Mannerheim Tiger Hunt

‘‘ഒരു ബ്രിട്ടീഷുകാരനെപ്പോലെ
‘അവനെ (കടുവയെ)’ നേരിടുക’’;
ചരിത്രത്തിലെ
ഇന്ത്യൻ കടുവ

‘‘മുമ്പ് കൊളോണിയൽ ആധിപത്യത്തിനെതിരായ രാഷ്ട്രീയ പ്രതിരോധത്തെയും, ഇന്ന് പാരിസ്ഥിതിക തകർച്ചയ്ക്കെതിരായ പ്രതിരോധത്തെയും പ്രതീകാത്മകമാക്കിയ ചരിത്രമാണ് നമ്മുടെ ദേശീയ മൃഗത്തിന്റേത്’’- കടുവകളുടെ ഇന്ത്യൻ ജീവിതചിത്രത്തിലെ മറഞ്ഞുകിടക്കുന്ന ചില വഴിത്താരകളെക്കുറിച്ചെഴുതുന്നു, അന്താരാഷ്ട്ര കടുവാദിനത്തിൽ, ഡോ. സെബാസ്റ്റ്യൻ ജോസഫ്.

Never attack a tiger on foot- if you can help it. There are cases in which you must do so. Then face him like a Briton, and kill him if you can; for if you fail to kill him, he will certainly kill you.(Walter Campbell, My Indian Journal, 1864)

ല്ലാ വർഷവും ജൂലൈ 29-ന് ആചരിക്കുന്ന അന്താരാഷ്ട്ര കടുവാദിനം, വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയെ മാത്രമല്ല സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ കൊളോണിയൽ വിരുദ്ധ പോരാളിയുടെ ഓർമ്മകളെക്കൂടിയാണ് അതുണർത്തുന്നത്.

‘ഒരു ബ്രിട്ടീഷുകാരനെപ്പോലെ അവനെ നേരിടുക’ ("Face him like a Briton") എന്ന കൊളോണിയൽ ആഹ്വാനം കേവലമൊരു വേട്ടയാടൽ സൂക്തം മാത്രമായിരുന്നില്ല, മറിച്ച്, 19-ാം നൂറ്റാണ്ടിലെ ഇന്ത്യയിൽ നിലനിന്നിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ പൗരുഷത്തിന്റെ പ്രത്യയശാസ്ത്രപരമായ ഘടനയെയാണ് (ideological grammar) അത് പ്രകടമാക്കിയത്. വാൾട്ടർ കാംബെല്ലിന്റെ മൈ ഇന്ത്യൻ ജേണൽ (1864) പോലുള്ള കൊളോണിയൽ രേഖകളിലൂടെ ആവർത്തിക്കപ്പെട്ട ഈ പ്രയോഗം, ആക്രമണകാരികളായ കടുവകളെ നിർഭയം നേരിടാൻ യൂറോപ്യൻ വേട്ടക്കാരെ ഉത്തേജിപ്പിക്കുകയും, കടുവ നായാട്ട് സാമ്രാജ്യത്വ ആത്മനിർമ്മിതിയുടെ ഭാഗമാക്കുകയും ചെയ്തു.

കടുവ ട്രോഫി!

ഒരു കടുവയെ വെടിവച്ചിട്ടാൽ, വെള്ളക്കാരന് ലഭിക്കുന്നത് മഹത്തായ കായികവിജയത്തിന്റെ ട്രോഫിയായിരുന്നു (ശവമല്ല!). യൂറോപ്യൻ തോട്ട വ്യവസായത്തിന്റെ വികാസവും, കൊളോണിയൽ അധീശത്വത്തിന്റെ വിജയവുമാണ് കടുവാനായാട്ടിൽ അടങ്ങിയിരുന്ന രാഷ്ട്രീയ രഹസ്യം. കടുവയുടെ ചലനമറ്റ വലിയ ശരീരത്തിന് പിന്നിലായി തോക്കും പിടിച്ചിരിക്കുന്ന വെള്ളക്കാരനായ വേട്ടക്കാരന്റെ ചിത്രം, ബ്രിട്ടീഷ് രാഷ്ട്രീയ സൈനിക വിജയത്തിന്റെ രേഖാദൃശ്യമായിരുന്നു, അന്നും, ഇന്നും. ഈ ചിത്രങ്ങൾ പിന്നീട് പോസ്റ്റ് കാർഡ് രൂപത്തിലാക്കി യൂറോപ്യൻ നാടുകളിലേക്കയച്ച്, ബ്രിട്ടീഷ് ഇന്ത്യയിലേക്കുള്ള അവരുടെ വരവിനെ പ്രചോദിപ്പിക്കുകയും ചെയ്തു. കടുവകളില്ലാത്ത വനങ്ങളിൽ നിങ്ങൾ (തോട്ട വ്യവസായി ) സുരക്ഷിതരാണെന്ന ആഹ്വാനമായിരുന്നു ഈ പോസ്റ്റ്കാർഡുകൾ നിർവഹിച്ചിരുന്നത്.

മിഷൽ ഫൂക്കോയുടെ ആർക്കിയോളജി രീതിശാസ്ത്രമുപയോഗിച്ച് നോക്കിയാൽ, ഈ പോസ്റ്റ് കാർഡുകൾ അധിനിവേശത്തെ സ്ഥാപിച്ചെടുത്ത ജ്ഞാനരൂപങ്ങൾ തന്നെയായിരുന്നു. അവ വെറും പടമായിരുന്നില്ല എന്നർത്ഥം.

കടുവയുടെ വധം പ്രകൃതിക്കുമേലുള്ള ആധിപത്യത്തെ മാത്രമല്ല, ബ്രിട്ടീഷ് ഭരണത്തിന്റെ ധാർമ്മികവും രാഷ്ട്രീയവുമായ പ്രാമാണികതയെക്കൂടിയാണ് നിർവ്വചിച്ചത്. ഇതിലൂടെ, പണ്ടുകാലത്ത് മുഗൾ ചക്രവർത്തിമാരും ടിപ്പു സുൽത്താനെപ്പോലുള്ള പ്രാദേശിക ഭരണാധികാരികളും സാധ്യമാക്കിയ പരമാധികാരം (sovereignty) തങ്ങളിലേക്ക് സ്വാംശീകരിക്കാൻ കൊളോണിയൽ ഭരണാധികാരികൾക്ക് കഴിഞ്ഞു.

ടിപ്പു സുൽത്താന്റെ യന്ത്രക്കടുവ. ലണ്ടനിൽ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിലാണ് 'ടിപ്പുവിന്റെ കടുവ' എന്ന കളിപ്പാട്ടം സൂക്ഷിച്ചിരിക്കുന്നത്.
ടിപ്പു സുൽത്താന്റെ യന്ത്രക്കടുവ. ലണ്ടനിൽ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിലാണ് 'ടിപ്പുവിന്റെ കടുവ' എന്ന കളിപ്പാട്ടം സൂക്ഷിച്ചിരിക്കുന്നത്.

സിംഹത്തെ തോൽപ്പിച്ച കടുവ

1973-ൽ ഏഷ്യൻ സിംഹത്തിന് പകരം കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി തിരഞ്ഞെടുത്തത് ചരിത്രപരമായ തീരുമാനമായിരുന്നു. 'പ്രൊജക്റ്റ് ടൈഗർ' (Project Tiger) ആരംഭിച്ചതിനോടൊപ്പം നടന്ന ഈ തീരുമാനത്തിനു പിന്നിൽ, ഇന്ത്യയുടെ വനങ്ങളുടെ നിലനിൽപ്പ് അവിടുത്തെ ഏറ്റവും ഉയർന്ന വേട്ടക്കാരനായ കടുവയുടെ നിലനിൽപ്പുമായി വേർപെടുത്താനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നുവെന്ന നിർണായകമായ തിരിച്ചറിവിനെയാണ് അടയാളപ്പെടുത്തിയത്. അങ്ങനെ കടുവ പരിസ്ഥിതി സമഗ്രതയുടെയും, സംരക്ഷണത്തിന്റെയും, ദേശീയ പാരിസ്ഥിതിക ബോധത്തിന്റെയും ജീവനുള്ള പ്രതീകമായി മാറി. അതിനുമപ്പുറമായിരുന്നു കടുവയുടെ പാരിസ്ഥിതിക ചരിത പ്രസക്തി.

ടിപ്പുവിന്റെ കടുവ
വെറും കളിപ്പാട്ടമായിരുന്നില്ല

ദേശീയ പ്രതീകമായി മാറുന്നതിന് വളരെ മുമ്പ് കടുവ സാമ്രാജ്യത്വ ആധിപത്യത്തിനെതിരെയുള്ള പ്രതിരോധത്തെ പ്രതിനിധീകരിച്ചിരുന്നതായി ടിപ്പുവിന്റെ കമ്പനി വിരുദ്ധ പോരാട്ടങ്ങൾ സൂചിപ്പിക്കുന്നുണ്ട്. 18-ാം നൂറ്റാണ്ടിൽ, മൈസൂരിന്റെ ധീരനായ ഭരണാധികാരി ടിപ്പു സുൽത്താൻ, രാഷ്ട്രീയ പരമാധികാരത്തിന്റെ പ്രധാന പ്രതീകമായി കടുവയെ ബോധപൂർവം ഉപയോഗിച്ചതായി ചരിത്രരേഖകൾ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ സിംഹാസനത്തിൽ കടുവയുടെ രൂപങ്ങളുണ്ടായിരുന്നു. മൈസൂർ രാജ്യത്തിന്റെ പടയാളികൾ കടുവ വരകളുള്ള യൂണിഫോമുളാണ് ധരിച്ചിരുന്നത്. അദ്ദേഹത്തിന്റെ കവചങ്ങൾ, പതാകകൾ, നാണയങ്ങൾ, ആയുധങ്ങൾ എന്നിവയിലൊക്ക കടുവയുടെ ചിത്രം ആലേഖനം ചെയ്യപ്പെട്ടിരുന്നു. ടിപ്പുവിന്റെ രാഷ്ട്രീയ ഭാവനയിൽ, കടുവ കേവലം ഒരു മൃഗമായിരുന്നില്ല, മറിച്ച്, ശത്രുവിനു മുന്നിൽ കീഴടങ്ങാൻ തയ്യാറാകാത്ത ഒരു രാജ്യത്തിന്റെ ജീവനുള്ള പ്രതീകമായിരുന്നു.

ഒരു കടുവയെ വെടിവച്ചിട്ടാൽ, വെള്ളക്കാരന് ലഭിക്കുന്നത് മഹത്തായ കായികവിജയത്തിന്റെ ട്രോഫിയായിരുന്നു (ശവമല്ല!). യൂറോപ്യൻ തോട്ട വ്യവസായത്തിന്റെ വികാസവും, കൊളോണിയൽ അധീശത്വത്തിന്റെ വിജയവുമാണ് കടുവാനായാട്ടിൽ അടങ്ങിയിരുന്ന രാഷ്ട്രീയ രഹസ്യം.

ഈ രാഷ്ട്രീയത്തിന്റെ ഏറ്റവും ആകർഷകമായ ആവിഷ്കാരം ഇന്ന് ലണ്ടനിൽ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന 'ടിപ്പുവിന്റെ കടുവ' (Tipu's Tiger) എന്ന കളിപ്പാട്ടത്തിൽ കുടികൊള്ളുന്നു. ഫ്രഞ്ച് സൈനിക ഉപദേഷ്ടാക്കൾക്കൊപ്പം, ഫ്രഞ്ച് ഘടികാരനിർമ്മാതാക്കളും മെക്കാനിക്കുകളും കരകൗശല വിദഗ്ദ്ധരും കൊട്ടാരത്തിലുണ്ടായിരുന്നതിനാൽ, ഈ കളിപ്പാട്ട കടുവയിൽ ഇവരുടെ സാങ്കേതിക നൈപുണ്യം കാണാൻ സാധിക്കും. ഇവർക്കു പുറമേ മൈസൂരിലെ പ്രാദേശിക ലോഹപ്പണിക്കാര്യം ഇതിന്റെ നിർമ്മാണത്തിൽ പങ്കാളികളായിരുന്നിരിക്കാം.

കാരണം, ഇന്ത്യയിലെ പ്രാദേശിക ലോഹങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 18-ാം നൂറ്റാണ്ടിലെ ഈ അത്ഭുതകരമായ മെക്കാനിക്കൽ കളിപ്പാട്ടം (യന്ത്രം), ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഒരു സൈനികനെ കടുവ ആക്രമിക്കുന്നതും, അതിനുള്ളിലെ സംഗീതസംവിധാനത്തിലൂടെ ഭയപ്പെടുത്തുന്ന അലർച്ചയും നിലവിളിയും പുറപ്പെടുവിക്കുന്നതുമാണ് ചിത്രീകരിക്കുന്നത്. ഈ വസ്തു ഒരേസമയം അക്കാലത്ത് രാഷ്ട്രീയ പരിഹാസമായും രാജകീയ പ്രചാരണമായും മാനസിക യുദ്ധതന്ത്രമായും പ്രവർത്തിച്ചു.

കൊളോണിയൽ സൈനികനെ വിജയിയായി ചിത്രീകരിക്കുന്നതിനുപകരം ഇരയായി ചിത്രീകരിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീശത്വ മനോഭാവത്തെ നിർവീര്യമാക്കുകയായിരുന്നു ടിപ്പുവിന്റെ കളിപ്പാട്ടതന്ത്രം. ഇന്നും ലണ്ടനിലെ മ്യൂസിയത്തിൽ ഈ കളിപ്പാട്ട കടുവ ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ സ്മരണകളെ ഉണർത്തുന്നു. അത് ലണ്ടനിൽത്തന്നെ സൂക്ഷിച്ചിരിക്കുന്നു എന്നതാണ് കളിപ്പാട്ടത്തിന്റെ കളിരഹസ്യം. 1799-ൽ ശ്രീരംഗപട്ടണത്തിന്റെ പതനത്തിനുശേഷം, ബ്രിട്ടീഷ് സൈന്യം ഈ യന്ത്രം യുദ്ധമുതലായി പിടിച്ചെടുത്ത് ലണ്ടനിലേക്ക് കൊണ്ടുപോയി. സാമ്രാജ്യങ്ങൾ നശിച്ചതിനുശേഷവും അധിനിവേശ വിരുദ്ധ പ്രതിരോധത്തിന്റെ ഓർമ്മകളെ സംരക്ഷിക്കാൻ ഭൗതിക വസ്തുക്കൾക്ക് കഴിയുമെന്ന് ഇത് ഓർമ്മിപ്പിക്കുന്നു.

ബ്രിട്ടീഷ് ഭരണകാലത്തെ (1903) ഒരു കടുവവേട്ടയുടെ ചിത്രം. ജോർജ് കർസനും പങ്കാളി മേരിയും.
ബ്രിട്ടീഷ് ഭരണകാലത്തെ (1903) ഒരു കടുവവേട്ടയുടെ ചിത്രം. ജോർജ് കർസനും പങ്കാളി മേരിയും.

കടുവവേട്ടയിലെ രാഷ്ട്രീയം

കടുവയെ കീഴടക്കുന്നത് പൗരുഷമുള്ള വീരത്വത്തിന്റെയും സാമ്രാജ്യത്വ മേധാവിത്വത്തിന്റെയും തെളിവായി കൊളോണിയൽ ഭരണകൂടം ആഘോഷിച്ചപ്പോൾ തന്നെ, അത് സമാനതകളില്ലാത്ത പാരിസ്ഥിതിക നാശത്തിനും തുടക്കമിട്ടു. വനത്തിനുള്ളിലെ സാമ്രാജ്യം അന്ന് (ഇന്നും) കടുവയുടേതായിരുന്നു. മരങ്ങളിൽ മാന്തിയും മണ്ണിൽ വിരലടയാളങ്ങൾ പതിപ്പിച്ചും കടുവ തന്റെ സാമ്രാജ്യം സൃഷ്ടിക്കുകയായിരുന്നു. 19ാം നൂറ്റാണ്ടിലുടനീളം, സംഘടിത നായാട്ടുകൾ, സമ്മാനപദ്ധതികൾ, വിനോദ വേട്ടകൾ (shikar) എന്നിവയിലൂടെ ആയിരക്കണക്കിന് കടുവകളെ വെള്ളക്കാർ ക്രമബദ്ധമായി കൊന്നൊടുക്കി. കടുവയുടെ ഉന്മൂലനമായിരുന്നു കൊളോണിയൽ അജണ്ട. ഇതിനു പിന്നാമ്പുറത്ത് കച്ചവട താല്പര്യങ്ങളായിരുന്നു അദൃശ്യ രഹസ്യമായി നിലനിന്നത്. തേയില / കാപ്പിത്തോട്ടങ്ങളുടെ വികാസവും, കടുവ വേട്ടയും പരസ്പര പൂരകങ്ങളായ കൊളോണിയൽ ലക്ഷ്യങ്ങളായിരുന്നു.

തോട്ടമുതലാളിമാർക്കും അവരുടെ തൊഴിലാളികൾക്കും സംരക്ഷണമൊരുക്കണമെങ്കിൽ ഇന്ത്യയിലെ വനങ്ങളിലെ കടുവകളെ കൊന്നൊടുക്കണം. അതിന് പല ന്യായീകരണങ്ങളും അവർ നിരത്തി. തൊഴിലാളികളെയും, ഗ്രാമവാസികളെയും രക്ഷിക്കുക എന്നതായിരുന്നു അവർ മുന്നോട്ടുവച്ച ഭരണ ന്യായീകരണം. അപൂർവ്വം ചില ഇടങ്ങളിൽ അതു ന്യായീകരിക്കത്തക്കതായിരുന്നെങ്കിലും, ഇന്ത്യയിലെ കടുവഹത്യയ്ക്ക് കാരണമായത് കച്ചവട ലക്ഷ്യങ്ങൾ മാത്രമായിരുന്നു. ഇന്ത്യയിലെ വനനശീകരണത്തിന് പ്രധാന ഉത്തരവാദികൾ ആദിവാസികളാണെന്നും, അവരുടെ മാറ്റ കൃഷി രീതിയാണെന്നു വാദിച്ച കൊളോണിയൽ വനശാസ്ത്ര യുക്തിയും, കടുവകളെ കൊന്നൊടുക്കിയ യുക്തിയും, കൊളോണിയൽ വാണിജ്യകൃഷിവൽക്കരണത്തിന്റെ രണ്ടു വശങ്ങളായിരുന്നുവെന്ന് ഇന്ത്യൻ പാരിസ്ഥിതിക ചരിത്രം തെളിവാക്കുന്നുണ്ട്. കടുവകൾ ചത്തൊടുങ്ങിയാലും, നമുക്കു ചായ കുടിക്കണമെന്ന വാശിയൊന്നുമല്ല അതിലെ കാതൽ, വെള്ളക്കാരന് തേയില വിറ്റ് കാശുണ്ടാക്കണമല്ലോ എന്നതാണ്.

ബ്രിട്ടീഷ് ഇന്ത്യയിൽ 1875-നും 1925-നും ഇടയിൽ ഏകദേശം 80,000 കടുവകൾ കൊല്ലപ്പെട്ടത് കോളോണിയൽ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വന്യജീവിഹത്യകളിൽ ഒന്നാണ്.

ഇന്ത്യ ചരിത്രത്തിലെ
ടൈഗർ ഹോളോകോസ്റ്റ്

ബ്രിട്ടീഷ് ഇന്ത്യയിൽ 1875-നും 1925-നും ഇടയിൽ ഏകദേശം 80,000 കടുവകൾ കൊല്ലപ്പെട്ടത് കോളോണിയൽ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വന്യജീവിഹത്യകളിൽ ഒന്നാണ്. ഈ കാലഘട്ടത്തിലാണ് ഇന്ത്യയിൽ ശാസ്ത്രീയ വനപരിപാലനവും, തോട്ടവ്യവസായവും ഏറ്റവും കൂടുതൽ ശക്തി പ്രാപിച്ചത്. നൂറ്റാണ്ടിന്റെ തുടക്കത്തിൽ 40,000 കടുവകളുണ്ടായിരുന്നുവെങ്കിൽ 1960-കളോടെ 4,000 ൽ താഴെയായി കുറഞ്ഞു. പ്രകൃതിദത്ത ഇരപിടിയനായ കടുവകളെ സാമ്പത്തിക ബാധ്യതയായി ചിത്രീകരിച്ച ബ്രിട്ടീഷ് ഭരണകൂടം, ജനങ്ങളുടെ ജീവനുണ്ടായ ഭീഷണിയും റവന്യൂ രേഖകൾ പോലെ കൃത്യമായി സൂക്ഷിച്ച വേട്ടയാടൽ കണക്കുകളും മുൻനിർത്തി ഈ ഉന്മൂലനത്തിന് നിയമസാധുത നൽകുകയും ഇനാം പ്രഖ്യാപിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരും പ്രതാപപ്രകടനത്തിനായി നായാട്ടിൽ പങ്കാളികളായ പ്രാദേശിക നാട്ടുരാജാക്കന്മാരും ചേർന്ന് നടത്തിയ ഈ വിനോദവേട്ട കടുവ വംശത്തെ ഏതാണ്ട് പൂർണ്ണമായി ഇല്ലാതാക്കുന്ന അവസ്ഥയിലെത്തിച്ചു. ഒടുവിൽ, 1960-കളിലെ വൻ ജനസംഖ്യാ തകർച്ചയെത്തുടർന്ന് വൈകിയാണെങ്കിലും 1972-ൽ നടപ്പിലാക്കിയ വന്യജീവി സംരക്ഷണ നിയമത്തിലൂടെയാണ് (Wildlife Protection Act) ഈ നാശത്തിന് പരിഹാരമായത്.

കടുവയും
പരിസ്ഥിതിയും

ചരിത്രം മാത്രം പറഞ്ഞാൽ പോരല്ലോ. പരിസ്ഥിതി ശാസ്ത്രം കൂടി കാണണം.

പ്രായപൂർത്തിയായ ഒരു കടുവയ്ക്ക് ലിംഗഭേദം, വാസസ്ഥലത്തിന്റെ ഗുണനിലവാരം, ഇരകളുടെ ലഭ്യത എന്നിവയ്ക്കനുസരിച്ച് 20 മുതൽ 150 ചതുരശ്ര കിലോമീറ്റർ വരെയുള്ള വിശാലമായ പ്രദേശിക വിസ്തൃതി ആവശ്യമാണ്. അതാണ് കടുവയുടെ ‘സ്റ്റേറ്റ്’. പെൺകടുവകൾ സാധാരണയായി 20–60 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശം കൈവശപ്പെടുത്തുമ്പോൾ, ആൺകടുവകൾ പലപ്പോഴും ഒന്നിലധികം പെൺകടുവകളുടെ പ്രദേശങ്ങളെക്കൂടി ഉൾപ്പെടുത്തി 60–150 ചതുരശ്ര കിലോമീറ്റർ പരിധിയിലാണ് വിരാജിക്കുന്നത്. ഇത്തരം പ്രദേശങ്ങളുടെ പാരിസ്ഥിതിക സുസ്ഥിരത ഒരു ശക്തമായ ഇരലഭ്യതയെ അടിസ്ഥാനപ്പെടുത്തിയാണ് നിലനിൽക്കുന്നത്.

ഒരൊറ്റ കടുവയ്ക്ക് നിലനില്പിന് ഏകദേശം 500 ഇരമൃഗങ്ങളെ പിന്തുണയ്ക്കാൻ ശേഷിയുള്ള ആവാസവ്യവസ്ഥ ആവശ്യമാണ്. ജനസംഖ്യാപരമായി ദീർഘകാല ജനിതക നിലനിൽപ്പ് ഉറപ്പാക്കുന്നതിന് വലിയ, തടസ്സമില്ലാത്ത സ്വാഭാവിക ഭൂപ്രകൃതി അത്യാവശ്യമാണ്. ഇതിനായി, 80–100 കടുവകൾ അടങ്ങുന്ന ആരോഗ്യകരമായ പ്രജനന ജനസംഖ്യ നിലനിർത്തുന്നതിന് ഏകദേശം 800–1,200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തടസ്സരഹിതമായ പ്രധാന ആവാസമേഖല (core habitat) വേണമെന്ന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ(NTCA) 2002 ലെ കണക്കുകളിൽ നിന്ന് മനസ്സിലാക്കാം.

മൂന്നാറിലെ കടുവവേട്ടയുടെ ദൃശ്യം.
മൂന്നാറിലെ കടുവവേട്ടയുടെ ദൃശ്യം.

ആധുനിക പാരിസ്ഥിതിക പഠനങ്ങൾ കടുവയെ വന ആവാസവ്യവസ്ഥയിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള പ്രകൃതിദത്ത വേട്ടക്കാരനായി (apex predator) തിരിച്ചറിയുന്നു; ഫുഡ് ചെയിനിലെ സുപ്രധാന കണ്ണി! കടുവകളുടെ ശക്തമായ സാന്നിധ്യം സസ്യഭുക്കുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കുകയും, പാരിസ്ഥിതിക അസന്തുലിതാവസ്ഥ തടയുകയും, സസ്യങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും, ജൈവവൈവിധ്യത്തിന്റെ സങ്കീർണ്ണമായ ഘടനയെ നിലനിർത്തുകയും ചെയ്യുന്നു. ഇത് തെളിയിക്കപ്പെട്ട പരിസ്ഥിതി ശാസ്ത്രമാണിന്ന്.

നശിച്ച ഒരു വനത്തിൽ കടുവയ്ക്ക് ജീവിക്കാൻ സാധ്യമല്ല. അതിന് വിശാലമായ ആവാസവ്യവസ്ഥ, സമൃദ്ധമായ ഇരകൾ, വറ്റാത്ത ജലാശയങ്ങൾ, ജനിതക വൈവിധ്യം എന്നിവ ആവശ്യമാണ്. ശക്തനായ, ആരോഗ്യമുള്ള ഒരു കടുവ സമ്പന്നമായ വനത്തിന്റെ സൂചനയാണ്. കടുവകൾ തഴച്ചുവളരുന്നിടത്ത് വനങ്ങൾ സമൃദ്ധമാകുമെന്നും, നേരെ തിരിച്ചും സംഭവിക്കുമന്നന്ന് സംരക്ഷണ ജീവശാസ്ത്രജ്ഞർ പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. അതിനാൽ കടുവ ഒരു 'ഛത്ര സ്പീഷീസ്' (umbrella species - മറ്റ് ജീവിവർഗ്ഗങ്ങൾക്ക് തണലാവുന്ന ഇനം) ആയി പ്രവർത്തിക്കുന്നു, ഇതിന്റെ സംരക്ഷണം ആനകൾ, കാട്ടുപോത്തുകൾ എന്നിവ മുതൽ പ്രാണികൾ, ഫംഗസുകൾ, പക്ഷികൾ, സൂക്ഷ്മാണുക്കൾ വരെയുള്ള എണ്ണമറ്റ മറ്റ് ജീവികളെ സംരക്ഷിക്കുന്നു എന്നതാണ് വാസ്തവം.

പണ്ട് കൊളോണിയൽ ആധിപത്യത്തിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധത്തെയും, ഇന്ന് പാരിസ്ഥിതിക തകർച്ചയ്ക്കെതിരെയുള്ള പ്രതിരോധത്തെയും പ്രതീകാത്മകമാക്കിയ ചരിത്രമാണ് നമ്മുടെ ദേശീയ മൃഗത്തിന്റേത്.

ആന്ത്രോപോസീനിലെ കടുവ

മേൽ സൂചിപ്പിച്ച പാരിസ്ഥിതിക യാഥാർത്ഥ്യം 'ആന്ത്രോപോസീൻ' യുഗത്തിലെ പരിസ്ഥിതി ഭരണകകൂടത്തിന് വലിയ സന്ദേശം നൽകുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനങ്ങൾ, ഖനനം, വികസിച്ചുകൊണ്ടിരിക്കുന്ന നഗരവൽക്കരണം, എന്നിവയിലൂടെയുള്ള വനങ്ങളുടെ നനശീകരണം വ്യക്തിഗത മൃഗങ്ങളെ മാത്രമല്ല, മുഴുവൻ ഭൂപ്രകൃതിയുടെയും പാരിസ്ഥിതിക പ്രതിരോധശേഷിയെ തന്നെ ഭീഷണിപ്പെടുത്തുന്നു. കടുവയുടെ ജനസംഖ്യാ നാശം എന്നത് സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ട പാരിസ്ഥിതിക ബന്ധങ്ങളുടെ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഈ അർത്ഥത്തിൽ, കടുവ നമ്മുടെ ഗ്രഹത്തിന്റെ ആരോഗ്യത്തിന്റെ തന്നെ ജൈവ സൂചകമായി മാറേണ്ട പ്രതീകമാണ്. അതില്ലാതാകുന്നത് ഗുരുതരമായ പാരിസ്ഥിതിക അപകടാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്.

അതുകൊണ്ട് അന്താരാഷ്ട്ര കടുവാദിനം വന്യജീവി സംരക്ഷണത്തേക്കാൾ ഉപരിയായി പലതും നമ്മെ ഓർമ്മിപ്പിക്കേണ്ടതായുണ്ട്. പണ്ട് കൊളോണിയൽ ആധിപത്യത്തിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധത്തെയും, ഇന്ന് പാരിസ്ഥിതിക തകർച്ചയ്ക്കെതിരെയുള്ള പ്രതിരോധത്തെയും പ്രതീകാത്മകമാക്കിയ ചരിത്രമാണ് നമ്മുടെ ദേശീയ മൃഗത്തിന്റേത്. ടിപ്പു സുൽത്താന്റെ പതാകകളിൽ നിന്ന് സമകാലിക ഇന്ത്യയയുടെ ദേശീയ മൃഗത്തിലേക്കുള്ള വളർച്ച ഒരു അസാധാരണ ചരിത്ര പരിണാമത്തെ ഉൾക്കൊള്ളുന്നുണ്ട്. പരമാധികാരത്തിന്റെ പ്രതീകത്തിൽ നിന്ന് സുസ്ഥിരതയുടെ പ്രതീകമായും, അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ഭാഷയിൽ നിന്ന് പരിസ്ഥിതി ധാർമ്മികതയുടെ താക്കോൽ വാക്കായും കടുവ മാറിയിരിക്കുന്നു. കടുവ എന്നത് വംശനാശഭീഷണി നേരിടുന്ന ഒരു ജീവിവർഗ്ഗത്തെക്കാളുപരി, ചരിത്രപരമായി പലതിനെയും പ്രതീകവത്കരിക്കുന്നുണ്ട്. കടുവകളുടെ സംരക്ഷണം എന്നത് കാടുകളുടെയും നദികളുടെയും കാലാവസ്ഥയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണം മാത്രമായി കരുതരുത്. ചരിത്രപരമായി, നമുക്കു ലഭിച്ച സ്വാതന്ത്ര്യത്തിന്റെ തന്നെ സംരക്ഷണമാണ് കടുവ സംരക്ഷണം വഴി അർത്ഥമാക്കുന്നത്.

ലണ്ടനിലെ വിക്ടോറിയ ആന്റ് ആൽബർട്ട് മ്യൂസിയത്തിലുള്ള ശിൽപം: Tipus Tiger
ലണ്ടനിലെ വിക്ടോറിയ ആന്റ് ആൽബർട്ട് മ്യൂസിയത്തിലുള്ള ശിൽപം: Tipus Tiger
ബംഗാളി കടുവയ്ക്കെതിരായ ബ്രിട്ടീഷ് സിംഹത്തിന്റെ പ്രതികാരം. 1857 ആഗസ്റ്റ് 22-ന് Punch magazine പ്രസിദ്ധീകരിച്ച കാർട്ടൂൺ.
ബംഗാളി കടുവയ്ക്കെതിരായ ബ്രിട്ടീഷ് സിംഹത്തിന്റെ പ്രതികാരം. 1857 ആഗസ്റ്റ് 22-ന് Punch magazine പ്രസിദ്ധീകരിച്ച കാർട്ടൂൺ.
പ്രൊജക്റ്റ് ടൈഗറിന്റെ ഭാഗമായുള്ള ഫീൽഡ് ഇൻവെസ്റ്റിഗേഷൻ.
പ്രൊജക്റ്റ് ടൈഗറിന്റെ ഭാഗമായുള്ള ഫീൽഡ് ഇൻവെസ്റ്റിഗേഷൻ.


References:

Walter Campbell. My Indian Journal: Edmonston & Douglas, Edinburgh 1864.

National Tiger Conservation Authority (NTCA). Status of Tigers, Co-predators and Prey in India, 2022. Ministry of Environment, Forest and Climate Change, Government of India, New Delhi, 2023.

Valmik Thapar. The Secret Life of Tigers. OUP, 2008.

Comments