‘അജ്ഞാത രോഗം’ ബാധിച്ച് ഉണങ്ങിയ ഈന്തുകളുടെ ഇലകൾ. Photo: Sasi Gayathri

ഈന്തുകളുടെ അന്ത്യം കുറിക്കുമോ ഈ മാരകരോഗം?

2022-ലാണ്, ആദ്യമായി, കണ്ണൂർ- കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഈന്തുകൾ ഉണങ്ങിനശിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ‘അജ്ഞാത രോഗം’ ബാധിച്ച ഈന്തുകളുടെ ഇലകൾ ഉണങ്ങുകയും തുടർന്ന് വൃക്ഷം പാടെ നശിക്കുകയും ചെയ്യുന്നു. രോഗകാരണങ്ങളെ കുറിച്ചും രോഗപ്രതിവിധിയെക്കുറിച്ചും വിപുലമായ പഠനം അനിവാര്യമാണ്- ഡോ. അബ്ദുള്ള പാലേരി എഴുതുന്നു.

ന്തുകളെ കാണുമ്പോൾ ഓർമകൾ ബാല്യകൗമാര കാലങ്ങളിലേക്കു പറന്നു പോകും. നാലു പതിറ്റാണ്ടു മുമ്പത്തെ ഓർമകൾ മനസ്സിൽ തെളിയും.

വീട്ടിൽ നിന്ന് ഏതാണ്ട് ഒന്ന് രണ്ടു പറമ്പുകൾക്കപ്പുറത്ത് മാനസിക വിഭ്രാന്തിയുള്ള കണ്ണൻ എന്നൊരാളുണ്ടായിരുന്നു. ബന്ധുക്കൾ കണ്ണന്റെ കൈകൾ ചങ്ങലകൊണ്ടു കെട്ടിയിടും. കണ്ണനെ നേരിൽ കാണാനുള്ള ആഗ്രഹം ഏറെക്കാലമായി മനസ്സിൽകിടന്നു തിളച്ചുകൊണ്ടിരുന്നു. ഒരു ദിവസം ആരുമറിയാതെ ഒളിച്ചുചെന്ന് കണ്ണനെ കണ്ടു. താടിയും മുടിയും നീട്ടി വളർത്തി കൈകൾ ചങ്ങലയിൽ ബന്ധിതനായി അഴുക്കുപുരണ്ട തോർത്തുമുണ്ടുടുത്തു നിൽക്കുന്ന ആ രൂപം കണ്ടപ്പോൾ മനസ്സൊന്നു ആളി. ഈന്തുതടി കൊണ്ടാണ് കാലിലെ തളപ്പ് ഉണ്ടാക്കിയിരുന്നത്. ഈന്തുതടി വെട്ടിയെടുത്തു നടുഭാഗം തുരന്നെടുത്തു കണ്ണന്റെ ഇരുകാലുകളും തളപ്പിനകത്തു കടത്തിവെച്ചിരിക്കുകയാണ്. കണ്ണന്റെ ആ ദുരവസ്ഥ മനസ്സിനെ തെല്ലന്നുമല്ല വേദനിപ്പിച്ചത്. അക്കാലത്ത് മാനസികപ്രശ്നമുള്ള, അക്രമകാരികളായവരെ ഈന്തു തടികൊണ്ട് തളയ്ച്ചിടുന്നത് സാധാരണ കാഴ്ചയായിരുന്നു.

ഈന്തിന്റെ ഇലകൾ വെട്ടിയെടുത്ത് പന്തലിട്ട്, നാലുഭാഗവും ചുവരുകൾ പോലെ ഈന്തോലകൾ കൊണ്ട് മറച്ചുകെട്ടും. അകത്തുകടക്കാനുള്ള വാതിൽ ഉണ്ടാക്കിയിരുന്നതും ഈന്തോലകൾ കൊണ്ടുതന്നെ. ഈന്തോലപ്പന്തലിൽ കൂട്ടുകാർ ഒരുമിച്ചുകൂടി മണ്ണപ്പം ചുട്ടുകളിക്കും. മണ്ണ് വെള്ളമൊഴിച്ചു കുഴച്ച് ചിരട്ടയിലിട്ടാണ് മണ്ണപ്പം ചുടുക. വേനലവധിക്കാലത്ത് കുട്ടികളുള്ള വീടുകളിലെ മിക്ക പറമ്പുകളിലും ഈന്തോലപ്പന്തൽ ഉയരുമായിരുന്നു. കുട്ടികളുടെ സ്വന്തം ഈന്തോല വീടുകൾ.

