കെ. കണ്ണൻ: കോഴിക്കോട് ജില്ലയിലെ ചെക്യാട്, വളയം മലയോര മേഖലയിൽ പ്രകൃതിദുരന്തത്തിന് സാധ്യതയുണ്ടെന്ന് താങ്കളുടെ നേതൃത്വത്തിലുള്ള, സെൻറർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെൻറ് ആൻറ് മാനേജ്മെൻറ് (CWRDM) പഠനസംഘം കണ്ടെത്തിയിട്ടുണ്ടല്ലോ. മേഖലയിലെ മലകളിലുള്ള അസാധാരണമായ വിള്ളലുകൾ, ഉരുൾപൊട്ടലുകളുൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് കാരണമാകുമെന്നാണ് കണ്ടെത്തൽ. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്. പ്രകൃതി- കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടാതെ, മനുഷ്യ ഇടപെടൽ ഇത്തരംഅപകട സാധ്യതകൾക്ക് കാരണമാകുന്നുണ്ടോ? കേരളത്തിലെ മറ്റ് മലയോരമേഖലകളെ പരിശോധിച്ചാൽ സമാനമായ അപകടസാധ്യത എത്രത്തോളമായിരിക്കും?
ഡോ. അരുൺ പി.ആർ : പരാമർശിക്കപ്പെട്ട, കോഴിക്കോട് ജില്ലയിലെ മലയോര മേഖലകൾ, സ്വാഭാവികമായി തന്നെ കേരളത്തിലെ സമാന മലയോര മേഖലകളുമായി വളരെ സാമ്യം പുലർത്തുന്നവയാണ്. ഏകദേശം 40 ഡിഗ്രിക്കടുത്ത് ചെരിവുള്ള മേഖലകളിലാണ്, വളയം പഞ്ചായത്ത് അധികൃതരുടെ ആവശ്യം പരിഗണിച്ച് പരിശോധന നടത്തിയത്. അവിടെയുള്ള പാറകൾ വളരെയധികം വിള്ളലുകൾ നിറഞ്ഞതാണ്. കുത്തനെയുള്ള പല ചെരിവ് മേഖലകളിലും വലിയ പാറക്കല്ലുകൾ സ്വതന്ത്രമായി, താഴേക്ക് ഉരുണ്ടു വരുവാൻ പാകത്തിൽ കാണപ്പെടുന്നു. കൂടുതലും റബ്ബർ മരങ്ങൾ കൃഷി ചെയ്തതായി കാണുന്നുണ്ട്. ഇവയ്ക്കു തായ് വേരുകൾ കുറവായതിനാൽ വലിയ ചെരിവുള്ള പ്രദേശങ്ങളിൽ മണ്ണിനെ പിടിച്ചുനിർത്താൻ ത്രാണി കുറവായിരിക്കും. അതുപോലൊ ഈ പ്രദേശത്ത്മണ്ണിന്റെ കനം തുലോം കുറവുമാണ്. അതികഠിനമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ, കട്ടിയായ പാറയുടെ പുറത്തുള്ള കനം കുറഞ്ഞ മണ്ണുപാളികൾ, ജലപൂരിതമായി, ഭാരം വർദ്ധിച്ച്, ഗുരുത്വാകർഷണത്താൽ തന്നെ താഴേയ്ക്ക് തെന്നിനീങ്ങാൻ സാധ്യത ഏറെയാണ്. വലിയ തായ്വേരുള്ള മരങ്ങളുണ്ടെങ്കിൽ ഇത് ഒരു പരിധിവരെ പിടിച്ചുനിർത്താൻ സാധിച്ചേക്കാം. കൂടുതൽ വിള്ളലുകൾ കാണപ്പെടുന്ന പാറകളാതിനാൽ, അടർന്നുവീഴാനും സാധ്യതയുണ്ട്. വലിയ പാറകൾ താഴേക്കുപതിച്ചാൽ, അതിനുതാഴേക്ക് പതിക്കുന്ന പാതയിലെ സകലതിനെയും നശിപ്പിക്കാൻ ശേഷിയുണ്ടാകും. മഴ തുടരുന്ന സാഹചര്യമാണെങ്കിൽ, നാശനഷ്ട സാധ്യത പതിന്മടങ്ങ് വർധിക്കാനും ഇടയുണ്ട്.
