ഈ യുഗത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികളിൽ ഒന്നായി ഇലക്ട്രോണിക് മാലിന്യം മാറിയിരിക്കുകയാണ്. പേഴ്സണൽ കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ടിവികൾ, ബാറ്ററികൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ദ്രുതഗതിയിൽ ഉപയോഗശൂന്യമാകുകയും ക്രമാതീതമായ അളവിൽ മാലിന്യമായി മാറുകയും ചെയ്യുന്നു. ഇത് ലോകമെമ്പാടും ഉപേക്ഷിക്കപ്പെടുന്ന ആകെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അളവിൽ വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. ടെക്നോളജിയുടെ നവീകരണം, ഉൽപ്പന്നങ്ങളുടെ ആയുസ്സ് കുറയുന്നത്, ഉപഭോക്തൃ സംസ്കാരത്തിന്റെ മാറ്റം എന്നിവ ഇതിന് പ്രധാന കാരണനങ്ങളാണ്. ഈ മാലിന്യത്തിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ (ലെഡ്, മെർക്കുറി, കാഡ്മിയം തുടങ്ങിയവ) മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നതിൽ തർക്കമില്ല. ആത്യന്തികമായി ഒരു മനുഷ്യജീവിക്ക് ജീവിക്കുവാൻ ആവശ്യമായ ശുദ്ധ വായു , ശുദ്ധ ജലം, മലിനമുക്തമായ പരിസ്ഥിതി എന്നിവയിളുള്ള അടിസ്ഥാന അവകാശം എന്നും യുക്തിസഹമായിതന്നെ സമൂഹം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഈ ഉപകരണങ്ങൾ കൊണ്ട് മനുഷ്യ ജീവിതത്തിന്റെ പ്രയാസം കുറയ്ക്കാൻ സാധിക്കുന്നുണ്ടെങ്കിലും മറുവശത്ത് ഉയർന്നുവരുന്ന ഇലക്ട്രോണിക് മാലിന്യത്തിന്റെ ഭീഷണി മനുഷ്യരെയും ജീവജാലങ്ങളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നത്. അതിനാൽ, ഇ-വേസ്റ്റ് മാനേജ്മെന്റിനായുള്ള കർശനമായ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും, പുനരുപയോഗ ടെക്നോളജികളുടെ പ്രോത്സാഹനം, ഉൽപ്പന്ന നിർമ്മാതാക്കളുടെ സാമൂഹ്യ ഉത്തരവാദിത്തം (EPR - Extended Producer Responsibility) എന്നിവ ഒരു ലോക കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഏകീകരണത്തോടെ നടപ്പിലാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.
മുമ്പ് ഇ-വേസ്റ്റ് ശേഖരണം ഭരണകൂടങ്ങൾക്ക് താരതമ്യേന കൈകാര്യം ചെയ്യാവുന്നതായിരുന്നു. എന്നാൽ സമീപ ദശകങ്ങളിൽ, മാലിന്യത്തിന്റെ തോത് ക്രമാതീതമായി കൂടി വന്നു. 1994-നും 2003-നും ഇടയിൽമാത്രം ഏകദേശം 500 ദശലക്ഷം പേഴ്സണൽ കമ്പ്യൂട്ടറുകൾ മാത്രം അവയുടെ ഡ്യൂറബിലിറ്റിയുടെ അവസാനത്തിലെത്തി എന്ന് കണക്കാക്കപ്പെട്ടു. ഈ ട്രെന്റ് പിന്നീടുള്ള കാലഘട്ടങ്ങളിൽ വർധിക്കുകയാണുണ്ടായത്. 2004-ൽ 100 ദശലക്ഷത്തിലധികം PCകളും കണക്കെടുക്കാൻ സാധിക്കാത്ത തോതിലുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും പ്രവർത്തനം ലോകമെമ്പാടും നിലച്ചു. ഇന്ന്, മുനിസിപ്പൽ ഖരമാലിന്യത്തിന്റെ ഏകദേശം 8% ഇ-മാലിന്യമാണ്, ഇത് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മാലിന്യഘടകങ്ങളിൽ ഒന്നായി മാറുന്നു.

ഇ-വേസ്റ്റിൽ സ്വർണ്ണം, ചെമ്പ്, അപൂർവ ലോഹങ്ങൾ പോലുള്ള വിലയേറിയ വസ്തുക്കളും വിഷ പദാർത്ഥങ്ങളുമെല്ലാം അടങ്ങിയിരിക്കുന്നു. ഇത് റീസൈക്കിളിങ്ങിലൂടെ സാമ്പത്തികമായി വീണ്ടെടുക്കാൻ കഴിയുമെങ്കിലും അനുചിതമായി കൈകാര്യം ചെയ്യുന്നത് കാരണം മനുഷ്യന്റെ ആരോഗ്യത്തിനും ആവാസവ്യവസ്ഥയ്ക്കും ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, ഇ-വേസ്റ്റിൽ കാണപ്പെടുന്ന മെർക്കുറി, കാഡ്മിയം തുടങ്ങിയ അപകടകരമായ ലോഹങ്ങൾ പരിസ്ഥിതിയിലും മനുഷ്യരുടെ ആരോഗ്യത്തിനും ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നു. ഈ അപകടസാധ്യതകൾ ഉണ്ടായിട്ടും ഇ-വേസ്റ്റിൻറെ ഭൂരിഭാഗവും, പ്രത്യേകിച്ച് നിയന്ത്രണ ചട്ടക്കൂടുകൾ ദുർബലമോ ഇല്ലാത്തതോ ആയ വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ പ്രോസസ്സ് ചെയ്യപ്പെടുന്നു എന്നത് അതീവ ആശങ്കാജനകമാണ്.
ആഗോളതലത്തിൽ ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളുടെ അതിർത്തി കടന്നുള്ള കൈമാറ്റം ഇ-വേസ്റ്റ് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. അപകടകരമായ മാലിന്യ കയറ്റുമതി നിയന്ത്രിക്കുന്ന ഒരു പ്രധാന ഉടമ്പടിയായ ബാസൽ കൺവെൻഷന് കീഴിൽ ഇ-വേസ്റ് അപകടകരവും നിയന്ത്രണങ്ങൾക്ക് വിധേയവുമാണെന്ന് വിലയിരുത്തുന്നുണ്ട്. എന്നിരുന്നാലും ഒരേ സമയം ഇതിന്റെ നിയമവിരുദ്ധവും അനിയന്ത്രിതവുമായ കയറ്റുമതി തുടരുകയും ചെയ്യുന്നു.
ഈ മാലിന്യ പ്രതിസന്ധി പരിഹരിക്കുന്നതിന് രാജ്യങ്ങൾക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ വികസിപ്പിക്കൽ, ദേശീയ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തൽ, പരിസ്ഥിതി സൗഹൃദ പുനരുപയോഗ രീതികൾ പ്രോത്സാഹിപ്പിക്കൽ, പൊതുജന അവബോധം വളർത്തൽ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് ആവശ്യമാണ്. വിഭവ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ശേഖരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സുരക്ഷിതമായ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ അനൗപചാരിക മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളും ഇവിടെ അനിവാര്യം തന്നെ.

ഇ-മാലിന്യത്തിന്റെ ഭൂപടം
AI-യുടെ വരവോട് കൂടി ലോകം വലിയ തോതിൽ ഡിജിറ്റൽ പരിവർത്തനത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിന്റെ വിപരീതഫലം എന്നോണം ഉയർന്നുവരുന്ന പ്രധാന പ്രശ്നമാണ് ഇ-വേസ്റ്റ്. പുതിയതും കുറഞ്ഞ വിലയുള്ളതുമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വൻതോതിലുള്ള പ്രചാരവും ഈ വസ്തുക്കളുടെ ചുരുങ്ങിയ ആയുസ്സും റിപെയർ ചെയ്യാൻ കഴിയാത്ത തരത്തിലുള്ള നിർമാണവും ലോകമെമ്പാടുമുള്ള ഇ-വേസ്റ്റ് ഉയർത്തുകയാണ് ചെയ്യുന്നത്.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള Global E-Waste Monitor 2024 കണക്ക് പ്രകാരം, 2022-ൽ ലോകം ആകെ ഉത്പാദിപ്പിച്ച ഇ-വേസ്റ്റ് 62 ബില്ല്യൺ കിലോഗ്രാമാണ്. ഇതിൽ ശരാശരി ഓരോ വ്യക്തിയും പുറം തള്ളിയത് എന്ന് പറയപ്പെടുന്നത് 7.8 കിലോഗ്രാമോളമാണ്. അതിൽ വെറും 22.3 ശതമാനമായ 13.8 ബില്ല്യൺ കിലോഗ്രാം മാത്രമേ ഔദ്യോഗികമായി ശേഖരിച്ച് പരിസ്ഥിതി സൗഹാർദ്ധപരമായി പുനരുപയോഗ വിധേയമാക്കിയിട്ടുളളൂ.
