ESA:
കരുതലുകളെ
നേർപ്പിച്ചുനേർപ്പിച്ച്
അപകടമുനമ്പിലേക്ക്

വർഷങ്ങൾനീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ, കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനപ്രകാരം കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ‘പരിസ്ഥിതിലോല പ്രദേശ’മായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു പ്രദേശം ഇ.എസ്.എ പട്ടികയിൽ ഉൾപ്പെട്ടാൽ അവിടെ എന്താണ് സംഭവിക്കുക? പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ഭീതിയും നിയമപരമായ യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുണ്ട്- ഡോ. ടി.വി. സജീവ് എഴുതുന്നു.

1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ (Environment Protection Act) വകുപ്പ് 3(2)(v) പ്രകാരം നിർവചിക്കപ്പെടുന്ന ‘പരിസ്ഥിതിലോല പ്രദേശം’ (Ecologically Sensitive Area - ESA) എന്നത് മനുഷ്യരെ പുറന്തള്ളിയുള്ള ഒരു സംരക്ഷിത വനമേഖലയല്ല. മറിച്ച്, അതീവ ജൈവവൈവിധ്യം, സ്വാഭാവിക നീരൊഴുക്കുകൾ, മലഞ്ചരിവുകളുടെ ഭൗമസ്ഥിരത (slope stability), തനതു ജീവിവർഗ്ഗങ്ങളുടെ സാന്നിധ്യം എന്നിവയാൽ സവിശേഷമായ ഒരു ഭൂപ്രകൃതിയെ അനിയന്ത്രിതമായ വാണിജ്യ-വികസന ഇടപെടലുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണ ചട്ടക്കൂടാണ്.

പാരിസ്ഥിതിക ഭരണനിർവഹണത്തിലെ (environmental governance) കാതലായ സങ്കല്പമാണ് മുൻകരുതൽ തത്വം (Precautionary Principle). ഒരു പ്രദേശത്തിന്റെ ഭൗതിക സവിശേഷതകൾക്കോ ആവാസവ്യവസ്ഥയ്ക്കോ നാശമുണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ, പൂർണ്ണമായ ശാസ്ത്രീയ തെളിവുകൾക്കായി കാത്തുനിൽക്കാതെ തന്നെ വിനാശകരമായ പ്രവർത്തനങ്ങൾ തടയണമെന്നതാണ് ഈ തത്വത്തിന്റെ അടിസ്ഥാനം. പശ്ചിമഘട്ടം പോലുള്ള ഒരു ഭൂപ്രകൃതിയെ സംരക്ഷിക്കാൻ വ്യക്തിഗതവനങ്ങളെ വെവ്വേറെ ദ്വീപുകളായി കാണുന്നതിനുപകരം, മലനിരകളെയും താഴ്‌വരകളെയും നീർത്തടങ്ങളെയും ഒന്നായി കാണുന്ന സമഗ്ര ഭൂമേഖലാ സമീപനം (Landscape Approach) അത്യന്താപേക്ഷിതമാകുന്നത് അതുകൊണ്ടാണ്.

അപകടകരമായ ഒരു ഭൂപ്രകൃതിയെ കൂടുതൽ ദുർബലപ്പെടുത്തുന്ന രീതിയിലുള്ള നിർമ്മാണങ്ങളും ഇടപെടലുകളും തുടരാൻ ഒരു സമൂഹത്തിന് അവകാശമുണ്ടോ എന്നതാണ് ചോദ്യം.

ഇവിടെ ഒരു നിർണ്ണായക ചോദ്യം ഉയർന്നുവരുന്നു: പരിസ്ഥിതിലോല പ്രദേശം എന്ന സങ്കല്പം മനുഷ്യരിൽ നിന്ന് വനങ്ങളെ മാത്രം സംരക്ഷിക്കാനുള്ളതാണോ? അതോ മനുഷ്യരും അവരുടെ ജീവനോപാധികളും ഉൾപ്പെടുന്ന ഒരു ദുർബല ഭൂപ്രകൃതിയെ, പ്രകൃതിദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്ന അശാസ്ത്രീയ വികസനങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള സുരക്ഷാകവചമാണോ? ഈ മൗലികമായ ചോദ്യത്തെ അഭിസംബോധന ചെയ്യുന്നതിൽ വന്ന വീഴ്ചയാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പശ്ചിമഘട്ട സംരക്ഷണനയങ്ങളെ നിയന്ത്രിക്കുന്നത്.

ഗാഡ്ഗിൽ സമിതിക്കുമുമ്പുള്ള
ഭരണ-നയ സമീപനങ്ങൾ

2010-നുമുമ്പ് പശ്ചിമഘട്ട സംരക്ഷണം പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് 1972-ലെ വന്യജീവി സംരക്ഷണ നിയമം, 1980-ലെ വനസംരക്ഷണ നിയമം, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ തുടങ്ങിയ പരമ്പരാഗത ചട്ടക്കൂടുകളിലായിരുന്നു. കേരളത്തിൽ 2003-ൽ കൊണ്ടുവന്ന 'പരിസ്ഥിതി ദുർബല ഭൂമി നിയമം' (Kerala Forest - Vesting and Management of Ecologically Fragile Lands Act, 2003 - EFL) പോലുള്ള ഇടപെടലുകൾ വനഭൂമിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നു.

എന്നാൽ ഈ മുൻകാല സമീപനങ്ങൾക്ക് ചില വ്യക്തമായ പരിമിതികളുണ്ടായിരുന്നു:

  • വനം-കേന്ദ്രീകൃതമായ സമീപനം
    (Forest-centric approach):
    സംരക്ഷിത വനാതിർത്തികൾക്ക് പുറത്തുള്ള മലഞ്ചരിവുകൾ, നീർത്തടങ്ങൾ, കാർഷിക-തോട്ടം മേഖലകൾ എന്നിവയുടെ പാരിസ്ഥിതിക പ്രാധാന്യം ഭരണകൂടനയങ്ങളിൽ വിസ്മരിക്കപ്പെട്ടു.

  • ഉദ്യോഗസ്ഥ കേന്ദ്രീകൃത നിയന്ത്രണം (Bureaucratic control):
    ജനങ്ങളുടെ പങ്കാളിത്തമില്ലാതെ, റവന്യൂ-ഫോറസ്റ്റ് അതിർത്തി തർക്കങ്ങളിലേക്കും വ്യവഹാരങ്ങളിലേക്കും പരിസ്ഥിതി സംരക്ഷണം ചുരുങ്ങി.

ഈ ഭരണ- നിയമ വിടവ് നികത്തുന്നതിനും, ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തെ സമഗ്ര ആവാസവ്യവസ്ഥയായി കണ്ട് നയരൂപീകരണം നടത്തുന്നതിനുമായി, അന്നത്തെ കേന്ദ്ര പരിസ്ഥിതി- വന മന്ത്രാലയം (MoEF) 2010 മാർച്ച് നാലിന് പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ അധ്യക്ഷതയിൽ വെസ്റ്റേൺ ഘാട്ട്സ് ഇക്കോളജി എക്സ്പെർട്ട് പാനൽ (WGEEP) രൂപീകരിച്ചു.

 പ്രൊഫ. മാധവ് ഗാഡ്ഗിൽ
പ്രൊഫ. മാധവ് ഗാഡ്ഗിൽ

ഗാഡ്ഗിൽ സമിതി റിപ്പോർട്ട് (2011):
പങ്കാളിത്തവും മുൻകരുതലും

2010-ൽ നിയോഗിക്കപ്പെട്ട് 2011 ഓഗസ്റ്റിൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച ഗാഡ്ഗിൽ സമിതി റിപ്പോർട്ട് കേവലം ഒരു "പരിസ്ഥിതി അനുകൂല" രേഖയായിരുന്നില്ല; മറിച്ച്, അധികാര വികേന്ദ്രീകരണത്തിലും ശാസ്ത്രീയ മുൻകരുതലിലും അധിഷ്ഠിതമായ ഒരു ബദൽ വികസന ദർശനമായിരുന്നു.

