പെട്ടിമുടിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പകർത്തിയ ചിത്രം

പരിസ്ഥിതിക്കുമേലുള്ള അധികാര നിയന്ത്രണങ്ങളെയാണ്​
കേരളം മറികടക്കേണ്ടത്: പെട്ടിമുടി എന്ന പാഠം

പരിസ്ഥിതി സംരക്ഷണം മൂലധനവികസനത്തിന് തടസമാണ് എന്ന് കരുതുന്നതാണ് സർക്കാർ നയം. പശ്ചിമഘട്ടം എന്നാൽ തോട്ടങ്ങളാണ് എന്ന വ്യഖ്യാനത്തെയാണ് ഇന്നും സർക്കാർ പോലും പിന്തുണക്കുന്നത്. അതേസമയം, ഇവിടങ്ങളിലെ വികസനത്തിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടിവരുന്നത് വൻകിട തോട്ടമുടമകളല്ല, പകരം താഴ്​ത്തട്ടിലെ മനുഷ്യരാണ്. 2000ലുണ്ടായ പെട്ടിമുടി ദുരന്തത്തെക്കുറിച്ച്​ നടത്തിയ ഗവേഷണത്തിന്റെ അടിസ്​ഥാനത്തിൽ ഒരു വിശകലനം.

രിസ്ഥിതിപ്രശ്‌നം എന്നത് എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് എന്ന സർക്കാർ വീക്ഷണം മറികടക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഒരു സമൂഹം അധിവസിക്കുന്ന പ്രാദേശിക ജീവിതവ്യവസ്ഥിതിയും അതിനുള്ളിലെ അസമത്വങ്ങളും ചേർന്നാണ് പരിസ്ഥിതി അസന്തുലനാവസ്ഥ സൃഷ്ടിക്കുന്നത്. 2020 ആഗസ്റ്റ് ആറിന് പെട്ടിമുടി എന്ന സ്വകാര്യ തേയിലത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലും അതിനോട് കേരള സർക്കാരും ദുരന്ത നിവാരണ അതോറിറ്റിയും സ്വീകരിച്ച നടപടികളും ഇതിനുദാഹരണമാണ്. ഈ വിഷയത്തെ അധികരിച്ചെഴുതിയ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്.

പെട്ടിമുടി ഉരുൾപൊട്ടലുണ്ടായത് കേരളത്തിലെ ഒരു മലയോര പ്രദേശത്തല്ല, മറിച്ച്​അടിമത്തൊഴിലിന്റെ ചരിത്രമുള്ള ഒരു പ്രദേശത്താണ്​. കേരളത്തിലെ തേയിലത്തോട്ടങ്ങൾ അടിമത്തൊഴിലാളികളെക്കൊണ്ട്​ നിലനിന്നിരുന്ന ഒരു സംവിധാനമായിരുന്നു. കാലക്രമത്തിൽ ഈ അടിമ തൊഴിലാളികൾ കുറഞ്ഞ കൂലി വാങ്ങുന്ന തോട്ടം തൊഴിലാളികളായി മാറി. 1951-ലെ തോട്ടം തൊഴിലാളി കൂലി നിയമം ഇപ്പോഴും കോട്ടം തട്ടാതെ നടപ്പിലാക്കാൻ കഴിയുന്നതുതന്നെ തോട്ടം മൂലധനത്തിന്റെ ശക്തി തന്നെയാണ് കാണിക്കുന്നത്. 1877-ൽ ജോൺ ഡാനിയേൽ മൺറോ എന്ന ബ്രിട്ടീഷ് പൗരന് 3000 രൂപ വാർഷിക പാട്ടത്തിന് പൂഞ്ഞാർ രാജവംശം നൽകിയ 1,45,280 ഏക്കർ ഭൂമിയിൽ നിന്നാണ് കേരളത്തിലെ തോട്ടം മേഖലയുടെ ചരിത്രം തുടങ്ങുന്നത്. ഇന്നും ഇത്തരം കൊളോണിയയിൽ സ്വഭാവത്തോടെയുള്ള അധികാരം നിലനിൽക്കുന്ന പ്രദേശമാണ് പെട്ടിമുടി.​​​​​​​​​​​​​​

സർക്കാർ അല്ല ആ ദുരന്തത്തിന്റെ വ്യാപ്തിയെയും പുനരധിവാസത്തെയും നിയന്ത്രിച്ചത്, പകരം കണ്ണൻ ദേവൻ കമ്പനി തന്നെയാണ്. / Photo : Jithin Realmedia, Fb Page

പെട്ടിമുടി ദുരന്തം സംഭവിക്കുന്നത്​ ഒരു സ്വകാര്യ തോട്ടം ഭൂമിയിലാണ്. 2020 ആഗസ്റ്റ് ആറിനാണ്​ ഉരുൾപൊട്ടലുണ്ടായത്. കൃത്യമായി പറഞ്ഞാൽ ആഗസ്റ്റ് ആറിനുണ്ടായ ഉരുൾപൊട്ടൽ നാടറിയുന്നത് ഏഴിന്​ രാവിലെയാണ്. കണ്ണൻ ദേവൻ കമ്പനിയിലെ തൊഴിലാളിയും ട്രേഡ് യൂണിയൻ പ്രവർത്തകയുമായ ഗോമതി ഈ ലേഖകനോട് പറഞ്ഞത്, കമ്പനി മാനേജർ മണ്ണ് മാറ്റാൻ മണ്ണുമാന്തി യന്ത്രത്തിന് പഞ്ചായത്തോഫീസിൽ ഏഴിനുരാവിലെ ഏഴുമണിക്ക്​ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് ഉരുൾപൊട്ടലിന്റെ വിവരം ലോകം അറിയുന്നതുതന്നെ. അപ്പോഴും മണ്ണിനടിയിൽ എത്രപേരുണ്ടെന്നോ എത്രപേർ മരിച്ചെന്നോ കണക്കില്ലായിരുന്നു.

കേരളം പരിസ്ഥിതി പഠനരംഗത്ത് ഒരു പാഠശാലയാണ്. കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ സൃഷ്​ടിക്കുന്ന ആഘാതങ്ങൾ മനസ്സിലാക്കാൻ ‘സർക്കാർ വികസനവാദി’കൾക്ക് കഴിയുന്നില്ല.

മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളായിരുന്നു. 22 ലയങ്ങളിലായി ജീവിച്ചിരുന്ന 72 മനുഷ്യരാണ് മരിച്ചത്. ഗോമതി സൂചിപ്പിച്ച പ്രധാന വസ്തുത, ഈ ലയങ്ങളെല്ലാം വർഷങ്ങളുടെ പഴക്കമുള്ളതാണ് എന്നതാണ്. എന്നാൽ നമ്മുടെ മാധ്യമങ്ങൾ ലയങ്ങളുടെ കാലപ്പഴക്കത്തെകുറിച്ചുള്ള വാർത്തകൾ പരമാവധി അവഗണിച്ചു. മാധ്യമങ്ങൾ പ്രാധാന്യം നൽകിയത് ആഗസ്റ്റ് ആറിന്​ പെയ്ത മഴയുടെ തോതിനെക്കുറിച്ചായിരുന്നു. ആറിന്​ ശക്തമായി മഴ പെയ്തു എന്നുസ്ഥാപിക്കാൻ മാധ്യമങ്ങൾ പ്രധാനമായും ആശ്രയിച്ചത് കണ്ണൻ ദേവൻ കമ്പനി നൽകിയ വിവരങ്ങളാണ്.

2020 ആഗസ്റ്റിൽ പെട്ടിമുടിയിൽ പെയ്ത മഴയുടെ തോത്‌

എന്നാൽ, സംസ്​ഥാന കാർഷിക വകുപ്പിന്റെ രേഖ പ്രകാരമുള്ള മഴയുടെ തോതിനേക്കാൾ കൂടുതലായിരുന്നു കണ്ണൻ ദേവൻ കമ്പനി നൽകിയ വിവരങ്ങൾ. അതായത്, തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളുടെ അവസ്ഥയോ കാലാകാലങ്ങളായി തൊഴിലാളി ലയങ്ങളിലെ ദുരിതജീവിതമോ ഉരുൾപൊട്ടലിന്റെ ആഘാതം വർധിപ്പിച്ചു എന്ന് മനസിലാക്കാൻ കഴിയാത്തവിധം അജ്ഞരായിരുന്നു മാധ്യമങ്ങളും സർക്കാരും ദുരന്തനിവാരണ അതോറിറ്റിയും. കേരള സർവകലാശാലാ ഭൂമിശാസ്​ത്രവിഭാഗം അധ്യാപകൻ സജിൻകുമാർ അടക്കമുള്ള ഗവേഷകർ, മഴയുടെ പ്രധാന കാരണം എന്താണെന്നും അതിന്​അവിടത്തെ പരിസ്ഥിതിയും കൂടി കാരണമാണ്​ എന്നും കണ്ടെത്തിയിരുന്നു. പെട്ടിമുടി സന്ദർശിച്ച സംസ്​ഥാന സർക്കാറിന്റെ പ്രത്യക സംഘവും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കേരളത്തിൽ പൊതുവിൽ കണ്ണൻ ദേവൻ കമ്പനിയുടെ മഴത്തോതിനെ ആശ്രയിച്ച ചർച്ചകൾക്കാണ് പ്രാധാന്യം കിട്ടിയത്. ഇതിനുപിന്നിൽ, മാധ്യമങ്ങൾക്കുള്ള പരസ്യവരുമാനവും ഒരുപക്ഷെ കാരണമായിട്ടുണ്ടാകാം.

തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പെട്ടിമുടി സന്ദർശനത്തിനിടെ മുഖ്യമന്ത്രിയുടെ വാഹനം തടയുന്ന ഗോമതി.

പെട്ടിമുടി ദുരന്തത്തെ ഒരു പ്രദേശത്തുണ്ടായ ദുരന്തമായി കാണുന്നതിനുപകരം, ദരിദ്രരായ കുറേ മനുഷ്യരുടെ പരിമിത ജീവിതസാഹചര്യത്തിലുണ്ടായ ദുരന്തമായി കൂടി കാണണം. ഇതുമൂലമുണ്ടായ സാമ്പത്തികനഷ്​ടം 76,63,000 രൂപയാണ്, അതിൽ, 53,01,000 രൂപ വാഹനങ്ങൾ നശിച്ചതുമൂലമുണ്ടായതാണ്​. തൊഴിലാളികൾക്ക് നഷ്ടപ്പെടാൻ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല, അവരുടെ ജീവിതമല്ലാതെ.

കേരളത്തിലെ ദുരന്തനിവാരണരംഗത്തെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയ ഒന്നായിരുന്നു പെട്ടിമുടി ദുരന്തം. സർക്കാർ അല്ല ആ ദുരന്തത്തിന്റെ വ്യാപ്തിയെയും പുനരധിവാസത്തെയും നിയന്ത്രിച്ചത്, പകരം കണ്ണൻ ദേവൻ കമ്പനി തന്നെയാണ്. കമ്പനിയുടെ താത്പര്യത്തോട് ചേർന്നുനിൽക്കുക എന്നതുമാത്രമായിരുന്നു സർക്കാരിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഉത്തരവാദിത്തം.

പെട്ടിമുടി ദുരന്തത്തിൽ 22 ലയങ്ങളിലായി സംഭവിച്ച ആകെ സാമ്പത്തിക നഷ്ടത്തിന്റെ കണക്ക്.

മുഖ്യമന്ത്രിയും ഗവർണറും ഒരു തമിഴ് ആക്ഷൻ സിനിമയെ ഓർമിപ്പിക്കുന്നവിധം പെട്ടിമുടി സന്ദർശിച്ച്​ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത് കേരളം ആഘോഷിച്ചു. ഗോമതിയെപോലെയുള്ളവർ ചൂണ്ടിക്കാണിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളെ നേരിടാനുള്ള ശേഷി സർക്കാർ സംവിധാനങ്ങൾക്കില്ല എന്ന വസ്തുത കൂടി ഗൗരവമായി കാണണം. ‘എന്തുകൊണ്ടാണ് ഞങ്ങളെ ഒരുമിച്ച് അടക്കേണ്ടിവന്നത്’ എന്ന ഗോമതിയുടെ ചോദ്യത്തിന്​ സംസ്​ഥാന സർക്കാരിന് മറുപടിയില്ല. സൈബർ ഗുണ്ടകൾ അവരെ അവഹേളിച്ചാലും അവരുന്നയിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാരിനും പൊതുസമൂഹത്തിനും ശേഷിയില്ല.

പെട്ടിമുടിയിൽ ഒരു സ്വകാര്യ കമ്പനി പരിസ്ഥിതിനയത്തെ നിയന്ത്രിച്ചതുപോലെ തന്നെയാണ് കേരള സർക്കാരും പരിസ്ഥിതി സംബന്ധിച്ച കാഴ്ചപ്പാടുകളെ നിയന്ത്രിക്കുന്നതും

1924-ലെ വെള്ളപ്പൊക്കത്തിലും ഇതേപ്രദേശത്ത്​ ഉരുൾപൊട്ടലുണ്ടായി. അന്നത്തെ ബ്രിട്ടീഷ് രേഖകൾ പ്രകാരം ആറ് കൂലിലയങ്ങൾ മഴയിൽ ഒലിച്ചുപോയെന്നും നിരവധി തൊഴിലാളികൾ മരിച്ചു എന്നും ​രേഖകൾ പറയുന്നു. എത്ര എന്ന് കണക്കില്ല. 1924 - 2020 വരെയുള്ള കാലത്ത്​ ഇവിടുത്തെ തൊഴിലാളികളുടെ ജീവിതം ഒരു പ്രകൃതിദുരന്തത്തെ പ്രതിരോധിക്കാൻ കഴിയാത്തവിധം ദുർബലമായിത്തീർന്നു എന്ന ദുരന്തനിവാരണപാഠം സർക്കാറിന്​ മനസിലായില്ല.

നൂറുവർഷം കൊണ്ട് കാര്യമായ ഒരു മാറ്റവും സംഭവിക്കാത്ത തൊഴിലാളിസമൂഹത്തെ മനസ്സിലാക്കാൻ കേരളത്തിലെ ദുരന്തനിവാരണ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. പെട്ടിമുടിയിൽ മരിച്ച തൊഴിലാളികളുടെ ജീവിത പരിസരത്തുനിന്നുകൊണ്ടുവേണം നമ്മൾ പരിസ്ഥിതിവിഷയങ്ങളെ പരിഗണിക്കേണ്ടത്. പരിസ്ഥിതിസംരക്ഷണം സർക്കാർ അജണ്ടയായാൽ പൂർണമായി എന്ന് തെറ്റിദ്ധരിക്കപ്പെട്ടവരാണ് മലയാളികൾ. എന്നാൽ കേരളീയസമൂഹത്തെ സംബന്ധിച്ച്​ സർക്കാർ പരിസ്ഥിതി സംരക്ഷകരായല്ല ഇടപെടുന്നത്​. മറിച്ച്​, പരിസ്ഥിതിസംരക്ഷണം മൂലധനവികസനത്തിന് തടസമാണ് എന്ന് കരുതുന്നതാണ് സർക്കാർ നയം.

പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലം. / Photo: Neethu Joseph

പശ്ചിമഘട്ടം എന്നാൽ തോട്ടങ്ങളാണ് എന്ന വ്യഖ്യാനത്തെയാണ് ഇന്നും സർക്കാർ പോലും പിന്തുണയ്ക്കുന്നത്. അതേസമയം, ഇവിടങ്ങളിലെ വികസനത്തിന്റെ ആഘാതം ഏറ്റുവാങ്ങേണ്ടിവരുന്നത് വൻകിട തോട്ടമുടമകളല്ല, പകരം താഴേത്തട്ടിലെ മനുഷ്യരാണ്.

കേരള വികസന മാതൃകയിൽ പെടാതെപോയവരെ കുറിച്ചുള്ള അജ്ഞത അതേപടി പകർത്തിവെക്കുന്നതാണ് കേരളത്തിന്റെ പരിസ്ഥിതിബോധം. കേരളം പരിസ്ഥിതി പഠനരംഗത്ത് ഒരു പാഠശാലയാണ്. കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ സൃഷ്​ടിക്കുന്ന ആഘാതങ്ങൾ മനസ്സിലാക്കാൻ ‘സർക്കാർ വികസനവാദി’കൾക്ക് കഴിയുന്നില്ല. പെട്ടിമുടിയിൽ ഒരു സ്വകാര്യ കമ്പനി പരിസ്ഥിതിനയത്തെ നിയന്ത്രിച്ചതുപോലെ തന്നെയാണ് കേരള സർക്കാരും പരിസ്ഥിതി സംബന്ധിച്ച കാഴ്ചപ്പാടുകളെ നിയന്ത്രിക്കുന്നതും. ഇത്തരം അധികാര നിയന്ത്രണങ്ങളെയാണ്​കേരളം മറികടക്കേണ്ടത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments