ലോക ജനത ഇന്ന് അഭൂതപൂർവ്വമായ കാലാവസ്ഥാ പ്രതിസന്ധിയുടെയും അതിതീവ്ര താപനത്തിന്റെയും പിടിയിലമർന്നിരിക്കുകയാണ്. ഇതിന്റെ അലയടികൾ കൊച്ചു കേരളത്തിലും സംഭവിക്കുന്നത് പാരിസ്ഥിതിക മാറ്റങ്ങൾ ലോകക്രമത്തിന്റെ ഭാഗമായി മാറിയതിന് ഉദാഹരണമാണ്. ദിനപത്രങ്ങളുടെ മുൻപേജുകളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന ശീതീകരണ യന്ത്രങ്ങളുടെ പരസ്യങ്ങൾ, ഉൽറിച്ച് ബെക്ക് 1990-കളിൽ തന്റെ പഠനങ്ങളിലൂടെ അവതരിപ്പിച്ച ‘അപകട സമൂഹത്തിന്റെ’ (Risk Society) കൃത്യമായ പ്രതിഫലനമാണ്. വികസനത്തിന്റെ പേരിൽ പാരിസ്ഥിതിക ദുരന്തങ്ങൾ സൃഷ്ടിക്കുകയും, തുടർന്ന് അതേ കമ്പോള വ്യവസ്ഥയുടെ ഉൽപ്പന്നങ്ങളിലൂടെ അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു വൈരുദ്ധ്യാത്മക പ്രക്രിയയാണിത്. പോൾ വിറിലിയോയുടെ ഡ്രോമോളജി (Dromology) അഥവാ വേഗതയുടെ സാമൂഹികശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുമ്പോൾ സാമ്പത്തിക പുരോഗതിയുടെയും നഗരവൽക്കരണത്തിന്റെയും അനിയന്ത്രിതമായ കുതിച്ചുപാച്ചിലുകൾ തന്നെയാണ് ഈ പാരിസ്ഥിതിക തകർച്ചയ്ക്കും അതിതീവ്ര താപവർദ്ധനവിനും ഹേതുവാകുന്നതെന്ന് കാണാം.
ഘടനാപരമായി സൃഷ്ടിക്കപ്പെടുന്ന ഈ പാരിസ്ഥിതിക-കാലാവസ്ഥാ പ്രതിസന്ധിയെ ശാശ്വതമായി മറികടക്കാൻ, നിലവിലുള്ള ചൂഷണാധിഷ്ഠിതമായ ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക വ്യവസ്ഥകൾക്കെതിരെ അടിസ്ഥാനപരമായ ഒരു സാമൂഹിക വിപ്ലവം അനിവാര്യമാണ്. എന്നിരുന്നാലും, എന്തും സഹിക്കാൻ തയ്യാറുള്ള സമകാലിക സമൂഹം അത്തരമൊരു രാഷ്ട്രീയ പ്രതിരോധത്തിന് സജ്ജമാകുന്നില്ല. ശീതീകരണ സാങ്കേതികവിദ്യകൾ അടക്കമുള്ള ഉപഭോഗ വസ്തുക്കൾ, സമൂഹത്തിലെ പ്രബല വർഗ്ഗങ്ങളുടെ (Dominant social classes) വിപ്ലവവീര്യത്തെയും പാരിസ്ഥിതിക ജാഗ്രതയെയും അക്ഷരാർത്ഥത്തിൽ തണുപ്പിച്ചുറക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെ, സാങ്കേതികവിദ്യയുടെ സുരക്ഷാവലയങ്ങൾക്ക് പുറത്ത് അതിതീവ്ര താപത്തിന്റെ ദുരിതങ്ങളനുഭവിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട ഭൂരിപക്ഷത്തിന് കേവലം 'ഇരകൾ' എന്നതിനപ്പുറം, ആഗോളതാപനത്തിനും ചൂഷണാധിഷ്ഠിതമായ വ്യവസ്ഥിതിക്കും എതിരെയുള്ള പാരിസ്ഥിതിക-സാമൂഹിക വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളായി മാറാൻ കഴിയണം എന്ന ചരിത്രപരമായ അനിവാര്യതയാണ് ഇവിടെ വെളിപ്പെടുന്നത്. ഇത് ചരിത്രത്തിൽ ലോകത്ത് പലയിടങ്ങളിലും സംഭവിച്ചതാണ് എന്നറിയുമ്പോൾ, കാലാവസ്ഥ സാമൂഹിക പ്രക്രിയകളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് തെളിവാകും മേല്പറഞ്ഞതിനെ പാരിസ്ഥിതിക ചരിത്രത്തിന്റെ ലെൻസിലൂടെ നോക്കിയാൽ, അടിസ്ഥാനപരമായി ചരിത്രമാറ്റങ്ങളെ സൃഷ്ടിക്കുന്നത് പ്രകൃതിയും അതിന്റെ സംവിധാനത്തിൽ വരുന്ന മാറ്റങ്ങളുമാണോ? റൂസ്സോയുടെ ആശയങ്ങൾക്ക് അടിത്തട്ടിൽ നിന്നുള്ള പ്രഹരശേഷി നൽകിയത് എൽ നിനോ ആയിരുന്നോ? ലോകം കണ്ട ഏറ്റവും മഹത്തരമായ വിപ്ലവം സംഭവിച്ചതിന്റെ മൂലകാരണം കാലാവസ്ഥ വ്യതിയാനങ്ങൾ ആയിരുന്നോ? അധികാരം ഏൽക്കുന്ന വേളയിൽ ഈ പ്രപഞ്ചം തന്നെ എന്റെ തലയിലേക്ക് വീഴുന്നുവോ എന്ന് ചോദിച്ച ലൂയി പതിനാറാമന്റെ അന്ത്യത്തിന് ഹേതുവായത് നൂറ്റാണ്ടുകളിലൂടെ സംഭവിച്ച കാലവസ്ഥാ വ്യതിയാനങ്ങളായിരുന്നോ?

കാലാവസ്ഥ സൃഷ്ടിച്ച ചരിത്രങ്ങൾ
കാലാവസ്ഥയും ചരിത്രവും തമ്മിലുള്ള ബന്ധം അനാൽ ചരിത്രകാരനായ ഫെർനാൻഡ് ബ്രോദേലിന്റെ അഭിപ്രായത്തിൽ അടിത്തട്ടിൽ, വളരെ സാവധാനത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്. ഇതിനെ ബ്രോദേൽ വിളിക്കുന്നത് ജിയോ ഹിസ്റ്ററി എന്നാണ്. അതായത് ദീർഘകാലത്തിൽ (Long Duree) സംഭവിക്കുന്ന ചരിത്ര പ്രക്രിയകൾ അടിസ്ഥാനപരമായി പ്രകൃതി സംവിധാനങ്ങളാണ് നിയന്ത്രിക്കുന്നത്. നമ്മുടെ തന്നെ ചെറിയ പ്രദേശങ്ങളിൽ സംഭവിക്കുന്ന സാമൂഹിക/സാമ്പത്തിക മാറ്റങ്ങൾ ദീർഘകാലമായി രൂപപ്പെടുന്നത് കാറ്റിന്റെയും, മഴയുടെയും, മറ്റ് പ്രകൃതി സംവിധാനങ്ങളുടെയും ഇടപെടലിലൂടെയാണ്. അത് ഒറ്റനോട്ടത്തിൽ തെളിയുന്ന ചരിത്രമല്ല. സാമൂഹ്യ ശാസ്ത്ര/ പാരിസ്ഥിതിക പണ്ഡിതർ പാരിസ്ഥിതിക നിർണ്ണയവാദം (environmental determinism) എന്ന് വിളിക്കുന്നതിന്റെ ഏറ്റവും സൂക്ഷ്മമായ രൂപത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണിവ. കുമിള പോലെ പൊട്ടി പോവുന്ന സംഭവങ്ങളും, കുറച്ചു കാലം നീണ്ടു നിൽക്കുന്ന സാമൂഹിക രൂപവൽക്കരണവുമൊക്കെ ഉരുവം കൊള്ളുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ഘടനാപരമായി സംഭവിക്കുന്ന പ്രകൃതി മാറ്റങ്ങളാണ്.
