1989-90 കാലത്ത് എടയാർ വ്യവസായ മേഖലയിൽ പ്രവർത്തനമാരംഭിച്ച രാസവ്യവസായ സ്ഥാപനമാണ് കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈയിൽസ് ലിമിറ്റഡ് (സി.എം.ആർ.എൽ). മൂവാറ്റുപുഴ പുല്ലുവഴി സ്വദേശി ശശിധരൻ കർത്തയാണ് ഉടമ. നമ്മുടെ തീര പ്രദേശങ്ങളിൽ നിന്ന് സമൃദ്ധമായി ലഭിക്കുന്ന കരിമണലിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഇൽമനൈറ്റ് എന്ന ധാതുവിനെ കൽക്കരി ഉപയോഗിച്ച് ചൂടാക്കി പരുവപ്പെടുത്തുന്നു. ഇത് ഡൈജസ്റ്റിറിൽ ഹൈഡ്രോക്ലോറിക് ആസിഡുമായി ചേർത്ത് ലീച്ച് ചെയ്യും. ലീച്ചു ചെയ്യുമ്പോൾ അയേൺ ഓക്‌സൈഡുകൾ അയേൺ ക്ലോറൈഡുകളായി മാറും. തുടർന്ന് ഇൽമനൈറ്റ് വെള്ളമുപയോഗിച്ച് കഴുകി കാർബൺ കണങ്ങളെ നീക്കുന്നതിന് കാൽസിനേഷൻ (കുമ്മായം) പ്രക്രിയക്ക് വിധേയമാക്കും. ശേഷം തണുപ്പിച്ച് അരിച്ചെടുത്ത് സിന്തറ്റിക് റൂട്ടൈയിൽ വിപണനത്തിന് തയ്യാറാവും.
അതോടൊപ്പം ഫെറിക് ക്ലോറൈഡിനായി ക്ലോറിനേറ്റ് ചെയ്ത് Fluoroethylene carbonate (FEC|2) ആക്കുന്നു. ബാക്കി വരുന്ന ലീച്ച് ദ്രാവകവും പ്ലാന്റ് കഴുകുന്ന വെള്ളവും വീണ്ടും ഫിൽട്ടർ ചെയ്ത് ടൈറ്റാനിയം ഡൈഓക്‌സൈഡ് വീണ്ടെടുക്കുന്നു. ശേഷം ഈ വെള്ളത്തെ കുമ്മായം ഉപയോഗിച്ച് ന്യൂട്രലൈസ് ചെയ്ത് അയേൺ ഹൈഡ്രോക്‌സൈഡാക്കി (cemox) മാറ്റുന്നു. പ്രതിദിനം 140 ടൺ സിന്തറ്റിക് റൂട്ടൈലും 34 ടൺ ഫെറിക് ക്ലോറൈഡും 70 ടൺ ഫെറസ് ക്ലോറൈഡും 75 ടൺ അയേൺ ഹൈഡ്രോക്‌സൈഡും ഉല്പാദിപ്പിക്കുന്ന CMRL- ൽ 14,74,000 ലിറ്റർ ജലം പ്രതിദിനം പെരിയാറിൽ നിന്നെടുക്കുകയും 6,59,000 ലിറ്റർ മലിനജലം പെരിയാറ്റിലേക്ക് ഒഴുക്കുകയും ചെയ്യുന്നു.
2022-നകം സീറോസിസ് ചാർജ് കൈവരിക്കാൻ
2005-ൽ സുപ്രീംകോടതി നിരീക്ഷണസമിതിയും 2012-ൽ മലിനീകരണ നിയന്ത്രണബോർഡും (പി.സി.ബി) ദേശീയ ഹരിത ട്രൈബ്യൂണലും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ കമ്പനി ഇതുവരെ പാലിച്ചിട്ടില്ല.
1993-94 കാലത്താണ് CMRL ഉല്പാദനം തുടങ്ങുന്നത്. ഉല്പാദനപ്രക്രിയക്കിടയിൽ രണ്ടു ഉപോൽപന്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഒന്ന്, ഫെറിക് ക്ലോറൈഡും മറ്റൊന്ന് ഫെറസ് ക്ലോറൈഡും. ഫെറിക് ക്ലോറൈഡ് ജലശുദ്ധീകരണ പ്രക്രിയയിൽ ഉപയോഗിക്കുന്നു. ഇത് വിദേശത്തും സ്വദേശത്തും നല്ല ഡിമാന്റുളള ഉല്പന്നമാണ്. അതേസമയം ഫെറസ് ക്ലോറൈഡ് അമ്ലത കൂടിയ അപകടകരങ്ങളായ മാലിന്യത്തിന്റെ പരിധിയിൽ വരുന്ന രാസമാലിന്യമാണ് (ഹസാർഡ്സ് വേസ്റ്റ്). ഇത്തരം അപകടകരങ്ങളായ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിർമാർജനം ചെയ്യുന്നതിനും 2003 ഒക്ടോബർ 14ന് സുപ്രീം കോടതി കൃത്യമായ മാനദണ്ഡം പ്രഖ്യപിച്ചിട്ടുണ്ട്.
