മനുഷ്യ- വന്യജീവി സംഘർഷം മുമ്പന്നെത്തെക്കാളും വർദ്ധിച്ച സാഹചര്യത്തിലാണ് നാമുള്ളത്. അതുമായി ബന്ധപ്പെട്ട പൊളിറ്റിക്കൽ ടെൻഷനും മനുഷ്യരുമായി ബന്ധപ്പെട്ട ടെൻഷനും വർദ്ധിച്ചുവരുന്നു. വയനാട്ടിൽ കഴിഞ്ഞ മാസം അഞ്ചു പേർ കൊല്ലപ്പെട്ടു. ‘വയനാടിന്റെ പാരിസ്ഥിതിക ചരിത്രവും ആനയും’ എന്ന വിഷയത്തിൽ ആഴത്തിൽ ഗവേഷണം നടത്തിയ എൻ.ആർ. അനൂപ് ഈ വിഷയത്തിൽ ആധികാരികമായി സംസാരിക്കുന്നു.
മനില സി. മോഹൻ: ഹ്യുമൻ- അനിമൽ കോൺഫ്ളിക്റ്റ്, ഹ്യുമൻ- അനിമൽ ഇന്ററാക്ഷൻ ഹ്യുമൻ- ആനിമൽ കോ എക്സിസ്റ്റൻസ്. ഈ മൂന്ന് വാക്കുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ്.
എൻ.ആർ. അനൂപ്: മുമ്പ് മനുഷ്യരും വന്യജീവികളും തമ്മിലുള്ള പ്രശ്നങ്ങളെ ഹ്യുമൻ- വൈൽഡ് ലൈഫ് കോൺഫ്ലിക്റ്റ് എന്നുതന്നെയായിരുന്നു ഗവേഷകർ വിളിച്ചിരുന്നത്. പിന്നീട് ഗവേഷകർ തന്നെ മനസ്സിലാക്കിയത് മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഇടപെടലുകൾ കോൺഫ്ലിക്റ്റുകൾ മാത്രമല്ല. അതിൽ പോസിറ്റീവ് ബന്ധങ്ങളുമുണ്ട്.
അതുകൊണ്ട് മനുഷ്യ- വന്യജീവി ബന്ധങ്ങളെയെല്ലാം കോൺഫ്ലിക്റ്റ് എന്നുമാത്രം പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ല. ഇതിനെ വിമർശിക്കുന്ന ശാസ്ത്രകാരന്മാരുമുണ്ട്. ഉദാഹരണത്തിന് ആനയും മനുഷ്യരും തമ്മിലുള്ള പ്രശ്നം ഉണ്ട് എന്ന് കരുതുക അതിനെ മാൻ- അനിമൽ ഇന്ററാക്ഷൻ എന്നു പറഞ്ഞതുകൊണ്ട്, അല്ലെങ്കിൽ ആ പ്രയോഗം മാറ്റിയതുകൊണ്ട് പ്രശ്നം ഇല്ലാതാകുന്നില്ല. അങ്ങനെ പറയുന്ന ശാസ്ത്രകാരന്മാർ തന്നെയുണ്ട്. അതുകൊണ്ട് ഈ വിഷയം എത്ര സങ്കീർണമാണോ അത്രതന്നെ സങ്കീർണമാണ് ഈ പദങ്ങളും.
പക്ഷേ ഭാവിയിൽ നാം എവിടെയാണ് എത്തേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരം വൈൽഡ് ലൈഫ് കോ എക്സിസ്റ്റൻസ് എന്നു തന്നെയാണ്. അതല്ലാതെ മനുഷ്യനും വന്യജീവിയും വെവ്വേറെയാണെന്നും മാറി നിൽക്കേണ്ടവയാണെന്നും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വന്യജീവികളെ കൊന്നുകളയുകയാണ് വേണ്ടത് എന്നുമുള്ള ആശയത്തിൽ നിന്നുകൊണ്ട് അധികകാലം നമുക്ക് മുന്നോട്ടു പോകാൻ കഴിയില്ല. മനുഷ്യന് മാത്രമായി മുന്നോട്ടു പോകാൻ ലോകമല്ലല്ലോ. അതുകൊണ്ട് ആത്യന്തികമായി എത്തി നിൽക്കേണ്ടത് കോ- എക്സിസ്റ്റൻസിലാണ്. വെറുപ്പിനപ്പുറത്ത് സമൂഹം എന്ന ചിന്തയിൽ ജീവികളെല്ലാം ചേരുന്ന ആവാസവ്യവസ്ഥയിലേ മനുഷ്യന്റെ നിലനിൽപ്പും സാധ്യമാവുന്നുള്ളൂ.
'വയനാടിന്റെ പാരിസ്ഥിതിക ചരിത്രവും ആനയും' എന്നതാണല്ലോ താങ്കളുടെ ഗവേഷണവിഷയം. എന്തുകൊണ്ടാണ് ഈ വിഷയം തന്നെ പഠനത്തിന് തിരഞ്ഞെടുത്തത് ?
അതിന് പല കാരണങ്ങളുണ്ട്. ഒന്ന് ഞാൻ വയനാട്ടിൽ തന്നെ ജനിച്ചു വളർന്ന ആളാണ്. അതേസമയം, വയനാട്ടിലേക്ക് കുടിയേറി വന്ന ആളുമാണ്. അച്ഛൻ പാലക്കാട്ടു നിന്നും അമ്മ കോട്ടയത്തുനിന്നുമാണ്. അവരുടെ പൂർവികർ വയനാട്ടിലേക്ക് കുടിയേറിവരായിരുന്നു. കുടിയേറ്റത്തിനായി അന്ന് അവർ തിരഞ്ഞെടുത്ത സ്ഥലം വയനാട്ടിലെ തൃശ്ശിലേരി എന്നൊരു ഗ്രാമമാണ്. തിരുനെല്ലി പഞ്ചായത്തിന്റെ ഭാഗമാണ് തൃശ്ശിലേരി. ഈ സ്ഥലം, മനുഷ്യ- വന്യജീവി സംഘർഷം എറ്റവുമധികം നേരിടുന്ന ഒരു സ്ഥലമാണ്.
ഞാൻ ചെറുപ്പം മുതൽ ഇത് കണ്ടുവളർന്ന ആളാണ്. അത്യാവശ്യം കാപ്പിയും നെല്ലും കൃഷിയൊക്കെയുള്ള വീടാണ്. പറമ്പിൽ ആന വരുമായിരുന്നു. ഇപ്പോൾ കുറവാണ്. പന്നിയും മാനും കുരങ്ങും ഒക്കെ വരാറുണ്ടായിരുന്നു. ചുറ്റുപാടും നിറയെ കാടും കിളികളും വന്യജീവികളുമൊക്കെയുണ്ടായിരുന്നു. ഇതെല്ലാം ചെറുപ്പത്തിൽ തന്നെ ഈ വിഷയത്തോട് താത്പര്യം തോന്നാനുള്ള കാരണങ്ങളാണ്. അതുകൂടാതെ മാധ്യമങ്ങളിലൊന്നും പ്രത്യക്ഷപ്പെടാതെ പരിസ്ഥിതിക്കുവേണ്ടി പ്രവർത്തിക്കുന്ന ഒട്ടേറെ മനുഷ്യരുണ്ട് കേരളത്തിൽ. ഡോ. സതീഷ് ചന്ദ്രൻ നായർ, എസ്. ശാന്തി തുടങ്ങിയവർ. വയനാട്ടിലുൾപ്പടെ മനുഷ്യർ കാടിനോട് ചേർന്ന് ജീവിക്കുന്ന സ്ഥലങ്ങളിലെല്ലാം ഇടപെട്ട് അവിടെയുള്ള ആളുകളുടെ പൊതുബോധത്തെ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഇവർ നടത്തുന്നുണ്ട്. കുറേക്കാലമായി അവർ അത് തുടരുന്നുമുണ്ട്. അവർ പരിശീലിപ്പിച്ചെടുത്ത സാധാരണക്കാരായ കുറെ മനുഷ്യരുണ്ട്. വയനാടിന്റെ സാംസ്‌കാരിക കേന്ദ്രം എന്നു പറയാവുന്ന മാനന്തവാടിയിലെ പഴശി ഗ്രന്ഥാലയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘമുണ്ട്. വായിക്കാനും മറ്റുമായി അടിക്കടി അങ്ങോട്ട് നടത്തിയിരുന്ന യാത്രകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. കേവലം കണ്ട് ആസ്വദിക്കുക എന്നതിനപ്പുറത്തേക്ക് പാരിസ്ഥിതിക അവബോധം രൂപപ്പെടലായിരുന്നു അത്. എന്നാൽ, ഇന്ന് നമ്മുടെ നാട്ടിൽ എറ്റവും കുറഞ്ഞുപോയിട്ടുള്ളതും ഈ പാരിസ്ഥിതിക അവബോധമാണ്. കൃത്യമായ അവബോധം.
എന്റെയുള്ളിൽ ഈ ആശയങ്ങൾ രൂപപ്പെടുന്നത് അങ്ങനെയാണ്. ചെറുതായിരിക്കുമ്പോൾ തന്നെ കാട്ടിൽ പോവുകയും കാട് വളരെ പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ കൊണ്ടാണ് ഈ വിഷയം പഠിക്കേണ്ടതാണ് എന്ന് തോന്നിയത്.
മാത്രമല്ല, ഞാൻ ചെറുതായിരിക്കുമ്പോൾ അമ്മയെ കാട്ടുപന്നി ആക്രമിച്ചിരുന്നു. അമ്മയെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. എന്നാൽ അതുകൊണ്ട് എനിക്ക് അതിനോട് വെറുപ്പുണ്ടായിട്ടില്ല. വെറുപ്പുണ്ടാവുക എന്ന ബോധമല്ല എൻ്റെയുള്ളിൽ ഉണ്ടായിട്ടുള്ളത്. അതുണ്ടാവാൻ ഒരു കാരണമുണ്ടല്ലോ. അതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയല്ല. അതിനൊരു കാരണമുണ്ട് എന്ന് മനസ്സിലാക്കുകയാണ്.
വയനാട്ടിൽ മാത്രമല്ല, ലോകത്തെവിടെയും ആളുകളും ആവാസവ്യവസ്ഥയും നിലനിൽക്കണമെങ്കിൽ കാട് നിലനിൽക്കേണ്ടത് വളരെ പ്രധാനമാണ്. കാട്ടിലേക്കുള്ള ഓരോ യാത്രയിലും ഇത് മനസ്സിലായിട്ടുണ്ട്. നഗരങ്ങളിലോ നാട്ടിൻപുറങ്ങളിലോ ഒന്നും, ഒരു അരുവിയും ഉത്ഭവിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എല്ലാം കാട്ടിൽ നിന്നാണ് ഉണ്ടായിവരുന്നത്.
നാടു വിട്ട് കാട്ടിലേക്ക് കയറുമ്പോഴാണ് ജീവന്റെ വൈവിധ്യവും അറിയുന്നത്. അത് നിറഞ്ഞ് നിറഞ്ഞു വരും. കാടിന്റെ അതിസങ്കീർണമായ ആ പൂർണത, ജീവജാലങ്ങളെല്ലാം പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന സങ്കീർണമായ സിസ്റ്റം, അതും എന്നെ വല്ലാതെ സ്വാധീനിച്ച ഒരു ഘടകമാണ്. മലയുടെ മുകളിൽ കയറി താഴേക്ക് നോക്കുമ്പോഴാണ് നമുക്ക് മനസിലാകുക, ഈ മലയില്ലെങ്കിൽ താഴെ താഴ്‌വാരവുമില്ല എന്ന്. അതെല്ലാം നിലനിൽക്കേണ്ടതാണെന്ന ബോധ്യമുണ്ടായിരുന്നു എനിക്ക്.
ആ ലാൻഡ്സ്കേപ്പിനെയും ആളുകളെയും മനസ്സിലാക്കാൻ എറ്റവും ഉചിതമായ ഒരു സ്പീഷീസ് ആന തന്നെയാണ്. എന്തു കൊണ്ടാണെന്നുവച്ചാൽ, വയനാട് ഒറ്റപ്പെട്ടുകിടക്കുന്ന ഭൂപ്രദേശം അല്ലല്ലോ. വലിയൊരു ലാൻഡ്സ്കേപ്പിന്റെ ഭാഗം മാത്രമാണത്. ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ 10 ലാൻഡ്സ്കേപ്പുകൾ തിരഞ്ഞെടുത്തതിൽ എറ്റവും പ്രധാന ലാൻഡ്സ്കേപ്പുകളിലൊന്ന് ബ്രഹ്മഗിരി - നീലഗിരി ഈസ്റ്റേൺ ഗാട്ട്സ് എലിഫെന്റ് ലാൻഡ്സ്കേപ്പ് ആണ്. അതിൻ്റെ ഭാഗമാണ് വയനാട്. ഈ ലാൻഡ്സ്കേപ്പിലാണ് ലോകത്തിൽ ഏറ്റവുമധികം ഏഷ്യൻ ആനകളുള്ളത്.
ഏകദേശം 8000 ഏഷ്യൻ ആനകളുണ്ടെന്ന് പറയുന്നു (കൃത്യമായ കണക്കുകളല്ല). ഈ ലാൻഡ്സ്കേപ്പ് ബ്രഹ്മഗിരി മലനിരകൾ തുടങ്ങി പൂർവഘട്ടം വരെയാണ്. അതിൽ വയനാട് പീഠഭൂമിയും മൈസൂർ പീഠഭൂമിയും കുറച്ചു കൂടി കിഴക്കോട്ട് പോയാൽ സിഗൂറുമൊക്കെ ഉണ്ട്. കിഴക്കോട്ട് പോകുന്തോറും ഈ ലാൻഡ്സ്കേപ്പ് വരണ്ടതായി തീരും. പശ്ചിമഘട്ടത്തിന്റെ പ്രധാന മലനിരകളെല്ലാം പടിഞ്ഞാറാണ് ഉള്ളത് എന്നതുകൊണ്ടാണിത്. കിഴക്കോട്ട് പോകുന്തോറും സ്ഥലങ്ങൾ മഴനിഴൽ പ്രദേശങ്ങളായി വരണ്ടതാവാൻ തുടങ്ങും.
എന്റെ പിഎച്ച് ഡി പഠനത്തിൽനിന്ന് മനസ്സിലായത്, 1950- ൽ വയനാടിന്റെ വനവിസ്തൃതി 1860 സ്‌ക്വയർ കിലോമീറ്റർ ആയിരുന്നു. 1980- ആവുമ്പോഴേക്കും അത് 860 സ്‌ക്വയർ കിലോമീറ്റർ ആയി ചുരുങ്ങി.
എന്നാൽ, വയനാട് ഇതിൽ നിന്ന് വളരെ വ്യത്യസ്തമായ, സമാനതകളില്ലാത്ത ഭൂമിശാസ്ത്രവും കാലാവസ്ഥയും ഉള്ള സ്ഥലമാണ്. എന്തുകൊണ്ടാണ് സമാനതകളില്ലാത്തതാവുന്നത് എന്നു വെച്ചാൽ ചെറിയൊരു കുന്നിന്റെ മുകളിൽ കയറി വയനാട് കാണുകയാണെങ്കിൽ നിങ്ങൾക്ക് മനസ്സിലാവും. ചെറിയ കുന്നുകളാണ് ഇവിടെയുള്ളത്. വട്ടത്തിലുള്ള ചെറിയ കുന്നുകൾ. അതിനിടയിൽ വിശാലമായ ചതുപ്പുകളും കാണാം. ഇതിനിടയിലൂടെ നിറയെ അരുവികൾ ഒഴുകുന്നു. മിയാണ്ടേഴ്സ് എന്നാണ് ഇതിന് പറയുന്നത്. വയനാട് കിഴക്കോട്ട് ചെരിവുള്ള ചെറിയ പീഠഭൂമിയാണ്. അത് പ്രധാനമായും ഒഴുകിയെത്തുന്നത് കബനി നദിയിലേക്കാണ്. കിഴക്കോട്ടുള്ള കാടുകളെല്ലാം വലിയ വേനലിൽ വരണ്ടുപോവുകയാണെങ്കിൽ കുറേ വെള്ളവും വലിയ വിസ്തൃതിയിൽ കാടും വേണ്ട ആനകൾ സ്വാഭാവികമായി എത്തിച്ചേരുന്നത് വയനാട് പീഠഭൂമിയിലേക്കായിരിക്കും.
ആനകൾ എത്രദൂരം വേണമെങ്കിലും സഞ്ചരിച്ച് അവിടെയെത്തും എന്നാണോ?
അതെ. അവരുടെ യാത്രകൾ ചിലപ്പോൾ വയനാട്ടിൽ മാത്രം നിൽക്കണമെന്നുമില്ല. വടക്കോട്ടും പടിഞ്ഞാറോട്ടും ഒക്കെ ഈ ആനകൾ പോയെന്നും വരും. എന്റെ പിഎച്ച് ഡി പഠനത്തിൽനിന്ന് എനിക്ക് മനസ്സിലായത് 1950- ൽ വയനാടിന്റെ വനവിസ്തൃതി 1860 സ്‌ക്വയർ കിലോമീറ്റർ ആയിരുന്നു. 1980- ആവുമ്പോഴേക്കും അത് 860 സ്‌ക്വയർ കിലോമീറ്റർ ആയി ചുരുങ്ങിയിട്ടുണ്ട്. അതായത് വളരെ മുൻപ് ബ്രിട്ടീഷുകാർ ഇവിടെ വന്നിരുന്നെങ്കിൽ കൂടിയും വയനാടിന്റെ വനഭൂമിയിൽ ഒരു ട്രാൻസ്ഫർമേഷൻ നടന്നിട്ടുള്ളത് സ്വാതന്ത്ര്യത്തിനുശേഷമാണ് എന്നുകാണാം. എന്നാൽ ബ്രിട്ടീഷുകാർക്ക് മുമ്പും ഇവിടുത്തെ ആളുകൾ ആനയെ പിടിക്കാനും മെരുക്കാനും തുടങ്ങിയിട്ടുണ്ട്.
കോട്ടയം രാജാക്കന്മാർ വയനാട്ടിലേക്ക് വരികയും അവിടുത്തെ വിഭവങ്ങൾ ഉപയോഗിക്കുകയും മരങ്ങൾ കടത്തിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്. വയനാട്ടിലെ തേക്കുകളും മറ്റും കൊണ്ടുപോവുകയും വിൽക്കുകയും കപ്പലുകൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഹൈദരലിയും മകൻ ടിപ്പുസുൽത്താനും വന്നിട്ടുണ്ട്. ഇവരെല്ലാം ആനകളെ പിടിക്കുകയും വനവിഭവങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. മൈസൂർ രാജാക്കന്മാരെ സംബന്ധിച്ച് മലബാർ പ്രധാന സ്ഥലമായിരുന്നു. അതുകൊണ്ടാണ് ഇതെല്ലാം കടത്തിക്കൊണ്ടുപോകാൻ വയനാട്ടിലൂടെ റോഡുകളുടെ ശൃംഖല തന്നെ അവർ ഉണ്ടാക്കിയത്. ആനകളെ ഉപയോഗിച്ച് ബ്രിട്ടീഷ് കാലഘട്ടത്തിലും മുമ്പും അവരുടെ തന്നെ വാസസ്ഥലം ഇല്ലാതാക്കപ്പെട്ടിട്ടുണ്ട്. അതല്ലാതെ പറ്റില്ലായിരുന്നു.
മുമ്പ് പറഞ്ഞതുപോലെ, വയനാട്ടിൽ നിറയെ ചതുപ്പുനിലങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വയനാട്ടിൽ മലേറിയ അന്ന് സാധാരണമായിരുന്നു. മലേറിയ കാരണം ബ്രിട്ടീഷുകാർക്ക് ഇവിടെ അധികകാലം തുടരാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാൽ ആനകൾക്കും ഇവിടുത്തെ മനുഷ്യർക്കും വയനാടിന്റെ ഭൂമിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് ബ്രിട്ടീഷുകാർ ആനകളെയും തുച്ഛമായ കൂലിയ്ക്ക് മനുഷ്യരെയും ഉപയോഗിച്ചാണ് വയനാടിനെ ചൂഷണം ചെയ്തിട്ടുള്ളതെന്ന് കാണാം.
കുടിയേറ്റത്തിലൂടെ തിരുവിതാംകൂറിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയായിരുന്നു. കുടിയേറിയവർക്ക് അറിയില്ല, ഇത് ആനകൾ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു എന്നൊന്നും.
ആനയുടെ വാസസ്ഥലം ഇല്ലാതാക്കാൻ ആനയെ തന്നെ ഉപയോഗിച്ചു എന്ന് പറയാം. ആ അർത്ഥത്തിൽ എറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെട്ടിട്ടുള്ള വിഭാഗം ഏതെന്ന് ചോദിച്ചാൽ ഇവിടുത്തെ ആനകളും ആദിവാസികളും കാടുമാണ് എന്ന് പറയേണ്ടിവരും. പക്ഷേ ആ സമയത്തും കാടിന്റെ വിസ്തൃതി അങ്ങനെ തന്നെ തുടർന്നിരുന്നു. ആനകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കഴിഞ്ഞിരുന്നു.
വയനാടിന്റെ കിഴക്കൻ ഭാഗങ്ങൾ മൈസൂർ പീഠഭൂമിയാണ്. കുറച്ചുകൂടി വരണ്ട ലാൻഡ്സ്‌കേപ്പാണത്.അവിടുന്ന് അൽപം കൂടി തെക്കോട്ട് പോയാൽ സിഗൂർ പീഠഭൂമി, മോയാർ വാലി തുടങ്ങിയ സ്ഥലങ്ങളാണ്. വളരെ വരണ്ട ഭൂമിയാണ് ഈ സ്ഥലങ്ങളുടെയെല്ലാം. ഇവിടെ നിന്നൊക്കെ ആനകൾ വന്ന് പശ്ചിമഘട്ട മലനിരകളിലൂടെ കയറി അവിടുത്തെ പുൽമേടുകൾ ഉപയോഗിച്ച് പിന്നെയും പടിഞ്ഞാറോട്ടും വടക്കോട്ടും പോയി വീണ്ടും തിരിച്ചു വരുന്ന ഒരു റൂട്ടായിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ തകിടം മറിഞ്ഞു. പിന്നീട് മലബാറും കൊച്ചിയും തിരുവിതാംകൂറുമായിരുന്ന കേരളം ഒറ്റ സംസ്ഥാനമായി. പിന്നെ പെട്ടെന്ന് ഒരു പൊളിറ്റിക്കൽ ചേഞ്ച് ഉണ്ടാകുന്നു. തിരുവിതാംകൂറിലുള്ളവർക്ക് മലബാറിലേക്ക് പെട്ടെന്ന് ഒരു ആക്സസ് ലഭിക്കുന്നു. അന്ന് തിരുവിതാംകൂറിൽ പട്ടിണിയും ജനസംഖ്യാ വർദ്ധനവുമാണ്. ആ പ്രശ്നത്തെ സ്റ്റേറ്റിന് അഡ്രസ് ചെയ്തേ പറ്റൂ. അപ്പോഴാണ് മലബാറിന്റെ ഭാഗങ്ങൾ തിരുവിതാംകൂർകാർക്ക് തുറന്നുകിട്ടുന്നത്. കുടിയേറ്റത്തിലൂടെ തിരുവിതാംകൂറിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയായിരുന്നു. അങ്ങനെ കുടിയേറിയവർക്ക് അറിയില്ല, ഇത് ആനകൾ അത്തരത്തിൽ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു എന്നൊന്നും. ഞാനവരെ കുറ്റം പറയുകയല്ല, ഒന്നും അറിഞ്ഞുകൊണ്ടല്ല.
അന്ന് തിരുവിതാംകൂറിൽനിന്ന് മലബാറിലെ പല സ്ഥലങ്ങളിലേക്കും, കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും വയനാട്ടിലേക്കും വലിയ തോതിൽ കുടിയേറ്റം നടക്കുന്നുണ്ട്. വയനാട് ഇതിൽ പ്രധാനപ്പെട്ട ഒരു സ്ഥലമായിരുന്നു. വയനാട്ടിലേക്കുള്ള കുടിയേറ്റം മൂലം കാട് ചുരുങ്ങി. കാട് വയനാട് ജില്ലയുടെ അരികുകളിൽ മാത്രം ഒതുങ്ങി. മുമ്പ് ആനകൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഭാഗങ്ങളെല്ലാം കുടിയേറ്റക്കാരുടെ കൃഷിഭൂമിയായി മാറ്റപ്പെട്ടു. ആനകൾക്ക് ആ ഭൂഭാഗം ഉപയോഗിക്കാൻ കഴിയാതായി.
കിഴക്കേ ചെരുവിലുള്ള കാടിന്റെ സ്വഭാവവും വയനാടിന്റെ അരികുകളിലുള്ള കാടിന്റെ സ്വഭാവവും തമ്മിൽ വ്യത്യാസമുണ്ട്. പശ്ചിമഘട്ടത്തിന്റെ പ്രധാന ശിഖരങ്ങൾ കടന്നുപോകുന്നത് പടിഞ്ഞാറ് വശത്തുകൂടിയാണ്. ചെമ്പ്ര മല തുടങ്ങി ബ്രഹ്മഗിരി വരെ എടുത്താൽ ചെമ്പ്ര മല, ബാണാസുര മല തുടങ്ങിയവയെല്ലാം കടലിനോട് ചേർന്നിട്ടാണ്, ഉയരമുള്ള മലകളാണ്. അതുകൊണ്ടുതന്നെ ഇവയെല്ലാം നിത്യഹരിത വനങ്ങളും പുൽമേടുകളും ആണ്. ശക്തമായി മഴ ലഭിക്കുന്ന സ്ഥലങ്ങളുമാണ്. അത് ആനയെ സംബന്ധിച്ച് ഉത്തമമായ ആവാസവ്യവസ്ഥയല്ല.
ചെറിയൊരു കാലത്തിനുള്ളിൽ നമ്മൾ ഒരു അതിരു തീർത്തിരിക്കുകയാണ്. എന്നിട്ട് പ്രകൃതിയിലുള്ള ജീവജാലങ്ങളോട് പറയുകയാണ്, ആ ബൗണ്ടറിക്കുള്ളിൽ നിൽക്കണമെന്ന്. അത് വർക്ക് ചെയ്യില്ല.
പിന്നെയുള്ളത് ചെങ്കുത്തായ ചെരിവുകളാണ്. അവിടെയും മനുഷ്യർ റോഡും മറ്റും ഉണ്ടാക്കി. പിന്നെയുള്ളത് കിഴക്കുള്ള ചെരിവുകളാണ്. ബേഗൂർ റേഞ്ച് എന്നൊക്കെ പറയുന്ന നോർത്ത് വയനാട് ഡിവിഷന്റെ, പേരിയയിൽ തുടങ്ങി തിരുനെല്ലി തോൽപ്പെട്ടി റെയിഞ്ച്, കബനി നദിക്ക് വലതു കരയിലുള്ള ചിതലയം എന്നൊരു റേഞ്ച്, പിന്നെ അതിന്റെ തെക്കുള്ളത് വയനാട് വന്യജീവി സങ്കേതത്തിന്റെ തന്നെ കുറിച്ച്യാട്, ബത്തേരി, മുത്തങ്ങ റേഞ്ചുകളാണ്. ഇങ്ങനെയാണ് കാട് കിടക്കുന്നത്.
ഇപ്പോൾ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നടക്കുന്നത് വയനാടിന്റെ കിഴക്കുള്ള കാടുകളിലാണ്. ഈ കാടുകൾ കർണാടകത്തിന്റെയും തമിഴ്നാടിന്റെയും വിശാലമായ കാടുകൾ തമ്മിലും ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതിന്റെ കിഴക്കുള്ള ബാക്കി കാടുകൾ വളരെ വ്യത്യസ്തമാണ്. ആളുകൾ കുടിയേറിയശേഷം കാട് വല്ലാതെ മുറിഞ്ഞുപോയി. ബാക്കിയുള്ള ഈ കാട് സവിശേഷവും വളരെയധികം പ്രത്യേകതയുള്ളവയുമാണ്. അതിൽ ഇപ്പോഴും നിറയെ നീർച്ചാലുകളും ചതുപ്പുകളുമുണ്ട്. അതുകൊണ്ടാണ് കുറച്ചേയുള്ളൂ എങ്കിലും ബാക്കിയുള്ള ഈ കാടുകളും വളരെ പ്രധാനപ്പെട്ടതാണ് എന്ന് പറയുന്നത്.
സത്യത്തിൽ ചെറിയ തുരുത്തുകൾമാത്രമേയുള്ളൂ. പക്ഷേ അത് ആനകളെയും മറ്റ് ജീവികളെയും സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ കാടുകളും ഇപ്പോൾ വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാടിനെ നേരിട്ട് ആശ്രയിച്ച് ജീവിക്കുന്ന ഒരു സ്ഥലമാണ് വയനാട്. കിഴക്കൻ അതിരുകളിലുള്ള കാടുകൾക്ക് വളഞ്ഞുപുളഞ്ഞ അരികുകളാണുള്ളത്. അതിനകത്തൊക്കെ നിറയെ ആളുകളാണ്.
എന്തുകൊണ്ടാണ് അരികുകൾ അങ്ങനെയായത്?
കുടിയേറ്റത്തിന്റെ കാലത്ത് ഏറ്റവും ഉത്തമമായ സ്ഥലങ്ങളെല്ലാം ആളുകൾ എടുത്തുപോയി. ബാക്കി സ്ഥലങ്ങൾ ഒഴിവാക്കി. ഭൂമിയെ മനുഷ്യൻ തരംമാറ്റുന്നത് രണ്ടുതരത്തിലാണ്. റാൻഡം ആൻഡ് നോൺ റാൻഡം. മണ്ണിന്റെ ഘടനയും വെള്ളത്തിന്റെ ലഭ്യതയും കണക്കാക്കിയാണല്ലോ നമ്മൾ ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുക. അതിന് നോൺ റാൻഡം എന്നാണ് പറയുക. അങ്ങനെ സിസ്റ്റമാറ്റിക് ആയി മനുഷ്യൻ ആ സ്ഥലങ്ങളെല്ലാം തിരഞ്ഞെടുത്തിട്ടുണ്ട്.
പിന്നെ ചില ഏരിയകളെല്ലാം മുമ്പ് സംരക്ഷിതമായിരുന്നിരിക്കണം. ഫോറസ്റ്റിന്റെ ഭാഗമായി ബ്രിട്ടീഷുകാർ തന്നെ ഡിക്ലയർ ചെയ്തിട്ടുള്ള ചില ഭാഗങ്ങളുണ്ട്. ആ ഭാഗങ്ങളിൽ ചില നിയന്ത്രണങ്ങളുണ്ടായിരുന്നു. ആ ഭാഗങ്ങളിൽ കുടിയേറ്റം നടക്കാതെ പോയിട്ടുണ്ട്. ഇതെല്ലാം കാരണമാണ് കാടിന്റെ അരിക് ഇങ്ങനെയായത്. അതിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ, ചെറിയൊരു കാലത്തിനുള്ളിൽ നമ്മൾ ഒരു അതിരു തീർത്തിരിക്കുകയാണ്. എന്നിട്ട് പ്രകൃതിയിലുള്ള ജീവജാലങ്ങളോട് പറയുകയാണ്, ആ ബൗണ്ടറിക്കുള്ളിൽ നിൽക്കണമെന്ന്. അത് വർക്ക് ചെയ്യില്ല. അതാണ് ഈ വിഷയത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം. അല്ലെങ്കിൽ പ്രശ്നങ്ങളിൽ ഒന്ന്. അതിനെ എങ്ങനെ അഭിമുഖീകരിക്കാം എന്നതാണ് അടുത്ത കാര്യം.
ആന നേരെ നടന്നുപോകുന്ന ഒരു വഴി എന്ന സങ്കല്പമാണ് ആനത്താരയെ കുറിച്ച് പൊതുവെയുള്ളത്. റോഡിന്റെ ഒരു പശ്ചാത്തലത്തിലാണ് നമ്മൾ ആനത്താരയെ കണക്കാക്കുന്നത്്. ഒരു വഴി, അത് മുറിഞ്ഞുപോകുമ്പോൾ പ്രശ്നമാകുന്നു എന്ന രീതിയിലാണ് നമ്മൾ അതിനെ മനസ്സിലാക്കുന്നത. എന്നാൽ ശരിക്കും അതാണോ ആനത്താര. ആനത്താരയെ എങ്ങനെ നിർവചിക്കും?
ഡബ്ല്യു.ടി.എ എന്ന സംഘടന ഇന്ത്യയിലെ ആനത്താരകളെ കുറിച്ച് 'എലിഫന്റ് കോറിഡോർസ് ഇൻ ഇന്ത്യ' എന്ന പേരിൽ ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. അത് സ്ട്രക്ച്ചറൽ കണക്ടിവിറ്റിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫോറസ്റ്റ് കണക്ടിവിറ്റികളെ പ്രധാനമായി രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഒന്ന് സ്ട്രക്ച്ചറൽ, മറ്റൊന്ന് ഫംഗ്ഷണൽ. ആനകൾ കടന്നുപോകുന്നുണ്ടെങ്കിൽ അതിനെയാണ് ഫങ്ഷണൽ കണക്ടിവിറ്റി എന്നു വിളിക്കുന്നത്. എന്റെ പഠനങ്ങളിൽ നിന്ന് മനസ്സിലായ കാര്യം, ഇപ്പോൾ വയനാട്ടിൽ കണ്ടെത്തിയ ആനത്താരകൾ പലതും സ്ട്രക്ച്ചറൽ കണക്ടിവിറ്റിയുടെ ഉദാഹരണങ്ങളാണ്. ഉദാഹരണത്തിന് ബ്രഹ്മഗിരിയുടെ വളരെ വിശാലമായ കാടിനെ കണക്ട് ചെയ്ത് കിഴക്കുള്ള നീലഗിരി തോൽപ്പെട്ടി റേഞ്ചിലേക്ക് കണക്ട് ചെയ്യുന്ന ചെറിയൊരു കണക്ടിവിറ്റി ഉണ്ട്- തിരുനെല്ലി എലിഫന്റ് കോറിഡോർ. ആനത്താര എന്നാണ് വിളിക്കുന്നതെങ്കിൽ പോലും ആന മാത്രമല്ല ഈ വഴി യാത്ര ചെയ്യുന്നത്.
വളരെ വ്യത്യസ്തമായ സസ്യങ്ങൾ കൂടി ഉൾപ്പെടുന്ന സ്ഥലമാണ് ബ്രഹ്മഗിരി. അവിടുന്ന് സസ്യങ്ങൾ കിഴക്കോട്ട് യാത്ര ചെയ്യുന്നുണ്ട്. മറ്റു ചെറു ജീവികൾ യാത്ര ചെയ്യുന്നുണ്ട്. അങ്ങനെ പലതരം ജീവിവർഗ്ഗത്തിന്റെ ഒരു ഒഴുക്ക് സംഭവിക്കുന്നുണ്ട്. ആനത്താര എന്നത് അല്പം കൂടി ചിന്തിച്ചിട്ട് പറയേണ്ടുന്ന കാര്യമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് വ്യക്തിപരമായ തോന്നലാണ്. കാരണം മനുഷ്യനല്ല ആനത്താര തീരുമാനിക്കേണ്ടത്. ആനകൾ നടന്നിരുന്ന വഴികളായിരിക്കാം ആനത്താരകൾ. ആനകൾക്ക് ഉള്ളിൽ സ്പേഷ്യൽ മാപ്പുകൾ ഉണ്ട്.
ആനത്താരയെ പറ്റി പറയുമ്പോൾ ആനകളുടെ ജനറ്റിക് ഓർമയെക്കുറിച്ചും പറയാറുണ്ട്. അതിനെക്കുറിച്ച് പറയാമോ?.
ആനകളുടെ സാമൂഹ്യജീവിതത്തെക്കുറിച്ച് പറയുമ്പോഴാണ് അത് മനസ്സിലാക്കുക. ആന അത് ഇത്രകാലം ഓർത്തുവെക്കും എന്ന അർഥത്തിലല്ല. സാധാരണ നമ്മൾ വണ്ടിയിലൊക്കെ പോകുമ്പോൾ വഴിയരികിൽ ആനക്കൂട്ടങ്ങളെ കാണാറുണ്ടല്ലോ. അതിന് ഫാമിലി യൂണിറ്റ് എന്നാണ് വിളിക്കുക. വളരെ ജനറ്റിക്കലി റിലേറ്റഡായ ആനകളാണ് ഈ കൂട്ടത്തിലുണ്ടാവുക. അമ്മയും അതിന്റെ കുട്ടികളും. അതുപോലെ, ഇവർ ജനറ്റിക്കലി റിലേറ്റഡ് ആയ മറ്റു കൂട്ടങ്ങളുമായി കൂട്ടുകൂടും. അതിന് ബോൺ ഗ്രൂപ്പ് എന്നു വിളിക്കും. അതിനു മേലെ വേറൊരു ഗ്രൂപ്പുണ്ട്, ക്ലാൻ എന്നു പറയും. ഇതാണ് ആനകളുടെ സോഷ്യൽ സ്ട്രക്ചർ. ഫാമിലി യൂണിറ്റിനെ നയിക്കുന്നത് ഏറ്റവും പ്രായം കൂടിയ ഫീമെയിൽ ആയിരിക്കും. അതായത് ഒരു മാട്രിയാർക്കിയൽ സിസ്റ്റമാണ് ആനക്കുള്ളത്. അതിന് കുറേ ഗുണങ്ങളുമുണ്ട്. ഇരപിടുത്തക്കാരിൽനിന്ന് രക്ഷ നേടാം, കൂടാതെ ചെറിയ ആനകൾ കുറെ കാര്യങ്ങൾ പഠിക്കും. ഏതൊക്കെ സ്ഥലങ്ങളിലാണ് റിസോഴ്സുകളുള്ളത് എന്നെല്ലാം.
അതായത് ഫാമിലി യൂണിറ്റിന്റെ നിലനിൽപ്പിന് ഗ്രൂപ്പിനെ നയിക്കുന്ന മുതിർന്ന ഫീമെയിലിന്റെ അറിവ് വളരെ പ്രധാനപ്പെട്ടതാണ്. ഈ അറിവുകൾ അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കുന്നതിന് ഏറ്റവും പരിചയ സമ്പന്നതയുള്ളതും ഏറ്റവും പ്രായമുള്ളതും വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിച്ചു പരിചയമുള്ളതുമായ ഒരു ഫീമെയിലിനാണ് സാധിക്കുക.
ആഫ്രിക്കയിൽ നിന്നുള്ള പഠനങ്ങൾ പറയുന്നത്, ഏറ്റവും പരിചയ സമ്പന്നതയുള്ള ഫീമെയിലിന്റെ ഗ്രൂപ്പിലുള്ള കുട്ടികളാണ് വരൾച്ചയെ നേരിടുന്നത് എന്നാണ്. ആനകൾ പോളിഗമസ് ആയിട്ടുള്ള സ്പീഷീസ് ആണല്ലോ. ഒരു പ്രായമെത്തിക്കഴിഞ്ഞാൽ ആൺആനകളെ കൂട്ടത്തിൽ നിന്ന് ഒഴിവാക്കും. പിന്നീട് മിക്കവരും ഒറ്റക്കാണ് ജീവിക്കുന്നത്. അല്ലെങ്കിൽ മറ്റ് ആൺ ആനകളുമായി ദീർഘകാലത്തേക്കല്ലാത്ത ചില സൗഹൃദവും ഉണ്ടാവും. അതിനെ ബാച്ചിലർ ഗ്രൂപ്പ് എന്നാണ് വിളിക്കുക. സാധാരണയായി മൂന്നു മുതൽ നാലു വരെ അംഗങ്ങളെയാണ് ബാച്ചിലർ ഗ്രൂപ്പിൽ കാണുക. പന്ത്രണ്ടെണ്ണം വരെയുള്ള ഗ്രൂപ്പുകളെ ഞാൻ കണ്ടിട്ടുണ്ട്.
ഏതു പ്രായത്തിലാണ് ആൺ ആനകൾ ഇങ്ങനെ ഒറ്റയ്ക്ക് പോകുന്നത്?
ഏഴു മുതൽ എട്ടു വയസ്സുവരെയുള്ള സമയത്താണ് ആൺ ആനകൾ കൂട്ടത്തിൽനിന്ന് വേർപെട്ടുപോകുന്നത്. പിന്നീടാണ് വ്യത്യസ്ത പ്രായക്കാരായ ആൺ ആനകളുമായി ഗ്രൂപ്പുണ്ടാക്കുന്നത്. അവിടെയും പഠനം നടക്കുന്നുണ്ട്. ഏറ്റവും പ്രായം കൂടിയ ആൺ ആനയിൽനിന്ന് പ്രായം കുറഞ്ഞ ആനകൾ കുറെ കാര്യങ്ങൾ പഠിക്കും. മുമ്പ് കൂട്ടത്തിലുണ്ടായിരുന്ന പെണ്ണാനകൾ ആ കൂട്ടത്തിൽ തന്നെ തുടരും. ഒരു കൂട്ടത്തിൽ കുറെയധികം ആനകളുണ്ട് അല്ലെങ്കിൽ കൂട്ടത്തിൽ ആനകളുടെ എണ്ണം കൂടി എന്നു വിചാരിക്കുക. ആ കൂട്ടത്തിന് റിസോഴ്സസ് കുറവാണെങ്കിൽ സംഘം വിഭജിക്കപ്പെടും. പിന്നീട് ആ ഗ്രൂപ്പിൽ തന്നെയുള്ള വേറൊരാൾ സ്ഥാനം കൈവരിച്ച് ആ ഗ്രൂപ്പിനെ നയിക്കും. പിന്നീട് പിരിഞ്ഞുപോയ ഈ സംഘങ്ങൾ ചില സീസണുകളിൽ വീണ്ടും ഒത്തുകൂടും. അങ്ങനെ വളരെ കോംപ്ലക്സ് ആയിട്ടുള്ള ഒരു സോഷ്യൽ സിസ്റ്റമാണ് ആനകളുടേത്.
വയനാട്ടിൽ ഞാൻ നടത്തിയ പഠനങ്ങളിൽ മനസ്സിലായ ഒരു കാര്യം, വേനൽക്കാലത്ത് വയനാട്ടിൽ ആനകളുടെ എണ്ണം നന്നായി കൂടും. കാരണം കിഴക്കൻ ചെരിവ് അപ്പോൾ വരണ്ടുതുടങ്ങും. അപ്പോൾ ആനകൾ ഇങ്ങോട്ട് കുടിയേറിവരും.
ഉണ്ടാവുന്ന കുട്ടികളെ നോക്കുന്നത് പെണ്ണാനകൾ തന്നെയായിരിക്കുമോ?
അതെ. പെണ്ണാനകൾ തന്നെയായിരിക്കും. എല മദറിങ്ങ് (Allomothering) എന്നുപറയുന്ന ഒരു സ്വഭാവസവിശേഷത തന്നെ ഇവർക്കുണ്ട്. എന്നുവെച്ചാൽ പ്രസവിച്ച അമ്മ മാത്രമല്ല കൂട്ടത്തിലെ മറ്റ് ആനകളും കുട്ടികളെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യും. അത് കൂട്ടത്തിലെ മറ്റ് പെണ്ണാനകൾക്ക് ഒരു ട്രെയിനിങ് കൂടിയാണ്. അത് സംഘത്തിലെ ഇനി ഉണ്ടാവാൻ പോകുന്ന കുട്ടികളുടെ അതിജീവനത്തിന് ഗുണം ചെയ്യും.
ആണാനകൾക്ക് കുട്ടികളെ നോക്കുന്നതിൽ ഒരു റോളും ഇല്ലേ?
ഇല്ല, ആൺ ആനകൾക്ക് ഒരു റോളുമില്ല എന്നുതന്നെ പറയണം. അതായത് ആൺ ആനകളുടെ സ്വഭാവവും മനുഷ്യരും തമ്മിലുള്ള കോൺഫ്ളിക്ടും തമ്മിൽ ബന്ധമുണ്ട്. ആണാനങ്ങളുടെ പ്രധാനപ്പെട്ട ഒരു സവിശേഷത മദപ്പാട് ആണ്. അത് പ്രത്യുത്പാദനവുമായി ബന്ധപ്പെട്ടതാണ്. ആ സമയത്ത് ആനകളുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടും. ഇണ ചേരുന്നതിനായി ഈ കാലത്ത് പെണ്ണാനകളെ തിരക്കി ഇവർ വലിയ ഏരിയ മുഴുവൻ നടക്കും.
ഈ പെൺകൂട്ടങ്ങളെ തേടിയാണോ അവ നടക്കുന്നത്?
അതെ, പല പല കൂട്ടങ്ങളെ തേടിപ്പോകും. മറ്റൊരു കാര്യം, 11 - 12 വയസ്സാകുമ്പോൾ തന്നെ ആൺ ആനകൾ മദപ്പാടിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. പക്ഷേ അത് മൂന്നോ നാലോ ദിവസം മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ. പിന്നീട് പ്രായം കൂടുന്തോറും മദപ്പാടിന്റെ ദിവസങ്ങളുടെ എണ്ണവും കൂടും. അവരുടെ സ്വഭാവം തന്നെ മാറും. ആധിപത്യ സ്വഭാവം പുലർത്തുന്നവർ ആയി ആൺ ആനകൾ മാറും.
മദപ്പാട് ഉണ്ടായി എന്നതുകൊണ്ട് മാത്രം ഇണചേരാനുള്ള അവസരം കിട്ടിയെന്നും വരില്ല. കാരണം, ആധിപത്യ സ്വഭാവം പുലർത്തുന്ന വേറെയും ആൺ ആനകളുണ്ടാവും അതേ ലാൻഡ്സ്‌കേപ്പിൽ. അതിൽ തന്നെ ഏറ്റവും ആധിപത്യ സ്വഭാവമുള്ള ആൺ ആനയാകാൻ വേണ്ടി ഈ ആനകൾ പരസ്പരം മത്സരിക്കും, പ്രത്യേകിച്ച് ഇണചേരലിന്. പെൺ ആന എപ്പോഴും തിരഞ്ഞെടുക്കുക ഏറ്റവും പ്രായപൂർത്തിയായ, ഏറ്റവും അഗ്രസീവായ, ഏറ്റവും സൈസുള്ള ആണാനകളെയാണ്. അപ്പോൾ ആൺ ആനകളെ സംബന്ധിച്ച് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ കിട്ടുന്ന ഭക്ഷണം കഴിക്കണം. അത് ആൺ ആനകളെ നാട്ടിലെ വിളകളിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്.
പ്രൊഫ. ഗാഡ്ഗിലിന്റെ സ്റ്റുഡന്റായിരുന്ന ഡോ. ആർ. സുകുമാർ മസനഗുഡിയിലെ തമിഴ്നാട് ഭാഗത്ത് പഠനങ്ങൾ നടത്തിയിരുന്നു. അദ്ദേഹമാണ് ഇത് ആദ്യമായി കണ്ടെത്തുന്നത്, കൊമ്പനാനകളാണ് മനുഷ്യരുമായി കൂടുതൽ സംഘർഷങ്ങളിൽ ഏർപ്പെടുന്നതെന്ന്. വളരെ അപൂർവമായി മാത്രമാണ് പെണ്ണാനകൾ സംഘർഷത്തിലേക്ക് വരുന്നത്. അതിന് ഒരു കാരണം ഇതാണ്. ഇതാണ് വയനാട്ടിൽ സംഭവിക്കുന്നത്. വയനാട്ടിൽ ഞാൻ നടത്തിയ പഠനങ്ങളിൽ മനസ്സിലായ ഒരു കാര്യം, വേനൽക്കാലത്ത് വയനാട്ടിൽ ആനകളുടെ എണ്ണം നന്നായി കൂടും. കാരണം കിഴക്കൻ ചെരിവ് അപ്പോൾ വരണ്ടുതുടങ്ങും. അപ്പോൾ ആനകൾ ഇങ്ങോട്ട് കുടിയേറിവരും. മുഴുവൻ ആനകളും വരുമെന്നല്ല. എന്നാലും മിക്ക ആനകളും ഇങ്ങോട്ടേക്കെത്തും.
കടുവകൾ ഒരു പ്രത്യേക ഭൂഭാഗം അവരുടെ ടെറിട്ടറി ആയി വെക്കാറുണ്ട് എന്ന് പറയുന്നതുപോലെ ആനകൾക്ക് ടെറിട്ടറി ഉണ്ടോ?
ആനകളുടേത് ടെറിട്ടറി അല്ല. ഹോം റെയിഞ്ച് എന്നാണ് ഇതിനെ പറയുന്നത്. കടുവയെ സംബന്ധിച്ച് വളരെ സ്പെസിഫിക്ക് ആയിരിക്കും. എന്നാൽ ആനയുടെ കാര്യം അങ്ങനെയല്ല. വലിയ ഏരിയ ആയിരിക്കും ഹോം റെയിഞ്ച്. അതിൽ തന്നെ മറ്റ് ഫാമിലി യൂണിറ്റുകളും വരും. പക്ഷേ അവരും മറ്റുകൂട്ടങ്ങളെ പ്രതിരോധിക്കാറുണ്ട്. ഒരു സ്ഥലത്ത് റിസോഴ്സ് കൂടുതലുണ്ടെങ്കിൽ അവിടേക്ക് മറ്റു കൂട്ടങ്ങൾ വരാതിരിക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്.
അത്തരം സംഘർഷങ്ങൾ ഇവർ തമ്മിൽത്തമ്മിലുണ്ടാകുമോ?
തീർച്ചയായിട്ടും ഉണ്ടാവും. അതുകൊണ്ടാണ് റീ ലോക്കേഷൻ ഒക്കെ പ്രശ്നമാവുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും ആധിപത്യം പുലർത്തുന്ന ആന വളരെ സക്സസ്ഫുള്ളായി ആ റിസോഴ്സിനെ ഉപയോഗിക്കാൻ ശ്രമിക്കും. വയനാടിന്റെ കിഴക്കുള്ള കാടുകളിൽ വേനൽക്കാലത്ത് ആനകളുടെ എണ്ണം കൂടുമെന്ന് പറഞ്ഞല്ലോ. പക്ഷേ, അപ്പോൾ വയനാട്ടിൽ ഈ സംഘർഷം വളരെ കുറവാണ്. അതായത് ഈ സംഘർഷം ഏറ്റവും കുറവുള്ളത് വയനാട്ടിലെ കാടുകളിൽ ആനകളുടെ എണ്ണം ഏറ്റവും കൂടുതലുള്ള സമയത്താണ്.
ആനയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു സാധനം ചക്കയാണ്. പിന്നൊന്ന് മാങ്ങയും. ഇവ മെയ് അവസാനത്തോടുകൂടിയാണ് പഴുത്തുതുടങ്ങുക. ജൂൺ, ജൂലൈ മാസങ്ങളിൽ ഇവ രണ്ടിന്റെയും ഫലലഭ്യത കൂടിയിരിക്കും. ആ സമയത്താണ് ആനകൾ കൂടുതലായി കാടിനു പുറത്തുവരുന്നത്. അത് ശരിക്കും കാട്ടിൽ ഭക്ഷണത്തിന്റെയോ വെള്ളത്തിന്റെയോ ലഭ്യത കുറവുള്ള സമയമല്ല. നാട്ടിലുള്ള ചക്കയും മാങ്ങയും കഴിക്കാൻ വരുന്നതാണ്. അതായത്, കാട്ടിൽ ഭക്ഷണമില്ലാത്തതുകൊണ്ടല്ല ഈ സമയത്ത് ആനകൾ നാട്ടിലേക്കിറങ്ങുന്നത്.
നാട്ടിൽ ചക്കയും മാങ്ങയുമെല്ലാം ലഭ്യമാണ് എന്നതുകൊണ്ടാണ്. അതിൽ രുചി എന്നൊരു ഘടകം ഉണ്ടായിരിക്കാം. ഗന്ധവും ആനകളെ ആകർഷിക്കും. പിന്നെ, നേരത്തെ പറഞ്ഞതുപോലെ, കൂടുതൽ പ്രോട്ടീൻ റിച്ച് ആയ ഭക്ഷണമാണിത്. അതായത് കാട്ടിലെ പുല്ലും നമ്മുടെ നാട്ടിലെ നെല്ലും തമ്മിൽ താരതമ്യം ചെയ്താൽ നമ്മുടെ നെല്ലിനായിരിക്കും കൂടുതൽ ഗുണം ഉണ്ടാവുക. കാരണം, മനുഷ്യൻ സെലക്റ്റ് ചെയ്ത സ്പീഷീസ് ആണല്ലോ നെല്ല്. മനുഷ്യനും അത് വേണം. കൂടുതൽ ഊർജ്ജം തരുന്ന ഭക്ഷണമാണത്. അതായത് മനുഷ്യൻ കുറെ കാലം കൊണ്ട് മികച്ച ഭക്ഷണം തിരഞ്ഞെടുത്തുവച്ചിട്ടുണ്ട്. ആനയ്ക്കും അതറിയാം. അതാണ് നാട്ടിലിറങ്ങി ആന അതെടുക്കാൻ ശ്രമിക്കുന്നത്.
ഇത് കുറെ നാളത്തെ പ്രാക്ടീസ് കൊണ്ട് ആന ഉണ്ടാക്കിയെടുത്തിട്ടുള്ള ബോധമായിരിക്കില്ലേ?
തീർച്ചയായും അങ്ങനെയാണ്. അതുകൊണ്ട് ആനകൾ കൂടുന്നു, സംഘർഷം ഉണ്ടാകുന്നു എന്നു പറയുന്നത് ശരിയല്ല. അത് തമ്മിൽ ബന്ധമില്ല. ഞാനീ പറയുന്നത് വയനാടിൻ്റെ സാഹചര്യത്തിലാണ്.
വയനാട്ടിൽ കൊമ്പനാനകൾ കുറേയുണ്ട്. ഞാനിപ്പോൾ നടത്തുന്ന ഒരു പഠനത്തിൽ കൊമ്പനാനകളെ ഓരോന്നിനെയും പ്രത്യേകം ഐഡന്റിഫൈ ചെയ്യുകയാണ്. അവരുടെ ശരീരഘടനയും കൊമ്പും ചെവിയും ഒക്കെ നിരീക്ഷിച്ച് ഓരോന്നിനെയും വ്യത്യസ്തമായി മനസ്സിലാക്കാൻ കഴിയും. എന്നിട്ട് അവർ എങ്ങനെയാണ് വ്യത്യസ്തമായ സീസണുകളിൽ മൂവ് ചെയ്യുന്നതെന്നും അവരവിടെ തന്നെ നിൽക്കുന്നുണ്ടോ എന്നും തിരിച്ചു വരുന്നുണ്ടോ എന്നും ആവാസസ്ഥലത്തിന്റെ സ്ഥിരത എത്രത്തോളമാണ് എന്നും മദപ്പാട് സമയത്ത് അവർ എങ്ങോട്ടെങ്കിലും മാറുന്നുണ്ടോ എന്നുമൊക്കെയാണ് പഠിക്കുന്നത്.
എങ്ങനെയാണ് ഓരോന്നിനെയും വ്യക്തിഗതമായി പഠിക്കുന്നത്?
പ്രധാനമായും കാട്ടിൽ ചെന്ന് ഫോട്ടോ എടുക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഞാൻ 2017 മുതൽ ഫീൽഡ് വർക്ക് തുടങ്ങിയിരുന്നു. ഇത്രയും കാലത്തിനിടയിൽ വളരെയധികം ഫോട്ടോകൾ എടുത്തിട്ടുണ്ട്. അതുകൂടാതെ ഇപ്പോൾ സിസ്റ്റമാറ്റിക്കലി ഫീൽഡിൽ പോവുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്.
അപ്പോൾ ഇതൊരു സ്ഥിരം പ്രോസസ് ആയിരിക്കണ്ടേ?
അതെ, ഇത് ഒരു സ്ഥിരം പ്രോസസാണ്. അതിന് കുറച്ചധികം അധ്വാനം വേണ്ടിവരും. എന്നാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ മനസ്സിലാവുകയുള്ളൂ. ഇപ്പോൾ മനസ്സിലാക്കിയ പ്രധാന കാര്യം, വയനാട്ടിൽ കുറെയധികം കൊമ്പനാനകളുണ്ട്, എന്നാൽ അതിൽ എല്ലാ ആനകളും സംഘർഷങ്ങളിൽ ഇടപെടുന്നില്ല എന്നതാണ്.
കുറച്ച് കൊമ്പനാനകൾ മാത്രമേ സംഘർഷത്തിന് മുതിരുന്നുള്ളൂ. ഉദാഹരണത്തിന് മണി എന്നൊരു ആനയുണ്ടായിരുന്നു. ആളുകളെല്ലാം അതിന് ഭക്ഷണം കൊടുക്കുമായിരുന്നു, ശാന്തനായ ആനയായിരുന്നു. അത് നാട്ടിലേക്ക് ഇറങ്ങാറേയില്ലായിരുന്നു. പക്ഷേ മറ്റു ചില ആനകളുണ്ട്. ഡബ്ല്യു. ഡബ്ല്യു. എഫ് എന്ന സംഘടന വയനാട്ടിലെ മൂന്നു കൊമ്പനാനകളെ കോളർ ചെയ്തിട്ടുണ്ടായിരുന്നു. അതിലൊന്ന് മുൻപ് പറഞ്ഞ മണിയാണ്. പിന്നെ മറ്റു രണ്ടാനകളും. അതിലൊന്ന് മോഴയാനയാണ്. അവിടെ വർക്ക് ചെയ്തിരുന്ന ആളുകളോട് ഞാൻ സംസാരിച്ചപ്പോൾ അറിഞ്ഞത്, മണിയൻ നാട്ടിൽ ഇറങ്ങാറില്ല എന്നാണ്. ചെറിയൊരു ഏരിയയിൽ മാത്രം ജീവിക്കും. മദപ്പാട് വരുന്ന സമയത്ത് വിട്ടുപോകും. ബന്ദിപ്പൂരും കർണാടകത്തിലെ കാടുകളിലേക്കും ഒക്കെ പോയിട്ടാണ് പിന്നെ വരിക.
മറ്റേ ആന നെല്ലിന്റെ സീസണിൽ വളരെയധികം നെല്ല് തിന്നാൻ വരുന്ന ആനയാണ. പക്ഷേ ചക്കയെടുക്കാൻ വരില്ല. അതായത് ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ്. പക്ഷേ കൂട്ടത്തിലുണ്ടായിരുന്ന മോഴ ആന ചക്കയും മാങ്ങയും വാഴയും പച്ചക്കറിയുമെല്ലാം കഴിക്കും. അതായത് മനുഷ്യരെപ്പോലെ തന്നെ അവർക്കും വ്യക്തിഗത സ്വഭാവ സവിശേഷതകളുണ്ട്, ടേസ്റ്റിലും സ്വഭാവത്തിലുമെല്ലാം. ചിലർ കുറെക്കൂടി ബോൾഡ് ആയിരിക്കും. എന്ത് പ്രതിസന്ധിയുണ്ടായാലും അതിനെ മറികടന്ന് വന്ന് അവർ അത് കഴിക്കും. ആളുകളെ ഒരുതരത്തിലും ആക്രമിക്കാത്ത ആനകളുമുണ്ട്.
തോൽപ്പെട്ടി റേഞ്ചിൽ ഒരു ആനയുണ്ട്, അതിനെ നാട്ടുകാർ പൊട്ടൻ എന്നാണ് വിളിക്കുക. ആളുകൾ എന്ത് ചെയ്താലും അതിന് പ്രശ്നമില്ല. നമുക്ക് അടുത്തു ചെന്ന് ചെറിയ വടിയെടുത്ത് അടിക്കുക പോലും ചെയ്യാം. എന്നാലും അതൊന്നും ചെയ്യില്ല. അത് വന്ന് അതിനുവേണ്ട ഭക്ഷണം കഴിച്ച് തിരിച്ചുപോകും. അത്രയേ ഉള്ളൂ. നമുക്ക് എങ്ങനെയും അതിനെ പിടിച്ച് നിർത്താൻ പറ്റില്ല. അതിനറിയാം, മനുഷ്യർക്ക് അതിനെ ഒരു പരിധി കഴിഞ്ഞ് ഉപദ്രവിക്കാൻ പറ്റില്ല എന്ന്.
ഏതോ ഒരുതരത്തിൽ അതിന് അതറിയാം. അതുകൊണ്ട് അത് വളരെ സക്സസ് ഫുള്ളായി അവിടെ ജീവിക്കുകയും അവിടുത്തെ റിസോഴ്സസ് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അതായത് നമ്മുടെ ആളുകളും നമ്മുടെ നിയമവും ഒക്കെ ശരിക്കും ഇവരുടെ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കുന്നുണ്ട്. ആളുകളുടെ മൂവ്മെന്റിനെയും ജീവിതത്തിനെയും ഒക്കെ ആനകൾ ഒരുതരത്തിൽ കൺട്രോൾ ചെയ്യുന്നുമുണ്ട്.
ആനകൾ സഞ്ചരിക്കുന്ന വഴികൾ എന്ന നിലയ്ക്കാണോ അല്ലെങ്കിൽ ഹോം റേഞ്ചിനെ മൊത്തം ആയിട്ടാണോ ആനത്താര എന്നു പറയുന്നത്?
ആനത്താര എന്നു പറയുന്നത് ആനകൾ നടന്നുപോകുന്ന വഴികളെയാണ്. ആനകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാൻ സ്ഥിരമായി ഉപയോഗിക്കുന്ന വഴിയാണ് ആനത്താര.
ആനകൾ ആ വഴിയിലൂടെ മാത്രമേ പോവുകയുള്ളൂ?
അതെ, അങ്ങനെയുണ്ട്. അത് വളരെ സ്പെസിഫിക്കായി പോകണമെന്നില്ല. മിക്കവാറും എല്ലാ വർഷവും മുതുമലയിലൊക്കെ നടത്തിയ പഠനങ്ങളിൽ നിന്ന് മനസ്സിലാകുന്നത്, ചില സ്വാമ്പുകളിലൊക്കെ ഓരോ കൂട്ടം എല്ലാവർഷവും ഒന്നോ രണ്ടോ ആഴ്ചകളുടെ ഇടവേളകളിൽ എത്താറുണ്ട് എന്നാണ്. സീസണലായി, വിഭവങ്ങളുടെ ഏറ്റക്കുറച്ചിൽ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ ആനകളെത്തും.
ഒരു വഴിയിലൂടെ ആനകൾ സഞ്ചരിക്കുന്നു. അവയെ ആകർഷിക്കുന്ന ഭക്ഷണത്തിൻ്റെ ലഭ്യത കാടിന്റെ അതിരുകളിലാണ്, ആകർഷകമായ മറ്റ് ഘടകങ്ങൾ വേറെ സ്ഥലങ്ങളിലുമാണ്. അപ്പോൾ ഇതിനൊക്കെ വേണ്ടി ഇവർ ചിതറി വേറെ പോവുകയും തിരിച്ച് ഒരുമിച്ചുകൂടുകയും ചെയ്യുന്നതാണോ പാറ്റേൺ?
മുൻപ് പറഞ്ഞതുപോലെ, നാട്ടിൽ ഇത്രയും വിഭവങ്ങൾ കാടിനു പുറത്തുള്ളപ്പോഴും ആനക്കൂട്ടം നാട്ടിലിറങ്ങാറില്ല. വളരെ ചുരുക്കം മാത്രമേ ആനക്കൂട്ടം നാട്ടിലിറങ്ങാറുള്ളൂ. നാട്ടിലിറങ്ങുന്നതിന്റെ പശ്ചാത്തലവും വേറെയാണ്. ഉദാഹരണത്തിന് വയനാട്ടിലാണെങ്കിൽ കാടിനോടുചേർന്ന് വളരെയധികം തേയിലത്തോട്ടങ്ങളുള്ളതും മനുഷ്യരുടെ ജനസാന്ദ്രത വളരെ കുറഞ്ഞ സ്ഥലങ്ങളിലും മാത്രമേ കൂട്ടമായി ആനകൾ പുറത്തിറങ്ങാറുള്ളൂ. കാരണം, കൂട്ടത്തിന്റെ കൂടെയാണല്ലോ കുട്ടിയുള്ളത്. അപ്പോൾ കുട്ടികളുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂട്ടത്തിലുള്ള മറ്റാനകൾ വളരെ ശ്രദ്ധാലുക്കളായിരിക്കും. ഇവയ്ക്ക് ഒരു ഹോം റേഞ്ച് വിട്ട് മറ്റൊരു ഹോം റേഞ്ചിലേക്ക് മാറൽ സാധിക്കില്ല. കാരണം അവിടെ മറ്റ് ആനകളോ ആനക്കൂട്ടങ്ങളോ ഉണ്ടാവും. അല്ലെങ്കിൽ ഇവരുടെ ഹോം റേഞ്ച് നമ്മൾ കൺവെർട്ട് ചെയ്തെന്ന് വിചാരിക്കുക.
നമ്മൾ പരിവർത്തിപ്പിച്ചു എന്നു വെച്ചാൽ?
ഉദാഹരണത്തിന് ഒരു ആനയുടെ ഹോം റേഞ്ച് ഒരു തോട്ടമാക്കി മാറ്റി, 10 ശതമാനം കാടും ബാക്കി നാട്ടിൻപുറവുമാക്കി മാറ്റിയെന്നു കരുതുക. ഒന്നുകിൽ, അതിനു പുറത്തുവന്ന് ഇവിടെയുള്ള റിസേഴ്സ് ഉപയോഗിച്ച് സർവൈവ് ചെയ്യുകയോ അല്ലെങ്കിൽ ഇല്ലാതായിപ്പോവുകയോ മാത്രമേ വഴിയുള്ളു. ഈ രണ്ട് ഓപ്ഷനുകൾ മാത്രമേയുള്ളൂ. ആ ഘട്ടങ്ങളിൽ ആനകൾ തീർച്ചയായും പുറത്തുവന്ന് ആളുകളുമായി പ്രശ്നമുണ്ടാക്കും. അല്ലാതെ ആനക്ക് വേറെ ഓപ്ഷനില്ല.
പിന്നെ ഒരു സാഹചര്യം സംഭവിക്കുന്നത് ഡിസ്പേഴ്സൽ എന്നൊരു പ്രൊസസിലൂടെയാണ്. ഉദാഹരണത്തിന് ഒരു പ്രദേശത്ത് ആനകളുടെ എണ്ണം കൂടിയെന്ന് വിചാരിക്കുക. അവിടെ വളരെ ആധിപത്യ സ്വഭാവമുള്ള ആനക്കൂട്ടങ്ങളോ അല്ലെങ്കിൽ ക്ലാൻസോ ഉണ്ടെങ്കിൽ മറ്റുള്ള കൂട്ടങ്ങൾക്ക് അവിടുന്ന് പുറത്തുപോയേ പറ്റൂ. മറ്റൊരു സ്ഥലത്തുപോയി അതിന് ജീവിക്കേണ്ടതുണ്ട്. ഇപ്പോൾ സംഭവിക്കുന്നത്, ഇങ്ങനെ പോകേണ്ടിവരുന്ന സ്ഥലങ്ങളെല്ലാം നാട്ടിൻപുറങ്ങളായി മാറിയിരിക്കുന്നു. അതായത് ഇപ്പോൾ ഈയൊരു പ്രോസസ് നടക്കുന്നില്ല. കാടുള്ള സ്ഥലങ്ങളിൽ ആനകൾക്ക് ഈ പ്രോസസ് നടത്താൻ കഴിയുന്നുണ്ട്.
ഉദാഹരണത്തിന്, ഇന്ന് മനുഷ്യനും ആനയും തമ്മിൽ ഏറ്റവും കൂടുതൽ സംഘർഷം നടക്കുന്ന സ്ഥലം ചിതലയം എന്ന റേഞ്ച് ആണ്. അത് കുറുവ ദ്വീപിനോട് ചേർന്നുകിടക്കുന്ന റിസർവ് വനമാണ്. ആളുകളോട് സംസാരിച്ചപ്പോൾ മനസ്സിലായത് ഇവിടെ 20 വർഷം മുമ്പ് ആനകൾ വന്നുപോകാറുണ്ടായിരുന്നു. പക്ഷേ ആനകൾ വളരെ കുറവായിരുന്നു. ഇപ്പോൾ സംഭവിച്ചത് കുറെ ആനക്കൂട്ടങ്ങളായിട്ടും കുറെ കൊമ്പനാനകളും ഒക്കെ വന്ന് അവിടെ സ്ഥിരതാമസമാക്കുന്നു. സീസണില്ലെങ്കിലും ആ സ്ഥലം ഉപയോഗിക്കുന്നു. ഇതിന് ചുറ്റുമുള്ള സ്ഥലങ്ങളാണ് ഇന്ന് ഏറ്റവും കൂടുതൽ സംഘർഷം നേരിടുന്നത്. അവിടുന്നാണ് പലപ്പോഴും പനമരം പോലുള്ള സ്ഥലത്തേക്ക് വയനാട് ജില്ലയുടെ കേന്ദ്രത്തിലുള്ള സ്ഥലങ്ങളിലേക്ക് ആനകൾ ഡിസ്പേഴ്സ് ചെയ്തു പോകുന്നതും കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നതും. ഭാവിയിൽ ഉണ്ടാവാൻ പോവുന്ന പ്രശ്നങ്ങളിൽ ഒന്ന് അതാണ്.
നമുക്ക് ആനകളെ കുറിച്ച് ഒന്നുമറിയില്ല. ചെറിയ സമയം കൊണ്ട് കുറച്ചു കാര്യങ്ങൾ മാത്രം പഠിച്ചിട്ടാണ് ആനയെക്കുറിച്ച് സംസാരിക്കുന്നത്.
ആനയുടെ ജീവിതകാലം എത്രയാണ്?
കാട്ടാനക്കാണെങ്കിൽ 60- 65 വയസ്സ് വരെയാണ്. നാട്ടിലുള്ള ആനകൾക്കും ജീവിതകാലം ഏകദേശം അത്രതന്നെ വരുമെന്നാണ് കണക്കാക്കുന്നത്. പക്ഷേ കാട്ടാനകളുടെ ജീവിതകാലം കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്. ആഫ്രിക്കയിൽ ശാസ്ത്രീയമായി ആനകളെക്കുറിച്ച് പഠിക്കാൻ തുടങ്ങുന്നത് 1960- കളുടെ തുടക്കത്തിലാണ്. ഡഗ്ലസ് ഹാമിൽടൺ എന്നൊരു സയന്റിസ്റ്റ് മന്യാരാ നാഷണൽ പാർക്കിലാണ് ആദ്യമായി ശാസ്ത്രീയമായി ആനകളെ കുറിച്ച് പഠിക്കാൻ തുടങ്ങുന്നത്. അതിനുശേഷം ആമ്പസോലി നാഷണൽ പാർക്കിൽ (കെനിയ) സിന്ധ്യ ജെ. മോസ് എന്നൊരു ശാസ്ത്രകാരിയും സുഹൃത്തുക്കളും ചേർന്ന് ദീർഘകാലം ആനകളെക്കുറിച്ച് പഠിച്ചു. ഒരേ പോപ്പുലേഷനെ 45 വർഷമാണ് അവർ പഠിച്ചത് The Amboseli Elephants).
എന്നാൽ ഇവിടെ നമ്മുടെ നമ്മുടെ മുൻഗണന അതാവില്ല. ഇത്രയും വലിയ ജനസംഖ്യയുള്ളള്ള ഒരു രാജ്യത്ത്, അത്രയും ആളുകൾ പട്ടിണി കിടക്കുന്ന ഒരു സ്ഥലത്ത് അത് സാധ്യമാകുമോ എന്നറിയില്ല. പക്ഷേ അത്തരം പഠനങ്ങൾ വേണം. ഇപ്പോൾ സംഭവിക്കുന്നത് നമുക്ക് ആനകളെ കുറിച്ച് ഒന്നുമറിയില്ല എന്നുള്ളതാണ്. മിക്കവർക്കും അറിയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇവിടെ ചെറിയ സമയം കൊണ്ട് കുറച്ചു കാര്യങ്ങൾ മാത്രം പഠിച്ചിട്ടാണ് ആനയെക്കുറിച്ച് സംസാരിക്കുന്നത്, അല്ലെങ്കിൽ സംസാരിക്കാൻ ശ്രമിക്കുന്നത്.
ഉദാഹരണത്തിന്, ആനയുടെ ഭാഷ. എങ്ങനെയാണ് ആന കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് എന്നത് വളരെ അടുത്താണ് മനുഷ്യൻ മനസ്സിലാക്കുന്നത്. ആന ലോ ഫ്രീക്വൻസി സൗണ്ടുകൾ ഉപയോഗിച്ചിട്ടാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അത് നമുക്ക് കേൾക്കാൻ പറ്റില്ല. മനുഷ്യൻ എപ്പോഴും കാര്യങ്ങൾ മനസ്സിലാക്കുന്നത് മനുഷ്യന്റെ കാഴ്ചപ്പാടിൽ നിന്നു മാത്രമാണല്ലോ, ആനയുടെ കാഴ്ചപ്പാടിലൂടെയല്ല. അതിന്റെ പോരായ്മകൾ ഇവിടെയുണ്ട്. ഡീറ്റെയിൽഡ് ആയ പഠനങ്ങൾ നമുക്കില്ല. ആനയെ ഒരു സ്പീഷിസ് എന്ന നിലയിൽ നമ്മൾ വളരെ കുറച്ചുമാത്രമാണ് മനസ്സിലാക്കിട്ടുള്ളത്. അത് പോരായ്മയാണ്. എന്നാൽ, മാധ്യമങ്ങളിലൊക്കെ ചർച്ച ചെയ്യുന്നതുപോലെ ആനയെ സംബന്ധിച്ച് നമ്മൾ മനസ്സിലാക്കിയ കാര്യങ്ങൾ ഇവിടെ എല്ലാവർക്കും അറിയാം.
ആദിവാസി സമൂഹത്തിന് ആനയെ കുറിച്ചുള്ള അറിവ് എത്രത്തോളമുണ്ട്. അവർ ആനയുമായി സഹവാസമുള്ള ആളുകളാണല്ലോ. അവരുടെ അറിവ് നമ്മൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ? അല്ലെങ്കിൽ അവരുടെ അറിവ് ഉപയോഗപ്പെടുത്താൻ പറ്റുന്നതാണോ? ശാസ്ത്രീയമാണോ?
എന്റെ പഠനത്തിൽനിന്ന് മനസ്സിലായ കാര്യം, നമ്മൾ ഒരിക്കലും കേൾക്കാൻ ശ്രമിക്കാത്തത് അവരുടെ ശബ്ദമാണ് എന്നാണ്. എന്റെ കൂടെ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആളുകൾ കാടിനോട് ചേർന്നുള്ള ഗ്രാമങ്ങളിൽ പോവുകയും അവരുമായി സംസാരിക്കുകയും ചെയ്യാറുണ്ട്. അതിൽനിന്ന് എനിക്ക് മനസ്സിലായ കാര്യം, വനംവകുപ്പിന്റെ സംരക്ഷണത്തിനുകീഴിൽ ഇവരാരും ഇല്ലെന്നതാണ്. വനം വകുപ്പിനെ കുറ്റപ്പെടുത്തുന്നതല്ല. സംരക്ഷണത്തിൽ ഈ സമൂഹമില്ല. ഗോത്ര സമൂഹത്തിന് കുറെ കാര്യങ്ങളറിയാം. ഒന്ന്, അവർക്ക് ആനയോടു ചേർന്ന് ജീവിക്കാനറിയാം. അതിനെ ഇഷ്ടപ്പെടാനും അറിയാം. അത് വലിയൊരു കാര്യമാണ്. അതിൽനിന്ന് നമുക്ക് പല കാര്യങ്ങളും പഠിക്കാനുണ്ട്. ചിലപ്പോൾ ആളുകളോട് സംസാരിക്കുമ്പോൾ അവർ പറയും, എന്റെ എല്ലാം ആന നശിപ്പിച്ചു, എങ്കിലും കുഴപ്പമില്ല, എനിക്ക് ആനയെ വലിയ ഇഷ്ടമാണ്. എന്നാൽ ചില ആളുകൾ പറയും, അതിനെ കൊന്നുകളയണമെന്ന്. ഇതൊരു കൾച്ചറൽ ഡിഫറൻസ് ആണ്.
കൊന്നുകളയുക എന്നത് ഒരു സ്‌കാൻഡിനേവിയൻ ഐഡിയ ആണ്. മറ്റേത് ഇന്ത്യൻ ഐഡിയ ആണ്. നമ്മൾ ഏത് സ്വീകരിക്കണം എന്നുള്ളതാണ് നമ്മുടെ തീരുമാനം. കോ എക്സിസ്റ്റൻസ് എന്നത് നമ്മൾ തീർച്ചയായും ആദിവാസി സമൂഹത്തിൽനിന്ന് പഠിക്കേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അവരും പൊതുസമൂഹത്തിന്റെ ഭാഗമാണ്. ആനയും നമ്മളെ പോലെ തന്നെ ഇവിടെ ജീവിക്കേണ്ട സ്പീഷിസാണെന്നും എല്ലാത്തിനെയും കൊന്നുതീർത്തിട്ട് മനുഷ്യനുമാത്രം ജീവിക്കാം എന്നും പറയുന്ന ആളുകളല്ല അവർ. എന്നാൽ അങ്ങനെ കുറെ ആളുകളുണ്ട്. അങ്ങനെ നോക്കുമ്പോൾ അവരുടെ അറിവ് വളരെ പ്രധാനപ്പെട്ടതാണ്.
ഉദാഹരണത്തിന്, വേനൽക്കാലത്ത് ആനയെ സർവ്വേ ചെയ്യുന്ന സമയത്ത് എന്റെ കൂടെ ചന്ദ്രൻ, രാജൻ, സുരേഷേട്ടൻ എന്നിവർ വരാറുണ്ട്. ഇവരൊക്കെ ആനയുമായി ബന്ധപ്പെട്ട് വലിയ അറിവുള്ളവരാണ്. ചന്ദ്രൻ തേൻ കുറുമ വിഭാഗത്തിൽപ്പെട്ട ആളാണ്. അദ്ദേഹം പണിയില്ലാത്ത സമയത്തൊക്കെ കാട്ടിലാണ്. എന്തിനാ ചന്ദ്രാ കാട്ടിൽ പോകുന്നത് എന്നു ചോദിച്ചാൽ വെറുതെ എന്നു പറയും. ചന്ദ്രന് കാട്ടിലിരിക്കാനാണ് ഇഷ്ടം. വേനൽക്കാലത്ത് സാധാരണയായി കാട്ടിലൂടെ നടന്നുപോകുമ്പോൾ ആന ചവിട്ടിയ പാടുകൾ കാണുകയില്ല. പ്രത്യേകിച്ച് ഒറ്റക്കാണ് ഒരു ആന പോയിട്ടുള്ളതെങ്കിൽ. അത് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. അപ്പോൾ ചന്ദ്രൻ പറയും, ഇതിലൂടെ ആന പോയിട്ടുണ്ട്, ദാ ഇപ്പൊ ഇങ്ങനെ പോയിട്ടേയുള്ളൂ എന്ന്. എങ്ങനെ നോക്കിയാലും നമുക്കത് മനസ്സിലാവില്ല. എങ്ങനെയാണ് എന്ന് പറഞ്ഞ് തരാൻ പറയും. നമുക്കത് മനസ്സിലാവില്ല. എന്നിട്ട് പാടുകൾ നോക്കി ആനയെ ഫോട്ടോ എടുക്കേണ്ടയിടത്ത് ഞങ്ങളെ എത്തിച്ചുതരും. അതായത് അവർ അത്രയധികം സൂക്ഷ്മമായി നിരീക്ഷണമുള്ളവരാണ്. പക്ഷേ ആ അറിവിനെ ലോകത്തിന് വേണ്ട. ഇപ്പോൾ ഒരാളുടെ തേൻ എടുക്കാനുള്ള അറിവിനെ ആർക്കും വേണ്ട. ഏത് കാട്ടുകിഴങ്ങ് കഴിക്കാം എന്ന ഒരാളുടെ അറിവിനെ ആര് അംഗീകരിക്കും. നമ്മുടെ സമൂഹത്തിന് ഇതൊന്നും ആവശ്യമില്ല.
ആന ആരും പറയാനില്ലാത്ത ഒരാളാണ്. പ്രശ്‌നമുണ്ടായാൽ ഉടനെ പറയുന്നത് അതിനെ കൊന്നുകളഞ്ഞേക്കാനാണ്. അത് ശരിയല്ല.
ഇപ്പോൾ ഈ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചായത്തുതലത്തിൽ ജനജാഗ്രതാ സമിതികളുണ്ടാക്കിയിട്ടുണ്ടല്ലോ. അതിൽ ഗോത്രവിഭാഗത്തിൻ്റെ പങ്കാളിത്തമുണ്ടോ?
അതെനിക്കറിയില്ല, ഇല്ലാതിരിക്കാനാണ് സാധ്യത. മറ്റൊരു കാര്യം പറയാം. വയനാട്ടിലെ ആളുകൾ മരിക്കുമ്പോൾ വലിയ സമരങ്ങൾ ഉണ്ടായിരുന്നല്ലോ, പുൽപ്പള്ളിയിലും മാനന്തവാടിയിലുമെല്ലാം. അതെല്ലാം നല്ലതാണ്. ആളുകൾക്ക് സമൂഹത്തിൽ ജനാധിപത്യപരമായി ഇടപെടാനുള്ള സാഹചര്യങ്ങൾ ഉണ്ടാവണം. പക്ഷേ ഏറ്റവും ശക്തരായവർ മാത്രമേ അത് ചെയ്യുന്നുള്ളൂ.
ഉദാഹരണത്തിന് വലിയ സമരങ്ങൾ സംഘടിപ്പിക്കുക, ഒപ്പം സ്റ്റേറ്റിനെ സ്വാധീനിക്കുക, മരിച്ചതിന് നഷ്ടപരിഹാരം നേടുക തുടങ്ങിയ കാര്യങ്ങൾ. നേരത്തെ പറഞ്ഞ ചന്ദ്രന്റെയും സുരേഷേട്ടന്റെയും വീടിനടുത്ത് ചെറിയ സോമൻ എന്ന ആദിവാസി വിഭാഗത്തിൽ പെട്ട ഒരാൾ മരിച്ചിട്ടുണ്ടായിരുന്നു. അത് പത്രത്തിൽ പോലും വന്നിട്ടില്ല. അതിനുമുമ്പ് തോൽപ്പെട്ടിയിൽ നെടും തണ എന്ന കോളനിയിൽ ഒരാൾ ആന ചവിട്ടി മരിച്ചിരുന്നു. അതും എവിടെയോ ചെറിയ ഒരു കോളം വാർത്തയായി മാത്രമേ വന്നുള്ളൂ. ശക്തരായ, വിലപേശൽ ശേഷിയുള്ള ആളുകൾക്ക് മാത്രമേ സംസാരിക്കാൻ ആളുണ്ടാവുന്നുള്ളൂ. ആദിവാസികളുടെ കാര്യം വരുമ്പോൾ ഒരു കോളം വാർത്തയായി മാറും. ആന ആരും പറയാനില്ലാത്ത ഒരാളാണ്. പ്രശ്‌നമുണ്ടായാൽ ഉടനെ പറയുന്നത് അതിനെ കൊന്നുകളഞ്ഞേക്കാനാണ്. അത് ശരിയല്ല. ഞാൻ വരെ നീതി, അതിനു ശേഷം നീതിയില്ല എന്ന് പറയുന്ന ആശയമുണ്ടല്ലോ അത് ശരിയല്ല. പ്രശ്നങ്ങളുണ്ടെങ്കിൽ തീർച്ചയായും പരിഹരിക്കണം.
എന്തൊക്കെ കോൺഫ്ലിക്റ്റുകൾ മൂലമാണ് ഇന്നു കാണുന്ന തരത്തിൽ, കാടും മനുഷ്യനും തമ്മിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടത്?
ഇന്നത്തെ കോൺഫ്ലിക്റ്റിന് കാടിനകത്ത് ചില കാരണങ്ങളുണ്ട്. വയനാട്ടിലെ കാടുകൾ ദീർഘകാലമായി വളരെ മോശം അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതിന് ഒന്നാമത്തെ കാരണം; അധിനിവേശ സസ്യങ്ങളുടെ വ്യാപനമാണ്. സെന്ന എന്ന സ്പീഷീസ് 1980-കളുടെ തുടക്കത്തിലാണ് വയനാട്ടിലെ കാടുകളിൽ കൊണ്ടുവന്നത്. ഏതാണ്ട് ഒരു വർഷം മുൻപ് 34% സ്ഥലത്തു മാത്രമായിരുന്നു അതുണ്ടായിരുന്നത്. എന്നാൽ, നിലവിൽ അത് 50 ശതമാനത്തോളം വ്യാപിച്ചിട്ടുണ്ട്. [സെന്ന എന്ന അധിനിവേശ മരങ്ങളെക്കുറിച്ച് ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച വീഡിയോ സ്റ്റോറി കാണാം] വളരെ വേഗം കാടുകളിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ വരുമ്പോൾ കാടിനകത്ത് വിഭവങ്ങൾ, ഭക്ഷണം ഇല്ലാതെയാകുന്നുണ്ട്. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് ഭക്ഷണം ഇല്ലാതെയാകുന്നുണ്ട്. കിഴങ്ങ് വർഗങ്ങൾ ഇല്ലാതാവുന്നുണ്ട് തടിയല്ലാത്ത മറ്റു വനവിഭവങ്ങളും ഇല്ലാതാവുന്നുണ്ട്.
രണ്ടാമത്തെ കാരണം; അരിപ്പൂ അല്ലെങ്കിൽ കൊങ്ങിണി എന്നു പറയുന്നത് മറ്റൊരു അധിനിവേശ സസ്യമാണ്. അതും വല്ലാത്ത രീതിയിൽ വയനാടൻ കാടുകളിൽ വ്യാപിച്ചിട്ടുണ്ട്. കാടിന്റെ ക്യാരിയിങ് കപ്പാസിറ്റിയെ, അങ്ങനെ വിശേഷിപ്പിക്കാമോ എന്നറിയില്ല, ഇത്തരം സസ്യങ്ങൾ വല്ലാത്ത രീതിയിൽ കുറച്ചിട്ടുണ്ട്. വന്യജീവികളെ സംബന്ധിച്ച് ഭക്ഷണലഭ്യത വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. അതിനോടൊപ്പം, ഹൈഡ്രോളജിയെയും ബാധിക്കുന്നു.
മറ്റൊന്ന് കാട്ടുതീയാണ്. വയനാട് എന്നാൽ കാടിന്റെ ബാക്കിയായ ഒരു തുരുത്താണ്. ഏറ്റവും കൂടുതൽ കാട്ടുതീ ഉണ്ടാകുന്ന സ്ഥലങ്ങളിലൊന്ന് വയനാട് ജില്ലയിലാണ്. ഇല പൊഴിയുന്ന കാടുകൾ മുതൽ പുൽമേടുകളും ചോലക്കാടുകളും നിത്യഹരിത വനങ്ങൾ വരെയും കത്താറുണ്ട്. അത് കാടിനെ വല്ലാത്ത രീതിയിൽ കുറയ്ക്കും. വനം ഇല്ലാതാകുന്ന സമയത്ത്, സ്വഭാവികമായും അവിടേക്ക് സെന്നയെപ്പോലുള്ള അധിനിവേശ സസ്യങ്ങൾ കയറിവരും.
2014 മാർച്ചിൽ തിരുനൽവേലിയിലേക്ക് പോകുന്ന വഴിയിൽ വലിയൊരു കാട്ടുതീ ഉണ്ടായി. കേരളം മുഴുവൻ അത് ചർച്ചയായി. മാനന്തവാടിയിൽ നിന്ന് വണ്ടി വിളിച്ച് നിരവധി പേർ അത് കാണാൻ വന്നിരുന്നു. അതൊരു ടൂറിസമായി മാറി. അതല്ലാതെ ഒരു പൊതുബോധമായി ഇത് വികസിക്കുന്നില്ല. കാട് വളരെ പ്രധാനപ്പെട്ടതാണെന്നും തീ കെടുത്താൻ ശ്രമിക്കുന്ന വനം വകുപ്പു ജീവനക്കാരുടെ കൂടെ ചേർന്ന് തീ കെടുത്താൻ ശ്രമിക്കണമെന്നുമുള്ള ഒരു ബോധം ഉണ്ടായി വരേണ്ടതുണ്ട്. എന്നാൽ, അതല്ല ഇപ്പോൾ സംഭവിക്കുന്നത്.
1980- കളിലും 90-കളിലും സതീഷ് ചന്ദ്രനെ പോലെയുള്ളവർ ഒരു പാരിസ്ഥിതിക ബോധം വളർത്തിയെടുത്തിരുന്നു. നമ്മുടെ തലമുറയിൽ അങ്ങനെയൊന്നുണ്ടായിരുന്നു. എന്നാൽ അടുത്തകാലത്ത് അത് വെറും കാൽപനികമാണെന്നും അത് കവിതയാണെന്നുമുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. എവിടെയോ ആരൊക്കെയോ എഴുതുന്ന കവിതകൾ വെച്ച്, കാൽപനിക പരിസ്ഥിതി ബോധമാണ് കൃഷിയേയും മനുഷ്യരേയും നശിപ്പിച്ചതെന്ന കൃത്രിമമായ പൊതുബോധം ഉണ്ടാക്കാനുള്ള ശ്രമം വ്യാപകമാണ്. സാഹിത്യത്തിലൂടെയും രാഷ്ട്രീയമായും ശാസ്ത്ര സാഹിത്യ പരിഷത്തുൾപ്പെടെയുള്ള സംഘടനകളിലൂടെയും പാരിസ്ഥിതിക ബോധം വളർത്താനുള്ള ശ്രമങ്ങൾ വർഷങ്ങളായി നടത്തിയിരുന്ന നാടാണ് കേരളം. രാഷ്ട്രീയ നേതൃത്വത്തിനും അങ്ങനെയൊരു അവബോധമുണ്ടായിരുന്നു. എന്നാൽ, ഇതിനെ മുഴുവൻ തകിടം മറിക്കുന്ന ഇടപെടലുകളാണ് ഇപ്പോൾ നടക്കുന്നത്. ഇല്ലാത്തൊരു കാൽപനികതയുണ്ടെന്നു വരുത്തി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പ്രശ്നത്തിന് ഇതാണ് കാരണമെന്ന ധാരണ സൃഷ്ടിച്ചെടുക്കുന്നു. അതൊട്ടും ശാസ്ത്രീയമല്ല എന്നാണ് തോന്നുന്നത്. അങ്ങനെ നിരീക്ഷിച്ചിട്ടുണ്ടോ?
വയനാടിൻ്റെ സാഹചര്യത്തിൽ നോക്കുകയാണെങ്കിൽ വയനാട്ടിലെ കാട് നിലനിന്നാൽ മാത്രമേ അവിടെ കൃഷി നിലനിൽക്കൂ എന്നു പറയുന്നവരാണ് ആ തലമുറയിലുണ്ടായിരുന്നവർ. വയനാട്ടിലെ കിഴക്കൻ ചെരുവിലെ കാടുകൾ വരണ്ടുപോയാൽ കിഴക്കുള്ള മൈസൂർ പീഠഭൂമിയുടെ വരണ്ട കാലാവസ്ഥ വയനാട്ടിലേക്ക് കടന്നുവരും എന്നു പറഞ്ഞിരുന്നതും ഇവരാണ്. അതുതന്നെയാണ് വയനാട്ടിൽ ഇപ്പോൾ സംഭവിക്കുന്നത്. എന്റെ വായനയിൽ മനസ്സിലാക്കിയിരിക്കുന്നത്, ആ ക്ലാസിൽ പെട്ടവർ പറയുന്നതാണ് സയൻസ്, യഥാർത്ഥത്തിലുള്ള ശാസ്ത്രം എന്നാണ്. വയനാട്ടിൽ അവർ പ്രവചിച്ച കാര്യമാണ് നടക്കുന്നത്. വയനാട്ടിലെ കൃഷി എന്നു പറയുന്നത് അവിടുത്തെ കാടിന്റെ ബഫറിങ് എഫക്റ്റിൽ നിന്ന് വരുന്നതാണ്. ആദ്യഘട്ടത്തിൽ നഷ്ടപ്പെട്ടിട്ടുള്ളത് അവിടുത്തെ കൊടിയാണ്, അതായത് കുരുമുളക്. ഇപ്പോൾ കൂടുതൽ വരൾച്ചയാണ്.
ഞാൻ കോഴിക്കോട്ടേക്ക് വരുമ്പോൾ ശ്രദ്ധിച്ച ഒരു കാര്യം, വയനാട്ടിൽ കോഴിക്കോട്ടേക്കാൾ ചൂട് കൂടുതലാണ് എന്നാണ്. ഒരു ഘട്ടത്തിൽ നമുക്ക് കവുങ്ങുകൾ നഷ്ടമായി. ചതുപ്പുനിലങ്ങളിലെ കവുങ്ങുകൾ ഇല്ലാതെയായി. ഇനി കാലാവസ്ഥയുടെ പോക്ക് ഇങ്ങനെയാണെങ്കിൽ, സംഭവിക്കാൻ പോകുന്നത് കാപ്പിയുടെ നാശമാണ്. ശരിക്കും നാട് കേൾക്കേണ്ട ശാസ്ത്രകാരന്മാർ ആരാണ്? സതീഷ് ചന്ദ്രനാണോ ഗാഡ്ഗിലാണോ എന്നതാണ് ചോദ്യം. ആളുകൾ കേൾക്കാൻ വേണ്ടി മുമ്പിൽ പോയി നിന്ന് പറയുന്ന ആളായിരിക്കണം എന്നില്ല. അവരെ സംസ്ഥാനം അംഗീകരിക്കുന്നുണ്ടോ എന്നൊരു ചോദ്യവുമുണ്ട്. സംസ്ഥാനത്തിന് വേണ്ടത് പറയുന്ന ശാസ്ത്രജ്ഞന്മാരെ മാത്രം നമുക്ക് മതിയല്ലോ. അല്ലാത്തവരെ നമുക്ക് വേണ്ടല്ലോ. എൻ്റെ വ്യക്തിപരമായ കാഴ്ചപ്പാട്, സ്റ്റേറ്റാണെങ്കിലും യുവാക്കളാണെങ്കിലും തിരിച്ചറിയേണ്ട ഒരു കാര്യം, ആരാണ് ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള സത്യം പറയുന്നത് എന്ന് മനസ്സിലാക്കി അവരെ കേൾക്കണം. അവർ പറയുന്നത് എന്താണെന്ന് മനസ്സിലാക്കി മൂല്യമുള്ള കാര്യമാണെങ്കിൽ അത് നടപ്പിലാക്കണം. അല്ലെങ്കിൽ നമുക്ക് മുന്നേറാനാകില്ല, അങ്ങനെയേ പറ്റൂ. നിന്നുപോകും. പ്രത്യേകിച്ച് കേരളം പോലൊരു സ്ഥലത്ത്.
വയനാട്ടിൽ മുമ്പ് ഒഴുകിക്കൊണ്ടിരുന്ന പല നീർച്ചാലുകളും ഇന്ന് ഒഴുകുന്നില്ല. ഇതൊക്കെ 1970 കളിൽ നടത്തിയ പഠനങ്ങളിൽ അവർ പ്രവചിക്കുന്നുണ്ട്. ഇതൊക്കെ എഴുതിവെച്ച കാര്യങ്ങളാണ്. അവർ പറയുന്ന മറ്റൊരു കാര്യം, പശ്ചിമഘട്ടത്തിൽ സംഭവിക്കുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലിനെയും കുറിച്ചാണ്. നമ്മൾ ഒരു ട്രോപ്പിക്കൽ മരുവത്കരണത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്നൊരു മുന്നറിയിപ്പ് തരുന്നുണ്ട്. അതിനെ അവഗണിച്ചു മുന്നോട്ട് പോയിട്ട് കാര്യമില്ല.
അവർ പറയുന്നത്, കാട്ടിൽ നിന്ന് പുറത്തേക്കുവരുന്ന ജീവികൾ നമ്മളോട് എന്തോ പറയുന്നുണ്ട് എന്ന്. മറ്റൊരു ശാസ്ത്രകാരൻ പറയുന്നു, കാടിറങ്ങി വരുന്ന ജീവികളെയൊക്കെ വെടിവെച്ച് കൊല്ലണമെന്ന്. ഇതിൽ ഏതാണ് തെരഞ്ഞെടുക്കേണ്ടത് എന്നത് നമുക്ക് തീരുമാനിക്കാം. ഞാൻ വിചാരിക്കുന്നു, കാട്ടിൽ നിന്ന് പുറത്തിറങ്ങുന്ന ജീവജാലങ്ങൾ നമ്മളോട് എന്തോ പറയുന്നുണ്ട്. അത് മനുഷ്യൻ കേൾക്കണം. നമ്മൾ എല്ലാവരും ഒരേ സമൂഹത്തിന്റെ ഭാഗമാണ്. അതൊക്കെ മനസ്സിലാക്കി മുന്നോട്ടുപോയാൽ ദീർഘകാലം എല്ലാവർക്കും മുമ്പോട്ടു പോകാൻ കഴിയും.
കാട്ടിൽനിന്ന് പുറത്തിറങ്ങുന്ന ജീവികളെ വെടിവെച്ചുകൊല്ലണം എന്ന വാദമുണ്ട്. കേന്ദ്രം അനുവദിക്കാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത് എന്ന് ഇപ്പോൾ പറയുന്നു. ആര് കൊല്ലണമെന്ന കാര്യത്തിൽ മാത്രമാണ് തർക്കം. കൊല്ലാൻ തർക്കമില്ല. ആനയുടെ അടക്കം എണ്ണം കൂടുകയാണ്. ഒപ്പം, പന്നി അടക്കമുള്ള മൃഗങ്ങളുടെയും എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. അത് മനുഷ്യരുടെ അതിരുകളിലെ ജീവിതത്തെയും കൃഷിയെയും വ്യാപകമായി ബാധിക്കുന്ന സമയത്ത് അവയെ കൊന്നുകളയുക എന്നതു തന്നെയല്ലേ ഒരു പരിഹാരം? അതല്ലാത്ത ഒരു പരിഹാരത്തിലേക്ക് നമുക്ക് പോകാൻ സാധിക്കുമോ?
കൊല്ലുക, അതിലൂടെ പ്രശ്നം പരിഹരിക്കുക എന്നു പറയുന്നത് ആത്യന്തികമായി തെറ്റാണെന്നാണ് ഞാൻ പറയുക. അങ്ങനെ പലതിനെയും കൊന്നൊടുക്കി പ്രശ്നം പരിഹരിക്കാൻ മനുഷ്യർ ശ്രമിച്ചിട്ടുണ്ട്. നാസികളും അങ്ങനെയായിരുന്നു. അത്തരത്തിൽ പല ഉദാഹരണങ്ങളുണ്ട്. ജീവികളെയാകട്ടെ, മനുഷ്യരെയാകട്ടെ, കൊന്നൊടുക്കിയുള്ള പരിഹാരങ്ങൾ ഒരിക്കലും വിജയിച്ചിട്ടില്ല, അതാണ് ചരിത്രം. വയനാടിൻ്റെ സാഹചര്യത്തിൽ ഇപ്പോൾ സംഭവിക്കുന്നത്, മനുഷ്യനും അവിടുത്തെ കർഷകരും വന്യജീവികളും തമ്മിലുള്ള പ്രശ്നമാണ് അവിടത്തെ ഏറ്റവും വലിയ പ്രശ്നം എന്ന് പറഞ്ഞ് വഴിതെറ്റിക്കുകയാണ് ചെയ്യുന്നത്. അതുമാത്രമല്ല പ്രശ്നം. കർഷകരും വന്യജീവിയും തമ്മിൽ പ്രശ്നങ്ങളുണ്ട്, അതിനെ നമുക്ക് അഡ്രസ്സ് ചെയ്തേ പറ്റൂ. അതിന് മറ്റു പരിഹാരങ്ങളുണ്ട്. ഈ പ്രശ്നത്തിന്റെ സാഹചര്യത്തിൽ ഇവർ പറയുന്നത്, കർഷകരും വന്യജീവികളും തമ്മിലുള്ള പ്രശ്നമാണ് അവിടുത്തെ ഏറ്റവും വലിയ പ്രശ്നം എന്നാണ്. ഇത്തരം വാദം ഉന്നയിച്ചശേഷം, ആ പ്രശ്നത്തെ അഡ്രസ്സ് ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ, അതില്ല.
പക്ഷേ, അതോടൊപ്പം, കാലാവസ്ഥാ മാറ്റം മൂലം കുരുമുളക് നശിച്ചുപോകുന്നുണ്ട്. അവർ ഉണ്ടാക്കുന്ന വിളകൾക്ക് വിലയില്ല, അത് സ്വീകരിക്കാൻ ആളില്ല. അത്തരം പ്രശ്നങ്ങളുണ്ട്. മണ്ണിന്റെ ഫലഭൂയിഷ്ഠത കുറഞ്ഞുവരുന്നുണ്ട്. അത്തരം പലതരം പ്രശ്നങ്ങൾ കർഷകർ നേരിടുന്നുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ അവർക്ക് സ്ഥിരം ജോലിയുണ്ടാകും. എന്നാൽ കർഷകർ സ്ഥിര വരുമാനമോ ജോലിയോ ഇല്ലാത്തവരാണ്. അതുപോലെ, ഏതോ സാഹചര്യത്തിൽ കാടിന്റെ അതിരിൽ ജീവിക്കുക എന്നതിൻ്റേയും വനസംരക്ഷണത്തിൻ്റേയും ബാധ്യത തലയിലെടുത്തുവെച്ചവർ കൂടിയാണ്. വന സംരക്ഷണം ലോകത്ത് എല്ലാവരുടേയും ചുതലയാണ്. പക്ഷേ അതിന്റെ ബാധ്യത അവർ മാത്രമാണ് ചുമക്കുന്നത്, കാടിന്റെ അരികിൽ ജീവിക്കുന്നു എന്നതുകൊണ്ട്. അതും ശരിയല്ല. അതിനകത്ത് സാമൂഹികമായ ഒരു ഇരട്ടത്താപ്പുണ്ട്. ഇത് വേറൊരു തരത്തിൽ അഡ്രസ്സ് ചെയ്യേണ്ടതുണ്ട്.
നെല്ല് കൃഷി ചെയ്യുന്ന സമയത്താണ് വന്യജീവികൾ കൂടുതൽ പ്രശ്നമുണ്ടാക്കുന്നത്. പിന്നെ ചക്ക സീസണിൽ. ആ സമയങ്ങളിൽ കാടോരങ്ങളിൽ ജീവിക്കുന്നവർക്ക് ആനയെ ഓടിക്കുന്നത് ഒരു തൊഴിലായി നൽകാം.
ഒരു ഉദാഹരണം പറയാം. വനം വകുപ്പ് കുറച്ചുകൂടി ജനകീയമാവാം, അതിലൂടെ കുറെ ആളുകൾക്ക് ഗുണമുണ്ടാകും. കേരളത്തിലെ ആളുകൾ ഏറ്റവും ബഹുമാനിക്കേണ്ടത് വനംവകുപ്പിനെയാണെന്നാണ് ഞാൻ കരുതുന്നത്. അവരുടെ ജോലി സാഹചര്യങ്ങളാകട്ടെ, അവർ ചെയ്യുന്ന തൊഴിലാകട്ടെ, കാടിനെയും വന്യജീവികളെയും നിലനിർത്തുന്ന ഒന്നാണ്. അതിനെ കുറച്ചുകൂടി ജനകീയമാക്കാം. ഒരു കൊളോണിയൽ ഘടനയിലാണല്ലോ ഈ സംവിധാനം ആരംഭിച്ചത്. അതിനുശേഷം, ഇപ്പോഴാണെങ്കിലും സാധാരണക്കാർക്ക് ഇടപെടാൻ എത്ര അവസരമുണ്ടെന്ന് നമുക്കറിയില്ല. നഷ്ടപരിഹാരം നൽകുന്നതിൽ മാത്രം ഒതുങ്ങിനിൽക്കരുത് എന്നാണ് ഞാൻ പറയുന്നത്. കാടിനോട് ചേർന്ന് ജീവിക്കുന്നവർക്ക് ദൈനം ദിനജീവിതസാഹചര്യമൊരുക്കാൻ നമുക്ക് സാധിക്കും. ആനകൾ നാട്ടിലിറങ്ങുന്ന സമയത്ത് അതിനെ ഓടിക്കാനുള്ള ഉത്തരവാദിത്വം ആളുകൾക്ക് തൊഴിലായി നൽകാം. എ.ടി.എമ്മിൽ കാവലിരിക്കുന്നവരുണ്ട്. അവർ തൊഴിലെടുക്കുന്നു, അതിൽനിന്ന് അവർക്ക് പൈസ കിട്ടുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അതുപോലെ.
നെല്ല് കൃഷി ചെയ്യുന്ന സമയത്താണ് വന്യജീവികൾ കൂടുതൽ പ്രശ്നമുണ്ടാക്കുന്നത്. പിന്നെ ചക്ക സീസണിൽ. ആ സമയങ്ങളിൽ കാടോരങ്ങളിൽ ജീവിക്കുന്നവർക്ക് ആനയെ ഓടിക്കുന്നത് ഒരു തൊഴിലായി നൽകാം. മൃഗങ്ങളെ ഓടിക്കാനും മറ്റും നന്നായി അറിയാവുന്ന ആളുകൾ അവിടെയുണ്ട്. ഇങ്ങനെ വരുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടും, അവർക്ക് സന്തോഷമാവും. ഒരു തൊഴിലും ലഭിക്കും. അതിനോടൊപ്പം, കാട് പൊതുവാണ് എന്ന ബോധ്യം ആളുകൾക്കുണ്ടാകും. നിലവിലെ ചിന്ത അതല്ല. കാട് വനം വകുപ്പിന്റേതാണ്, വനത്തിലുള്ള ആന എന്റെ നാട്ടിലിറങ്ങരുത് എന്നൊരു ബോധ്യമാണുള്ളത്. അത് മാറേണ്ടതുണ്ട്. വന സംരക്ഷണത്തിനുള്ള പണം എങ്ങനെ വിനിയോഗിക്കപ്പെടുന്നു, ആരിലേക്ക് എത്തുന്നു, അത് സാധാരണക്കാരിലേക്ക് എത്തുന്നുണ്ടോ എന്ന ചോദ്യമാണ് ഈയൊരു കോൺടെക്‌സ്റ്റിൽ ഉയരുന്നത്. പ്രൊജക്റ്റ് എലിഫെൻ്റ് നമുക്കുണ്ട്. നാഷണൽ ടൈഗർ കൺസർവേഷൻഅഥോറിറ്റി ഉണ്ട്. ഇവരൊക്കെ പണം ഉപയോഗിക്കുന്നുണ്ട്. ആ പണം ആര് എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതാണ് ചോദ്യം.
ഞാൻ കാടുകളിലൂടെ നടക്കുന്ന സമയത്ത്, രണ്ടു വർഷം മുമ്പ് കെട്ടിയ, ആന ഇടിച്ചുപൊളിച്ച മതിലുകൾ അവരെന്നെ കാണിച്ചുതരാറുണ്ട്. ഈ മതിലിനു വേണ്ട കല്ല് കൊണ്ടുവരുന്നതും. പശ്ചിമഘട്ടത്തിൽ നിന്നാണ്. അതിൽ സിമന്റ് കൃത്യമായി ചേർത്തിട്ടുണ്ടാകില്ല. കൃത്യമായി മെയിൻ്റൈൻ ചെയ്തിട്ടുണ്ടാവില്ല. ഇത്തരം സംരക്ഷണപ്രവർത്തനങ്ങളുടെ മാനേജ്മെന്റിൽ നാട്ടുകാരുടെയും ചുറ്റുവട്ടത്തുള്ളവരുടെയുമൊക്കെ ഇടപെടലുണ്ടെങ്കിൽ അത് കുറെക്കൂടി മികച്ചതാകുമായിരുന്നു. അതിനുവേണ്ടി എത്ര പണം ചെലവാക്കുന്നു, അത് എങ്ങനെ വിനിയോഗിക്കാം, അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ അവർക്ക് അഭിപ്രായം പറയാനും ഇടപെടാനുള്ള സാധ്യതകൾ. അപ്പോൾ ആ നിർമാണപ്രവർത്തനം കുറച്ചുകൂടി മികച്ചതാവും.
സുതാര്യത വേണം.
അതെ. ഒരു സോഷ്യൽ ഓഡിറ്റിംഗ് നടക്കണം. വനംവകുപ്പ് എന്നതിനപ്പുറത്തേക്ക് പഞ്ചായത്തുകളിലൂടെയും ഗ്രാമസഭകളിലൂടെയും അത് നടപ്പാക്കണം, അതിൽ അഴിമതി ഒഴിവാക്കണം. കാടിനകത്തുള്ള മാനേജ്മെന്റിലും കാടിനരിക താമസിക്കുന്ന ആളുകളുമായി ബന്ധപ്പെട്ട മാനേജ്മെന്റിലും അവിടെ താമസിക്കുന്നവരെ കൂടി ഉൾപ്പെടുത്തണം, പ്രത്യേകിച്ച് വയനാട് പോലൊരു സ്ഥലത്ത്. ഇല്ലെങ്കിൽ അത് കാര്യക്ഷമമായി നടക്കില്ല.
പലപ്പോഴും കാടുകളിൽ സ്ഥാപിക്കുന്ന പല കാര്യങ്ങളുടെയും മെയിന്റനൻസ് കൃത്യമായി ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു പ്രശ്നം. അധിനിവേശസസ്യങ്ങളുടെ വ്യാപനം മൂലം കാട് ഏറെ നശിച്ചുപോയിട്ടുണ്ട്. ഇത്തരം സസ്യങ്ങളെ മാനേജുചെയ്യാനും കാടിന്റെ പുനഃസ്ഥാപനത്തിനും ഈ പണത്തിന്റെ വിനിയോഗത്തിൽ സാധാരണക്കാർക്കുകൂടി പങ്കാളിത്തമുണ്ടെങ്കിൽ അതിലൂടെ ഇത്തരം പദ്ധതികളുടെയും കാടിന്റെയും ഗുണനിലവാരം വർദ്ധിപ്പിക്കാനാകും, ഒപ്പം കാട് നമ്മുടെ എല്ലാവരുടെയുമാണെന്ന ബോധ്യം ആളുകളിലുണ്ടാക്കാനും കഴിയും. അത്തരത്തിൽ മനുഷ്യനെയും കാടിനെയും ചേർത്തുനിർത്തിക്കൊണ്ടുപോകാൻ ഇതാവശ്യമാണ്. പ്രത്യേകിച്ച് വയനാട് പോലുള്ള ഒരു സ്ഥലത്ത്. കാരണം ഇവിടെ നാടും കാടും എല്ലാം ഇടകലർന്നാണുള്ളത്. അതുകൊണ്ട് അത് വളരെ പ്രധാനപ്പെട്ടതാണ്.
ചൂഷണത്തിനിരയാവുന്നത് ആദിവാസിയും കാടും തന്നെയാണ് വീണ്ടും. ഭക്ഷണത്തിലെ ലഭ്യതയും പ്രശ്നമാണ്, സംഘർഷങ്ങളും ഉണ്ടാവും. ഒപ്പം രോഗങ്ങളും പടരും.
നിറയെ കന്നുകാലികളുണ്ടായിരുന്ന സ്ഥലമാണ് വയനാട്. അവ കാടിനകത്ത് മേയുകയൊക്കെ ചെയ്തിരുന്നു. പാലിനും വളത്തിനും ഉഴുതാനും വേണ്ടിയാണ് അന്നത് ഉപയോഗിച്ചിരുന്നത്. പിന്നീട് ഈ അടുത്ത കാലത്ത്, ബീഫ് എന്ന ഐഡിയ വരാൻ തുടങ്ങി. ടൗണിലുള്ള, കൂടുതൽ പൈസയുള്ള ആളുകൾ കാടിനോട് ചേർന്ന് ജീവിക്കുന്ന മനുഷ്യർക്ക് പോത്തുകുട്ടികളെ വാങ്ങിച്ചു കൊടുക്കും. കാട്ടിൽ മേയും. ഇവരൊക്കെ ആദിവാസികളുടെ ഉന്നമനം എന്ന് പറഞ്ഞാണ് ചെയ്യുന്നത്. പക്ഷേ സംഭവിക്കുന്നതെന്താണ് എന്ന് വെച്ചാൽ, ചൂഷണത്തിനിരയാവുന്നത് ആദിവാസിയും കാടും തന്നെയാണ് വീണ്ടും. ഭക്ഷണത്തിലെ ലഭ്യതയും പ്രശ്നമാണ്, സംഘർഷങ്ങളും ഉണ്ടാവും. ഒപ്പം രോഗങ്ങളും പടരും. നാട്ടിൽ നിന്ന് കാട്ടിലേക്ക് രോഗങ്ങളെത്തുന്നുണ്ട്. അതും അഡ്രസ്സ് ചെയ്യണം. കൃഷിക്കാർ കന്നുകാലികളെ കാടിനകത്ത് മേയ്ക്കരുത് എന്നല്ല പറയുന്നത്. തീർച്ചയായും വേണം. അതവരുടെ അവകാശമാണ്. കുറേക്കാലമായി അവിടെ ജീവിക്കുന്ന മനുഷ്യരാണ്. പക്ഷേ അതിൻ്റെ ലക്ഷ്യം ചൂഷണമാവരുത്. കാടിനേയും ആദിവാസിയേയും ചൂഷണം ചെയ്യുന്നതാവരുത്. കൃഷിയും ഉപജീവനവുമായി നിലനിൽക്കണം. എന്നാൽ മറ്റ് നിയന്ത്രണങ്ങൾ കൊണ്ടുവരണം. അത് കർഷകരെ നിയന്ത്രിക്കലാവരുത്.
അതുകൊണ്ടാണ് ഒരു തരത്തിലുള്ള എതിർപ്പുണ്ടാവുന്നത്. വയനാടിനെ ടൈഗർ റിസർവ്വ് ആക്കണമെന്ന് പറയുമ്പോൾ ആളുകൾ എതിർക്കുന്നതിൻ്റെ ഒരു കാരണം അതാണ്. ഇത്തരം നിയന്ത്രണം ഉണ്ടാവും എന്ന ഭയമാണ്. അത് ഒരു തരത്തിൽ ശരിയുമാണ് എന്ന് കരുതുന്നു. ടൈഗർ റിസർവ്വ് ആക്കുമ്പോൾ ഉണ്ടാകുന്ന നിയന്ത്രണങ്ങൾ ആശ്രയിച്ച് ജീവിക്കുന്നവർക്ക് വലുതായിരിക്കാം. ചിലയിടങ്ങളിൽ ആനയാണെങ്കിലും കടുവയാണെങ്കിലും സംഘർഷങ്ങൾ കൂടുതലുള്ള സ്ഥലങ്ങളുണ്ട്. ഫംഗ്ഷണൽ കോറിഡോറിസുകൾ. ഇതിലൂടെ വന്യമൃഗങ്ങൾ തുടർച്ചയായി കടന്നു പോകാറുണ്ട്. അതൊരു സ്റ്റേറ്റ് തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിൽ, അവിടുത്തെ ആളുകളും തീരുമാനിക്കുകയാണ് നമുക്ക് അവിടെ ജീവിക്കുക ബുദ്ധിമുട്ടാണ് എന്ന്. അത്തരം സാഹചര്യങ്ങളിൽ ഇവിടെ നിന്നു പോകാൻ സാമൂഹ്യമായ വലിയ പ്രതിസന്ധികൾ ഇല്ല അതുകൊണ്ടുതന്നെ ഗവൺമെന്റ് പറയുന്ന സ്ഥലത്ത് ജീവിക്കാൻ തയ്യാറാണെങ്കിൽ അവർക്ക് പോകാം. അത് കുഴപ്പമില്ല എന്നാൽ അവരെ നിർബന്ധിച്ച് അവിടെ നിന്നും മാറ്റി പറപ്പിക്കുക എന്നത് ശരിയല്ല.
പ്രശ്നം വലിയ തോതിൽ വർദ്ധിച്ചിരിക്കുന്ന സമയമാണെന്ന് കരുതുക. ഒട്ടും ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അതൊരു അവസരമായി എടുത്തു കൊണ്ട് കുറച്ചു പൈസ അവർക്ക് നൽകി പുറത്താക്കുന്ന ഒരു രീതി ശരിയല്ല. ഇപ്പോൾ കാടിനകത്ത് ഒരു ഗ്രാമത്തിനകത്ത് ആളുകൾ ജീവിക്കുന്നുണ്ടെങ്കിൽ ആ സ്ഥലത്തിന്റെ മൂല്യം എന്നു പറയുന്നത് വലുതാണ്. നമുക്ക് വിലമതിക്കാൻ കഴിയാത്തതാണ്. അതുകൊണ്ട് അതിനനുസരിച്ച നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. അതിനുശേഷം മാത്രം വേണം അവരെ മാറ്റി താമസിപ്പിക്കാൻ. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ പല സമയങ്ങളിലും നടക്കുന്നത് അതല്ല.
വേറൊരു കാര്യം, കാടിനകത്ത് ജീവിക്കുന്ന ആളുകൾ പുറത്തുപോകേണ്ട എന്നാണ് തീരുമാനിക്കുന്നത് എങ്കിൽ അവരെ ക്യാൻവാസ് ചെയ്യേണ്ടതില്ല. അവര് കാടിനോട് ചേർന്ന് ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അവരെ അവിടെത്തന്നെ ജീവിക്കാൻ വിടണം എന്നുള്ളതാണ്. കൺസർവേഷൻ എന്നുപറഞ്ഞ് കാടിനകത്ത് നിന്നും എല്ലാവരെയും പുറത്തുകൊണ്ടുവരേണ്ടതില്ല. അവിടെ ഒരു ആദിവാസി കോളനി ഉള്ളതുകൊണ്ട് അവിടെ കടുവയോ ആനയോ കുറഞ്ഞുപോകില്ല.
അതിനകത്തെ വൈരുദ്ധ്യത്തെപ്പറ്റി ചർച്ചകളുണ്ടാവാറുണ്ട്. ഈ ഗോത്ര സമൂഹം എല്ലാ കാലത്തും കാടിനകത്ത് തന്നെ ജീവിക്കേണ്ടവരാണ്. അതാണ് അവർ ആഗ്രഹിക്കുന്നുവെന്നും അവരുടെ സംസ്‌കാരമെന്നും അവർ തലമുറകളായി പിന്തുടരുന്ന രീതിയാണ് അതെന്നും പറയും. അപ്പോഴും എല്ലാക്കാലത്തും അത്ര കണ്ട് എത്തിപ്പെടാൻ കഴിയാത്ത, സൗകര്യങ്ങൾ ഇല്ലാത്ത ഒരു സ്ഥലത്ത് ജീവിക്കുന്നത് വരും തലമുറകൾക്കുൾപ്പെടെ പ്രശ്‌നങ്ങൾക്ക് കാരണമാവുമെന്ന വാദവുമുണ്ട്. പുറംലോകത്ത് നടക്കുന്ന മാറ്റങ്ങളെ അവർക്ക് സ്വാംശീകരിക്കാൻ പറ്റാതിരിക്കുകയും പുതിയ തലമുറ വിദ്യാഭ്യാസമില്ലാതെ ഇരിക്കുകയും ചെയ്യുമെന്ന് പറയാറുണ്ട്. ഇത്തരത്തിലുള്ള സാംസ്കാരിക സംഘർഷങ്ങൾക്ക് അവരെ വിട്ടുകൊടുക്കുകയാണോ വേണ്ടത് മറിച്ച് അവരെയും മുഖ്യധാരയുടെ ഭാഗമാക്കി മാറ്റുന്നതിനുള്ള മാർഗങ്ങൾ ചെയ്യുകയാണോ വേണ്ടത്?
ഞാൻ മനസ്സിലാക്കിയതുവച്ച് കൂടുതൽ ജീവിത നിലവാരം ഉയർത്താനും സൗകര്യങ്ങൾ ഉറപ്പുവരുത്താനും ഒക്കെ ആഗ്രഹിക്കുന്ന ആളുകൾ അവിടെയുണ്ട്. എന്നാൽ ചില ആളുകൾ ഇതൊന്നും വേണ്ടാത്തവരാണ്. എക്‌സ്‌പോഷർ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് അവർ അതിൽ സന്തുഷ്ടരാണ്. വയനാട്ടിലെ കാടുകളിൽ നിന്നും കുടിയൊഴിപ്പിച്ച് പുറത്തേക്ക് വന്നിട്ടുള്ള പലയാളുകളോടും എല്ലാവരോടുമല്ല സംസാരിച്ചിട്ടുണ്ട്. അവർ അത്ര സന്തോഷത്തിൽ അല്ല. അത്തരക്കാർ നഗരത്തിനോട് ചേർന്ന് ജീവിച്ചു തുടങ്ങുമ്പോൾ അവർക്ക് സ്വത്വബോധ പ്രശ്നം ഉണ്ടാകുന്നുണ്ട്.
മാത്രമല്ല അവരുടെ വിശ്വാസങ്ങൾ, അവരുടെ ചില ആചാരങ്ങൾ, അവരുടെ സ്വാതന്ത്ര്യം ഒക്കെ നഷ്ടമാകുന്നുണ്ട്. എന്നാൽ ആദ്യഘട്ടത്തിൽ അവർക്കത് അറിയില്ലായിരുന്നു. നമ്മളെപ്പോലെ അല്ലാതെ ചിന്തിക്കുന്ന ആളുകൾ ഉണ്ട് നമ്മൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പൊതു സമൂഹത്തെയാണ്. ഒന്നുമില്ലാത്തവരാണ് അവരെന്ന് നമുക്ക് ചിലപ്പോൾ തോന്നാൻ സാധ്യതയുണ്ട്. എന്നാൽ അവരത് ആഗ്രഹിക്കുന്നില്ല. എന്നാൽ പുറത്തു പോകണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അതിനുവേണ്ടി സ്റ്റേറ്റ് അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതുമുണ്ട്. ആ ഘട്ടത്തിൽ ഉറപ്പ് നൽകുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കി കൊടുക്കേണ്ടതുണ്ട്. അവരെ പറ്റിക്കാൻ പാടില്ല. ഒരു സ്ഥലത്തിന്റെ മൂല്യം എന്താണെന്ന് ഉള്ളത് ഭൂമിയുടെ മൂല്യം മാത്രമല്ല, ഏക്കറിന് ഇത്ര പൈസ എന്നുള്ളത് മാത്രമല്ല അതിനു അപ്പുറത്തേക്ക് ഇക്കോളജിക്കൽ വാല്യു അനുസരിച്ച് അവർക്ക് പണം നൽകേണ്ടതുണ്ട്. അതനുസരിച്ചായിരിക്കണം മാറ്റേണ്ടത്.
സെന്ന പോലെയുള്ള അധിനിവേശസസ്യങ്ങൾ മൊത്തം വനത്തിന്റെ 50 ശതമാനം പടർന്നിട്ടുണ്ട് എന്നാണോ പറയുന്നത്?
വയനാട്ടിലെ വന്യജീവി സങ്കേതത്തിന്റെ 344 സ്‌ക്വയർ കിലോമീറ്റർ ഏരിയയുടെ 50 ശതമാനത്തിലും സെന്നയുടെ സാന്നിധ്യമുണ്ട്. ഇവയുടെ ഡെൻസിറ്റി വളരെ കൂടുതലുള്ള സ്ഥലങ്ങൾ കുറവാണ്, പക്ഷേ ഭാവിയിൽ വനത്തിന്റെ കണക്റ്റിവിറ്റിയിലൂടെ ഇത് വ്യാപിക്കാം. ബാവിലി എന്ന സ്ഥലത്തുനിന്ന് തോൽപ്പെട്ടിയിലേക്കും തിരുനെല്ലി ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് വ്യാപിച്ച്, തിരുനെല്ലി എലിഫൻ്റ് കോറിഡോറിലൂടെ ബ്രഹ്മഗിരി മലയുടെ മുകളിലേക്ക് മെല്ലെ പോയ്ക്കൊണ്ടിരിക്കുന്നുണ്ട്.
ഇപ്പോൾ തിരുനെല്ലി ക്ഷേത്രത്തിന്റെ അടുത്തെത്തിയിട്ടുണ്ട്. ഇതിന്റെ പടിഞ്ഞാറുഭാഗം നിത്യഹരിതവനമാണ്. അത്ര പെട്ടെന്ന് അവിടേക്ക് വ്യാപിക്കില്ല. എന്നാൽ വലിയൊരു കാട്ടുതീയുണ്ടായെന്ന് കരുതുക. അതിന്റെ ഭാഗമായി കാടിന് എന്തെങ്കിലും കോട്ടം സംഭവിച്ചാൽ ഇത്തരം സസ്യങ്ങൾ അവിടേക്കും വ്യാപിക്കും. അത് ഭീകരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. അതുകൊണ്ട് വയനാട്ടിലെ പ്രധാനപ്പെട്ട ഒരു പ്രശ്നം സെന്നയുടെ വ്യാപനമാണ്. അത് കേവലം പാരിസ്ഥിതികം മാത്രമല്ല, സാമൂഹ്യമായ ചില വശങ്ങൾ കൂടിയുണ്ട്. കാടിനെ ആശ്രയിച്ചാണ് വലിയൊരു വിഭാഗം ആദിവാസി സമൂഹം ജീവിക്കുന്നത്. അവർ വനവിഭവങ്ങൾ ശേഖരിച്ചാണ് ജീവിക്കുന്നത്. അതെല്ലാം നശിക്കും.
ഇപ്പോൾ തന്നെ, സെന്ന വ്യാപിച്ച സ്ഥലങ്ങളിൽ ഇത്തരം വനവിഭവങ്ങൾ നശിച്ചുപോയിട്ടുണ്ട്. ഇനി അത് വ്യാപിക്കുന്ന എല്ലായിടത്തും അതുതന്നെ സംഭവിക്കും. അപ്പോൾ കോൺഫ്‌ളിക്റ്റ് കൂടും. കാരണം കാടിനകത്ത് ഒന്നുമില്ലാതെയാകും. മാനിനുള്ള ഫുഡ്, കാട്ടിലല്ല, പുറത്താണ്. അങ്ങനെയാകുമ്പോൾ കാടിനകത്ത് ജീവിക്കുന്നതിനേക്കാൾ സുഖം പുറത്താണ് എന്നുവരും, അവർ കാടിന് പുറത്തേക്ക് വരും. നിലവിൽ ഭൂമിശാസ്ത്രപരമായി സെന്നയുടെ സാന്നിധ്യം 50 ശതമാനമാണ്. എന്നാൽ 60, 70 ശതമാനത്തിലേക്ക് അത് വ്യാപിച്ചാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും.
സെന്നയടക്കമുള്ള അധിനിവേശ സസ്യങ്ങളെ എങ്ങനെയാണ് നിയന്ത്രിക്കാനാകുക?
ഇവയെ നിയന്ത്രിക്കാൻ പല വഴികളുണ്ട്. ഇതിനെ കുറിച്ച് ഞങ്ങളൊരു പഠനം നടത്തിയിരുന്നു. സെന്നയുടെ വിത്ത് വിതരണം നടത്തുന്നത്, ആനയും പുള്ളിമാനും മുള്ളൻ പന്നിയുമൊക്കെയാണ്. ആദ്യകാലങ്ങളിൽ, അതായത്, 1980കളിൽ വനത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമായിരുന്നു ഈ സസ്യങ്ങൾ കൊണ്ടുവന്നത്. ഈ ജീവജാലങ്ങളിലൂടെയാണ് കാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സെന്ന വ്യാപിച്ചത്. എങ്ങോട്ടാണോ ഇവ വ്യാപിച്ചുകൊണ്ടിരിക്കുന്നത്, അതിന്റെ മറ്റേ അറ്റത്തുനിന്ന്, അതായത് ഡെൻസിറ്റി കുറഞ്ഞ സ്ഥലത്തുനിന്ന് ഇവ പറിച്ച് കൂടുതലുള്ള അറ്റത്തേക്ക് വരുക. അതേ സമയത്തു തന്നെ പൂക്കളുണ്ടാകുന്നതിനുമുമ്പ് ശിഖരങ്ങൾ മുറിച്ചുകളയുക. സമാന്തരമായി തൈകളും പറിച്ചുകളയുക. മണ്ണ് നനഞ്ഞിരിക്കുന്ന സമയത്ത്, അതായത് മഴക്കാലത്താണ് തൈകൾ പറിച്ച് കളയേണ്ടത്. അതുപോലെ ഡീ ബാർക്കിങ് എന്ന ഒരു രീതിയുണ്ട്. മരത്തിന്റെ തോല് ചെത്തിക്കളഞ്ഞ് ഉണക്കുന്ന രീതി. വനംവകുപ്പ് ആ രീതി പിന്തുടരുന്നുണ്ട്. ഒരുപരിധി വരെ അത് പ്രയോജനകരമാണ്.
നമ്മുടെ പ്രധാന ലക്ഷ്യം കാട് തിരിച്ചുവരിക എന്നതാണ്. ആ വിഷനാണ് വേണ്ടത്. അതിനുവേണ്ടിയുള്ള ഇടപെടലുകളാണ് നടത്തേണ്ടത്, അതും അവിടുത്തെ പൊതുജനത്തിന്റെ പങ്കാളിത്തത്തോടെ.
മറ്റൊരു സംഘടന, ഇതിനെ പൂർണമായി പിഴുതുമാറ്റാൻ ശ്രമം നടത്തുന്നുണ്ട്. ആദ്യം വലിയ മരങ്ങൾ പറിച്ചുമാറ്റുകയാണ്. എന്നിട്ട് തൂമ്പ കൊണ്ട് മണ്ണിളക്കി വേരുകൾ പരമാവധി ഒഴിവാക്കും. അടുത്ത വർഷം മഴ പെയ്യുമ്പോൾ എവിടെ നിന്നാണ് മുളച്ചുവരുന്നതെന്ന് നോക്കി അതും ഒഴിവാക്കും. എന്നാൽ, പിഴുതുമാറ്റുന്ന സമയത്ത് ബാക്കിയാകുന്ന വേരിന്റെ ഭാഗങ്ങളിൽ നിന്ന് ഇവ മുളച്ചുവരും. തോല് ചെത്തിക്കളയുകയാണെങ്കിലും അതിന്റെ അരികുകളിൽ നിന്നും മുളച്ചുവരും. പിന്നീടത് വലിയ മരങ്ങളായി മാറും. ഈ സസ്യത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. കാടിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. അതുകൊണ്ട് കാടിന്റെ ആവരണം തിരിച്ചുവന്ന് സ്വാഭാവികമായ മരത്തൈകളൊക്കെ മുളച്ചുവന്ന് കഴിയുമ്പോൾ ഇതൊക്കെ മാറും. വനത്തിന്റെ സ്വാഭാവികത നശിക്കുമ്പോഴാണ് ഇത്തരം സസ്യങ്ങൾക്ക് വ്യാപിക്കാനുള്ള സാഹചര്യമുണ്ടാകുന്നത്. മനുഷ്യരുടെ ഇടപെടലുകളിലൂടെയോ കാട്ടുതീയിലൂടെയോ യൂക്കാലി, തേക്ക് പ്ലാൻ്റേഷനുകളിലൂടെയോ പ്രശ്നബാധിതമാകുന്ന പ്രദേശങ്ങളിലാണ് ഇത്തരം സസ്യങ്ങൾ രൂക്ഷമായി വ്യാപിക്കുന്നത്.
നമ്മുടെ പ്രധാന ലക്ഷ്യം കാട് തിരിച്ചുവരിക എന്നതാണ്. ആ വിഷനാണ് വേണ്ടത്. അതിനുവേണ്ടിയുള്ള ഇടപെടലുകളാണ് നടത്തേണ്ടത്, അതും അവിടുത്തെ പൊതുജനത്തിന്റെ പങ്കാളിത്തത്തോടെ. തുടർച്ചയായി കേൾക്കുന്ന മറ്റൊരു കാര്യമാണ് കാരിയിങ് കപ്പാസിറ്റി കൂടുന്നതും കുറയുന്നതും കൊണ്ടാണ് വന്യജീവികൾ പുറത്തുവരുന്നത് എന്ന്. ഒരുപരിധിവരെ അത് ശരിയല്ല. കാരിയിങ് കപ്പാസിറ്റി എന്നത് വളരെ സങ്കീർണമായ കാര്യമാണ്. അതിനെ അത്രവേഗം നിർവചിക്കാൻ സാധിക്കില്ല. വലിയൊരു വനഭൂമിയുടെ ചെറിയ ഭാഗമായ വയനാട്ടിൽ കാടിന്റെ കാരിയിങ് കപ്പാസിറ്റി കുറയുന്നതിനനുസരിച്ച് ആനകൾ പുറത്തുവരുന്നു എന്ന് പറയുക ബുദ്ധിമുട്ടായിരിക്കാം.
2010-2011 കാലത്താണ് വയനാട്ടിൽ മുള പൂക്കുന്നത്. മുമ്പ് ഒരുപാട് മുളയുണ്ടായിരുന്ന സ്ഥലമായിരുന്നു വയനാട്. എന്നാൽ പൂത്തതിനുശേഷം അതിന് പുനരുജ്ജീവനം നടന്നിട്ടില്ല. തീരെ കുറച്ചേ നടന്നിട്ടുള്ളൂ. തോൽപ്പെട്ടയിലടക്കം മുമ്പ് നിറയെ മുളകളുണ്ടായിരുന്നു. ആ സമയത്ത് ആനകൾക്ക് നിറയെ ഫോറേജുകൾ ലഭ്യമാണ്. എന്നാൽ ഇന്നത് വളരെ കുറച്ചുമാത്രമാണുള്ളത്. ഇതേക്കുറിച്ച് കൃത്യമായ പഠനം നടന്നിട്ടില്ല. എന്നാൽ അവിടെ ജീവിച്ചൊരാൾ എന്ന നിലയിൽ പറഞ്ഞാൽ, മുള പൂത്തയുടനെയാണ് അവിടെ കാട്ടുതീയുണ്ടാകുന്നത്. അങ്ങനെ അതിന്റെ വിത്തുകൾ നശിച്ചുപോയി. മുളയുണ്ടായിരുന്ന സമയത്തെ കാരിയിങ് കപ്പാസിറ്റിയല്ലല്ലോ അതിനുശേഷം. ഇപ്പോ സെന്നയും കയറി. അറുപതോ എഴുപതോ വർഷത്തോളം ജീവിക്കുന്ന ഒരു സ്പിഷീസ്, മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്ന കാട്, അതിനിടയിൽ കാരിയിങ് കപ്പാസിറ്റിയെ നിർവചിക്കുക ബുദ്ധിമുട്ടാണ്. ഈ കോൺഫ്ളിക്റ്റുകൾ കുറേ കാലമായി നടക്കുന്നുണ്ട്. അത് വളരെ സങ്കീർണവുമാണ്. ഏതാണ്ട് പതിനായിരം വർഷത്തിന്റെ കൃഷി ചെയ്ത ചരിത്രം മനുഷ്യനുണ്ട്. ആ കാലം മുതൽ തന്നെ ഇവിടെ കോൺഫ്ളിക്റ്റും തുടങ്ങിയിട്ടുണ്ട്. അതിന് പരിഹാരം കണ്ടെത്താൻ മനുഷ്യൻ അന്നുമുതൽ ശ്രമിക്കുന്നുണ്ട്. എന്നാൽ പൂർണമായി സാധിച്ചിട്ടില്ല.
1970-കളിൽ വയനാടൻ കാടുകളിൽ, ആനക്കൊമ്പിനുവേണ്ടിയൊക്കെ വലിയ രീതിയിൽ ആനവേട്ട നടന്നിട്ടുണ്ട്. പ്രധാനമായും അതിലെ പങ്കാളികൾ തിരുവതാംകൂറിൽ നിന്ന് കുടിയേറിയവരാണ്. കൊമ്പനാനകളെ മാത്രമല്ല, വലിയ പല്ലുകൾക്കായി പിടിയാനകളെയും അവർ കൊല്ലുമായിരുന്നു. പ്രകൃതിയെ നശിപ്പിച്ചു കളയാനുള്ള ശ്രമങ്ങൾ അത്രയ്ക്ക് വലിയ തോതിൽ നടത്തിയിട്ടുണ്ട്. നേരത്തെ പറഞ്ഞല്ലോ, കൊമ്പനാനകളാണ് ഇത്തരം കോൺഫ്‌ളിക്റ്റുകളിൽ ഇടപെട്ടിരുന്നതെന്ന്. അപ്പോൾ കൊമ്പനാനകൾ ഇല്ലാത്ത ഒരു കാലത്ത് ഇത്തരം കോൺഫ്ളിക്റ്റുകളും ഇല്ല. അതുമാത്രമല്ല, ആനകൾക്ക് മനുഷ്യനെ വലിയ പേടിയായിരുന്നു. ആനകളെ കാണാൻ കാടുകൾ മുഴുവൻ അലഞ്ഞിരുന്നു എന്നാണ് അവിടെയുള്ള ആളുകൾ എന്നോട് പറഞ്ഞിട്ടുള്ളത്. ആ സാഹചര്യം ഇന്നു മാറി. 1972-ൽ വൈൽഡ് പ്രൊട്ടക്ഷൻ ആക്ട് വന്നതോടെ 80- കളിൽ ബന്ദിപ്പുർ, തമിഴ്നാട്, കേരളം ഏരിയകളിൽ വനനിയമങ്ങൾ കർശനമായി. ആ കാലത്ത് കൊമ്പനാനകളുടെ എണ്ണം കൂടി. പുതിയ ആനകളുണ്ടാകാനും ചെറിയ ആനകൾ വളർന്നുവരാനും സാഹചര്യമൊരുങ്ങി. അവരുടെ ഒരു സ്വഭാവമുണ്ടല്ലോ, ബാച്ച്‌ലർ സംഘങ്ങളുണ്ടാകാൻ തുടങ്ങി. ഒരേ പ്രായത്തിലുള്ള കൊമ്പന്മാരെ കണ്ടുതുടങ്ങുന്നു. അതും ഇപ്പോൾ കാണുന്ന കോൺഫ്‌ളിക്റ്റുകളും തമ്മിൽ ബന്ധമുണ്ട്. അതുകൊണ്ട് കൊമ്പനാനകളെ കൊന്നുകളയണം എന്നല്ല പറയുന്നത്. അതും ഒരു കാരണമാണ്, അതിനെ അത്തരത്തിൽ തന്നെ മനസ്സിലാക്കേണ്ടതുണ്ട്.
ഈ കാണുന്ന കോൺഫ്ലിക്റ്റുകൾ സൂചിപ്പിക്കുന്നത്, ഈ പ്രശ്നങ്ങൾക്ക് ഒറ്റക്കാരണമല്ല നിലവിലുള്ളത് എന്നാണ്. ചക്കയും മാങ്ങയും ഉണ്ടാകുന്ന സീസണിൽ അതിനുവേണ്ടി ആനകൾ നാട്ടിലിറങ്ങുന്നു എന്നൊക്കെ പോലുള്ള ഒറ്റ കാരണമാണ് ഇത്തരം സംഘർഷങ്ങളിലേക്ക് നയിക്കുന്നത് എന്നൊരു ധാരണ ഉണ്ടായിവന്നിട്ടുണ്ട്. മാധ്യമങ്ങളും അതിനെ അങ്ങനെയാണ് വിലയിരുത്തുന്നത്. ഭരണകൂടങ്ങൾ പോലും അങ്ങനെയാണ് വിലയിരുത്തുന്നത്. എന്നാൽ അതിനെ അങ്ങനെയല്ല കാണേണ്ടത് എന്നാണല്ലോ നമുക്ക് മനസ്സിലാവുന്നത്. ഇത്തരം വിഷയത്തിൽ ഗവേഷണം നടത്തിയ ഒരാൾ എന്ന നിലയിൽ മുന്നോട്ട് വെക്കാൻ കഴിയുന്ന പരിഹാരം എന്താണ്?
അതിനു മുൻപ് പ്രശ്നത്തിൻ്റെ സങ്കീർണതയെക്കുറിച്ച് പറയാം. ഇത്തരം സംഘർഷങ്ങൾ വളരെ സങ്കീർണമാണ്. അതിന് പലതരം മാനങ്ങളുണ്ട്. മനുഷ്യരുടേയും വന്യജീവികളുടേയും സ്വഭാവവും പെരുമാറ്റവുമായി ബന്ധപ്പെട്ടും ഇക്കോളജിക്കലായും അതുപോലെതന്നെ സാമ്പത്തികവും രാഷ്ട്രീയവുമായിട്ടുള്ള പലതരം ലെയറുകൾ. ഒരു ആന നാട്ടിൻപുറത്തേക്ക് വന്ന് അവിടുത്തെ വിഭവങ്ങൾ നശിപ്പിക്കുന്നു. അതിനകത്ത് ഒരു ഇക്കോളജിക്കൽ- ബിഹേവിയറൽ കാരണമുണ്ട്. ഒപ്പം, കൃഷിക്കാരുടെ വിള നശിച്ചുപോകുന്നു എന്ന സാമ്പത്തിക പ്രശ്നവുമുണ്ട്. അതിൽതന്നെ കാഴ്ചപ്പാടുകളിൽ വ്യത്യാസമുണ്ട്.
കൃഷിമാത്രമല്ല, മനുഷ്യജീവനും എന്ന വൈകാരിക ഘടകം കൂടി ഇപ്പോൾ രൂക്ഷമായിട്ടുണ്ട്.
തീർച്ചയായിട്ടും. ഒരു ഗവേഷക വിദ്യാർഥി ഒരു കാര്യം മനസ്സിലാക്കുന്നതുപോലെയല്ല, വനംവകുപ്പ് ഉദ്യോഗസ്ഥർ മനസ്സിലാക്കുന്നത്. ഈ പ്രശ്‌നം ബാധിച്ച മനുഷ്യർ വൈകാരികമായിട്ടായിരിക്കും സമീപിക്കുന്നത്. അത്തരമൊരു സങ്കീർണത അവിടെ തന്നെ രൂപപ്പെടുന്നുണ്ട്. ഇതിൽ ആരുടെ കാഴ്ചപ്പാടിലുള്ള പ്രശ്നത്തെയാണ് അഡ്രസ്സ് ചെയ്യുവാൻ പോകുന്നത് എന്നതാണ് പ്രധാന ചോദ്യം. നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്തും ഗ്രാമങ്ങളിൽ കാട്ടാന ആക്രമണങ്ങൾ നടക്കുന്നുണ്ടായിരിക്കാം. എന്നാൽ ഈ ആന ഒരു നഗരപ്രദേശത്തേക്കാണ് നടന്ന് എത്തുന്നതെങ്കിൽ അതിന്റെ രാഷ്ട്രീയമാനം മാറും. അവിടെ മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും മറ്റൊരു പൊതുബോധം സൃഷ്ടിക്കാൻ വല്ലാത്ത രീതിയിൽ ഇടപെടും. അവിടെ മറ്റൊരു പൊളിറ്റിക്കൽ ലെയർ കടന്നുവരും. അത് വളരെ സങ്കീർണവുമാണ്. ഇതൊന്നും ഒട്ടും ശാസ്ത്രീയവുമല്ല.
സമീപകാല സംഭവങ്ങൾക്കുശേഷം നിർമിക്കപ്പെട്ടിട്ടുള്ള പൊതുബോധമനുസരിച്ച് വയനാട്ടിൽ ജീവിക്കുന്ന മനുഷ്യർക്ക് പേടിയാണെന്ന ധാരണ ഉണ്ടായിവന്നിട്ടുണ്ട്. മുൻപ് സാധാരണ മട്ടിൽ ജീവിച്ചിരുന്നവർക്ക് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ആനയും കടുവയുമാണ് എന്ന ചിന്ത ഉണ്ടാവുകയും അവർക്ക് വലിയ ഭയമുണ്ടാവുകയും ചെയ്യുന്നുണ്ട്. അത് മാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത പൊതുബോധമാണ്. മാത്രമല്ല, കേരളത്തിലെ മറ്റു ജില്ലകളിൽ താമസിക്കുന്ന മനുഷ്യർ കരുതിയിരിക്കുന്നത് വയനാട് എന്നത് ഒരു സംഘർഷ ഭൂമിയാണ് എന്നാണ്. കർഷകരും വന്യജീവികളും തമ്മിൽ വലിയ രീതിയിലുള്ള സംഘർഷങ്ങൾ അവിടെ നിലനിൽക്കുന്നുണ്ട് എന്ന പൊതുബോധം മാധ്യമങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ അതല്ല വാസ്തവം. തീർച്ചയായും അതിൽ വസ്തുതയുണ്ട്, എന്നാൽ ഇത്രയും ഭീകരമല്ല അവിടുത്തെ അവസ്ഥ. അതേസമയം അവിടുത്തെ സംഘർഷത്തെ അഡ്രസ് ചെയ്യേണ്ടതുണ്ട്.
ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ത് ശ്രമങ്ങളാണ് നടന്നത് എന്ന ചോദ്യമുണ്ട്. ഒന്നും ചെയ്തിട്ടില്ല. മുൻപ് പറഞ്ഞതുപോലെ അവിടെ ചെയ്യാവുന്ന ഒന്നാമത്തെ കാര്യം ആരോഗ്യം തിരിച്ചു കൊണ്ടുവരിക എന്നതാണ്. അവിടുത്തെ ആളുകളെ ഉപയോഗിച്ചുവേണം അത് നടപ്പിലാക്കാൻ.
വന സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പണം അവിടുത്തെ ആളുകൾക്ക് കൊടുത്തേ പറ്റൂ. ആദിവാസി വിഭാഗം എന്നല്ല മറിച്ച് കാടിനോട് ചേർന്ന് ജീവിക്കുന്ന എല്ലാ മനുഷ്യരിലും ആ പണം എത്തണം. അതിലൂടെ മറ്റൊരു പൊതുബോധം സൃഷ്ടിക്കപ്പെടണം. കാട് പ്രധാനപ്പെട്ടതാണെന്നും അത് എന്റേതുകൂടിയാണ് എന്നുമുള്ള ബോധമുണ്ടായിവരണം. അതിനുശേഷം മാത്രമേ വനത്തെ ഇങ്ങനെ നിലനിർത്താൻ സാധിക്കൂ.
കാരണം, അടിസ്ഥാനപരമായി വനം നിലനിൽക്കേണ്ടതിന്റെ ആവശ്യം അവിടുത്തെ പൊതുജനങ്ങൾക്കാണ്. അത് ഇവിടുത്തെ ഭരണസംവിധാനത്തെക്കൊണ്ടുമാത്രം സാധ്യമാകുന്ന കാര്യമല്ല. സർക്കാർ സംവിധാനങ്ങൾ ആയുധവുമായി വന്നാൽ പോലും പൊതുജനങ്ങളെ ഉൾപ്പെടുത്താതെ അത് സാധ്യമാകില്ല. ഇന്നും കാടും വന്യജീവികളും നിലനിൽക്കുന്നത് ഇതൊക്കെ അവിടെയുണ്ടാകണമെന്ന് അവിടെ ജീവിക്കുന്ന മനുഷ്യർ ചിന്തിക്കുന്നതു കൊണ്ടുകൂടിയാണ്.
വയനാടിന്റെ കാര്യത്തിൽ ചതുപ്പു നിലങ്ങളും മലനിരകളും കുന്നിൻചെരുവുകളുമാണല്ലോ ഉള്ളത്. കുന്നൊക്കെ കീറി ട്രഞ്ചുകൾ ഉണ്ടാക്കി വെച്ചിരിക്കുന്നതു കാണാം. ആ സ്ഥലങ്ങളിലൊന്നും ഈ സംവിധാനം ഇഫക്റ്റീവ് ആയിരിക്കില്ല
വന്യജീവികളോടും അവിടുത്തെ പ്രകൃതിയോടും അവർക്കുള്ള പ്രതിബദ്ധതയും വൈകാരിക അടുപ്പവും കൊണ്ടാണ് അത് സാധ്യമാകുന്നത്. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത് ഇനിയും കൂട്ടിയെടുക്കേണ്ട കാര്യമുണ്ട്. അടുത്ത തലത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. കൺസർവേഷൻ കൊണ്ട് അവർക്ക് ഗുണമുണ്ടാവുന്നുണ്ടെങ്കിൽ കുറച്ചു കൂടി അവർക്ക് പ്രതിബദ്ധതയുണ്ടാവും. അല്ലെങ്കിൽ തന്റെ മകളുടെ വിവാഹത്തിനുവേണ്ടി താൻ നിലനിർത്തിയിരുന്ന നെൽവയൽ പൂർണമായി നശിപ്പിച്ചു കളയുമ്പോൾ അതിന്റെ ബാധ്യത വഹിക്കുന്നത് താൻ മാത്രമാണല്ലോ എന്ന തോന്നൽ കർഷകർക്കുണ്ടാകും. അതൊരിക്കലും അങ്ങനെയാവാൻ പാടില്ല. ബാധ്യത പൊതുസമൂഹം പൂർണമായി ഏറ്റെടുക്കേണ്ടതുണ്ട്. കാരണം അവിടെ കാടും വന്യജീവികളും കൃഷിയും നിലനിൽക്കുക എന്നത് നമ്മുടെ ആവശ്യമാണ്. അത് എങ്ങനെ നടപ്പാക്കണം എന്ന് ഭരണകൂടം ആലോചിക്കേണ്ടതുണ്ട്..
ഇലക്ട്രിക് വേലികൾ പോലുള്ള സംവിധാനങ്ങൾ ഇന്ന് ഉപയോഗിക്കുന്നുണ്ടല്ലോ. പത്തുകൊല്ലം മുമ്പ് വരെ ഇത്തരം സംവിധാനങ്ങളുടെ ക്രൂരതകളെ പറ്റിയാണ് നമ്മൾ തന്നെ സ്റ്റോറി ചെയ്തിട്ടുണ്ട്. മനുഷ്യർക്കും മൃഗങ്ങൾക്കും അപകടമാവുന്നതിനെപ്പറ്റി. എന്നാൽ ഈ അടുത്തകാലത്ത് വാർത്തകൾ കണ്ടപ്പോൾ ഗുണനിലവാരത്തെപ്പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്. അത്തരം ഇടങ്ങളിലേക്ക് ആന വന്നു കഴിഞ്ഞാൽ എത്രത്തോളം ആനയെ ബാധിക്കും, അപ്പോൾ തന്നെ ആന മരിച്ചുപോകുമോ തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. ഇത്തരം രീതിയിലേക്ക് മാധ്യമ റിപ്പോർട്ടിങ് മാറിക്കഴിഞ്ഞു. അതുമാത്രമാണ് പരിഹാരം എന്ന നിലയിലേക്ക് വ്യാഖ്യാനങ്ങൾ മാറുന്നു. കാഴ്ചപ്പാടിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് മാത്രമല്ല, മറിച്ച് ഇത്തരം പരിഹാരങ്ങൾ എത്രമാത്രം ഇഫക്ടീവാണ് എന്ന കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പഠനം നടന്നിട്ടുണ്ടോ. അത്തരം മാർഗ്ഗങ്ങൾ ധാർമികമായി ശരിയാണോ?
ഇന്ന് ഉപയോഗിക്കുന്ന ഇത്തരം പ്രതിരോധമാർഗങ്ങളൊക്കെ ഇവിടുത്തെ ശാസ്ത്രജ്ഞർ ആഫ്രിക്കയിൽ പോയി കണ്ടു പഠിച്ചതാണ്. അത് പിന്നീട് ഇവിടെ ഉപയോഗിച്ചതാണ്. അത്തരം മാർഗങ്ങൾ ചിലയിടങ്ങളിൽ ഇഫക്ടീവാണ്. ചിലയിടത്ത് അങ്ങനെയല്ല. വയനാടിന്റെ കാര്യത്തിൽ ചതുപ്പു നിലങ്ങളും മലനിരകളും കുന്നിൻചെരുവുകളുമാണല്ലോ ഉള്ളത്. കുന്നൊക്കെ കീറി ട്രഞ്ചുകൾ ഉണ്ടാക്കി വെച്ചിരിക്കുന്നതു കാണാം. ആ സ്ഥലങ്ങളിലൊന്നും ഈ സംവിധാനം ഇഫക്റ്റീവ് ആയിരിക്കില്ല. യഥാർത്ഥത്തിൽ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ ഒരു ദീർഘവീക്ഷണം ആവശ്യമാണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രം, അവിടുത്തെ ജീവികളുടെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം.
കുറുവ ദ്വീപിനോട് ചേർന്നുകിടക്കുന്ന ചെതലയം റേഞ്ചിലേക്ക് നാഗർഹോളയിൽ നിന്നും തോൽപ്പട്ടി റേഞ്ചിൽ നിന്നും സ്ഥിരമായി ആനകൾ കടന്നുപോകാറുണ്ട്. അതിനു കുറുകെ ആനകൾക്ക് കടന്നുപോകാൻ സാധിക്കാത്ത രീതിയിൽ ട്രഞ്ചോ ഫെൻസിങ്ങോ ആണ് നിർമിക്കുന്നതെങ്കിൽ അത് കൂടുതൽ പ്രത്യാഘാതമുണ്ടാക്കും.
അതിന് തൊട്ടടുത്തുള്ള മേഖലകളിൽ സംഘർഷം വർധിക്കും. നോക്കുമ്പോൾ ആനകൾക്ക് കടന്നുപോകാൻ കഴിയാത്ത ട്രെഞ്ച് നല്ലൊരു പ്രതിരോധമാർഗമാണ്. എന്നാൽ സംഭവിക്കുന്നതെന്താണ് എന്നു വെച്ചാൽ അവിടേക്ക് വരുന്ന ആന അതിലൂടെ കടന്നു പോവാൻ പറ്റാതെ മറ്റെവിടെയെങ്കിലും ഇറങ്ങി ഭക്ഷണം കിട്ടാൻ ശ്രമിക്കും.
ഇത്തരം ചില പ്രതിരോധമാർഗങ്ങൾ വന്യമൃഗങ്ങളുടെ സഞ്ചാരപാതയെ തന്നെ ഇല്ലാതെയാക്കും. ചില സമയങ്ങളിൽ നമ്മളത് ശ്രദ്ധിക്കാറില്ല. അതിനെ കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ആനകൾ എങ്ങനെയാണ് അവർ വസിക്കുന്ന ഭൂപ്രദേശത്തെ ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ധാരണയുണ്ടാകേണ്ടതുണ്ട്.
വനം വകുപ്പിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന രീതി പൂർണമായി മാറ്റേണ്ടതുണ്ട്. ആ പ്രദേശത്തുള്ളവർക്ക് കൂടുതൽ ജോലി നൽകണം.
