സുനാമി ഇനി വരുമോ,
എങ്കിൽ നാം എന്തു ചെയ്യും?

കേരളത്തിൽ മാത്രം 174 പേർ മരണപ്പെട്ട സുനാമി ദുരന്തത്തിന് ഈ ഡിസംബർ 26-നു ഇരുപത്തൊന്ന് വയസ്സാകുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ സുനാമി മുന്നറിയിപ്പ് സംവിധാനത്തിന്റെ അതിനൂതന സാങ്കേതിക പരിണാമങ്ങളും ഭാവിയിലേക്കുള്ള മുന്നൊരുക്കങ്ങളും പരിശോധിക്കുകയാണ് ഡോ. പ്രവീൺ സാകല്യ.

2004-നു മുൻപ് കേരളീയർക്ക് സുനാമി എന്നാൽ ഹോളിവുഡ് ബോളിവുഡ് സിനിമ കഥാ പശ്ചാത്തലങ്ങളും ശാസ്ത്ര പുസ്തകങ്ങളുടെ വായന പംക്തികളും അല്ലെങ്കിൽ നമ്മളെ ബാധിക്കാതെ മറ്റെവിടെങ്കിലുമോ സംഭവിക്കുന്ന സംഭവങ്ങളുമായിരുന്നു. എന്നാൽ 2004-ലെ സുനാമി എല്ലാ കണക്കുകൂട്ടലുകളും മാറ്റിമറിച്ചു. കേരളത്തിൽ മാത്രം 174 പേർ മരണപ്പെട്ട ദുരന്തത്തിന് ഈ ഡിസംബർ 26-നു ഇരുപത്തൊന്നാമത്തെ വയസ്സാകുന്നു. സുനാമിയുടെ ഇരുപത്തൊന്നാമത്തെ വാർഷികത്തിലേക്കു എത്തുന്ന ഈ വർഷത്തിൽ ഇന്ത്യൻ സുനാമി മുന്നറിയിപ്പ് സംവിധാനത്തിന്റെ അതിനൂതന സാങ്കേതിക പരിണാമങ്ങളും ഭാവിയിലേക്കുള്ള മുന്നൊരുക്കങ്ങളും പരിശോധിക്കുകയാണ് ഈ ലേഖനം.

സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങൾ മനുഷ്യജീവിതത്തിനും സമ്പത്തിനും വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. 2004-ലെ ഇന്ത്യൻ മഹാസമുദ്ര സുനാമിയിൽ ഉണ്ടായ അനുഭവങ്ങളെ അടിസ്ഥാനമാക്കി, ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യയിലെ സമുദ്ര പരിപാലന ഗവേഷണ കേന്ദ്രമായ ഇൻകോയിസ് (INCOIS) ഭൗമശാസ്ത്ര പഠന മന്ത്രാലയത്തിൻറെ സഹായത്തോടെ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിക്കാൻ വലിയ പ്രാധാന്യം നൽകി. ഇന്നും ഈ രംഗത്ത് ഇന്ത്യയുടെ സാങ്കേതികവിദ്യ ലോകത്തിന് ഒരു മാതൃകയാകുന്നു. ഈ സാങ്കേതിക വിദ്യ എങ്ങനെ മുന്നറിയിപ്പിന് സഹായകരമാകുന്നു എന്ന് നമുക്ക് പരിശോധിക്കാം.

പുതിയ സാങ്കേതികവിദ്യകളും സവിശേഷതകളും നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം:

