പരിസ്ഥിതിലോലപ്രദേശങ്ങളുടെ (ESA) പ്രഖ്യാപനവുമായി ബന്ധപ്പെട്ട്, കേരളത്തിൽ സഭ നടത്തുന്ന പ്രചാരണം വിശ്വസിച്ചുപോരുന്ന വിശ്വാസികളോട്: ഒരു ശത്രു ഉണ്ടായാലേ നിലവിൽ വിശ്വാസികളെ ഒപ്പം നിർത്താനാവൂ എന്ന സിദ്ധാന്തത്തിൽ നിന്നാണ് സഭയുടെ ESA സമരങ്ങൾ അരമനകളിൽ നിന്നും ജന്മമെടുക്കുന്നത്.
ആദ്യം മനസിലാക്കേണ്ടത് ESA പ്രഖ്യാപനം മലയോര കർഷകരെ തെരഞ്ഞുപിടിച്ച് പുറത്താക്കാനുള്ള ഗൂഢാലോചനയാണെന്ന പ്രചാരണം, യഥാർത്ഥത്തിൽ സഭയുടെ ഗൂഢാലോചനയാണെന്നാണ്. കാരണം ഒരു പ്രദേശം ESA ആയി പ്രഖ്യാപിക്കുന്ന നിയമപരമായ നടപടികൾക്ക് 1989 മുതലുള്ള പഴക്കമുണ്ട്.
കർഷകരെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കാനല്ല ESA എന്ന് തിരിച്ചറിയണം. നമ്മുടെ നാട്ടിൽ നടക്കുന്ന സമരങ്ങൾ പലതും മാലിന്യം തുപ്പുന്ന ഫാക്ടറികളെതിരെയോ, വൻ കരിങ്കൽ ക്വാറികൾക്കെതിരെയോ, വെള്ളം മലിനമാക്കുന്ന കമ്പനികൾക്കെതിരെയോ, മാലിന്യങ്ങൾ തള്ളുന്നതിനെതിരെയോ ഒക്കെയാണ്.
ഒരർത്ഥത്തിൽ വലിയ ക്വാറികൾക്കും വലിയ അണക്കെട്ടുകൾക്കും വലിയ റിസോർട്ടുകൾക്കും വേണ്ടിയാണ് ഈ സമരങ്ങളെമ്പാടും ചെയ്യിപ്പിക്കുന്നത്.
നിലവിലെ ESA പ്രഖ്യാപനം അത്തരത്തിൽ വലിയ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന, വായുവും വെള്ളവും മലിനീകരിക്കുന്ന, മനുഷ്യന് സ്വൈര്യജീവിതം സാധിക്കാത്ത സംവിധാനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയാണ് ചെയ്യുന്നത്. രണ്ടു ലക്ഷം ച.അടിക്കുമേലുള്ള കെട്ടിടങ്ങൾ, ഖനനം, താപനിലയങ്ങൾ എന്നിങ്ങനെ വൻകിട പദ്ധതികൾക്കാണ് ESA വിലക്കേർപ്പെടുത്തുന്നത്. മലയോര മേഖലയിലെ ജനങ്ങൾക്കുവേണ്ടിയാണ് ESA സംസാരിക്കുന്നത് എന്ന് വ്യക്തമല്ലേ?
ഇന്ത്യയിലെ പരിസ്ഥിതി– വനം മന്ത്രാലയത്തിന്റെ (MoEF) അധികാരപരിധിയിലുള്ള പരിസ്ഥിതി (സംരക്ഷണ) നിയമം (Environment- Protection- Act-EPA, 1986) പരിസ്ഥിതിനാശവും മലിനീകരണവും നിയന്ത്രിക്കുന്നതിനുള്ള സമഗ്ര നിയമമായാണ് ഔദ്യോഗികമായി കണക്കാക്കപ്പെടുന്നത്. പരിസ്ഥിതിയുടെ ഗുണനിലവാരം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും മലിനീകരണം തടയാനും ആവശ്യമാണ് എന്ന് കേന്ദ്ര സർക്കാർ കരുതുന്ന നടപടികൾ സ്വീകരിക്കാൻ നിയമത്തിലെ വകുപ്പ് 3(2)(v) അധികാരം നൽകുന്നു. ചില വികസന പ്രവർത്തനങ്ങൾ നിരോധിക്കാവുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഈ വ്യവസ്ഥ വഴിയൊരുക്കുന്നു. പരിസ്ഥിതി (സംരക്ഷണ) ചട്ടങ്ങൾ, 1986-ലെ ചട്ടം 5(1) വിവിധ പ്രദേശങ്ങളിൽ ചില പ്രവർത്തനങ്ങൾ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമ്പോൾ പരിഗണിക്കാവുന്ന മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു.

