പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചുള്ള പൊതുസംവാദങ്ങൾ പലപ്പോഴും ആരംഭിക്കുന്നത് പ്രകൃതിയെ സംരക്ഷിക്കുന്നവർ സമൂഹത്തിന്റെ ഒരു ചേരിയിലും നശിപ്പിക്കുന്നവർ മറുചേരിയിലുമാണ് എന്ന ലളിതമായ ദ്വന്ദ്വയുക്തിയിൽ നിന്നുമാണ്. എന്നാൽ സമകാലിക ഇന്ത്യയിലെ പരിസ്ഥിതി സംഘർഷങ്ങളെ സംബന്ധിച്ചുള്ള വ്യവഹാരങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അവ ഈ ദ്വന്ദ്വത്തെ കൃത്യമായി മറികടക്കുന്നതായി കാണാൻ സാധിക്കും.
ഇന്ന് പ്രകൃതി സംരക്ഷിക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും ഒരേ വികസനമാതൃകകളുടെയും ഭരണകൂട യുക്തിയുടെയും ഭാഗമായാണ്. അത്തരമൊരു ഭരണകൂട യുക്തിയുടെ കാലത്ത് ആരുടെ പ്രകൃതിയാണ് സംരക്ഷിക്കപ്പെടുന്നത്? ആരുടെ പ്രകൃതിയാണ് വികസനത്തിനായി ചൂഷണം ചെയ്യപ്പെടുന്നത്? ഈ വിവേചനങ്ങൾ എങ്ങനെയാണ് ന്യായീകരിക്കപ്പെടുന്നത്? എന്ന ചോദ്യങ്ങൾ ഏറെ പ്രസക്തമാണെന്ന് കരുതുന്നു.
ഇന്ത്യയിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി നിലനിൽക്കുന്ന പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (Ecologically Sensitive Area – ESA) ബന്ധപ്പെട്ട പ്രതിസന്ധികൾ ഈ ചോദ്യങ്ങളെ വ്യക്തമായി ഉന്നയിക്കാൻ കെൽപ്പുള്ളവയാണ്.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും കസ്തൂരിരംഗൻ റിപ്പോർട്ടും തുടർന്നുള്ള ആറു കരട് വിജ്ഞാപനങ്ങളും ഒടുവിൽ ഏഴാമത്തെ കരട് വിജ്ഞാപനവും പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ആവർത്തിച്ച് മുന്നോട്ടുവെക്കുന്നുണ്ട്. പശ്ചിമഘട്ടം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിലൊന്നാണ്. 1600 കിലോമീറ്ററോളം നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പർവതനിര ദക്ഷിണേന്ത്യയുടെ ജലസുരക്ഷയുടെയും കാലാവസ്ഥാ സ്ഥിരതയുടെയും ജൈവവൈവിധ്യത്തിന്റെയും അടിത്തറയാണ്. അതേസമയം ഇത് ജനവാസരഹിതമായ വനപ്രദേശം മാത്രമല്ല; കൃഷിയും തോട്ടവിളകളും ചെറുപട്ടണങ്ങളും ഗ്രാമങ്ങളും ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവനവും പശ്ചിമഘട്ടവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഓരോ നയവും ഒരേസമയം പരിസ്ഥിതിയെയും ഉപജീവനത്തെയും സാമൂഹിക നീതിയെയും സ്പർശിക്കുന്നത്.
ഗാഡ്ഗിൽ മുതൽ
ഏഴാം കരട് വിജ്ഞാപനം വരെ
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചുള്ള സമകാലിക ചർച്ചകൾ ആരംഭിക്കുന്നത് 2011-ൽ സമർപ്പിക്കപ്പെട്ട മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (WGEEP) റിപ്പോർട്ടിലൂടെയാണ്. പശ്ചിമഘട്ടത്തിന്റെ വലിയൊരു ഭാഗം പരിസ്ഥിതിലോലമേഖലയായി പ്രഖ്യാപിക്കണമെന്നും വികേന്ദ്രീകൃത പരിസ്ഥിതി ഭരണം ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു. ഈ റിപ്പോർട്ടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് 2012-ൽ കസ്തൂരിരംഗൻ സമിതി രൂപീകരിക്കപ്പെട്ടു. ഈ സമിതി ഉപഗ്രഹചിത്രങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ടും പ്രകൃതിദത്ത ഭൂപ്രദേശങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടും സംരക്ഷിക്കപ്പെടേണ്ട പ്രദേശത്തിന്റെ വിസ്തൃതി ചുരുക്കിക്കൊണ്ടും 2013-ൽ റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. 2014 മുതൽ കേന്ദ്ര സർക്കാർ തുടർച്ചയായി കരട് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചുവരുന്നു.
ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ഏഴാം കരട് പ്രകാരം ഏകദേശം 56,825 ചതുരശ്ര കിലോമീറ്റർ പ്രദേശം ESA ആയി പ്രഖ്യാപിക്കാനുള്ള നിർദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിൽ കേരളത്തിൽ മാത്രം 131 വില്ലേജുകളിലായി നിരവധി ജനവാസകേന്ദ്രങ്ങളുൾപ്പെടെ ഏകദേശം 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ESA ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരള സർക്കാർ കൂടുതൽ ജനവാസ മേഖലകൾ ഒഴിവാക്കിക്കൊണ്ടുള്ള സംരക്ഷണ മേഖല എന്ന നിർദേശമാണ് ഇപ്പോൾ കേന്ദ്രസർക്കാരിന്റെ മുന്നിൽ വച്ചിരിക്കുന്നത്.

ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ പൊതുചർച്ചകളിൽ ESA വിവാദം പലപ്പോഴും ‘പരിസ്ഥിതി സംരക്ഷകർ’ v/s ‘വികസനവാദികൾ’ എന്ന ലളിതമായ വിഭജനമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ യാഥാർഥ്യം അതിനേക്കാൾ സങ്കീർണ്ണമാണ്. പശ്ചിമഘട്ടത്തിലെ മലയോര കർഷകർ ഉന്നയിക്കുന്ന ആശങ്കകൾ എല്ലാം പരിസ്ഥിതി വിരുദ്ധമാണെന്ന് പറയാനാവില്ല. അവയിൽ പലതും സംരക്ഷണത്തിന്റെ ഭാരവും വികസനത്തിന്റെ നേട്ടവും സമൂഹത്തിൽ എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്നതുമായി ബന്ധപ്പെട്ടവയാണ്. കേരളത്തിലെ മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് ESA ഒരു സൈദ്ധാന്തിക പ്രശ്നമല്ല. അത് അവരുടെ ഭൂമിയുടെ ഭാവിയും കൃഷിയും വീടും മക്കളുടെ വിദ്യാഭ്യാസവും ബാങ്ക് വായ്പകളും ഉപജീവനവുമെല്ലാമായി ബന്ധപ്പെട്ട ആശങ്കകളാണ്. അതുകൊണ്ടുതന്നെ അവരുടെ ആശങ്കകളെ വെറും “പരിസ്ഥിതി വിരുദ്ധത”യായി വായിക്കാൻ കഴിയില്ല.
കാരണം പശ്ചിമഘട്ടത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ വനമേഖലകളുടെ അരികിൽ താമസിക്കുന്ന ചെറുകിട, ഇടത്തരം കർഷകരാണ്. കുടിയേറ്റത്തിലൂടെ രൂപപ്പെട്ട ഈ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പ്രധാന ആസ്തി ഭൂമിയാണ്. ഭൂമി ഉൽപാദന ഉപാധി മാത്രമല്ല; ബാങ്ക് വായ്പകൾക്കുള്ള ഈടും മക്കളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും വിവാഹച്ചെലവുകൾക്കുമായി ആശ്രയിക്കുന്ന സാമ്പത്തിക സുരക്ഷാകവചവുമാണ്. ESA സംബന്ധിച്ച അനിശ്ചിതത്വം ഭൂമിയുടെ വിപണി മൂല്യത്തെ ബാധിക്കുമെന്ന ആശങ്ക അതുകൊണ്ടുതന്നെ ശക്തമാണ്. ESA ഗ്രാമങ്ങളിലെ ഭൂമി ഭാവിയിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് വിധേയമാകുമെന്ന ധാരണതന്നെ ഭൂമിയുടെ വിൽപ്പന, വായ്പ ലഭ്യത, നിക്ഷേപ സാധ്യതകൾ എന്നിവയെ ബാധിക്കുമെന്ന ഭയമുണ്ടാക്കുന്നു. ESA കരടുകളിൽ കൃഷി പൂർണമായും നിരോധിക്കുന്നില്ലെന്ന് കൃത്യമായി പറയുന്നുണ്ടെങ്കിലും ഭാവിയിൽ ഭൂവിനിയോഗ നിയന്ത്രണങ്ങൾ വ്യാപിക്കുമോ, റോഡ് വികസനങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും അധിക അനുമതികൾ ആവശ്യമായി വരുമോ, ഭൂമിയുടെ വിപണിമൂല്യം കുറയുമോ എന്ന ആശങ്കയാണ് ജനങ്ങൾക്കിടയിൽ ശക്തമായിരിക്കുന്നത്.
“പരിസ്ഥിതി നീതി”യുടെ (Environmental Justice) ചട്ടക്കൂടിൽ നിന്നുകൊണ്ട് ESA-യുമായി ബന്ധപ്പെട്ട ചർച്ചകളെ സമീപിക്കുമ്പോൾ മലയോര കർഷകർ ഉന്നയിക്കുന്ന ആശങ്കകളിലെ നീതിയുടെ പ്രശ്നം കുറേക്കൂടി വ്യക്തമാകും. പരിസ്ഥിതിനാശത്തിന്റെ ദോഷഫലങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും ഒരുപോലെ ബാധിക്കുന്നില്ല എന്നതുപോലെതന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാരവും എല്ലാവരിലും ഒരുപോലെ വിതരണം ചെയ്യപ്പെടുന്നില്ല. പശ്ചിമഘട്ട സംരക്ഷണത്തിൽനിന്ന് രാജ്യത്തിനാകെ പ്രയോജനം ലഭിച്ചാലും അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാരം പ്രധാനമായും ചില മലയോര സമൂഹങ്ങൾ മാത്രമാണ് വഹിക്കേണ്ടിവരുന്നത്. അങ്ങനെ വരുമ്പോൾ ESA ഒരു ജൈവവൈവിധ്യ പ്രശ്നം മാത്രമല്ല; അത് സാമൂഹിക നീതിയുടെയും വിഭവ വിതരണത്തിന്റെയും പ്രശ്നം കൂടിയാണ്. അതുകൊണ്ടുതന്നെ ESA-യെക്കുറിച്ചുള്ള ചർച്ച “വനം സംരക്ഷിക്കണോ വേണ്ടയോ?” എന്നതിൽ ഒതുങ്ങി നിൽക്കുന്നില്ല; മറിച്ച്, “സംരക്ഷണത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഭാരം എങ്ങനെ പൊതുസമൂഹത്തിനിടയിൽ ന്യായമായി പങ്കിടാം?” എന്നതിലേക്കുകൂടി വ്യാപിക്കേണ്ട ഒന്നാണ്.