ചരിത്രത്തിലുടനീളം കടുത്ത ചൂടിന്റെയും, തണുപ്പിന്റെയും അനുഭവങ്ങൾ കാർഷിക സമ്പദ്‌വ്യവസ്ഥകളെ ആവർത്തിച്ച് അസ്ഥിരപ്പെടുത്തുകയും, ഭക്ഷ്യ ശൃംഖലകളെ തടസ്സപ്പെടുത്തുകയും, സാമൂഹിക അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പാരിസ്ഥിതിക ചരിത്രത്തിലെ മികച്ച ഗവേഷണങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ആശയങ്ങളുടെ സ്വാധീനം മാത്രം വിപ്ലവങ്ങളെ സൃഷ്ടിക്കില്ല. അടിസ്ഥാനപരമായി സാമ്പത്തിക കാരണങ്ങളും, സാമൂഹിക പ്രശ്നങ്ങളും വിപ്ലവാശയങ്ങളെ സൃഷ്ടിക്കുകയും, നവ രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങൾക്ക് നിദാനമാവുകയും ചെയ്യുകയാണ്. ഇവിടെ ആശയപരമായി പറയുകയാണെങ്കിൽ, അമിത താപവും, തണുപ്പും, കാറ്റും, മഴയുമൊക്കെ കേവലമായ കാലാവസ്ഥാ പ്രതിഭാസങ്ങളല്ല, മറിച്ച്, ചരിത്രപരമായ ഏജൻസികളാണ്. കുറച്ചു കൂടി ഗൗരവമായി കണ്ടാൽ പുതിയ മനോഭാവങ്ങളെപ്പോലും സൃഷ്ടിക്കുന്ന ഏജൻസികൾ.
കാലാവസ്ഥയും വിപ്ലവ മനോഭാവവും
പാരിസ്ഥിതിക ചരിത്രത്തിന്റെ ലെൻസിലൂടെ ഫ്രഞ്ച് വിപ്ലവത്തിന്റെ ഉത്ഭവത്തെ പുനർവ്യാഖ്യാനം ചെയ്യാവുന്നത് മറ്റു ഘടനാപരമായ കാരണങ്ങളെ അവഗണിക്കാനല്ല. കാലാവസ്ഥയെ കേവലമൊരു പശ്ചാത്തലമായി കാണുന്നതിലുപരി ചരിത്ര പ്രക്രിയകളെ സൃഷ്ടിക്കുന്നതിൽ അതിനുളള പങ്ക് വ്യക്തമാക്കാനാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ കാർഷിക മേഖലയെ അസ്ഥിരപ്പെടുത്തി സാമൂഹിക വിള്ളലുകളെ നിർമ്മിക്കുന്നതിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ലോകത്താകമാനം ചരിത്രപരമായി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇത് വ്യാവസായിക പൂർവ്വ സമൂഹങ്ങൾ ആശ്രയിച്ചിരുന്ന ഉപജീവനവും നിലനിൽപ്പും തമ്മിലുള്ള അതിലോലമായ സന്തുലിതാവസ്ഥയെ തകർക്കുകയും, വിപ്ലവ മനോഭാവങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
കാലാവസ്ഥാചരിത്രത്തിലെ മൂന്നു ഘട്ടങ്ങൾ
ഇവിടെ പാരിസ്ഥിതിക ചരിത്രകാരർ തിരിച്ചറിഞ്ഞ മൂന്ന് കാലഘട്ടങ്ങളെ സൂചിപ്പിക്കാം. ഒന്നാമതായി, ലിറ്റിൽ ഐസ് ഏജ് (Little Ice Age) എന്ന ദീർഘകാലഘട്ടം കാലാവസ്ഥാ അസ്ഥിരതയുടെ ദീർഘകാല ചരിത്രത്തെയാണ് സൃഷ്ടിച്ചത്. ഇതിൽ കടുത്ത തണുപ്പും കാർഷിക തകർച്ചയും ഇടവിട്ടുണ്ടായി. രണ്ടാമതായി, ഐസ്ലാൻഡിലെ ലാക്കി (Laki 1783 - 84) അഗ്നിപർവ്വത സ്ഫോടനം അന്തരീക്ഷത്തിലേക്ക് വൻതോതിൽ സൾഫർ എയ്റോസോളുകളെ പ്രസരണം ചെയ്യുകയും, ഇത് അന്തരീക്ഷത്തിൽ അസാധാരണ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. തന്മൂലം സംജാതമായ ഡ്രൈ ഫോഗ് (വരണ്ട മൂടൽമഞ്ഞ്) എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസം യൂറോപ്പിലുടനീളം കാലാവസ്ഥാ വ്യവസ്ഥകളെ താറുമാറാക്കുകയും വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. മൂന്നാമതായി, എൽ നിനോ. സതേൺ ഓസിലേഷന്റെ (El Nino - Southern Oscillation) ആഗോള പ്രത്യാഘാതങ്ങളിലേക്കാണ് നവ കാലാവസ്ഥാ ചരിത്ര പഠനങ്ങൾ വിരൽ ചൂണ്ടുന്നത്. ഇതിന്റെ പ്രഭാവം വരൾച്ചയും അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങളും ഉൾപ്പെടെയുള്ള കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമായി. ഈ പ്രതിഭാസങ്ങളെല്ലാം, കാർഷിക മേഖലയ തകർക്കുകയും, കർഷകരുടെ ദുരിതപൂർണ്ണ ജീവിതത്തിന് അടിസ്ഥാന കാരണമാകുകയും ചെയ്തു.
എൽ നിനോയോ, റൂസ്സോയോ?
