പെരിയാറിലെ മത്സ്യക്കുരുതി: വ്യവസായ മേഖലയിലേക്ക് മത്സ്യത്തൊഴിലാളി മാർച്ച്

നഷ്ടപരിഹാരം നൽകുക, കമ്പനികൾ സീറോ ഡിസ്ചാർജ് നടപ്പാക്കുക, ഡിസ്ചാർജ് പോയിന്റുകളിൽ വാട്ടർ ഫ്ലോ മീറ്ററുകളും സി സി ടി വി കാമറകളും സ്ഥാപിക്കുക, നിരീക്ഷണപാതയും ഡക്ക് വാളും നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മത്സ്യതൊഴിലാളി സംയുക്ത സമരസമിതി വ്യവസായ മേഖലയിലേക്ക് മാർച്ച് നടത്തിയത്.

Think

പെരിയാറിലെ മലിനീകരണം അവസാനിപ്പിക്കുക, മെയ് 20-ാം തീയതിയുണ്ടായ മത്സ്യക്കുരുതിയിൽ മത്സ്യതൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, കമ്പനികൾ സീറോ ഡിസ്ചാർജ് നടപ്പാക്കുക, ഡിസ്ചാർജ് പോയിന്റുകളിൽ വാട്ടർ ഫ്ലോ മീറ്ററുകളും സി സി ടി വി കാമറകളും സ്ഥാപിക്കുക, നിരീക്ഷണപാതയും ഡക്ക് വാളും നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യതൊഴിലാളി സംയുക്ത സമരസമിതി വ്യവസായ മേഖലയിലേക്ക് മാർച്ച് നടത്തി.

എടയാർ വ്യവസായമേഖലയിൽ പെരിയാറിന്റെ തീരത്തുള്ള മലയാ റബ്ബർ കമ്പനിയുടെ പരിസരത്തുനിന്നാരംഭിച്ച മാർച്ച് സി.എം.ആർ.എൽ, സുഡ് കെമി, മറൈൻ പ്രൊഡക്ടസ് എല്ലുപൊടി കമ്പനികൾ തുടങ്ങിയ ഫാക്ടറികൾക്ക് മുന്നിലൂടെ പാതാളം റഗുലേറ്റർ കം ബ്രിഡ്ജിൽ സമാപിച്ചു. തുടർന്ന് ചാൾസ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. സമരത്തിന് ആധാരമായ സംഭവങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഈ വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും മത്സ്യക്കുരുതി സംബന്ധിച്ച് റിപ്പോർട്ട് നൽകാനുള്ള സമിതിയിൽ നിന്ന് ‘കുഫോസി’നെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള നിർദ്ദേശം കലക്ടർക്കു നൽകുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

പെരിയാർ നദിയിൽ കമ്പനികൾ വിഷമൊഴുക്കിയതിനെതുടർന്ന് ചത്തുപൊങ്ങിയ മീനുകൾ
പെരിയാർ നദിയിൽ കമ്പനികൾ വിഷമൊഴുക്കിയതിനെതുടർന്ന് ചത്തുപൊങ്ങിയ മീനുകൾ

ഡോ. മധുസൂദന കറുപ്പ്, പുരുഷൻ ഏലൂർ, മുനമ്പം സന്തോഷ്, ഉദയഭാനു, റോയ് പാളയത്തിൽ, ബേസിൽ മുക്കത്ത്, കെ.കെ. അബ്ദുള്ള, എൻ.എ. ജെയിൻ, എം.എൻ. ശിവദാസ്, പി.ഇ. ഷംസുദ്ദീൻ, ടി.ആർ. സിദ്ധയ്യൻ, എം.എൻ. ഗിരി എന്നിവർ പ്രസംഗിച്ചു. സി.ഐ. അൻവർ സ്വാഗതവും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് ഗീവർഗീസ് നന്ദിയും പറഞ്ഞു. എം.എം. സക്കീർ ഹുസൈൻ, മഹേഷ്, ഷബീർ, ആദം കുട്ടി എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

ജൂൺ എട്ടിന് ഡോ. മധുസൂധന കുറുപ്പ് അധ്യക്ഷനായ വിദഗ്ധ സമിതി യോഗം ചേർന്ന് ഭാവിപരിപാടി ആസൂത്രണം ചെയ്യും.

Comments