ഇടതൂർന്ന മരങ്ങളുള്ള സ്വച്ഛമായ ഒരിടം എന്നതിനപ്പുറം വനത്തിന് വലിയ പ്രാധാന്യമാണുള്ളത്. ലക്ഷക്കണക്കിന് ജീവിവർഗ്ഗങ്ങളുടെ ആവാസകേന്ദ്രം എന്നതും, മനുഷ്യരുൾപ്പെടെയുള്ളവർക്ക് വാസസ്ഥലവും, ജീവിക്കാനുള്ള ഫലവും, ഔഷധവും ഒക്കെ നൽകുന്നതും വനങ്ങളാണ്. വനത്തിന്റെ സ്വച്ഛതയിൽ നിശ്ശബ്ദമായിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിലേക്കാണ് ഇത്തവണത്തെ വനദിനം ശ്രദ്ധയൂന്നുന്നത്. ഈ വർഷത്തെ വനദിനത്തിന്റെ തീം ആയ 'Forests and Economies' വനത്തിന്റെ അത്തരമൊരു സാമ്പത്തികസാധ്യതകളിലേക്കാണ് ലോകശ്രദ്ധയെ ക്ഷണിക്കുന്നത്.
സമ്പദ്‌വ്യവസ്ഥയുടെ സമൃദ്ധിയിൽ വനം വഹിക്കുന്ന പങ്കിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. വനത്തിൽനിന്ന് ലഭിക്കുന്ന വരുമാനം, തൊഴിൽ, വനത്തിൽനിന്നും ലഭിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ എന്നതിനപ്പുറം കുടുംബം, സമൂഹം എന്നിവയുടെ ഉന്നമനത്തിനുതകുന്ന കാർഷികാഭിവൃത്തി, ആരോഗ്യകരമായ നീർത്തടങ്ങളുടെ സംരക്ഷണം എന്നിവയൊക്കെ ഇന്ന് വനത്തിന്റെ അഭിവൃദ്ധിയിലൂടെ നമുക്ക് പ്രാപ്യമാക്കാൻ കഴിയുന്നുണ്ട്.
എന്നാൽ വനത്തിന്റെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്ന ചോദ്യം ഇന്ന് ഏറെ പ്രസക്തമാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും പച്ചപ്പിന്റെ ആർദ്രതയും കൊതിക്കുന്ന ഒരു പരിവർത്തനകാലത്തിന്റെ ഉൽപ്പന്നങ്ങളാണ് ഈ തലമുറ എന്നത് നമുക്ക് ഒരേസമയം വെല്ലുവിളിയും, ഭാരമേറിയ ഉത്തരവാദിത്തവുമാണ് നൽകുന്നത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തണ്ണീർത്തടങ്ങൾ, ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങൾ, ഏറെ പ്രാധാന്യമേറിയ നമ്മുടെ വനങ്ങൾ, ഇവയെല്ലാം തീരാനഷ്ടങ്ങളായി മാറാതിരിക്കാൻ നാം ഉണരേണ്ടതിന്റെ ഉത്‌ഘോഷമാണ് ഈ വനദിനത്തിന്റെ പ്രസക്തി. അത്തരം നഷ്ടപ്പെടലുകളിൽനിന്ന് ഒരു തിരിച്ചുവരവിന്റെ പാത വെട്ടിത്തെളിച്ച് നാശത്തിന്റെ വക്കിൽനിന്ന് ജീവജാലങ്ങൾക്ക് ഒരു യൂ-ടേൺ സമ്മാനിക്കാനുള്ള ശ്രമമാവണം വനത്തിന്റെ ആഘോഷങ്ങൾക്കു പിന്നിൽ.

