കഴിഞ്ഞ അഞ്ചു വർഷത്തെ ആഗോള കാർബൺ പുറന്തള്ളളിന്റെ അളവ് പരിശോധിച്ചാൽ, താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുന്നതുമായി ഒരു തരത്തിലും അത് പൊരുത്തപ്പെടുന്നില്ല എന്നു മാത്രമല്ല, വർദ്ധിക്കുന്ന താപനില മൂലം ഉണ്ടാകാവുന്ന പ്രതിസന്ധികളെ മറികടക്കാനോ പ്രതിരോധിക്കാനോ ഉള്ള നടപടികളുടെ കാര്യത്തിലും പിന്നാക്കം തന്നെ. വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും, ആവയ്ക്കായി നൽകുന്ന പിന്തുണയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അന്തരം വ്യക്തമാക്കിയ സ്റ്റോക്ക്ടേക് പ്രക്രിയ തുറന്നുകാട്ടുന്നത് കാലാവസ്ഥാനീതിയെ (Climate Justice) മുന്നിർത്തി മുൻസമ്മേളനങ്ങൾ നടത്തിയ പൊള്ളയായ വാഗ്ദാനങ്ങളെ കൂടി ആണ്.
‘ഫോസിൽ ഇന്ധന യുഗത്തിന്റെ ഒടുക്കത്തെ മുൻനിർത്തിയാൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. പക്ഷേ, ഈ തീരുമാനങ്ങൾ (ഫോസിൽ യുഗത്തിന്റെ) അവസാനത്തിന്റെ തുടക്കമാണ്... കാരണം, ഇനിയങ്ങോട്ട് എല്ലാ സർക്കാരുകളും വ്യാപാരങ്ങളും ഈ പ്രതിജ്ഞകളെ കാലതാമസമില്ലാതെ, യഥാർത്ഥ സാമ്പത്തിക ഫലങ്ങളാക്കി മാറ്റിയെ തീരൂ.’
യു.എൻ. കാലാവസ്ഥാ വ്യതിയാന എക്സിക്യൂട്ടീവ് സെക്രട്ടറി, സൈമൺ സ്റ്റീൽ തന്റെ സമാപന പ്രസംഗത്തിൽ പറഞ്ഞ ഈ പ്രസ്താവന ദുബായിൽ നടന്ന കലാവസ്ഥാ സമ്മേളനത്തിന്റെ തീരുമാനങ്ങളെ, അവയുടെ സ്വഭാവത്തെ, പോരായ്മകളെ, കൃത്യമായി വരച്ചിടുന്നതാണ്. ഖനിജ ഇന്ധനങ്ങൾ (fossil fuels) കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു, അതുകൊണ്ട് അവയിൽ നിന്നും ഫോസ്സിൽ - ഇതര ഊർജ സ്രോതസ്സുകളിലേക്ക് പരിവർത്തനം (transition) ചെയ്യണ്ടതിന്റെ പ്രാധാന്യം കാലാവസ്ഥാ സമ്മേളന രേഖകളിൽ, പ്രേത്യേകിച്ച് തീരുമാനങ്ങളിൽ ഇടം നേടാൻ കുറച്ചധികം കാത്തിരിക്കേണ്ടി വന്നു. വൈകിയ വേളയിൽ വന്ന ഈ തിരിച്ചറിവ് കാലാവസ്ഥാ ക്ഷതസാധ്യത ഉള്ള രാജ്യങ്ങളെയും, അവിടുത്തെ ജനങ്ങളുടെ ജീവിത സമരങ്ങളേയും ഏതെങ്കിലും വിധത്തിൽ ബാധിക്കാനുള്ള സാധ്യത തുലോം കുറവ്. എന്നിരുന്നാലും ധാരാളം പണവും വിഭവങ്ങളും ചിലവഴിച്ചു നടന്ന ഈ സമ്മേളനത്തിലെ ചില പ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും വിശകലനം ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ഗ്ലോബൽ സ്റ്റോക്ക് ടേക്കും (Global Stocktake) മറ്റ് തീരുമാനങ്ങളും