ഗാഡ്ഗിൽ റിപ്പോർട്ടിൽനിന്ന് കസ്തൂരിരംഗൻ റിപ്പോർട്ടിലേക്കും തുടർന്ന് ഏഴ് കരട് വിജ്ഞാപനങ്ങളിലേക്കും നീങ്ങിയിട്ടും ESA വിവാദം അവസാനിക്കാത്തതിന്റെ കാരണം, ESA നിർണയത്തിലെ സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണെന്ന് കരുതാനാവില്ല. ഓരോ പുതിയ കരടും ചില പ്രദേശങ്ങളെ ഒഴിവാക്കുകയും അതിരുകൾ പുനർനിർവചിക്കുകയും ചെയ്തെങ്കിലും തർക്കത്തിന്റെ അടിസ്ഥാനകാരണം പരിഹരിക്കപ്പെട്ടില്ല. പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസത്തേക്കാൾ കൂടുതൽ, സംരക്ഷണത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഭാരം ആരാണ് വഹിക്കേണ്ടത് എന്ന ചോദ്യമാണ് തർക്കത്തിന്റെ കേന്ദ്രത്തിൽ തുടരുന്നത്. ഇതോടൊപ്പം മറ്റൊരു പ്രശ്നം പ്രതിനിധാനത്തിന്റേതുമാണ്. ഗാഡ്ഗിൽ റിപ്പോർട്ടിനെയും കസ്തൂരിരംഗൻ റിപ്പോർട്ടിനെയും കുറിച്ചുള്ള പൊതുചർച്ചകളിൽ മലയോര ജനവിഭാഗങ്ങൾ പലപ്പോഴും തങ്ങളുടെ അനുഭവങ്ങൾക്കും ആശങ്കകൾക്കും മതിയായ പരിഗണന ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള മേഖലാ നിർണയം ജനങ്ങളുടെ ജീവിത യാഥാർഥ്യങ്ങളെയും സങ്കീർണതകളെയും ഉൾക്കൊള്ളാൻ കെൽപ്പുള്ളവയല്ല. സാമൂഹികമായോ സാമ്പത്തികമായോ വൈകാരികമായോ മനുഷ്യർക്ക് അവരുടെ പരിസ്ഥിതിയുമായുള്ള ബന്ധം മനസ്സിലാക്കുന്നതിന് ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ചുള്ള വിശകലനങ്ങൾ അപര്യാപ്തമാണ്. ഇത് ESA-യിൽ ജനവാസ കേന്ദ്രങ്ങളുടെ ഉൾപ്പെടുത്തലിനെച്ചൊല്ലിയും ഭൂവിനിയോഗ യാഥാർഥ്യങ്ങളെച്ചൊല്ലിയുമുള്ള തർക്കങ്ങൾ തുടരാൻ കാരണമായതായി കാണാം.
ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മറ്റൊരു പ്രധാന ഘടകമാണ്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ വിസ്തൃതവും ജനവാസരഹിതവുമായ വനമേഖലകളല്ല കേരളത്തിലെ പശ്ചിമഘട്ടത്തിലുള്ളത്. വനവും കൃഷിയും ജനവാസസ്ഥലങ്ങളും പരസ്പരം ഇടകലർന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്. അതുകൊണ്ടുതന്നെ കേരളത്തിൽ സംരക്ഷണ മേഖലകളുടെ അതിരുകൾ നിർണയിക്കാനുള്ള ഓരോ ശ്രമങ്ങളും ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തോടൊപ്പം ഭൂമിയുടെയും ഉപജീവനത്തിന്റെയും പൗരാവകാശങ്ങളുടെയും ചോദ്യങ്ങളായി മാറുന്നു.
ഇന്ത്യൻ പരിസ്ഥിതി നയത്തിന്റെ വൈരുധ്യങ്ങൾ
ESA വിവാദത്തെ വിശാലമായ ഇന്ത്യയുടെ പാരിസ്ഥിതിക നയത്തിന്റെ പശ്ചാത്തലത്തിൽ വായിക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വൈരുദ്ധ്യം വ്യക്തമാവുന്നു. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന നിലപാടിൽ പൊതുവെ എതിരഭിപ്രായങ്ങൾ ഇല്ലാതിരിക്കുമ്പോഴും ചില ചോദ്യങ്ങൾ ഉയരുന്നു: ആരാണ് സംരക്ഷിക്കപ്പെടേണ്ട പ്രകൃതിയെയും നശിപ്പിക്കപ്പെടേണ്ട പ്രകൃതിയെയും വേർതിരിക്കുന്നത്?