ഇതേ റിപ്പോർട്ട് പ്രകാരം സൂചിപ്പിച്ച ആകെ ഇ-വേസ്റ്റിൽ 31 ബില്ല്യൺ കിലോഗ്രാം ലോഹങ്ങളും, 17 ബില്ല്യൺ കിലോഗ്രാം പ്ലാസ്റ്റിക്കും, 14 ബില്ല്യൺ കിലോഗ്രാം മറ്റ് വസ്തുക്കളും ഉൾക്കൊള്ളുന്നുവെന്ന് പറയുന്നു. ഇതിൽ ഏറ്റവും കൂടുതൽ പുനരുപയോഗിക്കപ്പെട്ടത് ഇരുമ്പ് പോലുള്ള ലോഹങ്ങളാണ്, ശേഷം ഗോൾഡ്, പ്ലാറ്റിനം, പോലുള്ള വിലയേറിയ ലോഹങ്ങളുമുണ്ട്. എന്നാൽ റെയർ എർത്ത് എലമെന്റുകൾ (REEs) പോലുള്ള ഘടകങ്ങളുടെ പുനരുപയോഗം ലോകത്ത് 1% വരെ മാത്രമാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് പ്രധാന കാരണം ഇവയുടെ റിസൈക്ലിങ്ങ് പ്രോസസ്സിനുള്ള സാമ്പത്തിക സാധ്യതയുടെ കുറവാണ്. 2022-ൽ ഉത്പാദിപ്പിച്ച ഇ-വേസ്റ്റിന്റെ സാമ്പത്തിക മൂല്യം മൊത്തമായി കണക്കാക്കുമ്പോൾ അത് ഏകദേശം 91 ബില്ല്യൺ യുഎസ് ഡോളറാണ്, ഇതിൽ വെറും 28 ബില്ല്യൺ ഡോളറിന്‍റെ മെറ്റലുകൾ മാത്രമാണ് പുനരുപയോഗത്തിന് എത്തിയത് എന്ന് സാരം.
ഇ-വേസ്റ്റ് നിയന്ത്രണത്തിൽ നിയമപരമായ മാനദണ്ഡങ്ങൾ തീർത്തും അവതാളത്തിലാണ് എന്ന് പറയേണ്ടി വരും. കാരണം, 2023-ന്റെ അവസാനം വരെയായി, വെറും 81 രാജ്യങ്ങൾക്കാണ് ഇ-വേസ്റ്റ് മാനേജ്മെന്റ് സംബന്ധിച്ച നയം, നിയമം അല്ലെങ്കിൽ റെഗുലേഷൻ നിലവിലുണ്ടായിരുന്നത്. അതിൽ 67 രാജ്യങ്ങൾ മാത്രമാണ് നിർമ്മാതാക്കളുടെ ദീർഘകാല ഉത്തരവാദിത്വം (Extended Producer Responsibility - EPR) ഉൾക്കൊള്ളിച്ചിട്ടുള്ളത്.

