എന്തുകൊണ്ടാണ് അസ്വീകാര്യമാണെന്ന് പറയേണ്ടിവരുന്നത്?
മുതലാളിത്ത സാമ്പത്തിക സിദ്ധാന്തങ്ങൾക്കപ്പുറമുള്ള അന്വേഷണങ്ങൾ സുപ്രധാനമാണെന്ന്
വ്യക്തതയോടെ പറയേണ്ടതിന്റെ സാഹചര്യം എന്താണ്?
സാമ്പത്തിക- ഭൗതിക വികസനത്തിന്റെ ക്രമാതീതമായ വളർച്ച സംബന്ധിച്ച ചർച്ച ഇന്ന് വ്യാപകമായി നടക്കുന്നുണ്ട്. രണ്ട്- മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറത്ത് സമാന്തര അക്കാദമിക വേദികളിലും പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ ഭാഗമായും മാത്രം ഉയർന്നുവന്ന "വളർച്ചാ വിമർശങ്ങൾ' ഇന്ന് മുഖ്യധാരയുടെ കൂടി വിഷയമായി മാറിയിരിക്കുന്നു. "സാമ്പത്തിക ഭൗതികശാസ്ത്രം' (Econo physics), "പരിസ്ഥിതി സമ്പദ്ശാസ്ത്രം' (Ecological Economics) തുടങ്ങി അന്തർവിഷയാത്മക (interdisciplinary) സമീപനങ്ങളുമായി പുതിയ പഠനമേഖലകൾ ഈ വിഷയങ്ങളിൽ സജീവമാകുകയും വികസിതമാകുകയും ചെയ്തു. ഭൂമിയുടെ ജൈവിക- ഭൗതിക പരിമിതികളെ (Bio-physical constraints) അവഗണിച്ചുകൊണ്ടുള്ള സാമ്പത്തിക വളർച്ച അസാധ്യമാണെന്ന ബോധ്യം സാമ്പത്തികശാസ്ത്ര വിദഗ്ധർക്കിടയിൽ തന്നെ ദൃഢമാകുകയും നിയോക്ലാസിക്കൽ സാമ്പത്തിക സിദ്ധാന്തങ്ങളുടെ ഗണിതശാസ്ത്ര മാതൃകകളെയും അവയുടെ വളർച്ചാ മാനദണ്ഡങ്ങളെയും ചോദ്യം ചെയ്ത് പുതിയ സിദ്ധാന്തങ്ങൾ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുകയും ചെയ്തു.
പ്രാഥമിക സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത ജനകോടികൾ വസിക്കുന്ന ഒരു ഭൂപ്രദേശത്ത് നിന്നുകൊണ്ട് വളർച്ചാപരിമിതിയെ സംബന്ധിച്ച, അല്ലെങ്കിൽ അപവളർച്ച സംബന്ധിച്ച സംവാദങ്ങൾ എത്രമാത്രം ഔചിത്യം നിറഞ്ഞതായിരിക്കും
സാമ്പത്തിക വളർച്ച: ചില ചിന്താക്കുഴപ്പങ്ങൾ
പാരിസ്ഥിതിക പ്രതിസന്ധികൾക്കുള്ള പരിഹാരം എന്തെന്നുള്ള അന്വേഷണം വ്യവസ്ഥയ്ക്കകത്തും പുറത്തും ഒരുപോലെ നടക്കുന്നുണ്ടെന്നതാണ് വസ്തുത. "സുസ്ഥിര വികസനം' (Sustainable Development), "ഹരിത സമ്പദ്വ്യവസ്ഥ' (Green Economy), "സാങ്കേതിക നവീകരണം' (Technological Innovation) തുടങ്ങി നിരവധി പരിഹാരങ്ങൾ വ്യവസ്ഥാപരിപാലകർ മുന്നോട്ടുവെക്കുന്നുണ്ട്. പ്രതിസന്ധികളുടെ അടിസ്ഥാന കാരണം പരിഗണിക്കാത്ത കേവല സാങ്കേതിക പരിഹാരങ്ങൾ മാത്രമാണ് ഇവയൊക്കെയും എന്ന വിമർശനം ഹരിതപ്രസ്ഥാനങ്ങളിൽ നിന്നും സാമാന്യ സാമ്പത്തികശാസ്ത്ര മാതൃകകളുടെ വിമർശകരിൽ നിന്നും ഉയരുന്നെണ്ടെന്നതും അത്രതന്നെ യാഥാർത്ഥ്യമാണ്.