COP-28-ൽ നിന്നുമുരുത്തിരിഞ്ഞ തീരുമാനങ്ങളെ ഇനിപ്പറയുന്ന വിഭാഗങ്ങളിൽ തരംതിരിക്കാം: (1) ഗ്ലോബൽ സ്റ്റോക്ക് ടേക് (2) നാശ നഷ്ടങ്ങൾ പരിഹരിക്കുന്നതിനുള്ള ഫണ്ട് (3) ഹരിത പ്രതിജ്ഞ (4) ആരോഗ്യ പ്രതിജ്ഞ (5) കാലാവസ്ഥാ ധനകാര്യം പിന്നെ (6) ഖനിജ ഇന്ധന ഉപയോഗത്തെ കുറിച്ചുള്ള തീരുമാനങ്ങൾ. ഇതിൽ COP-27-ൽ നിന്നും ഏറെ വ്യത്യസ്തമായി ഉയർന്നു വന്ന ഗ്ലോബൽ സ്റ്റോക്ക്‌ടേക്, കാലാവസ്ഥാ - ആരോഗ്യ കരാർ, ഫോസ്സിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിൽ വരുത്തേണ്ട നിയന്ത്രണങ്ങൾ എന്നിവയാണ്.
യോഗത്തിലെ സുപ്രധാന നടപടികളിൽ ഒന്ന് (Decision19/CMA) പാരീസ് ഉടമ്പടിയിൽ (2016) പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു വേണ്ടി ലോകരാഷ്ട്രങ്ങൾ കൈക്കൊണ്ട പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുക എന്നതായിരുന്നു. അതിനുള്ള വഴികൾ നിർവചിക്കുകയും, നടപ്പിലാക്കുകയും ചെയ്തത് ഗ്ലോബൽ സ്റ്റോക്ക് ടേക്കിലൂടെ ആയിരുന്നു. കാലാവസ്ഥാ പ്രവർത്തനത്തിലും പിന്തുണയിലും ലോകം എവിടെയാണ് നിൽക്കുന്നത് എന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കുക, വിടവുകൾ തിരിച്ചറിയുക, കാലാവസ്ഥാ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് ഗതി നിർണ്ണയിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുക എന്നിവയാണ് ഇതിന്റെ ഉദ്ദേശ്യങ്ങൾ. പാരിസ് കരാർ നടപ്പിലാക്കുന്നതിൽ നാം പാടേ പരാജയപ്പെട്ടു എന്നാണ് ഈ കണക്കെടുപ്പ് കാണിച്ചു തരുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തെ ആഗോള കാർബൺ പുറന്തള്ളളിന്റെ അളവ് പരിശോധിച്ചാൽ, താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുന്നതുമായി ഒരു തരത്തിലും അത് പൊരുത്തപ്പെടുന്നില്ല എന്നു മാത്രമല്ല, വർദ്ധിക്കുന്ന താപനില മൂലം ഉണ്ടാകാവുന്ന പ്രതിസന്ധികളെ മറികടക്കാനോ പ്രതിരോധിക്കാനോ ഉള്ള നടപടികളുടെ കാര്യത്തിലും പിന്നാക്കം തന്നെ. വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും, ആവയ്ക്കായി നൽകുന്ന പിന്തുണയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അന്തരം വ്യക്തമാക്കിയ സ്റ്റോക്ക്ടേക് പ്രക്രിയ തുറന്നുകാട്ടുന്നത് കാലാവസ്ഥാനീതിയെ (Climate Justice) മുന്നിർത്തി മുൻസമ്മേളനങ്ങൾ നടത്തിയ പൊള്ളയായ വാഗ്ദാനങ്ങളെ കൂടി ആണ്.
വൈകി വന്ന വെളിപാട്? ഖനിജ ഇന്ധനങ്ങളും കാലാവസ്ഥാ വ്യതിയാനവും
കാലാവസ്ഥാ വ്യതിയാനം മൂലം രൂക്ഷമായ പ്രകൃതി ദുരന്തങ്ങൾ ലോകമാകെ നാശം വിതയ്ക്കുന്ന ഒരു കാലഘട്ടത്തിൽ അരങ്ങേറുന്ന ഓരോ സമ്മേളനങ്ങളിൽ നിന്നും ഉച്ചകോടികളിലും നിന്നും പ്രതീക്ഷിക്കുന്നത്, പതിറ്റാണ്ടുകളായി ലോകത്തിന് മുന്നിൽ ഉണ്ടായിരുന്ന വസ്തുതകളുടെ ആവർത്തനം അല്ല എന്ന വാദം ആഗോള നിരീക്ഷകരുടെയും സംഘടനകളുടെയും ഇടയിൽ ശക്തമാണ്. മറിച്ച്, ഈ വസ്തുതകൾ മുൻനിരത്തി ഡീകാർബണൈസേഷൻ (decarbonization) ത്വരിതപ്പെടുത്താനും, ഫോസിൽ ഇന്ധനങ്ങളിൽ നിന്നും പൂർണമായി മാറിയൊരു ഊർജ-ക്രമത്തിലേക്ക് (energy regime) അടിയന്തരമായി പരിവർത്തനം നടത്താനും വേണ്ട കൃത്യമായ പ്രവർത്തന പദ്ധതി രൂപീകരിച്ചും അവ കർശനമായി പാലിക്കുവാൻ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു കൊണ്ടും ആവണം കാലാവസ്ഥാ പ്രതിസന്ധി അല്ലെങ്കിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ (climate crisis/climate emergency) മൂർച്ഛിച്ച ഈ കാലഘട്ടത്തിന്റെ പ്രതികരണം എന്നത് തികച്ചും ന്യായമാണ്.
എന്നാൽ, ഇത്രനാളും അധികാര കേന്ദ്രങ്ങളിൽ നിന്നും മനപ്പൂർവം ഒഴിവാക്കിയ ഖനിജ ഇന്ധനങ്ങൾ കോപ്-28 ൽ അടിമുടി നിറഞ്ഞു നിലക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. എണ്ണ കുത്തകകളുടെയും ലോബികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആണ് അദ്ധ്യക്ഷൻ, സുൽത്താൻ അഹമ്മദ് അൽ ജാബെർ (Sultan Ahmed Al-Jabar), സമ്മേളനത്തിലൂടെ ശ്രമിക്കുന്നത് എന്ന വിമർശനം സജീവമാണ്. കാലാവസ്ഥാ വ്യതിയാനത്തിനായുള്ള യുഎഇ പ്രത്യേക ദൂതൻ, വ്യവസായ, നൂതനസാങ്കേതിക മന്ത്രി എന്നീ ചുമതലകൾക്ക് പുറമേ Adnoc (Abudabi National Oil Company) എന്ന എണ്ണ കമ്പനിയുടെ സി. ഇ. ഓ (CEO) കൂടി ആണ് എന്നത് ഇത്തരം വാദങ്ങൾക്ക് സാധുത നല്കുന്നു. ''കാലാവസ്ഥാ ഉച്ചകോടിയെ മറിയാക്കി വിദേശ സർക്കാർ ഉദ്യോഗസ്ഥരുമായി എണ്ണ വ്യാപാരം നടത്താൻ കാലാവസ്ഥാ കോപ്പ്-28 അധ്യക്ഷൻ ശ്രമിച്ചു'' എന്നാരോപിച്ച് സെന്റർ ഫോർ ക്ലൈമറ്റ് റിപ്പോർടിങ്ങിനെ ഉദ്ധരിച്ച് ഡെമൊക്രസി നൌ (Democracy Now) രംഗത്ത് വന്നിരുന്നു. ''ലോകത്തിലെ ഏറ്റവും കുറഞ്ഞ കാർബൺ-തീവ്രതയുള്ള (carbon intensity) എണ്ണ-വാതക ഉൽപ്പാദകരുടെ മുൻനിരയിൽ'' എന്നു സ്വയം വിശേഷിപ്പിക്കുന്ന, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സ്റ്റേറ്റ് ഓയിൽ കമ്പനിയായ, അഡ്നോക്കിന്റെ തലവനെ ഉച്ചകോടി നയിക്കാൻതിരഞ്ഞെടുത്തത് ന്യായമായും ഇതിനെ കൃത്യമായി പിന്തുടരുന്നവരുടെ ഇടയിൽ വിവാദങ്ങളും സംശയങ്ങളും ഉയർത്തി. പോരാത്തതിന് ഖനിജ മൂലധനം അരക്കിട്ടുറപ്പിച്ചാണ് ഈ സമ്മേളനത്തിന് വേദിയൊരുക്കുന്നതും എന്നത് ഈ വിരോധാഭാസത്തിന് ആക്കം കൂട്ടി.
സമ്മേളനത്തിന് മുന്നോടിയായി നടത്തുന്ന (Pre-COP) ഉഭയകക്ഷി ചർച്ചകളെ (bilateral meetings) ചുറ്റിപ്പറ്റിയും ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. സെന്റർ ഫോർ ക്ലൈമറ്റ് റിപ്പോർടിങ്ങും (CCR), ബി. ബി. സി യും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ലഭിച്ച (leaked) രേഖകൾ പ്രകാരം വിദേശ രാജ്യങ്ങളുമായി നടത്തിയ ചർച്ചകളിൽ ഫോസിൽ ഇന്ധനങ്ങളുടെ കച്ചവട-വിനിമയ സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്തതായി വ്യക്തമാകുന്നു. കൂടാതെ എല്ലാ മീറ്റിംങ്ങുകളിലും അഡ്നോക്കിനെയും (Adnoc) മസ്ദർനെയും (Masdar, Emirati-state owned renewable energy company) ഉൾപ്പെടുത്താൻ ഇ-മെയിലുകൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും, ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ ചർച്ചയ്ക്ക് വേണ്ടുന്ന കുറിപ്പുകളുമായി COP28 സ്റ്റാഫിനെ ബന്ധപ്പെട്ടതായും ഈ റിപ്പോർട്ടുകൾ ആരോപിക്കുന്നു.
തൊഴിലാളിയെ മറക്കുന്ന കാലാവസ്ഥാ-ആരോഗ്യ കരാർ
കാലാവസ്ഥാ-ആരോഗ്യ കരാറാണ് സമ്മേളനത്തിൽ നിന്നു ഉണ്ടായി വന്ന മറ്റൊരു പ്രധാന ഇടപെടലായി കണക്കാക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധി ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതിനെ തിരിച്ചറിഞ്ഞ്, അത്തരം ആഘാതങ്ങളെ കുറയ്ക്കാനായി എടുക്കേണ്ടുന്ന നടപടികൾ ഇതിന്റെ ഭാഗം ആവുന്നു. എന്നാൽ ILO പോലെ ഉള്ള സംഘടനകളും, ആഗോള ട്രേഡ് യൂണിയൻ സംഘങ്ങളും വർഷങ്ങളായി ഉയർത്തുന്ന വിഷയമാണ് കാലാവസ്ഥാ വ്യതിയാനവും തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളും, പ്രേത്യേകിച്ച് ഉയരുന്ന താപനിലയും അതുമൂലം ഉണ്ടാകുന്ന ഉഷ്ണം മൂലമുണ്ടാവുന്ന സമ്മർദങ്ങളും സംബന്ധിച്ച്. എന്നാൽ തൊഴിൽ, തൊഴിലാളികൾ എന്ന പദങ്ങളെ പാടേ ഒഴിവാക്കി കോപ്-28 ‘മാതൃക’യായി! ആഗോള തലത്തിൽ പരിസ്ഥിതി-തൊഴിൽ/തൊഴിലാളി പഠനങ്ങൾ (Environmental-Labour Studies) നടത്തുന്ന കൃത്യമായ ഇടപെടലുകളുടെയും ചർച്ചകളുടെയും, കരട് നയങ്ങളുടെയും പശ്ചാത്തലത്തിൽ, പൊതു യുക്തിയിൽ നിന്നുണ്ടായ വാചാടോപ ആഹ്വാനങ്ങൾ മാത്രമായി ഈ കരാർ ഒതുങ്ങുന്നു.
ഈ കരാർ ഒപ്പിടുന്നതിൽ നിന്നും വിട്ടു നിന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആസ്പത്രികളിൽ ഉപയോഗിക്കുന്ന ശീതീകരണ യന്ത്രങ്ങളിൽ കാർബൺ ഇതര ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കണം എന്ന നിബന്ധനയാണ് ഇന്ത്യയെ ഇതിൽ നിന്നും വിട്ടു നിൽക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ 2030-ഓടെ കാർബൺ പുറന്തള്ളൽ തീവ്രത 45 ശതമാനം കുറയ്ക്കുക, ഖനിജ-ഇതര ഇന്ധനത്തിന്റെ വിഹിതം 50 ശതമാനമായി ഉയർത്തുക എന്നീ ലക്ഷ്യങ്ങൾ ഇന്ത്യ അംഗീകരിച്ചു. മറ്റെല്ലാ തവണത്തെയും പോലെ കാലാവസ്ഥാ നീതി, ചരിത്രപരമായ ഉത്തരവാദിത്തം തുടങ്ങിയ ആശയങ്ങൾ ആവർത്തിക്കാൻ നമ്മൾ മറന്നില്ല എന്നു മാത്രമല്ല കൽക്കരി പൂർണമായി ഒഴിവാക്കുന്നത് താപ നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും എന്നു ചൂണ്ടി കാട്ടി, കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള ലക്ഷ്യം 2070-ൽ നിന്ന് പിറകിലേക്ക് മാറ്റാന് ഇന്ത്യ തയ്യാറായില്ല.
''കഴിഞ്ഞ നൂറ്റാണ്ടിലെ തെറ്റുകൾ തിരുത്താൻ നമുക്ക് അധികം സമയമില്ല. മനുഷ്യരാശിയിലെ ഒരു ചെറിയ വിഭാഗം പ്രകൃതിയെ വിവേചനരഹിതമായി ചൂഷണം ചെയ്തു. എന്നാൽ മുഴുവൻ മനുഷ്യരാശിയും അതിന്റെ വില നൽകുന്നു, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിലെ നിവാസികൾ. 'എന്റെ ക്ഷേമം മാത്രം' എന്ന ഈ ചിന്ത ലോകത്തെ ഇരുട്ടിലേക്ക് കൊണ്ടുപോകും.'' ഈ വാക്കുകൾ ഒരു ഉത്തരാധുനിക, പോസ്റ്റ് കൊളോണിയൽ നിരീക്ഷക/ൻ പറഞ്ഞതാണ് എന്നു തെറ്റിദ്ധരിക്കാൻ എളുപ്പമാണ്, പക്ഷേ ഇത് പറഞ്ഞത് ഇന്ത്യൻ പ്രധാന മന്ത്രി ആണ് എന്നത് മറ്റൊരു കോപ്-28 തമാശ. എല്ലാ നൂറ്റാണ്ടിലെയും ഭരണപരമായ തെറ്റുകൾ രാജ്യാതിർത്തിക്കുള്ളിൽ തിരുത്തുമ്പോൾ സ്വാഭാവികമായും ഭൌമ അതിരുകൾക്കുള്ളിലും ഇത് നടപ്പിലാകണം എന്ന ആഗ്രഹം തികച്ചും ന്യായം!