എന്ത് മാനദണ്ഡപ്രകാരമാണ് ഒരു പാരിസ്ഥിതിക മേഖല സംരക്ഷിതമേഖലയായും മറ്റൊന്ന് വിഭവചൂഷണത്തിനുള്ള മേഖലയായും മാറുന്നത്?
പശ്ചിമഘട്ട സംരക്ഷണത്തിനായി വാദിക്കുന്ന അതേ ഭരണകൂടം തന്നെയാണ് ജൈവവൈവിധ്യ കലവറയായ ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ നിത്യഹരിതവനങ്ങൾ നശിപ്പിച്ച് വൻകിട വികസന പദ്ധതികൾ ആവിഷ്കരിച്ചതും മധ്യ ഇന്ത്യയിലെ ഹസ്ദിയോ അറന്ദിൽ വനം നശിപ്പിച്ചുകൊണ്ടുള്ള കൽക്കരിഖനനം പ്രോത്സാഹിപ്പിക്കുന്നതും. ഒരു വശത്ത് പരിസ്ഥിതിസംരക്ഷണത്തിന്റെ പേരിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോൾത്തന്നെ മറുവശത്ത് വൻ മൂലധന നിക്ഷേപം ലക്ഷ്യമിട്ടുകൊണ്ടുള്ള വനനശീകരണത്തിനും വിഭവചൂഷണത്തിനും അതേ ഭരണകൂടം തന്നെ അനുമതി നൽകുന്നു.

ഹസ്ദിയോ അറന്ദ്
പശ്ചിമഘട്ടത്തിലെ ESA വിവാദം പരിസ്ഥിതി സംരക്ഷണത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഭാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെങ്കിൽ, ഹസ്ദിയോ അറന്ദ് മുന്നോട്ടുവെക്കുന്ന ചോദ്യം എന്തുകൊണ്ടാണ് ഞങ്ങളുടെ വനമേഖല അതിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെയും സാമൂഹിക പ്രാധാന്യത്തെയും പരിഗണിക്കാതെ കൽക്കരി ഖനികൾക്കായി തുറന്നുകൊടുത്തത് എന്നുള്ളതാണ്.
ഛത്തീസ്ഗഢിലെ സർഗുജ, സൂരജ്പുർ, കോർബ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഹസ്ദിയോ അറന്ദ് മധ്യ ഇന്ത്യയിലെ ഏറ്റവും വലിയ വിഘടിക്കപ്പെടാത്ത (unfragmented) വനമേഖലകളിലൊന്നാണ്. ഗോണ്ട്, ഓറോൺ, കോർവ, പാണ്ഡോ, കൻവർ തുടങ്ങിയ ആദിവാസി സമൂഹങ്ങളുടെ ഉപജീവനവുമായി ഈ വനത്തിന് അഭേദ്യബന്ധമുണ്ട്. വനോല്പന്ന ശേഖരണം, ചെറുകിട കൃഷി, വനത്തെ ആശ്രയിച്ചുള്ള ഉപജീവനരീതികൾ എന്നിവയാണ് ഇവിടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ. പരിസ്ഥിതിശാസ്ത്രപരമായി നോക്കിയാലും ഹസ്ദിയോ അറന്ദ് അസാധാരണ പ്രാധാന്യമുള്ള പ്രദേശമാണ്.
ആനകളുടെ സഞ്ചാരപാതകൾ, കടുവകളുടെ ആവാസകേന്ദ്രങ്ങൾ, വലിയ അളവിലുള്ള കാർബൺ സംഭരണശേഷി, ജലസംരക്ഷണ സാധ്യതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഈ പ്രദേശം ഇന്ത്യയിലെ പ്രധാന വനപരിസ്ഥിതികളിലൊന്നായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഹസ്ദിയോ അറന്ദിന്റെ വിധി നിർണയിച്ചത് അവിടത്തെ ജൈവവൈവിധ്യമോ പാരിസ്ഥിതിക മൂല്യമോ അല്ല, മറിച്ച് ആ വനം നിലനിൽക്കുന്ന പ്രദേശത്തെ കൽക്കരി നിക്ഷേപങ്ങളുടെ സാമ്പത്തിക മൂല്യമാണ്. ഇന്ത്യയിലെ പ്രധാന കൽക്കരി ശേഖരങ്ങളിലൊന്ന് ഈ വനമേഖല ഉൾപ്പെടുന്ന പ്രദേശത്താണുള്ളത്. അതുകൊണ്ടുതന്നെ ഇവിടത്തെ വനം സംരക്ഷിക്കപ്പെടേണ്ട ഒരു പ്രദേശം എന്ന നിലയിൽ നിന്ന് ഊർജവിഭവങ്ങൾക്കായി ഉപയോഗിക്കേണ്ട മേഖല എന്ന് പുനർനിർവചിക്കപ്പെട്ടു.
