ്വാധീനിച്ച് നിയമ നടപടികളിൽ നിന്ന് രക്ഷപ്പെട്ടും അവർ തങ്ങളുടെ ലാഭം കുന്നുകൂട്ടുന്ന തിരക്കിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പത്ത് രാസവ്യവസായ നിർമ്മാതാക്കളിലൊന്നാണ് ഈ ബഹുരാഷ്ട്ര ഭീമൻ. വെങ്കിട്ടപുരം പ്ലാന്റിലെ വാതക ചോർച്ചയുടെ പേരിൽ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരോ പ്രമോട്ടർമാരോ ശിക്ഷിക്കപ്പെടുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. 1984ലെ ഭോപ്പാൽ ദുരന്തത്തിന് ഉത്തരവാദികളായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ചെയർമാൻ വാറൻ ആൻഡേർസണ് "സുരക്ഷിത മാർഗ്ഗം' ഒരുക്കിക്കൊടുത്ത ഭരണാധികാരികളാണ് ഇന്ത്യയിലേത്.
ഈ അഭിമുഖം തയ്യാറാക്കുമ്പോൾ വെങ്കിട്ടപുരം പ്ലാന്റിൽ ഒരിക്കൽ കൂടി വൻതോതിലുള്ള വാതക ചോർച്ച സംഭവിച്ചതായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. സമീപ പ്രദേശങ്ങളിൽ നിന്നും ആളുകളെ കുടിയൊഴിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാണെന്ന് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. അതോടൊപ്പം വിഷവാതകം നിർവ്വീര്യമാക്കുന്നതിനായി 500 കിലോ പാരാ ടേർഷ്യറി ബൂട്ടൈൽ കാറ്റക്കോൾ (para tertiary butyl catechol)
ഗുജറാത്തിലെ ദമനിൽ നിന്നും വിശാഖപട്ടണത്തേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുന്നു. വൻതോതിൽ പോളിമർ ഉത്പാദനം നടക്കുന്ന വിശാഖപട്ടണം വ്യവസായ മേഖലയിൽ അപകടഘട്ടത്തിൽ വിഷവാതകം നിർവ്വീര്യമാക്കുന്നതിന് ആവശ്യമായ രാസവസ്തുക്കൾ പോലും സംഭരിച്ചുവെച്ചിട്ടില്ലെന്ന വസ്തുതയാണ് ഇതിലൂടെ വെളിപ്പെടുന്നത്!! കമ്പനി ഉടമകളും അധികാരികളും ജനങ്ങളുടെ സുരക്ഷയ്ക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്നതിന്റെ സൂചനകൂടിയാണ്.

Comments