ഫ്രഞ്ച് വിപ്ലവത്തിന്റെ ചരിത്ര വായന പാരിസ്ഥിതികപരമായ മാറ്റങ്ങളെ അധികരിച്ച് വാഖ്യാനിച്ചാൽ തെളിയുന്നത് ജിയോ ഹിസ്റ്ററിയുടെ പ്രഹരശക്തിയാണ്. ബ്രഡിനു വേണ്ടിയുള്ള സ്ത്രീകളുടെ മാർച്ചും (Oct 5, 1789), ബാസ്റ്റൈൽ ജയിൽ ആക്രമണവും (July 14, 1789) ടെന്നീസ് കോർട്ട് പ്രതിജ്ഞയും (June 20,1789), ലൂയി പതിനാറാമന്റെ ഗില്ലറ്റിനിങ്ങുമൊക്കെ (January 21, 1793) കുമിള പോലെ പൊട്ടിയ സംഭവങ്ങൾ മാത്രമാണ്. അതിന്റെ അടിത്തട്ടിൽ, അഗാധ ചരിത്രത്തിന്റെ (Deep History) പ്രഭവ മണ്ഡലത്തിൽ സംഭവിച്ച പാരിസ്ഥിതിക മാറ്റങ്ങൾ മൂലം സംജാതമായ കുമിള പൊട്ടലുകൾ മാത്രമായിരുന്നോ ഇവയൊക്കെ? രാജാവിന്റെ രാഷ്ട്രീയ ഏകാധിപത്യവും (Absolute Monarchy), സാമ്പത്തിക ചൂഷണവും, കെടുകാര്യസ്ഥതയും, വർഗ്ഗ വിവേചനം, നവോത്ഥാന ആശയങ്ങൾ എന്നിവയെല്ലാം ഫ്രഞ്ച് വിപ്ളവത്തിന്റെ നിർണ്ണായക കാരണങ്ങളായിരുന്നു. 1789 - 1799 വരെ നീണ്ടു നിന്ന വിപ്ലവ സംഭവങ്ങളെ, കാലാവസ്ഥയിലേക്ക് മാത്രം ചുരുക്കാൻ കഴിയില്ലെങ്കിലും, വിപ്ലവത്തിന്റെ ഏറ്റവും പ്രധാന കാരണമായ സാമ്പത്തിക പ്രതിസന്ധിക്ക് ആധാരമായത് കൃഷിയുടെ തകർച്ചയും കർഷകരുടെ സാമ്പത്തിക തകർച്ചയുമായിരുന്നു. കൈയിൽ ലിവർ (Livre - അന്നത്തെ ഫ്രഞ്ച് കറൻസി) ഉണ്ടായിരുന്നെങ്കിൽ വർദ്ധിപ്പിച്ച നികുതി അവർ നൽകിയേനേ എന്നു വേണമെങ്കിൽ വാദിക്കാം. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം സംജാതമായ കൃഷിയുടെയും, ഉൽപ്പാദനത്തിന്റെയും തകർച്ച വിപ്ലവത്തിന്റെ അടിസ്ഥാന കാരണവും ഉത്തേജക ഘടകവുമായി പ്രവർത്തിച്ചു എന്നു കാണാം.
ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളെയും അവയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെയും (climatic teleconnections) കുറിച്ചുള്ള പഠനങ്ങളുടെ വിശാലമായ പശ്ചാത്തലത്തിൽ നിന്നാണ് എൽ നിനോയുമായുള്ള (El Nino) വിപ്ലവ ബന്ധം ഉയർന്നുവരുന്നത്. ചരിത്രപരമായ കാലാവസ്ഥാ (Historical Climate) പഠനങ്ങളിൽ മുൻനിരക്കാരനായ ക്രിസ്ത്യൻ ഫിസ്റ്ററെപ്പോലുള്ള കാലാവസ്ഥാ ആർക്കിയോളജിസ്റ്റ്/ചരിത്രകാരരുടെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഒറ്റപ്പെട്ട പ്രാദേശിക അസ്വസ്ഥതകളായിരുന്നില്ല, മറിച്ച് ആഗോള പാരിസ്ഥിതിക അസ്ഥിരതയുടെ വിശാലമായ പാറ്റേണുകളുടെ ഭാഗമായിരുന്നു എന്നാണ്. ഇവയിൽ ചിലത് ENSO (എൽ നിനോ-സതേൺ ഓസിലേഷൻ) എന്ന് വിളക്കപ്പെടുന്ന ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലും അന്തരീക്ഷമർദ്ദത്തിലും ഉണ്ടാകുന്ന ആനുകാലിക മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ഫിസ്റ്ററുടെ പഠനങ്ങൾ അവയുടെ രീതിശാസ്ത്രപരമായ പുതുമകൾ കൊണ്ട് ശ്രദ്ധേയമാണ്. കാലാവസ്ഥാ പഠനരംഗത്തെ ഒരു പ്രമുഖ പണ്ഡിതനെന്ന നിലയിൽ, രേഖാമൂലമുള്ള തെളിവുകൾ (വിളവെടുപ്പ് രേഖകൾ, ഇടവക രജിസ്റ്ററുകൾ, ഡയറികൾ), ആദ്യകാല കാലാവസ്ഥാ ഉപകരണ അളവുകൾ, പ്രകൃതിദത്ത ആർക്കൈവുകൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ സ്രോതസ്സുകൾ ഉപയോഗിച്ച് അദ്ദേഹം മുൻകാല കാലാവസ്ഥാ പാറ്റേണുകൾ പുനർനിർമ്മിച്ചു. അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ വ്യവസ്ഥാപിതമായി സാമൂഹിക-സാമ്പത്തിക ചരിത്രവുമായി സംയോജിപ്പിക്കാമെന്ന് തെളിയിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ എങ്ങനെ ഉപജീവന പ്രതിസന്ധികൾക്കും ജനസംഖ്യാപരമായ സമ്മർദ്ദങ്ങൾക്കും സാമൂഹിക അസ്വസ്ഥതകൾക്കും കാരണമായി എന്ന് സൂചിപ്പിക്കുന്ന ‘ലിറ്റിൽ ഐസ് ഏജ്-ടൈപ്പ് ഇംപാക്റ്റുകൾ’ (ചെറിയ ഹിമയുഗത്തിന് സമാനമായ ആഘാതങ്ങൾ) എന്ന ആശയവും അദ്ദേഹം വികസിപ്പിച്ചെടുത്തു.
1780-കളിലെ ENSO സംഭവങ്ങളെക്കുറിച്ചുള്ള നേരിട്ടുള്ള ഉപകരണ ഡാറ്റ ലഭ്യമല്ലെങ്കിലും, മരങ്ങളുടെ വാർഷിക വളയങ്ങൾ (tree-ring sequences), ഐസ് കോറുകൾ, ചരിത്രപരമായ കാലാവസ്ഥാ രേഖകൾ തുടങ്ങിയ പകരമുള്ള (proxy) സ്രോതസ്സുകൾ വഴിയുള്ള പുനർനിർമ്മാണങ്ങൾ ഏഷ്യയുടെ ചില ഭാഗങ്ങളിൽ ക്രമരഹിതമായ മൺസൂൺ സ്വഭാവവും, ആവർത്തിച്ചുള്ള വരൾച്ചയും, യൂറോപ്പിലുടനീളം പ്രകടമായ കാലാവസ്ഥാ അസ്ഥിരതയും സൂചിപ്പിക്കുന്നു. ഈ പാറ്റേണുകൾ മിക്കപ്പോഴും ENSO-യുമായി ബന്ധപ്പെട്ട കാലാവസ്ഥാ അപാകതകളുമായി പൊരുത്തപ്പെടുന്നവയാണ്. ഇത്തരം തടസ്സങ്ങൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ട കാർഷിക സംവിധാനങ്ങളെ ബാധിക്കുകയും, ഒരു ഭൂഖണ്ഡാന്തര തലത്തിൽ തന്നെ ധാന്യോൽപ്പാദനത്തെയും വ്യാപാര ബന്ധങ്ങളെയും, വിപണി സ്ഥിരതയെയും സ്വാധീനിക്കുകയും ചെയ്തു എന്ന് ഫിസ്റ്ററും മറ്റ് കാലാവസ്ഥാ ചരിത്രകാരരും വാദിക്കുന്നു.
