എങ്ങനെയാണ് വയനാട് ദുരന്തഭൂമിയായത്?

പ്രകൃതിദുരന്തങ്ങൾ വിശകലനം ചെയ്യുന്നത് കുറ്റക്കാരെ കണ്ടെത്താനും വിചാരണ ചെയ്യാനുമല്ല, കാരണങ്ങൾ കണ്ടെത്താനും ആവർത്തിക്കുന്നത് തടയാനുമാണ്. കുറഞ്ഞപക്ഷം ദുരന്തങ്ങളുടെ ഇടവേളകളെങ്കിലും കൂട്ടാമല്ലോ- ജോഷിൽ എഴുതുന്നു.

ജോഷിൽ

ജൂലായ് 29ന് വയനാട്ടിലെ ഒരു സുഹൃത്തിനെ വിളിച്ച് സുഖവിവരങ്ങൾ തിരക്കിയിരുന്നു. ഏറെ സംസാരിച്ചത് മഴയെക്കുറിച്ചും. ഈ വർഷം വയനാട്ടിൽ കനത്ത മഴയാണെന്നും പണ്ടൊക്കെ പെയ്തപോലുള്ള മഴയാണ് ഇത്തവണ പെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിറ്റേദിവസം ഫോണിൽ വന്ന ആദ്യ സന്ദേശങ്ങളിലൊന്ന് മഴയെ കുറിച്ച് സംസാരിച്ച സുഹൃത്തിന്റെതായിരുന്നു. മേപ്പാടിയിൽ ഉരുൾപൊട്ടലിൽ വലിയ തോതിൽ ആളപായമുണ്ടായെന്നും മറ്റിടങ്ങളിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നുമായിരുന്നു ഉള്ളടക്കം. പിന്നാലെ പേടിപ്പെടുത്തുന്ന ദുരന്തചിത്രങ്ങൾ വരാൻ തുടങ്ങി. മേപ്പാടി ഭാഗത്തുള്ള ചില സഹപ്രവർത്തകരെ വിളിച്ചെങ്കിലും ആരെയും കിട്ടിയില്ല. പ്രദേശത്ത് പെയ്ത അതിതീവ്ര മഴയെയും ലഘു മേഘവിസ്ഫോടനത്തെയും ദുരന്തകാരണമായി പറയുമ്പോൾ മടങ്ങിയെത്തിയ വയനാടൻ മഴയെക്കുറിച്ച് തലേന്ന് സംസാരിച്ചത് ഓർക്കാതിരുന്നില്ല. മഴ കൂടിയെന്ന് പറയുമ്പോഴും അതിന്റെ താളവും മഴത്തുള്ളികളുടെ വലിപ്പവും വല്ലാതെ മാറിയത് ശ്രദ്ധിച്ചിരുന്നേയില്ല.

വയനാടിനെക്കുറിച്ചുള്ള ഏറ്റവും പഴക്കം ചെന്ന ഓർമ, ചെരിഞ്ഞ് പെയ്യുന്ന മഴയും തണുപ്പുമാണ്.
വയനാടിനെക്കുറിച്ചുള്ള ഏറ്റവും പഴക്കം ചെന്ന ഓർമ, ചെരിഞ്ഞ് പെയ്യുന്ന മഴയും തണുപ്പുമാണ്.