ഹസ്ദിയോ അറന്ദിന്റെ പരിസ്ഥിതി മൂല്യം പശ്ചിമഘട്ടത്തേക്കാൾ കുറവായതുകൊണ്ടല്ല അവിടം സംരക്ഷിക്കപ്പെടാത്തത്. മറിച്ച്, ഭരണകൂടത്തിന്റെയും മൂലധന ശക്തികളുടെയും കാഴ്ചപ്പാടിൽ ഹസ്ദിയോ അറന്ദിന്റെ പാരിസ്ഥിതിക മൂല്യം അവിടെനിന്ന് ഖനനം ചെയ്തെടുക്കാവുന്ന കൽക്കരിയുടെ സാമ്പത്തിക മൂല്യത്തേക്കാൾ ഒരുപാട് താഴെയാണ് എന്നതാണ്. വനങ്ങളെയും പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളെയും വിഭവചൂഷണത്തിന്റെ ഇടങ്ങളാക്കി മുതലാളിത്ത വ്യവസ്ഥയുടെ ശൃംഖലയിലേക്ക് ബന്ധിപ്പിക്കുന്ന ഈ പരിവർത്തനം ഒരു സാമ്പത്തിക പ്രക്രിയ മാത്രമല്ല, അത് ഒരു രാഷ്ട്രീയ പ്രക്രിയ കൂടിയാണ്.

ഗ്രേറ്റ് നിക്കോബാർ
ഹസ്ദിയോ അറന്ദ് ഇന്ത്യയിലെ ആഭ്യന്തര വിഭവചൂഷണത്തിന്റെ പ്രതീകമാണെങ്കിൽ, ഗ്രേറ്റ് നിക്കോബാർ നവലിബറൽ കാലഘട്ടത്തിൽ ആഗോളവൽക്കരിക്കപ്പെട്ട പാരിസ്ഥിതിക മേഖല നേരിടുന്ന വികസന പ്രതിസന്ധിയുടെ പ്രതീകമാണ്.
സമീപകാല ഇന്ത്യയിലെ ഏറ്റവും വിവാദപരമായ വികസന പദ്ധതികളിലൊന്നാണ് ഗ്രേറ്റ് നിക്കോബാർ മെഗാ പ്രോജക്ട്. ഏകദേശം 75,000–81,000 കോടി രൂപ ചെലവിൽ വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയിൽ അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം, ടൗൺഷിപ്പ്, ഗ്യാസ്-സോളാർ വൈദ്യുത നിലയം എന്നിവ ഉൾപ്പെടുന്നു. പദ്ധതി ആകെ 166.10 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതിൽ 130.75 ചതുരശ്ര കിലോമീറ്റർ നിത്യഹരിത മഴക്കാടുകളാണ്. സർക്കാർ രേഖകൾ പ്രകാരം ഈ വനമേഖലയിൽ ഏകദേശം 18.65 ലക്ഷം മരങ്ങളുണ്ട്. അതിൽ പരമാവധി 7.11 ലക്ഷം മരങ്ങൾ ഘട്ടംഘട്ടമായി വെട്ടിമാറ്റപ്പെടാമെന്നാണ് കണക്ക്. അതേസമയം 65.99 ചതുരശ്ര കിലോമീറ്റർ പ്രദേശം ‘ഗ്രീൻ ഡെവലപ്മെന്റ് ഏരിയ’ ആയി നിലനിർത്തുമെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ ഗ്രേറ്റ് നിക്കോബാറിന്റെ പ്രാധാന്യം മരങ്ങളുടെ എണ്ണത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ റിസർവ് യുനെസ്കോയുടെ Man and Biosphere പദ്ധതിയുടെ ഭാഗമായി അംഗീകരിക്കപ്പെട്ട പ്രദേശമാണ്. ഈ പ്രദേശം നിക്കോബാർ മെഗാപോഡ്, നിക്കോബാർ ക്രാബ്-ഈറ്റിംഗ് മക്കാക്, ലെതർബാക്ക് കടലാമ, നിരവധി അപൂർവ ഉഭയജീവികൾ, ഉരഗങ്ങൾ, സസ്യവർഗങ്ങൾ എന്നിവയുടെ ആവാസവ്യവസ്ഥ കൂടിയാണ്. കൂടാതെ ബാഹ്യലോകവുമായി പരിമിതമായ ബന്ധമുള്ള ഷോംപെൻ ഗോത്രവിഭാഗത്തിന്റെ ജീവിതലോകവും ഈ പ്രദേശത്തോടാണ് ബന്ധപ്പെട്ടു കിടക്കുന്നത്.
