മാലിന്യത്തിന്റെ മാത്രം
കഥയല്ല Plastic

ഉല്പാദനവും വിതരണശൃംഖലയുമുൾപ്പെടുന്ന upstream ഘട്ടങ്ങളെ തൊടാതെ downstream solutions- ൽ മാത്രമൂന്നി പ്ലാസ്റ്റിക്കിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് പാരിസ്ഥിതികനീതിക്ക് എങ്ങനെ എതിരായി മാറുന്നു എന്ന് പരിശോധിക്കുകയാണ്, യൂണിവേഴ്സിറ്റി ഓഫ് പോർട്ട്സ്മൗത്തിലെ ഗ്ലോബൽ പ്ലാസ്റ്റിക് പോളിസി സെന്ററിൽ മുൻ പോസ്റ്റ് ഡോക്ടറൽ റിസർച്ചറായ അശ്വതി റിബേക്ക അശോക്.

ഒരു ദിവസം എത്രത്തോളം പ്ലാസ്റ്റിക് നമ്മുടെ കൈയിലൂടെ കടന്നുപോകുന്നുണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ? പ്ലാസ്റ്റിക് എന്നു കേൾക്കുമ്പോൾ പെട്ടെന്ന് ഓർമ വരുന്ന ക്യാരിബാഗോ പ്ലാസ്റ്റിക്ക് കുപ്പിയോ ഓൺലൈൻ ഫുഡ് ഡെലിവറിയിൽ വരുന്ന പാക്കേജിങ്ങുകളോ മാത്രമല്ല നമ്മുടെ നിത്യോപയോഗത്തിലെ പ്ലാസ്റ്റിക്. നമ്മൾ സ്ക്രോൾ ചെയ്യുന്ന മൊബൈൽ ഫോണുകൾ, യാത്ര ചെയ്യുന്ന വാഹനങ്ങൾ, കണ്ണിൽ വെക്കുന്ന കണ്ണട എന്നിങ്ങനെ നിരന്തരം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്.

20-ാം നൂറ്റാണ്ടിനെ മാറ്റിമറിച്ച ഒരു കണ്ടുപിടിത്തം തന്നെയായിരുന്നു പ്ലാസ്റ്റിക്. ചെറിയ ഭാരം, ദീർഘകാലം നീണ്ടുനിൽക്കുമെന്ന ഗുണം (durability), ഏതു രൂപത്തിലേക്കും മാറ്റാൻ പറ്റുന്ന വഴക്കം (flexibility), കുറഞ്ഞ ചെലവ് എന്നിവയൊക്കെ പ്ലാസ്റ്റിക്കിന്റെ ഗുണങ്ങളാണ്. എന്നാൽ ഈ ഗുണങ്ങളൊക്കെ തന്നെയാണ് പ്ലാസ്റ്റിക്കിനെ വില്ലനാക്കുന്നതും.

വർഷങ്ങളോളം അഴുകാതെ ഭൂമിയിൽ കിടന്ന് മണ്ണിൻ്റെ സ്വാഭാവിക ഗുണങ്ങൾ നശിപ്പിക്കുക, ജലാശയങ്ങളിലടിഞ്ഞുകൂടി മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും നിലനില്പിനെ ബാധിക്കുക, കണ്ണിനു കാണാത്ത തരത്തിൽ തീരെ ചെറിയ കണങ്ങളായി (മൈക്രോ പ്ലാസ്റ്റിക്) വായുവിലൂടെയും, ഭക്ഷണത്തിലൂടെയും, വെള്ളത്തിലൂടെയും മനുഷ്യശരീരത്തിൽ കടന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുക, കത്തിക്കുമ്പോൾ പുറത്തുവരുന്ന വിഷാംശമുള്ള രാസവസ്തുക്കൾ അന്തരീക്ഷത്തെ മലിനപ്പെടുത്തുക എന്നിങ്ങനെ പ്ലാസിക് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയാണ്.

ഒരു ദിവസം 330 ടൺ പ്ലാസ്റ്റിക് മാലിന്യം കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നു. അതിൽ മൂന്നു ശതമാനം മാത്രമാണ് കൃത്യമായി ശേഖരിച്ച് സുരക്ഷിതമായി നിർമാർജനം ചെയ്യുന്നത്.

സുരക്ഷിതമായി നിർമാർജനം ചെയ്യാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ചും അതുമൂലമുണ്ടാകുന്ന മലിനീകരണ പ്രശ്­നങ്ങളെക്കുറിച്ചുമുള്ള അവബോധം പതുക്കെയാണെങ്കിലും പൊതുജനങ്ങൾക്കിടയിൽ കൂടിവരുന്നണ്ട്. പ്ലാസ്റ്റിക് നിർമാർജനം കേരളത്തിലടക്കം അതുകൊണ്ടുതന്നെ ഒരു വലിയ രാഷ്ട്രീയപ്രശ്­നമാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളിലും, നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നു കൂടിയാണിത്.

ഒരു ദിവസം 330 ടൺ പ്ലാസ്റ്റിക് മാലിന്യം കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നുവെന്ന് വേൾഡ് ബാങ്ക് പറയുന്നു. എന്നാൽ അതിൽ മൂന്നു ശതമാനം മാത്രമാണ് കൃത്യമായി ശേഖരിച്ച് സുരക്ഷിതമായി നിർമാർജനം ചെയ്യുന്നത് (1). അതായത് 10 കിലോയുള്ള 32,000 അരിച്ചാക്കുകൾ അടുക്കി വെക്കുന്നതിനു തുല്യമായ അളവിലുള്ള പ്ലാസ്റ്റിക് മാലിന്യം കേരളത്തിൽ മാത്രം ഒരു ദിവസം കൃത്യമായി കൈകാര്യം ചെയ്യാതിരിക്കുകയോ (mismanaged plastic waste) പ്രകൃതിയിലേക്ക് ചോർന്നുപോകുകയോ (plastic leakage) ചെയ്യുന്നു. അങ്ങനെ വരുമ്പോൾ ഒരു ദിവസം ലോകത്തൊട്ടാകെ ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും, അതിൽ നിന്നുണ്ടാകുന്ന മലിനീകരണത്തിൻ്റെയും അളവ് എത്ര ഭീമമായിരിക്കും?

പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള നമ്മുടെ പൊതുചർച്ചയിൽ, കേരളത്തിലുൾപ്പെടെ, പലപ്പോഴും കഥ ആരംഭിക്കുന്നത് ഉപഭോക്താവിൽ നിന്നാണ്.
പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള നമ്മുടെ പൊതുചർച്ചയിൽ, കേരളത്തിലുൾപ്പെടെ, പലപ്പോഴും കഥ ആരംഭിക്കുന്നത് ഉപഭോക്താവിൽ നിന്നാണ്.

2000- നും 2019- നും ഇടയിലുള്ള 20 വർഷങ്ങൾക്കുള്ളിൽ ലോകത്ത് ഒരു വർഷം ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് രണ്ടിരട്ടിയിൽ കൂടുതൽ (16 കോടി ടണ്ണിൽ നിന്ന് 35 കോടി ടൺ) വർധിച്ചിട്ടുണ്ട് (2). ഇതിൽ ഏതാണ്ട് നാലിലൊന്ന് സുരക്ഷിതമായി നിർമാർജനം ചെയ്യപ്പെടാതിരിക്കുകയോ നേരിട്ട് പ്രകൃതിയിലേക്ക് തള്ളപ്പെടുകയോ ചെയ്തു. അതായത് ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ഏഴര മാസം കഴിക്കുന്ന അരിയുടെ അളവിന് തത്തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓരോ വർഷവും ഭൂമിയെ മലിനീകരിക്കുന്നു. കടലിൽ നിലവിലുള്ള എല്ലാ പ്ലാസ്റ്റിക്കും ശേഖരിച്ചാൽ 50 ലക്ഷം ഷിപ്പിംഗ് കണ്ടെയിനർ നിറയ്ക്കാനാകുമെന്ന് കണക്കാക്കപ്പെടുന്നു (3).

പക്ഷേ, പ്ലാസ്റ്റിക്ക് മലിനീകരണവുമായി ബന്ധപ്പെട്ട നമ്മുടെ ചർച്ചകൾ പൊതുവെ തുടങ്ങുന്നതും അവസാനിക്കുന്നതും മാലിന്യനിർമാർജനവും സംസ്ക്കരണവും അടങ്ങുന്ന downstream സൊല്യൂഷൻസിലാണ്. എന്നാൽ ഉല്പാദനവും വിതരണശൃംഖലയുമുൾപ്പെടുന്ന upstream ഘട്ടങ്ങളെ തൊടാതെ downstream solutions- ൽ മാത്രമൂന്നി പ്ലാസ്റ്റിക്കിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് പാരിസ്ഥിതികനീതിക്ക് (environmental justice) എങ്ങനെ എതിരായി മാറുന്നു എന്നതാണ് ഈ ലേഖനത്തിൽ പരിശോധിക്കാൻ ശ്രമിക്കുന്നത്.