ഈ കാഴ്ചപ്പാടിൽ, 1780-കളിലെ കാലാവസ്ഥാ അസ്വസ്ഥതകളെ ഒരു ആഗോള പാരിസ്ഥിതിക ചട്ടക്കൂടിനുള്ളിൽ നിന്ന് മനസ്സിലാക്കേണ്ടതുണ്ട്: ഉഷ്ണമേഖലാ പസഫിക് സിസ്റ്റങ്ങളിലെ വ്യതിയാനങ്ങൾ അന്തരീക്ഷ സഞ്ചാര പാറ്റേണുകളിലൂടെ (atmospheric circulation patterns) പ്രതിധ്വനിക്കുകയും യൂറോപ്പിലും അതിനപ്പുറവും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഈ അസ്വസ്ഥതകൾ പ്രാദേശിക കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് രൂപം നൽകുക മാത്രമല്ല, വിശാലമായ സാമ്പത്തികവും സാമൂഹികവുമായ ദുർബലതകൾക്ക് കാരണമാവുകയും, അതുവഴി പ്രാദേശിക പ്രതിസന്ധികളെ ആഗോള കാലാവസ്ഥാ പ്രക്രിയകളുമായി ബന്ധിപ്പിക്കുകയും ചെയ്തു.

ക്ലൈമറ്റ് ഹിസ്റ്ററിയും ഫ്രഞ്ച് വിപ്ലവും
ചരിത്രപരമായ പരിവർത്തനങ്ങളിൽ കാലാവസ്ഥാ അസ്ഥിരത ഒരു നിർണ്ണായക ശക്തിയായിരുന്നു എന്നതാണ് ക്ലൈമറ്റ് ചരിത്ര പഠനങ്ങളുടെ അടിസ്ഥാന വാദം. ഇപ്പോൾ ചരിത്രരചനാ മണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയവും, ഗൗരവമേറിയതുമായ ചുവടു മാറ്റങ്ങൾ നടക്കുന്ന പാരിസ്ഥിതിക ചരിത്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ഫ്രഞ്ച് വിപ്ലവത്തെ മനസ്സിലാക്കിയാൽ, അതിതീവ്ര ചൂടും, തണുപ്പുമൊക്കെ ചരിത്രത്തിലെ നിർണ്ണായക പങ്കാളികളായി മാറും. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, 'ലിറ്റിൽ ഐസ് ഏജിന്റെ' (Little Ice Age) അവശേഷിക്കുന്ന ഘട്ടങ്ങളാൽ രൂപപ്പെട്ട, ഒരുകൂട്ടം പാരിസ്ഥിതിക ആഘാതങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു എന്നതാണ് ഇവരുടെ വാദത്തിന്റെ പ്രഭവ ശക്തികേന്ദ്രം. 1783-ലെ ലാക്കി അഗ്നിപർവ്വത സ്ഫോടനം, 1788-ലെ കടുത്ത വരൾച്ച, വിനാശകരമായ ആലിപ്പഴ വീഴ്ച, 1788-1789 ലെ കഠിനമായ ശൈത്യം, അതിനെ തുടർന്നുള്ള വെള്ളപ്പൊക്കം എന്നിവയൊക്കെ യൂറോപ്പിന്റെ ചരിത്രത്തെ മാറി മറിച്ചു. കേവലം ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല ഇവയൊക്കെ. മറിച്ച് കാർഷികോൽപ്പാദനത്തെ അസ്ഥിരപ്പെടുത്തുകയും ഉപജീവനമാർഗ്ഗങ്ങളുടെ വലിയ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്ത തുടർച്ചയായ പാരിസ്ഥിതിക പ്രതിസന്ധിയായി മാറുകയായിരുന്നു ഇവയൊക്കെ. കൃഷി തകർച്ച, ധാന്യങ്ങളുടെ ദൗർലഭ്യം, കുതിച്ചുയരുന്ന ബ്രെഡ് വില, വ്യാപകമായ പട്ടിണി എന്നിവയൊക്കെ ഫ്രഞ്ച് ജനതയെ ദുരിതക്കയത്തിലെത്തിച്ചു. ഒരു ശതമാനം ധനികർക്ക് അമിത ഭോജനം കാരണം ദഹനക്കുറവുണ്ടായെങ്കിൽ, തൊണ്ണൂറ്റിഒൻപത് ശതമാനം മനുഷ്യർ കൊടുംദാരിദ്ര്യത്തിൽ ജീവിക്കേണ്ട അവസ്ഥയായിരുന്നു അന്ന് ഫ്രാൻസിലെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതിക സമ്മർദ്ദങ്ങൾ സാമൂഹിക അസ്വസ്ഥതയ്ക്കും വിപ്ലവ മനോഭാവത്തിനും വഴിതെളിക്കുകയായിരുന്നു.

ലദൂറിയുടെ നിരീക്ഷണങ്ങൾ
കൃഷി / കാലാവസ്ഥാ ചരിത്രങ്ങളെ സംയോജിപ്പിച്ച ഇമ്മാനുവൽ ലെ റോയ് ലദൂറിയുടെ (Emmanuel Le Roy Ladurie) വാദങ്ങൾ തന്നെ ആദ്യമായി നോക്കാം. ലദൂറിയുടെ ദീർഘകാല ചരിത്ര സമീപന രീതി, കാർഷിക ചക്രങ്ങളെയും ജനസംഖ്യാപരമായ താളങ്ങളെയും പ്രതിസന്ധിയുടെ നിമിഷങ്ങളെയും രൂപപ്പെടുത്തുന്ന, മന്ദഗതിയിലുള്ളതെങ്കിലും സ്ഥിരമായ ഒരു ചരിത്രപരമായ ശക്തിയായി കാലാവസ്ഥയെ പ്രതിഷ്ഠിക്കുന്നുണ്ട്. ഒരു സ്റ്റാറ്റിസ്റ്റിക്കൽ ചരിത്രകാരനെപ്പോലെ, വിളവെടുപ്പ് വിവരങ്ങളും, കൃഷി ഉൽപ്പന്നങ്ങളുടെ വിലയിലെ കയറ്റിറക്കങ്ങളും വിശകലനത്ത് വിധേയമാക്കിയ ലദൂറി, വ്യവസായവൽക്കരണത്തിന് തൊട്ടു മുമ്പുള്ള സമൂഹങ്ങൾ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് ഘടനാപരമായി എത്രത്തോളം അടിമപ്പെട്ടിരുന്നു എന്ന് കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. റോബർട്ട് മാൻഡ്രോ നിരീക്ഷിച്ചതു പോലെ അവർ ഒരു തരത്തിലുള്ള പാരിസ്ഥിതിക മനസ്സുള്ളവരായിരുന്നു (Environmental Mind); പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുവാൻ കെല്പില്ലാത്തവർ.1788-1789 ലെ പ്രതിസന്ധിയെ കേവലം യാദൃശ്ചിക സംഭവങ്ങളായല്ല, മറിച്ച് പഴയ ഫ്രഞ്ച് രാജവാഴ്ചയിൽ അന്തർലീനമായിരുന്ന ആവർത്തിച്ചുള്ള പാരിസ്ഥിതിക (കാലാവസ്ഥാ വ്യതിയാനങ്ങൾ) ദുർബലതകളുടെ പരിസമാപ്തിയായിരുന്നുവെന്ന് ലെദൂരി വിശദീകരിക്കുന്നു. Times of Feast, Times of Famine: A History of Climate Since the Year 1000, എന്ന കൃതിയിലാണ് ഫ്രഞ്ച് വിപ്ലവത്തിനെക്കുറിച്ച് നേരിട്ടുള്ള പഠനമല്ലെങ്കിലും, അതിന്റെ ദീർഘകാല അടിത്തട്ട് (Long Duree) കാരണങ്ങളിലേക്ക് ലദൂരിവ്യക്തത നൽകുന്നുണ്ട്. ചെറിയ ഹിമയുഗ ത്തിന്റെ (Little Ice Age) അവസാന ഘട്ടത്തിൽ രൂപം കൊണ്ട അസ്ഥിരമായ കാലാവസ്ഥ വ്യാപകമായ വിളനാശവും ഉപജീവന പ്രതിസന്ധിയും സൃഷ്ടിച്ചു. ഇത് ധാന്യവില കുതിച്ചുയരുന്നതിനും ജനകീയ ദുരിതങ്ങൾ തീവ്രമാക്കുന്നതിനും എങ്ങനെ കാരണമായി എന്ന് ലദൂരിയുടെ പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

ഈ പാരിസ്ഥിതിക സമ്മർദ്ദങ്ങൾ യാന്ത്രികമായി ഒരു വിപ്ലവം സൃഷ്ടിച്ചില്ല, എങ്കിലും അവ പ്രാചീന ഭരണവ്യവസ്ഥയിലെ (ancien regime) ഘടനാപരമായ അസമത്വങ്ങളെ ആഴത്തിൽ വഷളാക്കുകയും, വിവിധ വർഗ്ഗങ്ങൾക്കിടയിലുള്ള സംഘർഷങ്ങൾ രൂക്ഷമാക്കുകയും, ഭരണകൂടത്തിന്റെ സ്വീകാര്യതയെ ഇല്ലാതാക്കുകയും ചെയ്തു.