മാനുഷിക ഇടപെടലിനേക്കാൾ പ്രകൃത്യാ ഉള്ള ഭൗമഘടനയും ചെരിവുമാണ് ഇവിടെ ദുരന്തസാധ്യതയുണ്ടാക്കുന്നത്. സമാനമായ ചെരിവും ഭൗമഘടനയും ഉള്ള പശ്ചിമഘട്ട പ്രദേശങ്ങളിൽ ഇതുപോലെ തന്നെ ദുരന്ത സാധ്യതയുണ്ടാവും. വിള്ളലുകളുടെ സാന്ദ്രത, പാറകളിലെ അപചയത്തിന്റെ തോത്എന്നിവ അനുസരിച്ച് ചില ഏറ്റക്കുറച്ചിലുകളുണ്ടാകാം എന്നുമാത്രം.
2018 ലെ മൺസൂൺ കാലത്ത്, ജൂൺ- ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ കണ്ണൂർ തൊട്ട് പത്തനംതിട്ട വരെയുള്ള പത്തു ജില്ലകളിൽ, 260 ലേറെ സ്ഥലങ്ങളിൽ, ആയിരത്തോളം ഉരുൾപൊട്ടലുണ്ടായതായി പഠനങ്ങളുണ്ട്. വനമേഖലയിൽ സംഭവിക്കുന്ന ഉരുൾ പൊട്ടലുകളുടെ യഥാർഥ സ്വഭാവവും കാരണവും എന്താണ്? ഇതിൽ മനുഷ്യ ഇടപെടലുകൾ എത്ര പങ്കുവഹിക്കുന്നുണ്ട്.
വളരെ യാഥാർഥ്യബോധത്തോടെയുള്ള നിരീക്ഷണമാണിത്. ഉരുൾപൊട്ടൽ, അല്ലെങ്കിൽ മണ്ണിടിച്ചിൽ എന്ന് നാം പറയുന്ന പ്രതിഭാസം, ഭൂദ്രവ്യശോഷണം (Mass Wasting) എന്ന സ്വാഭാവികമായ ഭൗമരൂപീകരണ പ്രക്രിയയുടെ ഭാഗമാണ്. ഭൂമിയുടെ ഇപ്പോൾ നാം കാണുന്ന ഉപരിതല സ്വഭാവം കാലങ്ങളായി രൂപപ്പെട്ടുവന്നതാണ്. അത് തീർച്ചയായും നിരന്തര മാറ്റങ്ങൾക്ക് വിധേയമാണ്, അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. പ്രകൃതിശക്തികൾ ഭൂമിയെ ഒരു പരന്ന പ്രതലമാക്കാൻ യത്‌നിക്കുന്നു എന്നൊരു സിദ്ധാന്തം ഭൗമശാസ്ത്രത്തിലുണ്ട്. ഏതൊരു ചെരിവുതലത്തിലും ഗുരുത്വാകർഷണബലത്താൽ ഇത് പ്രവർത്തനനിരതമാണ്. ചെറിയ ഭൗമപദാർത്ഥങ്ങളായ മൺതരികൾ താഴേക്കുപതിക്കുന്നതു മുതൽ വലിയ മണ്ണിടിച്ചിലുകൾവരെ ഇതിന്റെ ഭാഗമാണ്. ചെറിയ സമയത്തിനുള്ളിൽ പെയ്യുന്ന അതികഠിനമായ മഴ ഈ പ്രക്രിയക്ക് വലിയ തോതിൽ ആക്കം കൂട്ടുന്നു എന്നേയുള്ളു. പലപ്പോഴും മഴയുടെ ശക്തി പ്രവചനത്തിനതീതമായാണ് സമീപ കാലങ്ങളിൽ കണ്ടുവരുന്നത്. മേഘസ്‌ഫോടനം എന്നുപറയുന്നപോലെ മഴമേഘങ്ങൾ ഒന്നായി പൊട്ടിയിറങ്ങിയാൽ ഭൗമോപരിതലത്തിലെ ബലം കുറഞ്ഞ ഭാഗങ്ങൾ ഒലിച്ചുപോകുക തന്നെ ചെയ്യും. അതുപോലെ, അത് താഴ്ന്ന ഭാഗങ്ങൾ നികത്തുകയും ചെയ്യും. അത് ചിലപ്പോൾ അവിടെ ഒരു പ്രളയം ഉണ്ടാക്കാം. ആത്യന്തികമായി പറഞ്ഞാൽ വനമേഖല ഉയർന്ന ചെരിവുള്ള പ്രദേശമാണെങ്കിൽ, അവിടെ അപചയപ്രകൃതിയിലുള്ള ഭൗമഘടന ആണെങ്കിൽ, എത്രമാത്രം ജൈവകവചം ഉണ്ടെങ്കിലും, അത് അതികഠിനമായ മഴയിൽ ഇടിഞ്ഞുവീഴും. അത് നല്ല മഴ തുടരുന്ന സമയത്തെങ്കിൽ കുഴമ്പുരൂപത്തിൽ ഒഴുകി താഴ്വാരങ്ങളിൽ നാശമുണ്ടാക്കും. മേൽവിവരിച്ചതുപോലെ തന്നെ അതിൽ മനുഷ്യഇടപെടലുകൾക്കു പ്രസക്തി തീരെയില്ല.
കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങളിൽ, ഭൂവിനിയോഗത്തിന് സംഭവിച്ച മാറ്റം, പ്രധാനപ്പെട്ട ഒന്നായി പരിഗണിക്കപ്പെടുന്നുണ്ട്. കേരളത്തിന്റെ ഭൂവിനിയോഗത്തിൽ സംഭവിക്കുന്ന അപകടകരമായ മാറ്റങ്ങൾ എന്തൊക്കെയാണ്?
കാലാവസ്ഥാവ്യതിയാനം എന്നത് താരതമ്യേന ചെറിയ വിസ്തൃതിയുള്ള കേരളം എന്ന പ്രദേശം നിയന്ത്രിക്കുന്നതല്ല. അത് ആഗോള തലത്തിലെ മാറ്റങ്ങളുടെ ആകെ തുകയാണ്. കേരളത്തിലെ ഭൂവിനിയോഗത്തിലെ പ്രധാന മാറ്റമായി പറയപ്പെടുന്നത്, നഗരവത്കരണമാണ്. അത് പൂർണമായും വ്യക്തവുമാണ്. കൃഷി ചെയ്യുന്ന പാടങ്ങൾ കുറഞ്ഞുവരുന്നു, പാടങ്ങൾ
നികത്തുന്നത് വർധിക്കുന്നു തുടങ്ങിയ പഠനങ്ങൾ നടന്നിട്ടുണ്ട്. വ്യാപകമായുണ്ടാകുന്ന വനമേഖലയുടെ ശോഷണം സ്വാഭാവികമായി തന്നെ മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും ഹേതുവാകും.
കേരളത്തിലെ ക്വാറികളിൽ ഏറിയപങ്കും ജലനിർഗമന പ്രദേശങ്ങളുടെ സംരക്ഷിത ദൂരത്തിന്റെ (buffer distance) 500 മീറ്റർ പരിധിയിലാണ്. ഇത് ഉരുൾപൊട്ടലിനെ ബാധിക്കുന്നുണ്ടോ? 2019 ആഗസ്റ്റിൽ ഉരുൾപൊട്ടലുണ്ടായ മലപ്പുറത്തെ കവളപ്പാറയിൽ, അഞ്ച്കിലോമീറ്റർ ചുറ്റളവിൽ 27 ക്വാറികൾ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഖനന പ്രവർത്തനം മലഞ്ചെരിവുകളുടെ ഘടനയെ എങ്ങനെയാണ് ബാധിക്കുക?
ഖനനപ്രവർത്തനങ്ങൾ സ്വാഭാവികമായി തന്നെ ചെരിവുകൂടിയ പ്രതലങ്ങൾ കൂടുതൽ സൃഷ്ടിക്കുന്നു. അത് ചെരിവുമൂലമുള്ള തൽപ്രദേശത്തെ, ഭൂമിയുടെ അസ്ഥിരതക്ക് കാരണവുമാകുന്നു. കൂടാതെ, സ്‌ഫോടന പ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന പ്രകമ്പനം തദ്ദേശീയമായ, സമീപത്തുള്ള ആപേക്ഷികമായി ദുർബലമായ ഭൗമഅടരുകളിൽ ചെറിയ വിള്ളലുണ്ടാക്കുവാനും, അതുവഴി, ബലക്ഷയം ഉണ്ടാകുവാനും കാരണമായേക്കാം. പക്ഷെ ഇത് വളരെ ചെറിയ ഒരു സമീപദൂരത്തേക്കുമാത്രമേ സ്വാധീനം ചെലുത്താൻ സാധ്യതയുള്ളൂ. തീവണ്ടിപാതകളോട് ചേർന്നും, ഭാരവണ്ടികൾ പോകുന്ന ദേശീയപാതകളോടു ചേർന്നും ഒക്കെ അനുഭവപ്പെടുന്ന ഒരു കമ്പനം പോലെ തന്നെ ഇതും പരിഗണിക്കാം.
