എറിയാട്
ജനവാസകേ​ന്ദ്രത്തിൽ
രാസമാലിന്യം നിക്ഷേപിച്ച്
ബിനാനി സിങ്ക്

തൃശൂർ ജില്ലയിൽ എറിയാട് പഞ്ചായത്തിലെ 15 സ്വകാര്യ പറമ്പുകളിൽ മണ്ണ് എന്ന പേരിൽ ബിനാനി സിങ്ക് കമ്പനി (എടയാർ സിങ്ക് ലിമിറ്റഡ്) നിക്ഷേപിച്ച രാസമാലിന്യം വൻ പാരിസ്ഥിതിക പ്രശ്നങ്ങളാണുണ്ടാക്കുന്നത്. മാലിന്യ സംസ്കരണം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട സംസ്ഥാന മാലിന്യ നിയന്ത്രണ ബോർഡും ഇക്കാര്യത്തിൽ പ്രതിസ്ഥാനത്താണ്: അഡ്വ. കെ.പി. രവിപ്രകാശ്​ എഴുതുന്നു.

തൃശ്ശൂർ ജില്ലയിൽ എറിയാട് ഗ്രാമപഞ്ചായത്തിലെ 15 സ്വകാര്യപറമ്പുകളിൽ, മണ്ണ് എന്ന പേരിൽ ബിനാനി സിങ്ക് ലിമിറ്റഡ് (എടയാർ സിങ്ക് ലിമിറ്റഡ്) ജറോസൈറ്റ് എന്ന മാലിന്യം നിക്ഷേപിച്ചത് വൻ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കിടയാക്കിയിരിക്കുകയാണ്. രാസമാലിന്യം പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ പരിശോധനാകേന്ദ്രങ്ങളിൽ പരിശോധിച്ചപ്പോഴാണ് ഇത് മണ്ണല്ല, ഘനമാലിന്യമാണ് എന്ന് നാട്ടുകാർ അറിയുന്നത്. പ്രസ്തുത മാലിന്യത്തിൽ വലിയതോതിൽ ഘനധാതുക്കൾ അടങ്ങിയിരിക്കുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. ഇവയെല്ലാം മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും നിലനിൽപ്പിന് ഹാനികരമാണ്.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 2026 ആഗസ്റ്റ് 15ന് നടത്തിയ മണ്ണ് പരിശോധനാഫലം:

ഈ പട്ടികയിൽ നിന്നുതന്നെ മാലിന്യശേഖരം അങ്ങേയറ്റം അപകടകരമാണെന്ന് മനസ്സിലായിക്കാണുമല്ലോ. ഇതിലൊരു ഉദാഹരണം മാത്രമെടുക്കാം.

എറിയാട് നിക്ഷേപിച്ച മാലിന്യത്തിൽ കാഡ്‌മിയത്തിൻ്റെ അളവ് ഒരു കിലോഗ്രാം മാലിന്യത്തിൽ 343.6 മില്ലിഗ്രാം/കി.ഗ്രാമാണെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ പരിശോധാഫലത്തിലുണ്ട്. എന്നാൽ, 2016-ലെ ഹസാർഡിയസ് വെയ്സ്റ്റ് മാനേജ്മെൻ്റ് പ്രകാരം അനുവദനീയമായ അളവ് 5 മില്ലിഗ്രാം/കി.ഗ്രാം മാത്രമാണ്. അതായത് അനുവദനീയമായ അളവിനേക്കാൾ 70 ഇരട്ടി. ഇതിൽനിന്നുതന്നെ, ഇതിന്റെ പാരിസ്ഥിതികമായ പ്രത്യാഘാതം വ്യക്തമാണ്. മാത്രമല്ല, തദ്ദേശവാസികളുടെ എല്ലാ അവകാശങ്ങളെയും കാറ്റിൽപറത്തിയാണ് മാലിന്യം നിക്ഷേപിച്ചത് എന്ന കാര്യത്തിലും സംശയമില്ല.

ശുദ്ധീകരിക്കാത്ത മാലിന്യം ഹൈവേ പണികളുമായി ബന്ധപ്പെട്ട് റോഡിൽ നിറച്ചാൽ പ്രശ്നമുണ്ടാകില്ലേ? ഹൈവേയിൽനിന്ന് ഒലിച്ചിറങ്ങൽ സംഭവിക്കില്ലെന്നാണോ പൊലുഷൻ കൺട്രോൾ ബോർഡ് അടക്കമുള്ളവരുടെ ധാരണ.