കാലാവസ്ഥയെ ദീർഘകാല ചരിത്ര പശ്ചാത്തലത്തിൽ പ്രതിഷ്ഠിക്കുന്നതിലൂടെ, 1789-ലെ വിപ്ലവത്തെ പെട്ടെന്നുണ്ടായ ഒരു പ്രത്യയശാസ്ത്ര സ്ഫോടനമായി കാണാതെ, കാലങ്ങളായി സമാഹരിക്കപ്പെട്ട പാരിസ്ഥിതികവും സാമൂഹികവുമായ സമ്മർദ്ദങ്ങളുടെ പരിസമാപ്തിയായി മനസ്സിലാക്കാൻ ലദൂരിയുടെ പഠനങ്ങൾ നമ്മെ പ്രാപ്തരാക്കുന്നു. ഇവിടെ, വിട്ടുമാറാത്ത അസ്ഥിരതയെ ഒരു വിപ്ലവകരമായ പ്രക്ഷോഭമാക്കി മാറ്റുന്നതിൽ കാലാവസ്ഥാ പ്രതികൂലതകൾ ഒരു പ്രധാന പ്രേരകശക്തിയായി (catalytic force) വർത്തിച്ചു. ചരിത്രപരമായ പ്രക്ഷോഭങ്ങളിലേക്ക് ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്ന ഭൗതിക സാഹചര്യങ്ങളെ സൃഷ്ടിക്കുന്ന ഒരു "നിശബ്ദ പുരാശേഖരം" (silent archive) ആയി മാറുകയാണ് ലദൂരിയുടെ കാഴ്ചപ്പാടിൽ കാലാവസ്ഥ.

ഭൗമ അസ്വസ്ഥതയും, കാലാവസ്ഥാ ഉത്ഖണ്ഠയും
പുരാരേഖകളെ കൃത്യമായി വിശകലനം ചെയ്ത് ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തെക്കുറിച്ച് ഏറ്റവും ഗഹനമേറിയ പഠനങ്ങൾ നടത്തിയ റിച്ചാർഡ് ഗ്രോവ്, ഭൂഖണ്ഡങ്ങളിലുടനീളമുള്ള പ്രതിസന്ധികളുടെ വിശാലമായ പാറ്റേണുകളുമായി കാലാവസ്ഥാ വ്യതിയാനത്തെ, പ്രത്യേകിച്ച് എൽ നിനോ-സതേൺ ഓസിലേഷൻ (El Nino–Southern Oscillation) പോലുള്ള പ്രതിഭാസങ്ങളെ ബന്ധിപ്പിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം യൂറോപ്പിലെ മാത്രം ഒരു അസാധാരണത്വമായിരുന്നില്ല ഈ കാലാവസ്ഥാ വ്യതിയാനമെന്നും, സാമ്രാജ്യത്വ-കൊളോണിയൽ ശൃംഖലകളിലുടനീളം വരൾച്ചയും മൺസൂണിന്റെ ദുർബലതയും വലിയ പാരിസ്ഥിതിക സമ്മർദ്ദങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. വിപുലമായ ഭൗമ അസ്വസ്ഥതയുടെ ഭാഗമായിരുന്നിതെന്ന് ഗ്രോവിന്റെ പഠനങ്ങൾ അടിവരയിടുന്നു. 1788-നും 1796-നും ഇടയിലുണ്ടായ ശക്തമായ ഒരു കൂട്ടം എൽ നിനോ-സതേൺ ഓസിലേഷൻ പ്രതിഭാസങ്ങൾ ലോകമെമ്പാടും വ്യാപകമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമായെന്നും, ഈ സംഭവങ്ങൾ പല പ്രദേശങ്ങളിലും വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും വിളനാശത്തിനും കാരണമാവുകയും അത് കൃഷിയെയും വ്യാപാരത്തെയും ദൈനംദിന ജീവിതത്തെയും സാരമായി ബാധിക്കുകയും ചെയ്തു. സമാനമായ കാലാവസ്ഥാ സംഭവങ്ങൾ മുമ്പും നടന്നിട്ടുണ്ടെങ്കിലും, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടം ആർക്കൈവുകളിലൂടെയും ശാസ്ത്രീയ വിവരങ്ങളിലൂടെയും കൂടുതൽ മികച്ച രീതിയിൽ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ, അവയുടെ ആഘാതം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ചരിത്രകാരർക്ക് സാധിക്കുന്നുണ്ടെന്ന് ഗ്രോവ് ചൂണ്ടിക്കാണിക്കുന്നു.