വേനലവധിക്കാലത്ത് കുട്ടികളുള്ള വീടുകളിലെ മിക്ക പറമ്പുകളിലും ഈന്തോലപ്പന്തൽ ഉയരുമായിരുന്നു               Photo: Sasi Gayathri
വേനലവധിക്കാലത്ത് കുട്ടികളുള്ള വീടുകളിലെ മിക്ക പറമ്പുകളിലും ഈന്തോലപ്പന്തൽ ഉയരുമായിരുന്നു Photo: Sasi Gayathri

ഈന്തുതടി വെട്ടിയെടുത്തു ചക്രങ്ങളാക്കി കുട്ടികൾ വണ്ടികളുണ്ടാക്കുമായിരുന്നു. ഈന്തുരുൾവണ്ടികൾ പണ്ടത്തെ കുട്ടികളുടെ വിനോദത്തിനു ഹരം പകർന്നിരുന്നു.

ഈന്തു കായകൾ കൊണ്ട് പങ്കയുണ്ടാക്കി കളിക്കുക ഗ്രാമത്തിലെ കുട്ടികളുടെ ഇഷ്ടവിനോദമായിരുന്നു. ഉണങ്ങിയ ഈന്തു കായ്കൾ ശേഖരിച്ചു കായ്ക്കകത്തെ കാമ്പ് തുരന്നെടുക്കും. എന്നിട്ട് കായത്തോടിന്റെ രണ്ടറ്റങ്ങളിലായി ഓരോ ദ്വാരമിടും. തോടിന്റെ പാർശ്വത്തിലും ഒരു ദ്വാരമിടും. ഈർക്കലിക്കഷണത്തിന്റെ ഒരറ്റത്ത് ഓലച്ചീന്തു ഘടിപ്പിച്ച് പങ്കയുണ്ടാക്കി തോടിന്റെ അഗ്രത്തിലിട്ട ദ്വാരങ്ങളിൽ കടത്തിവെക്കും. ഈർക്കലിയുടെ നടുവിൽ ഒരു നൂലുകെട്ടി നൂൽ തോടിന്റെ പാർശ്വ ദ്വാരത്തിലൂടെ പുറത്തേക്കിടും. ഈർക്കലി കറക്കുമ്പോൾ നൂൽ ഈർക്കലിയിൽ ചുറ്റും. നൂൽ പുറത്തേക്കു വലിക്കുമ്പോൾ പങ്ക അതിവേഗം കറങ്ങും.

ഈന്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കർഷകർക്കിടയിൽ വിപുലമായ ബോധവൽക്കരണം അവിവാര്യമാണ്. അല്ലാത്ത പക്ഷം സഹസ്രാബ്ദങ്ങളുടെ ചരിത്രസാക്ഷിയയായ ഒരു വൃക്ഷം എന്നന്നേക്കുമായി ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകാൻ ഏറെ നാൾ വേണ്ടിവരില്ല.