വയനാടിനെക്കുറിച്ചുള്ള ഏറ്റവും പഴക്കം ചെന്ന ഓർമ, ചെരിഞ്ഞ് പെയ്യുന്ന മഴയും തണുപ്പുമാണ്. ചുരം കയറിത്തുടങ്ങുമ്പോഴേ കെ.എസ്.ആർ.ടി.സി ബസിന്റെ കർട്ടനുകൾ താഴ്ന്നുതുടങ്ങും. തണുപ്പിനെ അവഗണിച്ച് പുറംകാഴ്ച്ചകൾ കാണാൻ തോന്നുമെങ്കിലും കർട്ടൻ ഒരിടത്ത് മാത്രമായി ഉയർത്തിവെയ്ക്കാനാവില്ല. കിതച്ച് ചുരം കയറുന്ന ബസിനകത്ത് കരിഞ്ഞ മണമായിരിക്കും. മങ്ങിക്കത്തുന്ന അകത്തെ ബൾബ് ഇരുട്ടിന്റെ പക്ഷത്തുതന്നെയാണ്. ഒൻപതാമത്തെ ഹെയർപിൻ വളവും താണ്ടി ലക്കിടിയിലെത്തിയാൽ മാത്രമാണ് ബസിന്റെ ഇരമ്പൽ കുറയുക. ഗിയർ മാറ്റി കുറച്ച് വേഗമെടുക്കുമ്പോൾ കർട്ടൻ ചെറുതായി പൊക്കി നോക്കും. തണുപ്പും കോടമഞ്ഞും അകത്തേക്ക് അരിച്ചെത്തുമ്പോൾ കർട്ടൻ താഴ്ത്തും. താമരശ്ശേരി ചുരം കയറിയെത്തുന്ന ലക്കിടിക്കും കൽ‌പ്പറ്റക്കും ഇടയിൽ മഴ ലക്ഷണമില്ലാത്ത ദിവസങ്ങൾ കുറവായിരിക്കും. വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നത് കണക്കാക്കി കോഴിക്കോട്ടു നിന്ന് മടങ്ങിയെത്തിയാൽ ചെറിയൊരു ചുമ പതിവാണ്.

മഴയുടെ തോതിൽ വന്ന മാറ്റമല്ല, മറിച്ച് മഴയുടെ സ്വഭാവത്തിലെ മാറ്റമാണ് ഇക്കാലത്തിനിടെ വയനാട്ടിൽ സംഭവിച്ചത്. ആഗോളതാപനവും അനുബന്ധമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ലോകത്താകമാനം ഉണ്ടാക്കുന്ന മാറ്റങ്ങൾ തന്നെയാണ് വയനാട്ടിലും പ്രകടമാവുന്നത്.

സ്വഭാവം മാറിയ വയനാടൻ മഴ

ഉയരമുള്ള മലകൾ ചുറ്റുമുള്ള വൈത്തിരി പ്രദേശത്തേക്കാൾ മഴ കുറവായിരിക്കും കിഴക്കുള്ള ബത്തേരിയിലും പുൽ‌പ്പള്ളിയിലുമൊക്കെ. കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങൾക്കിടെ തെക്ക് പടിഞ്ഞാറൻ മൺസൂണിൽ ആവശ്യത്തിന് മഴ ലഭിച്ച ഏക വർഷം ഇതാണെന്ന് കൽ‌പ്പറ്റ കൈനാട്ടിയിലെ കാപ്പി കർഷകനായ രത്നാകരേട്ടൻ ഉറപ്പിച്ച് പറയുന്നു. കർക്കിടകം കഴിയുമ്പോഴേക്കും നൂറ് ഇഞ്ച് മഴ എന്നത് തോട്ടത്തിലെ മഴമാപിനിയിലെ കണക്കുകൾ ഉദ്ധരിച്ചാണ് രത്നാകരേട്ടൻ പറഞ്ഞത്. കഴിഞ്ഞ വർഷങ്ങളിലൊക്കെ മഴക്കാലത്ത് പൊട്ടിയ ഉറവകൾ മഴ മാറുമ്പോഴേക്കും വറ്റിപ്പോയിരുന്നു. ഇക്കൊല്ലം പെയ്തത് വയനാട്ടിൽ പണ്ട് പെയ്തിരുന്നതിന് സമാനമായ മഴയാണ്.

പക്ഷേ മേപ്പാടി ഭാഗത്ത് പെയ്തത് സമാനതകളില്ലാത്ത മഴയാണ്, ഒരാഴ്ച്ചക്കിടെ അൻപത് സെന്റീമീറ്റർ. അതുവരെ പെയ്ത മഴയിൽ കുതിർന്ന ഭൂമിക്ക് അധികമായി പെയ്ത വെള്ളം കൂടി സംഭരിച്ച് വെക്കാൻ കഴിവുണ്ടായിരുന്നില്ല. ഒരാഴ്ച്ച മുൻപ് പൊൻ‌കുഴി ഭാഗത്ത് വെള്ളം കയറി ദേശീയപാതയിൽ കുറച്ച് നേരം ഗതാഗതം തടസപ്പെട്ടത് ഒഴിച്ചുനിർത്തിയാൽ ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ മഴക്കെടുതികൾ കുറവായിരുന്നു. ബാണാസുര സാഗർ പതിവിലും വേഗം നിറഞ്ഞെങ്കിലും സാധാരണ സംഭവിക്കുന്നതുപോലെ പനമരത്ത് വെള്ളം കയറിയില്ല. മഴയുടെ തോതിൽ വന്ന മാറ്റമല്ല, മറിച്ച് മഴയുടെ സ്വഭാവത്തിലെ മാറ്റമാണ് ഇക്കാലത്തിനിടെ വയനാട്ടിൽ സംഭവിച്ചത്. ആഗോളതാപനവും അനുബന്ധമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ലോകത്താകമാനം ഉണ്ടാക്കുന്ന മാറ്റങ്ങൾ തന്നെയാണ് വയനാട്ടിലും പ്രകടമാവുന്നത്.

മുണ്ടക്കൈ ഭാഗത്തെ മലമുകളിൽ രണ്ടായിരത്തിനടുത്ത് മീറ്ററിൽ നിന്നുത്ഭവിക്കുന്ന ഒരു നീർച്ചാൽ കേവലം എട്ട് കിലോമീറ്റർ കൊണ്ട് 500 മീറ്ററിലേക്കാണ് ഒഴുകിപ്പോകുന്നത്. Photo: District Information Office Wayanad
മുണ്ടക്കൈ ഭാഗത്തെ മലമുകളിൽ രണ്ടായിരത്തിനടുത്ത് മീറ്ററിൽ നിന്നുത്ഭവിക്കുന്ന ഒരു നീർച്ചാൽ കേവലം എട്ട് കിലോമീറ്റർ കൊണ്ട് 500 മീറ്ററിലേക്കാണ് ഒഴുകിപ്പോകുന്നത്. Photo: District Information Office Wayanad

വയനാടിന്റെ കാർഷിക പാരമ്പര്യത്തെക്കുറിച്ച് ആഴത്തിലറിയുന്ന കല്ലൂരിനടുത്ത ആലത്തൂരിലെ നെൽ കർഷകനായ കരിമ്പൻ പങ്കുവെച്ച വിവരങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. കാലിമേയ്ക്കലും കൃഷിയും കുലത്തൊഴിലായുള്ള മുള്ളുക്കുറുമ വിഭാഗത്തിൽ പെട്ടയാളാണ് കരിമ്പൻ. മഴക്കെടുതിയെ കുറിച്ച് കരിമ്പണ്ണനുള്ള പ്രധാന ഓർമ, 1962- ലെ വെള്ളപ്പൊക്കമാണ്. നൂൽ‌പ്പുഴയിൽ വെള്ളം കൂടിയാൽ സാധാരണ പൊങ്കുഴി ഭാഗത്ത് വെള്ളം കയറും. പൊങ്കുഴി അമ്പലത്തിനടുത്ത് വെള്ളം കയറിയപ്പോൾ ആദ്യം ആളുകൾ അമ്പലത്തിനകത്ത് കയറി നിന്നു. അമ്പലത്തിന്റെ ചുമരുകൾ മുങ്ങിയപ്പോൾ ഓടിൻപുറത്തും അമ്പലം ആകെ മുങ്ങിയപ്പോൾ അടുത്തുള്ള ആൽമരത്തിലും കയറിനിന്നത്രെ. വെള്ളമിറങ്ങിപ്പോകാൻ സമയമെടുത്തതോടെ പ്രളയത്തിൽ മുങ്ങി മരിച്ചേക്കുമെന്ന് ഭയപ്പെട്ട ആളുകളെ കല്ലൂരിൽ നിന്ന് വഞ്ചിയുമായി വന്ന അധികാരികളുടെ ആളുകളാണ് രക്ഷിച്ച് കൊണ്ടുപോയത്. ദീർഘനേരം മഴ പെയ്യുമ്പോഴും പ്രളയമോ വെള്ളക്കെട്ടോ ഉണ്ടാവാറില്ല.

മഴക്കാലത്തെ വെയിൽ

ദിവസം മുഴുവൻ ചെറു തുള്ളികളായി ചെരിഞ്ഞ് മഴ പെയ്യുന്ന കാലത്ത് പൂർണ്ണമായും ഉണങ്ങിയ വസ്ത്രങ്ങളെന്നത് സ്വപ്നം മാത്രമായിരിക്കും. നിർത്താതെ പെയ്യുന്ന തെക്ക് പടിഞ്ഞാറൻ മൺസൂണിന് വിരാമമായി എത്തുന്ന ചിങ്ങത്തിലെ പത്ത് വെയിലിൽ ആനത്തോലുമുണക്കാം എന്നാണ് പഴമൊഴി. പണ്ടുകാലത്ത് നെല്ലുണക്കുന്നത് വലിയ ക്ലേശമുള്ള ജോലിയായിരുന്നെന്ന് ആലത്തൂർ കരിമ്പൻ ഓർമിച്ചെടുത്തു. മേൽക്കൂരക്ക് തൊട്ട് താഴെയായുള്ള മുളന്തട്ടിക്ക് മുകളിൽ ചെളി മേഞ്ഞ മച്ചിലിട്ടാണ് അക്കാലത്ത് നെല്ലുണക്കാറ്. ഇടക്കിടെ മാത്രം കിട്ടുന്ന മൂക്കാത്ത വെയിലിന്റെ ചൂടിൽ വേണം മച്ചിലെ നെല്ലുണങ്ങാൻ. വിട്ടുമാറാത്ത മഴക്കാലത്ത് വീണുകിട്ടുന്ന വെയിലുള്ള ദിവസങ്ങളിൽ വീട്ടിലെല്ലാവർക്കും തിരക്കായിരിക്കുമെന്ന് കരിമ്പന്റെ കുറുമ്പാട്ടി പറഞ്ഞു.

മേപ്പാടി പ്രദേശത്ത് നദികൾക്ക് ഒഴുക്ക് കൂടുതലാണ്. ഇവിടങ്ങളിൽ വയലുകൾ ഇല്ലെന്നുതന്നെ പറയേണ്ടിവരും. വെള്ളച്ചാട്ടങ്ങൾ ഏറെയുള്ള മേപ്പാടിയിൽ മഴയുടെ പ്രഭാവവും അതുമൂലമുണ്ടാകുന്ന അപക്ഷയവും കൂടുതലായിരിക്കും. Photo:  selvaa28 /flickr
മേപ്പാടി പ്രദേശത്ത് നദികൾക്ക് ഒഴുക്ക് കൂടുതലാണ്. ഇവിടങ്ങളിൽ വയലുകൾ ഇല്ലെന്നുതന്നെ പറയേണ്ടിവരും. വെള്ളച്ചാട്ടങ്ങൾ ഏറെയുള്ള മേപ്പാടിയിൽ മഴയുടെ പ്രഭാവവും അതുമൂലമുണ്ടാകുന്ന അപക്ഷയവും കൂടുതലായിരിക്കും. Photo: selvaa28 /flickr

തണുപ്പിനെ പുറത്താക്കാൻ ഉയരം കുറഞ്ഞ മേൽക്കൂരകളും ചെറിയ ജനലുകളുമായിരുന്നു വീടുകൾക്കെന്ന് കരിമ്പന്റെ കഥയിലെ ശങ്കു അധികാരിയുടെ മകൻ മനോജേട്ടൻ പറഞ്ഞു. കർണാടകയിലേക്കൊഴുകുന്ന നൂൽ‌പ്പുഴ പിന്നീടറിയപ്പെടുന്നത് നൂഗു എന്ന പേരിലാണ്. മുത്തങ്ങയിലും പരിസരത്തും പെയ്യുന്ന മഴയാണ് നൂഗിവിലേക്കെത്തുക. മുത്തങ്ങ ഭാഗത്ത് അതിവർഷമുണ്ടായാൽ നൂഗു അണക്കെട്ടിന്റെ അധികാരികൾക്ക് വിവരം നൽകാനായി ടെലഗ്രാം സന്ദേശം അയക്കുമായിരുന്നു. ഏതാനും മണിക്കൂറുകൾ കൊണ്ട് ഇറങ്ങിപ്പോകുന്ന ചെറിയ വെള്ളപ്പൊക്കങ്ങൾ നൂൽ‌പ്പുഴയിൽ പലപ്പോഴായി ഉണ്ടാവാറുണ്ട്. അത്തരം അവസരങ്ങളിലൊക്കെ കല്ലൂർ ഭാഗത്തെ വിശാലമായ വയലുകൾ കുറച്ച് നേരത്തേക്ക് വെള്ളത്തിനടിയിലാകും. ചെട്യാലത്തൂർ ഭാഗത്ത് നിന്നെത്തുന്ന ചെറുപുഴ മറിഞ്ഞ് വയലിലൂടെ വെള്ളമൊഴുകും. വയലുകളുടെ ഫലഭൂയിഷ്ഠത നിലനിൽക്കാൻ ചെറുപ്രളയം കാരണമാകുന്നുണ്ടാവാം. ചില ഗ്രാമങ്ങൾ ഒന്നോ രണ്ടോ ദിവസങ്ങൾ ഒറ്റപ്പെടുകയും ചെയ്യും.

പൊട്ടിയൊഴുകുന്ന ഭൂമി

മഴ കനക്കുന്നതോടെ കൊല്ലികളെന്നറിയപ്പെടുന്ന ചെറിയ ചതുപ്പ് നിലങ്ങൾ പൊട്ടും. ഉറവ പൊട്ടുന്നതിനെ ‘പൊട്ടി’ എന്ന് മാത്രമാണ് വയനാട്ടുകാർ പറയുക. ചെരിവ് കൂടുതലുള്ള സ്ഥലങ്ങളിൽ പൊട്ടുമ്പോൾ ആളുകൾ ജാഗ്രത പുലർത്തും. മേപ്പാടി ഭാഗത്തല്ലാതെ വയനാട്ടിൽ ഉരുൾപൊട്ടലിൽ ആളപായമുണ്ടായ ഏക സ്ഥലം പടിഞ്ഞാറേത്തറക്കടുത്തുള്ള കാപ്പിക്കള്ളമാണ്. സ്കൂൾ ശാസ്ത്രമേളക്ക് പോയപ്പോൾ ഉരുൾപൊട്ടലുണ്ടായ സ്ഥലം ദൂരെ നിന്ന് കണ്ടിട്ടുണ്ട്.

വയനാടൻ പീഠഭൂമിയിലെ പ്രദേശങ്ങൾ സമുദ്രനിരപ്പിൽ നിന്ന് ശരാശരി 800 മീറ്റർ ഉയരത്തിലാണ്. ജില്ലയുടെ ഭൂരിഭാഗം വരുന്ന കബനിയുടെ തണ്ണീർത്തടത്തിന്റെ ഭാഗമായ പ്രദേശങ്ങൾക്ക് കിഴക്കോട്ട് ചെറിയ ചെരിവ് മാത്രമാണുള്ളത്. കുന്നുകളിൽ നിന്ന് വയലുകളിലേക്ക് മഴവെള്ളം പെട്ടെന്ന് ഒഴുകിയെത്തുമെങ്കിലും നെൽകൃഷിക്കായി കണ്ടങ്ങളാക്കി തിരിച്ച വയലുകളിൽ വെള്ളം കെട്ടിക്കിടക്കും. അതുകൊണ്ടുതന്നെ തോടുകളിൽ വെള്ളം പെട്ടെന്ന് കയറില്ല. പ്രദേശത്തിന്റെ ആകെ ചെരിവ് കുറവായതിനാൽ നദികളിലും ഒഴുക്ക് കുറവായിരിക്കും. അതേസമയം ചാലിയാർ തണ്ണീർത്തടത്തിന്റെ ഭാഗമായ മേപ്പാടി പ്രദേശത്ത് നദികൾക്ക് ഒഴുക്ക് കൂടുതലാണ്. ഇവിടങ്ങളിൽ വയലുകൾ ഇല്ലെന്നുതന്നെ പറയേണ്ടിവരും. വെള്ളച്ചാട്ടങ്ങൾ ഏറെയുള്ള മേപ്പാടിയിൽ മഴയുടെ പ്രഭാവവും അതുമൂലമുണ്ടാകുന്ന അപക്ഷയവും കൂടുതലായിരിക്കും. മുണ്ടക്കൈ ഭാഗത്തെ മലമുകളിൽ രണ്ടായിരത്തിനടുത്ത് മീറ്ററിൽ നിന്നുത്ഭവിക്കുന്ന ഒരു നീർച്ചാൽ കേവലം എട്ട് കിലോമീറ്റർ കൊണ്ട് 500 മീറ്ററിലേക്കാണ് ഒഴുകിപ്പോകുന്നത്. ഒന്നര നൂറ്റാണ്ടായി മേപ്പാടി ഭാഗത്തെ ഭൂരിപക്ഷം പ്രദേശങ്ങളും തേയിലത്തോട്ടങ്ങളാണ്. പച്ചപുതച്ച് കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ മേൽമണ്ണ് വിവസ്ത്രമാണ്. കനത്ത മഴക്കൊപ്പം ഭൂവിനിയോഗത്തിലെ മാറ്റവും ദുരന്തകാരണമാണ്.

ഇന്ന് നെൽ‌വയലുകൾ വ്യാപകമായി തരിശിടുകയോ മറ്റ് കൃഷികൾക്കായി മാറ്റുകയോ ചെയ്തിരിക്കുന്നു. വാഴ, കവുങ്ങ് പോലുള്ള കൃഷി ചെയ്യുന്നവർക്ക് വയലിൽ വെള്ളം കെട്ടിക്കിടക്കുന്നത് അഭികാമ്യമല്ല. ആഴത്തിൽ ചാല് കീറി വെള്ളം ഒഴുക്കിക്കളയുന്നതാണ് കൃഷിരീതി.

അപ്രത്യക്ഷമാകുന്ന
നെൽ‌വയലുകൾ

ആകാശത്തുനിന്ന് നോക്കിയാൽ വയനാടൻ പീഠഭൂമിയെ ചെറിയ കുന്നുകളും അവയ്ക്കിടയിലെ വയലുകളും ചേർന്ന ഒരു മൊസൈക് ഘടനയായാണ് കാണുക. വയലുകളിൽ നെല്ല് കൃഷി ചെയ്യുമ്പോൾ കണ്ടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതാണ് അഭികാമ്യം. സ്കൂളിലെ ഉച്ചഭക്ഷണസമയത്ത് പാത്രം കഴുകാനുള്ള എളുപ്പത്തിന് തൊട്ടടുത്ത വയലുകളിലേക്ക് പോകുമായിരുന്നു. കണ്ടങ്ങളിൽ കെട്ടിനിർത്തിയ വെള്ളം തോടുകളിലൂടെ ഒഴുകിപ്പോകുന്നത് കർഷകർ ജാഗ്രതയോടെ നിയന്ത്രിക്കുന്നത് കണ്ടിട്ടുണ്ട്. ഇന്ന് നെൽ‌വയലുകൾ വ്യാപകമായി തരിശിടുകയോ മറ്റ് കൃഷികൾക്കായി മാറ്റുകയോ ചെയ്തിരിക്കുന്നു. വാഴ, കവുങ്ങ് പോലുള്ള കൃഷി ചെയ്യുന്നവർക്ക് വയലിൽ വെള്ളം കെട്ടിക്കിടക്കുന്നത് അഭികാമ്യമല്ല. ആഴത്തിൽ ചാല് കീറി വെള്ളം ഒഴുക്കിക്കളയുന്നതാണ് കൃഷിരീതി. മൺസൂൺ ആരംഭിക്കുന്നതിന് മുൻപേ വിളവെടുക്കുന്നതിനാൽ ഇഞ്ചികൃഷി ചെയ്ത വയലുകൾ പരിചരണമില്ലാതെ കിടക്കും. തട്ടുകളായി തിരിച്ച് പരിപാലിച്ച വയലുകളുടെ വിസ്തൃതി കുറഞ്ഞതോടെ മഴ പെയ്യുമ്പോൾ തന്നെ തോടുകളിൽ വെള്ളമുയരും, പെട്ടെന്ന് ഒഴുകിപ്പോകും.

മഴ കനക്കുന്നതോടെ കൊല്ലികളെന്നറിയപ്പെടുന്ന ചെറിയ ചതുപ്പ് നിലങ്ങൾ പൊട്ടും. ഉറവ പൊട്ടുന്നതിനെ ‘പൊട്ടി’ എന്ന് മാത്രമാണ് വയനാട്ടുകാർ പറയുക. ചെരിവ് കൂടുതലുള്ള സ്ഥലങ്ങളിൽ പൊട്ടുമ്പോൾ ആളുകൾ ജാഗ്രത പുലർത്തും.  Photo: District Information Office Wayanad
മഴ കനക്കുന്നതോടെ കൊല്ലികളെന്നറിയപ്പെടുന്ന ചെറിയ ചതുപ്പ് നിലങ്ങൾ പൊട്ടും. ഉറവ പൊട്ടുന്നതിനെ ‘പൊട്ടി’ എന്ന് മാത്രമാണ് വയനാട്ടുകാർ പറയുക. ചെരിവ് കൂടുതലുള്ള സ്ഥലങ്ങളിൽ പൊട്ടുമ്പോൾ ആളുകൾ ജാഗ്രത പുലർത്തും. Photo: District Information Office Wayanad

പുൽ‌പ്പള്ളിക്കും നടവയലിനും ഇടയിൽ ബസ് സർവീസ് വളരെക്കാലം മുമ്പേ ഉണ്ടായിരുന്നെങ്കിലും നരസിപ്പുഴക്ക് കുറുകെ നെയ്ക്കുപ്പയിൽ പാലം പണിതത് തൊണ്ണൂറുകളുടെ അവസാനത്തിലാണ്. വലിയ വൃഷ്ടിപ്രദേശമുള്ള നരസിപ്പുഴ ഇറങ്ങിക്കടന്നുവേണം ബസുകൾക്ക് പോകാൻ. എന്നിട്ടും മഴ കനക്കുന്ന ഏതാനും ദിവസങ്ങൾ മാത്രമാണ് ആ വഴി ഗതാഗതം മുടങ്ങുക. ടയറുകൾ മുങ്ങി പുഴകടക്കുന്നതിനാൽ ബ്രേക് പാഡുകൾ നനഞ്ഞ് ബ്രേക്ക് കുറയും. ബ്രേക്കും ആക്സിലറേറ്ററും വിപരീത പെഡലുകളമർത്തി കുറച്ച് ദൂരം ഓടിച്ചാലാണ് ബ്രേക്ക് ശരിയാക്കുക.

വനത്തിനകത്ത് ഉരുൾപ്പൊട്ടുന്നില്ലേ?

ഉരുൾപൊട്ടലുകൾ ആരംഭിച്ചത് വനമേഖലയിലാണെന്നത് വനനശീകരണം ഉരുൾപൊട്ടലിന് കാരണമാവില്ല എന്ന ഒരു സിദ്ധാന്തം രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ചെരിവും ധാരാളമായി പെയ്യുന്ന മഴയുമാണല്ലോ ഉരുൾപൊട്ടലിന്റെ കാരണങ്ങളിൽ പ്രധാനം. ധാരാളമായി മഴ പെയ്യുന്ന സ്ഥലത്തെ സസ്യാവരണം സ്വാഭാവികമായും സെമി എവർഗ്രീൻ, എവർ ഗ്രീൻ, ഷോല- ഗ്രാസ്‌ ലാന്റ് എന്നിവയിലൊന്നായിരിക്കും. നിത്യഹരിത വനങ്ങളിലെ വൃക്ഷമേലാപ്പ് പല തട്ടുകളായാണ് കാണപ്പെടുക. സൂര്യപ്രകാശം എത്താത്തതിനാൽ നിലത്ത് പുൽവർഗ്ഗങ്ങൾ കുറവായിരിക്കും. എന്നാൽ മരങ്ങളിൽ നിന്നുള്ള ഇലകളും മറ്റ് ഭാഗങ്ങളും വീണ് മേൽമണ്ണിനുമുകളിൽ കട്ടിയുള്ള ഒരു ഹ്യൂമസ് ലയർ ഉണ്ടായിട്ടുണ്ടാകും. ഈ ഹ്യൂമസും മണ്ണും തമ്മിലുള്ള ഉയർന്ന അനുപാതം കാരണം ശക്തമായ മഴയിൽ പോലും മേൽമണ്ണിന് വളരെ കുറവ് സ്ഥാനചലനമേ ഉണ്ടാവുകയുള്ളൂ. മാത്രവുമല്ല, മരത്തിന്റെ വേരുകൾ വില്ലികളായി കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുന്നതിനാൽ മണ്ണ് കൂടുതൽ കെട്ടുറപ്പുള്ളതായിരിക്കും. അതിനാലാണ് ചിലയിടങ്ങളിൽ ചെറിയ തോതിൽ ഉരുൾപൊട്ടിയാലും കൂടുതൽ വിസ്തൃതിയിലേക്ക് വ്യാപിക്കാതെ അവസാനിക്കുന്നത്. ഞാൻ ദീർഘകാലം ജോലി ചെയ്ത സൈലന്റ് വാലി ദേശീയോദ്യാനത്തിൽ ഇത്തരത്തിൽ ഉരുൾപൊട്ടിയ ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ ആ മുറിവുകൾ ഉണങ്ങുകയാണ് പതിവ്.

കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങൾക്കിടെ തെക്ക് പടിഞ്ഞാറൻ മൺസൂണിൽ ആവശ്യത്തിന് മഴ ലഭിച്ച ഏക വർഷം ഇതാണെന്ന് കൽ‌പ്പറ്റ കൈനാട്ടിയിലെ കാപ്പി കർഷകനായ രത്നാകരേട്ടൻ ഉറപ്പിച്ച് പറയുന്നു.  Photo: Vishnu Shivam
കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങൾക്കിടെ തെക്ക് പടിഞ്ഞാറൻ മൺസൂണിൽ ആവശ്യത്തിന് മഴ ലഭിച്ച ഏക വർഷം ഇതാണെന്ന് കൽ‌പ്പറ്റ കൈനാട്ടിയിലെ കാപ്പി കർഷകനായ രത്നാകരേട്ടൻ ഉറപ്പിച്ച് പറയുന്നു. Photo: Vishnu Shivam

നിത്യഹരിത വനങ്ങളേക്കാൾ ഉയരത്തിൽ കാണപ്പെടുന്ന ചോലക്കാടുകളും പുൽമേടുകളും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കട്ടിയിൽ വളരുന്ന പുല്ല് മേൽമണ്ണിനെ സംരക്ഷിക്കുമെന്നുമാത്രമല്ല, ഇവിടങ്ങളിൽ പെയ്യുന്ന മഴ ഡ്രിസിൽ അല്ലെങ്കിൽ ലൈറ്റ് ഷവർ എന്ന ഗണത്തിൽ പെടുന്ന ചെറിയ തുള്ളികളോടുകൂടിയതായിരിക്കും. എന്നാലും കാലാവസ്ഥാ വ്യതിയാനം മൂലം കടലിൽ നിന്നെത്തുന്ന കാറ്റ് കൂടുതൽ നീരാവി വഹിക്കുകയും തൽ‌ഫലമായി പുൽമേടുകളിൽ പെയ്യുന്ന മഴയുടെ സ്വഭാവം മാറുകയും ചെയ്യുന്നുണ്ട്. പണ്ട് പെയ്തിരുന്ന നൂൽമഴ ഇപ്പോഴില്ല എന്ന് മൂന്നാറുകാർ പരാതിപ്പെടുന്നത് ഇതിനാലാണ്. അതി തീവ്രമഴയിൽ പുൽമേടുകളിൽ മണ്ണിടിച്ചിലുണ്ടാവാറുണ്ടെങ്കിലും മണ്ണിൽ ഇളകിയ പാറയുടെ സാന്നിധ്യം കുറവായതിനാലും കട്ടിയായി വളരുന്ന പുല്ല് മണ്ണിനെ പിടിച്ച് നിർത്തുന്നതിനാലും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാറില്ല.

എന്തിന് പ്രകൃതി വിശകലനം?

പ്രകൃതിദുരന്തങ്ങൾ വിശകലനം ചെയ്യുന്നത് കുറ്റക്കാരെ കണ്ടെത്താനും വിചാരണ ചെയ്യാനുമല്ല, കാരണങ്ങൾ കണ്ടെത്താനും ആവർത്തിക്കുന്നത് തടയാനുമാണ്. കുറഞ്ഞപക്ഷം ദുരന്തങ്ങളുടെ ഇടവേളകളെങ്കിലും കൂട്ടാമല്ലോ. ഇത്തരം ദുരന്തങ്ങളിൽ മരിക്കുന്നവർ മാത്രമല്ല, ഒറ്റപ്പെട്ടുപോവുന്നവരും നിരവധിയാണ്. ഉറ്റവരില്ലാതെ, വീടില്ലാതെ, ദേശമില്ലാതെ അവരിനിയും ജീവിക്കണം. അടുത്ത ദുരന്തം വരുമ്പോൾ നമ്മൾ മറ്റ് ആളുകളെക്കുറിച്ച് ആശങ്കപ്പെടും.

Comments