കാവുകളുടെ
പാരിസ്ഥിതിക ജീവിതം

‘‘2007-ൽ, ഞാനും എന്റെ പങ്കാളിയും തൂതപ്പുഴയോരത്ത് കാടുപിടിച്ചുകിടന്നിരുന്ന ഭൂമി വാങ്ങിയപ്പോൾ, അദ്ദേഹം അവിടെ ഒരു കാവ് സ്ഥാപിക്കണമെന്ന് ആഗ്രഹം പറഞ്ഞു. ഒരു വ്യവസ്ഥ ഞാൻ പറഞ്ഞു, കാവിനോടു ചേർന്നിരിക്കുന്ന ഒരു ഭൂഭാഗം പൂർണ്ണമായും കാടായിത്തനെ നിലനിർത്തണം. വെറുതെ, പേരിനുമാത്രം സൂക്ഷിക്കുന്ന പച്ചപ്പായല്ല, മറിച്ച് യഥാർത്ഥത്തിൽ ഒരു കാവായിത്തന്നെ’’- കാവുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് എഴുതുന്നു, നിഭ നമ്പൂതിരി.

ഭൂമിയിൽ മനുഷ്യർക്ക് താമസിക്കാം, കൃഷി ചെയ്യാം, വീടു പണിയാം; പക്ഷെ, ഭൂമിയിലെ എല്ലായിടങ്ങളും മനുഷ്യർക്കു മാത്രമുള്ളതല്ല. ചില ഇടങ്ങൾ കാടായിട്ടും പാമ്പുകളുടേതും പക്ഷികളുടേയും കീടങ്ങളുടേയും മഴയുടേയും കൂടിയാണ്. സർപ്പക്കാവുകൾ ഒരർത്ഥത്തിൽ അത്തരമൊരു ecological restraint- ന്റെ സാംസ്കാരിക ശേഷിപ്പുകളാവുന്നു.

പിന്നോട്ടുനോക്കുമ്പോൾ, എന്റെ വ്യക്തി ജീവിതത്തിലും അതുപോലൊരു നിശ്ശബ്ദ ഒത്തുതീർപ്പ് നടന്നതുപോലെ പലപ്പോഴും തോന്നാറുണ്ട്.

2007-ൽ, ഞാനും എന്റെ പങ്കാളിയും തൂതപ്പുഴയോരത്ത് കാടുപിടിച്ചുകിടന്നിരുന്ന ഭൂമി വാങ്ങിയപ്പോൾ, അദ്ദേഹം അവിടെ ഒരു കാവ് സ്ഥാപിക്കണമെന്ന് ആഗ്രഹം പറഞ്ഞു. എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഒരു വ്യവസ്ഥ ഞാൻ പറഞ്ഞു, കാവിനോടു ചേർന്നിരിക്കുന്ന ഒരു ഭൂഭാഗം പൂർണ്ണമായും കാടായിത്തനെ നിലനിർത്തണം. വെറുതെ, പേരിനുമാത്രം സൂക്ഷിക്കുന്ന പച്ചപ്പായല്ല, മറിച്ച് യഥാർത്ഥത്തിൽ ഒരു കാവായിത്തന്നെ. അതായത്, മനുഷ്യ ഇടപെടലുകൾ ഇല്ലാതെ സ്വഭാവികമായി പ്രകൃതിക്ക് വളരാൻ അനുവദിച്ച ഒരു പ്രദേശം.

2007-ൽ, ഞാനും എന്റെ പങ്കാളിയും തൂതപ്പുഴയോരത്ത് കാടുപിടിച്ചുകിടന്നിരുന്ന ഭൂമി വാങ്ങിയപ്പോൾ, അദ്ദേഹം അവിടെ ഒരു കാവ് സ്ഥാപിക്കണമെന്ന് ആഗ്രഹം പറഞ്ഞു.
2007-ൽ, ഞാനും എന്റെ പങ്കാളിയും തൂതപ്പുഴയോരത്ത് കാടുപിടിച്ചുകിടന്നിരുന്ന ഭൂമി വാങ്ങിയപ്പോൾ, അദ്ദേഹം അവിടെ ഒരു കാവ് സ്ഥാപിക്കണമെന്ന് ആഗ്രഹം പറഞ്ഞു.

തെരഞ്ഞെടുത്ത ഭാഗം മനുഷ്യഇടപെടൽ കുറയ്ക്കാൻ ആദ്യം ഞങ്ങൾ വേലികെട്ടി. ആദ്യ വർഷങ്ങളിൽ ആ ഭൂമിയെ അതിന്റെ വഴിക്കുവിട്ടു. ക്രമേണ Canopy (സസ്യാവരണം) കനക്കാൻ തുടങ്ങി. കാവിനകത്ത് സൂര്യപ്രകാശം മണ്ണിലേക്ക് തട്ടതായി. മഴയ്ക്കുശേഷം മണ്ണിൽ നനവ് കൂടുതൽ സമയം നിലനിന്നു. “പൊന്തക്കാട്” എന്ന് പലർക്കും തോന്നിയിരുന്ന ആ സ്ഥലം പതുക്കെ ഒരു ആവാസവ്യവസ്ഥയായി മാറിത്തുടങ്ങി.

പിന്നീട്, moist deciduous കാടുകളിലും Riparian (പുഴയോര) ഇക്കോസിസ്റ്റങ്ങളിലും കണ്ടുവരുന്ന മരോട്ടി, ചേര്, പുന്ന, എഴിലം പാല, മഞ്ചാടി പോലെയുള്ള ചില തദ്ദേശീയസസ്യങ്ങൾ അവിടെ നട്ടുപിടിപ്പിച്ചു.

എങ്കിലും ക്രമേണ വ്യക്തമായത് മറ്റൊന്നായിരുന്നു. ഭൂമി സ്വയം തീരുമാനങ്ങളെടുക്കാൻ തുടങ്ങിയിരിക്കുന്നു. മണ്ണിൽ പൊഴിഞ്ഞ വിത്തുകൾ ആരും നടാതെ തന്നെ കിളിർത്തുവന്നു. മരങ്ങളുടെ വിടവിലൂടെ തൈകൾ പൊങ്ങിവന്നു. കാവിനുള്ളിലെ കാലാവസ്ഥ മാറി. തണുപ്പും തണലുമായി. പക്ഷികളുടെ വരവും പോക്കും തുടങ്ങി. ഭൂമി തന്നെ അതിന്റെ ഓർമ്മ തിരിച്ചുപിടിക്കുന്നതുപോലെ.

2026 മെയ് ആദ്യവാരത്തിൽ, കാവിനെ കുറിച്ച് ഒരു പരിസ്ഥിതിരേഖപ്പെടുത്തൽ (ecological documentation) ആരംഭിച്ചു. വിശ്വാസങ്ങൾക്കപ്പുറം, ജീവൻ തുടിക്കുന്ന ഒരു ആവാസവ്യവസ്ഥ എന്ന ധർമ്മം കൂടി ആ കാവ് നിർവ്വഹിക്കുന്നുണ്ടോ എന്ന് മനനസ്സിലാക്കാനായിരുന്നു ശ്രമം.

കാവിൽ ജൈവവൈവിധ്യം നിലനിൽക്കുന്നുണ്ടോ, പുനരുജ്ജീവനം നടക്കുന്നുണ്ടോ, ജലചക്രങ്ങളും പരസ്പരബന്ധങ്ങളും പ്രവർത്തിക്കുന്നുണ്ടോ, അല്ലെങ്കിൽ അത് ഭൂപ്രകൃതിയിലെ ഒരു തുണ്ട് പച്ചപ്പ് മാത്രമായിപ്പോയോ എന്നെല്ലാം എന്നറിയേണ്ടതുണ്ടായിരുന്നു.

കാവുകൾ പ്രതീകാത്മക ആരാധനാസ്ഥലങ്ങൾ മാത്രമായിരുന്നില്ല. അവ  വിവിധങ്ങളായ അനേകം കീടങ്ങൾ, ഉഭയജീവികൾ, പാമ്പുകൾ, പക്ഷികൾ, എണ്ണമറ്റ നിരവധി അദൃശ്യ സൂക്ഷ്മജീവികൾ എല്ലാം ചേർന്ന് ജീവിക്കുന്ന ആവാസവ്യവസ്ഥയാണ്. Representative image
കാവുകൾ പ്രതീകാത്മക ആരാധനാസ്ഥലങ്ങൾ മാത്രമായിരുന്നില്ല. അവ വിവിധങ്ങളായ അനേകം കീടങ്ങൾ, ഉഭയജീവികൾ, പാമ്പുകൾ, പക്ഷികൾ, എണ്ണമറ്റ നിരവധി അദൃശ്യ സൂക്ഷ്മജീവികൾ എല്ലാം ചേർന്ന് ജീവിക്കുന്ന ആവാസവ്യവസ്ഥയാണ്. Representative image

പഠനത്തിന് നേതൃത്വം നൽകിയത് എൻറോമോളജിസ്റ്റായ ഡോ. പ്രീതി വിജയയും കേരള വനംവകുപ്പിന്റെ കൺസൾട്ടന്റ് ബോട്ടനിസ്റ്റും ഇക്കോളജിസ്റ്റുമായ ഡോ. പ്രമോദ് കുമാർ നമ്പൂതിരിയുമായിരുന്നു. ഇരുവരും ഒറ്റപ്പാലം NSS കോളേജിലെ അധ്യാപകർ.

ആദ്യ നിരീക്ഷണങ്ങൾ പ്രധാനമായും സസ്യവൈവിധ്യത്തെക്കുറിച്ചായിരുന്നു. ഞങ്ങളുടെ കാവ് ഇപ്പോഴും ഒരു ancient moist deciduous forest- ന്റെ ചില സ്വഭാവങ്ങൾ നിലനിർത്തുന്നുണ്ടെന്ന് കണ്ടെത്തലുകൾ സൂചിപ്പിച്ചു.

നദീതീരസ്വഭാവമുള്ള സസ്യസമൂഹങ്ങൾ, വിത്തുകൾ, തൈകൾ, ചെറുതൈകൾ, വളർച്ചയുടെ വിവിധ ഘട്ടങ്ങൾ എന്നിവയുടെ സാന്നിധ്യം മൂലം അവിടെ സ്വാഭാവിക പുനരുജ്ജീവനം ഇപ്പോഴും നടക്കുന്നതായി കാണിച്ചു. അധിനിവേശസസ്യങ്ങൾ വളരെ കുറവായിരുന്നു എന്നതും വലിയ ആശ്വാസമായി.

പരിശോധനയ്ക്കിടെ ഡോ. പ്രമോദ് കുമാറിന്റെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളുണ്ടായി. കാവുകളിലെ മേഘച്ഛായയുടെ (canopy) പരിസ്ഥിതിശാസ്ത്രപ്രാധാന്യത്തെ കുറിച്ചായിരുന്നു അത്.

കനത്ത മേഘച്ഛായ താപനില നിയന്ത്രിക്കുന്നു, കഠിനമായ സൂര്യപ്രകാശം ഫിൽറ്റർ ചെയ്യുന്നു, മണ്ണിൽ നനവ് നിലനിർത്താൻ സഹായിക്കുന്നു, ഹ്യൂമസ് പാളികൾ രൂപപ്പെടാനിടയാക്കുന്നു, അതിനാൽ, കടുത്ത വേനലിലും കാവിനുള്ളിൽ തണുത്ത, സ്റ്റേബിളായ മൈക്രോ-ക്ലൈമറ്റ് നിലനിൽക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാവുകളിൽ അധിവസിക്കുന്ന പാമ്പുകൾക്ക് തണലും ഈർപ്പവും ആവശ്യമാണ് എന്നും, തുറന്ന, വരണ്ട ഭൂമിയിൽ ഒരു പാമ്പിനും വസിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

ഒരു കാവ് പുനരുജ്ജീവിക്കാൻ തുടങ്ങുമ്പോൾ തിരിച്ചുവരുന്നത് വെറും ജൈവവൈവിധ്യം മാത്രമല്ല.
ഒരു കാവ് പുനരുജ്ജീവിക്കാൻ തുടങ്ങുമ്പോൾ തിരിച്ചുവരുന്നത് വെറും ജൈവവൈവിധ്യം മാത്രമല്ല.

അതെ, കാവുകൾ ജീവസ്സുള്ളവയാവണം. അവിടെ മരങ്ങളും വള്ളികളും മരപ്പൊത്തുകളും ഇലപ്പടർപ്പും തണുപ്പും വേണം. അപ്പോഴേ അവിടെ ‘നാഗം’ വസിക്കൂ. പാരമ്പര്യങ്ങൾ കാല്പനികമായി, സിംബലിസത്തിന്റെ ഭാഷയിൽ പറഞ്ഞുവെച്ചതിനെ, പരിസ്ഥിതിശാസ്ത്രം ഇന്ന് വിശദീകരിക്കുന്നു, ശരിവെയ്ക്കുന്നു. കാവുകൾ പ്രതീകാത്മക ആരാധനാസ്ഥലങ്ങൾ മാത്രമായിരുന്നില്ല. അവ വിവിധങ്ങളായ അനേകം കീടങ്ങൾ, ഉഭയജീവികൾ, പാമ്പുകൾ, പക്ഷികൾ, എണ്ണമറ്റ നിരവധി അദൃശ്യ സൂക്ഷ്മജീവികൾ എല്ലാം ചേർന്ന് ജീവിക്കുന്ന ആവാസവ്യവസ്ഥയാണ്.

പരിശോധനയ്ക്കിടെ ഡോ. പ്രമോദ് കുമാർ Sterculia guttata എന്ന തദ്ദേശസസ്യത്തെ ചൂണ്ടിക്കാണിച്ച്, അതിന്റെ കായകൾ വേഴാമ്പലുകളെ (ഹോൺബില്ലുകളെ) ആകർഷിക്കുമെന്ന് പറഞ്ഞപ്പോൾ, ഞങ്ങളുടെ പറമ്പിൽ തന്നെ സ്ഥിരം സന്ദർശകരായ ഒരു ജോഡി ഗ്രേ ഹോൺബില്ലുകളുടെ കാര്യം ഞാൻ ഓർത്തു പോയി.

പ്രകൃതിയുടെ പാരസ്പര്യം, ഇഴചേർന്ന് പിണഞ്ഞു കിടക്കുന്ന ഇക്കോളജിക്കൽ നെറ്റ്‌വർക്ക്, ഇപ്പോഴും തകരാതെ നിലനിൽക്കുന്നുവെന്ന വളരെ അർത്ഥവത്തായ ഓർമ്മപ്പെടുത്തലായിരുന്നു അത്. ഇതെല്ലാം എന്റെ കാഴ്ചപ്പാടുകളെ ഒന്നുകൂടി വ്യക്തമാക്കാൻ സഹായിച്ചു. ഇക്കോളജിയുടെയും ‘വിശുദ്ധ സങ്കല്പ’ങ്ങളുടെയും ഇടയിലുള്ള ഒരു പൊതുസംഗമസ്ഥാനത്താണ് ഞാൻ നിൽക്കുന്നത് എന്ന തോന്നൽ ബലപ്പെട്ടു. ആ ഒരു ഇടത്തിൽ നിന്നാണ് Sacred ecology എന്ന ഒരു ആശയത്തിലേക്കോ അഥവാ ഫിലോസഫിയിലേക്കോ ഞാൻ എത്തിപ്പെടുന്നത്. അത് ആചാരങ്ങളുടെയും പരമ്പരാഗത രീതികളുടെയും അടിസ്ഥാനത്തിലായിരുന്നില്ല. പകരം, എന്റെ ഇക്കോളജിക്കൽ നിരീക്ഷണങ്ങളുടേയും മറ്റ് സക്രിയ പ്രവർത്തനങ്ങളുടേയും ചുവടുപിടിച്ചായിരുന്നു. എങ്കിലും ഇന്ന് നിലനിൽക്കുന്ന ഈ രണ്ടു ചിന്താപദ്ധതികളുടെയും പരിമിതികളെക്കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്.

ഒരു വശത്ത്, അവയിൽ പണ്ട് ലീനമായിരുന്ന ‘ഇക്കോളജിക്കൽ വിസ്ഡം’ ഉൾക്കൊള്ളാതെ, അവയെ നിരാകാരിച്ച്, അർത്ഥശൂന്യതുടർച്ചകളായി മാറിയ കുറേ പൊള്ളയായ ആചാരാനുഷ്ഠാനങ്ങൾ. കാവുകൾ ടൈൽ പാകിയ ഇടങ്ങളായി മാറുന്നു. കോൺക്രീറ്റ് സർപ്പക്കാവുകളാകുന്നു. ഒരിക്കൽ അവിടെ നിലനിന്നിരുന്ന ഇക്കോസിസ്റ്റത്തിന്റെ ഓർമ്മ പോലും അവിശേഷിക്കാതെ.

മറ്റൊരു വശത്ത് പാരമ്പര്യത്തിന്റെ ഭാഗമായ എല്ലാം അന്ധവിശ്വാസമായി തള്ളപ്പെടുന്ന കടുത്ത യുക്തിവാദവും. പല അനുഷ്‌ഠനങ്ങളുടെയും പിന്നിലുണ്ടായിരുന്ന പാരിസ്ഥിതിക (ecological restraint) നിയന്ത്രണത്തിന്റെ, വിലക്കിന്റെ സൂക്ഷ്മ രൂപങ്ങൾ തിരിച്ചറിയാതെയായി പോകുന്ന നിഷേധാത്മകത. അന്ധവിശ്വാസത്തിനും തികഞ്ഞ നിഷേധത്തിനുമിടയിൽ എവിടെയോ നാം ഒരു പഴയ പരിസ്ഥിതിവിവേകത്തെ (ecological wisdom) നഷ്ടപ്പെടുത്തിയില്ലേ...?

എന്നെ സംബന്ധിച്ച് ‘sacred ecology’ എന്നാൽ പഴമയെ ആരാധിക്കുകയോ (romanticise the past) ശാസ്ത്രത്തെ നിരാകരിക്കുകയോ എന്നതല്ല. ആദരവും (respect) നിരോധനങ്ങളും നിയന്ത്രണങ്ങളും, ഒരിക്കൽ പ്രകൃതിയെ സംരക്ഷിക്കാൻ നിലനിന്നിരുന്ന സാമൂഹിക രീതികളായിരുന്നു എന്നത് തിരിച്ചറിയുക കൂടിയാണ്.

ഒരു വശത്ത്, അവയിൽ പണ്ട് ലീനമായിരുന്ന ‘ഇക്കോളജിക്കൽ വിസ്ഡം’ ഉൾക്കൊള്ളാതെ, അവയെ നിരാകാരിച്ച്, അർത്ഥശൂന്യതുടർച്ചകളായി മാറിയ കുറേ പൊള്ളയായ ആചാരാനുഷ്ഠാനങ്ങൾ.
ഒരു വശത്ത്, അവയിൽ പണ്ട് ലീനമായിരുന്ന ‘ഇക്കോളജിക്കൽ വിസ്ഡം’ ഉൾക്കൊള്ളാതെ, അവയെ നിരാകാരിച്ച്, അർത്ഥശൂന്യതുടർച്ചകളായി മാറിയ കുറേ പൊള്ളയായ ആചാരാനുഷ്ഠാനങ്ങൾ.

സർപ്പക്കാവുകളിൽ അനാവശ്യ സഞ്ചാരം ഒഴിവാക്കൽ, പഴയ മരങ്ങൾ മുറിക്കാതിരിക്കൽ, ചില സ്ഥലങ്ങൾക്കുചുറ്റും അതിരുകൾ ഉണ്ടാക്കൽ, ഇവയെല്ലാം ബോധപൂർവ്വമായ ഇക്കോളജിക്കൽ ചിന്തയിൽ നിന്നല്ല ഉണ്ടായതെങ്കിലും, തിരിഞ്ഞു നോക്കുമ്പോൾ, പലപ്പോഴും അവയുടെ ആത്യന്തികഫലം പരിസ്ഥിതി സംരക്ഷണമായിരുന്നു എന്ന് കാണാം. അവ മേഘച്ഛായയെ സംരക്ഷിച്ചു. നനവ് നിലനിർത്തി. ജീവജാലങ്ങൾക്ക് അഭയം നൽകി.

വേഗത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയുടെ ഈ കാലത്ത്, ശാസ്ത്രം വേണോ അതോ പറയപ്പെടുന്ന ആ "വിശുദ്ധത" (sacredness) വേണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇവ രണ്ടും പരസ്പരവിരുദ്ധമായി കാണേണ്ടതുമില്ല. അവ തമ്മിൽ ആരോഗ്യപരമായ ആശയവിനിമയം നടക്കുകയാണ് വേണ്ടത്.

അഞ്ചു സെന്റ് മാത്രമുള്ള ഒരു കാവിനുപോലും, പാരിസ്ഥിതിക കരുത്തുണ്ട് എന്നും മനുഷ്യന്റെ ഇടപെടലുകൾ ഇല്ലാതെ പുനരുജ്ജീവിക്കപ്പെടുന്ന ഏതൊരു കാവും, പാളികളുള്ള വള്ളിപ്പടർപ്പുകളും തദ്ദേശസസ്യങ്ങളും ഉള്ള ഒന്നാകാൻ സാധ്യമാവും എന്നും ബോധ്യപ്പെടണം.

ഒരു കാവ് പുനരുജ്ജീവിക്കാൻ തുടങ്ങുമ്പോൾ തിരിച്ചുവരുന്നത് വെറും ജൈവവൈവിധ്യം മാത്രമല്ല. നിഴലാണ്, നനവാണ്, പക്ഷികളുടെ സംഗീതമാണ്, ആത്യന്തികമായി ഭൂമിയും സമൂഹവും തമ്മിലുള്ള പരസ്പര്യമാണ് എന്നെല്ലാമുള്ള തികച്ചും ജൈവികമായ ഔന്നത്യത്തിലേക്ക് അതുയരട്ടെ.


Summary: Why do sacred groves matter? Nibha Namboothiri reflects on conserving a natural forest patch along the Thootha River and the ecological value of kavus.


നിഭ നമ്പൂതിരി

പരിസ്ഥിതി പ്രവർത്തക, വന്യജീവി ഗവേഷക, എഴുത്തുകാരി. പ്രകൃതിസംരക്ഷണ പ്രവർത്തനത്തിലും ആനകളുടെ പരിപാലനത്തിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നു.

Comments