യൂറോപ്പിൽ ഓരോ വ്യക്തിയും പ്രതിവർഷം ശരാശരി 17.6 കിലോഗ്രാം ഇ-വേസ്റ്റ് ഉത്പാദിപ്പിക്കുകയും അതിൽ 7.53 കിലോഗ്രാം ശേഖരിക്കപ്പെടുകയും ചെയ്യുന്നു (42.8% ശേഖരണ നിരക്ക്). അതേ സമയം ആഫ്രിക്കയിൽ ശരാശരി ഉത്പാദനം 2.5 കിലോഗ്രാമോളമാണ്, എന്നാൽ അതിൽ ശേഖരിക്കുന്നതാവട്ടെ വെറും 0.018 കിലോഗ്രാമാണ്. 2022-ൽ ഏകദേശം 5.1 ബില്ല്യൺ കിലോ ഇ-വേസ്റ്റ് രാജ്യങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 65 ശതമാനവും നടന്നിട്ടുള്ളത് ഉന്നത വരുമാനമുള്ള രാജ്യങ്ങളിൽ നിന്നും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്കാണ്. അനിയന്ത്രിതമായ, രേഖപ്പെടുത്താത്ത അന്തർദേശീയ കച്ചവടം ആയിരുന്നു ഇതെന്ന് Global E-Waste Monitor 2024 റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
ആഗോള ഇ-വേസ്റ്റ് ഡംപിങ്: ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും
യൂറോപ്പ്, അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങൾ ഏറ്റവുമധികം ഇ-മാലിന്യങ്ങൾ സൃഷ്ടിക്കുന്ന രാജ്യങ്ങളാണ് (Forti et al., 2020). എന്നാൽ ഈ രാജ്യങ്ങളിൽ പരിസ്ഥിതി നിയമങ്ങൾ കർശനവും റിസൈക്ലിംഗ് ചെലവുകൾ കൂടിയതുമായതിനാൽ, മാലിന്യ സംസ്‌കരണത്തിന്റെ സാമ്പത്തിക ഭാരം ഒഴിവാക്കാൻ വേണ്ടി ഇവർ മാലിന്യം ദരിദ്രരാജ്യങ്ങളിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കുമെല്ലാം കൈമാറുകയാണ് ചെയ്യുന്നത്. ഇതിൽ ഇന്ത്യ, ഘാന, നൈജീരിയ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളെല്ലാം ഉൾപ്പെടുന്നു.
ഏഷ്യയിലെ ഇന്ത്യ, ചൈന, ബംഗ്ലാദേശ്, പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളാണ് ഇന്ന് പ്രധാന ഡംപിംഗ് കേന്ദ്രങ്ങളായി മാറുന്നത്. ആഫ്രിക്കയിലെ ഘാനയിലെ അഗ്ബോഗ്‌ബ്ലോഷി (Agbogbloshie) ലോകത്തിലെ ഏറ്റവും വലിയ ഇ- വേസ്റ്റ് ഡംപ് സൈറ്റുകളിലൊന്നാണ്. ഇവിടെ വർഷം തോറും 250,000 ടൺ വേസ്റ്റ് തള്ളപ്പെടുന്നു (Feldt et al., 2014). ഇത്തരത്തിലുള്ള സ്ക്രാപ്പ് യാർഡുകളിൽ കമ്പ്യൂട്ടറുകൾ, മൊബൈലുകൾ, ടെലിവിഷനുകൾ തുടങ്ങി പഴയ ഉപകരണങ്ങൾ ടൺ കണക്കിനാണ് എത്തുന്നത്. തുടർന്ന് അവയിൽ നിന്ന് വെള്ളി, സ്വർണം, കോപ്പർ തുടങ്ങിയ വിലപിടിച്ച ലോഹങ്ങൾ വേർതിരിക്കുകയാണ് തൊഴിലാളികൾ ചെയ്യുന്നത്. എന്നാൽ ഇതിന് പിന്നിൽ വലിയ പരിസ്ഥിതിനാശവും ആരോഗ്യവിപത്തും മറഞ്ഞിരിക്കുന്നു.