1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (EPA) വകുപ്പ് 3, പരിസ്ഥിതിയുടെ ഗുണനിലവാരം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും പരിസ്ഥിതി മലിനീകരണം തടയാനും നിയന്ത്രിക്കാനും ആവശ്യമാണ് എന്ന് കരുതുന്ന എല്ലാ നടപടികളും സ്വീകരിക്കാൻ കേന്ദ്ര പരിസ്ഥിതി–വനം മന്ത്രാലയത്തിന് അധികാരം നൽകുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, ചില പ്രദേശങ്ങളിൽ വ്യവസായങ്ങളോ പ്രവർത്തനങ്ങളോ പ്രക്രിയകളോ, അല്ലെങ്കിൽ അവയുടെ ചില വിഭാഗങ്ങളോ നടത്തുന്നത് കേന്ദ്ര സർക്കാരിന് നിരോധിക്കാം; അതല്ലെങ്കിൽ നിശ്ചിത സംരക്ഷണവ്യവസ്ഥകൾ പാലിച്ചുമാത്രം അവ നടത്താൻ അനുവദിക്കാം (വകുപ്പ് 3(2)(v)).
മേൽവിവരിച്ച നിയമവ്യവസ്ഥകൾ ഉപയോഗിച്ചാണ് പരിസ്ഥിതി–വനം മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പാരിസ്ഥിതികമായി ലോലമായ പ്രദേശങ്ങളായോ ദുർബല പ്രദേശങ്ങളായോ പ്രഖ്യാപിച്ചത്. ഈ നിയമം സർക്കാർ ഉപയോഗിച്ചതിന് ചരിത്രപരമായ തെളിവുകൾ വേണ്ടുവോളമുണ്ട്. അത് ഒരുകൂട്ടം ജനങ്ങളെ വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ നിന്നും രക്ഷിച്ചതിന്റെയും കൂടി കഥയാണ്.
രണ്ടു ലക്ഷം ച.അടിക്കുമേലുള്ള കെട്ടിടങ്ങൾ, ഖനനം, താപനിലയങ്ങൾ എന്നിങ്ങനെ വൻകിട പദ്ധതികൾക്കാണ് ESA വിലക്കേർപ്പെടുത്തുന്നത്. മലയോര മേഖലയിലെ ജനങ്ങൾക്കുവേണ്ടിയാണ് ESA സംസാരിക്കുന്നത് എന്ന് വ്യക്തമല്ലേ?
ESA പ്രഖ്യാപിക്കുന്നതിനുള്ള അധികാരം ഉപയോഗിച്ചതിന്റെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള തീരദേശഗ്രാമമായ മുരുഡ്–ജഞ്ജീര. ഈ നിയമവ്യവസ്ഥകൾ കേന്ദ്ര സർക്കാർ ആദ്യമായി ഉപയോഗിച്ചത് 1989 ജനുവരിയിലായിരുന്നു. ദിഘി–മുരുഡ്–ജഞ്ജീരയിൽ കപ്പൽ അറ്റകുറ്റപ്പണി വ്യവസായം സ്ഥാപിക്കുന്നതിനുള്ള മസഗാവ് ഡോക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതി മഹാരാഷ്ട്ര സർക്കാർ പരിഗണിക്കുകയായിരുന്നു. പദ്ധതിയിൽനിന്നുണ്ടാകാവുന്ന പാരിസ്ഥിതിക ഭീഷണി ബോംബെ എൻവയോൺമെന്റ് ആക്ഷൻ ഗ്രൂപ്പ് (BEAG) പരിസ്ഥിതി– വനം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി, ഇടപെടൽ ആവശ്യപ്പെട്ടു. മുരുഡ്–ജഞ്ജീരയെ സംരക്ഷിക്കുന്ന വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടും സംഘടന ആവശ്യപ്പെട്ടു. മുരുഡിലെ കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനായി ഈ വിജ്ഞാപനം പ്രദേശത്ത് വ്യവസായങ്ങൾ സ്ഥാപിക്കുന്നത് നിരോധിക്കുന്നു. എന്നാൽ വിജ്ഞാപനത്തിൽ ‘ESA’ എന്ന പദം ഉപയോഗിച്ചിരുന്നില്ല.
രണ്ടാമത്തേതാണ് 1989 ഫെബ്രുവരിയിലെ ഡൂൺ താഴ്‌വര വിജ്ഞാപനം. ഈ പ്രദേശത്തെ വിവേചനരഹിതമായ ചുണ്ണാമ്പുകല്ല് ഖനനത്തിനെതിരെ തദ്ദേശവാസികളും സംഘടനകളും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയെത്തുടർന്ന് 1988 ഓഗസ്റ്റിൽ ഡൂൺ താഴ്‌വരയിലെ ഖനനം പൂർണമായി നിർത്തണമെന്ന് സുപ്രീംകോടതി നിർദേശം നൽകി. പിന്നീടുണ്ടായ ESA വിജ്ഞാപനങ്ങൾക്ക് ഒരു മാതൃകയായതിനാൽ ഡൂൺ താഴ്‌വര വിജ്ഞാപനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മലിനീകരണമുണ്ടാക്കാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ വ്യവസായങ്ങളെ ആദ്യമായി ‘റെഡ്’, ‘ഓറഞ്ച്’, ‘ഗ്രീൻ’ വിഭാഗങ്ങളായി തിരിച്ചത് ഈ വിജ്ഞാപനത്തിലൂടെയാണ്. ഈ വിജ്ഞാപനത്തിലും ‘ESA’ എന്ന പദം ഉപയോഗിച്ചിരുന്നില്ല.

ദഹാനു (1991) പ്രഖ്യാപനമാണ് മറ്റൊന്ന്. മഹാരാഷ്ട്രയിലെ ദഹാനു താലൂക്കിൽ 500 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതനിലയം സ്ഥാപിക്കാൻ 1988-ൽ ബോംബെ സബർബൻ ഇലക്ട്രിക് സപ്ലൈ ലിമിറ്റഡ് (BSES) നിർദേശിച്ചു. ഇതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിൽ ആശങ്കപ്പെട്ട ദഹാനു നിവാസികൾ ബോംബെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും അതത് ഉത്തരവുകളിലൂടെ താപവൈദ്യുതനിലയം സ്ഥാപിക്കാൻ അനുമതി നൽകി.
ദഹാനു താലൂക്ക് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (DTEPG), BEAG പോലുള്ള സംഘടനകളുടെ സഹായത്തോടെ, പ്രദേശത്തെ ESA ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ന്യായീകരണമായി മന്ത്രാലയത്തിന്റെ ‘പാരിസ്ഥിതിക ദുർബലത നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ’ എന്ന റിപ്പോർട്ട് ഉപയോഗിച്ചു. ഒരു പ്രദേശത്തെ ESA ആയി പ്രഖ്യാപിക്കുമ്പോൾ ശാസ്ത്രീയ മാനദണ്ഡങ്ങൾ ആദ്യമായി ഉപയോഗിച്ചത് ഈ ഘട്ടത്തിലായിരുന്നു. ‘പാരിസ്ഥിതികമായി ദുർബലമായ പ്രദേശം’ (Ecologically Fragile Area) എന്ന പദം ആദ്യമായി ഉപയോഗിച്ചതും ഇവിടെയാണ്.
ഖനനം നിരോധിച്ച, 16 ലക്ഷം ജനങ്ങൾ താമസിക്കുന്ന ഡൂൺ വാലി ESA പരിധിയിലാണ്. അവിടുത്തെ ജനജീവിതം തടസ്സപ്പെട്ടിട്ടില്ല. മഹാരാഷ്ട്രയിലെ ദഹാനു പ്രദേശത്ത് താപവൈദ്യുത നിലയത്തിൽ പുകവാതകത്തിലെ സൾഫർ നീക്കം ചെയ്യാനുള്ള സംവിധാനം (Flue Gas Desulphurisation Plant) സ്ഥാപിക്കുന്നുവെന്ന് ദഹാനു താലൂക്ക് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ അതോറിറ്റി (DTEPA) ഉറപ്പുവരുത്തി. ദഹാനുവിൽ ഒരു തുറമുഖം സ്ഥാപിക്കുന്നതും തടഞ്ഞു. അവിടെ ജനങ്ങൾ സുരക്ഷിതരാണ് എന്നുതന്നെ പറയാം.
പരിസ്ഥിതി സംരക്ഷണ നിയമം മാത്രമാണ് ESA-യ്ക്ക് ബാധകം. നല്ല വായുവും, നല്ല നീർചാലുകളും, നല്ല മണ്ണുമുള്ള ശബ്‍ദരഹിതഭൂമിക്ക് വില വർദ്ധിക്കുകയേയുള്ളു. 25 ലക്ഷത്തിൽനിന്ന് 25,000-ത്തിലേക്ക് ഭൂമിവില കുറയുമെന്നുള്ളത് അപഹാസ്യമായ വർത്തമാനമാണ്.
മുരുഡ്–ജഞ്ജീര, ദഹാനു, നുമാലിഗഢ് എന്നിവയെ സംബന്ധിച്ച ESA വിജ്ഞാപനങ്ങൾ രൂപപ്പെടുന്നതിൽ രാഷ്ട്രീയ നേതാക്കളുടെ ലക്ഷ്യബോധമുള്ള ഇടപെടലുകളുണ്ടായിരുന്നു. 1984 മുതൽ 1989 വരെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും 1989 മുതൽ 1991 വരെ പരിസ്ഥിതിമന്ത്രിയായി പ്രവർത്തിച്ച മേനക ഗാന്ധിയും ഈ സന്ദർഭത്തിൽ പരാമർശിക്കപ്പെടേണ്ടവരാണ്. ഡൂൺ താഴ്‌വര വിജ്ഞാപനത്തിലേക്ക് നയിച്ച വിഷയത്തിന്, പ്രദേശം പതിവായി സന്ദർശിച്ചിരുന്ന ഇന്ദിരാഗാന്ധിയുടെ താൽപര്യവും പിന്തുണയായതായി പഠനം പറയുന്നു. ലക്ഷ്യബോധമുള്ള അത്തരം ഇടപെടലുകൾ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നുണ്ടാകേണ്ടിയിരിക്കുന്നു. അത്തരം പാരമ്പര്യങ്ങൾ മറന്നുപോകുന്നു, നമ്മുടെ രാഷ്ട്രീയനേതൃത്വം എന്നതും പറയാതെ വയ്യ.
ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 1961-ൽ അയ്യപ്പൻകോവിൽ പ്രദേശത്തുനിന്ന് ആയിരത്തോളം കർഷകകുടുംബങ്ങളെ സർക്കാർ നിർബന്ധിതമായി കുടിയൊഴിപ്പിച്ച് അമരാവതിയിൽ കുടിയിരുത്തിയ “അമരാവതി കുടിയൊഴിപ്പിക്കൽ” സമരകാലത്ത് "വിശുദ്ധരായ" ആരും ഉണ്ടായിരുന്നില്ല. അരമനകളിൽ നിന്ന് ആഹ്വാനങ്ങളും ഉണ്ടായിരുന്നില്ല. ഇന്നിപ്പോൾ, ആ മലയോരങ്ങളിൽ പുത്തനുള്ള പഴയ കൂറ്റുകാരുണ്ടെന്നുള്ളതാണ്, “തട്ടേലും” “താഴത്തും” “തറേലും” ഉള്ളവർ പ്രതികരിക്കാൻ കാരണം.

തീരദേശ പരിപാലന നിയമത്തിൽ (1991) പ്രധാന ഭേദഗതികൾ / പുതിയ വിജ്ഞാപനങ്ങൾ 2011-ലും 2019-ലും) വന്നില്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ തീരപ്രദേശത്തെ ജനങ്ങൾ എന്നേ അഭയാർഥികളായി മാറുമായിരുന്നു. വൻകിട സ്ഥാപനങ്ങൾ, മാലിന്യക്കൂമ്പാരങ്ങൾ, അനധികൃത നിർമ്മാണങ്ങൾ, വൻകിട ടൂറിസം റിസോർട്ട് ശൃംഖലകൾ എന്നിവമൂലം തീരദേശ ജനങ്ങൾ അവിടം ഉപേക്ഷിക്കുകയോ അവർ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുമായിരുന്നു. അതേ സമാനതകളോടെയാണ് ESA വിജ്ഞാപനത്തെയും കാണേണ്ടത്. കടലോരത്തെ ജനങ്ങളെപ്പോലെ കാടോരത്തെയും ജനങ്ങൾ സുരക്ഷിതരാവട്ടെ.
എക്കളോജിക്കലി ഫ്രജൈൽ ലാൻഡുമായി (EFL) കൂട്ടിക്കലർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തീപകരുകയാണ് ESA സമരനേതാക്കൾ. സംസ്ഥാനത്തെ പരിസ്ഥിതിലോലഭൂമികൾ സർക്കാരിൽ നിക്ഷിപ്തമാക്കുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തി ജൈവവൈവിധ്യം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ അത്തരം ഭൂമികൾ പരിപാലിക്കുന്നതിനുള്ള നിയമമാണ് THE KERALA FORESTS (VESTING AND MANAGEMENT OF ECOLOGICALLY FRAGILE LANDS) ACT, 2003. ESA- യും EFL- ഉം രണ്ടും രണ്ടാണ്. വനസംരക്ഷണ നിയമപ്രകാരമുള്ള ഒരു കാര്യവും ESA- യിൽ ഇല്ല. വനനിയമവുമായി ഇതിന് ബന്ധവുമില്ല. പരിസ്ഥിതി സംരക്ഷണ നിയമം മാത്രമാണ് ESA-യ്ക്ക് ബാധകം. നല്ല വായുവും, നല്ല നീർചാലുകളും, നല്ല മണ്ണുമുള്ള ശബ്‍ദരഹിതഭൂമിക്ക് വില വർദ്ധിക്കുകയേയുള്ളു. 25 ലക്ഷത്തിൽനിന്ന് 25,000-ത്തിലേക്ക് ഭൂമിവില കുറയുമെന്നുള്ളത് അപഹാസ്യമായ വർത്തമാനമാണ്.
ഒരർത്ഥത്തിൽ വലിയ ക്വാറികൾക്കും വലിയ അണക്കെട്ടുകൾക്കും വലിയ റിസോർട്ടുകൾക്കും വേണ്ടിയാണ് ഈ സമരങ്ങളെമ്പാടും ചെയ്യിപ്പിക്കുന്നത്. അവസാനത്തെ നദിയും മലിനമായി, അവസാനത്തെ കാടും നശിച്ച്, അവസാനത്തെ മീനും ചത്തുകഴിയുമ്പോൾ ഒന്ന് ജീവിക്കാനായി നിങ്ങൾ സ്വമേധയാ സമരത്തിനിറങ്ങും. അന്ന് നിങ്ങളെക്കുറിച്ച് വേവലാതിപ്പെടാൻ അരമനകളിൽനിന്ന് ആളുകളുണ്ടാവണമെന്നില്ല.