ധാതുമാലിന്യങ്ങളുടെ അളവ് മണ്ണിലും ജലത്തിലും കൂടിയാൽ എന്താണ് പ്രശ്‌നം? കാഡ്‌മിയത്തിന്റെ അളവ് മാത്രം കൂടിയാൽ എന്തുണ്ടാകുമെന്ന് പരിശോധിക്കാം. ഒന്നാമത്, കൃഷി നശിക്കും. സസ്യങ്ങളുടെ വളർച്ച മുരടിക്കും. തെങ്ങിനും മറ്റും മറ്റ് ധാതുലവണങ്ങൾ വലിച്ചെടുക്കാൻ കഴിയാതെ ഇലകൾ മഞ്ഞളിച്ച് വംശനാശം സംഭവിക്കും. ഈ പ്രദേശങ്ങളിൽനിന്ന് ഉൽപാദിപ്പിച്ചെടുക്കുന്ന കാർഷികോൽപന്നങ്ങളിൽ വർധിച്ചതോതിൽ കാഡ്‌മിയം കണ്ടന്റ്റ് ഉണ്ടാകും. ഇത് കിഡ്‌നിക്കും അസ്ഥിക്കും കേടുപാടുകളുണ്ടാക്കും. ഞരമ്പുകളുടെ പ്രവർത്തനത്തിന് തടസ്സം നേരിടും. മണ്ണിനടിയിലേക്ക് ഒലിച്ചിറങ്ങി ജലമാർഗങ്ങൾ വിഷലിപ്‌തമാകും. ഇത് മനുഷ്യരേയും മൃഗങ്ങളേയും മറ്റ് ജീവജാലങ്ങളേയും രോഗാതുരരാക്കും.

ആരാണ് യഥാർഥ വില്ലൻ?

1966-ൽ ആരംഭിച്ച് 2014 നവംബർ 27-ന് ഉൽപാദനം നിർത്തിയ സ്ഥാപനമാണ് ബിനാനി സിങ്ക് ലിമിറ്റഡ്. പിന്നീട് എടയാർ സിങ്ക് ലിമിറ്റഡ് എന്ന് പേരു മാറ്റി. 2025-ൽ വീണ്ടും പേരുമാറ്റി ബി ഐ എൽ വ്യാപാർ ലിമിറ്റഡ് എന്നാക്കി. 2014 വരെ സിങ്കും അനുബന്ധ ഉൽപന്നങ്ങളുടെയും നിർമ്മാണമായിരുന്നു പ്രധാന വ്യവസായം. എറണാകുളം ജില്ലയിലെ എടയാറിൽ പെരിയാറിനോടുചേർന്ന് 110 ഏക്കറിലാണ് കമ്പനി സ്ഥിതിചെയ്യുന്നത്.

ബ്രോജ് ബിനാനി എന്ന കോർപ്പറേറ്റ് ഗ്രൂപ്പിൻ്റേതാണ് സ്ഥാപനം. അവർ സിമൻ്റ്, ഗ്യാസ് ഫൈബർ, കൺസ്ട്രക്ഷൻ എന്നീ വ്യവസായസംരംഭങ്ങളിൽ നിക്ഷേപിച്ച് പ്രവർത്തിക്കുന്നവരാണ്. പിന്നീട് മീന വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മേജർ ഷെയർ വാങ്ങി. ഹരിയാനയിൽ ബിനാനി സിങ്ക് ലിമിറ്റഡിനെതിരെ പരിസരദൂഷണത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ (National Green Tribunal- NGT) 25 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.

കമ്പനി ഷെയറും മാനേജ്മെന്റും മാറിമാറി വന്നെങ്കിലും വലിയതോതിലുള്ള സിങ്ക് ഉൽപാദനത്തിന്റെ ഭാഗമായി രൂപപ്പെട്ടുവന്ന മാലിന്യക്കൂമ്പാരം കൂടിക്കൂടിവന്നു. എടയാറിലും സമീപങ്ങളിലും ജനജീവിതം ദുസ്സഹമാകുന്ന വിധത്തിൽ മാലിന്യത്തിൽ നിന്നും അസംസ്കൃതവസ്തുക്കളിൽ നിന്നുമുള്ള ഒലിച്ചിറങ്ങലിന്റെ കാഠിന്യം വർധിച്ചു കൊണ്ടേയിരുന്നു.