ഗ്വുയുവും അഗ്ബോഗ്‌ബ്ലോഷിയും
തെക്കുകിഴക്കൻ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമായ ഗ്വുയു ലോകത്തിലെ ഏറ്റവും വലിയ ഇ-മാലിന്യ കേന്ദ്രമായും ആഗോളതലത്തിൽ രണ്ടാമത്തെ ഏറ്റവും മലിനമായ സ്ഥലമായും ലോക ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുപ്രസിദ്ധമായ 'വിഷഗ്രാമം' എന്ന നിലയിൽ നിന്ന് കൂടുതൽ നിയന്ത്രിതവും പരിസ്ഥിതി സൗഹൃദവുമായ പ്രവർത്തനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമെന്ന നിലയിൽ ഇതിന്റെ ചരിത്രം ഇന്ന് ഏറെ സങ്കീർണ്ണമാണ്.
വ്യാപകമായി അശാസ്ത്രീയമായി നടക്കുന്ന പുനരുപയോഗ പ്രക്രിയകളുടെ ഫലമായി ഈ പ്രദേശം വലിയ തോതിലുള്ള ഇ-വേസ്റ് മലിനീകണം അനുഭവിക്കുന്നു. ഉപകരണങ്ങളിൽ നിന്നുമുള്ള ലോഹങ്ങൾ ലഭിക്കുന്നതിനായി ആസിഡ് ഉപയോഗിക്കുന്നതും ചെമ്പ് വീണ്ടെടുക്കുന്നതിനായി ഇലക്ട്രിക് വയറുകൾ കീറി മുറിക്കുന്നതും ഇത്തരം അശാസ്ത്രീയ രീതികളിൽ ഉൾപ്പെടുന്നു. ഈ രീതികൾ പരിസ്ഥിതിയിലേക്ക് അപകടകരമായ രാസവസ്തുക്കൾ പുറത്തുവിടുന്നു. ഇത് പരിസ്ഥിതിക്കും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്കും കാര്യമായ ഭീഷണി ഉയർത്തുന്നതാണ്.
അന്താരാഷ്ട്ര സമ്മർദ്ദത്തിന് വഴങ്ങിയും ആഭ്യന്തര പാരിസ്ഥിതിക വെല്ലുവിളികൾ കാരണവും ഗ്വുയുവിന്റെ ഇ-മാലിന്യ പുനരുപയോഗ വ്യവസായം നവീകരിക്കുന്നതിന് ചൈനീസ് സർക്കാർ 2013-ൽ കാര്യമായ ശ്രമങ്ങൾ ആരംഭിക്കുകയുണ്ടായി. ഗ്വുയു സർക്കുലർ ഇക്കണോമി ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കപ്പെട്ടു, ഇത് പ്രദേശത്തെ കുറഞ്ഞ സാങ്കേതികവിദ്യയും ഉയർന്ന മലിനീകരണവുമുള്ള പുനരുപയോഗ രീതികളെ നിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവും ഉയർന്ന സാങ്കേതികവിദ്യയുമുള്ള വ്യവസായമാക്കി മാറ്റാൻ ലക്ഷ്യമിട്ടു. ഈ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, ചൈന തങ്ങളുടെ ദേശീയ പാരിസ്ഥിതിക സാഹചര്യവും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിനായി 2017-ൽ വിദേശ മാലിന്യ ഇറക്കുമതിക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഇ-വേസ്റ്റുമായി ബന്ധപ്പെട്ട ആഗോള പ്രചാരണങ്ങൾക്ക് ഗ്വിയുവിന്റെ പരിവർത്തനത്തിൽ വലിയ സ്വാധീനമുണ്ടെന്ന് രാജ്യത്തിൻറെ നയപരമായ ഇടപെടലുകൾ അടിവരയിടുന്നുണ്ട്. ഗ്വിയുവിന്റെ പാരിസ്ഥിതികവും ആരോഗ്യപരവുമായ ആഘാതങ്ങൾ ലഘൂകരിക്കുന്ന കാഴ്ച പ്രശംസനീയമാണ്.