വനംവകുപ്പ് അവരാൽ കഴിയുന്നതിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കലാണല്ലോ വിഷയം. ഗ്രാമങ്ങളിലുണ്ടായിരുന്ന ഇത്തരം സംഘർഷങ്ങളെ പരിഹരിക്കാൻ ശ്രമിക്കുന്നത് വളരെ സാധാരണക്കാരായ മനുഷ്യരാണ്. എന്നാൽ അവർക്ക് 8000, 9000 രൂപ ശമ്പളമൊക്കെയാണുള്ളത്. രാത്രി മുഴുവൻ ഉറങ്ങാതെയിരുന്ന് ചെയ്യുന്ന ജോലിക്കാണ് ഇത്ര ചെറിയ ശമ്പളം. അതുപോലെ ഒന്നോ രണ്ടോ ആളുകൾക്ക് ഒരു വലിയ പ്രദേശം മുഴുവൻ നോക്കേണ്ടിവരുന്നുണ്ട്. ചെകാടി എന്ന ഗ്രാമം മുഴുവൻ നോക്കുന്നത് നഞ്ചപ്പൻ എന്നൊരു ചേട്ടനാണ്. രാത്രി നിരവധി ആനകൾ വരുന്ന പ്രദേശമാണ്. ചേട്ടൻ എത്രയോടിയാലും ആ പ്രദേശത്തെ പൂർണമായി സംരക്ഷിക്കാൻ സാധിക്കില്ല. ഒരു വലിയ പ്രദേശത്തെ നെല്ല് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഒരാളിലേക്ക് ചുരുക്കുന്നു. അതുകൊണ്ട് എന്തായാലും ആ കൃഷി ആന ആക്രമിക്കും. അപ്പോൾ നോക്കാൻ നിന്ന ആളിന് നാട്ടുകാരുടെ വഴക്കും കിട്ടും. അവരുടെ ജീവിതനിലവാരം മെച്ചപ്പെടേണ്ടതുണ്ട്. സ്ഥിരമായി ജോലിയുള്ളവർക്ക് അത്യാവശ്യം നല്ല ശമ്പളമുണ്ട്. വനം വകുപ്പിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന രീതി പൂർണമായി മാറ്റേണ്ടതുണ്ട്. ആ പ്രദേശത്തുള്ളവർക്ക് കൂടുതൽ ജോലി നൽകണം. മറ്റുള്ളവർക്ക് പറ്റില്ല എന്നല്ല, നല്ല ശമ്പളത്തിൽ കൂടുതലാളുകളെ നിയമിക്കണം. സ്പെഷ്യൽ റിക്രൂട്ട്മെന്റ് എന്ന നിലയിൽ ചിലത് നടക്കുന്നുണ്ട്. ഭാവിയിൽ അത് കുറച്ചുകൂടി വിശാലമാക്കണം.
ഇപ്പോൾ, തൊഴിലാളികൾ മനസിലാക്കുന്നില്ലെങ്കിലും അവിടെ നടക്കുന്നത് ചൂഷണമാണ്. അവരുടെ ജീവിതം മെച്ചപ്പെടേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയമ്പോഴും, നഷ്ടപരിഹാരം നൽകുന്ന പണവുമായി താരതമ്യം ചെയ്യുമ്പോൾ ശമ്പളം നൽകാൻ അത്രയും തുക വേണ്ടിവരില്ല. നെല്ലിന്റെയടക്കമുള്ള സീസണുകളിൽ മാത്രമാണ് ഇതിന്റെ ആവശ്യം വരുന്നുള്ളൂ. ആ സമയത്താണ് ഏറ്റവും കൂടുതൽ സംഘർഷമുണ്ടാകുന്നത്. ആ കാലത്തേക്കെങ്കിലും അനുഭവസമ്പത്തുള്ള കുറച്ചു ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്.
കാടിന്റെ ആരോഗ്യം തിരിച്ചുകൊണ്ടുവരിക എന്നു പറഞ്ഞല്ലോ. സെന്ന പോലെയുള്ള അധിനിവേശസസ്യങ്ങളുടെ വ്യാപനം തടയുക എന്ന രീതിയല്ലാതെ മറ്റ് എന്തൊക്കെയാണ് ചെയ്യാൻ കഴിയുക?
യൂക്കാലി, തേക്ക് പോലെയുള്ള നിരവധി പ്ലാന്റേഷനുകൾ വയനാട്ടിലുണ്ട്. അതിനെ റീ സ്റ്റോർ ചെയ്യേണ്ടതുണ്ട്. ബത്തേരി റീജിയണിന്റെ ചില ഭാഗങ്ങളിൽ അത് പരാജയമാണ്. മറ്റൊന്നിനും വളരാൻ കഴിയാതെ അവിടെ ചില ഭാഗങ്ങളിൽ തേക്ക് നിൽക്കുന്നുണ്ട്. ആവാസവ്യവസ്ഥയിൽ മറ്റൊന്നുമില്ല, ഈ പ്ലാന്റേഷനുകൾ മാത്രം.
വേനലാകുമ്പോഴേക്കും ഇവയുടെ ഇലകൾ പൊഴിയും. അതിന്റെ ഇലകൾ പ്രകൃതിയെ ഒരു തരത്തിലും സഹായിക്കുന്നില്ല, ചൂട് കൂടുതലുമാണ്. ഇടയ്ക്ക് ഞാനൊരു കാര്യം ആലോചിച്ചിരുന്നു. വയനാട്ടിലെ സ്‌കൂളിലെ കുട്ടികൾക്ക് കുറച്ചു സ്ഥലങ്ങൾ നൽകുക. ഇത് നിങ്ങളുടെ സ്ഥലമാണ്, നിങ്ങൾക്ക് അതിനെ റീ സ്റ്റോർ ചെയ്യാം എന്ന് അവരോട് പറയാം. ചെറിയ ചെറിയ ഭാഗങ്ങൾ ഉണ്ടാക്കിയെടുത്താൽ മതി. ഈ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ അവിടെ മറ്റു ജീവജാലങ്ങളുണ്ടല്ലോ. പഴങ്ങൾ ഉണ്ടാകുന്നു, അതുവഴി മറ്റു ജീവജാലങ്ങൾ അതുമായി ബന്ധിപ്പിക്കപ്പെടുന്നു. അടിസ്ഥാനപരമായി ആളുകളെ ഉൾപ്പെടുത്തി ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് ഗുണമുണ്ട്. എന്തെങ്കിലും കാരണവശാൽ അത് തിരിച്ചുവന്നില്ലെങ്കിൽ പോലും കുട്ടികളുടെ ഉള്ളിൽ ആ ബോധം വളർന്നുവരും.
ഒരു വിത്ത് അല്ലെങ്കിൽ തൈ നട്ടതിന്റെ ബോധം അവരുടെയുള്ളിലുണ്ടാകും. അടിസ്ഥാനപരമായി ആ തൈ നടുന്നത് അവരുടെ ഉള്ളിലാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ മാത്രമേ പ്രകൃതിയുടെ ആരോഗ്യത്തെ തിരിച്ചുകൊണ്ടുവരാൻ കഴിയു.
തേക്ക് പ്ലാന്റേഷൻ കുറേക്കാലം മുമ്പ് സൃഷ്ടിച്ചെടുത്തതാണല്ലോ. അത് മുറിക്കരുത് എന്നു പറഞ്ഞ് നിലനിർത്തി പോരുകയാണ്. അതിൽ സെലക്ഷൻ ഫെല്ലിംഗ് നടത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അത് യഥാർത്ഥത്തിൽ ഫലപ്രദമാണോ?
വയനാട് വന്യജീവി സങ്കേതത്തിൽനിന്ന് ഒരുതരത്തിലുള്ള മരം മുറിയും സാധ്യമല്ല. ചില സ്ഥലങ്ങളിൽ, അതായത് റിസർവ് വനങ്ങളിൽ മരം മുറിക്കൽ തുടരുന്നുണ്ട്. മാന്തോടിക്കടുത്തുള്ള ഒണ്ടെൻ കാട് റിസർവിൽ ഒരു തേക്കു തോട്ടമുണ്ട്. അത് ആരും ശ്രദ്ധിക്കാതെ വിട്ടിരിക്കുകയായിരുന്നു. പതുക്കെ അത് കാടായി മാറി. അവിടെ ആനകൾക്ക് കടന്നുവരുക വളരെ ബുദ്ധിമുട്ടാണ്. വളരെ കുറച്ച് വന്യജീവികളേയുള്ളൂ. അവിടെയുള്ളവർക്ക് ഗ്യാസ് കണക്ഷൻ കിട്ടിയപ്പോൾ വിറക് ശേഖരിക്കുന്നതുപോലെ, കാടിന്റെ ഉപയോഗവും കാടിനോടുള്ള ആശ്രിതത്വവും പൊതുവെ കുറഞ്ഞു. അങ്ങനെ സംഭവിച്ചപ്പോൾ കാട് കൂടുതൽ വളരുകയും അത് തേക്കിനെക്കാൾ മുകളിലാവുകയും ചെയ്തു. കനോപ്പി കൂടി.
ചിലയിടങ്ങളിൽ മനുഷ്യർ ഇടപെടേണ്ടതിന്റെ ആവശ്യമില്ല, പ്രകൃതിയെ വെറുതെ വിട്ടാൽ മതി. അത് നമ്മൾ മനസ്സിലാക്കണം. ഇവിടെത്തന്നെയുള്ള ബേഗൂർ റീജിയണിൽ നല്ല നിത്യഹരിത വനങ്ങളുണ്ട്. കുറുവ ദ്വീപുണ്ട്. ഇതൊക്കെ സോഴ്സുകളാണ്. ഇവിടുന്നൊക്കെ നമുക്ക് പഠിക്കാനുണ്ട്. ചെതലിയം റേഞ്ച് മറ്റൊരു ഉദാഹരണമാണ്. അവിടുത്തെ സ്വാഭാവികമായ സസ്യങ്ങളൊക്കെ പതുക്കെ തിരിച്ചു വരുന്നുണ്ട്. എന്നാൽ ചില കാര്യങ്ങൾ നമ്മൾ ചെയ്യേണ്ടതുണ്ട്. തീ വരരുത്, കന്നുകാലികൾ അമിതമായി കാടിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയണം. എന്നാൽ അധിനിവേശ സസ്യങ്ങൾ വൻതോതിൽ വ്യാപിക്കുന്ന ഇടങ്ങളിലൊക്കെ ചില ഇടപെടലുകൾ നടത്തേണ്ടതുണ്ട്. അങ്ങനെയാകുമ്പോൾ കാട് സ്വാഭാവികമായി തിരിച്ചുവരും.
പലതരം ഇടപെടലുകളെക്കുറിച്ച് നമ്മൾ പറഞ്ഞു. അതിൽ പ്രധാനപ്പെട്ടതാണ് ടൂറിസം. പലതരം റിസോർട്ടുകൾ, അതുണ്ടാക്കുന്ന ലൈറ്റ് തൊട്ടുള്ള മറ്റു പാരിസ്ഥിക പ്രശ്‌നങ്ങൾ വളരെയധികം കൂടുതലാണ്. ഇതും ഇക്കോണമിയുമായി ബന്ധപ്പെട്ട് തന്നെ സംസാരിക്കേണ്ടതാണെന്നാണ് എനിക്ക് തോന്നുന്നത്. ടൂറിസം പ്രൊജക്റ്റുകൾ, വയനാടിന് ഉണ്ടാക്കുന്ന ആഘാതങ്ങൾ എന്തൊക്കെയാണ് ?
വയനാട് ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ടൂറിസമാണെന്നാണ് എന്റെ അഭിപ്രായം. ടൂറിസം കൊണ്ട് എന്തെങ്കിലും ഗുണം കിട്ടിയിരുന്നെങ്കിൽ വയനാട്ടിലെ ആളുകൾ ഇന്ന് ആനകളെ കൊല്ലാൻ മുന്നിട്ടിറങ്ങില്ലായിരുന്നു. ടൂറിസത്തിൻ്റെ അടിസ്ഥാനപരമായ ലക്ഷ്യം എന്തായിരിക്കണം എന്ന് ഞാൻ വിചാരിക്കുന്നത് ആളുകൾ കാട്ടിലേക്ക് പോകുന്ന സമയത്ത് ആനകളോട് ഇഷ്ടമുണ്ടാകുകയും അതവിടെ നിലനിൽക്കണമെന്ന ആഗ്രഹത്തോടെ തിരിച്ചു പോവുകയും ചെയ്യുകയല്ലേ വേണ്ടത്. പക്ഷേ അത്തരത്തിലല്ല കാര്യങ്ങൾ നടക്കുന്നത്. ‘ഞാനിതിന്റെ ഭാഗമായി’ എന്ന് മറ്റുള്ളവരെ അറിയിക്കാൻ ഫോട്ടോ എടുക്കുകയും വിനോദയാത്രപോലെ കാട്ടിൽ പോയി തിരിച്ചുവരികയുമാണ് ചെയ്യുന്നത്. എല്ലാവരെയും കുറിച്ചല്ല പറയുന്നത്.
വനം വകുപ്പിന്റെ കീഴിൽ നടത്തുന്ന സഫാരിയും ഇതു തന്നെയാണ് ചെയ്യുന്നത്. തോൽപ്പെട്ടിയിലും മുത്തങ്ങയിലും ജീപ്പിനുള്ളിൽ മനുഷ്യരെ കയറ്റി കാട് കാണിച്ച് തിരിച്ചുകൊണ്ടുവരുന്ന പരിപാടി. വന്യജീവികളും ആദിവാസികളുമൊന്നും കാഴ്ചവസ്തുക്കളല്ലല്ലോ. മാത്രമല്ല, അവർ ഒട്ടനവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ആ സമയത്ത് നമ്മളത് ഉത്പന്നമാക്കി മാറ്റുകയാണ്. വന്യജീവികളെയും വയനാടിന്റെ പ്രകൃതിയെയും അവിടുത്തെ സാധാരണ മനുഷ്യരുടെ ജീവിതങ്ങളെയെല്ലാം നമ്മൾ ചരക്കുവൽക്കരിക്കുകയാണ്.
ഇതുകൊണ്ട് പ്രത്യേകിച്ച് ഗുണമില്ല. വയനാട്ടിലെ സാധാരണക്കാർ, ഈ ടൂറിസം പരിപാടി കൊണ്ട് തങ്ങൾക്ക് സാമ്പത്തികമായും സാംസ്‌കാരികപരമായും ഗുണങ്ങളുണ്ടാകുന്നുവെന്ന് തെറ്റിദ്ധരിച്ചിരിക്കയാണ്. അതല്ല യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ഉദാഹരണത്തിന് വയനാട്ടിൽ കാടിനോട് ചേർന്നുള്ള സ്ഥലങ്ങളിലെല്ലാം കൂണുകൾ പോലെ നിറയെ റിസോർട്ടുകൾ നിർമിക്കപ്പെട്ടിട്ടുണ്ട്. വയനാട്ടിലെ സാധാരണക്കാർക്ക് റിസോർട്ടിൽ അടിച്ചുവാരാനും മറ്റും തൊഴിലവസരങ്ങൾ കൊടുക്കും. ഒരുദാഹരണം പറയാം. തിരുനെല്ലിയിലെ ഒന്നു രണ്ട് റിസോർട്ടുകളുണ്ട്. അവർ ചെയ്യുന്നത് നൈറ്റ് സഫാരികളാണ്. തിരുനെല്ലി മുതൽ തോൽപ്പെട്ടി വരെയും കാട്ടിക്കുളത്തേക്കുമുള്ള പബ്ലിക്ക് റോഡിലൂടെയുമാണ് സഫാരി. രാത്രി നിശ്ചിത സമയത്തിന് ശേഷം യാത്രക്കാരുമായി ഇവർ പോകുന്നത് എന്റെ ഫീൽഡ് വർക്കിന്റെ കാലത്ത് കണ്ടിട്ടുണ്ട്. ടോർച്ച് അടിച്ചിട്ടാണ് ഇവർ വന്യജീവികളെ കാണുന്നത്. ഈ തരത്തിലാണ് നമ്മുടെ ടൂറിസം.
കാട്ടിലൂടെ രാത്രിയാത്രയ്ക്ക് നിരോധനങ്ങളില്ലേ?
തോൽപ്പട്ടി മുതൽ കാട്ടിക്കുളത്തേക്ക് കണക്ട് ചെയ്യുന്ന റോഡിൽ രാത്രിയാത്രക്ക് നിയന്ത്രണങ്ങളില്ല. മുത്തങ്ങ, ഗുണ്ടൽ പേട്ട്, ബന്ദിപൂർവഴിയും ബാവിലി വഴിയുമുള്ള റോഡിലൂടെ രാത്രിയാത്രയ്ക്ക് നിരോധനമുണ്ട്. പാപ്പിടത്തിമത്തി വഴി കാട്ടിക്കുളത്തേക്ക് കണക്ട് ചെയ്യുന്ന റോഡാണ് തുറന്നുകിടക്കുന്നത്. എല്ലാ വണ്ടികളും ഈ റോഡിലൂടെ മാത്രമാണ് കടന്നുപോകുന്നത്. അതിനെയാണ് ടൂറിസത്തിന് ഉപയോഗിക്കുന്നത്.
ഈ സ്ഥലങ്ങളിൽ റോഡ് കില്ലിങ്ങ് റിപ്പോർട്ട് ചെയ്യാറുണ്ടോ ?
പഠനങ്ങൾ നടത്താത്തതുകൊണ്ട് കൃത്യമായി അറിയില്ല. പക്ഷേ റോഡ് കില്ലിങ്ങുകൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. കാരണം തെക്കേ ഇന്ത്യയിലെ ആനകളെ സംബന്ധിച്ച് ഏറ്റവും ഫങ്ഷ്ണലായ കോറിഡോറാണിത്. ബ്രഹ്മിഗിരി സ്ട്രെക്ച്ചിലേക്ക് കണക്ട് ചെയ്യുന്ന പ്രധാന സ്ഥലമാണിത്. അതിലൂടെയാണ് ഈ വാഹനങ്ങളെല്ലാം രാത്രി കടന്നുപോകുന്നത്. കാടിനെയും നാടിനെയും വേർതിരിക്കണമെന്ന് പറയുന്ന കോണ്ടക്സ്റ്റിലാണ് ഇത് സംഭവിക്കുന്നത്.
ഈ റോഡ് മാത്രം പോരെന്ന ആവശ്യത്തിൽ ഇതിന് സമാന്തരമായി മറ്റൊരു റോഡും വരാൻ പോവുകയാണ്. കാട്ടിലൂടെയുള്ള റോഡ് ബ്ലോക്ക് ചെയ്തിട്ട് ഭാവിയിൽ പുതിയ റോഡ് തുറക്കാമെന്നാണ് പറയുന്നത്. പക്ഷേ രണ്ട് റോഡും തുറന്നുകിടക്കുമെന്നതാണ് സംഭവിക്കാൻ പോകുന്നത്. അരണപാറവഴി, അപ്പപാറ, കാട്ടിക്കുളത്തേക്ക് കണക്ട് ചെയ്യുന്ന റോഡാണ് പുതിയതായി വരാൻ പോകുന്നത്. നേരത്തെ പറഞ്ഞ തിരുനെല്ലി ആനത്താര മുറിച്ചുകടന്നാണ് ഈ റോഡും പോകുന്നത്. ഇത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. സഞ്ചാരികളെ സംബന്ധിച്ച് നിറയെ റോഡ് നെറ്റ് വർക്കുകൾ വരുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. ചെതലയം റേഞ്ചിൽ രാത്രി എട്ടുമണിയായാൽ നിരവധി സഫാരി ജീപ്പുകൾ കാണാം. ഇവക്ക് പ്രത്യേകം നിയന്ത്രണമില്ല. നിയന്ത്രണം വേണ്ടതുണ്ട്. ഇതെല്ലാം വന്യജീവികളുടെ സ്വഭാവത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
ചില റിസോർട്ടുകൾ കോറിഡോറിൽ തന്നെയാണ്. അവിടെ വന്യജീവികളെ ആകർഷിക്കുന്നതിനായി അവർ ചില കാര്യങ്ങളൊക്കെ ചെയ്യാറുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. റിസോർട്ടിൽ വരുന്നവർക്ക് വന്യജീവികളെ കാണാനായി, റിസോർട്ടിന് മുന്നിൽ ചതുപ്പുണ്ടെങ്കിൽ അവിടെ ചെറിയൊരു കുളം കുത്തും, അതിനരികിലായി ഇത്തിരി ഉപ്പ് ഇടും. ജീവികൾക്ക് ഉപ്പുരസമുള്ള വസ്തുക്കളോട് വലിയ ഇഷ്ടമാണ്. പുല്ലിലുള്ള സിങ്ക്, സോഡിയം എന്നിവ ചില പ്രത്യേക സീസണുകളിൽ കുറഞ്ഞുവരും. ഈ കുറവ്, ചില സ്ഥലങ്ങളിലെ മണ്ണ് ഭക്ഷിച്ചിട്ടാണ് ജീവികൾ നികത്തുന്നത്. ഉപ്പു രുചിയുള്ള സാധനങ്ങൾ സ്ഥിരമായി നൽകി ജീവികളെ ആകർഷിപ്പിക്കാനാണ് റിസോർട്ടുകാർ ശ്രമിക്കുന്നത്. ഇതിലൂടെ സംഭവിക്കുന്നതെന്താണെന്ന് വെച്ചാൽ, ആനകളുമായി തുടർച്ചയായി ഇടപഴകുന്ന കാണുന്ന സമയത്ത് ആനകളുടെ സ്വഭാവത്തിലും മാറ്റമുണ്ടാവും. ആനകൾ ഇതുപോലെ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കുമെല്ലാം പോകാനുള്ള സാധ്യതയും കൂട്ടുന്നുണ്ട്. കുരങ്ങൻമാരിലും ഇത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണം കൊടുക്കാൻ തുടങ്ങിയപ്പോൾ അവർ യാജകരാവാൻ തുടങ്ങി. നാട്ടിലിറങ്ങാനും തുടങ്ങി. ടൂറിസത്തിന്റെ ഒരു അനന്തരഫലമാണിത്.
കാടിനെ അറിയാൻ വരുന്നവർ വനത്തെയും വന്യജീവികളെയും ഇഷ്ടപ്പെടുകയും നിലനിൽക്കാനാഗ്രഹിക്കുകയും ചെയ്യണം. പക്ഷേ അതല്ല സംഭവിക്കുന്നത്.
കുറുവ ദ്വീപ് വളരെ ലോലമായ (fragile) ഇക്കോസിസ്റ്റമാണ്. പശ്ചിമഘട്ടത്തിൽ പോലും ഇത്തരത്തിലൊരു സ്ഥലം കണ്ടെത്താനാകില്ല. ഈ സ്ഥലത്തേക്ക് ദിവസവും നിയന്ത്രണങ്ങളില്ലാതെ കടന്നുപോകുന്നത് നൂറു കണക്കിന് ആളുകളാണ്. ആനകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു സ്ഥലമാണിത്. കബനി നദിയിയുടെ തെക്ക്- വടക്ക് കരകളിലേക്ക് ആനകൾ പോയിരുന്ന പ്രധാന ആനത്താരയായിരുന്നു ഇത്. അതിന്റെ കിഴക്കൻ ഭാഗങ്ങളെല്ലാം ഇല്ലാതായി. ഇനി കുറുവയുടെ ഭാഗത്ത് മാത്രമാണ് കാടും പച്ചപ്പും അവശേഷിക്കുന്നത്. അവിടെ പോലും മുഴുവൻ സമയവും ആളുകളുള്ളതുകൊണ്ട് ആനകൾക്ക് നിൽക്കാൻ പറ്റാത്ത അവസ്ഥയാണുളളത്. കാടിനെ അറിയാൻ വരുന്നവർ വനത്തെയും വന്യജീവികളെയും ഇഷ്ടപ്പെടുകയും നിലനിൽക്കാനാഗ്രഹിക്കുകയും ചെയ്യണം. പക്ഷേ അതല്ല സംഭവിക്കുന്നത്. ടൂറിസം പൂർണ്ണമായി ഒഴിവാക്കണമെന്നല്ല പറയുന്നത്. പക്ഷേ അതിന്റെ പേര് മാറ്റേണ്ടതുണ്ട്. സമീപനം മാറ്റേണ്ടതുണ്ട്. കാട്ടിലേക്ക് കടന്നുവരുന്ന ആളുകൾക്കിടിയൽ ഒരു കമ്മിറ്റ്‌മെന്റുണ്ടാക്കാൻ കഴിയണം.
മുൻപ് തോൽപ്പെട്ടിയിലും മറ്റും നേച്ചർ ക്യാമ്പുകളുണ്ടാവാറുണ്ട്. കാട്ടിനകത്ത് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചുതന്നെയാണ് ക്യാമ്പുകൾ നടന്നിരുന്നത്. ഇപ്പോൾ അത്തരം ക്യാമ്പുകൾ നടക്കുന്നുണ്ടോ?
നടക്കുന്നുണ്ട്. വയനാടിൻ്റെ പഴശ്ശി ഗ്രന്ഥാലയം വയനാട്ടിലെ കുട്ടികൾക്കിടയിൽ പരിസ്ഥിതിബോധം വളർത്തുന്നതിന് വലിയ പങ്ക് വഹിച്ചിട്ടുള്ളതാണ്. ആ തലമുറയിലുള്ള ചിലർ തൊഴിലോ മറ്റോ ആയി പോയശേഷം അത്തരം ക്യാമ്പുകളെല്ലാം പൊതുവെ കുറഞ്ഞിട്ടുണ്ട്. വനം വകുപ്പിന്റെ നേതൃത്വത്തിലും നേരത്തെ ക്യാമ്പുകൾ നടത്തിയിരുന്നു. ഇപ്പോൾ അത് പൂർണ്ണമായി പെയ്ഡ് ആയി. സാമ്പത്തികപ്രതിസന്ധികൾ കാരണമാകാം കുട്ടികളിൽ നിന്ന് ക്യാമ്പിനായി പണം ഈടാക്കുന്നത്.