രാസമാലിന്യം പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ പരിശോധനാകേന്ദ്രങ്ങളിൽ പരിശോധിച്ചപ്പോഴാണ് ഇത് മണ്ണല്ല, ഘനമാലിന്യമാണ് എന്ന് നാട്ടുകാർ അറിയുന്നത്.
രാസമാലിന്യം പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ പരിശോധനാകേന്ദ്രങ്ങളിൽ പരിശോധിച്ചപ്പോഴാണ് ഇത് മണ്ണല്ല, ഘനമാലിന്യമാണ് എന്ന് നാട്ടുകാർ അറിയുന്നത്.

പ്രസ്തു‌ത സാഹചര്യത്തിൽ കമ്പനിക്കെതിരെ 100-ലധികം കോടതിക്കേസുകളുണ്ടായി. പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു കമ്പനി നടത്തിപ്പ്. ഹൈക്കോടതിയുടെയും നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെയും വിധികളുടെ പശ്ചാത്തലത്തിൽ മാലിന്യക്കൂമ്പാരം കുറേയേറെ അവിടെനിന്നും നീക്കി. എന്നിട്ടും പ്രശ്നം തീർന്നില്ല.

കമ്പനി നടത്തിപ്പുകാലഘട്ടത്തിൽ ജറോസൈറ്റ് (സിങ്കും മറ്റ് ഘനവസ്‌തുക്കളും അടങ്ങിയ മണ്ണ്) സൂക്ഷിച്ചിരുന്ന വലിയ പോണ്ടുകളിൽനിന്നും സമീപ പ്രദേശങ്ങളിലെ നെൽപ്പാടങ്ങളിലേക്ക് മാലിന്യം ഒലിച്ചിറങ്ങുകയും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്തു. 110 ഏക്കർ കമ്പനി ഭൂമിയിൽ 20 ഏക്കർ ഇത്തരം ജറോസൈറ്റ് പോണ്ടുകളാണ്. കൃഷിയേയും കൃഷിചെയ്തിരുന്ന മനുഷ്യരേയും വലിയ തോതിൽ ബാധിച്ചപ്പോഴാണ് അവിടുത്തെ ജനം ഇതിന്റെ കാരണങ്ങളും ഉറവിടങ്ങളും അന്വേഷിച്ചിറങ്ങിയത്. ജലവും മണ്ണും പരിശോധിച്ചപ്പോൾ പരിധിയിൽ കവിഞ്ഞ് കാഡ്മിയവും മറ്റ് ഘനമാലിന്യങ്ങളും കണ്ടെത്തി. പ്രാദേശികജനങ്ങളും പരിസ്ഥിതി പ്രവർത്തകരും ഇതിനെതിരെ സമരരംഗത്തിറങ്ങി. ഇതൊന്നും തങ്ങളുടെ കമ്പനിയിലെ മാലിന്യങ്ങളിൽ നിന്നും രൂപപ്പെട്ടതല്ല എന്നായിരുന്നു കമ്പനിവാദം.

തുടർന്ന് പ്രാദേശികവാസികൾ ഹൈക്കോടതിയിലും ഹരിത ട്രിബ്യൂണലിലും കേസ് ഫയൽ ചെയ്‌തു. 2017-ൽ ആരംഭിച്ച എൻ.ജി.ടി കേസ് 2023-ലാണ് വിധി പറഞ്ഞത്. കമ്പനി അവരുടെ വാദങ്ങളിൽ ഉറച്ചുനിന്ന സാഹചര്യത്തിൽ എൻ.ജി.ടി വിദഗ്ധ സമിതിക്ക് രൂപംകൊടുത്ത് സമഗ്ര അന്വേഷണം നടത്തി. കമ്പനിയുടെ വാദം പൊളിഞ്ഞു. കേരള സ്റ്റേറ്റ് പൊല്യൂഷൻ ബോർഡ് നടത്തിയ പരിശോധനയിൽ നെൽപ്പാടങ്ങളിലെ മണ്ണിൽ ക്രോമിയത്തിൻ്റെ അളവ് 45.35 മില്ലിഗ്രാം/കി ഗ്രാം ആണെന്ന് കണ്ടെത്തി. ഇതിൻ്റെ അനുവദനീയ അളവ് 5 മില്ലിഗ്രാം/കി ഗ്രാം ആണ്. മറ്റ് ധാതുക്കളായ ലെഡ്, കോപ്പർ, കാഡ്‌മിയം എന്നിവയുടെ അളവും അനുവദനീയ അളവിനേക്കാളും കൂടുതലായിരുന്നു. ഇത് മറ്റ് കമ്പനിയിൽ നിന്നും ഉണ്ടായതാണെന്നായിരുന്നു ബിനാനി സിങ്കിന്റെ വാദം. വിദഗ്ധ സമിതി അന്വേഷണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രസ്‌തുതവാദത്തിന് നിലനിൽ പ്പില്ലാതായി.

എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചാണ് അതീവ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ട ഖരമാലിന്യം യാതൊരു ശ്രദ്ധയുമില്ലാതെ വളരെ പാവപ്പെട്ടവർ ജീവിക്കുന്നതും തീരപ്രദേശത്തെ അതീവ ജനവാസകേന്ദ്രവും സി.ആർ.സെഡ് നിയമം നിലനിൽക്കുന്നതുമായ പ്രദേശത്ത് നിക്ഷേപിച്ചിരിക്കുന്നത്.

കമ്പനിയ്ക്കുള്ളിലെ മുഴുവൻ മാലിന്യവും നീക്കം ചെയ്യാനും സമീപവാസികൾക്ക് കമ്പനിച്ചെലവിൽ ശുദ്ധജലം വിതരണം ചെയ്യാനും നഷ്ടപരിഹാരം നൽകാനും എൻ.ജി.ടി ഉത്തരവിട്ടു. കേരള സ്റ്റേറ്റ് പൊല്യൂഷൻ ബോർഡിനോട് മാലിന്യം നീക്കം ചെയ്‌ത് കമ്പനിയുടെ ഉൾഭാഗം പൂർണ്ണമായും മാലിന്യമുക്തമാക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖ (DPR) ഉണ്ടാക്കി സമർപ്പിക്കാനും നിർദേശിച്ചു. പൊല്യൂഷൻ കൺട്രോൾ ബോർഡിനോട് മാലിന്യം വേണ്ടരീതിയിൽ സംസ്‌കരിച്ചു എന്നുറപ്പാക്കാനും നിർദേശിച്ചു.

മാലിന്യം നീക്കം ചെയ്യാൻ എടയാർ സിങ്ക് ലിമിറ്റഡ് മറ്റൊരു കമ്പനിയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടത്രേ. അവരുടെ പേര് സുപ്രീം എയർ പ്രോഡക്‌ട്‌സ് എന്നാണ്. അവർ മാലിന്യം കൊണ്ടുപോകാൻ പോൾസൻ എന്നയാൾക്ക് ഉപകരാർ കൊടുത്തു. പോൾസനോട് ഹൈവേ പണിക്ക് മണ്ണ് കൈമാറാനായിരുന്നു നിർദേശം. എറിയാട് കൊണ്ടിട്ട മണ്ണിൻ്റെ ഉത്തരവാദിത്വം ആരും ഏൽക്കാൻ തയ്യാറില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

ഇവിടെ രണ്ടു മൂന്നു പ്രധാന ചോദ്യങ്ങൾ ഉയർത്തേണ്ടതുണ്ട്. എടയാർ സിങ്ക് ലിമിറ്റഡിൻ്റെ കോമ്പൗണ്ടിൽ കിടക്കുന്ന ശുദ്ധീകരിക്കാത്ത മാലിന്യം ശുദ്ധീകരിച്ച് സംസ്‌കരിക്കുക എന്നതാണ് NGT നിർദേശം. ഇതിനുവേണ്ടി ഒരു പദ്ധതിരേഖതന്നെ ഉണ്ടാക്കിയിട്ടുണ്ട്. അത് നടപ്പാക്കിയെന്ന് ഉറപ്പാക്കാൻ പൊല്യൂഷൻ കൺട്രാൾ ബോർഡിന് നിർദേശം നൽകിയിട്ടുമുണ്ട്. ശുദ്ധീകരിക്കാത്ത മാലിന്യം ഹൈവേ പണികളുമായി ബന്ധപ്പെട്ട് റോഡിൽ നിറച്ചാൽ പ്രശ്നമുണ്ടാകില്ലേ? ഹൈവേയിൽനിന്ന് ഒലിച്ചിറങ്ങൽ സംഭവിക്കില്ലെന്നാണോ പൊലുഷൻ കൺട്രോൾ ബോർഡ് അടക്കമുള്ളവരുടെ ധാരണ.