ഘാനയിലെ അക്രയിലുള്ള അഗബോഗ്ബ്ലോഷി, ലോകത്തിലെ ഏറ്റവും വലിയ അനൗപചാരിക ഇലക്ട്രോണിക് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വിഷലിപ്തമായ പത്ത് സ്ഥലങ്ങളിൽ ഒന്നായും ഈ പ്രദേശം അറിയപ്പെടുന്നു. ഇവിടെ വ്യക്തിഗതമോ പാരിസ്ഥിതികമോ ആയ സംരക്ഷണമില്ലാതെ പ്രാകൃതമായ രീതികളാണ് റീ സൈക്ലിങിന് അവലംബിക്കുന്നത്.

അഗബോഗ്ബ്ലോഷിയിലെ സ്ഥിതി സാമ്പത്തിക ആവശ്യകത, ഗുരുതരമായ പാരിസ്ഥിതിക തകർച്ച, പ്രത്യേകിച്ച് ലെഡ് എക്സ്പോഷർ കാരണം ഉണ്ടാകുന്ന ആഴത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ എന്നിവയുടെ ആകെ തുകയാണ്. 2019-ൽ ലോകമെമ്പാടും ഏകദേശം 53.6 ദശലക്ഷം ടൺ ഇ-മാലിന്യം ഉത്പാദിപ്പിക്കപ്പെട്ടു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു, അതിൽ 50-80% ഘാന പോലുള്ള രാജ്യങ്ങളിലാണ് എത്തുന്നത്. അതുകൊണ്ടുതന്നെ ഇ-വേസ്റ്റുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന്റെ പ്രധാന കേന്ദ്രം അഗബോഗ്ബ്ലോഷി തന്നെ എന്ന് പറയാം. ലളിതമായ ഉപകരണങ്ങൾ (ചുറ്റിക, സ്ക്രൂഡ്രൈവർ, കല്ലുകൾ) ഉപയോഗിച്ച് മാലിന്യം വേർപെടുത്തൽ, വിലയേറിയ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ കത്തിക്കൽ തുടങ്ങിയ അശാസ്ത്രീയ രീതികൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഈ രീതികൾ വിഷാംശമുള്ള പദാർത്ഥങ്ങളുടെ അപകടകരമായ മിശ്രിതങ്ങൾ വായുവിലേക്കും മണ്ണിലേക്കും ഭക്ഷണത്തിലേക്കും ജലസ്രോതസ്സുകളിലേക്കും പുറത്തുവിടുന്നു. ഗുരുതരമായ ആരോഗ്യകരമായ അപകടങ്ങൾ ഉണ്ടായിരുന്നിട്ടും, അരികുവൽക്കരിക്കപെട്ടവർ ആയതുകൊണ്ടുതന്നെ അഗബോഗ്ബ്ലോഷിയിലെ പല ഇ-മാലിന്യ തൊഴിലാളികളും തങ്ങളുടെ ഏക വരുമാനം കുറയുമോ എന്ന ഭയം കാരണം നിലവിലുള്ള രീതികൾ മാറ്റാൻ മടിക്കുകയാണ് ചെയ്യുന്നത്. ഇ-മാലിന്യം പുനരുപയോഗം ചെയ്യുന്നതിലൂടെ തങ്ങളുടെ സ്വദേശത്തെ മറ്റ് ജോലികളെ അപേക്ഷിച്ച് രണ്ടോ നാലോ ഇരട്ടി വരുമാനം ഇവർ നേടുന്നു എന്ന് Püschel et al., (2024) രേഖപ്പെടുത്തിയിട്ടുണ്ട്.