സമിതിയുടെ നിലപാട്: 

  • ആവാസവ്യവസ്ഥകളുടെ തുടർച്ച (Ecosystem as a Continuum): പ്രകൃതിയെ മനുഷ്യവാസമുള്ള ഇടമെന്നും കാടെന്നും കൃത്രിമമായി വെട്ടിമുറിക്കാൻ കഴിയില്ലെന്നും, മലമുകളിലെ ഓരോ ഇടപെടലും താഴ്‌വരയിലെ മനുഷ്യരെയും ബാധിക്കുമെന്നും സമിതി വിലയിരുത്തി.

  • ജനാധിപത്യ വികേന്ദ്രീകരണം (Democratic Decentralisation): ഭരണഘടനയുടെ 73, 74 ഭേദഗതികളെ മുൻനിർത്തി ഗ്രാമസഭകൾക്കാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പരമാധികാരം നൽകേണ്ടത് എന്ന് സമിതി വാദിച്ചു. ജനങ്ങളെ പുറന്തള്ളേണ്ടവരല്ല, മറിച്ച് പരിസ്ഥിതി പരിപാലനത്തിൽ പങ്കാളികളാക്കേണ്ടവരാണ് എന്നതായിരുന്നു സമിതിയുടെ കാഴ്‌ചപ്പാട്.

പ്രധാന ശുപാർശകൾ:

  • മൂന്ന് തട്ടുകളിലുള്ള വർഗ്ഗീകരണം: പശ്ചിമഘട്ടത്തെ ഒന്നാകെ പരിസ്ഥിതിലോല പ്രദേശമായി കണ്ട്, അതിനെ ഭൗമ-പാരിസ്ഥിതിക സവിശേഷതകളുടെ അടിസ്ഥാനത്തിൽ മൂന്ന് മേഖലകളായി (Ecologically Sensitive Zones - ESZ 1, ESZ 2, ESZ 3) തിരിച്ചു.

  • കടുത്ത നിയന്ത്രണങ്ങൾ:
    ഏറ്റവും ലോലമായ ESZ-1 മേഖലയിൽ ഖനനം, ക്വാറികൾ, വൻകിട അണക്കെട്ടുകൾ (ഉദാഹരണത്തിന് അതിരപ്പിള്ളി പദ്ധതി), ചുവപ്പ് കാറ്റഗറി വ്യവസായങ്ങൾ എന്നിവ പൂർണ്ണമായി നിരോധിക്കാൻ ശുപാർശ ചെയ്തു.

  • കർഷകരും ജീവനോപാധികളും:
    പരമ്പരാഗത കൃഷിയെയോ ജനവാസത്തെയോ ഗാഡ്ഗിൽ സമിതി എതിർത്തില്ല. രാസവള-കീടനാശിനി പ്രയോഗങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കി ജൈവകൃഷിയിലേക്ക് മാറുന്ന കർഷകർക്ക് സാമ്പത്തിക പ്രോത്സാഹനങ്ങളും (green subsidies/incentives) നഷ്ടപരിഹാരവും നൽകണമെന്ന് സമിതി ശുപാർശ ചെയ്തു.

  • വെസ്റ്റേൺ ഘാട്ട്സ് ഇക്കോളജി അതോറിറ്റി (WGEA):
    പാർലമെന്റ് നിയമത്തിലൂടെ രൂപീകരിക്കുന്ന ശാസ്ത്രജ്ഞരും തദ്ദേശ പ്രതിനിധികളും ഉൾപ്പെടുന്ന ഒരു സ്വയംഭരണ അതോറിറ്റിയാണ് നയങ്ങൾ നടപ്പാക്കേണ്ടതെന്ന് സമിതി നിർദ്ദേശിച്ചു.

ഗാഡ്ഗിൽ സമിതി മുന്നോട്ടുവെച്ചത് "വികസന നിരോധനമല്ല" (no development), മറിച്ച് പ്രകൃതിയുടെ വാഹകശേഷിക്ക് (carrying capacity) അനുസൃതമായ വ്യത്യസ്തമായ ഒരു വികസന മാതൃകയായിരുന്നു.

കസ്തൂരിരംഗൻ സമിതി (2012–2013):
രീതിശാസ്ത്രപരമായ വ്യത്യാസവും
ആദ്യഘട്ട ഡൈലൂഷ്യനും 

ഗാഡ്ഗിൽ റിപ്പോർട്ട് പുറത്തുവന്നതോടെ കക്ഷിരാഷ്ട്രീയ- മത- സാമൂഹിക മേഖലകളിൽ നിന്നും റിയൽ എസ്റ്റേറ്റ്-ഖനന ലോബികളിൽ നിന്നും ശക്തമായ പ്രതിഷേധമുയർന്നു. തുടർന്ന്, ഗാഡ്ഗിൽ ശുപാർശകൾ പരിശോധിച്ച് പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കാനായി 2012 ഓഗസ്റ്റിൽ ആസൂത്രണ കമ്മീഷൻ അംഗമായിരുന്ന ഡോ. കെ. കസ്തൂരിരംഗന്റെ അധ്യക്ഷതയിൽ ഹൈ ലെവൽ വർക്കിംഗ് ഗ്രൂപ്പ് (HLWG) രൂപീകരിക്കപ്പെട്ടു. 2013 ഏപ്രിലിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചു.

രീതിശാസ്ത്രത്തിലെ മാറ്റം

കസ്തൂരിരംഗൻ സമിതി പശ്ചിമഘട്ടത്തെ ഉപഗ്രഹ ചിത്രങ്ങളുടെയും വിദൂര സംവേദനത്തിന്റെയും (Remote Sensing/GIS) അടിസ്ഥാനത്തിൽ രണ്ടായി വിഭജിച്ചു:

  • ജൈവഭൂമിക (Natural Landscape):
    വനങ്ങളും സംരക്ഷിത പ്രദേശങ്ങളും ഉൾപ്പെടുന്ന സ്വാഭാവിക പ്രകൃതി.

  • സാംസ്‌കാരിക ഭൂമിക  (Cultural Landscape): മനുഷ്യവാസകേന്ദ്രങ്ങൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ, പട്ടണങ്ങൾ എന്നിവ അടങ്ങുന്ന പ്രദേശം.

ഇതിൽ സ്വാഭാവിക ജൈവഭൂമിക മാത്രം (പശ്ചിമഘട്ടത്തിന്റെ ഏകദേശം 37% വരുന്ന 59,940 ചതുരശ്ര കിലോമീറ്റർ പ്രദേശം) പരിസ്ഥിതിലോല പ്രദേശമായി (ESA) പ്രഖ്യാപിച്ചാൽ മതിയെന്ന് സമിതി ശുപാർശ ചെയ്തു. ബാക്കി 63% വരുന്ന സാംസ്കാരിക ഭൂമികയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.

ഗാഡ്ഗിൽ vs കസ്തൂരിരംഗൻ:
പ്രധാന വ്യത്യാസങ്ങൾ

കസ്തൂരിരംഗൻ സമിതി മുന്നോട്ടുവെച്ച ഈ വേർതിരിവ് ശാസ്ത്രീയമായ കൃത്യതപ്പെടുത്തലായിരുന്നോ, അതോ പാരിസ്ഥിതിക സംരക്ഷണത്തിൽ നിന്നുള്ള പിൻവാങ്ങലായിരുന്നോ? ഉപഗ്രഹചിത്രങ്ങളെ മാത്രം ആശ്രയിച്ചപ്പോൾ, കുത്തനെയുള്ള മലഞ്ചരിവുകളിലെ മനുഷ്യവാസമേഖലകളും അവിടങ്ങളിലെ പാരിസ്ഥിതിക അപകടാവസ്ഥകളും ഈ ചട്ടക്കൂടിന് പുറത്തായി. കേരളത്തിൽ 123 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്ററാണ് കസ്തൂരിരംഗൻ സമിതി ഇ.എസ്.എ ആയി നിശ്ചയിച്ചത്.