മലബാറിലെ ഗ്രാമങ്ങളിൽ അക്കാലത്ത് ഒരു സാമ്പത്തിക സഹകരണ സമ്പ്രദായം നിലവിലുണ്ടായിരുന്നു. ‘പണം പയറ്റ്’ എന്നായിരുന്നു ഈ സമ്പ്രദായത്തിന്റെ പേര്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമ്പോഴാണ് ഗ്രാമീണർ പണം പയറ്റ് കഴിക്കുക. ആളുകൾക്ക് ക്ഷണക്കത്തു കൊടുത്തു ചായക്കടയിലേക്ക് ക്ഷണിച്ച് ചായസൽക്കാരം നൽകും. ചായസൽക്കാരത്തിനെത്തുന്നവർ ക്ഷണിച്ച ആൾക്ക് നിശ്ചിത സംഖ്യ സഹായമായി നൽകും. സംഖ്യ നൽകിയ ആളുടെ പേരും സംഖ്യയും ഒരു നോട്ടുപുസ്തകത്തിൽ കുറിച്ചിടും. ഇങ്ങനെ പണം സ്വരൂപിക്കുന്ന സമ്പ്രദായമാണ് പണം പയറ്റ്‌. സഹായിച്ച ആൾ പിന്നീട് പണം പയറ്റ് കഴിക്കുമ്പോൾ സഹായമായി നൽകിയ തുകയോ കൂടുതലോ തിരികെ കിട്ടും. ചായക്കടയുടെ സമീപത്തായി ഈന്തോല കുത്തി വെച്ചതു കണ്ടാൽ കടയിൽ പണം പയറ്റ് നടക്കുന്നതായി മനസ്സിലാക്കാം. കല്യാണപ്പന്തലുകൾ ഈന്തോലകൾ കൊണ്ട് അലങ്കരിക്കുന്നതും സാധാരണ കാഴ്ച്ചയായിരുന്നു.

പറമ്പുകളിൽനിന്ന് മഴക്കാലത്ത് വെള്ളം ഒഴികിപ്പോകുന്നത് തടയാൻ കർഷകർ കയ്യാലകൾ കെട്ടിയുണ്ടാക്കിയിരുന്നു. ഇങ്ങനെയുണ്ടാക്കുന്ന മൺമതിലുകളെ കൊള്ളൂകൾ എന്നാണ് വിളിച്ചിരുന്നത്. കൊള്ളിൽ മണ്ണിട്ട് നനച്ചു അടിച്ചുറപ്പിക്കാൻ ഈന്തിന്റെ ചക്ക(Male Cone) ഉപയോഗിച്ചിരുന്നു.

പരിവർത്തനങ്ങളുടെ വേലിയേറ്റത്തിൽ വടക്കേ മലബാറിൽ നാലഞ്ചു പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന പല വിശ്വാസങ്ങളും സമ്പ്രദായങ്ങളും ഒഴുകിപ്പോയി. മാനസിക വിഭ്രാന്തി ഒരു മാനസിക പ്രശ്നമാണെന്നും അതിന് ചികിത്സയാണ് വേണ്ടത് എന്നുമുള്ള തിരിച്ചറിവ്‌, അവരെ ചങ്ങലക്കിടുന്ന സമ്പ്രദായത്തിന് അറുതിവരുത്തി.
കുട്ടികൾ മണ്ണപ്പവും ഈന്തോലപ്പന്തലും ഈന്തുകായ്‌പങ്കയും എന്നന്നേക്കുമായി ഉപേക്ഷിച്ചു. പ്രകൃതിയോടിണങ്ങി നിർവഹിച്ചിരുന്ന കളികൾ പലതും നാമാവശേഷമായി. പണംപയറ്റിനും കല്യാണത്തിനും ഈന്തോലകൾ അന്യമായി

അങ്ങനെ നമ്മുടെ ഗ്രാമങ്ങളുടെ ചരിത്രവും സംസ്കാരവും വിനോദവും കാർഷിക സമ്പ്രദായങ്ങളുമായി ഈന്തുകൾക്ക് (Cycas_) അഭേദ്യ ബന്ധമുണ്ട്. ഈന്തുകളെ അവഗണിച്ച് സസ്യങ്ങളുടെ പരിണാമ ചരിത്രപഠനം സാധ്യമല്ല. ജീവിക്കുന്ന ഫോസ്സിലുകളാണ് (Living Fossil) ഈന്തുകൾ. അനേകായിരം വർഷങ്ങളായി ബാഹ്യരൂപം കാര്യമായ മാറ്റങ്ങൾക്കു വിധേയമാകാത്ത ജീവജാതികളാണ് ജീവിക്കുന്ന ഫോസിലുകൾ. ജീവിക്കുന്ന അപൂർവ സസ്യ ഫോസിലാണ് ഈന്ത്.