ചുരുക്കത്തിൽ വ്യാപകമായ അശാസ്ത്രീയ ഇ-മാലിന്യ പുനരുപയോഗം കാരണം അഗബോഗ്ബ്ലോഷി പരിസ്ഥിതിപരവും പൊതുജനാരോഗ്യപരവുമായ ഒരു പ്രധാന ആശങ്കയായി തുടരുന്നു. വ്യാപകമായ ലെഡ് മലിനീകരണം തൊഴിലാളികൾക്കും സമീപവാസികൾക്കും പ്രത്യേകിച്ച് കുട്ടികൾക്കും മറ്റും ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കുന്നു. സങ്കീർണ്ണമായ ഈ പ്രശ്നം പരിഹരിക്കുന്നതിനും ഇ-മാലിന്യത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും വേണ്ടി അടിയന്തര സംരക്ഷണ നടപടികളും നയപരമായ മാറ്റങ്ങളും അന്താരാഷ്ട്ര സഹകരണവും ഉൾക്കൊള്ളുന്ന ബഹുമുഖ സമീപനം വേണമെന്ന് അന്താരാഷ്ട്ര പഠനങ്ങൾ ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ സ്ഥിതി
ഇന്ത്യയിൽ ഇ-മാലിന്യത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ ശാസ്ത്രീയ സംവിധാനങ്ങൾ പരിമിതമാണെന്നാണ് IIT ഡൽഹിയിലെയും പോളണ്ടിലെ AGH യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ നിന്നും വ്യക്തമാകുന്നത്. രാജ്യത്തെ മൊത്തം ഇ-മാലിന്യത്തിൽ 95% വരെ അനൗപചാരിക മേഖലകളിൽ നിന്നാണ് ശേഖരിക്കപ്പെടുന്നതെന്നും സംസ്കരിക്കപ്പെടുന്നതെന്നും പഠനം പറയുന്നു. സീലാംപുർ (ഡൽഹി), റിച്ചി സ്റ്റ്രീറ്റ് (ചെന്നൈ), മാണിക്കം മാർക്കറ്റ് (കൊൽക്കത്ത), ലോഹാർ ചൗക്ക് (ലക്നൗ) തുടങ്ങിയ മേഖലകൾ ഇലക്ട്രോണിക് ചില്ലറ വിൽപ്പന, പുനരുപയോഗം, കച്ചവടം, വേർതിരിക്കൽ എന്നിവയുടെ പ്രധാന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
2020-ൽ മാത്രം ഇന്ത്യയിൽ 1.14 ദശലക്ഷം ടൺ ഇ-മാലിന്യം ഉൽപാദിപ്പിച്ചുവെന്നും അതിൽ അധികവും ശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്തിട്ടില്ലെന്നും ഈ പഠനത്തിലെ തന്നെ കണക്കിൽ നിന്നും വ്യക്തമാണ്. ഇതിൽ ഇറക്കുമതിയായി വരുന്നവയിൽ പലതും second-hand, repairable goods എന്ന പേരിലാണ് രാജ്യത്ത് എത്തുന്നത് എന്നാൽ അവയുടെ ഭൂരിഭാഗവും പ്രവർത്തനക്ഷമമല്ലാത്തവയുമാണ് (Sandwal et al., 2025).
ഇന്ത്യയിലെ ഇ-മാലിന്യ ക്രമീകരണരീതികളും നിലവിലെ നടപടികളും ഇപ്പോഴും നിരവധി വെല്ലുവിളികളെ നേരിടുകയാണ്. കേന്ദ്രത്തിലും സംസ്ഥാനതലങ്ങളിലും നടക്കുന്ന അഴിമതിയും, കൃത്യമായ നിരീക്ഷണയില്ലായ്മയും, നിയമങ്ങൾ കാറ്റിൽ പറത്തുന്ന പ്രവണതയും ഇതിന് കാരണങ്ങളാണ്. 2018-ലെ ഇ-വേസ്റ്റ് നിയമം 2023-ലും 2024-ലും പരിഷ്‌കരിക്കപ്പെട്ടെങ്കിലും ഇവ കൃത്യമായി നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. മൊബൈൽ, റഫ്രിജറേറ്റർ, ടെലിവിഷൻ എന്നിവയ്ക്കായി നിർമ്മാതാക്കൾക്ക് നിർബന്ധമായും Extended Producer Responsibility (EPR) നടപ്പിലാക്കണമെന്ന് നിയമം പറയുമ്പോഴും അതൊരു വാദമായി മാത്രം തുടരുന്നു. ഇൻഫോർമൽ മേഖലയുമായുള്ള പങ്കാളിത്തം ഉറപ്പാക്കി പുനസംസ്‌ക്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക, പൊതുജന ബോധവൽക്കരണം വർദ്ധിപ്പിക്കുക, കർശനമായ നിയമനിർമ്മാണവും അവയുടെ കാര്യക്ഷമമായ നടപ്പാക്കലുമാണ് ഇന്ത്യയിലെ പ്രതിസന്ധി പരിഹരിക്കാൻ ചെയ്യേണ്ടത്. ലോകത്തിന്റെ നാനാഭാഗത്തും നടക്കുന്ന ഇ-മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ആധുനിക ഉപഭോഗ ലോകത്തിന്റെ മറുവശമാണ് വെളിപ്പെടുത്തുന്നത്. വികസിത രാജ്യങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന ഉപയോഗശൂന്യ ഇലക്ട്രോണിക് ഉപകരണങ്ങൾ വികസ്വരരാജ്യങ്ങളിലേക്ക് എത്തുന്നത് തികച്ചും അനീതിയാണ്. പരിസ്ഥിതി മാനദണ്ഡങ്ങൾ കർശനമാക്കിയ വികസിത ലോകം അപകടകരമായ മാലിന്യങ്ങൾ അയക്കുന്നത് മോശം തൊഴിൽ അന്തരീക്ഷവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമെല്ലാം നേരിടുന്ന പ്രദേശങ്ങളിലേക്കാണ്. അത്തരം മേഖലകളിലെ ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങളും സാമൂഹിക സാമ്പത്തിക പ്രതിസന്ധികളും ഇത് സൃഷ്ടിക്കുന്നു. സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളും ഇല്ലാത്ത നിലയിൽ ഇ- വേസ്റ്റ് മാലിന്യം വേർതിരിക്കലും മറ്റും നടക്കുന്നത്.

ഈ സാഹചര്യം അഭിമുഖീകരിക്കാൻ സുരക്ഷിതമായ റീസൈക്ലിംഗ് മാർഗങ്ങൾ കൊണ്ടുവരുകയും തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം നൽകുകയും വേണം. മാത്രമല്ല, ഉപഭോഗ രാജ്യങ്ങൾ അവരുടെ ഇ-മാലിന്യ ഉത്പാദനത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. അഗ്ബോഗ്‌ബ്ലോഷിയുടെ ഇന്നത്തെ അവസ്ഥ, ഡിജിറ്റൽ വിപ്ലവം എന്ന പേരിൽ മനുഷ്യാവകാശങ്ങളും ആരോഗ്യവും എളുപ്പത്തിൽ മറവിക്കു വിധേയമാകുന്നത് നമ്മെ ഓർമ്മപെടുത്തുന്നു. ലോകത്തിന്റെ ആകെ ആധുനിക ഗതികൾക്ക് ഇരകളാകുന്നത് എന്നും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരാണ്, തൊഴിലാളികളാണ്. ലോകത്തിന്റെ നാനാഭാഗത്തും നടക്കുന്ന ഇ-മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ആധുനിക ഉപഭോഗ ലോകത്തിന്റെ മറുവശമാണ് വെളിപ്പെടുത്തുന്നത്. വികസിത രാജ്യങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന ഉപയോഗശൂന്യ ഇലക്ട്രോണിക് ഉപകരണങ്ങൾ വികസ്വരരാജ്യങ്ങളിലേക്ക് എത്തുന്നത് തികച്ചും അനീതിയാണ്.
References:
Sandwal, S. K., Jakhar, R., & Styszko, K. (2025). E-Waste Challenges in India: Environmental and Human Health Impacts. Applied Sciences, 15(8), 4350.
Hu, W. (2025). The unthinkable e-waste: Uncover the dual narrative of the afterlife of electronic devices in China. Inter-Asia Cultural Studies, 26(3), 552–564. https://doi.org/10.1080/14649373.2025.2489893
Püschel, P., Agbeko, K. M., Amoabeng-Nti, A. A., Arko-Mensah, J., Bertram, J., Fobil, J. N., Waldschmidt, S., Löhndorf, K., Schettgen, T., Lakemeyer, M., Morrison, A., & Küpper, T. (2024). Lead exposure by e-waste disposal and recycling in Agbogbloshie, Ghana. International Journal of Hygiene and Environmental Health, 252, Article 114375. https://doi.org/10.1016/j.ijheh.2024.114375