സാമ്പത്തിക വളർച്ചയുടെ അടിസ്ഥാന പ്രമാണങ്ങളെ ചോദ്യം ചെയ്യുമ്പോൾ വികസ്വര, അവികസിത രാജ്യങ്ങളിലെ ആസൂത്രണ വിദഗ്ധരും നയരൂപീകരണകർത്താക്കളും ജനകീയ പ്രസ്ഥാനങ്ങളും എത്തിപ്പെടുന്ന ചില ചിന്താക്കുഴപ്പങ്ങൾ വർത്തമാന വികസന സംവാദങ്ങളിൽ ഇടക്കിടെ പ്രതിഫലിച്ചുകാണാം. പ്രാഥമിക സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത ജനകോടികൾ വസിക്കുന്ന ഒരു ഭൂപ്രദേശത്ത് നിന്നുകൊണ്ട് വളർച്ചാപരിമിതിയെ സംബന്ധിച്ച, അല്ലെങ്കിൽ അപവളർച്ച (degrowth) സംബന്ധിച്ച സംവാദങ്ങൾ എത്രമാത്രം ഔചിത്യം നിറഞ്ഞതായിരിക്കും എന്ന ആശങ്കയാണ് ഈ ചിന്താക്കുഴപ്പങ്ങളുടെ അടിസ്ഥാനം.
പാരിസ്ഥിതിക വിനാശത്തിലേക്ക് നയിക്കാത്ത സമത (equity) യിലൂന്നിയ ഒരു വികസന മാതൃക മുന്നോട്ടുവെക്കാൻ ശ്രമിക്കുമ്പോൾ അത്യന്തം അസമത്വത്തിലൂന്നിയ വളർച്ചാമാതൃകകളെ കൂടുതൽ സൂക്ഷ്മതയോടെ സമീപിക്കുവാനും അവ സൃഷ്ടിച്ച മാനസിക അടിമത്തത്തിൽ നിന്ന് പുറത്തുകടക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.
സാമ്പത്തികവളർച്ച സംവാദ വിഷയമാകുമ്പോഴൊക്കെ, "വികസന വിഷയത്തിൽ രാഷ്ട്രീയം പാടില്ലെ'ന്ന പതിവുപല്ലവി ഭരണനേതൃത്വങ്ങൾക്കൊപ്പം പ്രതിപക്ഷ രാഷ്ട്രീയകക്ഷികൾക്കും ആവർത്തിച്ച് ഉരുവിടേണ്ടിവരാറുണ്ട്. വികസന പദ്ധതികളുടെ ഇരകളായി തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന ജനങ്ങളെ അണിനിരത്തി പ്രക്ഷോഭപാതയിലേക്കിറങ്ങുന്ന പരിസ്ഥിതി പ്രസ്ഥാനങ്ങൾപോലും അവരുടെ മുദ്രാവാക്യങ്ങളിൽ "വികസനം' എന്ന വാക്കിന് നോവേൽക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് കാണാൻ കഴിയും. (‘വികസനം വേണം, വിനാശം വേണ്ട’ എന്ന മുദ്രാവാക്യം ശ്രദ്ധിക്കുക.) സാമ്പത്തിക വികസനം എന്നത് വിശുദ്ധപശുവാണെന്നും അതിനെ വിമർശിക്കുന്നതും ചോദ്യം ചെയ്യുന്നതും രാഷ്ട്രീയ ധർമമല്ലെന്നുമുള്ള ബോധ്യത്തെ സമൂഹമനസ്സാക്ഷിയിലേക്ക് ആഴത്തിൽ കടത്തിവിടാൻ വികസനവക്താക്കൾക്ക് സാധിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണിത്.
പൊള്ളയായ വളർച്ചാ മാതൃകകൾ
വികസന വിഷയത്തിൽ രാഷ്ട്രീയം കടന്നുവരികയും നാളിതുവരെയുള്ള വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച സാമ്പത്തിക- സാമൂഹിക- പാരിസ്ഥിതിക കണക്കെടുപ്പ് നടത്തുകയും ചെയ്യുന്നതിനൊപ്പം, അത്യന്തം അസമത്വത്തിലേക്ക് നയിക്കുന്ന വികസന പരിപ്രേക്ഷ്യങ്ങൾക്ക് ആധാരശിലയായി വർത്തിക്കുന്ന സാമ്പത്തിക സിദ്ധാന്തങ്ങളെക്കൂടി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ മാത്രമേ സാമ്പ്രദായിക വികസന മാതൃകകളെ പൂർണമായും തള്ളിക്കളയാൻ സാധിക്കുകയുള്ളൂ. നിലവിലെ, സാമ്പത്തിക വളർച്ചാ മാതൃകകളുടെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങൾ എന്തെന്ന് പരിശോധിക്കാൻ അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്.