ഗ്രോവിന്റെ വീക്ഷണത്തിൽ, കാലാവസ്ഥാ ദുരന്തങ്ങൾ വെറും പാരിസ്ഥിതിക മാറ്റങ്ങൾ മാത്രമായിരുന്നില്ല. അവ ആഗോളതലത്തിൽ സാമ്പത്തിക വ്യവസ്ഥകളെയും സർക്കാർ നയങ്ങളെയും വിമർശിക്കുന്ന ജനകീയ സമരങ്ങൾക്ക് കാരണമായി. ഫ്രാൻസ് പോലുള്ള സ്ഥലങ്ങളിൽ, ഇത്തരത്തിലുള്ള പാരിസ്ഥിതിക സമ്മർദ്ദം ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാവുകയും, ഇത് സാമൂഹിക സംഘർഷങ്ങൾ രൂക്ഷമാക്കുകയും ചെയ്തു. എന്നിരുന്നാലും, ഫ്രഞ്ച് വിപ്ലവത്തിന് കാരണം എൽ നിനോ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നില്ല. പകരം, പാരിസ്ഥിതിക പ്രതിസന്ധിയുടെയും അസ്ഥിരതയുടെയും വിശാലമായ ആഗോള പശ്ചാത്തലത്തിൽ ഫ്രഞ്ച് വിപ്ലവത്തെ അടയാളപ്പെടുത്താൻ സഹായിക്കുന്ന, ഒട്ടനവധി കാരണങ്ങളിൽ ഒരു പ്രധാന ഘടകം മാത്രമായിരുന്നു കാലാവസ്ഥയെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
കാലാവസ്ഥാ ചരിത്രകാരനായ ബ്രയാൻ ഫാഗന്റെ പഠനങ്ങൾ കുറച്ചുകൂടി വ്യക്തത ഈ പ്രശ്നത്തിൽ നൽകുന്നുണ്ട്. ബ്രയാൻ ഫാഗൻ തന്റെ Floods, Famines, and Emperors: El Nino and the Fate of Civilizations എന്ന കൃതിയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള സാമൂഹിക പരിവർത്തനങ്ങളെ ദീർഘകാല ചരിത്രത്തിന്റെ (longue duree history) പശ്ചാത്തലത്തിൽ ഫ്രഞ്ച് പ്രതിസന്ധിയെ വിലയിരുത്തുന്നു. അന്തരീക്ഷ ചംക്രമണത്തിൽ എൽ നിനോ മൂലമുണ്ടായ തടസ്സങ്ങൾ യൂറോപ്പിലുടനീളമുള്ള അസാധാരണ കാലാവസ്ഥയ്ക്ക് കാരണമായെന്നും, അതുവഴി ഭക്ഷ്യ അരക്ഷിതാവസ്ഥ വർദ്ധിപ്പിച്ചുവെന്നും ഫാഗൻ ഇതിൽ സമർത്ഥിക്കുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ താളങ്ങളെയും നാഗരികതകളുടെ പാതകളെയും രൂപപ്പെടുത്തുന്ന ഒരു "അദൃശ്യനായ കളിക്കാരൻ" എന്നാണ് കാലാവസ്ഥയെ ഫാഗൻ വിശേഷിപ്പിക്കുന്നത്.
ഫ്ലഡ്സ്, ഫാമിൻസ് ആൻഡ് എമ്പറേഴ്സ് (1999), ദി ലിറ്റിൽ ഐസ് ഏജ് (2000) തുടങ്ങിയ കൃതികളിൽ അദ്ദേഹം വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്: മനുഷ്യ സമൂഹങ്ങൾക്ക് പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രദ്ധേയമായ ശേഷിയുണ്ടെങ്കിലും, സാമൂഹിക മാറ്റത്തിന്റെ ഘടനാപരമായ പ്രക്രിയകളായ സ്ഥിരതാമസമാക്കൽ (sedentarisation), കാർഷിക തീവ്രവൽക്കരണം, സ്ഥിരമായ ജനവാസകേന്ദ്രങ്ങളുടെ വളർച്ച എന്നിവ ദീർഘകാല കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള അവരുടെ ദുർബലാവസ്ഥ കൂട്ടുകയാണ് ചെയ്യുന്നത്. പാരിസ്ഥിതിക സമ്മർദ്ദം, പ്രത്യേകിച്ച് കാർഷിക സമ്പദ്‌വ്യവസ്ഥകളിൽ, സാമൂഹികവും രാഷ്ട്രീയവുമായ ഘടനകളെ അസ്ഥിരപ്പെടുത്തുന്ന ഉപജീവന പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് അദ്ദേഹത്തിന്റെ വിശകലനം വെളിപ്പെടുത്തുന്നു.

രീതിശാസ്ത്രപരമായി, ഫാഗന്റെ ഗവേഷണം വേറിട്ടുനിൽക്കുന്നത് അതിന്റെ ആഴത്തിലുള്ള അന്തർവൈജ്ഞാനിക സമീപനം കൊണ്ടാണ്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ പ്രതികരണവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം പുനർനിർമ്മിക്കുന്നതിനായി അദ്ദേഹം പുരാവസ്തു-ചരിത്ര തെളിവുകൾക്കൊപ്പം പാലിയോക്ലൈമറ്റോളജിയിൽ (പുരാതന കാലാവസ്ഥാ പഠനം) നിന്നുള്ള വിവരങ്ങളും കൃത്യമായി പഠിച്ചിരുന്നു. ഇത്തരം ഒരു സമീപനം ചരിത്രപരമായ മാറ്റങ്ങളുടെ പാരിസ്ഥിതിക അടിത്തറയെ വീണ്ടെടുക്കുക മാത്രമല്ല, ഫ്രഞ്ച് വിപ്ലവം പോലെയുള്ള പരിവർത്തനാത്മക സംഭവങ്ങളെ പുനർവിചിന്തനം ചെയ്യുമ്പോൾ സമകാലിക ചരിത്രരചനയിലേക്ക് പാരിസ്ഥിതിക ചരിത്ര, പ്രത്യേകിച്ച് കാലാവസ്ഥാ ചരിത്ര വീക്ഷണങ്ങളെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുകയും ചെയ്യുന്നു.
സെസാർ കാവിയേഡ്സ് തന്റെ ‘El Nino in History: Storming Through the Ages’ എന്ന പുസ്തകത്തിൽ എൽ നിനോയുടെ ആഗോള ചരിത്രം വിശദീകരിക്കുന്നുണ്ട്. കാലാവസ്ഥാ സമ്മർദ്ദങ്ങൾ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധികളെ വേഗത്തിലാക്കുകയും, വിപ്ലവത്തിന്റെ വീര്യം കൂട്ടുന്നതുമായി വ്യക്തമായി നൽകുനുണ്ട്. ജീൻ-ബാപ്റ്റിസ്റ്റ് ഫ്രെസോസ്, ഫാബിയൻ ലോച്ചർ എന്നിവരുടെ Chaos in the Heavens-ൽ വാദിക്കുന്നത്, പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യന്മാർ കാലാവസ്ഥയുടെ നിഷ്ക്രിയരായ ഇരകൾ മാത്രമായിരുന്നില്ലെന്നും, മറിച്ച് പാരിസ്ഥിതിക അസ്ഥിരതയെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു എന്നുമാണ്. വിപ്ലവകാലത്തെ സംവാദങ്ങളിൽ പലപ്പോഴും പാരിസ്ഥിതിക തടസ്സങ്ങളെ പരാമർശിച്ചിരുന്നു എന്നത്, അക്കാലത്തെ ബൗദ്ധിക ചിന്താമണ്ഡലത്തിൽ കാലാവസ്ഥാ ഉത്കണ്ഠ ഉണ്ടായിരുന്നതിന്റെ തെളിവായി പരാമർശിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലുണ്ടായ കാലാവസ്ഥാ അസ്വസ്ഥതകളെ (കൊടുങ്കാറ്റുകൾ, വരൾച്ചകൾ, ക്രമം തെറ്റിയ ഋതുക്കൾ, കഠിനമായ ശൈത്യം എന്നിവയെ) ജനങ്ങൾ കേവലം അനുഭവിക്കുക മാത്രമല്ല, മറിച്ച് അവയെ തീവ്രമായി വ്യാഖ്യാനിക്കുകയും ചെയ്തുവെന്ന് ഇവർ വ്യക്തമാക്കുന്നു. ജനകീയ വ്യാഖ്യാനങ്ങൾ ലഘുലേഖകൾ, ഭരണപരമായ റിപ്പോർട്ടുകൾ, ശാസ്ത്രീയ ചർച്ചകൾ എന്നിവയിലൂടെ പ്രചരിക്കുകയും ഒരു പ്രാഥമിക പാരിസ്ഥിതിക സംവാദത്തിന് (proto-environmental discourse) രൂപം നൽകുകയും ചെയ്തു എന്നാണ് ഫ്രെസോസും, ലോച്ചറും വാദിക്കുന്നത്. വിളനാശം നേരിട്ട് കടുത്ത പ്രതിസന്ധികൾക്ക് കാരണമായിരുന്ന ഫ്രാൻസിനെപ്പോലുള്ള ഒരു ഉപജീവന സമ്പദ്‌വ്യവസ്ഥയിൽ, കാലാവസ്ഥ എന്നത് വെറുമൊരു പശ്ചാത്തല അവസ്ഥ മാത്രമായിരുന്നില്ല, മറിച്ച് അത് രാഷ്ട്രീയ ഉത്കണ്ഠയുടെയും പൊതുജന ചിന്തകളുടെയും ഒരു പ്രധാന വിഷയമായിരുന്നു എന്ന് ഈ അർത്ഥത്തിൽ മനസ്സിലാക്കാം.