എന്നാൽ എന്തുകൊണ്ടാണ് ഇത്രയും പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രദേശം വനനശീകരണത്തിനും വികസനത്തിനുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടാവുക? ഉത്തരം ഈ പ്രദേശത്തിന്റെ പരിസ്ഥിതിക മൂല്യത്തിലോ ധാതുസമ്പത്തിന്റെ സാധ്യതയിലോ അല്ല. മറിച്ച് ലോക വ്യാപാര ഭൂപടത്തിൽ ഈ പ്രദേശത്തിന്റെ സ്ഥാനം കൊണ്ടാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന കപ്പൽപ്പാതകൾക്ക് സമീപമുള്ള ഇതിന്റെ സ്ഥാനം, മലാക്ക കടലിടുക്കിനോടുള്ള സാമീപ്യം, അന്താരാഷ്ട്ര വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് വർധിപ്പിക്കാനുള്ള സാധ്യതകൾ എന്നിവയാണ് ഗ്രേറ്റ് നിക്കോബാറിനെ ഒരു "സ്ട്രാറ്റജിക് മാരിടൈം ഹബ്" ആയി മാറ്റുന്നത്. സർക്കാർ രേഖകളും പദ്ധതിയുടെ പ്രാധാന്യത്തെ ന്യായീകരിക്കുന്ന രേഖകളും ദേശീയ സമുദ്രവ്യാപാര സാധ്യതയോടൊപ്പം ദേശീയ സുരക്ഷയും മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഇവിടെ ഹെൻറി ലെഫെബ്രെയുടെ ഇടത്തിന്റെ ഉത്പാദനം എന്ന ആശയം പ്രസക്തമാകുന്നു. ഗ്രേറ്റ് നിക്കോബാർ ഒരു പ്രകൃതിദത്ത ദ്വീപ് മാത്രമല്ല, അത് ഒരു പുതിയ സാമ്പത്തിക-ഭൂരാഷ്ട്രീയ ഇടമായി പുനർനിർമിക്കപ്പെടുകയാണ്. ഒരു ബയോസ്ഫിയർ റിസർവ് ആഗോള വ്യാപാരകേന്ദ്രമായി പുനർസങ്കൽപ്പിക്കപ്പെടുന്നു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു വനമേഖലയെ സാമ്പത്തിക വികസനത്തിനുള്ള അടിസ്ഥാനസൗകര്യമായി പരിവർത്തനം ചെയ്യപ്പെടുന്നു.
ഈ മൂന്ന് സംഭവങ്ങളെയും ഒരുമിച്ച് വായിക്കുമ്പോൾ ഒരു നിർണായക രാഷ്ട്രീയ ചോദ്യം ഉയരുന്നു: എല്ലാ പാരിസ്ഥിതിക പ്രദേശങ്ങൾക്കും ഒരേ സംരക്ഷണ മാനദണ്ഡമാണോ ബാധകമാകുന്നത്? അല്ലെങ്കിൽ ഒരു പ്രദേശത്തിന്റെ ഭാവി നിർണയിക്കുന്നത് ആ പ്രദേശത്തിന്റെ പരിസ്ഥിതികമോ, ജൈവവൈവിധ്യപരമോ ആയ പ്രാധാന്യമാണോ അതോ അതിന്റെ സാമ്പത്തികവും ജിയോപൊളിറ്റിക്കലുമായ സാധ്യതകളാണോ? ഈ വൈരുദ്ധ്യം യാദൃച്ഛികമോ ഭരണതലത്തിൽ സാങ്കേതികമായി സംഭവിച്ചേക്കാവുന്ന നയപരമായ പൊരുത്തക്കേടോ അല്ല. ഇത് സമകാലിക ഇന്ത്യയിൽ പ്രകൃതി, വികസനം, മൂലധനം, ഭരണകൂടം എന്നിവ തമ്മിലുള്ള ബന്ധങ്ങളിൽ രൂപപ്പെടുന്ന അടിസ്ഥാന വൈരുദ്ധ്യങ്ങളാണ്. ഈ വൈരുദ്ധ്യമാവട്ടെ പ്രകൃതിയെ ചിലയിടങ്ങളിൽ സംരക്ഷിക്കുകയും മറ്റിടങ്ങളിൽ ചരക്കുവൽക്കരിക്കുകയും ചെയ്യുന്ന നവലിബറൽ പരിസ്ഥിതി ഭരണത്തിന്റെ പ്രകടനവുമാണ്.

നവലിബറൽ പരിസ്ഥിതി ഭരണം:
സംരക്ഷണവും ചരക്കുവൽക്കരണവും
1990-കൾക്കുശേഷം ആഗോളതലത്തിൽ രൂപംകൊണ്ട നവലിബറൽ വികസന മാതൃക സാമ്പത്തിക നയങ്ങളെ മാത്രമല്ല, പരിസ്ഥിതി ഭരണത്തിന്റെ സ്വഭാവത്തിലും അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിയതായി കാണാം. പരമ്പരാഗത പരിസ്ഥിതി ഭരണത്തിൽ രാഷ്ട്രം നേരിട്ടുള്ള നിയന്ത്രണങ്ങളിലൂടെയും നിയമങ്ങളിലൂടെയും പ്രകൃതിയെ സംരക്ഷിക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാൽ നവലിബറൽ കാലഘട്ടത്തിൽ മുതലാളിത്ത വികസനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭരണകൂടങ്ങൾ നിരന്തരം പുതിയ ലാഭമേഖലകൾ തേടിക്കൊണ്ടിരിക്കും. പൊതുവിഭവങ്ങൾ, വനങ്ങൾ, ആദിവാസി ഭൂമികൾ, തീരപ്രദേശങ്ങൾ തുടങ്ങിയവയെ സ്വകാര്യ മൂലധന സമാഹരണത്തിന്റെ പുതിയ മേഖലകളായി മാറ്റുന്നത് ഇതിന്റെ തുടർച്ചയിലാണ്. ഹസ്ദിയോ അറന്ദിലോ ഗ്രേറ്റ് നിക്കോബാറിലോ സംഭവിക്കുന്നത് വെറും വികസന പദ്ധതികളല്ല. അവ പ്രകൃതിയെയും പൊതുവിഭവങ്ങളെയും പുതിയ സാമ്പത്തിക മൂല്യശൃംഖലകളിലേക്ക് ഉൾപ്പെടുത്തുന്ന പ്രക്രിയകളാണ്. വനം കൽക്കരി ഖനികളായി മാറുന്നതും തീരപ്രദേശങ്ങൾ വൻകിട തുറമുഖങ്ങളായി മാറുന്നതും ആദിവാസി ഭൂമി വ്യാവസായിക നിക്ഷേപമേഖലകളായി മാറുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ഈ പരിവർത്തനങ്ങളെല്ലാം പൊതുനന്മയ്ക്കുതകുന്ന വികസനങ്ങളാണ് എന്ന ബോധനിർമിതിയാണ് ഭരണകൂടങ്ങളും സ്വകാര്യ മൂലധന ശക്തികളും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ "വികസനങ്ങളുടെ" യഥാർത്ഥ നേട്ടങ്ങളും കോട്ടങ്ങളും ആരാണ് അനുഭവിക്കുന്നത് എന്ന ചോദ്യം പാരിസ്ഥിതിക മാറ്റങ്ങളെയും സംരക്ഷണത്തെയും സംബന്ധിക്കുന്ന ചർച്ചകളിൽ അവസാനിക്കാത്ത തർക്കമായി തുടരുകയും ചെയ്യുന്നു.