ദാരിദ്ര്യ നിർമാർജ്ജനത്തിന് സാമ്പത്തിക വികസനം അനിവാര്യമാണെന്ന വികസന വക്താക്കളുടെ അവകാശവാദങ്ങൾ എത്ര യുക്തിപൂർണമാണ്? അസന്തുലിതമായ വിഭവപ്രവാഹത്തിലൂടെയല്ലാതെ നിലവിലുള്ള വികസന മാതൃകകൾക്ക് മുന്നോട്ടുപോകാൻ സാധിക്കുമോ? സാമൂഹിക അസമത്വവും പാരിസ്ഥിതിക അസ്ഥിരതയും നിലനിർത്തിക്കൊണ്ടല്ലാതെ നിലവിലുള്ള വളർച്ചാ മോഡലുകൾക്ക് തുടരാൻ കഴിയുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ ശ്രമിക്കുമ്പോഴാണ് വികസന മാതൃകകളുടെ അടിത്തറയിൽത്തന്നെ കടന്നുകൂടിയിട്ടുള്ള പ്രശ്നങ്ങൾ കണ്ടെത്താൻ സാധിക്കുന്നത്.
മുതലാളിത്ത വളർച്ചാമാതൃകകൾ പുതിയതരത്തിലുള്ള സാമൂഹിക പുറന്തള്ളൽ സൃഷ്ടിക്കുന്നതോടൊപ്പം സാമ്പത്തിക അസമത്വങ്ങൾ തീവ്രമാക്കുകയുമാണ് ചെയ്യുന്നതെന്ന് തെളിയിക്കപ്പെട്ട സംഗതിയാണ്. ഈ വസ്തുതകളെയൊക്കെ പിന്തള്ളിക്കൊണ്ടാണ് ഭാവിയെ സംബന്ധിച്ച തിളക്കമാർന്ന സ്വപ്നങ്ങൾ വിതരണം ചെയ്യുന്നത്
സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള സംവാദങ്ങളിൽ നിരന്തരം കേൾക്കുന്ന "രാജ്യപുരോഗതി', "തുല്യാവസരം', "ദാരിദ്ര്യനിർമാർജ്ജനം' തുടങ്ങിയ മുദ്രാവാക്യ സമാനമായ വാക്കുകൾ എക്കാലവും സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ മാത്രമായി ഉപയോഗിക്കപ്പെട്ടതായി കാണാം; പ്രത്യേകിച്ചും വികസ്വര- അവികസിത രാഷ്ട്രങ്ങളിൽ. സാമ്പത്തിക വളർച്ചയുടെ മുന്നോട്ടുപോക്കിൽ എപ്പോഴെങ്കിലും ലഭിച്ചേക്കാവുന്ന തങ്ങളുടെ പങ്കിനെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ സാധാരണക്കാരനെക്കൂടി തളച്ചിട്ടുകൊണ്ടാണ് വികസനവക്താക്കൾ തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നത്. സമതയെ അടിസ്ഥാന ലക്ഷ്യമായി പരിഗണിക്കാത്ത വികസന പ്രവർത്തനങ്ങൾ സമ്പത്തിന്റെയും വരുമാനത്തിന്റെയും കേന്ദ്രീകരണത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ എന്ന് സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ട സംഗതിയാണ്. ഗാർഹിക സർവേവിവരങ്ങൾ, നികുതി റിട്ടേണുകൾ, മറ്റ് വിദഗ്ധ സർവ്വേകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കണക്കുകളെ ആധാരമാക്കി ഇന്ത്യയിലെ വരുമാന അസമത്വത്തിലെ ഭീകരമായ വിടവിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ‘മൂലധനം ഇരുപതാം നൂറ്റാണ്ടിൽ' (Capital in Twenty first Century, 2014) എന്ന വിഖ്യാത ഗ്രന്ഥത്തിലൂടെ തോമസ് പിക്കെറ്റി പങ്കുവെക്കുന്നുണ്ട്. രാജ്യത്തിന്റെ പൊതുവരുമാനം അടിത്തട്ടിലെ 50%ത്തിനും ഇടത്തട്ടിലെ 40%ത്തിനും മുകൾത്തട്ടിലെ 10%ത്തിനും ഇടയിലായിട്ടാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പിക്കെറ്റി വിശദീകരിക്കുന്നു. നിലവിലുള്ള വളർച്ചാമാതൃകകളുടെ ഉപോൽപ്പന്നമെന്ന നിലയിലാണ് സമൂഹത്തിലെ ഒരു ശതമാനത്തിന്റെ ദ്രുതഗതിയിലുള്ള വരുമാന വളർച്ച സാധ്യമാകുന്നത്. വാസ്തവത്തിൽ, മുതലാളിത്ത വളർച്ചാമാതൃകകൾ പുതിയതരത്തിലുള്ള സാമൂഹിക പുറന്തള്ളൽ സൃഷ്ടിക്കുന്നതോടൊപ്പം സാമ്പത്തിക അസമത്വങ്ങൾ തീവ്രമാക്കുകയുമാണ് ചെയ്യുന്നതെന്ന് തെളിയിക്കപ്പെട്ട സംഗതിയാണ്. ഈ വസ്തുതകളെയൊക്കെ പിന്തള്ളിക്കൊണ്ടാണ് ഭാവിയെ സംബന്ധിച്ച തിളക്കമാർന്ന സ്വപ്നങ്ങൾ വിതരണം ചെയ്തുകൊണ്ട് പുറന്തള്ളൽ വികസനത്തിന്റെ സാധ്യതകളെ കൂടുതൽ കൂടുതലായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നത്.
തികച്ചും അസന്തുലിതമായ വിഭവ വിനിയോഗത്തിലൂടെയല്ലാതെ നിലനിൽക്കുന്ന വികസന മോഡലുകൾക്ക് അതിജീവിക്കാൻ കഴിയില്ലെന്നതും അത്രതന്നെ വസ്തുതയാണ്. ആഫ്രോ- ഏഷ്യൻ രാജ്യങ്ങളെ കോളനിവൽക്കരിക്കാൻ സാധിച്ചില്ലായെങ്കിൽ യൂറോപ്യൻ വികസനം ഇന്ന് കാണുന്ന രീതിയിൽ സാധ്യമാകുമോ എന്ന ചോദ്യം പ്രസക്തമാണ്. അതുപോലെ തന്നെ പ്രധാനമായ മറ്റൊരു ചോദ്യം, വികസ്വര- അവികസിത രാജ്യങ്ങളിലെ ഗ്രാമീണമേഖലയെ തങ്ങളുടെ വിഭവകോളനികളാക്കി മാറ്റിയിരുന്നില്ലെങ്കിൽ അവയുടെ നഗരങ്ങൾ ഇന്നനുഭവിക്കുന്ന ഭൗതിക സുഖസൗകര്യങ്ങൾ എത്രകണ്ട് സാധ്യമാക്കും എന്നതാണ്. ‘കേന്ദ്രവും പ്രാന്തപ്രദേശവും' (Centre & periphery-നഗരങ്ങളും ഗ്രാമങ്ങളും എന്ന് ഇന്ത്യൻ പശ്ചാത്തലത്തിൽ വായിക്കാം) തമ്മിലുള്ള വിഭജനത്തെ കൂടുതൽ ആഴത്തിലുള്ളതാക്കി മാറ്റുന്ന അസന്തുലിത വിഭവ കൈമാറ്റത്തെ പരിപോഷിപ്പിക്കാതെ നിലവിലെ സാമ്പത്തിക വളർച്ച അസാധ്യമായിരിക്കും എന്ന് വികസനത്തിന്റെ ഏത് മാനദണ്ഡം വെച്ച് അളന്നാലും കണ്ടെത്താം. ഗ്രാമീണമേഖലയിലെ അധ്വാനത്തെ ചൂഷണം ചെയ്തും അവിടങ്ങളിലെ ജനങ്ങളുടെ ആരോഗ്യവും ജീവിതസാഹചര്യങ്ങളും നശിപ്പിച്ചും പ്രകൃതി വിഭവങ്ങൾ നഗരങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി ഉത്പന്നങ്ങളാക്കി മാറ്റിയുമാണ് നിരന്തര വളർച്ച എന്ന സ്വപ്നത്തെ ഇക്കാലയളവുവരെ കാത്തുസൂക്ഷിക്കാൻ സാധിച്ചത്.
മുതലാളിത്ത സമ്പദ്വ്യവസ്ഥ: ഒരു വിമർശനം
രാഷ്ട്രങ്ങൾ തമ്മിലും രാഷ്ട്രങ്ങൾക്കകത്തെ സമൂഹങ്ങൾക്കിടയിലും നഗര- ഗ്രാമങ്ങൾ തമ്മിലും നിലനിൽക്കുന്ന അസമത്വത്തിന്റെ അടിസ്ഥാന കാരണങ്ങൾ സാമൂഹിക ചയാപചയ പ്രക്രിയയിലെ വിള്ളളുകളുമായി (metabolic rift) ബന്ധപ്പെടുത്തി മനസ്സിലാക്കാം. ഈയൊരു ചയാപചയ വിള്ളലുകളെ പരിഗണിക്കാൻ മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്ക് കഴിയില്ലെന്നതും അത് പ്രാന്തപ്രദേശങ്ങളിലെ സമൂഹങ്ങൾക്കിടയിൽ അസ്വസ്ഥതകൾക്ക് കാരണമാകുന്നുവെന്നതും തിരിച്ചറിയേണ്ടതുണ്ട്.
പ്രകൃതിയിലെ സകല ചരാചരങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന പരസ്പരാശ്രിതത്വവും സഹജീവനവുമാണ് ജീവന്റെ ചാക്രികതയെ നിലനിർത്തുന്നത് എന്നത് ജൈവവ്യവസ്ഥയെ സംബന്ധിച്ച സാമാന്യ ധാരണയാകേണ്ടതാണ്. ഈയൊരു ചാക്രികത മനുഷ്യബന്ധങ്ങളിലും അവർ സൃഷ്ടിച്ച ജീവിതക്രമങ്ങളിലും സൂക്ഷ്മതയോടെ ഇടപെടുന്നുണ്ട്. ജൈവചാക്രികതയെ അടിസ്ഥാനപ്പെടുത്തിയുള്ള ചയാപചയ പ്രക്രിയയാണ് ജൈവവ്യവസ്ഥയെ മുന്നോട്ടുനയിക്കുന്നതെങ്കിൽ മുതലാളിത്ത സമ്പദ്വ്യവസ്ഥ രേഖീയ പ്രവാഹത്തെ അടിസ്ഥാനപ്പെടുത്തിയതുമാണ്. (രേഖീയ പ്രവാഹത്തിൽ വിഭവങ്ങളുടെ പ്രവാഹം ഒരു വശത്തേക്ക് മാത്രമായിരിക്കും. വിഭവ പ്രതിസന്ധിയുടെ യഥാർത്ഥപ്രശ്നം കുടികൊള്ളുന്നതും ഇവിടെയാണ്).
സാമ്പത്തിക വികസനം എന്നത് വിശുദ്ധ പശുവാണെന്നും അതിനെ വിമർശിക്കുന്നതും ചോദ്യം ചെയ്യുന്നതും രാഷ്ട്രീയ ധർമമല്ലെന്നും ഉള്ള ബോധ്യത്തെ സമൂഹമനസ്സാക്ഷിയിലേക്ക് ആഴത്തിൽ കടത്തിവിടാൻ വികസന വക്താക്കൾക്ക് സാധിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണിത്.
ഈയൊരു അടിസ്ഥാനബോധ്യത്തിൽ നിന്നുകൊണ്ട് വികസനസംവാദങ്ങളിൽ ഇടപെടുമ്പോൾ നിരന്തരവും സുസ്ഥിരവുമായ വികസനം എന്നത് ഒരു വിരുദ്ധോക്തി മാത്രമാണെന്ന് മനസ്സിലാക്കാൻ കഴിയും. കടുത്ത അസമത്വത്തിലേക്കും വിഭവദാരിദ്ര്യത്തിലേക്കും നയിക്കുന്ന വർത്തമാന വികസന മാതൃകകൾ അതുകൊണ്ടുതന്നെ അസ്വീകാര്യമാണെന്നും മുതലാളിത്ത സാമ്പത്തിക സിദ്ധാന്തങ്ങൾക്കപ്പുറമുള്ള അന്വേഷണങ്ങൾ സുപ്രധാനമാണെന്നും വ്യക്തതയോടെ പറയാൻ നമുക്ക് സാധിക്കും. ▮