മൺസൂൺ മഴയുടെ സ്വഭാവം മാറിയതെങ്ങനെ? ഇത് തുടക്കം മാത്രം, ഇനിയും കനക്കും

വേനലിൽ നിന്നും വളരെ പെട്ടന്ന് മൺസൂൺ കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് കേരളം. പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെയാണ് ഇത്തവണ മൺസൂൺ എത്തിയത്. പതിവിലും നേരത്തെ എത്തിയ മൺസൂണിനെ കുറിച്ചും മാറുന്ന കാലാവസ്ഥയെ കുറിച്ചും പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചും സംസാരിക്കുകയാണ് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ്. അഭിലാഷ്.

മുഹമ്മദ് അൽത്താഫ്: വേനൽക്കാലം മാറി മഴ തിമിർത്ത് പെയ്യുന്ന തരത്തിൽ മൺസൂൺ പതിവിലും നേരത്തെ എത്തിയിരിക്കുകയാണ്. സാധാരണ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്താറുള്ളത്. എന്നാൽ ഈ വർഷം മെയ് 24 ന് മൺസൂൺ എത്തി. 2009-നു ശേഷം ഇപ്പോഴാണ് മൺസൂൺ ഇത്ര നേരത്തെ എത്തുന്നത്. എന്തു കൊണ്ടാണ് ഇത്തവണ മൺസൂൺ നേരത്തെ എത്തിയത്?

ഡോ. എസ്. അഭിലാഷ്: മൺസൂൺ ഓൺസെറ്റിന് ആവശ്യമായിട്ടുള്ള അന്തരീക്ഷ സമുദ്രഘടകങ്ങൾ അനുകൂലമായിരുന്നു. പ്രധാനമായും ശാന്തസമുദ്രത്തിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും സമുദ്രഘടകങ്ങൾ കൂടുതൽ അനുകൂലമായി വന്നതു കൊണ്ടാണ് നേരത്തെ ഓൺസെറ്റ് നടന്നത്. അതോടൊപ്പം തന്നെ മൺസൂൺ തുടങ്ങുന്നത് അതിമർദ്ദ മേഖലയിൽ നിന്നാണ്. ഈ അതിമർദ്ദ മേഖലയും കൂടുതൽ സ്ട്രോങ്ങായി ഫോം ചെയ്തത് ഈ വർഷത്തെ മൺസൂണിന്റെ വരവിനെ സുഗമമാക്കി. അതോടൊപ്പം നമ്മുടെ Southern peninsula region ൽ ഈ വർഷം നല്ല തോതിൽ പ്രീമൺസൂൺ ഷവേഴ്‌സും പ്രീ മൺസൂൺ മഴയും ലഭിച്ചിരുന്നു. അതും ഈ മൺസൂണിന്റെ വരവിനെ സുഗമമാക്കിയിട്ടുണ്ട്. ഇത്തരം കുറേയധികം ഘടകങ്ങൾ കൊണ്ടാണ് മൺസൂണിന്റെ വരവ് കുറേ കൂടി സുഗമമായത്. ഈ സമയത്ത് അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുകയും അത് രത്നഗിരിയുടെ സമീപം എത്തി. കന്യാകുമാരിയിൽ മെയ് 23ന് എത്തിയ മൺസൂൺ മെയ് 24 ആവുമ്പോഴേക്ക് ഗോവ, മഹാരാഷ്ട്ര വരെയെത്തി. സാധാരണ പത്തോ പന്ത്രണ്ടോ ദിവസമെടുത്താണ് മൺസൂണിന്റെ ഭാഗമായിട്ടുള്ള മേഘങ്ങൾ വടക്കോട്ട് നീങ്ങുന്നത്. അതിനെ വേഗത്തിലാക്കിയത് ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി മൺസൂൺ ഓൺസെറ്റിനു മുമ്പ് അറബിക്കടലിൽ ന്യൂനമർദ്ദങ്ങൾ രൂപപ്പെടാറുണ്ട്. അതൊരു ശീലമാകുന്നുണ്ടായിരുന്നു. അത് കൂടുതൽ ശക്തിപ്രാപിച്ച് ഗുജറാത്ത് തീരങ്ങളിലേക്കായിരുന്നു നീങ്ങാറുണ്ടായത്. ആ സമയത് അത് സൈക്ലോൺ ആയി മാറുമ്പോൾ മൺസൂൺ കാറ്റിനെയും നീരാവിയെയും പുൾ ചെയ്യുകയും സൈക്ലോൺ വരുന്നതിനനുസരിച്ച് കേരളത്തിലെ മൺസൂൺ വീക്കാകുന്ന അവസരം ഉണ്ടായിരുന്നു. അതിന് വിപരീതമായി ഇത്തവണ മൺസൂൺ വീക്കാകുന്ന അവസരത്തിൽ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം ഉണ്ടായി. അതാണ് ഇപ്പോഴത്തെ മൺസൂൺ കാറ്റിനെയും പടിഞ്ഞാറൻ കാറ്റിനെയും കൂടുതൽ ശക്തമാക്കിയത്. അത് പശ്ചിമഘട്ടത്തിന് ലംബമായി വീശിയതോടെയാണ് ന്യൂനമർദ്ദം ശക്തി കുറഞ്ഞതിന് ശേഷവും നല്ല മഴ കിട്ടാനുള്ള കാരണം. അടുത്ത നാലഞ്ചു ദിവസം കേരളത്തിലെ മഴയെ നിർണയിക്കുന്നത് കൂടുതലും ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളാൻ പോകുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനമായിരിക്കും. അത് എങ്ങനെ മൂവ് ചെയ്യുന്നു എന്ന് നോക്കിയിട്ടാണ് കേരളത്തിൽ ലഭിക്കുന്ന മഴയും നിർണയിക്കപ്പെടുക.