നവലിബറൽ കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം വിപണി യുക്തികളുമായി സംയോജിപ്പിക്കപ്പെടുകയും പ്രകൃതിയെ സംരക്ഷിക്കപ്പെടേണ്ട ഒരു പൊതുവിഭവമായി കാണുന്നതിനുപകരം, മൂല്യം കണക്കാക്കാനും വില നിശ്ചയിക്കാനും കൈമാറ്റം ചെയ്യാനും കഴിയുന്ന സാമ്പത്തിക ആസ്തിയായി പുനർനിർവചിക്കുകയും ചെയ്യുന്നു. നവലിബറൽ പരിസ്ഥിതി ഭരണം പൊതുവിൽ പ്രകൃതിയെ രണ്ടുതരത്തിൽ കൈകാര്യം ചെയ്യുന്നതായിക്കാണാം. ഒരു വശത്ത് ജൈവവൈവിധ്യം, കാർബൺ ശേഖരണം, പരിസ്ഥിതി സേവനങ്ങൾ (ecosystem services), പ്രകൃതി മൂലധനം (natural capital) തുടങ്ങിയ ആശയങ്ങളിലൂടെ ചില പ്രദേശങ്ങളെ സംരക്ഷിക്കപ്പെടേണ്ട പരിസ്ഥിതികളായി അവതരിപ്പിക്കുന്നു. അതിനാവശ്യമായ "ശാസ്ത്രീയ" തെളിവുകളും ജ്ഞാനനിർമിതിയും നടത്തുന്നു. മറുവശത്ത് ഖനനം, തുറമുഖങ്ങൾ, വ്യവസായ ഇടനാഴികൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, വൻകിട അടിസ്ഥാനസൗകര്യ പദ്ധതികൾ എന്നിവയ്ക്കായി മറ്റ് പ്രദേശങ്ങളെ വിപണിയുടെ ഭാഗമാക്കുകയും ചരക്കുവൽക്കരിക്കുകയും ചെയ്യുന്നു. അതായത് പ്രകൃതി ഒരേസമയം "സംരക്ഷിക്കപ്പെടേണ്ട വിഭവം" എന്നും "ചൂഷണം ചെയ്യപ്പെടേണ്ട വിഭവം" എന്നും സൗകര്യാർത്ഥം നിർവചിക്കുകയും പുനർനിർവചിക്കുകയും ചെയ്യുന്നു. വനങ്ങളോ ഖനികളോ തീരപ്രദേശങ്ങളോ തുറമുഖങ്ങളോ ഒന്നും സ്വാഭാവികമായി രൂപപ്പെടുകയും നിലനിൽക്കുകയും ചെയ്യുന്ന ഭൂമിശാസ്ത്ര പ്രദേശങ്ങളല്ല; അവ സാമൂഹികമായി നിർമ്മിക്കപ്പെടുന്നവയാണ്. പശ്ചിമഘട്ടം, ഹസ്ദിയോ അറന്ദ്, ഗ്രേറ്റ് നിക്കോബാർ എന്നിവ വ്യത്യസ്ത രീതികളിൽ വ്യത്യസ്ത സങ്കൽപ്പങ്ങളായി നിർമ്മിക്കപ്പെട്ട രാഷ്ട്രീയ സ്ഥലങ്ങളാണ്. പശ്ചിമഘട്ടം ഒരു ‘സംരക്ഷിക്കപ്പെടേണ്ട പരിസ്ഥിതി’യായി അവതരിപ്പിക്കപ്പെടുന്നു. ഹസ്ദിയോ അറന്ദ് ചൂഷണം ചെയ്യപ്പെടേണ്ട ഒരു ‘ഊർജവിഭവ മേഖല’യായി പുനർനിർവചിക്കപ്പെടുന്നു. ഗ്രേറ്റ് നിക്കോബാർ ഒരു ‘ആഗോള വ്യാപാര-പ്രതിരോധ ഹബ്’ ആയി സങ്കൽപ്പിക്കപ്പെടുന്നു. ഈ വർഗീകരണങ്ങളും സങ്കൽപ്പനങ്ങളും നിഷ്പക്ഷമല്ല. അവ ഭരണകൂടത്തിന്റെ വികസന കാഴ്ചപ്പാടുകളുടെയും സാമ്പത്തിക മുൻഗണനകളുടെയും മൂലധന താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്നവയാണ്.