പ്ലാസ്റ്റിക്ക് കേവലം മാലിന്യപ്രശ്നമാണോ?

പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള നമ്മുടെ പൊതുചർച്ചയിൽ, കേരളത്തിലുൾപ്പെടെ, പലപ്പോഴും കഥ ആരംഭിക്കുന്നത് ഉപഭോക്താവിൽ നിന്നാണ്. പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കരുത്,
കടയിൽ പോകുമ്പോൾ തുണിസഞ്ചി കൊണ്ടുപോകണം,
കുപ്പിവെള്ളം വാങ്ങുന്നതിനുപകരം കൈയിൽ വെള്ളം കരുതണം,
പ്ലാസ്റ്റിക്ക് റാപ്പറുകൾ വലിച്ചെറിയരുത്,
മാലിന്യം തരംതിരിക്കണം,
പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗിക്കണം എന്നിങ്ങനെയുള്ള പരിഹാരമാർഗങ്ങളാണ് പ്ലാസ്റ്റിക്ക് മലിനീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ മിക്കപ്പോഴും കടന്നുവരുന്നത്. പിന്നെ അല്പം കൂടി വികസിച്ച് പ്ലാസ്റ്റിക് മലിനീകരണം തടയാനാകത്തത് മാലിന്യനിർമാർജനത്തിൻ്റെ ചുമതലയുള്ള തദ്ദേശസ്ഥാപനങ്ങളുടെ (ഇന്ത്യയുൾപ്പെടെയുള്ള മിക്കവാറും എല്ലാ രാജ്യങ്ങളിലും മാലിന്യനിർമാർജനം തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്താമാണ്) കഴിവുകേടുകൊണ്ടാണെന്ന നിഗമനത്തിലെത്തും. അതുകൊണ്ടുകൂടിയാണ് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലെല്ലാം (പ്രത്യേകിച്ച് കോർപ്പറേഷനുകളിലും, മുനിസിപ്പാലിറ്റികളിലും) പ്ലാസ്റ്റിക് മാലിന്യസംസ്ക്കരണം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രധാന അജണ്ടയാകുന്നത്.

2000- നും 2019- നും ഇടയിലുള്ള 20 വർഷങ്ങൾക്കുള്ളിൽ ലോകത്ത് ഒരു വർഷം ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് രണ്ടിരട്ടിയിൽ കൂടുതൽ (16 കോടി ടണ്ണിൽ നിന്ന് 35 കോടി ടൺ) വർധിച്ചിട്ടുണ്ട്.

എന്നാൽ ഉപഭോക്താവിൻ്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തിൽ വിശ്വസിച്ചും, സാമ്പത്തികമുൾപ്പെടെയുള്ള വിഭവപരിമിതികൾ നേരിടുന്ന തദ്ദേശസ്ഥാപനങ്ങളെ പഴി ചാരിക്കൊണ്ടുമാണോ പ്ലാസ്റ്റിക് പോലെയുള്ള ഭീമമായ ഒരു ആഗോളപ്രതിഭാസത്തെ മനസിലാക്കാൻ ശ്രമിക്കേണ്ടത്? വ്യക്തിഗതമായി, പ്രാദേശികതലത്തിൽ പ്രശ്നങ്ങളെ സമീപിച്ച്, അതിനു പിന്നിലുള്ള വിപുലമായ പൊളിറ്റിക്കൽ എക്കണോമിയെയും ജിയോ പൊളിറ്റിക്ക്സിനെയും മറച്ചുവെക്കുക എന്ന ആധുനിക മുതലാളിത്തത്തിൻ്റെ കൗശലയുക്തി തന്നെയാണ് പ്ലാസ്റ്റിക് പ്രശ്നത്തെ ഉപഭോക്താവിൻ്റെ ഉത്തരവാദിത്തമായി, അല്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന കേവലമായ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രശ്നമായി, അവതരിപ്പിക്കുന്നതിലൂടെ പ്രകടമാകുന്നത്.

ഒരു ഉപഭോക്താവിന്റെ തെരഞ്ഞെടുപ്പുകൾ എത്രത്തോളം സ്വതന്ത്രമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കടയിൽ പോകുമ്പോൾ പാൽ, വെള്ളം, ഭക്ഷണം, മരുന്ന്, വസ്ത്രം, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി എത്ര ഉൽപ്പന്നങ്ങൾ പ്ലാസ്റ്റിക് പാക്കേജിംഗില്ലാതെ ലഭ്യമാണ്? ഒരു ഉപഭോക്താവിന് പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് വ്യക്തിപരമായി തീരുമാനിക്കാം. എന്നാൽ ഒരു വലിയ ഭക്ഷ്യ- പാനീയ കമ്പനിക്ക് അതിന്റെ ഉൽപ്പന്നം എങ്ങനെ പാക്ക് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം അതിനേക്കാൾ എത്രയോ വലുതാണ്. ഇവിടെയാണ് വ്യക്തിഗതവും (individual-oriented) സൂക്ഷ്മാർഥത്തിലുമുള്ള (micro-level) ഉത്തരവാദിത്തത്തിന്റെ ഭാഷയ്ക്ക് ഒരു പരിധി വരുന്നത്.

“മനുഷ്യർ എന്തുകൊണ്ടാണ് ഇത്രയും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്?” എന്ന ചോദ്യത്തിൻ്റെ ഉത്തരം ഇത്രയും പ്ലാസ്റ്റിക് ഉല്പാദിപ്പിക്കപ്പെടുന്നതുകൊണ്ടു കൂടിയാണ് എന്നതുമാണ്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കിൻ്റെ കഥ ആരംഭിക്കേണ്ടത് മാലിന്യത്തിൽ നിന്നല്ല. പ്ലാസ്റ്റിക്കിനെ മാലിന്യപ്രശ്നമായി മാത്രം കാണുന്നത്, അതിനു പിന്നിലുള്ള വിശാലമായ രാഷ്ട്രീയ- സമ്പദ്­വ്യവസ്ഥയെ (political economy) മറച്ചുവെക്കുന്നു. ഒരു പ്ലാസ്റ്റിക് കുപ്പി മാലിന്യമായി മാറുന്നതിനു മുമ്പു തന്നെ അതൊരു വ്യാവസായിക ഉല്പന്നമാണ്. പെട്രോളിയവും പ്രകൃതിവാതകവും സംസ്ക്കരിച്ചുണ്ടാക്കുന്ന രാസവസ്തുക്കളിൽ നിന്ന് പോളിമറുകളും, അവയിൽ നിന്ന് പ്ലാസ്റ്റിക് റെസിനും നിർമ്മിക്കുന്നു. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കിൻ്റെ ജീവിതചക്രം (plastic lifecycle) ആരംഭിക്കുന്നത് പെട്രോ കെമിക്കൽ ഇൻ­ഡസ്ട്രിയിൽ നിന്നാണ്. ഈ പ്ലാസ്റ്റിക്ക് റെസിനുകളിൽ നിന്ന് വിവിധ തരത്തിലുള്ള പാക്കേജിംഗ്, കുപ്പികൾ, കളിപ്പാട്ടങ്ങൾ തുടങ്ങി എണ്ണമറ്റ ഉപഭോഗ വസ്തുക്കൾ നിർമിക്കപ്പെടുന്നു. ഇവ പല കൈകൾ മറിഞ്ഞ് വിപണിയിലെത്തുന്നു. ഉപഭോക്താക്കൾ വാങ്ങുന്നു. ഉപയോഗശേഷം മാലിന്യമായി മാറുന്നു.

കടലിലെത്തുന്ന ഒരു പ്ലാസ്റ്റിക്ക് കുപ്പിയുടെ ഉത്തരവാദി ആരാണ്?. ആ കുപ്പി വാങ്ങിയ വ്യക്തിയോ, അത് സംസ്ക്കരിക്കാൻ സംവിധാനമൊരുക്കാത്ത പ്രാദേശിക സർക്കാരോ, ആ കുപ്പി മാർക്കറ്റിലെത്തിച്ച കമ്പനിയോ, അസംസ്കൃത വസ്തുക്കൾ ഉല്പാദിപ്പിച്ച പെട്രോ കെമിക്കൽ വ്യവസായമോ?
കടലിലെത്തുന്ന ഒരു പ്ലാസ്റ്റിക്ക് കുപ്പിയുടെ ഉത്തരവാദി ആരാണ്?. ആ കുപ്പി വാങ്ങിയ വ്യക്തിയോ, അത് സംസ്ക്കരിക്കാൻ സംവിധാനമൊരുക്കാത്ത പ്രാദേശിക സർക്കാരോ, ആ കുപ്പി മാർക്കറ്റിലെത്തിച്ച കമ്പനിയോ, അസംസ്കൃത വസ്തുക്കൾ ഉല്പാദിപ്പിച്ച പെട്രോ കെമിക്കൽ വ്യവസായമോ?