2018 ലെ പ്രളയം, അതിനുശേഷം വൻതോതിലുണ്ടായ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയുടെ ഫലമായി കേരളത്തിലെ മേൽമണ്ണിന്റെ ഘടനക്ക് സംഭവിച്ചമാറ്റം എന്താണ്? ഇത് ഭാവിയിൽ എന്ത് ആഘാതമാണുണ്ടാക്കുക?
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ സ്വാഭാവികമായി, പ്രാദേശികമായ മഴക്കനുസരിച്ച് കൂടുതൽ മണ്ണൊലിപ്പുണ്ടാക്കിയിട്ടുണ്ടാവും. സ്ഥായിയായ ഒരു ഘടനവ്യത്യാസമൊന്നും ഒന്നോ രണ്ടോ കൊല്ലങ്ങളിലെ മഴയുടെ കൂടുതൽ കൊണ്ട് ഉണ്ടാവാൻ സാധ്യത തീരെ കുറവാണ്. പക്ഷെ ഈ കാലാവസ്ഥ പ്രവണത നീണ്ടുനിന്നാൽ മാറ്റങ്ങളുണ്ടാകാം.
കേരളത്തിന്റെ ഭൂപ്രകൃതിയെ പൂർണമായി സംരക്ഷിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ ഭൂവിനിയോഗം, നിർമാണ പ്രവർത്തനങ്ങളുടെയും മറ്റും കാര്യത്തിൽ എങ്ങനെ സാധ്യമാക്കാം.
മുൻപ് സൂചിപ്പിച്ചതുപോലെ ഭൂപ്രകൃതിയെ പൂർണമായി സംരക്ഷിച്ചു നിർത്തുക എന്നത് സാധ്യമേയല്ല. അത് തീർച്ചയായും നിരന്തര പരിണാമങ്ങൾക്ക് വിധേയമാണ്. പക്ഷെ ചരിവിനും മണ്ണിനും ഇണങ്ങുന്ന കൃഷിരീതികൾ പ്രവർത്തികമാക്കുന്നതിലൂടെയും ഭൂപ്രകൃതിക്കനുസൃതമായ നിർമാണ സങ്കേതങ്ങൾ പ്രവർത്തികമാക്കുന്നതിലൂടെയും മനുഷ്യകുലത്തിന് പ്രകൃതിയോട് ചേർന്നുപോകാം .
സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിർബന്ധമായും നിലനിർത്തണമെന്ന് സുപ്രീംകോടതി ഈയിടെ നിർദേശിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഒരുതരം വികസന പ്രവർത്തനങ്ങൾക്കും അനുമതിയില്ല. ഈ നിർദേശം, കേരളത്തെ എങ്ങനെയാണ് ബാധിക്കുക? ഇടുക്കി, വയനാട് ജില്ലകളിൽ, വനാതിർത്തിയോട് ചേർന്ന് ജനവാസമേഖലകളും കൃഷിയുമൊക്കെയുണ്ടല്ലോ. കൂടാതെ, വന്യമൃഗങ്ങളും മനുഷ്യരും തമ്മിൽ സംഘർഷം രൂക്ഷമായി വരികയും ആദിവാസികളടക്കമുള്ളവർ വനമേഖല ഉപേക്ഷിച്ച് പോകുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പാശ്ചാത്തലത്തിൽ കൂടിയാണ് ഈ ചോദ്യം.
പൂർണമായും ഭരണ, നയപരമായ തീരുമാനങ്ങൾ/ ആശയങ്ങൾ ഒക്കെ ബന്ധപ്പെട്ടാണ് ഇതിനുള്ള മറുപടി അഥവാ ഉത്തരം ഉണ്ടാവേണ്ടത്. സാമൂഹിക- സാമ്പത്തിക മേഖലയുമായും കാർഷികമേഖലയുമായും ബന്ധപ്പെട്ട സമഗ്ര പഠനവും സംവാദവും അഭിപ്രായ രൂപീകരണവും ഈ നിർദേശത്തിന്റെ ഭാഗമായി ഉണ്ടാകേണ്ടതാണ്.