ഭൂമിയുടെ ശ്വാസകോശമായിരുന്ന ആമസോൺ മഴക്കാടുകളുടെ വലിയൊരു ഭാഗം ഓർമ്മയായ സംഭവം കുറച്ചു വർഷങ്ങൾക്കുമുമ്പാണല്ലോ ഉണ്ടായത്. അതുപോലെ വലുതും ചെറുതുമായ നൂറുകണക്കിന് കാടുകളാണ് ഭൂഗോളത്തിൽ ഓരോ ദിവസവും നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അന്തരീക്ഷമലിനീകരണം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തവിധം വർധിച്ചുകൊണ്ടിരിക്കുന്ന ഈയവസരത്തിൽ ജീവജാലങ്ങൾക്ക് ശ്വാസവായു ലഭ്യമാക്കാൻ വനങ്ങൾ വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതില്ലല്ലോ. ആ വനങ്ങൾ കൂടി ഇല്ലാതാക്കിക്കൊണ്ടിരുന്നാൽ നാളെ നാം അഭിമുഖീകരിക്കാൻ പോകുന്ന ഭവിഷ്യത്തുകൾ ഒരുപക്ഷേ മുൻകൂട്ടി കാണുന്നതിനേക്കാൾ ഭീകരമായിരിക്കും എന്നതിൽ സംശയമില്ല.
ലോകത്തിന്റെ കരഭാഗത്തിന്റെ മൂന്നിൽ ഒരു ഭാഗം വനമാണ്. മാത്രമല്ല, ലോകത്തിലുള്ള പകുതിയോളം സസ്യങ്ങളും, മൃഗങ്ങളും വനങ്ങളിലാണ് കാണപ്പെടുന്നത്. നമുക്ക് ലഭ്യമാകുന്ന ഔഷധത്തിന്റെ കാൽഭാഗവും ട്രോപ്പിക്കൽ വനങ്ങളിലെ ഔഷധസസ്യങ്ങളിൽ നിന്നാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. മാത്രമല്ല, പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ് ഇവയൊക്കെ കൂടുതലായുള്ള പരിപ്പുവർഗങ്ങൾ, പഴങ്ങൾ, വിത്തുകൾ ഇവയൊക്കെ വനങ്ങളിൽ നിന്നാണ് പ്രധാനമായും ലഭിക്കുന്നത്.
വനത്തിലെ മരങ്ങൾ വലിച്ചെടുക്കുന്ന ജലത്തിന്റെ 95% വരെ തിരികെ നൽകാൻ മരങ്ങൾ കാരണമാകുകയും ചെയ്യുന്നു. ജലത്തെ മണ്ണിൽത്തന്നെ പിടിച്ചുനിർത്തുകവഴി മണ്ണൊലിപ്പ് കുറയ്‌ക്കാനും പിന്നീട് ആ ജലം അന്തരീക്ഷത്തിലേക്കുതന്നെ നല്കുകവഴി അതിനുചുറ്റും ഒരു തണുത്ത അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ വനവും ജലവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ഭാഗമായാവണം യാദൃച്ഛികമായിട്ടെങ്കിലും അടുത്തടുത്ത ദിവസങ്ങളിൽ തന്നെ വനദിനവും, ജലദിനവും ആഘോഷിക്കുന്നതും.

വനത്തിന്റെ പ്രാധാന്യം വനദിനത്തിൽ മാത്രം സ്മരിക്കേണ്ടതല്ല, പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും നാം അത് പകർന്നു നൽകേണ്ടതുണ്ട്. പുതിയ തലമുറ അത്തരമൊരു താൽപ്പര്യം കാണിക്കുന്നുണ്ട് എന്നത് ആശാവഹമാണ്. അത്തരത്തിൽ വനത്തിന്റെ വന്യതയും ശാന്തതയും ജീവിതത്തിന്റെ കൂടി ഭാഗമാക്കാൻ കഴിഞ്ഞാൽ ഒരുപക്ഷെ നമുക്കിനിയും സ്വപ്നം കാണാൻ അവസരമുണ്ട്. ഹരിതാഭയാർന്ന, ജീവവായു നിറഞ്ഞ ഭൂമിയെ കൺകുളിർക്കെ കാണാനെങ്കിലും.