സിനോപ്ററിക് ഭൂപടങ്ങൾ
സിനോപ്റ്റിക് കാലാവസ്ഥാ ഭൂപടങ്ങളുടെ നിർമ്മിതിയിലൂടെയും വിശകലനത്തിലൂടെയും ഫ്രഞ്ച് വിപ്ലവത്തിന് മുമ്പുള്ള പാരിസ്ഥിതിക പ്രതിസന്ധിയെ ചരിത്രപരമായി പഠിക്കുന്നത് ജോൺ കിംഗ്ടണിന്റെ കൃതിയിലാണ്. 1780-കളിലെ കാലാവസ്ഥയെ ഭൂപടങ്ങളിലൂടെ പുനർനിർമ്മിച്ച്, മുൻകാല ചരിത്രകാരർ വാഖ്യാനിച്ച കൃഷി തകർച്ചയെ വ്യക്തമായി കാലാവസ്ഥാ ചരിത്രത്തിന്റെ ഭൂമികയിൽ കൊണ്ടുവരുവാൻ അദ്ദേഹത്തിന് സാധിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളെ സാമൂഹികവും രാഷ്ട്രീയവുമായ പ്രക്ഷോഭങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ വിപ്ലവത്തിന്റെ പാരിസ്ഥിതിക ചരിത്രപരമായ കാരണങ്ങളെ അടിവരയിട്ടു.
സിനോപ്റ്റിക് കാലാവസ്ഥാ ഭൂപടങ്ങളിലൂടെ 1789-ന് തൊട്ടുമുമ്പുള്ള വർഷങ്ങളിൽ അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം സമർത്ഥിച്ചു. ഉയർന്ന അന്തരീക്ഷമർദ്ദത്തിലുള്ള സ്തംഭനാവസ്ഥയുടെ രൂപത്തിൽ ദൃശ്യമായ 1788-ലെ വരൾച്ച, ഫ്രാൻസിലുടനീളം കാർഷിക വിളവെടുപ്പിനെ വൻതോതിൽ പ്രതികൂലമായി ബാധിച്ചു. ഇതിന് പിന്നാലെ ശക്തമായ സംവഹന കൊടുങ്കാറ്റുകൾ (convective storms) ഉണ്ടാകുകയും, 1788 ജൂലൈയിലെ വിനാശകരമായ ആലിപ്പഴ വീഴ്ച വിളവെടുപ്പിന്റെ അവശേഷിക്കുന്ന ഭാഗങ്ങളെയും നശിപ്പിക്കുകയും ചെയ്തു. തുടർന്ന് 1788-1789 ലെ കഠിനമായ ശൈത്യകാലത്തിന്റെ വരവോടെ കൃഷി ഉൽപ്പാദനം അതിന്റെ ഏറ്റവും മോശമായ നിലയിലെത്തി. കൊടും തണുപ്പ് ഗതാഗത ശൃംഖലകളെ സ്തംഭിപ്പിക്കുകയും നദികൾ മരവിപ്പിക്കുകയും ധാന്യ വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ചെയ്തു. ഇവ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല, മറിച്ച് ശാസ്ത്രീയമായി രേഖപ്പെടുത്താനും മനസ്സിലാക്കാനും കഴിയുന്ന തുടർച്ചയായ അന്തരീക്ഷ വ്യതിയാനങ്ങളുടെ ഭാഗമായിരുന്നു.

ഓവനു ചൂടുപിടിച്ചപ്പോൾ
കാലാവസ്ഥാ ആഘാതങ്ങൾ കൃഷിരംഗത്തിനേറ്റ കനത്ത ആഘാതമായിരുന്നു. ഇത് സാമൂഹിക/ സാമ്പത്തിയ പ്രത്യാഘാതങ്ങൾക്ക് വഴിതെളിച്ചു. കാലാവസ്ഥ ചരിത്രത്തെ സൃഷ്ടിച്ച ഘടകമായി മാറി എന്നതാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്. കാർഷികമേഖലയിലെ തകർച്ച രൂക്ഷമായ ധാന്യക്ഷാമത്തിലേക്ക് നയിച്ചു, ഇത് ഫ്രഞ്ച് ജനതയുടെ പ്രധാന ഭക്ഷണമായ ബ്രെഡിന്റെ വിലയിൽ വൻ വർദ്ധനവിന് കാരണമായി. 1789 ആയപ്പോഴേക്കും സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളും തങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും കേവലം ജീവൻ നിലനിർത്താൻ വേണ്ടി മാത്രമായി ചിലവഴിക്കാൻ തുടങ്ങി. പട്ടിണി വിപ്ലവ വീര്യത്തെ ഉണ്ടാക്കുകയും, ജനരോഷം വർദ്ധിപ്പിക്കുകയും, ബ്രെഡ് കലാപങ്ങളിലേക്കും നഗരങ്ങളിലെ അശാന്തിയിലേക്കും ഫ്രാൻസിനെ തള്ളിവിട്ടു. കിംഗ്ടണിന്റെ വാദങ്ങൾ വെളിപ്പെടുത്തുന്നത് ഈ പ്രതിസന്ധി കേവലം സാമ്പത്തിക കെടുകാര്യസ്ഥത ആയിരുന്നില്ലെന്നും, മറിച്ച് മുഴുവൻ സാമൂഹിക ക്രമത്തെയും അസ്ഥിരപ്പെടുത്തിയ കാലാവസ്ഥാ-പ്രേരിതമായ ഒരു ഉപജീവന പ്രതിസന്ധിയായിരുന്നു എന്നാണ്. ഇവിടെയാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ കാതൽ കിടക്കുന്നത്.