കന്യാകുമാരിയിൽ മെയ് 23ന് എത്തിയ മൺസൂൺ മെയ് 24 ആവുമ്പോഴേക്ക് ഗോവ, മഹാരാഷ്ട്ര വരെയെത്തി. സാധാരണ പത്തോ പന്ത്രണ്ടോ ദിവസമെടുത്താണ് മൺസൂണിന്റെ ഭാഗമായിട്ടുള്ള മേഘങ്ങൾ വടക്കോട്ട് നീങ്ങുന്നത്.
കന്യാകുമാരിയിൽ മെയ് 23ന് എത്തിയ മൺസൂൺ മെയ് 24 ആവുമ്പോഴേക്ക് ഗോവ, മഹാരാഷ്ട്ര വരെയെത്തി. സാധാരണ പത്തോ പന്ത്രണ്ടോ ദിവസമെടുത്താണ് മൺസൂണിന്റെ ഭാഗമായിട്ടുള്ള മേഘങ്ങൾ വടക്കോട്ട് നീങ്ങുന്നത്.

കുറഞ്ഞ സമയം വലിയ മഴയുണ്ടാകുന്ന രീതിയാണ് മൺസൂണിൻെറ തുടക്കത്തിൽ അനുഭവപ്പെടുന്നത്. ഇത് മൂലം പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. കൂടാതെ കാറ്റിലും മഴയിലും പലതരത്തിലുള്ള കെടുതികളുമുണ്ടാകുന്നുണ്ട്. അപ്രതീക്ഷിതമായെത്തിയ ഈ മൺസൂൺകാലത്തെ എങ്ങനെയാണ് പൊതുജനവും സർക്കാരും കൈകാര്യം ചെയ്യേണ്ടത്?