പശ്ചിമഘട്ട ESA വിവാദം വനസംരക്ഷണത്തിന്റെ ഒരു സാങ്കേതിക പ്രശ്നമല്ല. അതുപോലെ അത് പരിസ്ഥിതി സംരക്ഷകരും വികസനവാദികളും തമ്മിലുള്ള ലളിതമായ ഒരു സംഘർഷവുമല്ല. സംരക്ഷണത്തിന്റെ ആവശ്യകതയെ ആരും ഗൗരവമായി നിഷേധിക്കുന്നില്ല. എന്നാൽ സംരക്ഷണത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഭാരം ആരാണ് വഹിക്കേണ്ടത് എന്ന ചോദ്യമാണ് വിവാദത്തിന്റെ കേന്ദ്രത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ESA-യെക്കുറിച്ചുള്ള ചർച്ച ജൈവവൈവിധ്യത്തിന്റെ ശാസ്ത്രത്തിൽ മാത്രം ഒതുങ്ങുന്നില്ല; അത് ഭൂമിയുടെ ഉടമസ്ഥതയെയും ഉപജീവന സുരക്ഷയെയും വിഭവങ്ങളുടെ നിയന്ത്രണത്തെയും സാമൂഹിക നീതിയെയും സംബന്ധിക്കുന്ന ചോദ്യമായി മാറുന്നു.

ഹസ്ദിയോ അറന്ദും ഗ്രേറ്റ് നിക്കോബാറും പശ്ചിമഘട്ടവും ഒരുമിച്ച് വായിക്കുമ്പോൾ സമകാലിക ഇന്ത്യയിലെ പരിസ്ഥിതിഭരണത്തിന്റെ ഒരു അടിസ്ഥാന വൈരുദ്ധ്യം കൂടുതൽ വ്യക്തമായി കാണാം. ചില പ്രകൃതിദത്ത പ്രദേശങ്ങൾ സംരക്ഷിക്കപ്പെടേണ്ട പരിസ്ഥിതികളായി പ്രഖ്യാപിക്കപ്പെടുമ്പോൾ മറ്റു ചില പ്രദേശങ്ങൾ ഖനനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും ആഗോള മൂലധന നിക്ഷേപങ്ങൾക്കും വേണ്ടി മാറ്റിവയ്ക്കപ്പെടുന്നു. ഈ വ്യത്യാസം പ്രകൃതിയുടെ അന്തർലീനമായ പാരിസ്ഥിതിക മൂല്യത്തെ മാത്രം അടിസ്ഥാനമാക്കിയല്ല നിർണയിക്കപ്പെടുന്നത്; മറിച്ച് രാഷ്ട്രീയ-സാമ്പത്തിക മുൻഗണനകളും വികസന സങ്കൽപ്പങ്ങളും ജിയോപൊളിറ്റിക്കൽ താൽപര്യങ്ങളും അതിനെ രൂപപ്പെടുത്തുന്നു.
അതുകൊണ്ടുതന്നെ പശ്ചിമഘട്ട ESA വിവാദം നമ്മെ വീണ്ടും ആ അടിസ്ഥാന ചോദ്യത്തിലേക്ക് തിരികെ കൊണ്ടുപോകുന്നു: ആരുടെ പ്രകൃതിയാണ് സംരക്ഷിക്കപ്പെടുന്നത്? ആരുടെ പ്രകൃതിയാണ് വികസനത്തിനായി മാറ്റിവയ്ക്കപ്പെടുന്നത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താതെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകൾ പൂർത്തിയാകില്ല. കാരണം പ്രകൃതിയെക്കുറിച്ചുള്ള എല്ലാ തീരുമാനങ്ങളും ഒരേസമയം അധികാരത്തെക്കുറിച്ചും വിഭവങ്ങളുടെ വിതരണത്തെക്കുറിച്ചും നീതിയെക്കുറിച്ചുമുള്ള തീരുമാനങ്ങളാണ്. അതുകൊണ്ട് പശ്ചിമഘട്ടത്തിന്റെ ഭാവിയെക്കുറിച്ചുള്ള സംവാദം സംരക്ഷണത്തിനും വികസനത്തിനുമിടയിൽ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കാൾ കൂടുതൽ, സാമൂഹിക നീതിയോടും ജനാധിപത്യ പങ്കാളിത്തത്തോടും പൊരുത്തപ്പെടുന്ന ഒരു പരിസ്ഥിതിഭാവി എങ്ങനെ സൃഷ്ടിക്കാം എന്ന അന്വേഷണമായി മാറേണ്ടതുണ്ട്.
