മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ചതിന് രണ്ട് ദിവസം കഴിഞ്ഞ്, ആഗസ്ത് ഒന്നിന് കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ വിഭാഗത്തിന്റേതായി ഒരു ഉത്തരവ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നതിൽ നിന്നും മാധ്യമങ്ങളുമായി സംസാരിക്കുന്നതിൽ നിന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും വിട്ടുനിൽക്കണം എന്നായിരുന്നു ഈ സർക്കാർ ഉത്തരവിന്റെ സാരം. എന്നുമാത്രമല്ല, ദുരന്തബാധിത മേഖലയിൽ ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്തണമെങ്കിൽ കേരള സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന്റെ മുൻകൂർ അനുമതി തേടേണ്ടതാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
സംസ്ഥാന റവന്യൂ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഒപ്പുവെച്ച ഈ ഉത്തരവ് പുറത്തുവന്ന് മൂന്ന് മണിക്കൂറിനകം ഗവൺമെന്റിന് അത്തരമൊരു നയമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേൽപ്പറഞ്ഞ ഉത്തരവ് ഔദ്യോഗികമായി റദ്ദു ചെയ്ത് മറ്റൊരു ഉത്തരവ് പ്രസിദ്ധീകരിച്ചതായി അറിവില്ല. അതിനർത്ഥം ശാസ്ത്രജ്ഞർക്കും ശാസ്ത്രസ്ഥാപനങ്ങൾക്കും വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള മുൻ ഉത്തരവ് തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത് എന്നാണ്.
പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതിന്റെ കാരണങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ തുറന്ന രീതിയിൽ അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കാത്തവിധത്തിൽ ഒരു അന്തരീക്ഷം കേരളത്തിൽ നിലനിൽക്കുന്നുവെന്നതിന് ഇനിയും തെളിവുകൾ നിരത്താൻ സാധിക്കും. ഔദ്യോഗിക നിലപാടുകളോട് ചേർന്നുപോകാത്ത ശാസ്ത്രീയ അഭിപ്രായങ്ങൾ സ്വതന്ത്രമായി രേഖപ്പെടുത്തുന്നതിന് ശാസ്ത്രജ്ഞർ മടിക്കുന്നുവെന്ന് വേണം പറയാൻ. മുണ്ടക്കൈ ദുരന്തത്തിന് ശേഷം അതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അതിവൃഷ്ടിയെക്കൂടാതെ മനുഷ്യജന്യ ഘടകങ്ങളും ദുരന്തങ്ങൾക്ക് കാരണമാണെന്ന് ചൂണ്ടിക്കാട്ടിയ സീനിയർ ജിയോളജിസ്റ്റിന് തന്റെ പേര് വെളിപ്പെടുത്തരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കേണ്ടി വന്നുവെന്നത് ലജ്ജാകരമായ സംഗതിയാണ്.
സ്വതന്ത്രവും നിർഭയവുമായ സാമൂഹികാന്തരീക്ഷം ശാസ്ത്രീയ അന്വേഷണങ്ങൾക്കും സംവാദങ്ങൾക്കും അനിവാര്യമായ ഒന്നാണെന്ന കാര്യത്തിൽ തർക്കമുണ്ടാവാൻ വഴിയില്ല. ഗവേഷണം നടത്താനും പഠിപ്പിക്കാനും, വിവരങ്ങൾ പ്രചരിപ്പിക്കാനും, ആവിഷ്ക്കരിക്കാനും ഉള്ള സ്വാതന്ത്ര്യം അക്കാദമിക സ്വാതന്ത്ര്യത്തിന്റെ സൂചകങ്ങളായിട്ടാണ് അറിയപ്പെടുന്നത്. പ്രകോപനപരവും വിവാദപരമായ വീക്ഷണങ്ങൾ, വിസമ്മതങ്ങൾ (Nonconformity) എന്നിവയുടെ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നതും ഈ സൂചകങ്ങളിൽ ഉൾപ്പെടുന്നു. ഈയൊരു അക്കാദമിക സ്വാതന്ത്ര്യത്തിന് വിഘാതമാകുന്ന ഏത് അന്തരീക്ഷവും ശാസ്ത്രീയാന്വേഷണങ്ങളുടെ വളർച്ചയ്ക്കും വിഘാതമാകുമെന്നത് നിസ്തർക്കമായ കാര്യമാണ്.
അതത് കാലത്തെ പൊതുധാരയ്ക്ക് വിരുദ്ധമോ വ്യവസ്ഥാപിത താൽപ്പര്യങ്ങൾക്ക് പ്രതികൂലമോ ആകുന്ന വസ്തുനിഷ്ഠ അറിവുകളോട് അവഗണന പുലർത്തുകയോ, അവയെ അപഹസിച്ച് ഇല്ലാതാക്കുകയോ, നിർഭയമായി അത്തരം കാര്യങ്ങൾ വിളിച്ചുപറയുന്നവരെ വ്യക്ത്യധിക്ഷേപങ്ങൾക്ക് വിധേയരാക്കുകയോ ചെയ്യുന്നത് നമുക്ക് കാണാൻ കഴിയും. ഭരണകൂടത്തിന്റെ പൊതുവായ സാമ്പത്തിക-രാഷ്ട്രീയ നയങ്ങൾക്കോ, സമൂഹത്തിൽ മേൽക്കൈയുള്ള വ്യവസായ ഗ്രൂപ്പുകളുടെ താൽപ്പര്യങ്ങൾക്കോ വിരുദ്ധമാകുന്ന ഏത് തരം അറിവുകളെയും മുളയിലേ നുള്ളിക്കളയുക എന്നതാണ് ഇത്തരം ആക്രമണങ്ങളുടെ പിന്നിലെ ഉദ്ദേശലക്ഷ്യമെന്നതിന് ചരിത്രത്തിൽ തന്നെ നിരവധി തെളിവുകൾ നമ്മുടെ മുന്നിലുണ്ട്.
ഡി.ഡി.ടിയുടെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത റെയ്ച്ചൽ കാർസൺ തൊട്ട് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ബെഞ്ചമിൻ ഡി സാന്റർ വരെയുള്ള നിരവധി പേർക്ക് നിക്ഷിപ്ത താൽപ്പര്യക്കാരുടെയും കോർപ്പറേറ്റ് ലോകത്തിന്റെയും ആശീർവ്വാദത്തോടെയുള്ള ആസൂത്രിത ആക്രമണങ്ങൾക്ക് ഇരകളാകേണ്ടിവന്നിട്ടുണ്ട്.
സുവ്യക്തമായ ശാസ്ത്രത്തെളിവുകളെയും അവ മുന്നോട്ടുവെക്കുന്ന ബോധ്യങ്ങളെയും തള്ളിക്കളയുകയും അവ്യക്തമാക്കുകയും ചെയ്യുക എന്നതോടൊപ്പം കൃത്യമായ തന്ത്രങ്ങളിലൂടെ ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും, ശാസ്ത്ര സമൂഹത്തിലെ ഇതര ശാസ്ത്രജ്ഞരെ അവരുടെ ഗവേഷണ ഫലങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന് പിന്നിലെ സുപ്രധാന ലക്ഷ്യം. ലോകത്തെവിടെയും കാലാവസ്ഥ, പരിസ്ഥിതി, ആരോഗ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന നിർഭയരായ ശാസ്ത്രജ്ഞർ ഇത്തരത്തിലുള്ള ആസൂത്രിത ആക്രമണങ്ങൾക്ക് വിധേയമാക്കപ്പെട്ടതിന്റെയും, ആക്രമണങ്ങളെയും അപഹസിക്കലുകളെയും അതിജീവിച്ച് അവർ കണ്ടെത്തിയ അറിവുകളും അവരുടെ ഉറച്ച നിലപാടുകളും പിൽക്കാലത്ത് അംഗീകരിക്കപ്പെട്ടതിന്റെയും നിരവധി സന്ദർഭങ്ങൾ കാണാൻ കഴിയും.
ഡി.ഡി.ടിയുടെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത റെയ്ച്ചൽ കാർസൺ തൊട്ട് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ബെഞ്ചമിൻ ഡി സാന്റർ വരെയുള്ള നിരവധി പേർക്ക് നിക്ഷിപ്ത താൽപ്പര്യക്കാരുടെയും കോർപ്പറേറ്റ് ലോകത്തിന്റെയും ആശീർവ്വാദത്തോടെയുള്ള ആസൂത്രിത ആക്രമണങ്ങൾക്ക് ഇരകളാകേണ്ടി വന്നിട്ടുണ്ട്. പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞൻ മൈക്ക്ൾ ഇ മാൻ Michael E Mann) 'സെറീൻഗെറ്റി സ്ട്രാറ്റജി' (serengeti strategy) എന്ന് വിശേഷിപ്പിച്ച ഈ തന്ത്രം ഇന്ന് കാലദേശ വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലും പ്രയോഗിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും പാരിസ്ഥിതിക തകർച്ചകളും കാലാവസ്ഥാ പ്രതിസന്ധിയും സാമ്പ്രദായിക വികസന മാതൃകകളെയും സാമ്പത്തിക വളർച്ചയെയും സംബന്ധിച്ച മുഖ്യധാരാ ബോധ്യങ്ങൾക്കു നേരെ നിരന്തര ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്ന വർത്തമാന സന്ദർഭങ്ങളിൽ.
'സെറീൻഗെറ്റി' (serengety strategy) എന്നാൽ 'വിശാല സമതലം' അല്ലെങ്കിൽ 'അന്തമില്ലാത്ത സമതലപ്രദേശം' എന്നാണർത്ഥം. സെറീൻഗെറ്റിയിൽ സീബ്രകളെ വേട്ടയാടാൻ സിംഹങ്ങൾ സ്വീകരിക്കുന്ന തന്ത്രങ്ങളെയാണ് സെറീൻഗെറ്റി സ്ട്രാറ്റജി (serengeti strategy) എന്ന പദപ്രയോഗത്തിലൂടെ അർത്ഥമാക്കുന്നത്. കൂട്ടത്തിൽ ഒരെണ്ണത്തിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് കീഴടക്കുക എന്നതാണ് ഈ തന്ത്രം.
ശാസ്ത്രീയ ബോദ്ധ്യങ്ങളിൽ നിന്നുകൊണ്ട് കൂട്ടത്തിന് വിരുദ്ധമായും, സ്ഥാപിത താൽപ്പര്യങ്ങളെ വകവെക്കാതെയും, പൊതുനന്മ ലക്ഷ്യമിട്ടുകൊണ്ടും നിർഭയമായി സത്യം വിളിച്ചുപറയുന്ന ശാസ്ത്രജ്ഞരെ ഒറ്റതിരിഞ്ഞ് വ്യക്തിപരമായി ആക്രമിച്ച് ഇല്ലാതാക്കുക എന്ന തന്ത്രത്തെ മുൻനിർത്തി സെറീൻഗെറ്റി സ്ട്രാറ്റജി എന്ന പ്രയോഗം ആദ്യമായി പ്രയോഗിക്കുന്നത് മൈക്ക്ൾ ഇ മാൻ എന്ന കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് എന്നത് യാദൃശ്ചികമല്ല. കാരണം, കാലാവസ്ഥാ ശാസ്ത്രവുമായി ബന്ധപ്പെട്ട പല പുതിയ അറിവുകളും വ്യവസ്ഥാപിത, നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിലകൊള്ളുന്നു എന്നതു തന്നെയാണ്.
ശാസ്ത്രമേഖലയിൽ നടക്കുന്ന ഈയൊരു ഒറ്റ തിരിഞ്ഞ ആക്രമണത്തെ, സെറീൻഗെറ്റി സ്ട്രാറ്റജിയെ, കുറിച്ച് 'ബുള്ളറ്റിൻ ഓഫ് ആറ്റമിക് സയന്റിസ്റ്റി'ൽ എഴുതിയ ലേഖനത്തിൽ മൈക്ക്ൾ ഈ മാൻ ഇങ്ങനെ വിശദീകരിക്കുന്നു:
''സെറെൻഗെറ്റിയിലെ സിംഹങ്ങൾ ഒരു കൂട്ടത്തിന്റെ അരികിൽ ദുർബലരായ സീബ്രകളെ തിരയുന്നതുപോലെ, സ്ഥാപിത താൽപ്പര്യങ്ങൾക്ക് അനുകൂലമല്ലാത്ത ശാസ്ത്രീയ തെളിവുകൾക്ക് ശാസ്ത്രമേഖലയെ മുഴുവനായും കൂട്ടുത്തരവാദികളാക്കുന്നതിന് പകരം ആ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ലക്ഷ്യമിടുന്നതായി കാണാം. ഈ സമീപനത്തിന് പിന്നിലെ ന്യായവാദം മുഴുവൻ ശാസ്ത്രജ്ഞരെക്കാളും വ്യക്തികളെ താഴെയിറക്കുകയോ ലക്ഷ്യം വെക്കുകയോ ചെയ്യുന്നത് എളുപ്പമാണ് എന്നതാണ്. മാത്രമല്ല, ഇത് എപ്പോഴും വലിയ ഉദ്ദേശലക്ഷ്യങ്ങളുമായാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയ ഭരണകൂടങ്ങളെ താങ്ങിനിർത്തുന്ന കോർപ്പറേറ്റ് - വ്യവസായ ലോബികളുടെ താൽപ്പര്യങ്ങൾക്ക് വിഘാതമാകുന്ന ശാസ്ത്രീയ ബോധ്യങ്ങളിൽ ശാസ്ത്ര സമൂഹങ്ങൾക്കിടയിൽ അഭിപ്രായ സമന്വയം ഉടലെടുക്കാൻ സാധ്യതയുള്ള എല്ലാ മേഖലകളിലും 'സെറെൻഗെറ്റി തന്ത്രം' പലപ്പോഴും പ്രയോഗിക്കപ്പെട്ടതായി കാണാം. ശാസ്ത്രീയ കണ്ടെത്തലുകളെ സംബന്ധിച്ച ചർച്ചകൾ സമൂഹത്തിൽ സാധ്യമാക്കുന്നതിന് പകരം അത്തരം അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ ശാസ്ത്രജ്ഞരെ വ്യക്തിപരമായി അവഹേളിക്കുന്ന (Ad hominem) തന്ത്രങ്ങളിലേക്ക് നിക്ഷിപ്ത താൽപ്പര്യക്കാർ ചെന്നെത്തുന്നു.
പുകയില ഉത്പന്നങ്ങൾ ശ്വാസകോശ അർബുദത്തിന് കാരണമാകുന്നുവെന്ന ശാസ്ത്രകണ്ടെത്തലുകളെ പുകമറയ്ക്കുള്ളിൽ നിർത്താൻ ഈ മേഖലയിലെ വ്യവസായ ലോബി നടത്തിയ ശ്രമങ്ങളെ ഓറെസ്ക്സും കോൺവേയും തങ്ങളുടെ മെർച്ചെന്റ്സ് ഓഫ് ഡൗബ്ട്ട്സ് എന്ന ഗ്രന്ഥത്തിൽ ടുബാക്കോ സ്ട്രാറ്റജി എന്ന് വിശേഷിപ്പിക്കുന്നു.
പുത്തൻ കണ്ടെത്തലുകളുടെ / പുതിയതരം അറിവുകളുടെ ഗുണങ്ങളെ സംബന്ധിച്ച സംവാദങ്ങളിൽ നിന്ന് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കുകയും, യുക്തിചിന്തകളിൽ നിന്നും ബൗദ്ധിക വ്യാപാരങ്ങളിൽ നിന്നും മാറി വികാരപ്രകടനങ്ങൾ, മുൻവിധികൾ എന്നിവയെ ആശ്രയിക്കുകയും ചെയ്യുന്നു. പുതുതായി ഉയർന്നുവന്ന ശാസ്ത്രബോധ്യങ്ങളെ ഇതുവഴി അവ്യക്തതയിൽ നിർത്താനും കുറച്ചുകാലത്തേക്കെങ്കിലും അപ്രസക്തമാണെന്ന് വരുത്തിത്തീർക്കാനും ഇതുവഴി സാധിക്കുന്നു. വാസ്തവത്തിൽ ഇത് യഥാർത്ഥ പരിഹാര നടപടികളിന്മേൽ കാലവിളംബം സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്.
എന്തുകൊണ്ടാണ് ശാസ്ത്രബോധ്യങ്ങളെ വിട്ട് അതിന് പിന്നിലെ വ്യക്തികളെ ലക്ഷ്യമിട്ടുകൊണ്ട് ആക്രമണം നടത്തുന്നത് എന്നത് സംബന്ധിച്ച് മൈക്ക്ൾ ഇ മാൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ''ഒരു കൂട്ടം ശാസ്ത്രജ്ഞരെ ഒരേസമയം ഏറ്റെടുക്കുക എന്നത് ബുദ്ധിമുട്ടാണ്. അതേസമയം വ്യക്തികളെ ആക്രമിക്കുക എന്നത് എളുപ്പവും. മാത്രമല്ല, അത് തെളിയിക്കപ്പെട്ട ശാസ്ത്ര കണ്ടെത്തലുകളെയും അതിന്റെ പ്രത്യാഘാതങ്ങളെയും തള്ളിക്കളയാനും മറച്ചുവെക്കാനും ഉള്ള ശ്രമങ്ങൾക്ക് ശക്തിപകരുന്നു.'' ഇത് വലിയൊരു വിഭാഗം ശാസ്ത്രജ്ഞരെ അവരുടെ ഗവേഷണ ഫലങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിന്നും തടഞ്ഞുനിർത്തുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. പുകയില വ്യവസായവുമായി ബന്ധപ്പെട്ട് പരീക്ഷിച്ച് വിജയിച്ച ഒരു തന്ത്രം കൂടിയാണിത്. പുകയില ഉത്പന്നങ്ങൾ ശ്വാസകോശ അർബുദത്തിന് കാരണമാകുന്നുവെന്ന ശാസ്ത്ര കണ്ടെത്തലുകളെ പുകമറയ്ക്കുള്ളിൽ നിർത്താൻ ഈ മേഖലയിലെ വ്യവസായ ലോബി നടത്തിയ ശ്രമങ്ങളെ ഓറെസ്ക്സും കോൺവേയും തങ്ങളുടെ മെർച്ചെന്റ്സ് ഓഫ് ഡൗബ്ട്ട്സ് എന്ന ഗ്രന്ഥത്തിൽ ടുബാക്കോ സ്ട്രാറ്റജി എന്ന് വിശേഷിപ്പിക്കുന്നു. (Oreskes & Conway, 2010).
ബെൻ സാന്ററിന്റെ കഥ
ലോറൻസ് ലിവ്മോർ നാഷണൽ ലബോറട്ടറിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ബെഞ്ചമിൻ ഡി സാന്റർ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ രണ്ടാം അസസ്സ്മെന്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിലെ പ്രധാനപ്പെട്ട എഴുത്തുകാരനാണ്. 1995-ൽ പുറത്തിറങ്ങിയ രണ്ടാം വിലയിരുത്തൽ റിപ്പോർട്ടിലെ എട്ടാം അധ്യായം Detection of climate change and attribution of causes തയ്യാറാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് സാന്ററാണ്. കാലാവസ്ഥാ പ്രതിസന്ധിക്ക് പിന്നിലെ മനുഷ്യജന്യ ഘടകങ്ങളെ സംബന്ധിച്ച് ഐ.പി.സി.സി.യുടെ വിലയിരുത്തൽ റിപ്പോർട്ടിൽ ആദ്യമായി പ്രതിപാദിപ്പിക്കപ്പെടുന്നത് സാന്റർ രചിച്ച എട്ടാം അധ്യായത്തിലൂടെയാണ്. 'The balance of evidence suggests a discernible human influence on global climate.' എന്ന പന്ത്രണ്ട് വാക്കുകൾ മാത്രമുള്ള സാന്ററിന്റെ വാചകം പിന്നീടുള്ള അദ്ദേഹത്തിന്റെ തൊഴിലിനെയും വ്യക്തിജീവിതത്തെയും എങ്ങിനെ മാറ്റിമറിച്ചു എന്നത് ചരിത്രമാണ്. കാലാവസ്ഥാ മാറ്റത്തിന്റെ കേവല ദൃക്സാക്ഷികൾ മാത്രമല്ല മനുഷ്യരെന്നും അവയ്ക്ക് പിന്നിലെ ചാലകശക്തി കൂടിയാണെന്നും സാന്ററിന്റെ ഗവേഷണ ഫലങ്ങൾ വ്യക്തതയോടു കൂടി ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു.
എന്നാൽ ബെൻ സാന്ററിന് പിന്നീട് നേരിടേണ്ടി വന്നത് ഫോസിൽ ഇന്ധന ലോബിയെ മാത്രമായിരുന്നില്ല. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ മുൻ പ്രസിഡണ്ടും ജോർജ് സി മാർഷൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാനികളിലൊരാളുമായിരുന്ന ഫ്രെഡറിക് സെയ്റ്റ്സിനെപ്പോലുള്ള അതികായന്മാരെയായിരുന്നു. സാന്ററിന്റെ വാദം 'ശാസ്ത്രീയ ശുദ്ധീകരണം' (scientific cleansing) ആണെന്നായിരുന്നു വാൾ സ്ട്രീറ്റ് ജേർണലിൽ സെയ്റ്റ്സ് എഴുതിയ ലേഖനത്തിലെ ആരോപണം. ബോസ്നിയയിൽ വംശീയ ശുദ്ധീകരണത്തിന്റെ പേരിൽ ബോസ്നിയൻ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്ന കാലത്താണ് ഇത്തരമൊരു പ്രയോഗം സെയ്റ്റ്സ് നടത്തുന്നതെന്നോർക്കണം! സെയ്റ്റ്സ് കാലാവസ്ഥാ ശാസ്ത്രജ്ഞനോ, ഐ.പി.സി.സി.യിലെ ഏതെങ്കിലും വർക്കിംഗ് ഗ്രൂപ്പുകളിലെ അംഗമോ ആയിരുന്നില്ല. എങ്കിൽക്കൂടിയും ഫ്രെഡ്റിക് സെയ്റ്റ്സും അദ്ദേഹത്തിന്റെ ജോർജ് സി മാർഷൽ ഇൻസ്റ്റിറ്റ്യൂട്ടും ഉയർത്തിവിട്ട ആരോപണങ്ങൾ ബെൻ സാന്ററിന്റെ വ്യക്തി ജീവിതത്തെയും ശാസ്ത്രീയ കണ്ടെത്തലുകളെയും സംശയത്തിന്റെ നിഴലിൽ നിർത്തി. 'Doubt is our product'' എന്ന് സ്വയം അവകാശപ്പെടുന്ന ജോർജ്ജ് സി മാർഷൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസത്യ പ്രചരണങ്ങൾ രാഷ്ട്രീയ ഭരണകൂടങ്ങൾക്കും ഫോസിൽ ഇന്ധന ലോബികൾക്കും നയരൂപീകരണ വിദഗ്ധരുടെയും താൽപ്പര്യങ്ങളുമായി ചേർന്നുപോകുന്നതായിരുന്നു എന്നതുകൊണ്ടുതന്നെ സാന്ററിന്റെ പഠനങ്ങളെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റി നിർത്താൻ സഹായിച്ചു. എന്നാൽ ബെൻ സാന്റർ ശരിയായിരുന്നുവെന്ന് ശാസ്ത്രലോകം അസന്നിഗ്ധമായി ഇന്ന് പ്രഖ്യാപിക്കുന്നു. കൂടുതൽ അംഗീകാരങ്ങളും ബഹുമതികളും പിൽക്കാലത്ത് ബെൻ സാന്ററെ തേടിയെത്തിയെങ്കിലും അതിലേക്ക് എത്താൻ സാന്റർക്ക് ബലികഴിക്കേണ്ടി വന്നത് തന്റെ കരിയറിന്റെ ഏറ്റവും സുപ്രധാന കാലഘട്ടമായിരുന്നു.
മൈക്ക്ൾ മാനും
ഹോക്കി സ്റ്റിക് വളവും
ആയിരം വർഷത്തെ അന്തരീക്ഷ താപവ്യതിയാന ഡാറ്റകളെ ചേർത്തുവെച്ച് മൈക്ക്ൾ ഇ മാനും കൂട്ടരും സൃഷ്ടിച്ചെടുത്ത 'ഹോക്കി സ്റ്റിക് കർവ്' (Hockey Stick Curve) ഫോസിൽ ഇന്ധന ഉപയോഗം ആരംഭിച്ച കാലംതൊട്ടുള്ള അന്തരീക്ഷ താപവ്യതിയാനത്തിലെ വർധനവ് സംബന്ധിച്ച് ദൃശ്യപരമായ വ്യക്തത നൽകുന്ന ഒന്നായിരുന്നു. തീർച്ചയായും ഫോസിൽ ഇന്ധന ലോബികളെ വിറളിപിടിപ്പിക്കുന്ന ഒന്നായി മാറി മൈക്ക്ൾ ഇ മാന്റെ ഈ കണ്ടുപിടിത്തം. അമേരിക്കൻ എണ്ണ ഭീമന്മാരായ കോച്ച് സഹോദരന്മാർ (Koch Brothers) മൈക്ക്ൾ മാനിനും അദ്ദേഹത്തിന്റെ ഹോക്കി സ്റ്റിക് കർവിനും എതിരായി കടുത്ത പ്രചരണങ്ങൾ അഴിച്ചുവിടുകയുണ്ടായി. മാനിന്റെ സ്വകാര്യ കത്തിടപാടുകൾ ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കുന്നതിലേക്കും മൈക്കിളിനെതിരായി ശാരീരികമായ ആക്രമണങ്ങടക്കം അഴിച്ചുവിടുന്നതിലേക്കും അത് ചെന്നെത്തി. വിവരാവകാശ നിയമത്തിന്റെ മറപറ്റി, മൈക്കിൾ മാനിന്റെ സ്വകാര്യ കത്തിടപാടുകളിലേക്ക് പ്രവേശനം സാധ്യമാക്കിക്കൊണ്ട്, അദ്ദേഹത്തിന്റെ ജോലിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഏറ്റവും ശ്രദ്ധേയമായ പ്രചാരണങ്ങളിലൊന്ന്. കാലാവസ്ഥാ മാറ്റങ്ങളിലെ മനുഷ്യജന്യ ഘടകങ്ങളെ വ്യക്തമാക്കുന്ന ഏതൊരുതരം ശാസ്ത്രാന്വേഷണങ്ങളെയും അപകീർത്തിപ്പെടുത്താൻ വൻകിട തിങ്ക്ടാങ്കുകളെത്തന്നെ സാമ്പത്തിക സഹായം നൽകിപ്പോറ്റുന്നുണ്ടായിരുന്നു കോച്ച് സഹോദരന്മാർ.
മുന്നറിയിപ്പുകളും ഭീഷണികളും നിറഞ്ഞ ആയിരക്കണക്കിന് വിദ്വേഷം നിറഞ്ഞ ഇമെയിലുകൾ മൈക്ക്ൾ ഇ മാനിന്റെ പേരിൽ അയക്കപ്പെട്ടു. അമേരിക്കൻ സെനറ്റിന്റെ ഹിയറിംഗുകളിൽ നിരന്തരം തെളിവുകളുമായി മാനിന് ചെല്ലേണ്ടി വന്നു. ശാസ്ത്രീയ തെളിവുകൾ കോൺഗ്രസ്സിന് മുന്നിൽ അവതരിപ്പിച്ചാൽ തന്നെയും എതിരാളികളായ സെനറ്റർമാരുടെ വസ്തുതാവിരുദ്ധമായ ആക്രമണങ്ങളെ നേരിടേണ്ടിവന്നു. മാനിനെതിരായ ആക്രമണങ്ങളിൽ ഏറ്റവും പ്രധാനമായത് വെർജീനിയ കോടതിയിൽ നിന്നും അറ്റോർണി ജനറൽ കെന്നത് കുകിനെൽ (Kenneth Cuckinele) നേടിയെടുത്ത ഉത്തരവായിരുന്നു. മാനിനെതിരായി സിവിൽ ഇൻവെസ്റ്റിഗേഷൻ എന്ന ആവശ്യമായിരുന്നു കുകിനെൽ ഉന്നയിച്ചത്. കോടതി വ്യവഹാരങ്ങളിൽ കുരുക്കിയിടാൻ ഈയൊരു നടപടികളിലൂടെ സാധിച്ചുവെങ്കിലും 'നേച്ചർ' പോലുള്ള ശാസ്ത്ര ജേണലുകൾ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. 2010 മെയ് 12-ന് നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ഇങ്ങനെ എഴുതി: 'തെറ്റ് ചെയ്തത് സംബന്ധിച്ച തെളിവുകളുടെ അഭാവം കണക്കിലെടുക്കുമ്പോൾ, കാലാവസ്ഥാ ശാസ്ത്രജ്ഞരെ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതിനായി പ്രത്യയശാസ്ത്രപരമായി പ്രചോദിതമായ അന്വേഷണമല്ലാതെ മറ്റൊന്നായി കുക്കിനെല്ലിയുടെ ആവശ്യത്തെ കാണാൻ പ്രയാസമാണ്'
Science Subpoenaed; https://www.nature.com/articles/465135b
അമേരിക്കൻ നാഷണൽ അക്കാദമി ഓഫ് സയൻസസ് അടക്കമുള്ളവർ മൈക്ക്ൾ ഇ മാനിന്റെ ഗവേഷണഫലത്തെ പിന്തുണച്ചു. എന്നാൽ, ഫോസിൽ ഇന്ധന വ്യവസായ ലോബികൾ തങ്ങളുടെ ആക്രമണങ്ങൾ തുടരുക തന്നെ ചെയ്തു. കോച്ച് സഹോദരന്മാരുടെ സാമ്പത്തിക പിന്തുണയുണ്ടായിരുന്ന അമേരിക്കൻ ട്രഡീഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എ.ടി.ഐ- നിലവിൽ അത് എനർജി ആൻഡ് എൻവയോൺമെന്റൽ ലീഗൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അറിയപ്പെടുന്നു) മാനിന്റെ സ്വകാര്യ കത്തിടപാടുകൾക്കായി വീണ്ടും കോടതിയെ സമീപിച്ചു. നീണ്ട ഒരു ദശകക്കാലത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ മാത്രമാണ് മൈക്ക്ൾ ഇ മാനും സഹ ഗവേഷകർക്കും ഈ നിയമക്കുരുക്കുകളിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചത്.
മൈക്ക്ൾ ഇ മാനിനെതിരായ ആക്രമണങ്ങൾക്ക് മുൻനിരയിൽ നിന്ന എ.ടി.ഐ.യുടെ ഫണ്ടിംഗിന്റെ ഏകദേശം 25 ശതമാനവും ഫോസിൽ ഇന്ധന വ്യവസായത്തിൽ നിന്നുള്ളതായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
മൈക്ക്ൾ ഇ മാനിനെതിരായ ആക്രമണങ്ങൾക്ക് മുൻനിരയിൽ നിന്ന എ.ടി.ഐ.യുടെ ഫണ്ടിംഗിന്റെ ഏകദേശം 25 ശതമാനവും ഫോസിൽ ഇന്ധന വ്യവസായത്തിൽ നിന്നുള്ളതായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ExxonMobil, Koch ഫൗണ്ടേഷൻ, പോപ്പ് ഫൗണ്ടേഷൻ എന്നിവ കാലാവസ്ഥാ ശാസ്ത്രജ്ഞർക്കെതിരായ ആക്രമണങ്ങളെ കയ്യയച്ചു സഹായിച്ചു. കൺസർവേറ്റീവ് രാഷ്ട്രീയ പശ്ചാത്തലമുള്ള കോമ്പറ്റേറ്റീവ് എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട്, ജോർജ്ജ് സി മാർഷൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി ഗവേഷണ സ്ഥാപനങ്ങൾ കാലാവസ്ഥാ ഗവേഷണങ്ങളെ പുകമറയ്ക്കുള്ളിൽ നിർത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നതിന്റെ നിരവധി കഥകൾ ഇപ്പോൾ പുറത്തുവന്നുകഴിഞ്ഞിരിക്കുന്നു. ജോർജ് സി മാർഷൽ ഇൻസ്റ്റിറ്റ്യൂട്ടിന് 2015-ൽ തങ്ങളുടെ പ്രവർത്തനങ്ങൾ തന്നെ അവസാനിപ്പിക്കേണ്ടി വന്നു.
മൈക്ക്ൾ ഇ മാൻ കോടതി വ്യവഹാരങ്ങളിൽ നിന്നും മോചനം പ്രാപിച്ചെങ്കിലും കാലാവസ്ഥാ ഗവേഷണ മേഖലയിൽ ഈ കോടതി വ്യവഹാരങ്ങൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്തു. ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പല യുവ ശാസ്ത്രജ്ഞരും തങ്ങളുടെ കണ്ടെത്തലുകൾ തുറന്ന മനസ്സോടെ അവതരിപ്പിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞു. പലരും നിശ്ശബ്ദരായി. ആഗോളതാപനത്തിന് പിന്നിലെ മനുഷ്യ ജന്യ ഘടകങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഗവേഷണഫലങ്ങൾ ഗവേഷണ സ്ഥാപനങ്ങളിലെ ഫയലുകൾക്കിടയിൽ പൊടിപിടിച്ചു കിടന്നു. ഇത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അപകടങ്ങൾ ലഘൂകരിക്കുന്നതിനും മറ്റ് പരിഹാര നടപടികൾ സ്വീകരിക്കുന്നതിലും കാലതാമസം വരുത്തി.
ശാസ്ത്രീയാന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും ഭൗമാതിർത്തികൾ ഇല്ലെന്നതു പോലെ ശാസ്ത്രത്തിനും ശാസ്ത്രജ്ഞർക്കും എതിരായ ആക്രമണങ്ങൾക്കും ഭീഷണികൾക്കും ഭൗമാതിർത്തികൾ ബാധകമായിരുന്നില്ല. നിക്ഷിപ്ത താൽപ്പര്യങ്ങൾക്കും മേധാവിത്തമുള്ള സാമ്പത്തിക- വ്യവസായ നയങ്ങൾക്കും എതിരാണ് ശാസ്ത്രീയ അറിവുകൾ നീങ്ങുന്നതെങ്കിൽ ആ അറിവുകളെ ശരിയായ ദിശയിൽ വിനിയോഗിക്കുന്നതിന് പകരം അത്തരം അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ ശാസ്ത്രജ്ഞരെ നിശ്ശബ്ദരാക്കുക എന്നതാണ് പൊതുവിൽ അവലംബിക്കപ്പെടുന്ന രീതി. ചിലയിടങ്ങളിൽ അത് സർക്കാർ ഉത്തരവുകളിലൂടെയാകാം; മറ്റിടങ്ങളിൽ നിയമക്കുരുക്കുകളിൽ പെടുത്തിയാകാം. ഏത് രീതി അവലംബിച്ചാലും ആത്യന്തികമായി അതിന്റെ ഫലമെന്നത് പരിഹാര സാധ്യതകളെ കൂടുതൽ സങ്കീർണ്ണമാക്കുക എന്നത് മാത്രമാണ്. ശാസ്ത്ര സമതലങ്ങളിൽ നിർഭയരായ ഒറ്റയാന്മാർ നിക്ഷിപ്ത താൽപ്പര്യങ്ങളാൽ ആക്രമിക്കപ്പെടുകയോ നിശ്ശബ്ദരാക്കപ്പെടുകയോ ചെയ്യുമ്പോൾ ഇല്ലാതാക്കപ്പെടുന്നത് സത്യാന്വേഷണങ്ങളുടെ ജൈവവ്യവസ്ഥ തന്നെയാണ് എന്ന് ഓർക്കുന്നത് നന്ന്.