ഇപ്പോഴത്തെ മൺസൂണിന്റെ സജീവ കാലം ഏകദേശം കഴിഞ്ഞു. നാളെയോടെ അതിന് ചെറിയ ശമനമുണ്ടാകും. കൂടുതലും വടക്കൻ കേരളത്തിലാണ് മൺസൂൺ എഫക്ട് ഉണ്ടായത്. തെക്കൻ കേരളത്തിലും മഴ കിട്ടിയെങ്കിലും പൊതുവെ വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിച്ചത്.
കഴിഞ്ഞ പ്രീ- മൺസൂണും മൺസൂണും മാത്രം നോക്കിയാൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 150 cm ന്റെ അടുത്ത് മഴ കണ്ണൂർ ജില്ലയിൽ കിട്ടിയിട്ടുണ്ട്. അത് തന്നെ കൂടിയ മഴയാണ്. ഈ രണ്ട് പ്രീ മൺസൂണും- അതായത് മെയ് മാസത്തിലെ ഇപ്പോൾ കിട്ടിയ മഴയും ചേർത്തു കഴിഞ്ഞാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി 150 സെന്റീമീറ്ററിനടുത്ത് മഴ കിട്ടിയിട്ടുണ്ട്. ഇനി ഒരു ചെറിയ മഴ പോലും ആ മേഖലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കും.

മഴ പെയ്ത് കഴിഞ്ഞാലും ഒന്നോ രണ്ടോ ദിവസം കൂടി നദികളിലെ ജലനിരപ്പ് ഈ രീതിയിൽ തുടരും. പല നദികളും റെഡ് അലേർട്ടിൽ എത്തിയിട്ടുണ്ട്. നാളെയോടെ മഴ നിൽക്കുമ്പോൾ നദിയിലെ ജലനിരപ്പ് കുറയും. മഴ നിന്നിട്ട് ഒരു ദിവസം കൂടി ജലനിരപ്പ് ഉണ്ടാകും. കാരണം, മലകളിൽ പെയ്യുന്ന മഴ നദികളിലേക്ക് ഒഴുകിയെത്തണം. ഇടുക്കിയിൽ മഴ പെയ്യുമ്പോൾ കുട്ടനാട്ടിൽ ഉണ്ടാകുന്ന രീതിയിലുള്ള പ്രശ്‌നം കണ്ണൂരിലും കാസർഗോഡും ഉണ്ടാകില്ല. ഇടുക്കിയിലെയും ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും കോട്ടയത്തെയുമെല്ലാം മഴ പെയ്ത വെള്ളം എത്തുന്നത് കുട്ടനാട്ടിലേക്കാണ്. അത് പോലൊരു പ്രശ്‌നം വടക്കൻ കേരളത്തിലില്ല. നാളെ മഴ നിൽക്കുമ്പോൾ ക്രമേണ ജലനിരപ്പ് താഴ്ന്നു തുടങ്ങും.
ഇന്നലെ വരെ കിട്ടിയ തോതിലുള്ള അതി തീവ്രമഴക്കുള്ള സാധ്യത നാളെ മുതൽ കുറവാണ്. പക്ഷെ ഇനി പ്രശ്‌നങ്ങളുണ്ടാകാൻ അതിതീവ്ര മഴ വേണമെന്നില്ല. ചെറിയ മഴ പോലും മണ്ണിടിച്ചിലും വെള്ളക്കെട്ടുമെല്ലാം ഉണ്ടാകും.
തീരദേശത്ത് പ്രശ്‌നങ്ങളുണ്ട്. സമീപകാലത്ത് കാറ്റിന്റെ വേഗത 60 കി.മീ അല്ലെങ്കിൽ 70 കി.മീ എന്ന നിലയിലേക്കായിട്ടുണ്ട്. അതിന്റെ ഭാഗമായി തീരപ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാകും. കാറ്റ് കാരണം തിരമാലകൾ കൂടുതലുണ്ടാവുകയും കടലാക്രമണത്തിന് കാരണമാവുകയും ചെയ്യുന്നു. കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം ‘കള്ളക്കടൽ’ പ്രതിഭാസം അടുത്ത രണ്ട് മൂന്ന് ദിവസം ഉണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. മൺസൂൺ കാറ്റ് കൂടിയതും ‘കള്ളക്കടലി’ന്റെ സാന്നിധ്യവുമാണ് ഈ പ്രശ്‌നം കൂടുതൽ രൂക്ഷമാക്കിയത്.
മൺസൂൺ സജീവകാലത്തേക്ക് വരുമ്പോഴാണ് കാറ്റ് കൂടുന്നത്. അടുത്ത സെപെൽ വരുമ്പോൾ വീണ്ടും കാറ്റ് കൂടും. കാറ്റാണ് യഥാർഥത്തിൽ മഴയെ കൊണ്ടുവരുന്നത്. സ്‌ക്വാൾ (Sqaual Wind) എന്നുപറയും അതിന്. 60- 70 കിലോമീറ്റർ വേഗതയിൽ ഒരു മിനിട്ടൊക്കെ സഞ്ചരിക്കുന്ന ഒരു ബേർസ്റ്റ് ഉണ്ടാകും. അതിനെയാണ് സ്‌ക്വാൾ കാറ്റെന്ന് പറയുന്നത്. അത് വരുമ്പോഴാണ് കൂടുതൽ പ്രശ്‌നമുണ്ടാകുന്നത്. സജീവകാലത്തേക്ക് മൺസൂൺ പ്രവേശിക്കുമ്പോഴഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്.

മൺസൂൺ മഴ പൊതുവെ സ്‌പെല്ലായിട്ടാണ് സംഭവിക്കുന്നത്. മൂന്നു നാല് ദിവസം നീണ്ടുനിൽക്കുന്ന അതിശക്തമായ മഴയും തുടർന്ന് പത്തിരുപത് ദിവസം മഴയൊന്ന് കുറഞ്ഞ് നിൽക്കുകയും വീണ്ടും മഴ ശക്തമായി പെയ്ത് തുടങ്ങും ചെയ്യുന്നതാണിത്. ഇതാണ് മൺസൂൺ മഴയുടെ സ്വഭാവം. സജീവകാലത്തേക്ക് വന്നുകഴിഞ്ഞാൽ ശക്തമായ മഴ കിട്ടുകയും അതിനുശേഷം മഴ കുറഞ്ഞുവരാൻ തുടങ്ങുകയും ചെയ്യും. ആ സമയത്ത് മഴ പൂർണമായി നിൽക്കണമെന്ന് നിർബന്ധമില്ല. അതിനെയാണ് ബ്രേക്ക് സ്പെൽ എന്നുപറയുന്നത്. ആ ഘട്ടത്തിൽ മഴമേഘങ്ങൾ മാറിനിൽക്കുന്നതുകൊണ്ടാണ് ചൂട് കൂടുതലായി അനുഭവപ്പെടുന്നത്. ഇത് മൺസൂണിന്റെ പൊതു സ്വഭാവമാണ്.
സർക്കാർ സംവിധാനങ്ങളും ഏജൻസികളും അതാത് സമയത്ത് ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളാണ് ഇതൊക്കെ. ചില പ്രശ്‌നങ്ങളൊക്കെ അതിൽ നിലനിൽക്കുന്നുണ്ടെങ്കിലും ഏജൻസികൾക്കൊക്കെ ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ഉരുൾപൊട്ടൽ പോലെയുള്ള പ്രതിഭാസങ്ങൾ പലപ്പോഴും പ്രവചനാതീതമായി മാറും. മഴയും വെള്ളപ്പൊക്കവുമൊക്കെ ഒരുപരിധി വരെ നമുക്ക് പ്രവചിക്കാൻ കഴിയും. ഇത്ര അളവിൽ മഴ പെയ്താൽ ഉരുൾപ്പൊട്ടലിനുള്ള സാധ്യതയുണ്ടെന്ന് മാത്രമെ നമുക്ക് പറയാൻ കഴിയുകയുള്ളൂ. ഇത്തരം ദുർബലമായ മേഖലകൾ കണ്ടെത്തി അവിടെ നിന്ന് ആളുകളെ മാറ്റുന്നതിലൊക്കെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