അതുകൊണ്ടുതന്നെ കടലിലെത്തുന്ന ഒരു പ്ലാസ്റ്റിക്ക് കുപ്പിയുടെ ഉത്തരവാദി ആരാണെന്ന ചോദ്യം വളരെ സങ്കീർണമാണ്. ആ കുപ്പി വാങ്ങിയ വ്യക്തിയോ, അത് സുരക്ഷിതമായി ശേഖരിക്കുകയും സംസ്ക്കരിക്കുകയും ചെയ്യാനുള്ള സംവിധാനമൊരുക്കാത്ത പ്രാദേശിക സർക്കാരോ, ആ കുപ്പി മാർക്കറ്റിലെത്തിച്ച കമ്പനിയോ, അതോ പ്ലാസ്റ്റിക്കിനായുള്ള അസംസ്കൃത വസ്തുക്കൾ ഉല്പാദിപ്പിച്ച പെട്രോ കെമിക്കൽ വ്യവസായമോ?

പ്ലാസ്റ്റിക്ക് മലിനീകരണത്തെക്കുറിച്ചുള്ള ആഗോള ചർച്ചകൾ പരിശോധിക്കുമ്പോൾ ഈ ചോദ്യത്തിന് ലളിതമായ ഒരൊറ്റ ഉത്തരമില്ലെന്ന് മനസ്സിലാകും.

ഒരു വ്യക്തി പ്ലാസ്റ്റിക്ക് കുപ്പിയെ ചെടി നടാനോ മറ്റുമായി പുനരുപയോഗം ചെയ്യുന്നുണ്ടെന്നു കരുതുക. നല്ല കാര്യം. എന്നാൽ വ്യക്തിഗതമായ പുനരുപയോഗത്തെയോ, പരിമിതമായ റീസൈക്ലിംഗിനെ തന്നെയോ പരിഹാരമായി മുന്നോട്ടുവെച്ചുകൊണ്ട് പ്ലാസ്റ്റിക് വിപത്ത് പരിഹരിക്കാമെന്ന് കരുതുന്നത് മഠയത്തരമാണ്. കോടിക്കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ വിപണിയിലെത്തിക്കുന്ന ഉൽപ്പാദന സംവിധാനത്തെയും അതിനു പിന്നിലുള്ള വൻ­കിട വ്യവസായതാല്പര്യങ്ങളെയും കുറിച്ച് ചർച്ച ചെയ്യിക്കാതെ വ്യക്തിപരമായ പുനരുപയോഗത്തിലേക്ക് മാത്രമായി ശ്രദ്ധ തിരിക്കുക എന്നത് ഈ വ്യാവസായിക താല്പര്യങ്ങളുടെ കൂടി ആവശ്യമാണ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളും, ഒരു രാജ്യത്തെ തന്നെ സാമ്പത്തികവും സാമൂഹ്യവുമായി അരികുവൽക്കരിക്കപ്പെട്ട പ്രദേശങ്ങളുമൊക്കെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉറവിടമായി പലപ്പോഴും കണക്കാക്കപ്പെടുന്നത്.

എന്താണ് പ്ലാസ്റ്റിക് മുന്നോട്ടുവെക്കുന്ന പാരിസ്ഥിതികനീതി?

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളും, ഒരു രാജ്യത്തെ തന്നെ സാമ്പത്തികവും സാമൂഹ്യവുമായി അരികുവൽക്കരിക്കപ്പെട്ട പ്രദേശങ്ങളുമൊക്കെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉറവിടമായി പലപ്പോഴും കണക്കാക്കപ്പെടുന്നത്. അടുത്ത കാലത്തായി പുറത്തുവന്ന പല പഠനങ്ങളും, ഡേറ്റകളും ശ്രമിക്കുന്നതും ഈ അവബോധത്തെ ഊട്ടിയുറപ്പിക്കനാണ്. അവയിൽ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെടുന്ന ഒന്നാണ് 2015- ൽ സയൻസ് ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ജെന്ന ആർ. ജെംബക്കിൻ്റെ നേതൃത്വത്തിലുള്ള Plastic waste inputs from land into the ocean എന്ന പഠനം (4).

ഇത്തരം പഠനങ്ങളുടെ കൂടി ചുവടുപിടിച്ചാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് (single-use plastic) നിരോധനം പോലെയുള്ള നിയമങ്ങൾ പ്ലാസ്റ്റിക്ക് മലിനീകരണത്തിനുള്ള പരിഹാരമായി അവതരിപ്പിക്കപ്പെടുന്നത്. നിരോധനത്തിലൂന്നിയുള്ള ഇത്തരം നിയമങ്ങൾ എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നു എന്ന ചർച്ചയിലേക്ക് കടക്കാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. പക്ഷേ നിരോധിക്കുന്ന വസ്തുക്കൾക്ക് പ്രാപ്യവും, സൗകര്യപ്രദവും, പ്രായോഗികവുമായ ബദലുകൾ (alternatives) നൽകാതെ നിരോധനം മാത്രം കേന്ദ്രീകരിച്ചുള്ള ഇത്തരം നിയമങ്ങൾ ആരെയാണ് കൂടുതൽ പ്രതികൂലമായി ബാധിക്കുക എന്നത് പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്ന ചോദ്യമാണ്.

ഏതൊക്കെ പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് ഇത്തരത്തിൽ പൊതുവെ നിരോധിക്കപ്പെടുന്നത്? കേരളത്തിൽ 2020-ൽ നിലവിൽ വന്ന സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനത്തിൻ്റെ ഓർഡർ പരിശോധിച്ചാൽ തന്നെ അത് വ്യക്തമാകും (5). കടകളിൽ നിന്നും മറ്റും സാധനങ്ങൾ വാങ്ങുമ്പോൾ കൊടുക്കുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ, ഹോട്ടലുകളിലും മറ്റും ഭക്ഷണം പൊതിഞ്ഞു നൽകുന്ന പ്ലാസ്റ്റിക്ക് ഷീറ്റുകൾ, പ്ലാസ്റ്റിക്ക് സ്ട്രോകൾ തുടങ്ങി ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് പ്രധാനമായും ഇത്തരം നിയമങ്ങൾ വഴി നിരോധിക്കപ്പെടുന്നത്. കേരളത്തിൽ മാത്രമല്ല, ലോകത്തെമ്പാടും അതങ്ങനെയാണ്. എന്നാൽ ഇത്തരം പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം ഏറ്റവും മോശമായി ബാധിക്കുന്നതാരെയാവും? ഉറപ്പായും സമൂഹത്തിൽ സാമ്പത്തികമായി ഏറ്റവും താഴത്തെ ശ്രേണിയിൽ നിൽക്കുന്നവരെ തന്നെയാണ്.

കടകളിൽ നിന്നും മറ്റും സാധനങ്ങൾ വാങ്ങുമ്പോൾ കൊടുക്കുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ, ഹോട്ടലുകളിലും മറ്റും ഭക്ഷണം പൊതിഞ്ഞു നൽകുന്ന പ്ലാസ്റ്റിക്ക് ഷീറ്റുകൾ, പ്ലാസ്റ്റിക്ക് സ്ട്രോകൾ തുടങ്ങി ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് പ്രധാനമായും  സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധന നിയമങ്ങൾ വഴി നിരോധിക്കപ്പെടുന്നത്.
കടകളിൽ നിന്നും മറ്റും സാധനങ്ങൾ വാങ്ങുമ്പോൾ കൊടുക്കുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ, ഹോട്ടലുകളിലും മറ്റും ഭക്ഷണം പൊതിഞ്ഞു നൽകുന്ന പ്ലാസ്റ്റിക്ക് ഷീറ്റുകൾ, പ്ലാസ്റ്റിക്ക് സ്ട്രോകൾ തുടങ്ങി ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് പ്രധാനമായും സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധന നിയമങ്ങൾ വഴി നിരോധിക്കപ്പെടുന്നത്.