കാലാവസ്ഥാ ഭാവിയും എണ്ണ കമ്പനികളുടെ ഭൂതവും
കഴിഞ്ഞ മുപ്പതു വർഷത്തിൽ ആദ്യമായി ''ഫോസിൽ ഫ്യൂവൽ'' എന്ന പ്രയോഗം ഔപചാരികമായി കോപ് തീരുമാനങ്ങളിൽ ആദ്യമായി ഇടം നേടി എന്നതുകൊണ്ട് ഇതൊരു വിജയം ആണ് എന്ന് ഉദാരമതികൾ ഒരു വശത്ത് സമാധാനിക്കുമ്പോൾ, കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ വെച്ച് ഖനിജ ഇന്ധന വ്യാപാര കരാറുകൾ ചർച്ച ചെയ്യുന്ന ഈ ഭരണ സംവിധാനം ഒരു പ്രതീക്ഷയ്ക്കും വക നൽകുന്നില്ല എന്ന് വ്യസനിക്കുന്ന ശാസ്ത്ര ലോകത്തെയും, ചെറു ദ്വീപ സമൂഹങ്ങളെയും കണ്ടില്ല എന്നു നടിക്കാൻ കഴിയില്ല. ഇനി പ്രതീക്ഷയ്ക്ക് വക ഉണ്ടെന്ന വിശ്വാസത്തിൽ തീരുമാനങ്ങൾ വിശകലനം ചെയ്താൽ ഖനിജ ഇന്ധനങ്ങളുടെ ഉപയോഗത്തെ മാത്രമേ ഇവിടെ പ്രശ്നവത്കരിക്കുന്നുള്ളൂ എന്ന് കാണാം. അവയുടെ ഉത്പാദനത്തിനോ, വ്യാപാരത്തിനോ യാതൊരു തടസ്സങ്ങളും ഉണ്ടാവില്ല എന്നാണ് കോപ്-28 ന്റെ ഉറപ്പ് (World Resource Institute). മാത്രമല്ല രാഷ്ട്രങ്ങളുടെ മുകളിൽ പരിവർത്തനം എങ്ങനെ നടത്തണം എന്നോ, ഏത് സമയത്തിനകം വേണമെന്നോ യാതൊരു നിബന്ധനകളുമില്ല! മാത്രമല്ല ഈ ഊർജ്ജ പരിവർത്തനത്തിലെ നീതിയുടെ (justice in energy transition) സ്വഭാവത്തെ കുറിച്ച് യാതൊരു ചർച്ചകളും കാണുന്നുമില്ല. ഏക്കർ കണക്കിന് കൃഷിയിടം നികത്തി, കർഷകരെ കുടിയിറക്കി, ഭൂഗർഭ ജലസ്രോതസ്സുകളെ നശിപ്പിച്ച് കർണാടകയിലെ പാവ്ഗാഡയിൽ സോളാർ പാർക്ക് തുടങ്ങിയ പോലെ ആയാലും പരിവർത്തനം ആവും അല്ലേ?
പൂർണമായി ഖനിജ ഇന്ധനങ്ങളിൽ നിന്നു വഴിമാറിയാൽ മാത്രമേ വരുന്ന പ്രതിസന്ധികളെ അല്പമെങ്കിലും നേരിടാൻ ഉള്ള സാധ്യത ലോകത്തിന് മുമ്പിൽ അവശേഷിക്കുന്നുള്ളൂ, അതിനു കൃത്യമായ പദ്ധതി രൂപീകരിക്കുന്നതിൽ ശ്രദ്ധിക്കേണ്ടുന്ന ഇത്തരം ഉച്ചകോടികൾ ഉടമ്പടികളിൽ വെള്ളം ചേർത്തു നേർപ്പിച്ച് തീരുമാനങ്ങളെ വെറും പ്രഹസനമാക്കി മാറ്റുന്നു. കള്ളന്റെ കൈയ്യിൽ ഭദ്രമായി ഏൽപ്പിച്ച താക്കോൽ പോലെ തന്നെ നമ്മുടെ കാലാവസ്ഥാ-ഭാവി (Climate Future) എണ്ണ കമ്പനികളുടെ കൈയ്യിൽ സുഭദ്രം.