കിംഗ്ടൺന്റെ നവ ചരിത്ര - ഭൂപട സിദ്ധാന്തങ്ങൾ ലദൂറി, ബ്രയാൻ ഫാഗൻ തുടങ്ങിയ പാരിസ്ഥിതിക ചരിത്രകാരന്മാരുടെ വാദങ്ങളെ പിന്തുണയ്ക്കുകയും അതിന് ശാസ്ത്രീയ കാർട്ടോഗ്രാഫിക് അടിത്തറ നൽകുകയും ചെയ്യുന്നു. എൽ നിനോയെക്കുറിച്ചുളള പഠനങ്ങൾക്കും, ലാകി സ്ഫോടനം പോലുള്ള അഗ്നിപർവ്വത സംഭവങ്ങൾക്കുമൊപ്പം വായിക്കുമ്പോൾ, ഫ്രഞ്ച് പ്രതിസന്ധി ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഒരു വലിയ മാതൃകയുടെ ഭാഗമായിരുന്നുവെന്ന് കിംഗ്ടണിന്റെ ഡാറ്റ സൂചിപ്പിക്കുന്നു. ഇവിടെയാണ് സ്ഥൂല- സൂക്ഷ്മ ചരിത്രങ്ങളുടെ ബാന്ധവം കൃത്യമാകുന്നത്.
കാലാവസ്ഥ മാത്രമാണ് വിപ്ലവത്തിന് കാരണമായത് എന്ന് കിംഗ്ടൺ വാദിക്കുന്നില്ല. പകരം, കടുത്ത കാലാവസ്ഥാ സാഹചര്യങ്ങൾ നിലവിലുള്ള ഘടനാപരമായ സംഘർഷങ്ങളെ - സാമ്പത്തിക അസമത്വം, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ അസംതൃപ്തി എന്നിവയെ - തീവ്രമാക്കുകയും അതുവഴി വിപ്ലവകരമായ നിമിഷത്തെ (Historical Moment of Revolution) വേഗത്തിലാക്കുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ കൃതികൾ തെളിയിക്കുന്നു. ഈ അർത്ഥത്തിൽ, ഫ്രഞ്ച് വിപ്ലവത്തെ കേവലം ജ്ഞാനോദയ ആശയങ്ങളുടെ ഒരു ഉൽപന്നമായി മാത്രം കാണാതെ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തെ ഭൗതികവും പാരിസ്ഥിതികവുമായ യാഥാർത്ഥ്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഒരു സംഭവമായി പുനർവ്യാഖ്യാനം ചെയ്യുകയാണ് കിംഗ്ടൺ.

ഈ പാരിസ്ഥിതിക ചരിത്രപരമായ ഇടപെടലുകളുടെ സഞ്ചിത ഫലമാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ അടിസ്ഥാന കാരണങ്ങളിലേക്ക് വെളിച്ചം നൽകുന്നത്. വോൾട്ടയർ, റൂസ്സോ തുടങ്ങിയ ജ്ഞാനോദയ ചിന്തകർ വിയോജിപ്പിന്റെയും പ്രതിരോധത്തിന്റെയും സാമൂഹിക മനോഭാവത്തിന് കാരണമാകുകയും ആശയപരമായ അടിത്തറ നൽകുകയും ചെയ്തു എന്നതിൽ തർക്കമില്ല. എന്നാൽ ആശയങ്ങളെ ചിന്താമണ്ഡലത്തിന്റെ മേൽക്കൂര പൊളിച്ച് പ്രവൃത്തിയിലേക്ക് കൊണ്ടുവരുന്നത്, കാലാവസ്ഥാ തടസ്സങ്ങളാൽ സൃഷ്ടിക്കപ്പെട്ട പട്ടിണിയുടെ ഭൗതിക യാഥാർത്ഥ്യമാണ്. ബ്രെഡ് കലാപങ്ങൾ, വിലവർദ്ധനവ്, 'ദി ഗ്രേറ്റ് ഫിയർ' എന്നറിയപ്പെട്ട ഗ്രാമീണ ഭീതി എന്നിവ സാമൂഹിക പ്രതിഭാസങ്ങൾ എന്നതുപോലെ തന്നെ പാരിസ്ഥിതിക പ്രതിഭാസങ്ങളുടെ പ്രതിഫലനങ്ങളായും വായിക്കപ്പെടണം. ഫ്രഞ്ച് വിപ്ലവത്തിന്റെ കാരണങ്ങൾ ഒറ്റ ചോദ്യത്തിന് ഉത്തരമെഴുതുന്ന സാങ്കേതിക പഠന മികവിന് വഴങ്ങില്ല എന്നർത്ഥം.
കാലാവസ്ഥാ ചരിത്രപഠനം കേവലം താപനിലയിലെ മാറ്റങ്ങളുടെ രേഖപ്പെടുത്തലല്ല, മറിച്ച് പ്രകൃതിയും മനുഷ്യ നാഗരികതയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ബൗദ്ധിക ചരിത്ര അന്വേഷണമാണ്. പാരിസ്ഥിതിക ചരിത്രപഠനങ്ങളും, ഗവേഷണങ്ങളും അതിതീവ്രമായ ആഗോള താപനം നേരിടുന്ന ആധുനിക സമൂഹത്തിന്, ഭാവിയിലുണ്ടാകാവുന്ന സാമൂഹിക-സാമ്പത്തിക അസ്ഥിരതകളെ മുൻകൂട്ടി കണ്ട് സുസ്ഥിരമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനുള്ള സാമൂഹിക നിപുണത നൽകുമെന്നതിൽ സംശയമില്ല. ഈ രീതിയിലുളള ചരിത്ര പഠനങ്ങളിലേക്ക് കേരളം തിരിയേണ്ട കാലമായിരിക്കുന്നു. ഇന്നു നാം അനുഭവിക്കുന്ന തീവ്ര ചൂട് ഈ തിരിയലിലേക്കുള്ള പ്രചോദനമായാൽ ചരിത്ര വിഷയത്തിന്റെ പ്രസക്തി വർദ്ധിക്കുന്നതിനൊപ്പം കാലാവസ്ഥാ സാക്ഷരതയുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനും പറ്റും. എൽനിനോ മൂലം പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്നത് കേരളത്തിലെ മഴയെയും താപനിലയെയും ബാധിക്കുമെന്ന് നമ്മുടെ കുട്ടികൾ പഠിക്കട്ടെ. അങ്ങനെ, ലോകം ശരിക്കും കൈക്കുമ്പിളിൽ ആയിട്ട് നൂറ്റാണ്ടുകളായി എന്നവർ അറിയട്ടെ. ഫ്രഞ്ച് വിപ്ലവത്തിന് ഹേതുവായ കാരണങ്ങളിൽ കാലാവസ്ഥാ - പാരിസ്ഥിതിക വ്യതിയാനങ്ങൾക്കൂടി, ശീതീകരണ യന്ത്രങ്ങൾക്കൊപ്പം ക്ലാസ് മുറികളിലേക്ക് വരട്ടെ.

References
Caviedes, Cesar N. El Nino in History: Storming Through the Ages. University Press of Florida, 2001.
Fressoz, Jean-Baptiste, and Fabien Locher. Chaos in the Heavens: The Forgotten History of Climate Change. Verso, 2024.
Grove, Richard H. “The Great El Nino of 1789–93 and Its Global Consequences.” The Medieval History Journal, vol. 10, 2007, pp. 75–98.
Kington, John. The Weather of the 1780s Over Europe. Cambridge University Press, 1988.
Ladurie, Emmanuel Le Roy. Times of Feast, Times of Famine: A History of Climate Since the Year 1000. Translated by Barbara Bray, Doubleday, 1971.
McPhee, Peter. An Environmental History of France: Making the Landscape, 1770–2020. Bloomsbury, 2024.
Pfister, Christian, and Heinz Wanner. Climate and Society in Europe: The Last Thousand Years. Haupt, 2021.
Virilio, Paul. Speed and Politics. Translated by Mark Polizzotti, Semiotext(e), 2006.
