ESA:
മലയോരജനതയുടെ ആശങ്ക
എങ്ങനെ പരിഹരിക്കും?

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളെ രേഖപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം സംസ്ഥാനത്തെ മലയോരമേഖലയെ ആശങ്കപ്പെടുത്തിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഈ ആശങ്കകൾ എങ്ങനെ പരിഹരിക്കണം? എന്താണ് ESA-യിലെ ഉള്ളടക്കം? സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകൾ എന്തെല്ലാമാണ്? - ടി. ശ്രീജിത്ത് തയ്യാറാക്കിയ റിപ്പോർട്ട്.

പശ്ചിമഘമലനിരകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഏഴാമത്തെ കരട് വിജ്ഞാപനം (Western Ghats Ecologically Sensitive Area (ESA) Draft Notification) കേന്ദ്ര സർക്കാർ ജൂലൈ 27-നാണ് പുറത്തുവിട്ടത്. കസ്തൂരിരംഗൻ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ 2014 മാർച്ചിലായിരുന്നു കേന്ദ്രം ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഓരോ വിജ്ഞാപനവും അഭിപ്രായങ്ങളും പരാതികളും അറിയിക്കാൻ ജനങ്ങൾക്ക് മുന്നിൽ വെച്ചു. കടുത്ത എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് ഓരോ ഘട്ടത്തിലും വിജ്ഞാപനം പ്രാബല്യത്തിൽ വരുത്തുന്നത് നീട്ടിക്കൊണ്ടേയിരുന്നു. 2014 മുതൽ 2026 വരെയുള്ള 12 വർഷത്തിനിടയിൽ ഏഴു വിജ്ഞാപനങ്ങളാണ് വന്നത്. സെപ്തംബർ 25 വരെ ജനങ്ങളിൽനിന്ന് ലഭിക്കുന്ന അഭിപ്രായങ്ങൾക്കുശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ഇത്തവണ കേന്ദ്രനീക്കം.

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, കേരളം, തമിഴ്നാട് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലൂടെയാണ് പശ്ചിമഘട്ടം കടന്നു പോവുന്നത്. അഞ്ചു കോടിയോളം മനുഷ്യർ ഈ മേഖലകളിൽ താമസിക്കുന്നുണ്ട്. നിരവധി പ്രധാന നദികൾ ഒഴുകുന്നുണ്ട്. വംശനാശഭീഷണി നേരിടുന്നത് അടക്കം നിരവധി ജന്തുജാലങ്ങൾ ഈ മേഖലകളിലുണ്ട്.

ESA നടപ്പിലാക്കുന്നത് എങ്ങനെയൊക്കെയാവും തങ്ങളുടെ ജീവിതത്തെ ബാധിക്കുകയെന്ന ആശങ്ക മലയോരമേഖലയിലെ ജനങ്ങൾക്കാകെയുണ്ട് എന്നത് യാഥാർത്ഥ്യമാണ്.

വിജ്ഞാപനമനുസരിച്ച് 56,825.7 ച. കി.മീറ്റർ പ്രദേശത്തെയാണ് പരിസ്ഥിതിലോലമേഖലയായി കണക്കാക്കിയിരിക്കുന്നത്. ഇതിൽ 9993.7 ച.കി.മീ (രണ്ടു ലക്ഷത്തിലധികം ഏക്കർ) കേരളത്തിൽ വരും. ഇതിൽ 9107 ച.കി.മീ വനമേഖലയും ബാക്കി 886.7 ച.കി.മീ വനമല്ലാത്ത മേഖലയുമാണ്. ജനവാസമേഖലയും കൃഷിഭൂമിയുമെല്ലാം ഇതിൽ ഉൾപ്പെടും. കേരളത്തിലെ 131 വില്ലേജുകളിലായാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. 2.2 ലക്ഷം ഏക്കർ വരുന്ന ഈ ഭൂമേഖലയിൽ 50 ലക്ഷത്തോളം മനുഷ്യർ വസിക്കുന്നുണ്ടെന്നാണ് കണക്ക്. കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും പരിസ്ഥിതിലോല പ്രദേശങ്ങളുണ്ട്.