അനേകായിരം വർഷങ്ങളായി ബാഹ്യരൂപം  കാര്യമായ മാറ്റങ്ങൾക്കു വിധേയമാകാത്ത ജീവജാതികളാണ് ജീവിക്കുന്ന ഫോസിലുകൾ. ജീവിക്കുന്ന അപൂർവ  സസ്യ ഫോസിലാണ് ഈന്ത് Photo: Sasi Gayathri
അനേകായിരം വർഷങ്ങളായി ബാഹ്യരൂപം കാര്യമായ മാറ്റങ്ങൾക്കു വിധേയമാകാത്ത ജീവജാതികളാണ് ജീവിക്കുന്ന ഫോസിലുകൾ. ജീവിക്കുന്ന അപൂർവ സസ്യ ഫോസിലാണ് ഈന്ത് Photo: Sasi Gayathri

മുപ്പതു കോടി വർഷങ്ങൾക്ക് മുമ്പാണ് ഈന്തുകൾ ഭൂമിയിൽ ഉദ്‌ഭവിച്ചത്. കിഴക്കൻ ഏഷ്യയിലാണ് ഈന്തുകൾ ഉദയം ചെയ്‌തത് എന്നാണ് ഗവേഷകരുടെ നിഗമനം. ഏഷ്യയിൽ നിന്നാണ് ഈ പ്രാക്തന സസ്യം ആഫ്രിക്കയിലേക്കും ആസ്ത്രലിയയിലേക്കും വ്യാപിച്ചത്. ദിനോസറുകളുടെ സുവർണ കാലത്ത് ഭൂമിയിൽ ഈന്തുകൾ സമൃദ്ധമായിരുന്നു. എത്രയോ ജൈവ വംശങ്ങളുടെ ഉദയാസ്തമയങ്ങൾക്ക് സാക്ഷ്യം വഹിച്ച പൗരാണിക വൃക്ഷമാണ് ഈന്ത്. ദിനോസറുകൾ ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തിരോഭവിച്ചിട്ടും കാലപ്രവാഹത്തെ അതിജീവിച്ച് ഈന്തുകൾ ഇന്നും നിലനിൽക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളോടും പാരിസ്ഥിതിക മാറ്റങ്ങളോടും പൊരുത്തപ്പെടാനുള്ള ഈന്തുകളുടെ അസാമാന്യമായ അനുകൂലനമാണ് (Adaptation) ഈ നിലനില്പിന്റെ രഹസ്യം.

2023 മുതൽ 2024 വരെ നടത്തിയ പഠനത്തിൽ കോഴിക്കോട് ജില്ലയിൽ ഏതാണ്ട് 8122 വൃക്ഷങ്ങളെയും കണ്ണൂർ ജില്ലയിൽ ഏതാണ്ട് 3865 വൃക്ഷങ്ങളെയും രോഗം ബാധിച്ചതായി കണ്ടെത്തി.