2004- ൽ സുപ്രീംകോടതി നിരീക്ഷണസമിതി കേരളം സന്ദർശിച്ച വേളയിൽ CMRL- ലും പരിശോധന നടത്തിയിരുന്നു. അതിൽ, കമ്പനിയിലെ മലിനീകരണ നിയന്ത്രണ സംവിധാനം അപര്യാപ്തമാണെന്ന് കണ്ടെത്തുകയും അപകടകരങ്ങളായ മാലിന്യങ്ങളെ സംബന്ധിച്ച നിയമങ്ങൾ നഗ്‌നമായി ലംഘിച്ചതായും കണ്ടെത്തി. നടപടിയെടുക്കാൻ PCB- യോട് ശുപാർശയും ചെയ്തു.
1995 മുതൽ CMRL കമ്പനി രാസമാലിന്യം തള്ളി പെരിയാറിനെ ഗുരുതരമായി മലിനീകരിച്ചുകൊണ്ടിരുന്നു. 1994 മുതൽ മാസങ്ങളോളം പെരിയാർ ചുവന്നൊഴുകിയിട്ടുണ്ട്. 1998 ആകുമ്പോഴേക്കും മലിനീകരണം പാരമ്യത്തിലായി. 2017 വരെ ഇത് ആവർത്തിച്ചു. ഇപ്പോഴും ഇടക്കിടെ അവരുടെ അംഗീകൃത കുഴലിലൂടെയും അല്ലാതെയും മാലിന്യം തള്ളുന്നുണ്ട്.
രാസവിഷം രാത്രി
പെരിയാറിലേക്ക്
പച്ചനിറത്തിലുള്ള, അങ്ങേയറ്റം അസിഡിക്കായ ഘനലോഹങ്ങളടങ്ങിയ ഫെറസ് ക്ലോറൈഡ് മാലിന്യം രാത്രിയുടെ മറവിൽ പെരിയാറിലേക്ക് തള്ളപ്പെടുന്നു. വെള്ളത്തിലെ ഓക്‌സിജനുമായി പ്രവർത്തിക്കുമ്പോൾ ജലത്തിന് നിറം മാറ്റം സംഭവിക്കുകയും സൂര്യരശ്മിയുടെ തീക്ഷ്ണതക്കും ചരിവിനും അനുസരിച്ച് ചുവപ്പ്, ബ്രൗൺ നിറങ്ങളിൽകാണപ്പെടുകയും ചെയ്യും. ലെഡ്, കാഡ്മിയം സിങ്ക്, ക്രോമിയം, നിക്കൽ, മാംഗനീസ്, ഇരുമ്പ് തുടങ്ങിയ ഘനലോഹങ്ങളങ്ങിയ ഈ മാലിന്യം പെരിയാറിന്റെ ആവാസവ്യവസ്ഥ തകർക്കാൻ ശേഷിയുള്ളതാണ്.
ചുവന്നൊഴുകലിൽ ഇടവേളകൾ വന്നതും ഇപ്പോൾ വളരെ കുറഞ്ഞതും സുപ്രീംകോടതി നിരീക്ഷണ സമിതിയുടെയും പ്രാദേശിക പരിസ്ഥിതി കമ്മിറ്റിയുടെയും പെരിയാർ മലിനീകരണ സമിതിയടക്കമുള്ളവരുടെയും ശക്തമായ ഇടപെടലിനുശേഷമാണ്. ഇതിനിടയിൽ പെരിയാറിന്റെ തീരത്ത് വലിയ പോണ്ടുണ്ടാക്കി ഫെറസ് ക്ലോറൈഡ് അടങ്ങിയ മാലിന്യം കുന്നു കൂട്ടാനും തുടങ്ങി. ഇപ്പോൾ അത് ഏക്കറുകണക്കിന് വിസ്തൃതിയിൽ, മൂന്നു മീറ്റർ ഉയരമുള്ള വലിയ മാലിന്യ ഡാമായി മാറിയിരിക്കുന്നു. അപകടകരങ്ങളായ മാലിന്യങ്ങളുടെ പരിധിയിൽ വരുന്ന ഈ രാസമാലിന്യകൂമ്പാരം ഒഴിവാക്കാൻ CMRL ആദ്യം മുതലേ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. എടയാറിൽ പ്രവർത്തിച്ചിരുന്ന കൊച്ചിൻ കെമിക്കൽസിന്റെ ഉടമയുടെ സഹായത്താൽ ഫെറസ് ക്ലോറൈഡ് മറ്റു കമ്പനികളുടെ വ്യവസായ മാലിന്യങ്ങൾ സംസ്‌കരിക്കാനുളള ഒറ്റമൂലിയായി അവതരിപ്പിച്ച് എടയാറിലും കേരളത്തിന്റെ പല ഭാഗങ്ങളിലും കച്ചവടം ചെയ്യുന്നത് പ്രദേശിക പരിസ്ഥിതി കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഈ കമ്പനിയോട് വിശദീകരണം ചോദിച്ചതോടെ കൊച്ചിൻ കെമിക്കൽ ആ പരിപാടി അവസാനിപ്പിക്കുകയായിരുന്നു.
2007-2008 കാലത്താണ് ഇതേ മാലിന്യം പമ്പയിലെ ഞുണങ്ങാർ ശുദ്ധീകരിക്കാൻ CMRL- ഉം PCB ഉദ്യോസ്ഥരും ചേർന്ന് തീരുമാനിക്കുന്നത്. കമ്പനികളുടെ ഏതുതരം നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കുന്നവരാണ് PCB യിലെ ഉദ്യോഗസ്ഥ സംവിധാനം. അതുകൊണ്ടാണ് അപകടകരങ്ങളായ മാലിന്യങ്ങളുടെ പരിധിയിൽ വരുന്ന ഫെറസ് ക്ലോറൈഡ് എന്ന രാസമാലിന്യം ഉപയോഗിച്ചുള്ള പമ്പാ ശുചീകരണത്തിന് PCB കൂട്ടുനിന്നത്. ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തരുടെ മലമൂത്രവിസർജ്യങ്ങളുടെ ആധിക്യം നിമിത്തം പമ്പയാറും പരിസര പ്രദേശങ്ങളും ഗുരുതരമായി മലിനീകരിക്കപ്പെടുകയും പമ്പയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് 2000 മുതൽ രണ്ടു ലക്ഷ വരെയെന്ന അത്യപകടകരമായ നിലയിലാകുകയും ചെയ്യും. ഇതിനു പരിഹാരമെന്ന നിലയിലാണ് ഞുണങ്ങാറിൽ തടയണകൾ സ്ഥാപിച്ച് CMRL കമ്പനിയുടെ മാലിന്യമായ ഫെറസ് ക്ലോറൈഡ് ഉപയോഗിച്ച് പമ്പാ ശുചീകരണം തുടങ്ങിയത്. എന്നാൽ ഈ നീക്കത്തെ അന്നത്തെ ആരോഗ്യ വകുപ്പു സെക്രട്ടറിയായിരുന്ന ഡോ. ബിശ്വാസ് മേത്ത എതിർത്ത് വിയോജനക്കുറിപ്പെഴുതി.
തുടർന്ന് ദ ഹിന്ദു അടക്കമുള്ള മാധ്യമങ്ങൾ പരമ്പരകൾ എഴുതി. ഇതേതുടർന്ന് സി.പി.ഐയുടെ പരിസ്ഥിതി കമ്മിറ്റി ഇതേക്കുറിച്ച് പഠിക്കാൻ ജേക്കബ്ബ് വി. ലാസറിനെയും പി. പ്രസാദിനെയും ചുമതലപ്പെടുത്തി. അതിനെ തുടർന്ന് സി.പി.ഐ നേതാവും പരിസ്ഥിതിപ്രവർത്തകനുമായ ആർ. അജയൻ ചെയർമാനും കൊച്ചി യൂണിവേഴ്‌സിറ്റിയിലെ ഡോ. ചന്ദ്രമോഹൻ കുമാർ കൺവീനറുമായി കമ്മറ്റി രൂപീകരിച്ചു. അഡ്വ. പി.കെ. ഇബ്രാഹിം, ഡോ. എ. ലത, ഡോ. തോമസ് പി. തോമസ്, ജേക്കബ്ബ് വി. ലാസർ, പുരുഷൻ ഏലൂർ, വി. എൻ. ഗോപിനാഥപിള്ള തുടങ്ങിയവരെ കമ്മറ്റിയംഗങ്ങളാക്കി പഠനകമ്മറ്റിയെ നിയോഗിച്ചു. വസ്തുതാ പഠനസംഘം പമ്പ സന്ദർശിച്ച് ഞുണങ്ങാറിലെ തടയണകളും സംസ്‌കരണ സംവിധാനങ്ങളും പരിശോധിച്ചു. ഞുണങ്ങാറിൽ നിന്നും വനപ്രദേശത്ത് മാലിന്യം നിക്ഷേപിച്ച കുഴികളിൽ നിന്നും സാമ്പിൾ ശേഖരിച്ച് എറണാകുളത്തെ അംഗീകൃത ലാബിൽ പരിശോധിച്ചു. ഈ പരിശോധനാഫലമനുസരിച്ച് പമ്പയിൽ ഉപയോഗിച്ച ഫെറസ് ക്ലോറൈഡിൽ ഘനലോഹ സാന്നിധ്യം അധികരിച്ച തോതിലാണെന്ന് കണ്ടെത്തി. പമ്പയിൽനിന്ന് രണ്ട് സാമ്പിളുകളാണ് ശേഖരിച്ചത്. അതിൽ ലെഡ് 67.35 mg/kg, കാഡ്മിയം 2.10 mg/kg, സിങ്ക് 97.80 mg/kg, മാംഗനീസ് 158.81 mg/kg, ഇരുമ്പ് 32016.98 mg/kg, ക്രോമിയം 85.81 mg/kg വീതം കണ്ടെത്തി.
രണ്ടാം സാമ്പിളിൽ ലെഡ് 31.68 mg/kg, കാഡ്മിയം 1.65 mg/kg, സിങ്ക് 104. 3 mg/kg, മാംഗനീസ് 153.82 mg/kg, ഇരുമ്പ് 10338.5 mg/kg, ക്രോമിയം 60.76 mg/kg വീതം കണ്ടെത്തി. പഠനസംഘത്തിന്റെ കണ്ടെത്തലുകൾ സംസ്ഥാന സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഫെറസ് ക്ലോറൈഡ് ഉപയോഗിച്ചുള്ള പമ്പാ ശുചീകരണം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി.
യഥാർത്ഥത്തിൽ പമ്പയിലെ മലിനീകരണത്തിന്റെ പ്രധാന പ്രശ്‌നം കോളിഫോം ബാക്ടീരിയുടെ അധിക്യമാണ്. കോളിഫോം ബാക്ടീരിയ ഇല്ലാതാകണമെങ്കിൽ ക്ലോറിനോ കുമ്മായം പോലുള്ള ഡിസ് ഇൻഫെക്ടന്റ് കപ്പാസിറ്റിയുളള വസ്തുവോ പ്രയോഗിക്കണം. എന്നാൽ ഫെറസ് ക്ലോറൈഡ് വെറുമൊരു കൊയാഗുലന്റ് മാത്രമാണ് (ഊറൽ പ്രക്രിയക്ക് സഹായിക്കുന്ന വസ്തു.) അതുപയോഗിച്ച് രോഗകാരിയായ ബാക്ടീരിയയെ ഇല്ലാതാക്കാൻ കഴിയില്ല. അപ്പോൾ പമ്പയിൽ പ്രയോഗിച്ചതോ? അതിന് പ്രത്യേകിച്ച് ഉത്തരമൊന്നും PCB- യുടെ കൈയിലില്ല. CMRL പറഞ്ഞു, ബോർഡു ചെയ്തു, അത്രമാത്രം.
പെരിയാർ എന്തുകൊണ്ടാണ് ചുവന്നൊഴുകുന്നതെന്ന ജനങ്ങളുടെയും മലിനീകരണ വിരുദ്ധ സമിതിയുടെയും ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിശദീകരണങ്ങൾ വളരെ രസകരമാണ്. പെരിയാറിന്റെ അടിത്തട്ടിലെ ഇളക്കങ്ങളാണ് ഒരു കാരണമായി അവർ പറഞ്ഞത്. രണ്ടാമത്തേത്, നദിയുടെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ റെഡ് എർത്ത് വേലിയേറ്റ സമ്മർദ്ദത്താലും മറ്റും കലങ്ങി ചുമന്നൊഴുകുന്നുവെന്നാണ്.
അതേസമയം, 2006-2011 കാലത്ത് പെരിയാർ ചുവന്നൊഴുകുന്നതുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഏലൂരിലെ PCB സർവൈലൻസ് സെന്റർ മേധാവി ഡി. ചിത്രാകുമാരി ഇതിന്റെ കാരണങ്ങളെക്കുറിച്ച് ‘റിഗാർഡിംഗ് ഡിസ്‌കളറേഷൻഓഫ് പെരിയാർ റിവർ’ എന്ന പഠന റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.
CMRL കമ്പനിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഈ റിപ്പോർട്ടിൽ പെരിയാർ ചുമന്നൊഴുകാനുളള കാരണങ്ങൾ അക്കമിട്ടു നിരത്തുന്നുണ്ട്. 2011- ൽ തന്നെ ഈ റിപ്പോർട്ട് വിവരാവകാശ നിയമത്തിലൂടെ ഏലൂർ ഓഫിസിൽ നിന്ന് ഞങ്ങൾ വാങ്ങിയിരുന്നു. കൂടാതെ ജില്ലാ - സംസ്ഥാന ഓഫിസിൽ നിന്ന് റിപ്പോർട്ടിന്റെ പകർപ്പും RTI നിയമപ്രകാരം വാങ്ങിയിരുന്നു.
എന്നാൽ, 2017- ൽ ഈ റിപ്പോർട്ട് ഞാൻ വ്യാജമായി സൃഷ്ടിച്ചതാണെന്നുപറഞ്ഞ് CMRL കമ്പനി മാനേജ്‌മെന്റിനു വേണ്ടി ചീഫ് ജനറൽ മാനേജർ വരാപ്പുഴ പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. 120 B, 193 196, 468, 471, 34 IPC തുടങ്ങിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്. ഞാൻ താമസിക്കുന്ന ഏലൂർ നഗരസഭാ പരിധിയിൽ വരുന്ന ഏലൂർ പൊലീസ് സ്റ്റേഷനിലോ CMRL- ന്റെ സ്റ്റേഷൻ പരിധിയായ ബിനാനിപുരം സ്റ്റേഷനിലോ എന്തുകൊണ്ട് പരാതി നൽകിയില്ല എന്നത് ഗൗരവതരമായ കാര്യമാണ്. പകരം, വരാപ്പുഴ സ്റ്റേഷനിൽ കേസ് കൊടുത്തതിനുപിന്നിൽ CMRL മാനേജ്‌മെന്റും പൊലിസും PCB-യും ചേർന്ന് വലിയ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നുവേണം കരുതാൻ. ഡി. ചിത്രാകുമാരിയുടെ റിപ്പോർട്ട് ഓഫീസുകളിൽനിന്ന് മാറ്റിയാൽ പുരുഷൻ ഏലൂരിനെ ട്രാപ്പു ചെയ്യാനാവുമെന്നാണ് ഗൂഢസംഘം കണക്കുകൂട്ടിയത്.
2011 ആഗസ്റ്റ് 12ന് പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റീജ്യണൽ ഓഫിസിൽ ചേർന്ന പെരിയാർ മലിനീകരണ വിരുദ്ധ സമിതിയുടെയും ട്രേഡു യൂണിയനുകളുടെയും സംയുക്തയോഗത്തിലും ഈ റിപ്പോർട്ടിന്റെ പകർപ്പ് PCB ചെയർമാൻ ഉൾപ്പെടെ എല്ലാവർക്കും നൽകിയിരുന്നു. അന്ന് അത് എല്ലാവരും വായിച്ചുനോക്കി ചിലരെല്ലാം റിപ്പോർട്ട് വസ്തുതാപരമായി കൃത്യമാണെന്നും കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു. പിന്നീടാണ് ഈ റിപ്പോർട്ട് വ്യാജമായി സൃഷ്ടിച്ചതാണെന്ന് വരുത്തിത്തീർക്കാനുള്ള അണിയറനീക്കം PCB, പോലീസ്, ട്രേഡു യൂണിയൻ നേതൃത്വവും കമ്പനി ഉടമയും ചേർന്ന് നടത്തുന്നത്. അതിനായി ഈ റിപ്പോർട്ടിന്റെ കോപ്പികളും മറ്റും PCB ഓഫിസുകളിൽനിന്ന് നശിപ്പിക്കുകയാണ് ആദ്യം ചെയ്തത്. അതിനു മുമ്പുതന്നെ ഞങ്ങൾ അതിന്റെ പകർപ്പുകൾ വിവിധ ഓഫിസുകളിൽ നിന്ന് എടുത്തിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഏതാണ്ട് രണ്ട് മാസത്തിലധികം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
കേസന്വേഷണത്തിന്റെ ഭാഗമായി സമർപ്പിച്ച കുറ്റപത്രം നോക്കിയാലറിയാം, ഗൂഢാലോചനയുടെ ആഴം. മലിനീകരണ നിയന്ത്രണ ബോർഡിലെ ഒരു എൻവയോൺമെന്റ് മേധാവി തയ്യാറാക്കിയ പഠനറിപ്പോർട്ട് ഇല്ല എന്ന് സ്ഥാപിച്ചെടുക്കാൻ ബോർഡിലെ വിട്ടുപോയവരും അല്ലാത്തവരുമായ എത്ര ആളുകളെക്കൊണ്ടാണ് കള്ളമൊഴി കൊടുപ്പിച്ചിട്ടുളളതെന്ന് നോക്കുക. ആ കാലയളവിൽ ചെയർമാനായിരുന്ന കെ. സജീവൻ ഉൾപ്പെടെയുള്ളവർ ഈ ഗൂഢാലോചനയിൽ പങ്കാളികളാണ്. പെരിയാർ ചുവന്നൊഴുക എന്ന സമസ്യക്ക് ഒദ്യോഗികമായി ഉത്തരം കണ്ടെത്തിയ ഒരു ഉദ്യോഗസ്ഥയോട് CMRL-നുവേണ്ടി എത്ര മോശമായാണ് പെരുമാറിയത്. അതിനുവേണ്ടി എത്ര പേരെക്കൊണ്ടാണ് കള്ളം പറയിച്ചത്. ഈ കേസ് വൃത്തിയായി അന്വേഷിച്ചാൽ പല ഗൂഢാലോചനകളും പുറത്തുകൊണ്ടുവരാനും വമ്പന്മാരുടെ മാസപ്പടിവാതിലുകൾ തുറക്കാനും കഴിയും.
CMRL- നു വേണ്ടി
PCB ചെയർമാൻ നേരിട്ട് രംഗത്ത്
2016- ൽ PCB- യുടെ ഏലൂർ സർവീലൻസ് സെന്റർ മേധാവിയായിരുന്ന തൃദീപ് കുമാർ CMRL കമ്പനി പെരിയാറ്റിലേക്ക് ഫെറസ് ക്ലോറൈഡ് മാലിന്യം ഒഴുക്കുന്നത് കണ്ടെത്തി. തുടർന്ന് അസിസ്റ്റന്റ് എഞ്ചിനീയറെക്കൊണ്ട് സാമ്പിൾ എടുപ്പിപ്പ് പരിശോധനക്കശേഷം കമ്പനിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. തന്റെ ഉത്തരവാദിത്വം നിറവേറ്റിയ ഉദ്യോഗസ്ഥനെ അഭിനന്ദിക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടിയിരുന്നത്. എന്നാൽ തൃദീപ് കുമാറും ‘ജനജാഗ്രത’ പ്രവർത്തകരായ ഷെബീറും ഇക്ബാലും ചേർന്ന് ഗൂഢാലോചന നടത്തിയാണ് പെരിയാറിലേക്ക് മാലിന്യം തള്ളുന്നതെന്ന് പറഞ്ഞു കൊണ്ട് PCB ചെയർമാൻ സജീവൻ കമ്പനിക്കു വേണ്ടി ബിനാനിപുരം സ്റ്റേഷനിൽ പരാതി നൽകി. മാത്രമല്ല, സാമ്പിളെടുത്ത അസിസ്റ്റന്റ് എഞ്ചിനീയർക്ക് കാഴ്ചക്കുറവുണ്ടെന്നും സജീവൻ മൊഴി നൽകി. CMRL കൊടുക്കുന്ന പണത്തിന്റെ തെളിവു കൂടിയായിരുന്നു ഈ സംഭവം.
ഒരു കമ്പനിക്ക് പ്രവർത്താനനുമതി നൽകുമ്പോൾ ആ കമ്പനിയുടെ ഉല്പാദനപ്രക്രിയ അടിസ്ഥാനമാക്കി ജലമലിനീകര നിയന്ത്രണനിയമ (1974) പ്രകാരം, പുറത്തുവിടാവുന്ന രാസമാലിന്യങ്ങളുടെ എണ്ണവും അളവും നിശ്ചയിച്ച് പാരാമീറ്ററുകൾ നൽകും. ഇതുപ്രകാരം CMRL കമ്പനിക്കുള്ള പാരാമീറ്ററുകൾ ഇങ്ങനെയായിരുന്നു:
പി.എച്ച്- 6- 8.5, സസ്‌പെന്റഡ് സോളിഡ്- 30, ഓയിൽആന്റ് ഗ്രീസ്-10, ഹെക്‌സവലന്റ് ക്രോമിയം-0.1, ടോട്ടൽ ക്രോമിയം-2, മാംഗനീസ്-2, നിക്കൽ- 2, ടൈറ്റാനിയം-5, കോപ്പർ-2, സിങ്ക്-5, കാസ്മിയം-0. 2, മെർക്കുറി-0.01, ലെഡ്-0.1, സൈനൈഡ്-0.2, ടോട്ടൽഹെവി മെറ്റൽസ്-7.
എന്നാൽ 2007- ൽ 15 പാരമീറ്ററുകളിൽ പ്രധാനപ്പെട്ട മൂന്നെണ്ണം എടുത്തുകളഞ്ഞ് 12 ആക്കി ചുരുക്കി. 2011- ൽ 12ൽനിന്ന് അഞ്ചാക്കി ചുരുക്കി. അതായത് അപകടകരങ്ങളായ മാലിന്യങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ ഘനലോഹങ്ങളും എടുത്തുമാറ്റി CMRL- നെ സുരക്ഷിതമാക്കി. ഈ പാരാമീറ്ററുകൾ എടുത്തുകളഞ്ഞതോടെ അവരുടെ മാലിന്യത്തിൽ ഘനലോഹങ്ങൾ എത്ര അളവിൽ കണ്ടെത്തിയാലും പ്രവർത്തനാനുമതിപത്രത്തിൽ ഇല്ലാത്ത മാലിന്യത്തിന് അവർ ഉത്തരവാദികളാകില്ലല്ലോ. അങ്ങനെ ആസൂത്രിതമായാണ് PCB, CMRL- നെ രക്ഷിച്ചെടുക്കുന്നത്. അതേസമയം CMRL- ന്റെ അതേ പ്രവർത്തനങ്ങൾ നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആന്റ് മെറ്റൽസ് (KMML) എന്ന സ്ഥാപനത്തിന് ഇപ്പോഴും 12 പാരമീറ്ററുകൾ തന്നെയാണ് PCB നൽകിയിട്ടുള്ളത്. ഒരേ ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന രണ്ടു സ്ഥാപനങ്ങൾക്ക് രണ്ടു തരം പാരാമീറ്ററുകൾ എങ്ങനെയാണ് എന്ന ചോദ്യത്തിന്റെ ഉത്തരം അന്വേഷിക്കുമ്പോഴാണ് അത് എക്‌സലൻസ് അവാർഡുകളുടെ പിന്നാമ്പുറം കൂടിയാണെന്ന് ബോധ്യമാകുക.
എല്ലാ വർഷവും ജൂൺ 5-ന് പരിസ്ഥിതി ദിനത്തിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് അവാർഡ് നൽകാറുണ്ട്. 2006 മുതൽ 2016 വരെ CMRL ഒരു ഫസ്റ്റും 11 എക്‌സലൻസും അവാർഡുകൾ വാങ്ങിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനാകമ്മിറ്റിക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുത്തിട്ടാണ് അവാർഡു വാങ്ങിയിരുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് നിർണയ കമ്മിറ്റിയിൽ വരെ CMRL ഉടമ നേരിട്ടുചെന്ന് എക്‌സലൻസ് അവാർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. 2011 മുതൽ 2017 വരെ ചെയർമാൻ സ്ഥാനത്തിരുന്ന കെ. സജീവൻ CMRL- നുവേണ്ടി പ്രവർത്തിച്ചയാളാണ്. അതു കൊണ്ടുതന്നെ, ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ വിധിയുടെ പശ്ചാത്തലത്തിൽ PCB ചെയർമാനായിരുന്നയാളുടെ അഴിമതി കൂടി അന്വേഷിക്കേണ്ടതാണ്.
CMRL- നുവേണ്ടി ട്രേഡ് യൂണിയൻ - രാഷ്ട്രീയ കാവൽസംഘം
പെരിയാറിന്റെയും കുഴിക്കണ്ടം തോടിന്റെയും മലിനീകരണത്തിനെതിരെയുളള കേസുകളും സമരങ്ങളും ശക്തമായ ഘട്ടത്തിലാണ് CMRL മാനേജ്‌മെന്റ് ജനകീയ പ്രക്ഷോഭം മറികടക്കാൻ തങ്ങൾക്കുചുറ്റും രാഷ്ടീയ- ട്രേഡ് യൂണിയൻ- പോലീസ് ഉദ്യോഗസ്ഥ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചെടുത്തതത്.
2010- ഓടെ CMRL മാനേജ്‌മെന്റിനും ചുറ്റും എന്തിനും പോന്ന ട്രേഡ് യുണിയൻ- രാഷ്ടീയ സംഘബലം ഒരുങ്ങി. ഇവർക്കെല്ലാം രാഷ്ടീയബലത്തിന്റ അടിസ്ഥാനത്തിൽ ലോഭമില്ലാതെ പണം നൽകിയാണ് പരിസ്ഥിതി സമരങ്ങളെ തകർക്കാൻ പദ്ധതി ആവിഷ്‌കരിച്ചത്. ഏലൂർ- എടയാർ മേഖലയിലെ മറ്റു കമ്പനികൾക്കെതിരെ ആര്, എങ്ങനെ പ്രതിഷേധിച്ചാലോ പ്രതികരിച്ചാലോ ഈ കാവൽസംഘം അനങ്ങില്ല. മറിച്ച്, CMRL- നെതിരെ നോട്ടീസോ പോസ്റ്ററോ പതിച്ചാൽ പോലും ഇവർ സംഘടിതമായി എത്തി പ്രതിരോധിക്കും. CMRL പരിസരത്തോ പാതാളം പാലത്തിനുമുകളിലോ മാധ്യമപ്രവർത്തകർ എത്തിയാൽ പോലും കമ്പനിഗുണ്ടകൾ കയ്യേറ്റം ചെയ്യുമായിരുന്നു.
2010 മുതൽ പെരിയാർ മലിനീകരണവിരുദ്ധ സമിതിയെയും, വിശിഷ്യ, എന്നെയും ലക്ഷ്യമിട്ട് ട്രേഡ് യൂണിയൻ സ്റ്റാന്റിംഗ് കൗൺസിലിന്റെ നേതൃത്വത്തിൽ വേട്ടയാടൽ ആരംഭിച്ചു. 2011-ൽ പെരിയാർ മലിനീകരണം പഠിക്കാൻ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമീഷൻ CMRL മലിനീകരണവും അനധികൃത പൈപ്പുലൈനും പരിശോധിക്കാനെത്തി. പുഴയുടെ അടിത്തട്ടിലുള്ള പൈപ്പ് കണ്ടെത്താനുളള ശ്രമങ്ങൾ നടത്തുന്നതിനിടെ, CMRL തൊഴിലാളികൾ പ്രകോപനമില്ലാതെ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും പരിശോധന മുടക്കുകയും ചെയ്തു.
2011 മുതൽ ശശിധരൻ കർത്ത സ്‌പോൺസർ ചെയ്ത സമരങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. കേരളത്തിലുടനീളം ഈ ലേഖകനെതിരെ ബോർഡുകൾ സ്ഥാപിച്ചു. കലാകൗമുദിയിൽ അപസർപ്പക കഥകളെ വെല്ലുന്ന തരത്തിലുള്ള ഒരു ഡസനിലധികം ലേഖനങ്ങൾ വന്നിട്ടുണ്ട്. ബിഗ് ന്യൂസ്, കേരള കൗമുദിയുടെ ഫ്ലാഷ് തുടങ്ങിയ മഞ്ഞപ്പത്രങ്ങളിൽ ദിനംപ്രതി വാർത്തകൾ വീശി വരുമായിരുന്നു.
CMRL സംരക്ഷിക്കാനും ഖനനാനുമതിക്കുമായി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ കേരളത്തിലെ ഉന്നത രാഷ്ടീയനേതാക്കൾ പങ്കെടുത്തു. ആ മാർച്ചിനു ആവശ്യമായ പണം താനാണ് നൽകിയതെന്ന് കർത്ത തന്നെ ചാനലിൽ പറയുകയുണ്ടായി. 2012-ൽ ഏലൂരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിംകുഞ്ഞ്, വി. മുരളീധരൻ, ടി.പി. പീതാംബര കുറുപ്പ് തുടങ്ങിയ രാഷ്ട്രീയനേതാക്കൾ പങ്കെടുത്ത മനുഷ്യച്ചങ്ങല നടന്നു.
പിണറായി വിജയനും രമേശ് ചെന്നിത്തലയും അടക്കമുളള ഉന്നത രാഷ്ടീയനേതാക്കൾ പങ്കെടുക്കേണ്ട എന്തടിയന്തര വിഷയമായിരുന്നു അന്നുണ്ടായിരുന്നത്? ഒന്നുമില്ല, CMRL മാനേജ്‌മെന്റ് ആവശ്യപ്പെട്ടു, നേതാക്കൾ പങ്കെടുത്തു. ശരിക്കും വ്യവസായ സംരക്ഷണമായിരുന്നില്ല, കർത്താ സംരക്ഷണമായിരുന്നു ലക്ഷ്യം.
CMRL- ന്റെ പണക്കൊഴുപ്പിൽ മയങ്ങിയ ട്രേഡ് യൂണിയൻ സ്റ്റാന്റിംഗ് കൗൺസിൽ എനിക്കെതിരെ വ്യാപകമായ കള്ളപ്പരാതികൾ നൽകുകയുണ്ടായി. അതിൽ, സംസ്ഥാന സർക്കാർ നടത്താൻ പോകുന്ന എമർജിംഗ് കേരള പരിപാടിക്ക് മുമ്പായി കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് പ്രഖ്യാപിക്കാനുതകുന്ന പ്രവർത്തനങ്ങളുണ്ടാകണമെന്നും അതിന്റെ ഭാഗമായി കേരളത്തിലും ഏലൂരിലും പ്രവർത്തിക്കുന്ന കപട പരിസ്ഥിതിവാദികളെ സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്റിംഗ് കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻ നേതാക്കളൾ ക്രൈംബ്രാഞ്ച് പോലിസിനടക്കം വിവിധ തലങ്ങളിൽ പരാതി നൽകി.
പരാതിൽ പുരുഷൻ ഏലൂർ, കടങ്ങല്ലൂർ പഞ്ചായത്ത് 17-ാം വാർഡ് മെമ്പറും കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ കെ.ജി. ജോഷി എന്നിവർക്കെതിരെ ‘സിമി’ ബന്ധമാരോപിച്ച് മൊഴി നല്കി. അതിങ്ങനെയായിരുന്നു: ‘സിമി’ ക്യാമ്പുകൾ സ്ഥിരമായി നടക്കാറുള്ള പാനായിക്കുളം, എരമം മേഖലകളിൽ നടന്ന വിവിധ യോഗങ്ങളിൽ ഞങ്ങൾ ഇരുവരും പങ്കെടുത്തിട്ടുണ്ട്. മൊഴിയുടെ സാധു കരണത്തിന് അഞ്ചു ഫോട്ടോകളും നൽകി. ഇന്ത്യൻ ദേശീയ പതാകയിൽ പട്ടി തൂറുന്ന ചിത്രം, ദേശീയ പതാക കൊണ്ട് കഴുതയെ പുതപ്പിച്ച് അതിൽ ബൂട്ടിട്ട് ചവിട്ടുന്ന ചിത്രം, ഐ ലവ് യു പാക്കിസ്ഥാൻ എന്ന ചിത്രം, ഇടതുപക്ഷ പ്രവർത്തകനും ഗൾഫിൽ ജോലി ചെയ്യുന്നയാളുമായ മുഹമ്മദാലിയുടെ ചിത്രം, പിന്നെ പുരുഷൻ ഏലൂരിന്റെ ഫെയ്‌സ് ബുക്ക് പ്രൊഫൈൽ ചിത്രം- ഇവയാണ് ക്രൈംബ്രാഞ്ചിന് ‘സിമി’ ബന്ധത്തിന്റെ തെളിവായി നൽകിയത്. ഇതുപ്രകാരം എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. വർഗീസ്, എന്നെ എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു.
ദേശീയ പതാകയെ അപമാനിക്കുന്നതടക്കമുള്ള ചിത്രങ്ങൾ എന്റേതല്ലന്നും അവർ വ്യാജമായി സൃഷ്ടിച്ചതാണെന്നും ഞാൻ പറഞ്ഞു. 30 വർഷത്തിലധികമായി (2011- ലാണ് മൊഴി നൽകിയത് ) യുക്തിവാദി- ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യുന്ന എന്നെ ഇസ്‍ലാമിക തീവ്രവാദസ്ഥാനവുമായി ബന്ധപ്പെടുത്തിയതിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് ഞാൻ മൊഴി നൽകി. പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുകയും പരിസ്ഥിതിയെ തകർക്കുകയും പെരിയാറിനെ അതിഭീകരമായി മലിനീകരിക്കുകയും ചെയ്യുന്നവരെ തുറന്നു കാട്ടുന്നവരെ തീവ്രവാദികളെന്നും വിദേശ ചാരന്മാരെന്നും മുദ്രകുത്തി കള്ളക്കേസിൽ കുടുക്കുന്ന ഫാഷിസ്റ്റ് പ്രവണത ഇടതുപക്ഷത്തിൽ നിന്നുണ്ടാകുന്നത് നീതീകരിക്കാനാകില്ല.
മാവോയിസ്റ്റ് ചാപ്പയും
2012 - 13 ലാണ് ട്രേഡ് യൂണിയൻകാർ ഉൾപ്പെട്ട ഉപജാപകസംഘം എനിക്ക് മാവോയിസ്റ്റ് ചാപ്പ കുത്തിത്തന്നത്. അതിനായി അവർ നിരന്തരം ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു. വയനാട്ടിലെ ഞങ്ങളുടെ സ്ഥലത്ത് അവർ താമസിച്ച് അപസർപ്പക കഥകൾ എഴുതി. പിന്നീടൊരു ദിവസം വയനാട്ടിൽ സ്ഥലമുള്ള, പെരിയാർ മലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി പ്രവർത്തകനുമായി മാവോയിസ്റ്റ് പ്രവർത്തകൻ രൂപേഷ് ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും അയാൾക്കുവേണ്ടി വയനാട്ടിലുള്ള സ്ഥലത്ത് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു എന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ മുൻപേജിൽ വാർത്ത വന്നു.
അറസ്റ്റ് അടക്കമുളള കാര്യങ്ങളിൽനിന്ന് അന്ന് എന്നെ രക്ഷിച്ചത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. ഞാനും സി.ആർ. നീലകണ്ഠനും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതിനെ തുടർന്ന് അപ്പോൾ തന്നെ അദ്ദേഹം ഡി.ജി.പിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് അറസ്റ്റ് ഒഴിവാക്കുകയായിരുന്നു. ഇങ്ങനെ നിരവധി ഉപജാപങ്ങൾ CMRL കമ്പനി മാനേജ്‌മെന്റ് നടത്തിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലമായാണ് ഉന്നത രാഷ്ട്രീയനേതാക്കൾക്കും ട്രേഡു യൂണിയൻകാർക്കും പൊലിസ്- PCB ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും അടക്കം, ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് വിധിയിൽ പറഞ്ഞതുപോലെ, CMRL മാനേജ്‌മെന്റ് കോടികൾ വാരിക്കോരി കൊടുത്തത്.