ഉമ്മൻ വി. ഉമ്മൻ സമിതി (2013–2014):
രാഷ്ട്രീയ ആശങ്കകളും
വിസ്തൃതി ചുരുക്കലും

കസ്തൂരിരംഗൻ റിപ്പോർട്ടിലെ 123 വില്ലേജുകൾ പൂർണ്ണമായി ഇ.എസ്.എ പട്ടികയിൽ ഉൾപ്പെട്ടതോടെ മലയോര ജില്ലകളിൽ വൻതോതിലുള്ള ആശങ്കയും തെറ്റിദ്ധാരണകളും പടർന്നു. കൃഷിഭൂമി നഷ്ടപ്പെടുമെന്നും കുടിയൊഴിപ്പിക്കപ്പെടുമെന്നുമുള്ള ഭീതി വ്യാപകമായതിനെത്തുടർന്ന്, 2013 നവംബറിൽ കേരള സർക്കാർ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അധ്യക്ഷനായിരുന്ന ഡോ. ഉമ്മൻ വി. ഉമ്മന്റെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.

സമിതിയുടെ ഊന്നൽ:

  • ഭൗതിക പരിശോധന (ground-truthing/cadastral mapping):
    ഉപഗ്രഹ ചിത്രങ്ങളുടെ പിഴവുകൾ തിരുത്തുക.

  • ഒഴിവാക്കലുകൾ:
    ജനവാസ മേഖലകൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ എന്നിവയെ ഇ.എസ്.എ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുക.

  • കർഷകരുടെ ഭയം:
    പരിസ്ഥിതി ദുർബല ഭൂമി നിയമം (EFL) മൂലം കർഷകർക്കുണ്ടായ ഭയം അകറ്റുക.

വരുത്തിയ മാറ്റങ്ങൾ

ഉമ്മൻ വി. ഉമ്മൻ സമിതിയുടെ ശുപാർശപ്രകാരം, കേരളത്തിലെ ഇ.എസ്.എ പരിധി 13,108 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 9,993.7 ചതുരശ്ര കിലോമീറ്ററായി വെട്ടിച്ചുരുക്കപ്പെട്ടു. ഇതിൽ 9,107 ചതുരശ്ര കി.മീ റിസർവ് വനങ്ങളും കേവലം 886.7 ചതുരശ്ര കി.മീ നോൺ- ഫോറസ്റ്റ് മേഖലയുമായിരുന്നു.

പാരിസ്ഥിതിക സംരക്ഷണം എന്ന സങ്കല്പത്തിൽ നിന്ന് നിലവിലെ ഭൂവിനിയോഗ മാതൃകകളെ സംരക്ഷിക്കുക (protection of existing settlements and livelihoods) എന്നതിലേക്ക് നയത്തിന്റെ ദിശ മാറ്റാൻ ഈ സമിതി വഴിയൊരുക്കി.

നേർപ്പിക്കലിന്റെ നാൾവഴി:
ഗാഡ്ഗിൽ → കസ്തൂരിരംഗൻ → ഉമ്മൻ വി. ഉമ്മൻ

ഓരോ ഘട്ടത്തിലും ശാസ്ത്രീയ വിശദീകരണങ്ങളും ഭൂപടതിരുത്തലുകളും ഉണ്ടായെങ്കിലും, പ്രായോഗിക തലത്തിൽ സംഭവിച്ചത് പാരിസ്ഥിതിക മുൻകരുതലുകളുടെ തുടർച്ചയായ നേർപ്പിക്കലാണ് (progressive dilution of safeguards). പരിസ്ഥിതിലോല പ്രദേശം എന്ന പദവി വനാതിർത്തികളിൽ മാത്രം ഒതുങ്ങുന്ന ഒന്നായി ചുരുങ്ങി.

കേരളത്തിന്റെ
നിലവിലെ ആവശ്യവും
കേന്ദ്ര കരട് വിജ്ഞാപനവും

വർഷങ്ങൾനീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ, കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഒടുവിൽ പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനപ്രകാരം (Draft Notification) കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇ.എസ്.എ ആയി ഉൾപ്പെടുത്തിയിട്ടുണ്ട് (പഴയ 123 വില്ലേജുകൾ പുനർവിഭജിക്കപ്പെട്ടതാണ് 131 ആയത്).

എന്നാൽ, കേരള സർക്കാർ കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെടുന്നത് ഇതിൽ ഇനിയും വലിയ ഇളവുകൾ വരുത്തണമെന്നാണ്:

  • ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ എന്നിവ പൂർണ്ണമായി ഇ.എസ്.എ വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കണം.

  • കരട് വിജ്ഞാപനത്തിലെ 30-ലധികം വില്ലേജുകളെ പട്ടികയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണം.

  • ശേഷിക്കുന്ന വില്ലേജുകളിലെ റവന്യൂ-ജനവാസ ഭൂമികൾ ഒഴിവാക്കി, വനഭൂമി മാത്രം ഉൾപ്പെടുത്തി ഇ.എസ്.എ പരിധി 8,590.69 ചതുരശ്ര കിലോമീറ്ററിലേക്ക് (98 വില്ലേജുകൾ) ചുരുക്കണം.

ജനസാന്ദ്രതയേറിയ കേരളത്തിൽ മലയോര കർഷകരുടെ ഭൂമിയുടെ ക്രയവിക്രയങ്ങളെയും വികസനത്തെയും ബാധിക്കുമെന്ന രാഷ്ട്രീയ-ഭരണപരമായ വാദമാണ് സർക്കാർ ഉയർത്തുന്നത്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഈ നിലപാട് എത്രത്തോളം പാരിസ്ഥിതിക സുരക്ഷിതത്വം ഉറപ്പാക്കുന്നു എന്നത് ആഴത്തിലുള്ള പരിശോധന അർഹിക്കുന്നു.

പ്രായോഗിക യാഥാർത്ഥ്യം: ഇന്ന് 'ESA' എന്ന പദവിയുടെ നിയമപരമായ അർത്ഥമെന്ത്?

ഇന്ന് ഒരു പ്രദേശം ഇ.എസ്.എ പട്ടികയിൽ ഉൾപ്പെട്ടാൽ അവിടെ എന്താണ് സംഭവിക്കുക? പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ഭീതിയും നിയമപരമായ യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുണ്ട്.

ഇ.എസ്.എ (ESA): നിയമപരമായ യാഥാർത്ഥ്യം vs തെറ്റിദ്ധാരണകൾ

  • എന്താണ് പൂർണ്ണമായി നിരോധിക്കപ്പെടുന്നത്?

  • വാണിജ്യ ഖനനം, ക്വാറികൾ, മണലൂറ്റ്, പുതിയ തെർമൽ പവർ പ്ലാന്റുകൾ, ചുവപ്പ് വിഭാഗത്തിൽപ്പെട്ട മലിനീകരണ വ്യവസായങ്ങൾ, 20,000 ചതുരശ്ര മീറ്ററിന് മുകളിലുള്ള വൻകിട വാണിജ്യ കെട്ടിടങ്ങൾ, 50 ഹെക്ടറിൽ കൂടുതലുള്ള ടൗൺഷിപ്പുകൾ.

  • എന്തൊക്കെ അനുവദനീയമാണ്?

  • സാധാരണ കൃഷി, പ്ലാന്റേഷൻ പ്രവർത്തനങ്ങൾ, നിലവിലുള്ള വീടുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ചെറുകിട കുടിൽ വ്യവസായങ്ങൾ എന്നിവ തടസ്സമില്ലാതെ തുടരാം. കുടിയൊഴിപ്പിക്കൽ ഒരിടത്തും നിർദ്ദേശിക്കപ്പെട്ടിട്ടില്ല.

  • നിയമപരമായ അനിശ്ചിതത്വം:

  • നിലവിൽ കേന്ദ്രത്തിന്റേത് ഒരു കരട് വിജ്ഞാപനം (Draft Notification) മാത്രമാണ്. പത്തുവർഷത്തിലേറെയായി അന്തിമ വിജ്ഞാപനമാകാതെ (Final Notification) കരടുകൾ പുതുക്കിക്കൊണ്ടിരിക്കുന്നതിനാൽ, പല നിർദ്ദേശങ്ങളും പ്രായോഗികമായി നടപ്പാകാതെ നിയമപരമായ ഒരു ശൂന്യത നിലനിൽക്കുന്നു.

അപകടഭൂമികകളിൽ ജീവിക്കാൻ നാം നിർബന്ധിതരാകുന്നതെന്തുകൊണ്ട്?

നയരേഖകൾക്കപ്പുറത്തേക്ക് നോക്കിയാൽ, കേരളം ചെന്നെത്തിനിൽക്കുന്ന ആഴത്തിലുള്ള ഒരു സാമൂഹിക- പാരിസ്ഥിതിക പ്രതിസന്ധി കാണാം. ഓരോ മലഞ്ചരിവിലും റിസോർട്ടുകൾ പണിയാമെന്നും, ഓരോ മലയിടുക്കിലും വഴിവെട്ടി വീതികൂട്ടാമെന്നും, പ്രകൃതിവാതക- വൈദ്യുതി പൈപ്പുകൾ മുതൽ വിനോദസഞ്ചാര പദ്ധതികൾ വരെ ഏത് ലോലപ്രദേശത്തും സ്ഥാപിക്കാമെന്നും, പാരിസ്ഥിതിക മുന്നറിയിപ്പുകളെ രാഷ്ട്രീയമായി ഒത്തുതീർപ്പാക്കാമെന്നുമുള്ള തെറ്റായ വികസനബോധം നാം സാമാന്യവൽക്കരിച്ചുകഴിഞ്ഞു.

മലഞ്ചരിവുകൾ തകർന്നുവീഴുമ്പോൾ ഇരകളാകുന്നത് സാധാരണ മനുഷ്യരാണ്.

കാലാവസ്ഥാ വ്യതിയാനവും തീവ്രമഴയും ഒരു നിത്യയാഥാർത്ഥ്യമായി മാറിക്കഴിഞ്ഞ കാലഘട്ടമാണിത്. ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും മലയോരങ്ങളിൽ വിതയ്ക്കുന്ന നാശനഷ്ടങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു ലളിതമായ സത്യമാണ്-: മനുഷ്യവാസമുള്ളതുകൊണ്ടുമാത്രം ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക ദുർബലത ഇല്ലാതാകുന്നില്ല.

മനുഷ്യർ മലയോരങ്ങളിൽ ജീവിക്കാൻ പാടില്ല എന്നല്ല ഇതിനർത്ഥം. മറിച്ച്, അപകടകരമായ ഒരു ഭൂപ്രകൃതിയെ കൂടുതൽ ദുർബലപ്പെടുത്തുന്ന രീതിയിലുള്ള നിർമ്മാണങ്ങളും ഇടപെടലുകളും തുടരാൻ ഒരു സമൂഹത്തിന് അവകാശമുണ്ടോ എന്നതാണ് ചോദ്യം. ജനവാസമേഖലകളെ ഇ.എസ്.എ പരിധിയിൽനിന്ന് പൂർണ്ണമായി ഒഴിവാക്കുമ്പോൾ, അവിടെ അനിയന്ത്രിതമായ ക്വാറികൾക്കും വൻകിട റിസോർട്ടുകൾക്കും നിർമ്മാണങ്ങൾക്കും അനുമതി ലഭിക്കുന്നു. ആ മലഞ്ചരിവുകൾ തകർന്നുവീഴുമ്പോൾ ഇരകളാകുന്നത് സാധാരണ മനുഷ്യരാണ്.

നാം ദുർബലമായ ഒരു ഭൂപ്രകൃതിയിലാണ് ജീവിക്കുന്നത് എന്നതല്ല നമ്മുടെ ഏറ്റവും വലിയ ദുരന്തം; ആ ഭൂമിക അതീവ ലോലമാണെന്ന് കൃത്യമായി അറിഞ്ഞിട്ടും, ആ ദുരന്തസാധ്യതകളെ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ള ഭരണഘടനാപരവും ശാസ്ത്രീയവുമായ മുൻകരുതൽ തത്വങ്ങളെ നാം തന്നെ നിരന്തരം നേർപ്പിച്ചു ഇല്ലാതാക്കുന്നു എന്നതാണ്.

Comments