മണ്ണിന്റെ പോഷകഗുണം വർധിപ്പിക്കുന്ന സസ്യമാണ് ഈന്ത്. ഈന്തിന്റെ വേരുകളോട് ചേർന്ന് ജീവിക്കുന്ന ചില ബാക്ടീരിയകൾക്ക് അന്തരീക്ഷത്തിലെ നൈട്രജൻ വലിച്ചെടുത്ത് മണ്ണിനെ പോഷക സമൃദ്ധമാക്കാൻ കഴിയും. ഈന്തിന്റെ ചുവട്ടിൽ നിന്ന് ശേഖരിച്ച മണ്ണ് പരിശോധിച്ചപ്പോൾ ഈ വസ്തുത വ്യക്തമായിട്ടുണ്ട്. ഈന്തിന്റെ വേരുകൾക്ക് മണ്ണിനെ പിടിച്ചുനിർത്തി മണ്ണൊലിപ്പ് തടയാൻ കഴിയും. പോഷകസമൃദ്ധമാണ് ഈന്തിൻ കായകൾ. പാകമായ ഈന്തുകൾ ശേഖരിച്ച് തോടു കളഞ്ഞു ഉണക്കിപ്പൊടിച്ച് പോഷകസമൃദ്ധവും സ്വാദിഷ്ഠവുമായ വൈവിധ്യമാർന്ന വിഭവങ്ങൾ പാചകം ചെയ്യാം. പാകമായ ഈന്തുകായ്കൾ പഴം തീനി വവ്വാലുകളുടെയും (Bats) പറയണ്ണാന്റെയും (Malabar Flying Squirrel) ഇഷ്ടഭക്ഷണമാണ്. കുരങ്ങുകളും ഈന്തിന്റെ കായ ഭക്ഷിക്കാറുണ്ട്. ചിലയിനം മാനുകൾ ഈന്തിൻ ചുവട്ടിൽ വീണുകിടക്കുന്ന കായകൾ തിന്നു വിശപ്പടക്കും. കായ പൂർണമായി ഭക്ഷിക്കുന്നതിനു പകരം പഴുത്ത കായയുടെ പുറത്തെ മാംസളമായ ഭാഗമാണ് ഭക്ഷിക്കുന്നത്. ഈന്തിന്റെ കായ കടിച്ചെടുത്തു അകലേക്ക് പറന്നുപോകുന്ന വവ്വാലുകളെയും പറയണ്ണാൻമാരേയും കണ്ടിട്ടുണ്ട്. കായയുടെ പുറഭാഗം ഭക്ഷിച്ചു ബാക്കിഭാഗം ഉപേക്ഷിക്കും. ഉപേക്ഷിക്കപ്പെട്ട കായ്കൾ മുളച്ച് തൈകൾ ഉണ്ടാകും. ഇവ്വിധമായിരിക്കാം ഈന്തുകളുടെ വംശവ്യാപനം നടന്നത്. ഈ ജന്തുക്കളായിരിക്കാം ഈന്തുകൾ കാട്ടിൽനിന്നു നാട്ടിൽ കൊണ്ടുവന്നത്. നാലഞ്ചു പതിറ്റാണ്ടുകൾക്കുമുമ്പ് ധാരാളമുണ്ടായിരുന്ന പറയണ്ണാനെ അടുത്തകാലത്തായി വനസമീപത്തെ ഗ്രാമങ്ങളിൽ കാണാറേയില്ല. പറയണ്ണാന്റെ വംശക്ഷയം ഈന്തിന്റെ വ്യാപനത്തെ സാരമായി ബാധിച്ചിട്ടുണ്ടാവാം.

കേരളത്തിൽ വിരളമായി കാണുന്ന പൂമ്പാറ്റയാണ് കാട്ടുവേലി നീലി (Hampson's Hedge Blue). കേരളം കൂടാതെ തമിഴ് നാട്ടിലും കർണാടകയിലും മാത്രമാണ് ഈ പൂമ്പാറ്റയെ കാണുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഒരു സംരക്ഷിത ശലഭമാണിത്. ഈ പൂമ്പാറ്റ മുട്ടയിടുന്നത് ഈന്തിലാണ്. മുട്ട വിരിഞ്ഞു വരുന്ന പുഴുക്കൾ ഈന്തില തിന്നുവളർന്ന് പുഴുപ്പൊതിയാകും. ശലഭപ്പുഴുവിന് ഈന്തിലകളിലെ വിഷവസ്തുക്കളെ പ്രതിരോധിക്കാൻ കഴിയും. ഈന്തുകൾ നാമവശേഷമായാൽ ഒപ്പം കാട്ടുവേലിനീലിയും മണ്മറഞ്ഞുപോകും.

വന്യജീവി സംരക്ഷണ നിയമപ്രകാരം ഒരു സംരക്ഷിത ശലഭമാണിത്. ഈ പൂമ്പാറ്റ മുട്ടയിടുന്നത് ഈന്തിലാണ്         Photo: Sasi Gayathri
വന്യജീവി സംരക്ഷണ നിയമപ്രകാരം ഒരു സംരക്ഷിത ശലഭമാണിത്. ഈ പൂമ്പാറ്റ മുട്ടയിടുന്നത് ഈന്തിലാണ് Photo: Sasi Gayathri

ഈന്ത് (Cycas circinalis) കേരളം, തമിഴ്നാട്, കർണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വളരുന്ന തദ്ദേശീയ സസ്യമാണ് (Endemic Tree). തദ്ദേശീയ ജീവ ജാതി നാവശേഷമാകാനുള്ള സാധ്യത പതിന്മടങ്ങാണ്.