ഇഎസ്എ പരിധി 98 വില്ലേജുകളിലായി 8590.69 ച.കി.മീ ആക്കിമാറ്റണം എന്നായിരുന്നു കേരളത്തിൻെറ നിർദ്ദേശം. കൂടുതൽ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് കേരളം ഇങ്ങനെയൊരു മാറ്റം ആവശ്യപ്പെട്ടത്. ഇടുക്കിയിലെയും വയനാട്ടിലെയും ചില വില്ലേജുകളെ ഒഴിവാക്കണമെന്നും പ്രൊപ്പോസലിൽ പറഞ്ഞിരുന്നു.

കരട് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ കേന്ദ്രം ഈ പ്രൊപ്പോസൽ പരിഗണിച്ചില്ല. അന്തിമവിജ്ഞാപനം വന്നുകഴിഞ്ഞാൽ മേഖല കേന്ദ്ര വനം പരിസ്ഥിതി വകുപ്പിൻെറ നിയന്ത്രണത്തിലാവും. വകുപ്പ് നിഷ്കർഷിക്കുന്ന പുതിയ ഉത്തരവുകളും നിർദ്ദേശങ്ങളും പാലിക്കേണ്ടതായും വരും.

കേന്ദ്രത്തിന്റെ കരടുവിജ്ഞാപനമനുസരിച്ച് 56,825.7 ച. കി.മീറ്റർ പ്രദേശത്തെയാണ് പരിസ്ഥിതിലോലമേഖലയായി കണക്കാക്കിയിരിക്കുന്നത്. ഇതിൽ 9993.7 ച.കി.മീ (രണ്ടു ലക്ഷത്തിലധികം ഏക്കർ) കേരളത്തിൽ വരും.
കേന്ദ്രത്തിന്റെ കരടുവിജ്ഞാപനമനുസരിച്ച് 56,825.7 ച. കി.മീറ്റർ പ്രദേശത്തെയാണ് പരിസ്ഥിതിലോലമേഖലയായി കണക്കാക്കിയിരിക്കുന്നത്. ഇതിൽ 9993.7 ച.കി.മീ (രണ്ടു ലക്ഷത്തിലധികം ഏക്കർ) കേരളത്തിൽ വരും.

വരാൻ പോവുന്ന നിയന്ത്രണളും ആശങ്കകളും

ഇഎസ്എ നടപ്പിലാക്കുന്നത് എങ്ങനെയൊക്കെയാവും തങ്ങളുടെ ജീവിതത്തെ ബാധിക്കുകയെന്ന ആശങ്ക മലയോരമേഖലയിലെ ജനങ്ങൾക്കാകെയുണ്ട് എന്നത് യാഥാർത്ഥ്യമാണ്. മലിനീകരണ നിയന്ത്രണബോർഡിൻെറ മാനദണ്ഡങ്ങൾ പ്രകാരം മേഖലയെ റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ എന്നിങ്ങനെ നാല് മേഖലകളായി തിരിക്കും. ഖനനം, നിർമ്മാണപ്രവർത്തനങ്ങൾ, വ്യവസായങ്ങൾ, പുതിയ കൂറ്റൻ കെട്ടിടങ്ങൾ എന്നിവയൊന്നും റെഡ് കാറ്റഗറിയിൽ അനുവദിക്കില്ല. പാറഖനനവും മണലെടുപ്പും നിരോധിക്കും. നിലവിലുള്ളത് അഞ്ചു വർഷത്തിനുള്ളിൽ അടയ്ക്കേണ്ടിവരും. നിർമ്മാണപ്രവർത്തനങ്ങളും മറ്റും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് അനുമതിയോടെ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ.

ച.കി.മീറ്ററിൽ 100-ൽ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങൾ മാത്രമേ ഈ പരിധിയിൽ വരാൻ പാടുള്ളൂവെന്ന് പറയുമ്പോഴും 800-ലധികം ജനസാന്ദ്രതയുള്ള പല മേഖലകളും പരിധിയിൽ വരുന്നുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

കെട്ടിടനിർമ്മാണത്തിലടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ തങ്ങളുടെ ഭാവി ജോലിസാധ്യതകളെയും പുരോഗതിയെയും ബാധിക്കുമെന്ന് മേഖലയിലെ ജനത ആശങ്കപ്പെടുന്നുണ്ട്. അവരുടെ ആശങ്ക പരിഗണിക്കപ്പെടുകയും അതിന് കൃത്യമായ മറുപടി നൽകാനും രാഷ്ട്രീയനേതൃത്വത്തിന് കഴിയേണ്ടതുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരെ ബോധവൽക്കരിച്ചും മാത്രമേ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാൻ പാടുള്ളൂ. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോഴും കസ്തൂരിരംഗൻ റിപ്പോർട്ട് വന്നപ്പോഴും മലയോരമേഖലയിൽ ജനങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കേരളത്തിലെ ജനവാസമേഖലകൾ ഇഎസ്എ പരിധിയിൽ വന്നതെന്ന വാദം ഉയരുന്നുണ്ട്. ച.കി.മീറ്ററിൽ 100-ൽ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങൾ മാത്രമേ ഈ പരിധിയിൽ വരാൻ പാടുള്ളൂവെന്ന് പറയുമ്പോഴും 800-ലധികം ജനസാന്ദ്രതയുള്ള പല മേഖലകളും പരിധിയിൽ വരുന്നുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

സർക്കാർ നിലപാട്

ജനവാസമേഖലകളെ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് നിലപാടെടുത്തിരിക്കുന്നത്. കാർഡമം ഹിൽ ഏരിയ പൂർണമായി മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. റെഡ് ഇൻഡസ്ട്രി എന്ന പേരിൽ വിവിധ സംരംഭങ്ങൾക്കുള്ള വിലക്കിൽ ഇളവ് വേണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇഎസ്എ പരിധിയിൽ ഉൾപ്പെടുന്ന മേഖലകളെ ഉൾപ്പെടുത്തി പുതിയ ഭൂപടം ഉണ്ടാക്കി അത് കേന്ദ്ര പരിസ്ഥിതി വകുപ്പിന് മുൻപിൽ വെക്കും. കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 131 വില്ലേജുകളിൽ 33 എണ്ണം ഒഴിവാക്കണമെന്ന നിർദ്ദേശവുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ 4 വില്ലേജുകൾ പൂർണമായും ഇടുക്കിയിലെ 51 വില്ലേജുകളിൽ പകുതിയിലേറെയും ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കാർഡമം ഹിൽ ഏരിയ. ജനവാസമേഖലകളെ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് നിലപാടെടുത്തിരിക്കുന്നത്. കാർഡമം ഹിൽ ഏരിയ പൂർണമായി മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
കാർഡമം ഹിൽ ഏരിയ. ജനവാസമേഖലകളെ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് നിലപാടെടുത്തിരിക്കുന്നത്. കാർഡമം ഹിൽ ഏരിയ പൂർണമായി മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

‘നിയന്ത്രണങ്ങൾ
പുതിയ അവസരങ്ങൾ
കൂടിയാണ്’

പശ്ചിമഘട്ട റിപ്പോർട്ട് നടപ്പിലാക്കണമെങ്കിൽ പല നിയന്ത്രണങ്ങളും വേണ്ടിവരുമെന്നും എന്നാൽ ആ നിയന്ത്രണങ്ങൾ പുതിയ അവസരങ്ങളാണ് തുറന്നു തരുന്നതെന്നും പരിസ്ഥിതി വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനുമായ ശ്രീധർ രാധാകൃഷ്ണൻ ‘ട്രൂകോപ്പി വെബ്സീനി’നോട് പറഞ്ഞു. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ചിരുന്ന അതേ രീതിയിൽ ജനങ്ങളെ ആശങ്കപ്പെടുത്താനുള്ള അജണ്ടയോടെ ചിലർ രംഗത്തിറങ്ങിയിട്ടുണ്ടെന്നും കൃഷിക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒഴിച്ചുകൂടാൻ പറ്റാത്ത റെഗുലേഷനുകളെക്കുറിച്ച് കർഷകരുമായും ഈ മേഖലയിലെ ജനങ്ങളുമായും ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു:

‘‘മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനും കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടിനുമെതിരെ ഉണ്ടായ പ്രതിഷേധങ്ങൾക്ക് സമാനമായ സാഹചര്യം വീണ്ടും ഉയരുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇരു റിപ്പോർട്ടുകളും പഠിച്ച് ഗ്രാമസഭകളിലും പഞ്ചായത്ത് തലത്തിലുമെല്ലാം ചർച്ച ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ആ അർത്ഥത്തിലായിരുന്നില്ല കേരളത്തിൽ ഈ രണ്ട് റിപ്പോർട്ടുകളും ചർച്ച ചെയ്യപ്പെട്ടത്. വിശാലമായ തലത്തിൽ ഈ റിപ്പോർട്ടുകളെ കേരളം ചർച്ച ചെയ്തില്ല. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കപ്പെടണമെന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ, അതിൽ വെള്ളം ചേർത്തുള്ള റിപ്പോർട്ടുകളാണ് പിന്നീട് ഉണ്ടായത്. കസ്തൂരി രംഗൻ റിപ്പോർട്ടും ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടും ചെയ്തത് അതായിരുന്നു.
പരിസ്ഥിതിലോല മേഖലകളിലെ പലയിടങ്ങളും ഉരുൾപ്പൊട്ടൽ സാധ്യതയുള്ളതോ പ്രളയക്കെടുതി സാധ്യതകൾ ഉള്ളതോ ആണ്. ഇത്തരം മേഖലകൾ ഐഡൻറിഫൈ ചെയ്ത് അവിടെയുള്ളവരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി സ്ഥലത്തുനിന്ന് മാറ്റി മതിയായ നഷ്ടപരിഹാരം, സാമ്പത്തികനഷ്ടപരിഹാരമാണെങ്കിൽ അത്, നൽകാനുള്ള സാധ്യതയാണ് ഇല്ലാതാക്കിയത്. ഉദാഹരണത്തിന് മുണ്ടക്കൈ - ചൂരൽമല പോലുള്ള പ്രദേശങ്ങൾ ഇഎസ്എ മേഖലയിൽ ഉൾപ്പെടുന്നതിനൊപ്പം തന്നെ പ്രകൃതിദുരന്തസാധ്യത ഉള്ളതുമാണ്. അത്തരത്തിലുള്ള മേഖലയിൽ ജനങ്ങൾക്ക് ജീവിക്കാൻ സധിക്കുമോയെന്ന ചോദ്യം ഇന്ന് ഉയർന്നുവരികയാണ്’’.

പരിസ്ഥിതിലോലപ്രദേശങ്ങളെ കൃത്യമായി സംരക്ഷിക്കാൻ സാധിച്ചാൽ അത് നമുക്ക് ദീർഘകാലത്തേക്ക് ഗുണം ചെയ്യുമെന്നും സാമ്പത്തികമായും വലിയ ഗുണമുണ്ടാവുമെന്നും ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു.

ശ്രീധർ രാധാകൃഷ്ണൻ
ശ്രീധർ രാധാകൃഷ്ണൻ

‘‘സാധാരണഗതിയിൽ പരിസ്ഥിലോല മേഖലയിൽ ചെയ്യാൻ പാടില്ലാത്ത കൃത്യമായ കാര്യങ്ങളാണ് നിലവിലെ ഇഎസ്എ റിപ്പോർട്ടിൽ പറയുന്നത്. ക്വാറി പ്രവർത്തനങ്ങൾ, വലിയ ടൂറിസം റിസോർട്ടുകൾ, കൂറ്റൻ വീടുകൾ, വലിയ ടൗൺഷിപ്പുകൾ, റെഡ് കാറ്റഗറി വ്യവസായങ്ങൾ തുടങ്ങിയവ പാടില്ലെന്നത് വളരെ സാധാരണമായ നിയന്ത്രണങ്ങൾ മാത്രമാണ്. ഈ മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനോ അവരെ നിർബന്ധമായി മാറ്റിപ്പാർപ്പിക്കാനോ ഉള്ള ഒരു വ്യവസ്ഥയും ഇഎസ്എയിൽ ഇല്ലെന്നുള്ളത് വളരെ വ്യക്തമാണ്. അങ്ങനെ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. പാരിസ്ഥിതിക - ഭൗമ - സാമൂഹിക സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കണം. 131 വില്ലേജുകളിലും ഉണ്ടാവുന്ന നഷ്ടങ്ങൾ എന്താണെന്ന് സംസ്ഥാനം ജനങ്ങളോട് വിശദീകരിക്കണം. എന്തെല്ലാം ചെയ്യാം, ചെയ്യാതിരിക്കണം, ചെയ്തില്ലെങ്കിൽ വരാൻ പോവുന്ന നഷ്ടം എന്താണ്… എന്നീ സംശയങ്ങളൊക്കെ ദൂരീകരിക്കണം’’.

131 വില്ലേജുകളിലുമുള്ള ഓരോ മനുഷ്യർക്കും സംഭവിക്കുന്ന അവസരനഷ്ടം പരിഹരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന നിർദേശവും ശ്രീധർ രാധാകൃഷ്ണൻ മുന്നോട്ടുവെക്കുന്നു. സംസ്ഥാനങ്ങൾ ഒത്തുചേർന്ന് കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാര പാക്കേജ് ലഭിക്കാനുള്ള നടപടിക്രമങ്ങൾ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു:

‘‘കാർഷികമേഖലയിൽ നിലവിൽ ചെയ്യുന്ന കൃഷിയെല്ലാം ചെയ്യാൻ പറ്റും. പക്ഷേ, വളരെ വലിയ കാർഷികമാറ്റങ്ങൾ ചെയ്യാൻ പറ്റില്ല. അത് ആവശ്യകതയാണോ? അതോ കുറേക്കൂടി സുസ്ഥിരമായ കൃഷിരീതികൾ ചെയ്യാൻ പറ്റുമോ? നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റിയില്ലെങ്കിൽ എന്തുതരം നഷ്ടമുണ്ട്? അത് പരിഹരിക്കാൻ എത്ര ചെലവ് വരും? അത് ആര് വഹിക്കും? തുടങ്ങിയ കാര്യങ്ങൾ കേന്ദ്രസർക്കാരിനോട് ചോദിക്കേണ്ടതുണ്ട്. നിലവിലുള്ള ഇഎസ്എ മാനദണ്ഡങ്ങൾ നടപ്പിലാക്കാതെ നിൽക്കുകയോ വീണ്ടും എതിർക്കുകയോ ചെയ്താൽ കേന്ദ്രസർക്കാരിനോ സംസ്ഥാനസർക്കാരിനെ ഒരു നഷ്ടവും ഉണ്ടായെന്ന് വരില്ല. എന്നാൽ വിശാലമായ അർത്ഥത്തിൽ ഇത് നടപ്പാക്കാൻ നാം കൂടുതൽ ചിന്തിക്കേണ്ടതുണ്ട്. ചർച്ചകൾ നടത്തേണ്ടതുണ്ട്. കർഷകർക്കും അവിടെ ജീവിക്കുന്ന ജനവിഭാഗങ്ങൾക്കും ഉണ്ടാവുന്ന നഷ്ടങ്ങൾക്ക് കൃത്യമായ പരിഹാരം കണ്ടെത്താനാണ് ആദ്യം ശ്രമിക്കേണ്ടത്’’- ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു.

Comments