1. തത്സമയ ഭൂകമ്പ മാപിനികൾ

ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ 300-ലധികം ഭൂകമ്പനിരീക്ഷണ സെൻസർ സേവനങ്ങൾ ലഭ്യമാകുന്നുണ്ട്. ഈ നിലയങ്ങൾ ഗ്ലോബൽ സീസ്മിക് നെറ്റ്‌വർക്കിന്റെ (GSN) സഹായത്തോടെ ഭൂകമ്പങ്ങൾ നടന്നാൽ സെക്കൻഡുകൾക്കുള്ളിൽ അതിൻറെ തീവ്രതയാകുന്ന മാഗ്നിറ്റ്യൂഡ്, ഉപകേന്ദ്രം, പ്രഭവകേന്ദ്രം, ആഴം, മറ്റു ഭൂവിജ്ഞാനീയ പരാമീറ്ററുകൾ തുടങ്ങിയ വിവരങ്ങൾ കണ്ടെത്തുന്നു. നിമിഷങ്ങൾക്കുള്ളിൽ സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിലേക്ക് ഇവ കൈമാറപ്പെടുന്നു. കടലിനടിയിൽ ഉണ്ടാകുന്ന ഭൂചലനങ്ങളാണ് പ്രഥമദൃഷ്ട്യാ സുനാമിക്ക് കാരണമാകുന്നത്. ഈ ഭൂചലനങ്ങളെ പറ്റിയുള്ള വിവരങ്ങൾ അപഗ്രഥിക്കുകയാണ് പ്രധാനം. അത് കൃത്യമായി നടപ്പിലാക്കപ്പെടുന്നുമുണ്ട്.

2004-നു മുൻപ് കേരളീയർക്ക് സുനാമി എന്നാൽ ഹോളിവുഡ് ബോളിവുഡ് സിനിമ കഥാ പശ്ചാത്തലങ്ങളും ശാസ്ത്ര പുസ്തകങ്ങളുടെ വായന പംക്തികളും അല്ലെങ്കിൽ നമ്മളെ ബാധിക്കാതെ മറ്റെവിടെങ്കിലുമോ സംഭവിക്കുന്ന സംഭവങ്ങളുമായിരുന്നു. . കേരളത്തിൽ മാത്രം 174 പേർ മരണപ്പെട്ട ദുരന്തത്തിന് ഈ ഡിസംബർ 26-നു ഇരുപത്തൊന്നാമത്തെ വയസ്സാകുന്നു.
2004-നു മുൻപ് കേരളീയർക്ക് സുനാമി എന്നാൽ ഹോളിവുഡ് ബോളിവുഡ് സിനിമ കഥാ പശ്ചാത്തലങ്ങളും ശാസ്ത്ര പുസ്തകങ്ങളുടെ വായന പംക്തികളും അല്ലെങ്കിൽ നമ്മളെ ബാധിക്കാതെ മറ്റെവിടെങ്കിലുമോ സംഭവിക്കുന്ന സംഭവങ്ങളുമായിരുന്നു. . കേരളത്തിൽ മാത്രം 174 പേർ മരണപ്പെട്ട ദുരന്തത്തിന് ഈ ഡിസംബർ 26-നു ഇരുപത്തൊന്നാമത്തെ വയസ്സാകുന്നു.

2. ഡാർട്ട് ബോയികൾ (DART Buoys)

സുനാമി മുന്നറിയിപ്പുകളിൽ പ്രധാന പങ്കുവഹിക്കുന്ന ഉപകരണങ്ങളാണ് ഡാർട്ട് ബോയികൾ. DART എന്നാൽ Deep Ocean Assessment and Reporting of Tsunamis. വിവിധ തരത്തിലുള്ള ബോയി (Buoy ) കൾക്ക് പുറമെ സമുദ്രത്തിലെ ജലനിരപ്പിലെ ചെറിയ മാറ്റങ്ങൾ കണ്ടെത്താനുള്ള വേലിയേറ്റ മാപിനികൾ കൂടെ ഉണ്ട്, ഇവയെല്ലാം ഉപഗ്രഹ വിദൂരവിക്ഷേപണം വഴി സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിലേക്ക് എത്തിക്കുകയും ചെയുന്നു. കടലിലൂടെയുള്ള സുനാമിയുടെ ഗതിവിഗതികളേയും പ്രയാണ സവിശേഷതകളെയും ഭൗതിക ശാസ്ത്ര വശങ്ങളേയും പറ്റി പഠിക്കാനും നിരീക്ഷിക്കാനുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.

3. ഉയർന്ന നിലവാരമുള്ള മോഡലിംഗ് സിസ്റ്റങ്ങൾ

സുനാമി തരംഗങ്ങളുടെ പ്രയാണവും തീരപ്രദേശങ്ങളിൽ അവ ഉണ്ടാക്കുന്ന പ്രഭാവവും കണക്കാക്കാൻ വിപുലമായ ഗണിതമോഡലുകൾ ഉപയോഗിക്കുന്നു. കമ്പ്യൂട്ടർ മാതൃകകൾ മുൻകൂട്ടി സുനാമിയെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ നടത്തുന്നു. മുന്നറിയിപ്പ് വരുന്ന പശ്ചാത്തലത്തിൽ ഇത്തരം വിവരങ്ങൾ സംയോജിപ്പിച്ച് തീരദേശങ്ങളിലേക്ക് വിവരങ്ങൾ കൈമാറുന്നു. അത് ദുരന്ത ലഘൂകരണത്തിന് സഹായകമാകുന്നു. വിവിധ പ്രഭവകേന്ദ്രങ്ങളിൽ നിന്നും വിവിധ ഭൂകമ്പ ശക്തിയിൽ ജനിക്കുന്ന സുനാമികൾ വിവിധ തീരപ്രദേശങ്ങളിൽ എന്തെല്ലാം ചലനമുണ്ടാക്കുമെന്നും എത്രത്തോളം വെള്ളം കയറുമെന്നും കൃത്യമായി നിരീക്ഷിക്കാൻ കമ്പ്യൂട്ടർ മാതൃകകൾ സഹായിക്കും.

4. ഉപഗ്രഹ നിരീക്ഷണം

സമുദ്രനിരപ്പിലെ ഉയർച്ച-താഴ്ചകളെ നിരീക്ഷിക്കാൻ ഉപഗ്രഹങ്ങളെ ഉപയോഗിച്ച് ഇപ്പോൾ സമഗ്ര വിലയിരുത്തലുകൾ നടത്തുന്നു. സുനാമിക്ക് കാരണമാകുന്ന ഭൂചലനം കടലിൽ സുനാമി ഉണ്ടാക്കിയോ ഇല്ലയോ എന്ന് പരിശോധിക്കാൻ തത്സമയ ഉപഗ്രഹ നിരീക്ഷണം നമ്മെ സഹായിക്കുന്നു. അത് മുന്നറിയിപ്പുകൾ കൂടുതൽ മികവുള്ളതാക്കുന്നു.

5. ഡിജിറ്റൽ ഇടപെടലുകൾ

ഇന്ത്യൻ സുനാമി മുന്നറിയിപ്പ് കേന്ദ്രം വികസിപ്പിച്ച ഡിസിഷൻ സപ്പോർട്ട് സിസ്റ്റം (DSS), മുന്നറിയിപ്പുകൾ ജനങ്ങളിലേക്ക് ത്വരിതഗതിയിൽ എത്തിക്കുന്നതിന് നിർണ്ണായകമാണ്. വാണിംഗ് വാച്ച് അഡ്വൈസറി എന്നീ തലത്തിൽ വിവിധ ഘട്ടങ്ങളിൽ അവ മുന്നറിയിപ്പുകൾ പ്രസ്താവിക്കുന്നു.

6. മുന്നറിയിപ്പ് പ്രചരിപ്പിക്കുന്നതിനുള്ള നവമാധ്യമങ്ങൾ

സുനാമി മുന്നറിയിപ്പുകൾ എസ്എംഎസ്, ഇ-മെയിൽ, ഉപഗ്രഹ ഫോൺ എന്നിവയിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നു. തീരപ്രദേശങ്ങളിൽ അലാറം സിസ്റ്റവും സൈറൺ സംവിധാനവും ഇപ്പോൾ പ്രവർത്തിക്കുന്നു.

സുനാമി മുന്നറിയിപ്പുകൾ എസ്എംഎസ്, ഇ-മെയിൽ, ഉപഗ്രഹ ഫോൺ എന്നിവയിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നു.
സുനാമി മുന്നറിയിപ്പുകൾ എസ്എംഎസ്, ഇ-മെയിൽ, ഉപഗ്രഹ ഫോൺ എന്നിവയിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നു.

7. മൊബൈൽ ആപ്പുകളും സമൂഹനിരീക്ഷണവും

സമൂഹത്തിന്റെ പങ്കാളിത്തം ഉയർത്തി ഇന്ത്യൻ മുന്നറിയിപ്പ് സംവിധാനം മൊബൈൽ ആപ്പുകൾ വികസിപ്പിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലെ സമുദ്രഗതികൾ നിരീക്ഷിച്ച് മുന്നറിയിപ്പുകൾ നൽകാൻ ഈ സംവിധാനങ്ങൾ സഹായിക്കുന്നു.

പ്രതീക്ഷകളും ഭാവിയും

ഭാവിയിൽ നിർമ്മിതബുദ്ധി, യാന്ത്രിക പഠനം, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നീ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി സുനാമി മുന്നറിയിപ്പ് സംവിധാനം കൂടുതൽ മെച്ചപ്പെടുമെന്നുറപ്പാണ്. സുനാമിക്ക് മുന്നോടിയായി പ്രകൃതി നൽകുന്ന ചില മുന്നറിയിപ്പുകൾ ഉണ്ട്. ഉദാഹരണത്തിന് പറഞ്ഞാൽ കടൽ ഉൾവലിയുക, മത്സ്യങ്ങൾ ചത്ത് പൊങ്ങുക, മൃഗങ്ങളുടെ അസ്വാഭാവിക പെരുമാറ്റങ്ങൾ, കടലിൽ തിരമാലകൾക്കുണ്ടാകുന്ന ശബ്ദവ്യതിയാനങ്ങൾ, തീരദേശത്തുണ്ടാകുന്ന പ്രത്യേക ഗന്ധം എന്നിവയാകുന്ന യാഥാസ്ഥിതിക വിവരങ്ങളും അതിനൂതന സാങ്കേതിക സംവിധാനങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള മുന്നറിയിപ്പുകളാണ് മുന്നോട്ടുള്ള കാലഘട്ടം അനിവാര്യമായി ആവശ്യപ്പെടുന്നത്. മാത്രമല്ല ഭൂഗർഭ പ്ലേറ്റുകൾ കൂടി ചേരുന്ന (Tectonic Plate Boundaries) സ്ഥലങ്ങളിലാണ് പൊതുവേ ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. എന്നാൽ കുറച്ചു കാലങ്ങളായി ലോകത്തു പലയിടങ്ങളിലും പ്രത്യേകിച്ച് പസിഫിക് സമുദ്രത്തിൽ പ്ലേറ്റുകൾ കൂടിച്ചേരാത്ത സ്ഥലങ്ങളിലും സുനാമിക്കു കാരണമാകുന്ന ഭൂചലനങ്ങൾ ഉണ്ടായി. ഗവേഷണങ്ങളും സാങ്കേതികവിദ്യകളും അത്തരം ദിശകളിലേക്ക് കൂടി വഴിതിരിച്ചു വിടുന്നത് പൊതുസമൂഹത്തിനു കൂടുതൽ ഗുണകരമാകും.

സുനാമികളുടെ ഭൂരിഭാഗവും ടെക്റ്റോണിക് പ്ലേറ്റ് ഇടപെടലുകളാൽ ഉണ്ടാകുന്നതാണെങ്കിലും, അഗ്നിപർവ്വത സ്ഫോടനങ്ങൾ, മണ്ണിടിച്ചിലുകൾ, ഹിമനദികളുടെ ഇടിഞ്ഞുപൊട്ടൽ, അല്ലെങ്കിൽ ആസ്റ്ററോയിഡ് പതനങ്ങൾ പോലെയുള്ള മറ്റ് നിരവധി ഘടകങ്ങൾ ടെക്റ്റോണിക് അതിർത്തികളിൽ നിന്ന് മാറി സുനാമികൾ സൃഷ്ടിക്കാൻ കഴിയും. ഈ സംഭവങ്ങൾ പലപ്പോഴും പ്രാദേശികമായി മാത്രം പ്രഭാവം ചെലുത്തുന്നവയാണെങ്കിലും അതിന്റെ വ്യാപ്തിയും സാഹചര്യവും ആശ്രയിച്ച് ചിലപ്പോഴൊക്കെ സുനാമികളായി മാറാൻ സാധ്യതയുണ്ട്.

സുനാമി മുന്നറിയിപ്പ് സംവിധാനങ്ങളിലെ പുതിയ ശാസ്ത്ര വിപ്ലവം

സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങൾ മനുഷ്യനു മുന്നിൽ ഉയർത്തുന്ന വെല്ലുവിളികൾ ഇന്നും അതീവ ഗുരുതരമാണ്. എന്നാൽ ശാസ്ത്രവും സാങ്കേതിക വിദ്യയും കൈകോർക്കുമ്പോൾ ഇത്തരം ദുരന്തങ്ങളെ നേരിടാനുള്ള മനുഷ്യന്റെ ശേഷിയും അത്രയേറെ ശക്തമാകുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി സുനാമി മുന്നറിയിപ്പ് സംവിധാനങ്ങളിൽ കൈവരിച്ച സാങ്കേതിക മുന്നേറ്റങ്ങൾ ശ്രദ്ധേയമായിരിക്കെ, കൃത്രിമ ബുദ്ധി (Artificial Intelligence)യും ക്വാണ്ടം കമ്പ്യൂട്ടിങ്ങും ഈ രംഗത്ത് ഒരു പുതിയ അധ്യായത്തിന് തുടക്കമിടുകയാണ്.

പരമ്പരാഗതമായി സുനാമി മുന്നറിയിപ്പ് സംവിധാനങ്ങൾ ഭൂകമ്പ നിരീക്ഷണം, സമുദ്രനിരപ്പ് അളക്കൽ, ഗണിത മാതൃകകൾ എന്നിവയെ ആശ്രയിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഈ സംവിധാനങ്ങൾ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, വൻതോതിലുള്ള ഡാറ്റ അതിവേഗം വിശകലനം ചെയ്യേണ്ടതും, വിവിധ ഘടകങ്ങളെ ഒരുമിച്ച് പരിഗണിച്ച് കൃത്യമായ പ്രവചനങ്ങൾ നടത്തേണ്ടതുമുള്ള വെല്ലുവിളികൾ ഇന്നും നിലനിൽക്കുന്നു. ഇവിടെയാണ് കൃത്രിമ ബുദ്ധിയും ക്വാണ്ടം കമ്പ്യൂട്ടിങ്ങും നിർണായകമായി ഇടപെടുന്നത്.

കൃത്രിമബുദ്ധിയുടെ ഏറ്റവും വലിയ ശക്തി, വൻതോതിലുള്ള ഡാറ്റയിൽ നിന്നുള്ള സൂക്ഷ്മമായ മാതൃകകൾ തിരിച്ചറിയാനുള്ള അതിന്റെ കഴിവാണ്. ഭൂകമ്പ സെൻസറുകളിൽ നിന്നുള്ള വിവരങ്ങൾ, ഡാർട്ട് ബോയികളിലെ ജലനിരപ്പ് മാറ്റങ്ങൾ, ഉപഗ്രഹ നിരീക്ഷണങ്ങൾ, ചരിത്ര സുനാമി ഡാറ്റ എന്നിവയെല്ലാം സംയോജിപ്പിച്ച്, എ.ഐ അടിസ്ഥാനമാക്കിയ സിസ്റ്റങ്ങൾ സെക്കൻഡുകൾക്കുള്ളിൽ വിലയിരുത്താൻ കഴിയും. ഇതുവഴി ഒരു ഭൂചലനം സുനാമിയിലേക്ക് വഴിമാറും, അതിന്റെ തീവ്രത എത്രമാത്രമാകും, ഏത് തീരപ്രദേശങ്ങളാണ് കൂടുതൽ അപകടസാധ്യതയിൽപ്പെടുന്നത്, എന്നതെല്ലാം വളരെ കൃത്യമായി പ്രവചിക്കാൻ സാധിക്കുന്നു.

യാന്ത്രിക പഠനം (Machine Learning) ഉപയോഗിക്കുന്നതിലൂടെ, ഓരോ പുതിയ സംഭവത്തിലും നിന്ന് സിസ്റ്റം സ്വയം പഠിക്കുകയും മുന്നറിയിപ്പുകളുടെ കൃത്യത കാലക്രമേണ വർധിപ്പിക്കുകയും ചെയ്യുന്നു. തെറ്റായ അലാറങ്ങൾ കുറയ്ക്കാനും, അതേസമയം യഥാർത്ഥ ഭീഷണികളെ സമയബന്ധിതമായി തിരിച്ചറിയാനും എഐ വലിയ പങ്ക് വഹിക്കുന്നു. ഇതുവഴി പൊതുസമൂഹത്തിലെ അനാവശ്യ ഭീതിയും ആശയക്കുഴപ്പവും കുറയ്ക്കാൻ കഴിയുന്നു.

ക്വാണ്ടം കമ്പ്യൂട്ടിങ് ഈ സംവിധാനങ്ങൾക്ക് നൽകുന്ന സംഭാവന അതിലും ആഴമുള്ളതാണ്. പരമ്പരാഗത കമ്പ്യൂട്ടറുകൾക്ക് മണിക്കൂറുകളോ ദിവസങ്ങളോ എടുത്തേക്കാവുന്ന സങ്കീർണ്ണമായ ഗണിത കണക്കുകൾ, ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിർവഹിക്കാൻ കഴിയും. സമുദ്രത്തിന്റെ ആഴം, തീരരേഖയുടെ ഘടന, ഭൂകമ്പത്തിന്റെ സ്വഭാവം, സമുദ്രതറയുടെ ഭൗതിക ഘടകങ്ങൾ തുടങ്ങിയ അനേകം ഘടകങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന സുനാമി സിമുലേഷനുകൾ ക്വാണ്ടം കമ്പ്യൂട്ടിങ്ങിലൂടെ അതിവേഗവും കൂടുതൽ യാഥാർത്ഥ്യപരവുമായിത്തീരും.

പരമ്പരാഗത കമ്പ്യൂട്ടറുകൾക്ക് മണിക്കൂറുകളോ ദിവസങ്ങളോ എടുത്തേക്കാവുന്ന സങ്കീർണ്ണമായ ഗണിത കണക്കുകൾ, ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിർവഹിക്കാൻ കഴിയും.
പരമ്പരാഗത കമ്പ്യൂട്ടറുകൾക്ക് മണിക്കൂറുകളോ ദിവസങ്ങളോ എടുത്തേക്കാവുന്ന സങ്കീർണ്ണമായ ഗണിത കണക്കുകൾ, ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിർവഹിക്കാൻ കഴിയും.

ഇതിന്റെ ഫലമായി, സുനാമി തരംഗങ്ങളുടെ പ്രയാണം, അവ തീരപ്രദേശങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, ജലനിരപ്പിന്റെ പരമാവധി ഉയരം എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങൾ കൂടുതൽ കൃത്യവും സമയബന്ധിതവുമായിത്തീരും. മുന്നറിയിപ്പ് നൽകാനുള്ള വിലപ്പെട്ട മിനിറ്റുകൾ പോലും രക്ഷിക്കപ്പെടുമ്പോൾ, ആയിരക്കണക്കിന് മനുഷ്യജീവിതങ്ങൾ സംരക്ഷിക്കാനുള്ള സാധ്യത വർധിക്കുന്നു.

കൃത്രിമ ബുദ്ധിയെയും ക്വാണ്ടം കമ്പ്യൂട്ടിങ്ങിനെയും സംയോജിപ്പിച്ചുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, മനുഷ്യ ഇടപെടലിനെ പൂർണമായി ഒഴിവാക്കുന്നില്ല; മറിച്ച് മനുഷ്യ തീരുമാനങ്ങളെ കൂടുതൽ ശാസ്ത്രീയവും വിശ്വസനീയവുമാക്കുകയാണ് ചെയ്യുന്നത്. വിദഗ്ധർക്ക് മുന്നിൽ വിവിധ സാധ്യതാ സാഹചര്യങ്ങൾ അതിവേഗം അവതരിപ്പിച്ച്, ഏറ്റവും അനുയോജ്യമായ മുന്നറിയിപ്പ് തീരുമാനങ്ങൾ എടുക്കാൻ ഈ സാങ്കേതിക വിദ്യകൾ സഹായിക്കുന്നു.

ഭാവിയിൽ, പ്രകൃതി നൽകുന്ന പരമ്പരാഗത സൂചനകളും കടൽ പിന്മാറൽ, ജീവജാലങ്ങളുടെ അസ്വാഭാവിക പെരുമാറ്റങ്ങൾ, തിരമാലകളിലെ ശബ്ദ വ്യതിയാനങ്ങൾ എന്നിവ ആധുനിക സെൻസർ ഡാറ്റയുമായി ചേർത്ത് വിശകലനം ചെയ്യുന്ന മുന്നറിയിപ്പ് സംവിധാനങ്ങളാണ് രൂപപ്പെടുന്നത്. സാങ്കേതിക വിദ്യയും മനുഷ്യ അനുഭവബോധവും കൈകോർക്കുന്ന ഈ സമീപനം സുനാമി ദുരന്തനിവാരണത്തെ കൂടുതൽ ഫലപ്രദമാക്കും.

സുനാമികളെ പൂർണമായി തടയാൻ മനുഷ്യനു കഴിയില്ല. എന്നാൽ ശാസ്ത്രത്തിന്റെ കരുത്ത് ഉപയോഗിച്ച് അവയുടെ ആഘാതം കുറയ്ക്കാനും, മനുഷ്യജീവിതങ്ങളെ സംരക്ഷിക്കാനും ഇന്ന് നമുക്ക് മുമ്പത്തേക്കാൾ മികച്ച അവസരങ്ങളുണ്ട്. കൃത്രിമ ബുദ്ധിയും ക്വാണ്ടം കമ്പ്യൂട്ടിങ്ങും ചേർന്ന് സുനാമി മുന്നറിയിപ്പ് സംവിധാനങ്ങളിൽ സൃഷ്ടിക്കുന്ന ഈ ശാസ്ത്ര വിപ്ലവം, ഭാവിയിലെ ദുരന്തനിവാരണത്തിന്റെ ദിശ തന്നെ മാറ്റിയെഴുതുമെന്നതിൽ സംശയമില്ല. ഇന്ത്യയിൽ ഇനിയൊരു സുനാമി ഉണ്ടായാൽ ഭയപ്പെടേണ്ടതില്ലെന്നും നമ്മുടെ മുന്നറിയിപ്പ് സംവിധാനങ്ങൾ മുമ്പത്തേക്കാൾ സുസജ്ജമാണെന്നും ആത്മവിശ്വാസത്തോടെ പറയാൻ ഇന്ന് നമുക്ക് കഴിയും.

ഭയം വേണ്ട, ജാഗ്രത മതി.

2004 ഡിസംബർ 26-ലെ സുനാമിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രണാമം.


Summary: Latest technological developments in the Indian tsunami warning system and preparations for the future, Dr. Praveen Sakalya writes.


ഡോ. പ്രവീൺ സാകല്യ

സുനാമി - പ്രളയ ഗവേഷകൻ. കോഴഞ്ചേരി സെൻറ് തോമസ് കോളേജിലെ ഭൗതികശാസ്ത്ര വിഭാഗം അധ്യാപകൻ . ചെന്നൈയിലെ ദേശീയ തീരദേശ ഗവേഷണ കേന്ദ്രത്തിലും ഐ.ഐ.ടി ഡൽഹിയിലെ അറ്റ്മോസ്ഫിയറിക് സയൻസ് വിഭാഗത്തിലും പ്രോജക്ട് ശാസ്ത്രജ്ഞനായും, തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിൽ സീനിയർ റിസർച്ച് ഫെലോയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Comments