മേൽനിർദേശങ്ങളുടെ ഭാഗമായുള്ള മാലിന്യസംസ്‌കരണമാണ് എറിയാട്ടെ 15 പറമ്പുകളിൽ മാലിന്യ നിക്ഷേപത്തിലൂടെ സംഭവിച്ചത്. ഇതിൽനിന്ന് യഥാർഥ പ്രതികൾ ആരാണെന്ന് വ്യക്തമാണല്ലോ. ഒന്നാംപ്രതി, നിരന്തരമായി പാരിസ്ഥിതിക നിയമങ്ങളെയും കോടതി തീരുമാനങ്ങളെയും അവഗണിച്ചുപോന്ന ബിനാനി സിങ്ക് ലിമിറ്റഡ് എന്ന കമ്പനി.

രണ്ടാംപ്രതി, വേണ്ട രീതിയിൽ മാലിന്യസംസ്‌കരണം പരിശോധിച്ച് നിർദേശം നൽകുന്നതിൽ പരാജയപ്പെട്ട കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ്. മറ്റു പ്രതികളെല്ലാം അനുബന്ധ പ്രതികൾ മാത്രമാണ്. എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചാണ് അതീവ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ട ഖരമാലിന്യം യാതൊരു ശ്രദ്ധയുമില്ലാതെ വളരെ പാവപ്പെട്ടവർ ജീവിക്കുന്നതും തീരപ്രദേശത്തെ അതീവ ജനവാസകേന്ദ്രവും സി.ആർ.സെഡ് നിയമം നിലനിൽക്കുന്നതുമായ പ്രദേശത്ത് നിക്ഷേപിച്ചിരിക്കുന്നത്. ഇത് ജനങ്ങളുടെ ജീവിക്കാനുള്ള പ്രാഥമികമായ അവകാശത്തിലുള്ള കടന്നുകയറ്റമാണ്.

മേൽനിർദേശങ്ങളുടെ ഭാഗമായുള്ള മാലിന്യസംസ്‌കരണമാണ് എറിയാട്ടെ 15 പറമ്പുകളിൽ മാലിന്യ നിക്ഷേപത്തിലൂടെ സംഭവിച്ചത്.
മേൽനിർദേശങ്ങളുടെ ഭാഗമായുള്ള മാലിന്യസംസ്‌കരണമാണ് എറിയാട്ടെ 15 പറമ്പുകളിൽ മാലിന്യ നിക്ഷേപത്തിലൂടെ സംഭവിച്ചത്.

പ്രസ്തുത സാഹചര്യത്തിൽ സർക്കാർ മെഷിനറി ഉണർന്ന് പ്രവർത്തിച്ച് ഏറിയാട്ടെ പാവപ്പെട്ട ജന ങ്ങളുടെ ഭീതി അകറ്റേണ്ടതുണ്ട്.

  • കേരള സർക്കാർ അടിയന്തരമായി ഇടപെട്ട് മാലിന്യം നിക്ഷേപിച്ച പ്രദേശങ്ങൾ സീൽചെയ്‌ത് പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ നിയന്ത്രണത്തിലാക്കുക.

  • പ്രദേശത്ത് പോലീസ് പെട്രോളിങ് ഏർപ്പെടുത്തുക.

  • ഹൈക്കോടതി, ഗ്രീൻ ട്രിബ്യൂണൽ എന്നിവയുടെ ഉത്തരവുകളുണ്ടായിട്ടും മാലിന്യസംസ്‌കരണം വേണ്ട രീതിയിൽ നടത്താതിരുന്ന എടയാർ സിങ്ക് ലിമിറ്റഡിനെതിരെയും അവർ നൽകിയ ഉപകരാറുകാർക്കെ തിരെയും പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുക.

  • ജനവാസകേന്ദ്രങ്ങളിൽ ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന തരത്തിലുള്ള രാസമാലിന്യം നിക്ഷേപിച്ചതിൻ്റെ പരിണിതഫലം മനസ്സിലാക്കി എത്രയും പെട്ടെന്ന് മാലിന്യം പ്രസ്‌തുത പ്രദേശങ്ങളിൽ നിന്നും നീക്കം ചെയ്യുന്നതിനുവേണ്ട ഇടപെടലുകൾ നടത്തുക.


Summary: Binani Zinc Limited, which dumped chemical waste in the residential area of ​​Eriyad Grama Panchayat should be prosecuted, writes Adv. K.P. Raviprakash.


അഡ്വ. കെ.പി. രവിപ്രകാശ്​

എഴുത്തുകാരൻ, കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ കേന്ദ്ര നിർവാഹക സമിതി അംഗം. ‘ഇന്ത്യൻ ഭരണഘടന: ചരിത്രം, സംസ്​കാരം, നൈതികത’ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments