പെട്ടിമുടി, കരിപ്പൂർ രണ്ട് വലിയ പാഠങ്ങൾ

മൂന്നാറിലെ പെട്ടിമലയിലും കരിപ്പൂർ വിമാനത്താവളത്തിലുമുണ്ടായ രണ്ട്​ അപകടങ്ങൾ, ദുരന്തങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ വലിയ പാഠങ്ങൾ കൂടിയാണ്​ അവശേഷിപ്പിക്കുന്നത്​. ഒൗദ്യോഗിക സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും കരുതലുകളുടെയും കരുതലില്ലായ്​മകളുടെയും ചില സാക്ഷ്യങ്ങൾ ഇതാ...

കോവിഡ് പ്രതിസന്ധിക്കിടെയാണ് കഴിഞ്ഞദിവസം കേരളം രണ്ടുവൻദുരന്തങ്ങൾ നേരിട്ടത്. ഇടുക്കി മൂന്നാറിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലും കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാന അപകടവും. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസിന്റെ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണ് മണ്ണിടിച്ചലുണ്ടായത്. വ്യാഴാഴ്ച രാത്രി 10.50ന് ദുരന്തം സംഭവിച്ചിട്ടും വെള്ളിയാഴ്ച രാവിലെയാണ് പുറംലോകം അറിഞ്ഞത്. നാലുദിവസമായി രാജമല മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലായിരുന്നു. സംഭവസമയത്ത് ഫോൺ കണക്ഷനും വൈദ്യുതി ബന്ധവും ഇല്ലാതിരുന്നതും വിവരം പുറത്തറിയുന്നത് വൈകിപ്പിച്ചു. കനത്ത മഴയിൽ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാൽ അപകടവിവരം അറിയിക്കാൻ അടുത്തുള്ള എസ്റ്റേറ്റുകളിലേക്ക് ആർക്കും പോകാനുമായില്ല. പുലർച്ചെ രാജമലയ്ക്കടുത്തുള്ള നമയക്കാട് എസ്റ്റേറ്റിലെത്തി നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് അപകടം പുറംലോകം അറിഞ്ഞത്. എത്രപേർ അപകടത്തിൽപ്പെട്ടെന്നോ അപകടം നടന്ന സ്ഥലത്ത് എത്രപേർ താമസിച്ചിരുന്നെന്നോ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന അരികുവത്കരിക്കപ്പെട്ട വിഭാഗമാണ് ഇവിടെ ദുരന്തത്തിന് ഇരയായത്.

കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തമാണ് വെള്ളിയാഴ്ച രാത്രി കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായത്. കോവിഡ് പശ്ചാത്തലത്തിൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നന്ന് തെന്നിമാറി താഴേക്ക് വീഴുകയായിരുന്നു. 35 അടി താഴ്ചയിലേക്ക് വീണ വിമാനം രണ്ടായി പിളർന്നു. 1998 ജൂലൈ 30ന് കൊച്ചിയിലുണ്ടായ വിമാന അപകടമാണ് കേരള ചരിത്രത്തിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ വിമാനാപകടം. ലക്ഷദ്വീപിൽ നിന്ന് കൊച്ചിവഴി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിമാനം തകർന്ന് എട്ടുപേരാണ് മരിച്ചത്.

ലിസ്റ്റിൽ ഇല്ലാത്തവർ

പത്തുകുട്ടികൾ അടക്കം 184 യാത്രക്കാരും നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാന അപകടമുണ്ടായി മണിക്കൂറുകൾക്കകം ഇവരുടെ പേരുവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് പുറത്തുവിടുകയും ചെയ്തിരുന്നു. അതേസമയം പെട്ടിമുടിയിലുണ്ടായ അപകടത്തിൽ ആരെയൊക്കെ കാണാതായി എന്നറിയാൻ വോട്ടേഴ്സ് ലിസ്റ്റ് പരിശോധിക്കേണ്ട ദുരവസ്ഥയാണ് കാത്തിരിക്കുന്നതെന്നാണ് ടി.സി. രാജേഷ് സിന്ധു അഭിപ്രായപ്പെടുന്നത്: ‘മൂന്നാർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ രാജമലയിൽപെട്ട സ്ഥലമാണ് പെട്ടിമുടി. പെട്ടിമുടിയിലുള്ളവരുടെ പേരുവിവരങ്ങളുള്ളത് രണ്ടാം നമ്പർ ബൂത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിലാണ്. പേരും വയസ്സും പിന്നെ പെട്ടിമുടിയെന്ന സ്ഥലനാമവും മാത്രമാണ് ഇവരുടെ വിലാസം. നൂറിലേറെപ്പേർ വരും അത്. എസ്റ്റേറ്റ് ലായത്തിൽ ആകെ എത്രപേർ താമസിക്കുന്നുണ്ടെന്നതിന് ഈ വോട്ടേഴ്‌സ് ലിസ്റ്റല്ലാതെ മറ്റെന്തെങ്കിലും കണക്കുണ്ടോ എന്നു സംശയമാണ്. അതിലാകട്ടെ പതിനെട്ടു തികയാത്തവർ ഉൾപ്പെട്ടിട്ടില്ലതാനും. പേരുള്ളവർ പലരും ഉണ്ടാകണമെന്നുമില്ല. തകരഷീറ്റ് മേഞ്ഞ, അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടുകളുടെ നീണ്ട നിരയാണ് എസ്റ്റേറ്റ് ലായങ്ങൾ. ഒരു മുറിയിൽ താമസിക്കുന്നത് അഞ്ചും ആറും പേരുകാണും, മൂന്നോ നാലോ തലമുറ കാണും. അടിസ്ഥാന സൗകര്യങ്ങൾ തീർത്തും അപര്യാപ്തം. തമിഴരാണ്, ദളിതരാണ്. സാക്ഷരരായവർ പോലും വളരെക്കുറവ്. തമിഴ്‌നാട്ടിലും ഇവർക്ക് വോട്ടർപട്ടികയിൽ പേരുണ്ടാകും. അവിടെ നിന്ന് സൗജന്യമായി ലഭിച്ച ടെലിവിഷനുകൾ മിക്കവാറും വീടുകളിലുള്ളതുമാത്രമാണ് ഏക ആഡംബരം. സ്വകാര്യതയെന്നത് കേട്ടിട്ടുപോലുമില്ലാത്തവർ. തോട്ടത്തിലെ പണി ഇല്ലാതായാൽ അവർ ലയത്തിലെ വീടൊഴിഞ്ഞുപോകേണ്ടവരാണ്. അതൊഴിവാക്കാൻ ഒന്നാം തലമുറയ്ക്കു പിന്നാലെ രണ്ടാം തലമുറയും അതിന്റെ പിൻതലമുറകളിലുമുള്ളവർ എസ്റ്റേറ്റിൽ പണിക്കുപോകുന്നു. അവരുടെ തണലിൽ മൂന്നും നാലും തലമുറയിൽപെട്ടവർ ഒറ്റമുറിയും അടുക്കളയുമുള്ള, പ്രാഥമികാവശ്യനിർവ്വഹണത്തിന് വേണ്ടത്ര സൗകര്യങ്ങളില്ലാത്ത ഈ ലയങ്ങളിൽ തിങ്ങിഞെരുങ്ങിത്താമസിക്കുന്നു.'
പെട്ടിമുടിയിൽ മണ്ണിനടിയിലായ ലയങ്ങളിലെ താമസക്കാരുടെ പട്ടിക, ആശാവർക്കർമാർ തയ്യാറാക്കിയതും ടി.സി രാജേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്: ‘ഇതിൽ കുട്ടികളടക്കം 81 പേർ ഉണ്ടെന്നാണ് കാണുന്നത്. ഇന്നത്തെ വാർത്തകളിൽ കാണുന്ന, രക്ഷപ്പെട്ട ദീപന്റെ ബന്ധു, കാണാതായ രതീഷ് കുമാറിന്റെ പേര് ഈ ലിസ്റ്റിലില്ല. ദീപന്റെ വീട്ടിലെ ഒരു ചടങ്ങിനോടനുബന്ധിച്ച് വന്ന ബന്ധുവാണ് അയാൾ. ഇത്തരത്തിൽ വന്നവർ മറ്റു ലെയ്ൻ വീടുകളിലുണ്ടായിരുന്നോ എന്നും അറിയില്ല.'

മലപ്പുറം അഥവാ, മനുഷ്വത്വം

കരിപ്പൂർ അപകടത്തിൽ, കോവിഡ് ഭീതിയും വിമാനത്തിന് തീപിടിക്കാനുള്ള സാധ്യതയും പ്രതികൂല കാലാവസ്ഥയുമെല്ലാം ഉണ്ടായിട്ടും ഔദ്യോഗിക രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പേ നാട്ടുകാർ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തിരുന്നു. ഒരുപാട് പേരാണ് സോഷ്യൽമീഡിയയിൽ മലപ്പുറത്തുകാരുടെ ഇടപെടലുകളെ അഭിനന്ദിക്കുന്നത്. സോമി സോളമൻ എഴുതുന്നു: ‘സാധാരണ ഗതിയിൽ ഇപ്പോഴത്തെ പൊതു സ്വഭാവം അനുസരിച്ച് ഒരു ദുരന്തമുണ്ടായാൽ ആദ്യം വരുക ആളുകൾ മൊബൈലിൽ എടുക്കുന്ന വിഷ്വവൽസ് / വിഡിയോകൾ ആയിരിക്കും. ഇന്നലെ കരിപ്പൂരിൽ വിമാനം തകർന്നപ്പോൾ കോവിഡും, കണ്ടെൻമെന്റും, മഴയും എല്ലാം മറന്നു നിമിഷ നേരങ്ങൾക്കുള്ളിൽ മനുഷ്യരെ പുറത്തെടുത്ത് (ഔദ്യോഗികമായി രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ്) കിട്ടിയ വണ്ടികളിൽ എല്ലാം മനുഷ്യരെ കയറ്റി, റോഡെല്ലാം ഒതുക്കി അപകടത്തിലായ മനുഷ്യരെ ആശുപത്രികളിൽ എത്തിച്ച മനുഷ്യരുടെ മനസ്സാന്നിധ്യം. തകർന്ന വിമാനം പൊട്ടിത്തെറിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിട്ടും എല്ലാ മനുഷ്യരെയും അതി വേഗത്തിൽ സമചിത്തതയോടെ പുറത്തിച്ച മനുഷ്യർ, മൊബൈൽ ഓഫ് ചെയ്ത് അതിൽ പോലും ജാഗ്രത പുലർത്തിയത് കൊണ്ടും വിഡിയോ എടുക്കുന്നത് പരിഗണനയിൽ പോലും ഇല്ലാത്തതുകൊണ്ടും ആണ് നമുക്കീ ജീവനുകൾ തിരികെ കിട്ടിയത്.'
പെട്ടിമുടി ദുരന്തത്തെ കുറിച്ച് പുറംലോകം അറിഞ്ഞിട്ടുപോലുമില്ലാത്ത സമയത്ത് പ്രതികൂലമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത് അവിടുത്തെ ആദിവാസികളും തോട്ടംതൊഴിലാളികളുമായിരുന്നെന്ന കാര്യവും സോമി ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്: ‘രാജമലയിൽ മണ്ണോടു മണ്ണ് ചേർന്ന മനുഷ്യരെക്കുറിച്ച് പുറം ലോകത്തെ അറിയിക്കുന്നത് തോട്ടം തൊഴിലാളികളും ആദിവാസികളാണ്. ദുരന്ത മേഖലയിൽ നിന്നും നടന്നു ഫോറസ്റ്റ് ഓഫീസിൽ എത്തി വിവരം അറിയിച്ച മനുഷ്യർ, പെരുമഴ മൂലം വൈദ്യുതിയോ, ഫോൺ നെറ്റ്വർക്ക് ഉണ്ടായിരുന്നില്ല. ദുരന്ത ഭൂമിയിലും അവരാണ് രക്ഷാപ്രവത്തനം തുടങ്ങി വെച്ചത്.'

കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിനിടെ
കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിനിടെ

കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർക്ക് സൗകര്യങ്ങളുടെ കുറവുകളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അപകടസ്ഥലത്തുനിന്ന് പരുക്കേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ അവർക്കുകഴിഞ്ഞു. ആശുപത്രികളിലും അവർക്കുവേണ്ട കാര്യങ്ങൾ ചെയ്യാൻ പ്രദേശവാസികൾ മുന്നിലുണ്ടായിരുന്നു. അവരെ അഭിനന്ദിച്ചുകൊണ്ട് ഡോ. ജിനേഷ് പി.എസ്എഴുതുന്നു: ‘ഒരു മടിയും കൂടാതെ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ പച്ച മനുഷ്യർ... കരിപ്പൂർ സ്വദേശികൾ... ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം അവരും രക്ഷാപ്രവർത്തനത്തിന്റെ മുന്നിൽത്തന്നെ നിന്നു. അതുകൊണ്ടും കഴിഞ്ഞില്ല. അപകടത്തിൽപെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രികളിൽ അവർ കാത്തിരുന്നു. തന്നാലാവുന്നത് ചെയ്യാൻ... ആശുപത്രികളിലെ രക്ത ബാങ്കിന് മുന്നിൽ മൊബൈൽ ഫോണുകളുമായി അവർ ഉറങ്ങാതെ കാത്തിരുന്നു. രക്തം നൽകേണ്ട സാഹചര്യം ഉണ്ടായാൽ അവർക്കാവുന്നത് ചെയ്യാൻ... ആശുപത്രികളിൽ അഡ്മിറ്റായ രോഗികളുടെ കൂട്ടിരിപ്പുകാർ വരെയുണ്ടായിരുന്നു ഇങ്ങനെ കാത്ത് നിന്നവരിൽ.'
മുൻപ് കടലുണ്ടി അപകടത്തിലും വെട്ടിച്ചിറ പടക്ക നിർമ്മാണ ശാല തീപിടിത്തത്തിലും പരുക്കേറ്റവരെ രക്ഷിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ കോവിഡ് കാലത്തും മലപ്പുറത്തുകാർ ആവർത്തിക്കുകയാണ് ചെയ്തതെന്നാണ് മലപ്പുറത്തുകാരൻ കൂടിയായ അനസ് യാസിൻ പറയുന്നത്: ‘കൊറോണവൈറസ് അവരെ പിന്തിരിപ്പിച്ചില്ല. തണുപ്പ് ശക്തമാക്കി കോരിച്ചെരിയുന്ന മഴയിലും തകർന്ന വിമാനത്തിന്റെ അപരിതമായ ഭാഗങ്ങളിൽ പരിക്കേറ്റ് പിടഞ്ഞവരെ അവർ എടുത്തുകിട്ടിയ വാഹനങ്ങളിൽ അവർ ആശുപത്രികളിലേക്കോടി; മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയുമായി. അപകടത്തിൽ ഒറ്റപ്പെട്ടുപോയ ഭീതിയിലായ കുട്ടികൾക്ക് അവർ സാന്ത്വനത്തിന്റെ, കരുതലിന്റെ കരസ്പർശമായി. ഫയർഫോഴ്സിനും പൊലിസിനുമൊപ്പം നാട്ടുകാർ നടത്തിയ രക്ഷാ പ്രവർത്തനമാണ് 190 യാത്രക്കാരെ മണിക്കൂറുകൾക്കകം പുറത്തെത്തിക്കാൻ സഹായിച്ചത്. ഇടുങ്ങിയവഴികളിൽ ആംബുലൻസുകൾക്ക് കടന്നു പോകാൻ അവർ വഴിയൊരുക്കി. കൊണ്ടോട്ടിയിലെ ആശുപത്രികളിലും അവർ സേവനങ്ങൾ എത്തിക്കാൻ മുന്നിൽ നിന്നു.'

ഓർക്കാം, പെട്ടിമുടിയിലെ ആ മനുഷ്യരെ

കരിപ്പൂരിലെ രക്ഷാപ്രവർത്തകരെ അഭിനന്ദനങ്ങൾകൊണ്ട് പൊതിയുമ്പോൾ ഒരുപാട് പ്രതിബന്ധങ്ങൾക്കിടയിലും മണ്ണിൽപൂണ്ടുപോയ സഹജീവികൾക്കുവേണ്ടി എല്ലാംമറന്ന് മുന്നിട്ടിറങ്ങിയ പെട്ടിമുടിയിലെ രക്ഷാപ്രവർത്തകരെക്കൂടി ഓർക്കേണ്ടതുണ്ടെന്ന് പറയുകയാണ് ടി.സി രാജേഷ് സിന്ധു: ‘അവിടെയും കോവിഡ് ഭീഷണി നിലനിൽക്കുന്നുണ്ട്. മണ്ണും കല്ലും മാറ്റിയാലും മണ്ണിനടിയിലായവരെ ഇനി രക്ഷിക്കാനായെന്നു വരില്ല. ഇന്നലെ രാവിലെ അപകട വിവരം കേട്ടപ്പോൾതന്നെ മൂന്നാറിൽ നിന്നും മറയൂരിൽ നിന്നും രണ്ടും മൂന്നും കിലോമീറ്ററിലേറെ നടന്ന് പെട്ടിമുടിയിലെത്തിയവരുണ്ട്, ദുരിതാശ്വാസപ്രവർത്തകരായി. മണ്ണിനടിയിലായ ലയങ്ങളിൽ നിന്ന്, ദിവസവും കാണുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയും ഏതുവിധത്തിലും പുറത്തെത്തിക്കാനാകുമോ എന്ന് ടോർച്ചിന്റെയും പെട്രോമാക്‌സിന്റെയും വെളിച്ചത്തിൽ തിരഞ്ഞുമടുത്തവരുണ്ട്. അവരാണ് പത്തിലേറെപ്പേരെ ആശുപത്രിയിലെത്തിച്ചത്. കഴുത്തൊപ്പം ചെളിമണ്ണിൽ പുതഞ്ഞുകിടന്ന ദീപനെ ഉൾപ്പെടെ വലിച്ചൂരിയെടുത്തത്. കുടിക്കാൻ വെള്ളമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ, ആവശ്യത്തിനു വാഹനമില്ലാതെ മരിച്ചവരെ പുറത്തെടുക്കുമ്പോൾ കിടത്താൻ ട്രോളിയില്ലാതെ തകരഷീറ്റുകൾ കൂട്ടിക്കെട്ടി ചെളിക്കുമീതേ പാതയുണ്ടാക്കി, തകരീറ്റുകൾതന്നെ ട്രോളിയാക്കി പെരുമഴയത്ത് അവർ ചെളിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തുകയാണ്. മണ്ണിൽ പൂണ്ടുപോയ സഹജീവികളുടെ വെറുങ്ങലിച്ച ശരീരമെങ്കിലും കിട്ടുമോയെന്നറിയാൻ.'

രാജമല പെട്ടിമുടിയിൽ മണ്ണിനടിയിലായവരെ പുറത്തെടുക്കാൻ രക്ഷാ പ്രവർത്തനം നടത്തുന്നു
രാജമല പെട്ടിമുടിയിൽ മണ്ണിനടിയിലായവരെ പുറത്തെടുക്കാൻ രക്ഷാ പ്രവർത്തനം നടത്തുന്നു

രക്ഷാപ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങിയ അലൻ എന്ന വ്യക്തിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ടി.സി രാജേഷ് പറയുന്നു- ‘ഈ ചിത്രത്തിലുള്ളത് അലനാണ്. അപകടവിവരമറിഞ്ഞ് രാവിലെ പെട്ടിമുടിയിലേക്കുപോയശേഷം തിരിച്ചെത്തിയതാണ്. ശരീരത്തിൽ നിന്ന് പത്തിലേറെ അട്ടകളെ പെറുക്കിക്കളഞ്ഞത് വീട്ടിലെത്തിയശേഷം. അലനെപ്പോലെ എത്രയോ പേർ! കുളയട്ടകൾ ഇഴഞ്ഞുകയറി ശരീരത്തിലെ രക്തം കുടിക്കുന്നതുപോലും അവരറിയുന്നില്ല. അത്യാവേശത്തിലല്ല, നിർവ്വികാരരായാണ് അവർ അവിടെ സേവനം ചെയ്യുന്നത്. അഭിനന്ദിക്കേണ്ട, സ്‌നേഹിക്കേണ്ട... പക്ഷേ, അവരെ നിങ്ങൾ മറന്നുപോകരുത്.'

പെട്ടിമുടിയോട് അവഗണന

കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ നടത്തിയ തരത്തിലുള്ള ഇടപെടലും ജാഗ്രതയും രാജമല പെട്ടിമുടിയിൽ ഉണ്ടായില്ലെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കെ.സന്തോഷ് കുമാർ എഴുതുന്നു- ‘കരിപ്പൂർ വിമാനത്താവളത്തിൽ അഭിനന്ദാർഹവും അഭിമാനകാരവുമായ ഇടപെടലാണ് നാട്ടുകാരായ ജനങ്ങൾ നടത്തിയത്. മുഖ്യമന്ത്രി, ഗവർണ്ണർ, കേന്ദ്ര സഹമന്ത്രി, ഒന്നിലധികം മന്ത്രിമാർ, എം എൽ എമാർ, പ്രതിപക്ഷ നേതാവ്, വിവിധ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ, ചീഫ് സെക്രട്ടറി തുടങ്ങി മൊത്തം സ്റ്റേറ്റ് തന്നെ കരിപ്പൂരിലേക്ക് എത്തുന്നുണ്ട്. അഭിമാനകരവും ആശ്വാസകരവുമായ ഇടപെടലുകൾ അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇതേ ഇടപെടലും ജാഗ്രതയും രാജമല പെട്ടിമുടിയിൽ ഉണ്ടായോ? ദുരന്തം നടന്നിട്ട് 24മണിക്കൂർ ആയി. കൃത്യമായ ഒരു കണക്കെങ്കിലും! നമ്മുടെ എത്ര മന്ത്രിമാർ അവിടെ എത്തി? പ്രതിപക്ഷം ഉൾപ്പെടെ എത്ര രാഷ്ട്രീയ നേതൃത്വങ്ങൾ അവിടെ എത്തി? ദുരന്തം ഉണ്ടായപ്പോൾ ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത് ഇടമലക്കുടിയിലെ ആദിവാസികളാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇവർ എപ്പോഴെങ്കിലും ദൃശ്യമായോ? മൂന്നാർ തോട്ടംമേഖലയിലെ തോട്ടംതൊഴിലാളികളിൽ 90 ശതമാനവും പള്ളർ, പറയർ, അരുന്ധതിയാർ (ചക്ലിയ ) തുടങ്ങിയ തമിഴ് ദളിതരും കുറച്ചു പിന്നോക്ക സമുദായങ്ങളുമാണ്. സ്വന്തമായി ഭൂമിയും വീടുമില്ലാതെ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ലായങ്ങളിൽ ജീവിക്കുകയും, തോട്ടങ്ങളിൽ ഇന്നും 321 രൂപയ്ക്ക് 10 മണിക്കൂറിലധികം അടിമപ്പണി എടുക്കുന്നവരുമാണ് തോട്ടംതൊഴിലാളികൾ. കൊളോണിയൽ കാലഘട്ടത്തിൽ അടിമകൾക്ക് വേണ്ടി നിർമ്മിച്ച പ്ലാന്റേഷൻ ലേബർ ആക്റ്റാണ് ഇന്നും തോട്ടം നിലനിൽക്കുന്നത്. ഇത്തരത്തിൽ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന പാർശ്വവത്കൃതർ ആയതു കൊണ്ടാണോ ഈ രീതിയിൽ ജാഗ്രതകുറവും ഇടപെടലും ഉണ്ടാകുന്നത്.'
പെട്ടിമുടി ദുരന്തത്തിന്റെയും രക്ഷാപ്രവർത്തനം വൈകിയതിന്റെയുമൊക്കെ കാരണം സംബന്ധിച്ച് മാധ്യമപ്രവർത്തകനായ ഡി. പ്രദീപ് കുമാർ നടത്തുന്ന നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്:

‘1. പാവപ്പെട്ട തമിഴരായ തൊഴിലാളികൾ, അവരിൽ ഭൂരിപക്ഷവും ദളിതർ, അധിവസിക്കുന്ന പ്രദേശങ്ങൾ മുഴുവൻ ഇപ്പോഴും അവികസിതമായി തുടരുന്നു. ഇന്നലെ രാത്രി 11 മണിയോടെ നടന്ന ദുരന്തം പുറം ലോകമറിഞ്ഞത് ഇന്ന് രാവിലെ എട്ടുമണിയോടെ. അതിനു കാരണം, ടെലിഫോൺ - മൊബൈൽ ബന്ധമില്ലാത്തതും , വൈദ്യുതി പുനസ്ഥാപിക്കാത്തതുമാണ്. മുൻപ്, കാലവർഷത്തിൽ തകരാറായ പാലം അതേ അവസ്ഥയിൽ തുടരുന്നതിനാൽ റോഡ് ബന്ധവും സാദ്ധ്യമായില്ല. ഭൂമി മാത്രമല്ല,എസ്റ്റേറ്റ് റോഡുകളും ടാറ്റയുടേയും മറ്റ് വൻകിട തോട്ടമുടമകളുടേയും കൈയ്യിലായതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇവിടെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നില്ല.

ഇടുക്കിയിലെ സർക്കാർ മെഡിക്കൽ കോളേജ് ഇന്നും കടലാസിൽ മാത്രം. ഗുരുതരാവസ്ഥയിലുള്ളവരെയും കൊണ്ട് എറണാകുളത്തെയോ കോലഞ്ചേരിലെയോ സ്വകാര്യ ആശുപത്രിയികളിലേക്ക് പോകണം.
മൂന്നാറിൽ നിന്ന് 120 കിലോമീറ്റർ ദൂരമുണ്ട്, എറണാകുളത്തിനും കോട്ടയത്തിനും. നാലു മണിക്കൂർ ദൂരം.

ഇടുക്കിയിലെ ജനങ്ങൾക്ക് മതിയായ ആരോഗ്യ പരിരക്ഷയൊരുക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണിത്. ഇവിടെ, വൈദ്യസഹായം ലഭിക്കാതെ മരിച്ച പാവങ്ങളുടെ കണക്കെടുക്കേണ്ടതാണ്. ഓരോ വർഷവും ആയിരങ്ങൾ വരും, അത്.
3. തെയിലത്തോട്ടങ്ങളിൽ മുൻപ് മലയിടിച്ചിലോ മണ്ണൊലിപ്പോ ഉണ്ടായിട്ടില്ലത്രേ. ഇപ്പോൾ എന്തുകൊണ്ടുണ്ടായി എന്നത് പഠന വിഷയമാക്കേണ്ടതാണ്. മറ്റിടങ്ങളിൽ അശാസ്ത്രീയവും അനധികൃതവുമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ദുരന്തം വിതയ്ക്കുന്നത്. അതിനുത്തരവാദികളായവർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. സർവ്വ രാഷ്ടീയകക്ഷിക്കാരും മത സംഘടനകളും വെട്ടിപ്പിടുത്തത്തിലും കൈയ്യേറ്റത്തിലും ഇവിടെ ഒറ്റകൈയ്യാണ്.
4. ഉദ്ഘാടനത്തിന് തൊട്ടു മുൻപ് , 2018 ആഗസ്റ്റ് 16 ന്, മലയിടിച്ചിലിൽ ഒലിച്ചു പോയ മൂന്നാർ ഗവ: കോളേജ് നിന്നിടത്ത് ഈ കാലവർഷത്തിൽ വെള്ളച്ചാട്ടം രൂപപ്പെട്ടിട്ടുണ്ട്. ഇതിനും, സമാന നിർമ്മാണ പ്രവർത്തനങ്ങൾക്കും അനഎഎുമതി നൽകിയവർക്കെതിരെ എന്തു നടപടിയെടുത്തു എന്നും ചർച്ച ചെയ്യേണ്ടതാണ്.
2018 ലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇടുക്കി ജില്ലയിലെ പാരിസ്ഥിതിക ദുർബല പ്രദേശങ്ങൾ അടയാളപ്പെടുത്തി, എന്തുകൊണ്ട് അടിയന്തിര പരിഹാര നടപടികൾ സ്വീകരിച്ചില്ല?'

കരിപ്പൂരിനോട് എന്നും അലംഭാവം

കരിപ്പൂർ വിമാനദുരന്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ടേബിൾ ടോപ്പ് റൺവേ, മോശം കാലാവസ്ഥ തുടങ്ങിയ അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. കാരണം കണ്ടെത്താൻ അന്വേഷണം നടക്കേണ്ടതുണ്ട്. അതിനുമുമ്പ് നിഗമനത്തിൽ എത്തിച്ചേരുന്നതിനെ വിമർശിക്കുകയാണ് വൈശാഖൻ തമ്പി: ‘ഒരു എയർക്രാഫ്റ്റ് അപകടം നടന്നാൽ അതിന്റെ കാരണം കണ്ടെത്തുക എന്നത് മാസങ്ങൾ മുതൽ വർഷങ്ങൾ വരെ നീളുന്ന ഒരു പ്രക്രിയയാണ്. സാങ്കേതികമാണോ, നിയന്ത്രണത്തിന്റെയാണോ,മാനേജുമെന്റിന്റെയാണോ, കാലാവസ്ഥയുടേതാണോ എന്നിങ്ങനെ എന്തൊക്കെ ഘടകങ്ങൾ എങ്ങനൊക്കെ പ്രവർത്തിച്ചു എന്ന് സൂക്ഷ്മമായി പരിശോധിച്ചാണ് അത് ചെയ്യുക. പക്ഷേ നമ്മളിവിടെ ഒറ്റ രാത്രി കൊണ്ട് റിപ്പോർട്ടടിച്ച് പ്രിന്റിങ് തുടങ്ങിക്കഴിഞ്ഞു!'
കരിപ്പൂർ വിമാനത്താവളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അലംഭാവം ദുരന്തത്തിന്റെ ആക്കംകൂട്ടിയിട്ടുണ്ടെന്ന വിമർശനമാണ് മൻസൂർ പറമേൽ ഉന്നയിക്കുന്നത്: ‘ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വിദേശ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന എയർപ്പോർട്ടുകളിൽ ഒന്നാവും കോഴിക്കോട് എയർപ്പോർട്ട്, പൂർണമായും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള എയർപ്പോർട്ട്. അതിനെ ഏങ്ങനെ ആണ് കേന്ദ്രം നശിപ്പിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇന്ന് കണ്ടത്. ദുരന്തം നടന്ന ഇടത്ത് രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ.! ലോകത്ത് ഒരു വിമാനത്താവളത്തിലും ഈ ഗതി ഉണ്ടാവില്ല, എല്ലായിടത്തും മിനിമം ഒരു വിമാനം അപകടത്തിലാവുമ്പോൾ ചെയ്യേണ്ട സംവിധാനങ്ങൾ മൊത്തം ഉണ്ടാവും. കുറഞ്ഞത് ഇരുപതോ മുപ്പതോ ആമ്പുലൻസും രക്ഷാ ദൗത്യത്തിന് വേണ്ട മുഴുവൻ ഫയർ ഏന്റ് റസ്‌ക്യൂ ടീമും. ബാക്കി സംവിധാനങ്ങൾ മുഴുവനും ഉണ്ടാവും. ദുബായിൽ വർഷങ്ങൾക്ക് കേരളത്തിൽ നിന്ന് പോയ വിമാനം തീ പിടിച്ചത് ഓർമയില്ലേ.? ഒറ്റയാളെ ഒഴിയാതെ ഫയർ ഏന്റ് റസ്‌ക്യൂ പ്രൊഫഷണൽസ് രക്ഷപ്പെടുത്തി എടുത്തു. അതാണ് രീതിയും, അല്ലാതെ വിമാനം റൺവെയിൽ ആപകടത്തിലായാൽ മതില് പൊളിച്ച് നാട്ടുകാരെ കൊണ്ട് രക്ഷാപ്രവർത്തനം നടത്തൽ ഒരിടത്തും കാണില്ല.'

വിദ്വേഷം, വ്യാജവാർത്ത

മുമ്പെങ്ങുമില്ലാത്ത തരത്തിൽ കേരളം ദുരന്തങ്ങളെ അഭിമുഖീകരിക്കുന്ന, ഈ മഹാമാരിയുടെ ഭീതിക്കിടയിലും മറ്റൊന്നും പ്രതീക്ഷിക്കാതെ, മനുഷ്യർ സഹജീവികൾക്കുവേണ്ടി മുന്നോട്ടുവരുന്ന ഈ ഘട്ടത്തെയും വിദ്വേഷ പ്രചരണത്തിനുള്ള സുവർണാവസരമാക്കിമാറ്റാൻ ശ്രമിക്കുന്നവരെയും സോഷ്യൽ മീഡിയ വിമർശിക്കുന്നുണ്ട്. വിഷ്ണു വിജയൻ എഴുതുന്നു: ‘കോഴിക്കോട് ഇന്നലെ രാത്രി സംഭവിച്ച വിമാനാപകടത്തെ തുടർന്ന് കേരളത്തോടും, മലയാളികളോടും സ്വതവേ തുടർന്ന് പോരുന്ന, അതിലുപരി ഇസ്ലാമോഫോബിയ മുദ്രാവാക്യം എന്നപോലെ നിരന്തരം ഛർദ്ദിക്കുന്ന മലപ്പുറം അഥവാ ജിഹാദിസ്ഥാൻ എന്ന ഉത്തരേന്ത്യൻ സംഘ് നരേറ്റീവ് ഇന്നലെ രാത്രി മുതൽ ട്വിറ്ററിൽ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ‘ആ നൂറ്റി മുപ്പത് കോടിയിൽ ഞങ്ങൾ ഇല്ല' എന്ന് ആവർത്തിച്ചു പറഞ്ഞതിന് ലഭിച്ച ശിക്ഷയാണ് ഇതെന്ന് പോലും ഈ നെറികെട്ട കൂട്ടർ പടച്ചു വിടുന്നുണ്ട്. കോവിഡ് കാലത്ത് ക്ലീനിംഗ് ജോലി ചെയ്യുന്ന സ്ത്രീകളെ ഫ്ളാറ്റിന്റെ ഗെയ്റ്റിന് പുറത്ത് നിർത്തി പരസ്യമായി അധിക്ഷേപിക്കുന്ന ജാതി വിവേചനം കാണിക്കുന്ന, ചത്ത പശുവിന്റെ മാസത്തിന് നൽകുന്നതിന്റെ നൂറിൽ ഒരംശം ജീവിച്ചിരിക്കുന്ന മനുഷ്യന് നൽകാത്തവരുടെ ജല്പനങ്ങളാണ്. അവരെ തന്നെ രൂപപ്പെടുത്തി നിലനിർത്തി പോരുന്ന അവരുടെ ഭാഷയാണ്.
ഇവിടെ കോല് കറക്കി നടക്കുന്ന, വെറുപ്പ് മാത്രം മൂന്ന് നേരം ഉരുവിട്ടു കഴിയുന്ന, പ്രൈം ടൈം ഡിബൈറ്റിലെ അവരുടെ തന്നെ വെറുപ്പിന്റെ വിദക്തൻമാർ പടച്ചുണ്ടാക്കി വിടുന്ന നരേറ്റീവ് വാട്സ്ആപ് യൂണിവേഴ്‌സിറ്റി വഴി നേരം പുലരും വരെ ഫോർവേഡ് ചെയ്യുന്നവർ മുതൽ, അത് ഏറ്റെടുത്ത് ഉത്തരേന്ത്യൻ സംഘ് നുണ ഫാക്ടറി വഴി ഇസ്ലാമോഫോബിയ ചേർത്ത് കേരളത്തിനും, മലപ്പുറത്തിനും എതിരെ കിട്ടുന്ന തക്കത്തിൽ എല്ലാം ദേശീയ തലത്തിൽ ഹെയ്റ്റ് ക്യാംപെയ്ൻ നടത്തുന്ന കൂട്ടർക്ക് ഒരിക്കലും, മനസിലാക്കാൻ കഴിയാത്ത തിരിച്ചറിയാൻ കഴിയാത്ത ജീവിതരീതിയുടെ, ഇടപെടലുകളുടെ അടയാളപ്പെടുത്തലാണ് മേൽപ്പറഞ്ഞ മനുഷ്യർ, മലപ്പുറം അഥവാ, മനുഷ്വത്വം....'
ഈ ദുരന്തസമയത്ത് കേരളത്തിലെ മാധ്യമങ്ങൾ കാണിച്ച ജാഗ്രതക്കുറവും വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. ചാനലുകൾ തമ്മിലുള്ള മത്സരത്തിനിടയിൽ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ വരെ മറന്നുകൊണ്ടുളള റിപ്പോർട്ടിങ്ങാണ് നമ്മൾ കഴിഞ്ഞദിവസം കണ്ടത്. മൂവായിരത്തോളം പേർ മരണപ്പെട്ട 25000ത്തോളം പേർക്ക് പരുക്കേറ്റ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ പരുക്കുപറ്റിയവരുടെയൊന്നും ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇവിടെ പരുക്കേറ്റവരുടെ സ്വകാര്യത മാനിക്കാതെ , ഇത്തരം ദൃശ്യങ്ങൾ പരുക്കേറ്റവരുടെ ബന്ധുക്കളെ, കുട്ടികളടക്കമുള്ള കാഴ്ചക്കാരെ ഏതുതരത്തിൽ ബാധിക്കുമെന്ന് ചിന്തിക്കാതെയുളള റിപ്പോർട്ടിങ്ങാണ് കണ്ടത്. ഇതുമായി ബന്ധപ്പെട്ട് സുനിൽ പി.കെയുടെ നിരീക്ഷണങ്ങൾ പ്രസക്തമാണ്- ‘ഓരോ സെൻസേഷണൽ വാർത്തകൾ ഉണ്ടാകുമ്പോഴും നേരത്തേ വാർത്ത എത്തിക്കാനായി പായുമ്പോൾ നേരിനെ ചവിട്ടി പുറമ്പോക്കിലാക്കുകയാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ !
"അഞ്ചു ഡാമുകൾ തുറന്നു ' എന്നത് ‘അഞ്ചു ഡാമുകൾ തകർന്നു ' എന്നായിപ്പോയത് മനോരമയിലെ നിഷയ്ക്ക് പറ്റിയ ഒരു നാക്കു പിഴയായി കണക്കാക്കാം.
പക്ഷേ ആകെ ഇരുപത് ലായങ്ങൾ ഉള്ളിടത്ത് നാലുവരികളിലായി എൺപത് ലായങ്ങൾ മണ്ണിനടിയിലായി എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് തിരുത്തപ്പെടേണ്ട തെറ്റു തന്നെയാണ്. ഏറെ ഹൃദയ ഭേദകമായ ഒരു ദുരന്തത്തെ ഇനിയും പർവ്വതീകരിക്കുന്നത് അതിലും വലിയ ദുരന്തമാണ്.
തകർന്ന വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരിൽ നാൽപ്പത് പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു എന്ന വാർത്ത ചില ചാനലുകൾ നൽകിയിരുന്നു. അത് തെറ്റാണെന്ന് ആരോഗ്യ മന്ത്രി തന്നെ പിന്നീട് വെളിപ്പെടുത്തി.
ബ്രേക്കിംഗ് ന്യൂസുകൾ തകർക്കുന്നത് സ്വന്തം വിശ്വാസ്യതയാണെന്ന് മാധ്യമങ്ങൾ എന്നാണ് മനസ്സിലാക്കുക ? ബ്രേക്കിംഗ് ന്യൂസുകൾ തകർക്കുന്നത് ആകെ തകർന്നിരിക്കുന്നവരുടെ ഹൃദയങ്ങളെയാണ് എന്ന് ഇവർ എന്നാണ് തിരിച്ചറിയുക! ഏറ്റവുമൊടുവിൽ സുരക്ഷിതയായിരിക്കുന്ന ഒരു കുഞ്ഞിന്റെ മരണവും സ്‌ക്രോൾ ആക്കി ആഘോഷിക്കുന്നു അവർ. പേരും വയസ്സും എല്ലാം എഴുതിക്കാണിച്ചു കൊണ്ട് ...
ഈ ദുരന്തങ്ങളിൽ സ്വന്തക്കാരോ സുഹൃത്തുക്കളോ ആരും നഷ്ടപ്പെടാത്തവർ പോലും മനസ്സിൽ പ്രാർത്ഥനയോടെ ശോകമൂകരായി ഇരിക്കുകയാണ്.
അപ്പോഴാണ് ഉറ്റവരെപ്പറ്റി ആധികൊള്ളുന്നവരുടെ മനസ്സിലേക്ക് നിങ്ങൾ വെടി മരുന്ന് നിറച്ച് തീക്കൊള്ളി എറിയുന്നത്.'


Summary: മൂന്നാറിലെ പെട്ടിമലയിലും കരിപ്പൂർ വിമാനത്താവളത്തിലുമുണ്ടായ രണ്ട്​ അപകടങ്ങൾ, ദുരന്തങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ വലിയ പാഠങ്ങൾ കൂടിയാണ്​ അവശേഷിപ്പിക്കുന്നത്​. ഒൗദ്യോഗിക സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും കരുതലുകളുടെയും കരുതലില്ലായ്​മകളുടെയും ചില സാക്ഷ്യങ്ങൾ ഇതാ...


Comments