ബഫർ സോൺ
കേരളത്തിൽഅപ്രായോഗികം

ലക്ഷക്കണക്കിന് ജനങ്ങളെ ശ്വാസംമുട്ടിക്കുമെന്നതിനാലും, അനുദിനം ക്ഷയിച്ചുവരുന്ന കാർഷികമേഖല വീണ്ടും പ്രതിസന്ധിയിലാകും എന്നതിനാലും, കുടിയിറക്കലുകൾ പുതിയ പരിസ്ഥിതിപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നതിനാലും കേരളത്തിൽ ബഫർ സോൺ അപ്രായോഗികമാണ്.

ന്ത്യയുടെ ഭൂവിസ്തൃതിയുടെ 22% വനമേഖലയായി സംരക്ഷിക്കുന്നു. ഇക്കാര്യത്തിൽ കേരളമാകട്ടെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുംവിധം പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതി 38,863 ച.കി.മീ. ആണ്. ഇത് ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ 1.18 % മാത്രമാണ്. എന്നാൽ, ഇതിൽ 11,309.47 ച.കി.മീ. (29.1%) വനമേഖലയായി സംരക്ഷിക്കുന്നു. ഇതിൽ രണ്ട് കടുവ സങ്കേതങ്ങൾ ഉൾപ്പെടെ 18 വന്യജീവി കേന്ദ്രങ്ങളും ആറ് ദേശീയ ഉദ്യാനങ്ങളും ഒരു കമ്യൂണിറ്റി റിസർവും ഉൾപ്പെടും. പ്രകൃതിയിലെ പച്ചപ്പ് വർധിപ്പിക്കുന്നതിലും കേരളം തുടർച്ചയായ മുന്നേറ്റം നടത്തുന്നു. പ്രകൃതിയിലെ പച്ചപ്പ് ഗണ്യമായി വർധിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ 21,144 ച.കി.മീ. പ്രദേശങ്ങളിൽ (54.42%) പച്ചപ്പ് നിലനിൽക്കുന്നു. ഇത് ഇവിടുത്തെ ജനങ്ങളുടെ, പ്രത്യേകിച്ച്, കർഷകരുടെ സംഭാവനയാണെന്ന് നിസ്സംശയം പറയാം.

കേരളത്തിന്റെ ജനസംഖ്യയിലും ജനസാന്ദ്രതയിലും വലിയ വർധനവാണ് ഓരോ വർഷവും സംഭവിക്കുന്നത്. 1991-ൽ 2.90 കോടിയാളുകൾ ഉണ്ടായിരുന്നിടത്ത് 2001 ആകുമ്പോൾ 3.18 കോടിയായും 2011-ൽ 3.34 കോടിയായും 2019-ൽ 3.45 കോടിയായും 2022-ൽ 3.53 കോടിയായും വർധിച്ചിരിക്കുന്നു. ഇന്ത്യയിലെ ജനസാന്ദ്രത 2019-ൽ ഒരു ച.കി.മീ.യിൽ 460 പേരാണെങ്കിൽ ഏതാണ്ട് അതിന്റെ ഇരട്ടിയാണ് കേരളത്തിൽ. അതും ക്രമമായി വർധിച്ചുവരുന്നു. 2001-ൽ ഒരു ച.കി.മീ.യിൽ 819 പേരായിരുന്നെങ്കിൽ 2021-ൽ അത് 859 പേരാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരിഞ്ച് ഭൂമി പോലും കേരളത്തിൽ ഇനി വനമേഖലയാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് വനമേഖലയുടെ വ്യാപ്തി വർധിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ വനമേഖലക്കുചുറ്റും ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോൺ ആക്കുന്നതിനുള്ള ഉത്തരവ് വരുന്നത്.

ഭരണകൂടം തങ്ങളുടെ ഫോഴ്‌സ് ഉപയോഗിച്ച് കുടിയേറ്റ ജനതയെ ഇറക്കിവിടാൻ ശ്രമിച്ച അനേകം സംഭവങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ട് നിരാശയോടെ ഇറങ്ങിപ്പോയവരും അതിശക്തമായ ചെറുത്തുനിൽപ്പ് നടത്തിയവരുമുണ്ട്.

കുടിയിറങ്ങലിന് നിർബന്ധിതരാകും

ഓരോ മേഖലയിലേക്കുമുള്ള കുടിയേറ്റം കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. അതിനെ ഭരണകൂടങ്ങൾ പ്രോത്സാഹിപ്പിക്കുകയും, സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും പതിവായിരുന്നു. എന്നാൽ ഇവർക്കെല്ലാം പിന്നീട് ഭീകരമായ കുടിയിറക്ക് ഭീഷണികളും നേരിടേണ്ടിവന്നിട്ടുണ്ട്. ഭരണകൂടം തങ്ങളുടെ ഫോഴ്‌സ് ഉപയോഗിച്ച് കുടിയേറ്റ ജനതയെ ഇറക്കിവിടാൻ ശ്രമിച്ച അനേകം സംഭവങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ട് നിരാശയോടെ ഇറങ്ങിപ്പോയവരും അതിശക്തമായ ചെറുത്തുനിൽപ്പ് നടത്തിയവരുമുണ്ട്.

നമ്മുടെ രാജ്യത്ത് വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. നിയന്ത്രിക്കാൻ ഫലപ്രദമായ നിയമമില്ല. ഇവ ജനവാസകേന്ദ്രങ്ങളിലും കൃഷിടിയങ്ങളിലും ഇറങ്ങി നിരന്തരം ശല്യം ചെയ്യുമ്പോൾ പ്രാണരക്ഷാർഥം പലായനം ചെയ്യുന്നതിന് മനുഷ്യർ നിർബന്ധിതരാകുന്നു
നമ്മുടെ രാജ്യത്ത് വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. നിയന്ത്രിക്കാൻ ഫലപ്രദമായ നിയമമില്ല. ഇവ ജനവാസകേന്ദ്രങ്ങളിലും കൃഷിടിയങ്ങളിലും ഇറങ്ങി നിരന്തരം ശല്യം ചെയ്യുമ്പോൾ പ്രാണരക്ഷാർഥം പലായനം ചെയ്യുന്നതിന് മനുഷ്യർ നിർബന്ധിതരാകുന്നു

എന്നാൽ, പുതിയ കാലഘട്ടത്തിൽ ഫോഴ്‌സ് ഉപയോഗിച്ചുള്ള കുടിയിറക്കുകൾ കുറഞ്ഞിട്ടുണ്ട്. പകരം തന്ത്രപരമായ മറ്റു പല രീതികളും പ്രയോഗിച്ചുകാണുന്നു. നിരോധനങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിച്ച് ശ്വാസംമുട്ടിക്കുമ്പോൾ ഗത്യന്തരമില്ലാതെ പലരും ഇറങ്ങിപ്പോകാൻ നിർബന്ധിതരാകുന്നു. ബഫർ സോൺ, വന്യജീവി ഇടനാഴി, ഇ. എസ്. എ. , ഇ. എസ്. ഇസെഡ് തുടങ്ങിയവയെല്ലാം ഇപ്രകാരമുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

വന്യജീവികളുടെ എണ്ണം വർധിക്കുന്നതാണ് മറ്റൊരു വിഷയം. ഏതൊരു വനമേഖലയ്ക്കും അതിൽ ഉൾക്കൊള്ളാവുന്ന വന്യജീവികളുടെ വാഹകശേഷിയുണ്ട് (carrying capacity). ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇത് നിയന്ത്രിക്കാൻ വേട്ട ഉൾപ്പെടെ പല മാർഗങ്ങളും ഉപയോഗിക്കുമ്പോൾ നമ്മുടെ രാജ്യത്ത് വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. നിയന്ത്രിക്കാൻ ഫലപ്രദമായ നിയമമില്ല. ഇവ ജനവാസകേന്ദ്രങ്ങളിലും കൃഷിടിയങ്ങളിലും ഇറങ്ങി നിരന്തരം ശല്യം ചെയ്യുമ്പോൾ പ്രാണരക്ഷാർഥം പലായനം ചെയ്യുന്നതിന് മനുഷ്യർ നിർബന്ധിതരാകുന്നു. ഇതിന്റെ ഫലം വനമേഖല കൂടുന്നു, കാർഷികമേഖല നശിക്കുന്നു, ജനങ്ങൾ പട്ടണങ്ങളിലേക്ക് ഒഴുകുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വനമേഖല വർധിക്കുമ്പോൾ പട്ടണത്തിലേക്കുള്ള പലായനം മാലിന്യം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ സങ്കീർണമാക്കുന്നു. ഭൂമിയുടെ ജലസംഭരണിയായ ചതുപ്പുനിലങ്ങളെല്ലാം നിരത്തി ബഹുനില കെട്ടിടങ്ങൾ പൊങ്ങുന്നതോടെ ഭൂമി കൂടുതൽ ഊഷരമാകുന്നു.

വിഷാംശം കൂടിയതോ രാസപദാർഥങ്ങൾ കൂടിയതോ, അമിതമായ ഹോർമോൺ നിറഞ്ഞതോ ആയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കേണ്ടിവരുന്നതിനാൽ മനുഷ്യന്റെ ആരോഗ്യം കൂടുതൽ ദുർബലമാകുന്നു. ഇതിനെപ്പറ്റിയൊന്നും ആരും പഠിക്കുന്നില്ല. വനമേഖല വർധിപ്പിക്കുന്നതിൽ പ്രതിഫലം പറ്റുന്ന ഗൂഢസംഘങ്ങൾ ഉണ്ടെന്ന സംശയം വർധിക്കുന്നു. ഇങ്ങനെയുള്ളവർ കോടതിയെപ്പോലും തങ്ങളുടെ താത്പര്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നു എന്ന തോന്നലാണ് ശക്തിപ്പെടുന്നത്.

ബഫർ സോണിന്റെ നാൾവഴി

2002 ജനുവരി 21ന്​ ചേർന്ന ഭാരത വന്യജീവി ബോർഡിന്റെ (Indian Board for Wildlife) 21ാം യോഗത്തിൽ, ‘2002-ലെ വന്യജീവി സംരക്ഷണ പദ്ധതി' എന്ന പേരിൽ പാസാക്കിയ നയരേഖയിലാണ് ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി കേന്ദ്രങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവ് ബഫർ സോൺ ആക്കണമെന്ന നിർദേശം വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ആദ്യമായുണ്ടായത്. നിരവധി മനുഷ്യവാസകേന്ദ്രങ്ങളും പ്രധാന പട്ടണങ്ങളും ഉൾപ്പെടെ നിരവധി കേന്ദ്രങ്ങൾ ഇതിൽ ഉൾപ്പെടുമെന്നതിനാൽ പല സംസ്ഥാനങ്ങളും ഈ നിർദേശത്തെ എതിർത്തു. ഇതിനിടെ, 2004-ൽ ഗോവ ഫൗണ്ടേഷൻ, ഇക്കോ സെൻസിറ്റീവ് സോൺ പ്രഖ്യാപനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താത്പര്യ ഹർജി നൽകി. ഇതിന്റെ തുർച്ചയായി, 2002 ഡിസംബർ നാലിന്​ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തോട് സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങൾ നാലാഴ്ചയ്ക്കുള്ളിൽ സമാഹരിക്കാൻ സുപ്രീംകോടതി നിർദേശം നൽകി. തുടരെ സർക്കാർ ഭാഗത്തുനിന്നും കോടതി ഭാഗത്തുനിന്നും നിർദേശങ്ങളുണ്ടായിട്ടും വ്യാപക എതിർപ്പുകളുടെ പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും റിപ്പോർട്ട് നൽകിയില്ല.

സംസ്ഥാന സർക്കാർ കൃത്യമായ പഠനം നടത്തി രേഖകളോടെ കേന്ദ്രത്തെ സമീപിക്കണം. രാഷ്ട്രീയകക്ഷികൾ ആരോപണ പ്രത്യാരോപണങ്ങൾ അവസാനിപ്പിച്ച് ഒന്നിച്ചുനിൽക്കുകയാണ്​ വേണ്ടത്​. കർഷക സംഘടനകളും മറ്റു പ്രസ്ഥാനങ്ങളും ഒരുമിച്ച് സമ്മർദം ചെലുത്തണം.

2011-ൽ ഇക്കോ സെൻസിറ്റീവ് സോൺ പ്രഖ്യാപനത്തിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മാർഗനിർദേശങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ ബഫർ സോൺ പ്രഖ്യാപിക്കുന്നതിനോ, അതിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനോ മിക്ക സംസ്ഥാനങ്ങൾക്കും കഴിഞ്ഞില്ല. ഇതിനിടയിലാണ്, ഇപ്പോഴത്തെ സുപ്രീംകോടതി വിധി വരുന്നത്. രാജസ്ഥാനിലെ ജംവാ രാംഗർഹ് എന്ന വന്യജീവി കേന്ദ്രവുമായി ബന്ധപ്പെട്ടതാണ് കേസ്. ബഫർ സോണിൽ പോലും ഖനനം നിരോധിതമായിരിക്കുമ്പോൾ ഇവിടെ കേന്ദ്രത്തിനുള്ളിൽ പോലും ഖനനം നടക്കുന്നുവെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം. ഈ കേസിലെ വിധിയിലാണ് രാജ്യത്തെ എല്ലാ സംരക്ഷിത വനമേഖലകൾക്കും ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോൺ ആക്കണമെന്ന ഉത്തരവുണ്ടായത്. ഈ ഉത്തരവനുസരിച്ച്, പരിസ്​ഥിതിലോ​ല മേഖലയുടെ പരിധി പൊതുതാത്പര്യപ്രകാരം കുറവുചെയ്യാം. ഇതിനായി സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ സെൻട്രൽ എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കുകയും അവർ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യണം. ഇതിന് സംസ്ഥാന സർക്കാർ കൃത്യമായ പഠനം നടത്തി രേഖകളോടെ കേന്ദ്രത്തെ സമീപിക്കണം. രാഷ്ട്രീയകക്ഷികൾ ആരോപണ പ്രത്യാരോപണങ്ങൾ അവസാനിപ്പിച്ച് ഒന്നിച്ചുനിൽക്കുകയാണ്​ വേണ്ടത്​. കർഷക സംഘടനകളും മറ്റു പ്രസ്ഥാനങ്ങളും ഒരുമിച്ച് സമ്മർദം ചെലുത്തണം.

പതിനായിരക്കണക്കിന് കൃഷിഭൂമിയെ ബാധിക്കും. വന്യജീവി സംഘർഷം ഇനിയും കൂടും. വനം വകുപ്പിന്റെ നിയന്ത്രണത്തിലേക്ക് ഈ മേഖല വരുമ്പോൾ  ‘വനരാജ്’ അടിച്ചേൽപ്പിക്കുമെന്നുറപ്പാണ്.
പതിനായിരക്കണക്കിന് കൃഷിഭൂമിയെ ബാധിക്കും. വന്യജീവി സംഘർഷം ഇനിയും കൂടും. വനം വകുപ്പിന്റെ നിയന്ത്രണത്തിലേക്ക് ഈ മേഖല വരുമ്പോൾ ‘വനരാജ്’ അടിച്ചേൽപ്പിക്കുമെന്നുറപ്പാണ്.

വനം- പരിസ്ഥിതി മന്ത്രാലയത്തിന്റേതായി 26 നിർദേശങ്ങളാണുള്ളത്. ഇതിൽ എട്ടെണ്ണം നിരോധനങ്ങളും, 13 എണ്ണം നിയന്ത്രണങ്ങളും ബാക്കി അഞ്ചെണ്ണം അനുവദിക്കപ്പെട്ട കാര്യങ്ങളുമാണ്​. പ്രത്യക്ഷത്തിൽ വലിയ അപകടമില്ലെന്നു തോന്നാമെങ്കിലും ഇതിന്റെ ലക്ഷ്യം സമീപഭാവിയിൽ അവിടെ വനമാക്കുക എന്നതുതന്നെ. മൂന്ന് വന്യജീവി കേന്ദ്രങ്ങളും അഞ്ച് ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടുന്ന ഇടുക്കി ജില്ലയെയാണ് ഇപ്പോഴത്തെ വിധി ഏറ്റവും ഭീകരമായി ബാധിക്കുക. ഇവയ്‌ക്കെല്ലാം ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ വരുമ്പോൾ ലക്ഷക്കണക്കിന് ആളുകളെ അത് ബാധിക്കും. മറയൂർ, പൂപ്പാറ, കുമളി, ചെറുതോണി തുടങ്ങി ജില്ലയിലെ പല പ്രധാന ടൗണുകൾ ഇല്ലാതാകും. പതിനായിരക്കണക്കിന് കൃഷിഭൂമിയെ ബാധിക്കും. വന്യജീവി സംഘർഷം ഇനിയും കൂടും. വനം വകുപ്പിന്റെ നിയന്ത്രണത്തിലേക്ക് ഈ മേഖല വരുമ്പോൾ ‘വനരാജ്’ അടിച്ചേൽപ്പിക്കുമെന്നുറപ്പാണ്. കൂടാതെ, അഴിമതി വ്യാപിച്ച്​ ജനങ്ങളെ കൂടുതൽ കഷ്ടപ്പെടുത്താനും ഇടയാകും.

ലക്ഷക്കണക്കിന് ജനങ്ങളെ ശ്വാസംമുട്ടിക്കുമെന്നതിനാലും, അനുദിനം ക്ഷയിച്ചുവരുന്ന കാർഷികമേഖല വീണ്ടും പ്രതിസന്ധിയിലാകും എന്നതിനാലും, കുടിയിറക്കലുകൾ പുതിയ പരിസ്ഥിതിപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നതിനാലും കേരളത്തിൽ ബഫർ സോൺ അപ്രായോഗികമാണ്. വലിയ പ്രക്ഷോഭത്തിലേക്ക് ജനം നീങ്ങാതിരിക്കുന്നതിന് അധികാരികൾ ജാഗ്രതയോടെ പ്രവർത്തിക്കണം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ

ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ എന്ന നിലയിൽ ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങളിൽ ഇടപെടുകയും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഹെറേഞ്ച് ഡവലപ്‌മെൻറ്​ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.

Comments