ഉദാഹരണത്തിന് കാറിൽ ജോലിക്കു പോകുന്ന ഒരാൾക്ക് കാറിൽ എപ്പോഴും റീയൂസബിൾ സഞ്ചികൾ കരുതിവെക്കാം. ജോലി കഴിഞ്ഞു വരുമ്പോൾ സൂപ്പർമാർക്കറ്റിൽ കയറി ആ സഞ്ചികളിൽ സാധനങ്ങൾ വാങ്ങാം. എന്നാൽ ബസിൽ കയറിയും നടന്നും ജോലിക്കു പോകുന്ന ഒരു സാധാരണ തൊഴിലാളിയെ സംബന്ധിച്ച് യാത്ര ചെയ്യുമ്പോഴൊക്കെ റീയൂസബിൾ സഞ്ചിയുമായി നടക്കുക എന്നത് എത്ര പ്രായോഗികമായിരിക്കും? നിരോധനത്തിനുശേഷം പല കടകളും റീയൂസബിൾ അല്ലെങ്കിൽ ബയോ ഡീഗ്രേഡബിൾ ക്യാരിബാഗുകൾ (ഇത്തരം ബാഗുകളുടെ യഥാർഥ റീയൂസബിളിറ്റിയും, ഡീഗ്രേഡബിളിറ്റിയും മറ്റൊരു ചർച്ചാവിഷയമാണ്) എന്ന പേരിൽ അഞ്ചു രൂപയും പത്തു രൂപയുമൊക്കെ ചാർജു ചെയ്തു തുടങ്ങി. പെട്ടെന്ന് കേൾക്കുമ്പോൾ ചെറിയ തുകയെന്ന് തോന്നുമെങ്കിലും, അന്നന്നത്തെ വീട്ടുചെലവിനുള്ള പണം അതാതു ദിവസത്തെ ജോലിയിൽ നിന്ന് കണ്ടെത്തുന്ന ഒരു സാധാരണക്കാരനെ സംബന്ധിച്ച് അതൊരു വലിയ തുക തന്നെയാണ്. അതായത് കൈയിൽ പണമുള്ളവർക്ക് പ്ലാസ്റ്റിക് നിരോധനം മൂലമുണ്ടാകുന്ന അസൗകര്യത്തെ വളരെ എളുപ്പം മറികടക്കാം. എന്നാൽ അതിനു സാധിക്കാത്തവർ ആ അസൗകര്യത്തിൻ്റെ ഭാരം പൂർണമായി സഹിച്ചുകൊണ്ട് ജീവിച്ചുകൊള്ളണം.

പരിസ്ഥിതിയെ കുറിച്ചുള്ള അവബോധത്തിനും, പരിസ്ഥിതിയെ കുറിച്ചുള്ള ആവലാതികൾക്കും, അതിനുള്ള പരിഹാരമാർഗങ്ങൾക്കുമുള്ളിൽ പലപ്പോഴും ഇത്തരത്തിലുള്ള വർഗപരമായ മാനവും, സാമൂഹ്യവും സാമ്പത്തികവുമായ ചില പ്രിവിലേജുകളും ഒളിഞ്ഞിരിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയമുണ്ട്. കുടുംബത്തിൻ്റെ അന്നന്നത്തെ വിശപ്പടക്കാൻ നെട്ടോടമോടുന്നവർക്ക്, ചേരികളിൽ താമസിക്കുന്ന ജനങ്ങൾക്ക്, പ്ലാസ്റ്റിക് വിപത്തിനെ കുറിച്ച് ക്ലാസ് കൊടുത്ത്, പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാമെന്നു കരുതുന്നതും, അവരെക്കൊണ്ട് മാലിന്യം വേർതിരിപ്പിച്ച് പ്ലാസ്റ്റിക്ക് മലിനീകരണ പ്രശ്നം പരിഹരിക്കാമെന്ന് വിചാരിക്കുന്നതും മണ്ടത്തരമാണ്. വെള്ളം റീഫിൽ ചെയ്യാനുള്ള സൗകര്യങ്ങൾ ഇല്ലാത്ത പണിസ്ഥലത്ത് തൊഴിൽ ചെയ്യുന്ന ഒരു തൊഴിലാളിയുടെ അടുത്ത് റീഫില്ലബിൾ കുപ്പി കൊണ്ടുനടക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് വർണിക്കുന്നതു പോലെ തന്നെ അർഥശൂന്യമാണത്.

പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ രാജ്യങ്ങൾക്കിടയിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ അസമത്വങ്ങളെയും, അവർ തമ്മിലുള്ള അധികാര അസന്തുലിതാവസ്ഥയെയും കൗശലപൂർവം മറച്ചുപിടിക്കുന്നതായി കാണാം.

കുറച്ചുകൂടി വിശാലമായി പരിശോധിച്ചാൽ പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന ചർച്ചകൾ രാജ്യങ്ങൾക്കിടയിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ അസമത്വങ്ങളെയും, അവർ തമ്മിലുള്ള അധികാര അസന്തുലിതാവസ്ഥയെയും (power imbalance) കൗശലപൂർവം മറച്ചുപിടിക്കുന്നതായി കാണാം. ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയിലേക്കും ജലാശയങ്ങളിലേക്കും ചോരുന്നത് താഴ്ന്ന- മധ്യവരുമാനമുള്ള രാജ്യങ്ങളിൽ (low and middle income countries) നിന്നാണെന്നും അതുകൊണ്ടുതന്നെ ഇവരാണ് ആഗോള പ്ലാസ്റ്റിക് പ്രതിസന്ധിക്ക് കൂടുതൽ ഉത്തരവാദികളെന്നും നേരത്തെ സൂചിപ്പിച്ച Jembeck (2015) ഉൾപ്പെടെയുള്ള പഠനങ്ങൾ പറയുന്നു.

എന്നാൽ ഈ പഠനങ്ങൾക്ക് ഒരു കുഴപ്പമുണ്ട്. അതായത് പ്രശ്നം ഏറ്റവും ദൃശ്യമായ സ്ഥലവും പ്രശ്നത്തിന്റെ സാമ്പത്തിക ഉത്ഭവസ്ഥാനവും ഒരേ ഭൂമിശാസ്ത്രമല്ല എന്ന സത്യം ഈ പഠനങ്ങൾ മൂടിവെക്കുന്നു. ഗ്ലോബൽ സൗത്തിനെ പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ പ്രധാന ഉറവിടമായി ചിത്രീകരിക്കുന്ന ഇത്തരം ഫ്രേമിങ്ങുകൾ പലപ്പോഴും വ്യവസായങ്ങളും, ഉപഭോക്താക്കളും, മാലിന്യ നിർമാർജന സംവിധാനങ്ങളും തമ്മിലുള്ള സങ്കീർണ്ണ ബന്ധങ്ങളെയും, വികസിത രാജ്യങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാർക്കറ്റിങ്ങിനെയും, വേസ്റ്റ് ട്രേഡിനെയും പരിഗണിക്കുന്നില്ല.

ഉദാഹരണത്തിന് ഒരു ശരാശരി അമേരിക്കക്കാരൻ/അമേരിക്കക്കാരി ഒരു വർഷം ഉല്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഒരു ഇന്ത്യക്കാരൻ/ഇന്ത്യക്കാരി ഉല്പാദിപ്പിക്കുന്നതിനെക്കാൾ നാലുമടങ്ങ് അധികമാണ്. എത്യോപ്യയിലുള്ള ഒരു വ്യക്തിയെക്കാൾ പത്തു മടങ്ങും. എന്നാൽ ഇന്ത്യയിലെയും, എത്യോപ്യയിലെയും പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ (plastic pollution) തോത് അമേരിക്കയെക്കാൾ വളരെ കൂടുതലാണ്  (ഇന്ത്യയിലെയും എത്യോപ്യയിലെയും പെർ ക്യാപിറ്റാ പ്ലാസ്റ്റിക്ക് മലിനീകരണം അമേരിക്കയുടെ 60 ഇരട്ടിയാണ്).

താഴ്­ന്ന വരുമാനമുള്ള രാജ്യങ്ങളിൽ മാലിന്യശേഖരണ- നിർമാർജന സംവിധാനങ്ങൾ സ്വാഭാവികമായും ദുർബലമായിരിക്കും. അങ്ങനെയുള്ള പ്രദേശങ്ങളിൽ പ്ലാസ്റ്റിക് പരിസ്ഥിതിയിലേക്ക് ചോർന്നുപോകാനുള്ള സാധ്യതയും കൂടുതലായിരിക്കും.
താഴ്­ന്ന വരുമാനമുള്ള രാജ്യങ്ങളിൽ മാലിന്യശേഖരണ- നിർമാർജന സംവിധാനങ്ങൾ സ്വാഭാവികമായും ദുർബലമായിരിക്കും. അങ്ങനെയുള്ള പ്രദേശങ്ങളിൽ പ്ലാസ്റ്റിക് പരിസ്ഥിതിയിലേക്ക് ചോർന്നുപോകാനുള്ള സാധ്യതയും കൂടുതലായിരിക്കും.

എങ്ങനെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങൾ പ്ലാസ്റ്റിക് മലിനീകരണത്തോത് ഏറ്റവും താഴെ നിലനിർത്തുന്നത്?

താഴ്­ന്ന വരുമാനമുള്ള രാജ്യങ്ങളിൽ മാലിന്യശേഖരണ- നിർമാർജന സംവിധാനങ്ങൾ സ്വാഭാവികമായും ദുർബലമായിരിക്കും. അങ്ങനെയുള്ള പ്രദേശങ്ങളിൽ പ്ലാസ്റ്റിക് പരിസ്ഥിതിയിലേക്ക് ചോർന്നുപോകാനുള്ള സാധ്യതയും കൂടുതലായിരിക്കും. അതായത് അത്തരം രാജ്യങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാസ്റ്റിക് മലിനീകരണമായി പരിണമിക്കാനുള്ള സാധ്യത വളരെയധികമാണെന്നത് യാഥാർഥ്യമാണ്. എന്നാൽ ആ യാഥാർഥ്യത്തിന് പിന്നിൽ ആ രാജ്യത്തെ ജനങ്ങളുടെയും, സർക്കാരിൻ്റെയും “അശ്രദ്ധ” മാത്രമല്ല. നഗരവൽക്കരണം, ജനസാന്ദ്രത, അടിസ്ഥാനസൗകര്യക്കുറവ്, സ്ഥലപരിമിതി, ദാരിദ്ര്യം, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വേഗത്തിലുള്ള വ്യാപനം എന്നിവയെല്ലാം അതിലുൾപ്പെടുന്നു. പകുതിയിലധികം ജനങ്ങൾ പട്ടിണിയിൽ ജീവിക്കുന്ന രാജ്യങ്ങളെ സംബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിനെക്കാൾ ജനങ്ങളുടെ വിശപ്പ് മാറ്റുക എന്നതായിരിക്കണമല്ലോ മുൻഗണനയാവേണ്ടത്. അങ്ങനെ വരുമ്പോൾ ആരാണ് ഈ രാജ്യങ്ങളുടെ ഇന്നത്തെ ദരിദ്രാവസ്ഥയ്ക്ക് കാരണം എന്ന ചോദ്യം ചോദിക്കാതിരിക്കാനാവില്ല.

അതായത്, ഗ്ലോബൽ സൗത്തിലെ മാലിന്യസംസ്കരണ പരാജയങ്ങളെ നിഷേധിക്കാതിരിക്കുമ്പോൾ തന്നെ, അവയെ ചരിത്രപരവും ആഗോളവുമായ സാമ്പത്തിക ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കണമെന്നർഥം. അതേസമയം, ഇത്തരം രാജ്യങ്ങളിലെ വിഭവങ്ങളും വിപണിയും മനുഷ്യവിഭവശേഷിയും കൊളോണിയൽ കാലം മുതൽ ഇപ്പോഴും തുടരുന്ന ചൂഷണങ്ങളിലൂടെ  കൈവശപ്പെടുത്തി സാമ്പത്തികമായി മുന്നേറിയ വികസിതരാജ്യങ്ങളിൽ, കൂടുതൽ വിപുലമായ മാലിന്യശേഖരണ- നിർമാർജനസംവിധാനങ്ങൾ ഉണ്ടാകും എന്നാണല്ലോ സാധാരണഗതിയിൽ കരുതേണ്ടത്. എന്നാൽ ഇത്രയും ശക്തമായ സമ്പദ്­വ്യവസ്ഥയുള്ള അമേരിക്കയിൽ പോലും പ്ലാസ്റ്റിക് റീസൈക്ലിംഗ് റേറ്റ് കേവലം അഞ്ചു ശതമാനമാണ്. അതായത് അമേരിക്കയിൽ 100 കിലോ പ്ലാസ്റ്റിക് മാലിന്യമുണ്ടെങ്കിൽ അഞ്ചു കിലോ മാത്രമാണ് കൊട്ടിഘോഷിക്കുന്ന റീസൈക്ലിംഗ് സംവിധാനം വഴി കൈകാര്യം ചെയ്യപ്പെടുന്നത്. ബാക്കി 95 കിലോയോളം എവിടെ പോകുന്നു? (7). കുറേയൊക്കെ ശാസ്ത്രീയമായ ലാൻഡ് ഫില്ലായി മാറുന്നു (sanitary landfill), കുറച്ച് നിയന്ത്രണവിധേയമായി കത്തിക്കപ്പെടുന്നു (Controlled Incineration). ബാക്കിയോ?

യു.എസ്.എ.യും, യു.കെയും, കാനഡയും ഉൾപ്പെടുന്ന 10 വികസിത രാജ്യങ്ങൾ ഒരുമിച്ച് 17 കോടി ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഓരോ വർഷവും മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കുന്നത്.

ഇവിടെയാണ് പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകാൻ വികസിതരാജ്യങ്ങൾ പൊതുവെ സ്വീകരിക്കുന്ന ഒരു തന്ത്രം മറനീക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലേക്ക് തങ്ങളുടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കയറ്റിയയ്ക്കുക. വിചാരിക്കുന്നപോലെ ചെറിയൊരു അളവല്ല ഈ പ്ലാസ്റ്റിക് വേസ്റ്റ് ട്രേഡിലൂടെ ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളിൽ തള്ളപ്പെടുന്നത്. യു.എസ്.എ.യും, യു.കെയും, കാനഡയും ഉൾപ്പെടുന്ന 10 വികസിത രാജ്യങ്ങൾ ഒരുമിച്ച് 17 കോടി ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഓരോ വർഷവും മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇത്തരത്തിൽ കയറ്റിയയ്ക്കുന്നത്. ഇത്രയും മാലിന്യങ്ങൾ നിറയ്ക്കാൻ ഏതാണ്ട് 84 ലക്ഷം വലിയ ഷിപ്പിംഗ് കണ്ടെയ്­നറുകൾ വേണ്ടിവരും. അല്ലെങ്കിൽ തന്നെ സുരക്ഷിതമായി പ്ലാസ്റ്റിക്ക് നിർമാർജനം ചെയ്യാനുള്ള അടിസ്ഥാനസൗകര്യങ്ങളില്ലാത്ത രാജ്യങ്ങളിലേക്ക് ഇത്തരത്തിൽ വലിയ തോതിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എത്തിപ്പെടുമ്പോഴുണ്ടാവുന്ന പാരിസ്ഥിതിക- ആരോഗ്യപ്രശ്­നങ്ങളെക്കുറിച്ച് തങ്ങളുടെ പാരിസ്ഥിതിക ഉത്തരവാദിത്തത്തെക്കുറിച്ച് ഊറ്റം കൊള്ളുന്ന ഈ വികസിത രാജ്യങ്ങൾ ചിന്തിക്കാറേയില്ലെന്നതാണ് വസ്തുത. ഇത്തരം പ്ലാസ്റ്റിക് വേസ്റ്റ് കൊളോണിയലിസത്തെ മുൻനിർത്തി, വികസിതരാജ്യങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണം കുറവാണെന്നും, ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളിൽ കൂടുതലുമാണെന്ന കണക്കുകൾ മുന്നോട്ടുവെക്കുന്നവരും പരിഗണിക്കുന്നില്ല.

ഇതിനെക്കാളുപരി, വളരെ ശക്തമായ റീയൂസബിൾ / സീറോ വേസ്റ്റ് സംസ്ക്കാരം നിലനിന്നിരുന്ന ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ വിപണിയിലേക്ക് വലിയ അളവിൽ പ്ലാസ്റ്റിക് എത്തിയത് എങ്ങനെയെന്നു കൂടി ചിന്തിക്കണം. ഉദാഹരണത്തിന്, ASEAN രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മലിനീകരണം ഉണ്ടാക്കുന്നത് ഫിലിപ്പൈൻസാണെന്നാണ് കണക്കുകൾ പറയുന്നത്. ഷാം­പൂ പോലെയുള്ള നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന ചെറിയ പ്ലാസ്റ്റിക് സാഷകൾ അവിടത്തെ പ്ലാസ്റ്റിക് മാലിന്യത്തിലെ പ്രധാന ഘടകമാണ്.

താഴ്­ന്ന വരുമാനമുള്ള രാജ്യങ്ങളിൽ മാലിന്യശേഖരണ- നിർമാർജന സംവിധാനങ്ങൾ സ്വാഭാവികമായും ദുർബലമായിരിക്കും. അങ്ങനെയുള്ള പ്രദേശങ്ങളിൽ പ്ലാസ്റ്റിക് പരിസ്ഥിതിയിലേക്ക് ചോർന്നുപോകാനുള്ള സാധ്യതയും കൂടുതലായിരിക്കും.
താഴ്­ന്ന വരുമാനമുള്ള രാജ്യങ്ങളിൽ മാലിന്യശേഖരണ- നിർമാർജന സംവിധാനങ്ങൾ സ്വാഭാവികമായും ദുർബലമായിരിക്കും. അങ്ങനെയുള്ള പ്രദേശങ്ങളിൽ പ്ലാസ്റ്റിക് പരിസ്ഥിതിയിലേക്ക് ചോർന്നുപോകാനുള്ള സാധ്യതയും കൂടുതലായിരിക്കും.

എന്നാൽ എങ്ങനെയാണ് ഇത്തരം സാഷകൾ വിപണി കീഴടക്കിയത്? ഫിലിപ്പൈൻസിൽ മുമ്പ് ശക്തമായി ഉണ്ടായിരുന്ന പരമ്പരാഗത സംസ്ക്കാരമാണ് “ടിംഗി”. ഒരു കുടുംബത്തിന് ആവശ്യമായ സാധനം ആവശ്യമായത്ര അളവിൽ മാത്രം അയല്പക്കകടകളിൽ (സാരി സാരി സ്റ്റോർസ്) നിന്ന് വാങ്ങുക എന്ന രീതിയായിരുന്നു അത്. വലിയ അളവിൽ വാങ്ങി വെച്ച് വേസ്റ്റാക്കാതിരിക്കുക എന്ന ചിന്താരീതിയുടെ ഭാഗമായാണ് “ടിംഗി” സംസ്ക്കാരം ഫിലിപ്പിനോകൾ ശീലിച്ചുപോന്നത്.

എന്നാൽ ആ പരമ്പരാഗതരീതിയെ ചൂഷണം ചെയ്ത് ചെറിയ പ്ലാസ്റ്റിക്ക് സാഷകളെ അതിവേഗം വിപണി കീഴടക്കിപ്പിക്കുക എന്ന വിപണനതന്ത്രമാണ് വൻ­കിട സൗന്ദര്യ വർധക കോർപ്പറേറ്റുകൾ നടത്തിയത്. വരുമാനം കുറഞ്ഞ സാധാരണ കുടുംബങ്ങളെ സംബന്ധിച്ച് ഇത്തരമൊരു സംവിധാനം ആശ്വാസവുമായിരുന്നു. ഇത് ഒരുദാഹരണം മാത്രം.

മാലിന്യനിർമാർജന സംവിധാനങ്ങൾ ശക്തമല്ലാത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളുടെ വിപണിയിലേക്ക് ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളും, സിംഗിൾ യൂസ് പ്ലാസ്റ്റിക് കവറുകളും, മൾട്ടിലെയർ പ്ലാസ്റ്റിക് പാക്കേജിംഗും ഒഴുക്കി അവിടുത്തെ വിപണി കീഴടക്കിയതിനു ശേഷം, അവയുടെ നിർമാർജനത്തിനുള്ള ഉത്തരവാദിത്തം ആ രാജ്യങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതും, അതിനവർക്ക് സാധിക്കാത്തതിൻ്റെ പേരിൽ, ആ രാജ്യങ്ങളാണ് പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ കേന്ദ്രസ്രോതസ്സുകളെന്ന തരത്തിൽ കുറ്റപ്പെടുത്തുന്നതിൻ്റെയും നൈതികത ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഇതിനും പുറമെ പ്ലാസ്റ്റിക് മാലിന്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു വലിയ ഇൻഫോർമൽ വേസ്റ്റ് എക്കണോമി ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇൻഫോർമൽ വേസ്റ്റ് പിക്കർസും, ഇൻഫോർമൽ വേസ്റ്റ് റീസൈക്ലേഴ്സുമൊക്കെ അടങ്ങുന്ന ഈ സമ്പദ്­വ്യവസ്ഥയെ ആശ്രയിച്ചു ജീവിക്കുന്ന കോടിക്കണക്കിനു തൊഴിലാളികളുമുണ്ട്. ഇവരുടെ മോശം തൊഴിൽ സാഹചര്യങ്ങളും, ഈ തൊഴിലിൽ ഏർപ്പെടുന്നതുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുമൊക്കെ പ്രത്യേകമായി ചർച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്. എന്നാൽ അവർക്ക് മറ്റ് ഉപജീവനമാർഗങ്ങൾ ഒരുക്കാതെ മാലിന്യശേഖരണവും, സംസ്ക്കരണവും ഫോർമലൈസ് ചെയ്തുകൊണ്ട് ഈ അനൗദ്യോഗിക സമ്പദ്­വ്യവസ്ഥയെ പൂർണമായും ഇല്ലാതാക്കുക എന്ന തരത്തിൽ നയരൂപീകരണം നടത്തുന്നത് ഒട്ടും അഭികാമ്യവുമല്ല.

ഇപ്പോൾ ദിനം­പ്രതി ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യം മുഴുവൻ റീസൈക്കിൾ ചെയ്യപ്പെടാനുള്ള സംവിധാനം ഒരുക്കണമെങ്കിൽ വലിയ മൂലധന നിക്ഷേപം തന്നെ വേണ്ടിവരും. അപ്പോൾ ഉയരുന്ന ചോദ്യം; അതിനുള്ള ചെലവ് ആര് വഹിക്കുമെന്നുള്ളതാണ്.

എന്താണ് പരിഹാരം?

പ്ലാസ്റ്റിക് വിപത്തിനും, പ്ലാസ്റ്റിക് മലിനീകരണത്തിനും ഒറ്റവാക്കിൽ ലളിതമായ പരിഹാരമില്ല. പ്ലാസ്റ്റിക് പൂർണമായി നിരോധിക്കാനോ, പ്ലാസ്റ്റിക്കിനെ നമ്മുടെ ദൈനംദിന ജീവിതത്തിൽനിന്ന് മൊത്തത്തിൽ ഒഴിവാക്കാനോ പറ്റില്ല എന്ന് അംഗീകരിച്ചേ മതിയാവൂ. അല്ലെങ്കിൽ പ്ലാസ്റ്റിക്കിന് ബദലായി അതുപോലെ തന്നെ ചെലവ് കുറഞ്ഞതും, സൗകര്യപ്രദവും, അതേസമയം മലിനീകരണതോത് കുറഞ്ഞതുമായ മെറ്റീരിയലുകൾ കണ്ടുപിടിക്കണം. അതിനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും എത്രത്തോളം വിജയിക്കുമെന്നതിൽ ഇപ്പോഴും ഉറപ്പില്ല. അതേസമയം നിലനിൽക്കുന്ന സാമൂഹ്യ-സാമ്പത്തിക അന്തരങ്ങളെയും, രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ബലാബലത്തെയും പരിഗണിക്കാതെ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നത് അനീതിപരവുമാണ്. സിംഗിൾ യൂസ് പ്ലാസ്റ്റിക്ക് നിരോധനം പോലെയുള്ള നിയമങ്ങളുടെ പരിമിതിയും, അതിൽ ഉൾച്ചേർന്നിരിക്കുന്ന അസമത്വവും നമ്മൾ കണ്ടുകഴിഞ്ഞു.

പലപ്പോഴും മുന്നോട്ടുവെക്കുന്ന ഒരു വാദഗതിയാണ് റീസൈക്ലിംഗ് സംവിധാനങ്ങൾ വഴി പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ സുരക്ഷിതമായി നിർമാർജനം ചെയ്യാമെന്നത്. എന്നാൽ നിലവിൽ ലോകമൊട്ടാകെ ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ കേവലം 10 ശതമാനമാണ് റീസൈക്ലിംഗ് ചെയ്യപ്പെടുന്നത് (8).

തങ്ങൾ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളും, തങ്ങളുടെ ഉല്പന്നങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക്ക് പാക്കേജിംഗുകളും റീസൈക്കിൾ ചെയ്യാവുന്നതാണ്. അതുകൊണ്ടുതന്നെ തങ്ങൾ വളരെ പാരിസ്ഥിതിക ഉത്തരവാദിത്തമുള്ളവരാണ് (environmental responsibility) എന്നവകാശപ്പെടുന്ന വലിയ കമ്പനികളുടെ പരസ്യങ്ങൾ കാണാറുണ്ടാവും. റീ സൈക്ലിബിൾ പ്ലാസ്റ്റിക്ക് എന്ന പേരിൽ അവർ പലപ്പോഴും തങ്ങളുടെ ഉല്പന്നങ്ങൾക്ക് വില കൂട്ടി വിൽക്കുകയും ചെയ്യാറുണ്ട്. തങ്ങളുടെ പാരിസ്ഥിതികാവബോധം (environmental consciousness) തെളിയിക്കാൻ കൂടുതൽ പണം മുടക്കാൻ കഴിവുള്ള അപ്പർ ക്ലാസ്, അപ്പർ- മിഡിൽ ക്ലാസ് ഉപഭോക്താക്കള (പ്രത്യേകിച്ച് ഈ വിഭാഗത്തിൽ­പെട്ട­ യുവാക്കളെ) തങ്ങളുടെ ബ്രാൻഡുകളിലേക്ക് ആകർഷിക്കാമെന്നല്ലാതെ ഈ അവകാശവാദത്തിന് പ്രായോഗിക തലത്തിൽ വലിയ അർഥമൊന്നുമില്ല. ഈ കമ്പനികളുടെ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്ക് വേസ്റ്റിൽ എത്ര ശതമാനം റീസൈക്കിൾ ചെയ്യപ്പെടുന്നുവെന്ന് പ്രത്യേകം അളക്കാനുള്ള നിയമമോ, സംവിധാനമോ ഭൂരിഭാഗം രാജ്യങ്ങളിലുമില്ല.

ലോകമൊട്ടാകെ ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ കേവലം 10 ശതമാനമാണ് റീസൈക്ലിംഗ് ചെയ്യപ്പെടുന്നത്. / പ്രതീകാത്മകചിത്രം
ലോകമൊട്ടാകെ ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ കേവലം 10 ശതമാനമാണ് റീസൈക്ലിംഗ് ചെയ്യപ്പെടുന്നത്. / പ്രതീകാത്മകചിത്രം

റീസൈക്ലിംഗ് തോത് കുറഞ്ഞിരിക്കാൻ പ്രായോഗികമായി പല കാരണങ്ങളുമുണ്ട്. റീസൈക്ലിംഗ് ചെയ്യാനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതി, പ്ലാസ്റ്റിക് പാക്കേജിംഗിൽ ഒട്ടിച്ചിരിക്കുന്ന ലേബലുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ കാരണം റീസൈക്ലിംഗ് ചെയ്യാൻ പറ്റാത്ത അവസ്ഥ, പ്ലാസ്റ്റിക് ഉല്പന്നങ്ങൾക്ക് ആവശ്യമായ വഴക്കമോ, നിറമോ നൽകാനായി ചേർത്തിരിക്കുന്ന കെമിക്കൽസ് കാരണം റീസൈക്കിൾ ചെയ്യാൻ പറ്റാതാവുന്നത്, റീസൈക്ലിംഗ് പ്രോസസിനു വേണ്ടി വരുന്ന ചെലവ്, ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും റീസൈക്ലിബിൾ എന്ന് അവകാശപ്പെടുന്ന പല പ്ലാസ്റ്റിക്കുകളും യഥാർഥത്തിൽ റീസൈക്കിൾ ചെയ്യപ്പെടുന്നില്ല.

അതായത് ബഹുഭൂരിഭാഗം പ്ലാസ്റ്റിക്കുകളും അവസാനം ലാൻഡ് ഫില്ലായോ, കത്തിച്ചോ, പ്രകൃതിയിലേക്ക് തള്ളപ്പെട്ടോ അവസാനിക്കുന്നു. റീസൈക്ലിംഗിനെ നമ്മൾ പരിഹാരമായി കാണുന്നെങ്കിൽ, പ്ലാസ്റ്റിക്കിൻ്റെ ഉപഭോഗം കൂടുന്നതിനനുസരിച്ച് റീസൈക്ലിനിംഗിനുള്ള സംവിധാനങ്ങളും ഉയരണം. ഇപ്പോൾ ദിനം­പ്രതി ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യം മുഴുവൻ റീസൈക്കിൾ ചെയ്യപ്പെടാനുള്ള സംവിധാനം ഒരുക്കണമെങ്കിൽ വലിയ മൂലധന നിക്ഷേപം തന്നെ വേണ്ടിവരും. അപ്പോൾ ഉയരുന്ന ചോദ്യം; അതിനുള്ള ചെലവ് ആര് വഹിക്കുമെന്നുള്ളതാണ്.

ഇവിടെയാണ് Extended Producer Responsibility (EPR) പോലെയുള്ള നയങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നത്. ഒരു ഉല്പന്നം മാലിന്യമായി മാറുമ്പോൾ അത് സുരക്ഷിതമായി ശേഖരിക്കാനും, നിർമാർജനം ചെയ്യാനുമുള്ള ഉത്തരവാദിത്തം ആ ഉല്പന്നം ഉല്പാദിപ്പിച്ച ഉല്പാദകർക്ക് നൽകുക എന്നതാണ് EPR-ൻ്റെ അടിസ്ഥാനം. ഇത് ഉപഭോക്താവിനോടും തദ്ദേശസ്ഥാപനങ്ങളോടും മാത്രം മാലിന്യനിർമാർജനത്തിനുള്ള ഉത്തരവാദിത്തം ആവശ്യപ്പെടുന്നതിൽനിന്ന് വ്യത്യസ്തമായ ഒരു സമീപനമാണ്.

എണ്ണ ഉല്പാദക രാജ്യങ്ങളുടെയും, ആഗോള കോർപ്പറേറ്റുകളുടെയും ശക്തമായ ലോബിയിങ്ങിൻ്റെ ഫലമായി പലതവണ ശ്രമിച്ചിട്ടും ഗ്ലോബൽ പ്ലാസ്റ്റിക്ക് ട്രീറ്റി എന്ന നീതിപൂർവമായ കരാറിലേക്ക് എത്തപ്പെടാൻ കഴിഞ്ഞിട്ടില്ല.

പല രാജ്യങ്ങളും ആഗോളതലത്തിലുള്ള സമ്മർദങ്ങളുടെ ഫലമായി EPR നയങ്ങൾ രൂപീകരിക്കുന്നുണ്ടെങ്കിലും പലയിടത്തും ഇവ നിർബന്ധിതമായി നടപ്പിലാക്കപ്പെട്ടിട്ടില്ല. അതിലും പ്രധാനമായി EPR എന്നതിൻ്റെ അടിസ്ഥാന ആശയത്തിൽ വെള്ളം ചേർക്കുന്ന തരത്തിലാണ് പലപ്പോഴും EPR നയങ്ങൾ രൂപീകരിപ്പിക്കപ്പെടുന്നതു പോലും. ഇതിനുള്ള പ്രധാന കാരണം, ഒരു രാജ്യത്തെ EPR നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആധിപത്യം നേടുന്നത് EPR - ൻ്റെ പരിധിയിൽ വരുന്ന വൻ­കിട പ്ലാസ്റ്റിക്ക് ഉല്പാദക കമ്പനികൾ തന്നെയാണ്. അത് പെട്രോ-കെമിക്കൽ ഇൻഡസ്ട്രികളാകാം, അല്ലെങ്കിൽ പ്ലാസ്റ്റിക്ക് പാക്കേജിംഗ് കൂടുതൽ ഉപയോഗിക്കുന്ന നെസ്­ലേ, കൊക്കകോള പോലെയുള്ള ആഗോള ഫുഡ് ആൻ്റ് ബീവറേജസ് കോർപ്പറേറ്റുകളാകാം, അതുമല്ലെങ്കിൽ യൂണിലിവർ, ലോറിയൽ പോലെ സൗന്ദര്യവർധക ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന വലിയ കമ്പനികളാകാം.

തങ്ങളുടെ പണത്തിൻ്റെയും, അധികാരശക്തിയുടെയും, മനുഷ്യവിഭവശേഷിയുടെയും ബലത്തിൽ രാജ്യങ്ങളുടെ EPR നയരൂപീകരണത്തിൽ ഏറ്റവും കൂടുതൽ ഇടപെടുന്നത് ഇത്തരം ആഗോള ഭീമന്മാരാണെന്നാണ് വിവിധ രാജ്യങ്ങളിലെ EPR നയരൂപീകരണവുമായി ബന്ധപ്പെട്ട് ലേഖിക നടത്തിയ പഠനങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞത്. ദേശീയതലത്തിൽ നടക്കുന്ന ഈ നയരൂപീകരണത്തിൽ പ്ലാസ്റ്റിക്ക് മലിനീകരണത്തിനിരയാക്കപ്പെടുന്നവർക്കോ, പ്ലാസ്റ്റിക്ക് മാലിന്യശേഖരണത്തിലോ, സംസ്ക്കരണത്തിലോ നേരിട്ടിടപെടുന്ന വലിയ അളവിലുള്ള അനൗപചാരിക തൊഴിലാളികൾക്കോ informal waste workers), എന്തിന് മാലിന്യസംസ്ക്കരണത്തിൻ്റെ ചുമതലയുള്ള തദ്ദേശസർക്കാരുകൾക്കോ വലിയ പങ്കൊന്നുമില്ല. അതുകൊണ്ടു തന്നെ ആരെ നിയന്ത്രിക്കാനാണോ ഒരു നിയമം കൊണ്ടുവരുന്നത് അവരുടെ നേതൃത്വത്തിൽ രൂപപ്പെടുത്തുന്ന ഒരു നയം എത്രത്തോളം ഫലപ്രദമായിരിക്കുമെന്ന് ഊഹിക്കാമല്ലോ.

ഒരു ഉല്പന്നം മാലിന്യമായി മാറുമ്പോൾ അത് സുരക്ഷിതമായി ശേഖരിക്കാനും, നിർമാർജനം ചെയ്യാനുമുള്ള ഉത്തരവാദിത്തം ആ ഉല്പന്നം ഉല്പാദിപ്പിച്ച ഉല്പാദകർക്ക് നൽകുക എന്നതാണ് Extended Producer Responsibility നയത്തിന്റെ അടിസ്ഥാനം.
ഒരു ഉല്പന്നം മാലിന്യമായി മാറുമ്പോൾ അത് സുരക്ഷിതമായി ശേഖരിക്കാനും, നിർമാർജനം ചെയ്യാനുമുള്ള ഉത്തരവാദിത്തം ആ ഉല്പന്നം ഉല്പാദിപ്പിച്ച ഉല്പാദകർക്ക് നൽകുക എന്നതാണ് Extended Producer Responsibility നയത്തിന്റെ അടിസ്ഥാനം.

EPR- നെക്കാൾ ഭീമൻ കോർപ്പറേറ്റുകൾക്ക് പ്രിയം പ്ലാസ്റ്റിക്ക് ക്രെഡിറ്റ് പോലെയുള്ള വിപണി അടിസ്ഥാനപ്പെടുത്തിയുള്ള (market based) സംവിധാനങ്ങളാണ്. അതായത്, കാർബൺ ക്രെഡിറ്റ് പോലെ പണം കൊടുത്ത് പ്ലാസ്റ്റിക് മലിനീകരണം നടത്താനുള്ള അവകാശം വാങ്ങുന്ന രീതി. ഇതിലൂടെ ഒരു കുറ്റബോധവുമില്ലാതെ പണത്തിൻ്റെ മാത്രം ബലത്തിൽ തങ്ങൾ ഉല്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും, നിർമാർജനം ചെയ്യാനുമുള്ള ഉത്തരവാദിത്തത്തിൽ നിന്ന് വളരെ എളുപ്പം കൈകഴുകാൻ ഇവർക്കാകും.

പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ നിലനിൽക്കുന്ന ഇത്തരം സാമ്പത്തിക- സാമൂഹിക-രാഷ്ട്രീയ അസമത്വങ്ങൾക്ക് കുറേയെങ്കിലും പരിഹാരം കാണാനായി ഒരു ഗ്ലോബൽ പ്ലാസ്റ്റിക്ക് ട്രീറ്റിയുമായി ബന്ധപ്പെട്ട ചർച്ചകൾ യുണൈറ്റഡ് നേഷൻസ് എൻ­വയോൺമെന്റൽ പ്രോഗ്രാമിൻ്റെ (UNEP) നേതൃത്വത്തിൽ 2022 മുതൽ നടക്കുന്നുണ്ട്. എന്നാൽ എണ്ണ ഉല്പാദക രാജ്യങ്ങളുടെയും, ആഗോള കോർപ്പറേറ്റുകളുടെയും ശക്തമായ ലോബിയിങ്ങിൻ്റെ ഫലമായി പലതവണ ശ്രമിച്ചിട്ടും നീതിപൂർവമായ കരാറിലേക്ക് എത്തപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്ലാസ്റ്റിക്ക് പരിസ്ഥിതിയുടെയോ, ആരോഗ്യത്തിൻ്റെയോ മാത്രം പ്രതിസന്ധിയല്ല. അത് ഉല്പാദനബന്ധങ്ങളുടെയും വിതരണശൃംഖലകളുടെയും കൂടി പ്രശ്നമാണ്. ഫോസിൽ ഇന്ധന സമ്പദ്­വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നമാണ്.

പ്ലാസ്റ്റിക്കിൻ്റെ ഉല്പാദനം മുതൽ നിർമാർജനം വരെ നിയന്ത്രിക്കുന്ന ഒരു ലൈഫ് സൈക്കിൾ സമീപനം ഒരു കൂട്ടം രാജ്യങ്ങൾ ശക്തമായി ഉയർത്തുന്നുണ്ട്. എന്നാൽ എണ്ണ ഉല്പാദകരാജ്യങ്ങളും, വ്യവസായ താല്പര്യങ്ങളും മാലിന്യസംസ്ക്കരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാവശ്യപ്പെടുന്നു. അതുകൊണ്ടുതന്നെ ഗ്ലോബൽ പ്ലാസ്റ്റിക്ക് ട്രീറ്റി ഒരു പാരിസ്ഥിക ഉടമ്പടി മാത്രമല്ല, അത് നീതിപൂർവമായ വിതരണവുമായി ബന്ധപ്പെട്ട ചോദ്യം കൂടിയാണ്.

അതായത് പ്ലാസ്റ്റിക്ക് പരിസ്ഥിതിയുടെയോ, ആരോഗ്യത്തിൻ്റെയോ മാത്രം പ്രതിസന്ധിയല്ല. അത് ഉല്പാദനബന്ധങ്ങളുടെയും വിതരണശൃംഖലകളുടെയും കൂടി പ്രശ്നമാണ്. ഫോസിൽ ഇന്ധന സമ്പദ്­വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. കോടിക്കണക്കിനു മനുഷ്യരുടെ തൊഴിലും ഉപജീവനവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അത് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-രാഷ്ട്രീയാസമത്വങ്ങളുടെ പ്രശ്നമാണ്. എല്ലാത്തിലുമുപരി അറിവിൻ്റെ രാഷ്ട്രീയത്തിൻ്റെ പ്രശ്നം കൂടിയാണ്.

ഒരു സാധാരണ മനുഷ്യനോട് “നിങ്ങൾ പ്ലാസ്റ്റിക്ക് ഉപയോഗിക്കരുത്” എന്നുപറയാൻ എളുപ്പമാണ്. എന്നാൽ അതേ മനുഷ്യന് പ്ലാസ്റ്റിക്ക്- ഫ്രീ ആൾട്ടർനേറ്റീവ് ലഭ്യമാക്കാത്ത വിപണി, അതിന് വിലയിടുന്ന ഉല്പാദന സംവിധാനം, ബദൽ സൗകര്യങ്ങൾ ഒരുക്കാത്ത ഭരണസംവിധാനം, പ്ലാസ്റ്റിക്കിൻ്റെ യഥാർത്ഥ പാരിസ്ഥിതികചെലവ് (environmental cost) കണക്കാക്കാത്ത സാമ്പത്തിക സംവിധാനം എന്നിവയെ ചോദ്യം ചെയ്യുക കൂടുതൽ ബുദ്ധിമുട്ടാണ്. എങ്കിലും രണ്ടാമത്തെ വഴിയിലാണ് യഥാർത്ഥ മാറ്റത്തിന്റെ സാധ്യത. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്ക് കേവലം മാലിന്യപ്രശ്നമോ, വ്യക്തിഗത ഉത്തരവാദിത്തമോ അല്ല. അതൊരു ഘടനാപരവും (structural), വ്യവസ്ഥാപരവുമായ (systemic) പ്രശ്­നം തന്നെയാണ്.

പ്ലാസ്റ്റിക്ക് പരിസ്ഥിതിയുടെയോ, ആരോഗ്യത്തിൻ്റെയോ മാത്രം പ്രതിസന്ധിയല്ല. അത് ഉല്പാദനബന്ധങ്ങളുടെയും വിതരണശൃംഖലകളുടെയും കൂടി പ്രശ്നമാണ്.
പ്ലാസ്റ്റിക്ക് പരിസ്ഥിതിയുടെയോ, ആരോഗ്യത്തിൻ്റെയോ മാത്രം പ്രതിസന്ധിയല്ല. അത് ഉല്പാദനബന്ധങ്ങളുടെയും വിതരണശൃംഖലകളുടെയും കൂടി പ്രശ്നമാണ്.

▮

1 https://www.worldbank.org/en/news/press-release/2021/03/09/world-bank-approves-105-million-project-to- strengthen-solid-waste-management-systems-in-kerala-india.

2 https://www.oecd.org/content/dam/oecd/en/publications/support-materials/2022/02/global-plastics- outlook_a653d1c9/Global%20Plastics%20Outlook%20I.pdf.

3 https://unfoundation.org/blog/post/protect-our-planet-from-plastic-pollution-5-things-to-know/.

4 https://www.science.org/doi/10.1126/science.1260352?referrer=https%3A%2F%2Fwww.google.com%2F.

5 https://envt.kerala.gov.in/wp-content/uploads/2019/12/Prohibition-of-single-use-plastic-products-reg- G.OMsNo_.6.pdf.

6 https://ourworldindata.org/plastic-pollution.

7 https://www.theguardian.com/us-news/2022/oct/23/us-plastic-waste-recycled-2021-greenpeace.

8 https://www.oecd.org/content/dam/oecd/en/publications/reports/2022/02/global-plastics- outlook_a653d1c9/de747aef-en.pdf.

Comments