നേരത്തെ സർക്കാർ ചെലവിലാണ് നടത്തിയിരുന്നത്. സാധാരണക്കാർക്കുപോലും ക്യാമ്പിൽ പങ്കെടുക്കാനും അവബോധമുണ്ടാക്കാനുമുള്ള അവസരം അന്ന് കിട്ടിയിരുന്നു. ജീപ്പിൽ കയറി, കറങ്ങി, ജീവികളെ പേടിപ്പിക്കുന്നതിന് പകരം കാടിനെ മനസ്സിലാക്കാനും അതിനെ നിലനിർത്താനുമുള്ള ടൂറിസമാണ് ഇവിടെ വരേണ്ടത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയാണ് ടൂറിസത്തിന് കീഴിൽ ചെയ്യേണ്ടത്. ഇന്ന് കാണുന്ന വലിയ റിസോർട്ടുകളും അവരുണ്ടാക്കുന്ന പ്രശ്‌നങ്ങളും വയനാട്ടിലെ ടൂറിസമെന്ന ആശയം തന്നെ ഭാവിയിൽ വലിയ പ്രതിസന്ധികളിലേക്ക് എത്തിക്കുന്ന തരത്തിലാണ്.
കാലാവസ്ഥാ വ്യതിയാനമാണ് ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നം. ലോക രാഷ്ട്രങ്ങൾ മുഴുവൻ ആ രീതിയിൽ ഈ പ്രശ്‌നത്തെ അഡ്രസ്സ് ചെയ്യേണ്ട നിർബന്ധിത അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. നമ്മളും അതേക്കുറിച്ച് ബോധമുള്ളവരാണ്. പക്ഷേ വലിയ അന്താരാഷ്ട്ര ഉച്ചകോടികൾ നടത്തുകയും അതേസമയം മൈക്രോ ലെവലിൽ ഇതിനെ തകിടം മറിക്കുന്ന തരത്തിലുള്ള പോളിസികൾ നടപ്പിലാക്കുകയും ചെയ്യുന്നു എന്ന വൈരുദ്ധ്യം എല്ലാ ഇടങ്ങളിലുമുണ്ട്. വികസിത രാജ്യങ്ങൾ ഈ കാര്യങ്ങളിൽ കുറച്ചുകൂടി പോസീറ്റിവായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ പോപുലേഷനും ജിയോഗ്രഫിക്കൽ ഘടനയുമെല്ലാം സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പക്ഷേ ഈ വൈരുദ്ധ്യത്തെ സയന്റിഫിക്ക് കമ്മ്യൂണിറ്റി, അക്കാദമീഷ്യൻമാർ, രാഷ്ട്രീയ പ്രവർത്തകരെല്ലാം ആ രീതിയിൽ അഡ്രസ്സ് ചെയ്യേണ്ടതില്ലേ?
അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വയനാടിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥയിലുള്ള മാറ്റം വളരെ പ്രകടമാണ്. പ്രായമായ ഏതൊരാളോടും ചോദിച്ചാൽ പറയും, നേരത്തെ ആറുമാസത്തോളം മഴ പെയ്തിരുന്ന വയനാട്ടിൽ ഇപ്പോൾ രണ്ടോ മൂന്നോ മാസം കാലം തെറ്റിയാണ് പെയ്യുന്നത്. വലിയ രീതിയിലുള്ള കാലാവസ്ഥാമാറ്റം നടക്കുന്നുണ്ട്. വയനാട്ടിൽ നടത്തുന്ന ചെറിയ പ്രവർത്തനങ്ങൾ കൊണ്ട് ലോകത്ത് മുഴുവനായി കാലാവസ്ഥയിൽ മാറ്റമുണ്ടാകില്ല.
പക്ഷേ പ്രാദേശികമായി സംഭവിക്കുന്ന മാറ്റങ്ങളിലൂടെ അവിടുത്തെ വന്യജീവികൾക്കും മനുഷ്യനും ജീവിക്കുന്നതിന് പര്യാപ്തമായ കാര്യങ്ങൾ ചെയ്യാൻ പറ്റും. ഉദാഹരണത്തിന് വയനാട്ടിൽ അവശേഷിക്കുന്ന കാടുകൾ കത്താതെ സുക്ഷിക്കുകയോ അതിന്റെ ആരോഗ്യത്തെ നിലനിർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതുണ്ടാക്കുന്ന ബഫറിങ്ങ് ഇഫക്റ്റിൽ നമ്മുടെ കൃഷിയും കന്നുകാലികളുമെല്ലാം നിലനിൽക്കും. അത്രയേ ചെയ്യേണ്ടതുള്ളൂ. അതാണ് സതീഷ് ചന്ദ്രനെപ്പോലുള്ളവർ പറയുന്ന സയൻസ്. അത് ലോകം മനസ്സിലാക്കിയേ പറ്റൂ. നമ്മൾ വളരെ വൈകിപ്പോയിട്ടുണ്ട്.
എന്റെ വീടിനടുത്തുള്ള മുത്തമാരി മല എല്ലാവർഷവും കത്താറുണ്ട്, അത് കത്തിക്കുന്നതാണ്. അതിന് പല കാരണങ്ങളുണ്ട്. മുമ്പ് പശുക്കളെ മേയ്ക്കാൻ വേണ്ടിയാണ് കത്തിച്ചിരുന്നെങ്കിൽ ഇന്ന് വേട്ടയ്ക്ക് വേണ്ടിയാകാം. ഇങ്ങനെ മലകൾ കത്തിക്കുന്നതിലൂടെ, മലയുടെ ചെരിവുകളിലെ മണ്ണെല്ലാം ഒഴുകിപ്പോയി പാറ എക്‌സ്‌പോസ്ഡ് ആയി. നവംബർ- ഡിസംബർ മാസമാകുമ്പോൾ തന്നെ വയനാട്ടിലെ പുൽമേടുകളല്ലാം കത്താൻ തുടങ്ങും. ഇതെല്ലാം മുമ്പുണ്ടായ തരത്തിലല്ല ഇനി നമ്മളെ ബാധിക്കാൻ പോകുന്നത്.
ഡോ. സതീഷ് ചന്ദ്രൻ നായർ നേരത്തെ എഴുതിയ ആർട്ടിക്കിളിൽ, കത്തുന്ന പ്രതിഭാസമില്ലെന്നും കത്തിക്കൽ തന്നെയാണ് അവിടെ നടക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്.
കൃത്യമാണ്. അല്ലായിരുന്നെങ്കിൽ മുള കത്തിയ സമയത്ത് എല്ലായിടത്തും കത്തണമായിരുന്നു. മുള പൂത്ത്, ഉരഞ്ഞ്, കാട്ടുതീയുണ്ടാക്കുന്നുവെന്നാണല്ലോ പറയുന്നത്. അങ്ങനെ സംഭവിക്കില്ല. നമ്മുടേത് വെറ്റ് ആയിട്ടുള്ള കാടുകളാണ്. നമ്മുടെ കാടുകളെ ആളുകൾ കത്തിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇനി കത്തിപ്പോകാതിരക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. വയനാടിന്റെ കാലാവസ്ഥയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഇപ്പോൾ ഉച്ചക്ക് പുറത്തിറങ്ങാനാകില്ല. വയനാടിനെ ബെൽറ്റ് പോലെ ചുറ്റിനിൽക്കുന്ന അവശേഷിക്കുന്ന കാടുകളെ നിലനിർത്താനും പരിപോഷിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടത്തണം. ഇതിലൂടെ മാത്രമേ അവിടുത്തെ മനുഷ്യനും വന്യജീവികൾക്കും ദീർഘകാലം നിലനിൽക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ സമൂഹം എന്ന കോൺസെപ്റ്റിൽ വന്യജീവികളും ആദിവാസികളും എല്ലാവരും ഉൾപ്പെടേണ്ടതുണ്ട്. അതല്ലാതെ ബാക്കിയെല്ലാത്തിനെയും ഇല്ലാതാക്കി, മനുഷ്യന് വേണ്ടത് മാത്രം നിലനിർത്തി മുന്നോട്ട് പോകുകയെന്നത് സാധ്യമായ കാര്യമല്ല. അങ്ങനെ മുന്നോട്ട് പോകാൻ ശ്രമിക്കുകയാണെങ്കിൽ ഒരു മരുഭൂമിയായി കേരളത്തെ വിഭാവനം ചെയ്യേണ്ടി വരും. യുവാക്കൾ മാറി ചിന്തിച്ചു തുടങ്ങേണ്ടതുണ്ട്. ‘റീബിൽഡിങ്ങ് കേരള’ എന്ന ആശയത്തിന് കീഴിൽ കുറെ കെട്ടിടങ്ങളും പാലങ്ങളുമല്ല ഉണ്ടാക്കേണ്ടത്. പകരം നശിച്ചുപോയ കാടുകൾ തിരിച്ചുകൊണ്ടുവരാൻ ശ്രമം നടത്തണം. മണ്ണ് ഒലിച്ചു പോയിട്ടുണ്ട് കുറേ. കാട് കത്തിയ സ്ഥലങ്ങളിൽ പുതിയ തൈകൾ വെക്കണം. നശിച്ചുപോയ അരുവികളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കണം. അത്തരം ശ്രമങ്ങളെക്കുറിച്ച് നമ്മുടെ പുതിയ തലമുറ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. കേരളം വിദ്യാസമ്പന്നരുടെ നാടാണെന്ന് പറയുന്നുണ്ടെങ്കിലും പരിസ്ഥിതി വിദ്യാഭ്യാസത്തിൽ നമ്മൾ എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന കാര്യത്തിൽ സംശയങ്ങളുണ്ട്.
വൈകാരിക എലമെന്റുകൾ മാറ്റിനിർത്താൻ കഴിയില്ല. ആളുകൾ കൊല്ലപ്പെടുന്നതു കൊണ്ടാണ് മാധ്യമങ്ങൾക്ക് ഈ വിഷയത്തെക്കുറിച്ച് സയന്റിഫിക്കല്ലാത്ത രീതിയിൽ തന്ന റിപ്പോർട്ട് ചെയ്യേണ്ടിവരുന്നത്. ഇതിൽ സാമ്പത്തിക താത്പര്യങ്ങളും പ്രവർത്തിക്കുന്നുണ്ടാവാം കുടിയേറ്റ കർഷകരുടെ പല തരം രാഷ്ട്രീയ താൽപര്യങ്ങളും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടാകാം. പക്ഷേ അതൊരു പ്രശ്നം തന്നെയാണ്. ആളുകൾ കൊല്ലപ്പെടുന്നുണ്ട്. അത് വൈകാരികമാണ്, നഷ്ടപ്പെടലുമാണ്. നമ്മൾ പറയുന്ന പരിഹാരങ്ങളെല്ലാം ദീർഘകാലാടിസ്ഥാനത്തിലുള്ളതാണ്. ഈ പ്രശ്‌നത്തിൽ അടിയന്തരമായി എന്താണ് ചെയ്യാനാവുക?
മരണം നടക്കുന്ന സമയത്ത് അതിനെ നമുക്ക് കാണാതിരിക്കാൻ പറ്റില്ല. 2011 -ൽ നടന്ന സെൻസസിൽ വയനാട്ടിലെ ജനസംഖ്യ ഒമ്പത് ലക്ഷമാണ്. 2021-ൽ സെൻസസ് നടന്നിട്ടില്ലെങ്കിലും ജനസംഖ്യ 12 ലക്ഷമായിട്ടുണ്ടാകും. ആനയും മനുഷ്യരുമെല്ലാം ഇടകലർന്ന് ജീവിക്കുന്ന പ്രദേശമാണിത്. ആനകൾ ചിലപ്പോൾ കാട്ടിൽ നിന്ന് പുറത്തുവരാൻ സാധ്യതയുണ്ട്. എൻകൗണ്ടറുകൾ സ്വഭാവികമായും നിരന്തരം ഉണ്ടാകാവുന്ന ഒരു പ്രദേശം കൂടിയാണിത്. ഭാവിയിൽ കൂടാം. ഇത്തരം പ്രശ്‌നങ്ങളെ സ്റ്റേറ്റ് കൃത്യമായി അഡ്രസ്സ് ചെയ്യേണ്ടതുണ്ട്. എൻകൗണ്ടറിൽ മരിച്ച ആളുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിലൂടെ ജീവന് പകരമാവില്ല. പക്ഷേ ഇവർക്ക് ഇപ്പോൾ നൽകുന്ന നഷ്ടപരിഹാരം വളരെ കുറവാണ്. പത്ത് ലക്ഷം രൂപ അമ്പത് ലക്ഷമാക്കി ഉയർത്തണം. വിളകൾക്ക് കൊടുക്കുന്ന തുകയും തുച്ഛമാണ്. ഒരു കായ്ക്കുന്ന തെങ്ങിന് ചിലപ്പോൾ കൊടുക്കുക രണ്ടായിരം രൂപയായിരിക്കും. ഒരു സീസണിൽ മാത്രം ചിലപ്പോൾ അതിൽ നിന്ന് രണ്ടായിരം രൂപയുടെ തേങ്ങ കിട്ടും. ഒരു ലൈഫ് ടൈമിൽ തെങ്ങിൽ നിന്ന് കിട്ടുന്ന തേങ്ങയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര തുക നിശ്ചയിക്കേണ്ടത്.
ഇനിയും മനുഷ്യരുടെ മരണം ഇല്ലാതിരിക്കാൻ ചില നടപടികൾ സ്വീകരിക്കാൻ കഴിയും. ആനമല ലാൻഡ്‌സ്‌കേപ്പിലൊക്കെ ഏർളി വാണിങ്ങ് സിസ്റ്റംസ് പ്രവർത്തിക്കുന്നുണ്ട്. അതായത്, ആനകൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ ആനയുടെ സാന്നിധ്യം ഒരാൾ കണ്ടെത്തിയാൽ അത് മൊബൈലിലൂടെ മറ്റുള്ളവരെ അറിയിക്കുന്ന പരിപാടിയാണിത്. വയനാടിന്റെ ഒരു പ്രത്യേക ജിയോഗ്രഫി, ലാൻഡ് കവർ വെച്ചിട്ട് ഇത് നടപ്പിലാക്കുന്നതിന് ചില ബുദ്ധിമുട്ടുകളുണ്ട്. ചില സാഹചര്യങ്ങളിൽ വനം വകുപ്പിന് ചില ഇടപെടലുകൾ നടത്താം. തണ്ണീർകൊമ്പൻ മാനന്തവാടിയിൽ വന്ന സമയത്ത് ആനയെ കാണാൻ നിരവധി പേർ തടിച്ചുകൂടിയിരുന്നു. ആളുകളെ മാറ്റിനിർത്തിത്തന്നാൽ ആനയെ തളച്ച് കാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് അന്ന് അവിടെയുണ്ടായിരുന്ന ഒരു വാച്ചർ പറഞ്ഞത് കേട്ടിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ മാറിനിന്ന് ഇടപെടാതിരിക്കാൻ ശ്രമിക്കണം. വയനാട്ടിൽ മദ്യപാനം കൂടിയതും അപകടങ്ങൾകൾ കൂടാൻ കാരണമാകുന്നുണ്ട്. കാട്ടിലൂടെ മദ്യപിച്ച് നടക്കുമ്പോൾ ഒരു വന്യജീവി വന്നുകഴിഞ്ഞാൽ അതിനെ പ്രതിരോധിക്കാനുള്ള ബോധം ഇവർക്ക് ഉണ്ടാകണമെന്നില്ല. അങ്ങനെ മരിച്ച ഒന്നു രണ്ട് ആളുകളെ എനിക്കറിയാം. സങ്കീർണമാണ് പ്രശ്നങ്ങൾ.
ആനകൾക്ക് റേഡിയോ കോളർ വെച്ച് വിടുന്ന ഏർപ്പാടുണ്ടല്ലോ. അത്തരത്തിൽ റേഡിയോ കോളർ ധരിച്ച ആനയാണ് കഴിഞ്ഞ ദിവസം നാട്ടിലിറങ്ങി പ്രശ്‌നമുണ്ടാക്കിയത്. എന്തുകൊണ്ടാണ് ഈ ആനയെ ട്രാക്ക് ചെയ്യുകയും ജനങ്ങളെ അറിയിക്കാനും കഴിയാതിരുന്നത് ? അത് വനം വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ അബദ്ധമല്ലേ?
അങ്ങനെ പറയാൻ പറ്റില്ല. റീ ലൊക്കേഷൻ്റെ ഒരു പ്രശ്നം പറയാം. ഹാസൻ എന്ന സ്ഥലത്ത് നാട്ടിൽ ഇറങ്ങിനടന്നിരുന്ന ആനകളെ പിടിച്ച് ബന്ദിപ്പൂരിൽ റീലിസ് ചെയ്യുകയാണുണ്ടായത്. ആനകൾ തിരിച്ചുപോകുന്ന സമയത്ത് ചില സ്വഭാവങ്ങളൊക്കെ കാണിക്കും. വാണ്ടറേഴ്‌സ്, ഹോമേഴ്സ്, സെറ്റിലേഴ്‌സ് എന്നൊക്കെയുള്ള സ്വഭാവ സവിശേഷതകളുള്ള ആനകളുണ്ട്. 2011- ൽ ശ്രീലങ്കയിൽ ഫെർനാർണ്ടോ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തുന്നത്. ഇതിനായി പതിനാറ് കൊമ്പനാനകളെ, കോളർ ചെയ്തിട്ട് വേറെ ഒരു സ്ഥലത്ത് റിലീസ് ചെയ്ത് പഠിച്ചു. ഇതിൽ രണ്ട് ആനകൾ ചത്തു പോയി. ചില ആനകൾ റിലീസ് ചെയ്ത സ്ഥലത്തു തന്നെ നിൽക്കുന്നത് കണ്ടെത്തി. അവരാണ് സെറ്റിലേഴ്‌സ്. ഹോമേഴ്സ് വിഭാഗത്തിൽപ്പെട്ടവർ തിരിച്ചുപോകാൻ ശ്രമം നടത്തിക്കൊണ്ടിരിക്കും. വാണ്ടറേഴ്‌സ് വിഭാഗത്തിൽപ്പെട്ട ആനകൾ അലഞ്ഞുതിരിഞ്ഞു നടക്കും. ഇപ്പോൾ സംഭവിച്ചത് ഒരു പക്ഷേ ബന്ദിപ്പൂരിൽ റിലീസ് ചെയ്ത ആനകൾ തിരിച്ചുപോകാനുള്ള ശ്രമങ്ങൾ നടത്തുന്നതായിരിക്കാം.
നേരത്തെ ആനകളുടെ ഓർമ്മകളെക്കുറിച്ച് ചോദിച്ചിരുന്നല്ലോ. ചിലപ്പോൾ അവരുടെ ഏതോ ഒരു തലമുറയിലെ ആന, ഈ കാട് ഉപയോഗിച്ചിരുന്നിരിക്കാം. ഇതെല്ലാം ഒറ്റ ലാൻ്റ്സ്കേപ്പിൻ്റെ ഭാഗമാണ്. രണ്ട് ആനകളും വയനാട് വഴിയാണ് വന്നിരിക്കുന്നത്. വയനാടുമായി അവർക്ക് കണക്ഷനുകളുണ്ട്. അങ്ങനെയൊക്കെ നമ്മൾ ചിന്തിക്കണമല്ലോ. റേഡിയോ ടെലിമെറ്ററി കോണ്ടക്സ്റ്റിലേക്ക് വരികയാണെങ്കിൽ, ആനകളുടെ ലൊക്കേഷനറിയാനും പഠനത്തിനും വേണ്ടിയാണ്. ഈ കോളേഴ്‌സ് പല കമ്പനികളിൽ നിന്നാണ് മേടിക്കുന്നത്. ആഫ്രിക്കൻ വൈൽഡ് ലൈഫ് ട്രാക്കിങ്ങ് കമ്പനിയാണ് ഈ ആനകളുടെ കോളർ ഉണ്ടാക്കിയിരിക്കുന്നത്. എത്ര ഫ്രീക്വൻസിയിൽ ലൊക്കേഷൻ കിട്ടണമെന്ന് തീരുമാനിക്കുക ഈ കമ്പനികളാണ്. കർണ്ണാടക സ്റ്റേറ്റിന്റെ കൈയ്യിലാണ് ഇത് സംബന്ധിച്ച രേഖകൾ. അവർക്കാണ് ആ ഡാറ്റ മാനേജ് ചെയ്യാൻ പറ്റുക. അവർ ചിലപ്പോൾ ഈ വിവരങ്ങൾ കേരള സ്റ്റേറ്റുമായി പങ്കുവെക്കാൻ തയ്യാറാകണമെന്നില്ല. അതെല്ലാം ചില കൺഫ്യൂഷൻസ് ഉണ്ടാക്കിയിട്ടുണ്ടാവാം.
ഫോറസ്റ്റ് വാച്ചേഴ്‌സ, ബീറ്റ് ഫോറസ്റ്റ് ഓഫീസേഴ്‌സ് തുടങ്ങിയ ഗ്രൗണ്ട് സ്റ്റാഫിന്റെ എണ്ണം തീർച്ചയായും കൂട്ടേണ്ടതുണ്ട്. പ്രത്യേകിച്ച് വയനാട് പോലെ ഒരു സ്ഥലത്ത്.
ഞാൻ മനസ്സിലാക്കിയിടത്തോളം വനം വകുപ്പുകാർ വളരെ സത്യസന്ധമായിട്ടാണ് പണിയെടുത്തിട്ടുള്ളത്. നാട്ടുകാർ എണീക്കുന്നതിന് മുമ്പ് ആനയെ ഡ്രൈവ് ചെയ്ത് കാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. അതിനിടയിൽ എങ്ങനെയോ ആണ് ഇത് സംഭവിച്ചുപോയത്. ആന ഒരുപാട് പടിഞ്ഞാറൻ ഭാഗത്തേക്ക് പോയിരുന്നു. അവിടെ നിന്ന് ഡ്രൈവ് ചെയ്ത് കൊണ്ടുവരുന്ന വഴിയാണ് എൻകൗണ്ടർ നടക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ചും അപ്രതീക്ഷിതമായ എൻകൗണ്ടാറായിരുന്നു ഇത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ സംഭവത്തിൽ അവരാൽ കഴിയുന്നതിന്റെ മാക്‌സിമം ശ്രമിച്ചിട്ടുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.
ഈ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ രാഷ്ട്രീയക്കാരും പൊതുജനങ്ങളുമെല്ലാം വലിയ രീതിയിൽ കുറ്റപ്പെടുത്തിയിരുന്നു. അവർ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട ഒരു തൊഴിലാണ്. പക്ഷേ അവർ ചെയ്യുന്ന കാര്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. അവരുള്ളതുകൊണ്ടാണ് കാട് കത്താതെ കിടക്കുന്നത്. പക്ഷേ അവരുടെ ജോലിചെയ്യാനുള്ള മാനസികാവസ്ഥയെ വരെ ഇല്ലാതാക്കുന്ന പെരുമാറ്റമാണിത്. ജനങ്ങളുമായി വളരെയധികം അടുത്ത് ഇടപെടുന്ന തൊഴിലാണിത്. വനം വകുപ്പിൽ പ്രവർത്തിക്കുന്ന നിരവധിയാളുകളെ നേരിട്ട് കണ്ടു പരിചയമുണ്ട്. തണ്ണീർകൊമ്പന് എന്തെങ്കിലും സംഭവിക്കണമെന്ന് കരുതിയല്ല ആനയെ വനംവകുപ്പ് ജീവനക്കാർ, ട്രയാങ്കുലൈസ് ചെയ്തത്. അവിടുത്തെ ആളുകൾക്ക് പ്രശ്‌നമുണ്ടാകരുതെന്ന് വിചാരിച്ച്, കൂട്ടമായ തീരുമാനത്തിന്റെ പുറത്താണ് അങ്ങനെ ചെയ്യുന്നത്. ഇതിനുശേഷം എല്ലാവരും അയാളെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തു, അത് ശരിയല്ല. താൽക്കാലിക ജീവനക്കാരനാണ്. ഈ ആളുകളെയല്ലാം സ്ഥിരപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
വകുപ്പ് ജീവനക്കാരുടെ എണ്ണം പര്യാപ്തമാണോ?
ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂട്ടേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഫോറസ്റ്റ് വാച്ചേഴ്‌സ, ബീറ്റ് ഫോറസ്റ്റ് ഓഫീസേഴ്‌സ് തുടങ്ങിയ ഗ്രൗണ്ട് സ്റ്റാഫിന്റെ എണ്ണം തീർച്ചയായും കൂട്ടേണ്ടതുണ്ട്. പ്രത്യേകിച്ച് വയനാട് പോലെ ഒരു സ്ഥലത്ത്. കാരണം ഒരു രാത്രി തന്നെ പത്ത്- ഇരുപത് സ്ഥലത്ത് ആനയിറങ്ങാൻ സാധ്യതയുണ്ട്. അതൊക്കെ മാനേജ് ചെയ്യാൻ ആളു വേണമല്ലോ. തിരുനെല്ലി മുതൽ ചെതലയം റേഞ്ച് വരെയുള്ള ഭാഗം കാടുകളാണ്. നാടാണ് അതിരായിട്ടുള്ളത്. അതിൽ എവിടെയാണ് ആനയിറങ്ങുകയെന്നത് ആർക്കും പ്രവചിക്കാൻ പോലുമാകില്ല. ആനയിറങ്ങുന്ന സ്ഥലങ്ങളെല്ലാം ചതുപ്പുകളും കാപ്പിത്തോട്ടങ്ങളും കവുങ്ങുകളുമാണ്. അതിനുള്ളിൽ ആനയിറങ്ങിയാൽ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. അങ്ങനെയാണ് അപകങ്ങളും മരണങ്ങളുണ്ടാകുന്നത്. സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കി തന്നെ വനംവകുപ്പ് ജീവനക്കാരുടെ എണ്ണം കൂട്ടാനും സേവനങ്ങൾ ഉറപ്പാക്കാനും സർക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.