മൺസൂൺ മേഘങ്ങളുടെ ഘടന മാറിയതാണ് അതിന്റെ പ്രധാന കാരണം. അഞ്ചു വർഷം മുമ്പുള്ള ഞങ്ങളുടെ പഠനങ്ങളിൽ ഇത് സൂചിപ്പിച്ചിരുന്നു. പശ്ചിമതീരത്ത് തെക്കു കിഴക്കൻ അറബിക്കടലിൽ കേരളത്തോട് ചേർന്നു കിടക്കുന്ന ഭാഗത്തുള്ള മേഘങ്ങളുടെ ഘടനയിൽ വലിയ മാറ്റമുണ്ട്. പണ്ട് കാലത്ത് അഞ്ചോ ആറോ കിലോമീറ്റർ ഉയരത്തിലുള്ള മേഘങ്ങൾ ഇപ്പോൾ പത്തു കിലോമീറ്റർ ഉയരത്തിലേക്ക് എത്തി. ചില അവസരങ്ങളിൽ പതിനാലും പതിനഞ്ചും കിലോമീറ്റർ ഉയരത്തിലേക്കും ഈ മേഘങ്ങൾ എത്താറുണ്ട്. ആ സമയത്താണ് നമുക്ക് ലഘുമേഘ വിസ്‌ഫോടനവും മേഘ വിസ്‌ഫോടനവും ലഭിക്കുന്നത്. ഇപ്പോൾ ഏകദേശം പത്തു കിലോമീറ്റർ ഉയരത്തിലാണ് മേഘങ്ങളുള്ളത്. സാമാന്യം കൂമ്പാര മേഘങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന തരത്തിലുള്ള മേഘ രൂപീകരണമാണ് നടക്കുന്നത്. പക്ഷെ അതിന്റെ ഡെപ്ത് കുറവാണ്. അതാണ് മഴയുടെ തീവ്രത കൂട്ടുന്നത്. ചുരുങ്ങിയ സമയത്ത് തീവ്രമായ മഴ ലഭിക്കാനുള്ള കാരണം ഇതാണ്. അങ്ങനെയാണ് പല പ്രദേശത്തും വെള്ളക്കെട്ടും മിന്നൽ പ്രളയങ്ങളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും എല്ലാം ഉണ്ടാകുന്നത്. ഈ ഒരു പാറ്റേണാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഴയുടെ രീതിയിൽ കാണുന്നത്.

മേഘങ്ങളുടെ ഘടന മാറുമ്പോൾ ഉണ്ടാകുന്ന മറ്റൊരു വലിയ വില്ലൻ ഗസ്റ്റ് വിൻഡാണ്. മേഘത്തിന്റെ ഉള്ളിൽ നിന്നും താഴേക്ക് പ്രവഹിക്കുന്ന തണുത്ത കാറ്റിന്റെ പ്രവാഹമാണത്. കൂമ്പാര മേഘങ്ങളിൽ നിന്നും താഴോട്ട് അടിക്കുന്ന കാറ്റാണത്. മണിക്കൂറിൽ 70 കിലോമീറ്ററോ അതിൽ കൂടുതലോ ആണ് ഈ കാറ്റിന്റെ വേഗത. അങ്ങനെ വരുമ്പോഴാണ് കേരളം മുഴുവൻ വ്യാപകമായി അഞ്ചു മുതൽ പത്തു മിനുറ്റ് വരെ നീണ്ടു നിൽക്കുന്ന ശക്തമായ കാറ്റ് വീശുന്നത്.

കേരളത്തിന്റെ തീരദേശം മൺസൂൺ കാലത്ത് വലിയ പ്രതിസന്ധികൾ അനുഭവിക്കുന്നുണ്ട്. ഇത്തവണ മൺസൂൺ തുടങ്ങിയപ്പോൾ തന്നെ കോഴിക്കോട് ഒരു മത്സ്യത്തൊഴിലാളി ബോട്ട് മുങ്ങി മരിക്കുന്ന അവസ്ഥ ഉണ്ടായി. ഇതോടൊപ്പം വലിയ തരത്തിലുള്ള വേലിയേറ്റവും കാറ്റുമെല്ലാം തീരദേശത്തെ മനുഷ്യരെ നന്നായി ബാധിക്കുന്നുണ്ട്. മഴക്കാലത്ത് തീരദേശത്ത് എന്തൊക്കെ മുൻകരുതലുകളാണ് എടുക്കേണ്ടത് ? പൊതുജനം എന്തെല്ലാം മുൻകരുതലാണ് എടുക്കേണ്ടത്?

മൺസൂണിന്റെ സമയത്ത് തീര പ്രദേശത്ത് കടലാക്രമണം രൂക്ഷമാവുകയും ശക്തമായ കാറ്റ് കാരണം നല്ലരീതിയിൽ കടലേറ്റം ഉണ്ടാവുകയും ഇത് തീരദേശത്ത് വലിയ നാശം വിതക്കുകയും ചെയ്യുന്നു. ഈ അവസരങ്ങളിൽ കള്ളക്കടൽ പ്രതിഭാസം കൂടി വരുമ്പോൾ തീരപ്രദേശത്ത് വെള്ളം ഇരച്ചു കയറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. മത്സ്യബന്ധനത്തിനായുള്ള വള്ളങ്ങളും വലകളും സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് തീരദേശത്ത് സ്വീകരിക്കാവുന്ന മുൻകരുതൽ.

അതോടൊപ്പം മറ്റ് പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകാനുള്ള പ്രധാന കാരണം മഴ പെയ്ത് ലഭിക്കുന്ന വെള്ളം ഒഴുകി പോകാനുള്ള പാത ഇല്ലാത്തതാണ്. ഡ്രൈനേജ് സിസ്റ്റത്തിന് തടസം വരാതെ നോക്കുക എന്നത് പ്രദേശവാസികളുടെ വലിയ ഉത്തരവാദിത്തമാണ്. ഗവൺമെന്റും തദ്ദേശ സ്ഥാപനങ്ങളും പ്രദേശവാസികളും ചേർന്നുള്ള മഴക്കാല പൂർവ ശുചീകരണങ്ങളിലും മറ്റും ഈ ഡ്രൈനേജ് സിസ്റ്റം തടസമില്ലാത്തതാക്കി നിലനിർത്തുക എന്നതാണ് ചെയ്യാൻ പറ്റുന്ന പ്രധാന കാര്യം.

മൺസൂണിന്റെ സമയത്ത് തീര പ്രദേശത്ത് കടലാക്രമണം രൂക്ഷമാവുകയും ശക്തമായ കാറ്റ് കാരണം നല്ലരീതിയിൽ കടലേറ്റം ഉണ്ടാവുകയും ഇത് തീരദേശത്ത് വലിയ നാശം വിതക്കുകയും ചെയ്യുന്നു.
മൺസൂണിന്റെ സമയത്ത് തീര പ്രദേശത്ത് കടലാക്രമണം രൂക്ഷമാവുകയും ശക്തമായ കാറ്റ് കാരണം നല്ലരീതിയിൽ കടലേറ്റം ഉണ്ടാവുകയും ഇത് തീരദേശത്ത് വലിയ നാശം വിതക്കുകയും ചെയ്യുന്നു.

അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും പോസ്റ്റുകളും മതിലുകളും ശ്രദ്ധയിൽ പെട്ടാൽ അത് അധികാരികളെ അറിയിക്കുകയും അതിന് വേണ്ട പ്രവർത്തനങ്ങൾ ചെയ്യേണ്ടതുമാണ്. പകൽ മഴയില്ലെങ്കിലും രാത്രിയിലെ മഴയിൽ വെള്ളം കയറാനോ ഉരുൾപൊട്ടലുണ്ടാകാനോ സാധ്യത ഉണ്ടാകാം. ഇത്തരത്തിൽ അപകട സാധ്യത കൂടിയ പ്രദേശങ്ങൾ നിർണയിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, ഫയർഫോഴ്‌സ്, പൊലീസ് തുടങ്ങിയ സ്ഥാപനങ്ങൾ നൽകുന്ന മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കർശനമായി പാലിച്ച് അപകട സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നും അതിതീവ്ര മഴയുടെ സാഹചര്യം പ്രവചിക്കുന്ന അവസരങ്ങളിൽ മാറി താമസിക്കാൻ ജനങ്ങൾ തയ്യാറാവുകയാണ് ചെയ്യേണ്ടത്.

കൂടാതെ ദേശീയപാതയുടെ പണി നടക്കുന്നുന്ന സ്ഥലങ്ങളിൽ കുറേ കൂടി ശ്രദ്ധ വേണം. രാത്രി കാലങ്ങളിൽ ഈ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കിഴക്ക് നിന്ന് പടിഞ്ഞാറിലേക്ക് വെള്ളം സുഗമമായി പോകുന്ന രീതിയിൽ നമ്മുടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. വികസന പ്രവർത്തനങ്ങൾ നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അത്യന്താപേക്ഷിതമാണെങ്കിലും കരാറു കമ്പനികൾ മൺസൂൺ കാലത്ത് എടുക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

മാറുന്ന ഈ കാലാവസ്ഥ കർഷകരെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നത് ?

മാറുന്ന ഈ കാലാവസ്ഥ ഏറ്റവും കൂടുതലായി ബാധിക്കുന്നത് വനങ്ങളെയും പരിസ്ഥിതിയെയും കൂടുതലായി ഡിപ്പെന്റ് ചെയ്യുന്ന കർഷകരും മത്സ്യത്തൊഴിലാളികളെയും മറ്റുമാണ്. ഞാറ്റുവേലയിൽ അധിഷ്ടിതമായ കാർഷികവൃത്തിയിൽ നിന്നും മാറി ഈ മാറുന്ന കാലാവസ്ഥയ്ക്ക് അനുകൂലമായ കൃഷി രീതികൾ നമ്മൾ കൊണ്ടു വരേണ്ടതായുണ്ട്. വരൾച്ച ഉള്ള സമയത്ത് വരൾച്ചയെയും പ്രളയമുള്ള സമയത്ത് അതിനെയും അതിജീവിക്കാനുള്ള വിളകൾ കൊണ്ടുവരേണ്ടതുണ്ട്. ഏക വിളകളിൽ നിന്നും മാറി മൾട്ടിപ്പിൾ വിളകൾ കൃഷി ചെയ്യുന്ന തരത്തിലേക്ക് മാറണം. കാരണം ഏതെങ്കിലും തരത്തിൽ കാലാവസ്ഥ പ്രതികൂലമായാലും ഒരു വിള നഷ്ടപ്പെട്ടാലും മറ്റൊരു വിള നിലനിൽക്കുന്ന രൂപത്തിൽ കർഷകർ ഇതുമായി പൊരുത്തപ്പെടേണ്ടതുണ്ട്. ഉരുൾപൊട്ടൽ സംഭവിക്കുമ്പോൾ ജനങ്ങളുടെ ജീവനോടൊപ്പം വലിയ തരത്തിലുള്ള കാർഷിക വിളകൾ കൂടിയാണ് നഷ്ടപ്പെടുന്നത്. ഏക്കറു കണക്കിന് കൃഷി ഭൂമി കൂടിയാണ് ഉരുളെടുക്കുന്നത്. ഇതും അഡ്രസ് ചെയ്യേണ്ടതുണ്ട്.

ഞാറ്റുവേലയിൽ അധിഷ്ടിതമായ കാർഷികവൃത്തിയിൽ നിന്നും മാറി ഈ മാറുന്ന കാലാവസ്ഥയ്ക്ക് അനുകൂലമായ കൃഷി രീതികൾ നമ്മൾ കൊണ്ടു വരേണ്ടതായുണ്ട്.
ഞാറ്റുവേലയിൽ അധിഷ്ടിതമായ കാർഷികവൃത്തിയിൽ നിന്നും മാറി ഈ മാറുന്ന കാലാവസ്ഥയ്ക്ക് അനുകൂലമായ കൃഷി രീതികൾ നമ്മൾ കൊണ്ടു വരേണ്ടതായുണ്ട്.

ചൂട്കാറ്റും വരൾച്ചയും അടുപ്പിച്ച് വരുന്ന അവസരത്തിൽ, ഉദാഹരണത്തിന് 2024-ൽ ഇടുക്കിയിൽ ഏലം കൃഷി നശിച്ച് 400-500 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. വരൾച്ചയാണെങ്കിലും പ്രളയമാണെങ്കിലും കാർഷിക മേഖലയിൽ അതിതീവ്രമായ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. അൺ സീസണിൽ വരുന്ന മഴ, അൺ സീസണിൽ വരുന്ന ഹീറ്റ് വേവ്‌സ് ഇതെല്ലാം കാർഷിക മേഖലയിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്ന തരത്തിൽ കാർഷിക മേഖലയിൽ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

മഴമാപിനി അടക്കമുള്ള സംവിധാനങ്ങൾ പ്രാദേശിക തലത്തിൽ സ്ഥാപിക്കണമെന്ന ആവശ്യം നിങ്ങളടക്കമുള്ളവർ നിരന്തരമായി പറയുന്ന കാര്യമാണ്. കഴിഞ്ഞ വർഷത്തെ മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ കൂടി പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ ജനങ്ങളും അതീവ ഭീതിയിലുമാണ്. ദുരന്തങ്ങൾ ഇല്ലാതാക്കാൻ അല്ലെങ്കിൽ ദുരന്തങ്ങളിലെ നാശനഷ്ടങ്ങൾ കുറയ്ക്കാൻ മഴമാപിനി അടക്കമുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനെ കുറിച്ച് ഗൗരവ ചർച്ചകൾ നടക്കേണ്ടതില്ലേ ?

പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി കാണാനും പ്രവചിക്കാനും കഴിയുന്ന സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. പ്രാദേശികമായി തന്നെ ഇത്തരം അപകട സാധ്യതകളെ മുൻകൂട്ടി അറിയുവാനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിന് ജനകീയ പങ്കാളിത്തത്തോടെയുള്ള പങ്കാളിത്ത ദുരന്ത നിവാരണ നയം നമുക്ക് ആവശ്യമാണ്. അതിൽ പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി അവരും ദുരന്ത നിവാരണത്തിന്റെ ഭാഗമാകുമ്പോൾ മാത്രമേ ഇത്തരം സന്ദർഭങ്ങളിൽ മുൻകരുതൽ എടുക്കാനും അപകടം സംഭവിക്കുമ്പോൾ അടിയന്തരമായി ഇടപെടാനും സാധിക്കുകയുള്ളൂ.

മഴമാപിനികൾ തദ്ദേശവാസികൾക്കും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്കും നൽകിയാൽ മാത്രമേ ദുരന്തനിവാരണ പദ്ധതികൾ പ്രാദേശിക തലത്തിൽ കൊണ്ടുവരാനും നടപ്പിലാക്കാനും സാധിക്കുകയുള്ളൂ.
മഴമാപിനികൾ തദ്ദേശവാസികൾക്കും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്കും നൽകിയാൽ മാത്രമേ ദുരന്തനിവാരണ പദ്ധതികൾ പ്രാദേശിക തലത്തിൽ കൊണ്ടുവരാനും നടപ്പിലാക്കാനും സാധിക്കുകയുള്ളൂ.

തദ്ദേശവാസികളക്കമുള്ളവരുടെ ജനകീയ പങ്കാളിത്തം ഈ മാറുന്ന കാലാവസ്ഥയുടെ സാഹചര്യത്തിൽ ദുരന്തനിവാരണത്തിൽ അത്യന്താപേക്ഷിതമായ കാര്യമാണ്. കേന്ദ്രീകൃതമായ ദുരന്തനിവാരണ നയത്തിൽ നിന്നും മാറി വികേന്ദ്രീകൃതമായ ജനപങ്കാളിത്തത്തിലുള്ള തദ്ദേശവാസികളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. അതിന് ഏറ്റവും കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ മഴയുടെയും പുഴയുടെയും നിരീക്ഷണം കൊണ്ടു വരേണ്ടതുണ്ട്. അതിന് മഴമാപിനികൾ തദ്ദേശവാസികൾക്കും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്കും നൽകി അവരെയും കൂടി ഈ കാലാവസ്ഥയുടെ മാറ്റങ്ങൾ അളക്കുന്ന തരത്തിലേക്ക് കൊണ്ടു വന്നാൽ മാത്രമേ ദുരന്തനിവാരണ പദ്ധതികൾ പ്രാദേശിക തലത്തിൽ കൊണ്ടുവരാനും നടപ്പിലാക്കാനും സാധിക്കുകയുള്ളൂ.

കാലവർഷം തുടങ്ങുമ്പോൾ തന്നെ ഇത്തവണ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മൺസൂൺ മുഴുവൻ ഈ രീതിയിൽ ശക്തമായ മഴ തുടരാൻ തന്നെയാണോ സാധ്യതയുള്ളത്? മഴയുടെ തോത് എങ്ങനെയായിരിക്കും എന്നാണ് പ്രാഥമികമായ വിലയിരുത്തൽ പറയാൻ സാധിക്കുക.

ശരാശരിയും കൂടുതൽ മഴയാണ് ഈ മൺസൂൺ കാലത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. അതിന്റെ പ്രധാന കാരണം ലാലിന അവസ്ഥയിൽ നിന്നും ശാന്തസമുദ്രഘടകങ്ങൾ നിഷ്പക്ഷ കാലഘട്ടത്തിലേക്ക് മാറി എന്നതാണ്. അത് നമുക്ക് നല്ല മൺസൂൺ നൽകും. അതേ പോലെ സൗത്ത് ഏഷ്യയിൽ നിലനിൽക്കുന്ന അന്തരീക്ഷ ഘടകങ്ങൾ നമുക്ക് മഴക്ക് അനുകൂല ഘടകമാണ്. അതേ പോലെ ഇന്ത്യൻ മഹാസുദ്രത്തിലെ സമുദ്രകാലാവസ്ഥയും മഴക്ക് അനുകൂലമായി നിൽക്കുകയാണ്.

ഇപ്പോൾ മൺസൂണിന്റെ തുടക്കം മാത്രമേ ആയിട്ടുള്ളൂ. അടുത്ത ഒരു നാലു മാസക്കാലം മൺസൂൺ കാലഘട്ടമാണ്. വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട മൺസൂൺ കാലമാണ് വരാൻ പോകുന്നത്. അതിൽ വലിയ അപകടമില്ലാതെ തരണം ചെയ്യണമെങ്കിൽ തദ്ദേശവാസികളുടെയും ഓരോ വ്യക്തികളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടതുണ്ട്. അധികാരികളും ഏജൻസികളും നൽകുന്ന മുന്നറിയിപ്പുകൾ കർശനമായി പാലിക്കുക, വെള്ളം ഒഴുകി പോകാനുള്ള സുഗമമായ പാത ഒരുക്കുക തുടങ്ങി സമൂഹമെന്ന നിലയിലും വ്യക്തി എന്ന നിലയിലും ദുരന്തങ്ങൾ ഒഴിവാക്കി ഈ മൺസൂൺ കാലത്തെ തരണം ചെയ്യാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. സർക്കാർ സംവിധാനവും തദ്ദേശസ്ഥാപനങ്ങളും എല്ലാം ചേർന്ന് ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ നമുക്ക് വലിയ ദുരന്തം ഒഴിവാക്കി ഈ മൺസൂൺ കാലത്തെ തരണം ചെയ്യാൻ സാധിക്കുകയുള്ളൂ.


Summary: Kerala has entered the monsoon season very quickly from summer. This time the monsoon arrived earlier than expected. The reason behind changes in Monsoon, Dr S Abhilash explains to Muhammad Althaf.


ഡോ. എസ്. അഭിലാഷ്‌

ഡയറക്ടർ, അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ച്, കുസാറ്റ്.

മുഹമ്മദ് അൽത്താഫ്

സബ് എഡിറ്റര്‍, ട്രൂകോപ്പി തിങ്ക്

Comments