ഏതാണ്ട് രണ്ടരപ്പതിറ്റാണ്ട് മുമ്പ് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലെ ഏതാനും വിദ്യർത്ഥികൾ പേരാമ്പ്ര പഞ്ചായത്തിലെ തെരഞ്ഞെടുത്ത വാർഡുകളിൽ ഒരു ഈന്തു സർവെ നടത്തിയിരുന്നു. അമ്പതു വർഷത്തിനിടെ എൺപതു ശതമാനത്തോളം ഈന്തുകൾ അപ്രത്യക്ഷമായതായി അവർ കണ്ടെത്തിയിരുന്നു. പിന്നീട് ഏതാണ്ട് പത്തു വർഷത്തിനു ശേഷം, 2009 -ൽ, അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സമിതി (IUCN) ഈന്തുകൾ വംശനാശ ഭീഷണി നേരിടുന്ന സസ്യമാണെന്നു പ്രഖ്യാപിച്ചു. ഈന്തുകളുടെ വംശക്ഷയത്തിന്റെ കാരണങ്ങളും വിദ്യാർത്ഥികൾ കണ്ടെത്തിയിരുന്നു. ഈന്ത് ഒരു പാഴ് വൃക്ഷമാണെന്നു കരുതി കർഷകർ നിരവധി ഈന്തുകൾ വെട്ടിമാറ്റിയിട്ടുണ്ട്. ഈന്ത്കായപ്പൊടിയുടെ പോഷകഗുണങ്ങളെ കുറിച്ച് പലരും അജഞരാണ്.

ഈ വർഷവും നിരവധി ഈന്തുകളെ രോഗം ബാധിച്ചിട്ടുണ്ട്. രാസ കീടനാശിനി പ്രയോഗിച്ച് രോഗശമനം പൂർണമായി സാധ്യമല്ലെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഒരു പ്രത്യേക ചികിത്സാരീതി അവലംബിച്ചാൽ രോഗബാധിതരായ ഈന്തുകളെ സംരക്ഷിക്കാൻ കഴിയുമെന്ന് പഠനസംഘം കണ്ടെത്തി.

ഈന്ത് മണ്ണിലെ പോഷകങ്ങൾ വലിച്ചെടുത്ത് മണ്ണിനെ പോഷകരഹിതമാക്കുമെന്നു കരുതുന്നവരുമുണ്ട്. തുച്ഛമായ തുകക്ക് ഈന്ത് വിൽക്കുന്നവരും ധാരാളം. ഈന്തിന്റെ തൊലി ചെത്തിയെടുത്ത് ഉണക്കിപ്പൊടിച്ചു പാൻപരാഗിൽ ചേർത്ത് വില്പന നടത്തുന്ന സംഘമാണ്‌ ഈന്ത് തുച്ഛമായ വിലകൊടുത്തു വാങ്ങുന്നത്. ഈന്ത് ആരും വെച്ചുപിടിപ്പിക്കാത്തതാണ് വംശക്ഷയത്തിന്റെ മറ്റൊരു കാരണം. വളരെ പതുക്കെ വളരുന്നതും കായ്ക്കാൻ ഇരുപതു മുതൽ അൻപതു വർഷം വരെ വേണ്ടിവരുന്നതും ഈന്ത് വെച്ചുപിടിപ്പിക്കാൻ കർഷകർ വിമുഖത കാണിക്കുന്നതിന്റെ കാരണങ്ങളാണ്. ഈന്തു വ്യാപനത്തിന് സഹയിച്ചരുന്ന പാറാന്റെ വംശക്ഷയവും ഈന്തുകളുടെ വംശശോഷണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

വളരെ പതുക്കെ വളരുന്നതും കായ്ക്കാൻ ഇരുപതു മുതൽ അൻപതു വർഷം വരെ വേണ്ടിവരുന്നതും ഈന്ത് വെച്ചുപിടിപ്പിക്കാൻ കർഷകർ വിമുഖത കാണിക്കുന്നതിന്റെ കാരണങ്ങളാണ്  Photo: Sasi Gayathri
വളരെ പതുക്കെ വളരുന്നതും കായ്ക്കാൻ ഇരുപതു മുതൽ അൻപതു വർഷം വരെ വേണ്ടിവരുന്നതും ഈന്ത് വെച്ചുപിടിപ്പിക്കാൻ കർഷകർ വിമുഖത കാണിക്കുന്നതിന്റെ കാരണങ്ങളാണ് Photo: Sasi Gayathri

2022-ലാണ്, ആദ്യമായി കണ്ണൂർ- കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഈന്തുകൾ ഉണങ്ങിനശിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ‘അജ്ഞാത രോഗം’ ബാധിച്ച ഈന്തുകളുടെ ഇലകൾ ഉണങ്ങുകയും തുടർന്ന് വൃക്ഷം പാടെ നശിക്കുകയും ചെയ്യും. കണ്ണൂരിലെ രാജീവ് ഗാന്ധി ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപനകനായ ഡോ. ദിലീപിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ രോഗത്തിന് കാരണം ഒരിനം ശല്ക്കപ്രാണി (Scale Insect) യാണ് എന്ന് കണ്ടെത്തി. പ്രാണികൾ മരത്തെ കൂട്ടമായി ആക്രമിച്ചു നശിപ്പിക്കും. പൂന്തോട്ടങ്ങളിലും മറ്റും വളർത്തുന്ന ഒരിനം അലങ്കാര ഈന്തുകളും (Cycas revoluta) ഈ രോഗം വന്നു നശിക്കുന്നതായി കണ്ടെത്തി. ഔലകാസ്പിസ് മടിയുനെന്സിസ് -Aulacaspis madiunensis-എന്നാണ് ഈ രോഗകീടത്തിന്റെ ശാസ്ത്ര നാമം. 2023 മുതൽ 2024 വരെ നടത്തിയ പഠനത്തിൽ കോഴിക്കോട് ജില്ലയിൽ ഏതാണ്ട് 8122 വൃക്ഷങ്ങളെയും കണ്ണൂർ ജില്ലയിൽ ഏതാണ്ട് 3865 വൃക്ഷങ്ങളെയും രോഗം ബാധിച്ചതായി കണ്ടെത്തി. 1977-ൽ ഇന്ത്യയിൽ ആദ്യമായി ആന്ധ്രാപ്രദേശിലാണ് ഈ പ്രാണി കരിമ്പിനെ നശിപ്പിക്കുന്നതായി കണ്ടെത്തിയത്. വളരെ പെട്ടെന്നാണ് രോഗം സസ്യങ്ങളിൽ നിന്ന് സസ്യങ്ങളിലേക്കു പടർന്നുപിടിക്കുന്നത്. രോഗബാധിതരായ സസ്യങ്ങൾ മുഴുവൻ നശിച്ചു പോകുന്നില്ലെന്നും പലതും വീണ്ടും തളിർക്കുകയും ചെയ്യുന്നതായി പ്രദീപും സംഘവും കണ്ടെത്തി.

2022-ലാണ്, ആദ്യമായി കണ്ണൂർ- കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഈന്തുകൾ ഉണങ്ങിനശിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.  Photo: Sasi Gayathri
2022-ലാണ്, ആദ്യമായി കണ്ണൂർ- കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഈന്തുകൾ ഉണങ്ങിനശിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. Photo: Sasi Gayathri

2024 അവസാനം കോഴിക്കോട് ജില്ലയിലെ പല പ്രദേശങ്ങളിലും ഒട്ടേറെ ഈന്തുകൾ രോഗം ബാധിച്ച് ഉണങ്ങി നശിക്കുന്നതായി കർഷകർ പരാതിപ്പെടുകയുണ്ടായി. ഈ വർഷവും നിരവധി ഈന്തുകളെ രോഗം ബാധിച്ചിട്ടുണ്ട്. രാസ കീടനാശിനി പ്രയോഗിച്ച് രോഗശമനം പൂർണമായി സാധ്യമല്ലെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഒരു പ്രത്യേക ചികിത്സാരീതി അവലംബിച്ചാൽ രോഗബാധിതരായ ഈന്തുകളെ സംരക്ഷിക്കാൻ കഴിയുമെന്ന് പഠനസംഘം കണ്ടെത്തി. ഉണങ്ങിയ ഈന്തിലകൾ വെട്ടിയെടുത്ത് വൃക്ഷത്തിന്റെ സമീപമിട്ട് കത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇലകൾ വെട്ടിയെടുക്കാതെ വൃക്ഷത്തിൽ വെച്ചുതന്നെ ഇലകൾ കത്തിച്ചാലും ഈന്തിന് കേടുപാട് സംഭവിക്കില്ലത്രെ. തുടർന്ന് വൃക്ഷത്തലപ്പിൽ സോപ്പ് കലക്കിയ വെള്ളം അടിക്കുകയും വേപ്പെണ്ണ തളിക്കുകയും ചെയ്യണം. ഉണങ്ങിത്തുടങ്ങിയ ഈന്തുകൾ താമസിയാതെ തളിരിട്ടു തുടങ്ങുമത്രെ. ഒരു പ്രദേശത്തെ രോഗം വന്ന ഈന്തങ്ങുകളെ ഇങ്ങനെ ഒരേസമയം ചികിൽസിച്ചാലാണ് ഫലംകിട്ടുക എന്നാണ് പഠന സംഘം അഭിപ്രായപ്പെടുന്നത്.

വംശനാശം നേരിടുന്ന ഈന്തുകളെ ഈ മാരക രോഗം തുടച്ചു നീക്കുമോ എന്ന ആശങ്കയിലാണ് ഗവേഷകർ.

വംശനാശം നേരിടുന്ന ഈന്തുകളെ ഈ മാരക രോഗം തുടച്ചു നീക്കുമോ എന്ന ആശങ്കയിലാണ് ഗവേഷകർ.  Photo: Sasi Gayathri
വംശനാശം നേരിടുന്ന ഈന്തുകളെ ഈ മാരക രോഗം തുടച്ചു നീക്കുമോ എന്ന ആശങ്കയിലാണ് ഗവേഷകർ. Photo: Sasi Gayathri

രോഗകാരണങ്ങളെ കുറിച്ചും രോഗപ്രതിവിധിയെക്കുറിച്ചും വിപുലമായ പഠനം അനിവാര്യമാണ്. രോഗത്തിനു കാരണമായ പ്രാണി എങ്ങനെ കേരളത്തിലെത്തി എന്നതിനെക്കുറിച്ചും വിശദമായി പഠിക്കണം. വനം വകുപ്പും പ്രകൃതി സംരക്ഷണ സന്നദ്ധ സഘടനകളും ഈന്തു തൈകൾ ധാരാളമായി വിതരണം ചെയ്യണം. ഈന്തുകൾ സംരക്ഷിതവൃക്ഷമായി പ്രഖ്യാപിക്കുകയും ഈന്തു വെട്ടുന്നത് നിയമപരമായി നിരോധിക്കുകയും വേണം. ഈന്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കർഷകർക്കിടയിൽ വിപുലമായ ബോധവൽക്കരണം അവിവാര്യമാണ്. അല്ലാത്ത പക്ഷം സഹസ്രാബ്ദങ്ങളുടെ ചരിത്രസാക്ഷിയയായ ഒരു വൃക്ഷം എന്നന്നേക്കുമായി ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകാൻ ഏറെ നാൾ വേണ്ടിവരില്ല.

Photo: Sasi Gayathri
Photo: Sasi Gayathri
Photo: Sasi Gayathri
Photo: Sasi Gayathri
Photo: Sasi Gayathri
Photo: Sasi Gayathri

Summary: Scale Insect causes Eenthu Pana or Cycas circinalis in Kerala to extinction, Dr Abdulla Paleri scientifically explains the issue.


ഡോ. അബ്​ദുള്ള പാലേരി

പക്ഷിനിരീക്ഷകൻ, അധ്യാപകൻ. പക്ഷിനിരീക്ഷണം: അറിവും വിനോദവും, വരൂ, നമുക്ക്​ പൂമ്പാറ്റകളെ നിരീക്ഷിക്കാം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments