120 kmph വേഗത്തിൽ ദന,
100% കൃത്യതയിൽ മുൻകരുതൽ,
ചുഴലിയെ നേരിട്ട് ഒഡീഷ

തീര​മേഖലയിൽ കൂറ്റൻ തിരമാലുകളുയരുകയും അതിതീവ്ര മഴ പെയ്യുകയും ശക്തിയായ കാറ്റ് വീശുകയും ചെയ്തുവെങ്കിലും ഒഡീഷ അതിനെയെല്ലാം ഏതാനും മണിക്കൂറുകൾകൊണ്ട് മറികടന്നു. വെള്ളയാഴ്ച രാ​വിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും ​ചെയ്തു.

News Desk

ഡീഷയിലെ (Odisha) 16 ജില്ലകളെയും പിടിച്ചുകുലുക്കി കടന്നുപോകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്ന ദന ചുഴലിക്കാറ്റിനെ (Cyclone Dana) സംസ്ഥാനം ​നേരിട്ടത്, ചുഴലിയേക്കാൾ വേഗത്തിലുള്ള മുൻകരുതൽ നടപടികളോടെ. ഒഡീഷ- പശ്ചിമബംഗാൾ തീരങ്ങളിൽ വ്യാഴാഴ്ച രാത്രിയും ​ഇന്ന് രാവിലെയും ആഞ്ഞടിച്ച ചുഴലിക്കാറ്റിലും അതിതീവ്രമഴയിലും കാര്യമായ നാശനഷ്ടങ്ങളില്ല. ഇന്ന് ഉച്ചയോടെ ദന ദുർബലമാകുന്നതിനാൽ, പശ്ചിമബംഗാളിന് ഭീഷണിയുണ്ടാകില്ല എന്നാണ് സൂചന.

മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ വീശിയ ദന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ ഇന്ത്യ - ബംഗ്ലാദേശ് തീരങ്ങളിൽ ആഞ്ഞടിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഒഡീഷയുടെയും പശ്ചിമ ബംഗാളിലെയും തീരത്തായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച രാത്രി ബംഗാൾ ഉൾക്കടലിന് മുകളിലുണ്ടായിരുന്ന ദന ഇന്ന് പുലർച്ചെ തീവ്ര ചുഴലിക്കാറ്റായി പുരിക്കും സാഗർ ദ്വീപിനും ഇടയിലാണ് കര തൊട്ടത്. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലായിരുന്നു കാറ്റ്. ഭഡ്രക്, കേന്ദ്രപ്പാറ, ബലസോർ തുടങ്ങി ഒഡീഷയിലെ തീരദേശ ജില്ലകളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റാണ് വീശിയത്. വ്യാഴാഴ്ച രാത്രി ഒഡീഷയുടെ തീരത്ത് കൂറ്റൻ തിരമാലകളുണ്ടായി.

ഒഡീഷ, പശ്ചിമ ബംഗാൾ തീരത്ത് വ്യാഴാഴ്ച അർധരാത്രി തുടങ്ങിയ മഴയും കാറ്റും ഇന്ന് പുലർച്ചെയും തുടർന്നു. ഒഡീഷയിലെ ധമാറാ ജില്ലയുടെ വടക്കുമാറി 20 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കാറ്റ് ഒഡീഷയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുകയാണ്. ഉച്ചയോടെ ചുഴലിക്കാറ്റ് ദുർബലമാകുമെന്നാണ് മുന്നറിയിപ്പ്. അതുമൂലം പശ്ചിമ ബംഗാളിൽ തീവ്രമായ ചുഴലിക്കാറ്റിന് സാധ്യതയില്ല.

ഒഡീഷ, പശ്ചിമ ബംഗാൾ തീരത്ത് വ്യാഴാഴ്ച അർധരാത്രി തുടങ്ങിയ മഴയും കാറ്റും ഇന്ന് പുലർച്ചെയും തുടർന്നു.
ഒഡീഷ, പശ്ചിമ ബംഗാൾ തീരത്ത് വ്യാഴാഴ്ച അർധരാത്രി തുടങ്ങിയ മഴയും കാറ്റും ഇന്ന് പുലർച്ചെയും തുടർന്നു.

ഒക്‌ടോബർ 23നാണ് ഒഡീഷക്കും പശ്ചിമബംഗാളിനും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ദനയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും മിന്നൽ പ്രളയത്തിനും ചുഴലിക്കാറ്റിനും വൻ തിരമാലകൾക്കും സാധ്യതയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതേതുടർന്ന രണ്ട് സംസ്ഥാനങ്ങളും അടിമുടി ജാഗ്രതയിലായി. പ്രത്യേകിച്ച് ഒഡീഷ. കാരണം, ഒഡീഷ സംസ്ഥാനത്തിന്റെ ഏതാണ്ട് പകുതി പ്രദേശങ്ങളിലും കാറ്റിനും മഴക്കും സാധ്യതയുണ്ടായിരുന്നു.

കാറ്റ് കടന്നുപോകുന്ന 16 ജില്ലകളിലും ഓരോ സമയത്തും എടുക്കേണ്ട മുൻകരുതലുക​ൾ തീരുമാനിച്ചു. അതിതീവ്ര മഴക്കുള്ള റെഡ് വാണിങ് നൽകി. ഈ ജില്ലകളിൽ 182 ഫയർ ആന്റ് റസ്‌ക്യൂ ടീമുകളെയും എൻ.ഡി.ആർ.എഫ് സംഘത്തെയും നിയോഗിച്ചു. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുക മാത്രമല്ല, ഒരാളും കടലിലിറങ്ങുന്നില്ല എന്നുറപ്പാക്കുകയും ചെയ്തു.

തീരദേശജില്ലകളിൽനിന്ന് പത്തു ലക്ഷം പേരെ സുരക്ഷിത ഇടങ്ങളി​ലേക്ക് മാറ്റിപാർപ്പിക്കാൻ തയാറെടുപ്പ് നടത്തി. എന്നാൽ, കാറ്റിന്റെ ഗതി സൂക്ഷ്മായി നിരീക്ഷിച്ചശേഷം അത് ആറു ലക്ഷമായി കുറയ്ക്കാൻ കഴിഞ്ഞു. വ്യാ​ഴാഴ്ച രാത്രിയോടെ അപകടമേഖലകളിൽനിന്ന് 5.84 ലക്ഷം പേരെയാണ് ഒഴിപ്പിച്ചതെന്നും ഇന്ന് രാവിലെ അത് ആറു ലക്ഷമായെന്നും സർക്കാർ അറിയിച്ചു.

മാറ്റി പാർപ്പിക്കുന്ന പത്തു ലക്ഷംപേർക്കുള്ള അയ്യായിരത്തിലേറെ ഷെൽട്ടറുകളും നേരത്തെ സജ്ജമാക്കിയിരുന്നു. ഇവിടെ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ മുൻകൂട്ടി ശേഖരിച്ചു. 3654 ഗർഭിണികളെ സമീപ ആശുപത്രികളിലേക്കാക്കി. ഭുവനേശ്വർ വിമാനത്താവളവും വിനോദസഞ്ചാരകേന്ദ്രങ്ങളും പാർക്കുകളും വ്യാഴാഴ്ച മുതൽ അടച്ചിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴവും വെള്ളിയും അവധി നൽകി.

ഒഡീഷയിലെ തീരദേശ ജില്ലകളിൽനിന്ന് ഷെൽട്ടർ ക്യാമ്പുകളിലേക്ക് ആളു​കളെ മാറ്റുന്നു.
ഒഡീഷയിലെ തീരദേശ ജില്ലകളിൽനിന്ന് ഷെൽട്ടർ ക്യാമ്പുകളിലേക്ക് ആളു​കളെ മാറ്റുന്നു.

ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ 203 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു, ചിലത് റദ്ദാക്കി. നോർത്ത് ആന്റ് സൗത്ത് 24 പർഗാന ജില്ലകളിലും ഹൂഗ്ലി നദിയിലും സർവീസ് നടത്തിയിരുന്ന ഫെറി സർവീസുകൾ നിർത്തി. 24 മണിക്കൂറും പ്രതികരിക്കുന്ന എമർജൻസി റസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം ഹെൽപ് ലൈൻ നമ്പറുകൾ സംസ്ഥാനത്തുടനീളം ലഭ്യമാക്കി. വ്യാഴാഴ്ച രാത്രിയും ഇന്ന് രാവിലെയും റോഡുകളിലേക്ക് മരങ്ങൾ വീണ് മുടങ്ങിയ ഗതാഗതം, ഉടൻ പുനഃസ്ഥാപിച്ചു.

ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജ്ഹിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും മുൻകരുതൽ നടപടികൾ ഏകോപിപ്പിച്ചു. മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും പ്രധാന സ്ഥലങ്ങളിൽ മേൽനോട്ട ചുമതല നൽകി. കേന്ദ്ര സർക്കാർ സംവിധാനങ്ങളും സംസ്ഥാന സർക്കാറിനൊപ്പം ചേർന്നു.

പശ്ചിമബംഗാളിലും സമാനമായ മു​ൻകരുതൽ നടപടിയെടുത്തിരുന്നു. 2,43,374 പേരെയാണ് ഷെൽട്ടറുകളിലേക്ക് മാറ്റിപാർപ്പിച്ചത്.

ഭുവനേശ്വർ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽനിന്നുമുള്ള വിമാന സർവീസ് ഇന്നു രാവിലെ പുനരാരംഭിച്ചു.

തീര​മേഖലയിൽ കൂറ്റൻ തിരമാലുകളുയരുകയും അതിതീവ്ര മഴ പെയ്യുകയും ശക്തിയായ കാറ്റ് വീശുകയും ചെയ്തുവെങ്കിലും ഒഡീഷ അതിനെയെല്ലാം ഏതാനും മണിക്കൂറുകൾകൊണ്ട് മറികടന്നു. വെള്ളയാഴ്ച രാ​വിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും ​ചെയ്തു.

എന്തുകൊണ്ട് ദന ഇത്ര തീവ്രമായി?

സമുദ്രത്തിലെ താപ നില കുറയാത്തതാണ് കാറ്റിന്റെ തീവ്രത കുറയാത്തതിന്റെ പ്രധാന കാരണമെന്ന് ‘കുസാറ്റി’ലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫിയറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ്. അഭിലാഷ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

“സമുദ്രതാപനം 30 ഡിഗ്രിയായി നിൽക്കുന്നതു കൊണ്ടാണ് ദന ചുഴലിക്കാറ്റ് ഒരേ തീവ്രതയിൽ നിൽക്കുന്നത്. സാധാരണ ചുഴലിക്കാറ്റ് വന്നു കഴിഞ്ഞാൽ അധികം സമയമെടുക്കാതെ കാറ്റിന്റെ തീവ്രത കുറഞ്ഞു വരുന്നതാണ്. സമുദ്രതാപം മാറാതെ നിൽക്കുന്നതുകൊണ്ടാണ് ദന ചുഴലിക്കാറ്റിന്റെ തീവ്രത കുറയാത്തത്’’ - ഡോ. എസ്. അഭിലാഷ് പറയുന്നു.

ഡോ. എസ്. അഭിലാഷ്
ഡോ. എസ്. അഭിലാഷ്

വലിയ നാശം വിതച്ച അംഫാൻ ചുഴലിക്കാറ്റുൾപ്പെടെ കഴിഞ്ഞ നാല് വർഷത്തിനിടെ അഞ്ച് ചുഴലിക്കാറ്റുകളാണ് പശ്ചിമ ബംഗാൾ - ഒഡീഷ തീരത്ത് വീശിയത്. ഇസ്റ്റ് കോസ്റ്റ് ഏരിയകളിൽ ഒരു വർഷം അഞ്ച് ചുഴലിക്കാറ്റ് വരെ ഉണ്ടാകാനുള്ള സാധ്യത പരമ്പരാഗതമായി ഉണ്ടെന്ന് എസ്. അഭിലാഷ് പറയുന്നു:

“ഈസ്റ്റ് കോസ്റ്റ് ഏരിയകളിൽ ഒരു വർഷം അഞ്ച് ചുഴലിക്കാറ്റ് വരെ ഉണ്ടാകാനുള്ള സാധ്യത പണ്ട് മുതലേയുണ്ട്. ഇത്, ട്രഡീഷ്യണലി നോർമലായി സംഭവിക്കുന്നതാണ്. തമിഴ്‌നാട് മുതൽ ബംഗാൾ വരെയും അതിന്റെ അപ്പുറം ബംഗ്ലാദേശും മ്യാൻമർ വരെയും എത്തുന്ന ചുഴലിക്കാറ്റുകൾ ചേർത്താണ് ഈ അഞ്ചെണ്ണം പ്രതീക്ഷിക്കുന്നത്. അതിൽ മൂന്നെണ്ണം ഈസ്റ്റ് കോസ്റ്റിലാണ് സാധാരണ വരാറ്. എല്ലാ വർഷവും അഞ്ചെണ്ണമുണ്ടാകും എന്നല്ല; ഒരു വർഷം നാലെണ്ണമാണ് ബംഗാൾ ഉൾക്കടലിൽ പ്രതീക്ഷിക്കുന്നത്. അറേബ്യൻ കടൽ കൂടി ചേർത്ത് അഞ്ചെണ്ണമാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റ് മുൻകൂട്ടി അറിയാൻ പറ്റുന്നതുകൊണ്ട് വലിയ നാശ നഷ്ടങ്ങൾ ഉണ്ടാകുമ്പോഴും ആൾനാശം ഗണ്യമായി കുറക്കാനാകുന്നുണ്ട്.” - ഡോ. എസ്. അഭിലാഷ് പറയുന്നു.

കഴിഞ്ഞ മെയിൽ ബംഗാൾ - ബംഗ്ലാദേശ് തീരത്ത് ആഞ്ഞടിച്ച റെമാൽ ചുഴലിക്കാറ്റിന് ശേഷം ഈ വർഷം രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. 1999 ലായിരുന്നു ഒഡീഷയിൽ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. 30 മണിക്കൂർ നീണ്ട ചുഴലക്കാറ്റിൽ പതിനായിരത്തിലേറെയാളുകളാണ് അന്ന് മരിച്ചത്. ആഗോളതാപനം കാരണം സമുദ്രോപരി തലത്തിൽ അനുഭവപ്പെടുന്ന താപനിലയിലെ വർദ്ധനവ് ഉൾപ്പെടെയുള്ള കാരണങ്ങളാണ് ചുഴലിക്കാറ്റിന് കാരണമായി ശാസ്ത്രജ്ഞർ പറയുന്നത്.

Comments