ഇലക്​ട്രിക്​ വാഹന വിപ്ലവം പരിസ്ഥിതിക്ക്​ രക്ഷയോ ശിക്ഷയോ ?

2020 ആഗോള വാഹന വിപണിയ്ക്ക് മന്ദതയുടെ വർഷമായിരുന്നെങ്കിലും, ഇലക്​ട്രിക്​ വാഹന വിപണിക്ക് കുതിപ്പായിരുന്നു. 2020-ൽ ഇലക്​ട്രിക്​ കാർ വിൽപനയിൽ 16 ശതമാനത്തിന്റെ വർധനയുണ്ടായി. 2020-ൽ ഏറ്റവും കൂടുതൽ ഇലക്​ട്രിക്​ വാഹനങ്ങൾ വിൽക്കപ്പെട്ടത് യൂറോപ്പിലാണ്. ഏറ്റവും കൂടുതൽ ഇലക്​ട്രിക്​ വാഹനങ്ങൾ റോഡിലുള്ള രാജ്യം ചൈനയാണ്. 4.5 ദശലക്ഷം ഇലക്​ട്രിക്​ വാഹനങ്ങളാണ് ചൈനയിൽ ഓടുന്നത്. ഇന്ത്യയും ഇലക്​ട്രിക്​ വാഹന വിപ്ലവത്തിന്​ തയാറെടുക്കുകയാണ്​. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പകരം വൈദ്യുതി വാഹനങ്ങൾ വ്യാപകമാകുന്നത്​ പരിസ്​ഥിയെ സംബന്ധിച്ച്​ പ്രതീക്ഷിക്കുന്ന അത്ര ഗുണകരമാണോ?

ഹാമാരികൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കുമപ്പുറം, ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണെന്നത് ഇന്ന് എല്ലാവരാലും അംഗീകരിക്കപ്പെട്ട കാര്യമാണ്. ആഗോള താപനവും തത്ഫലമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും അതിഭീകരമായ അവസ്ഥാവിശേഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ലോകത്തുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾക്കെല്ലാം കാരണം കാലവസ്ഥാ വ്യതിയാനമാണെന്ന് നിസ്സംശയം പറയാം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന അന്താരാഷ്ട്ര സമിതിയായ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) അടുത്തിടെ പുറത്തുവിട്ട ആറാം അവലോകന റിപ്പോർട്ട് ഭാവിയെക്കുറിച്ച് ആശ്വാസകരമായ കാര്യമല്ല പങ്കുവെക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ സമ്മേളനമായ 26-ാമത് കോൺഫറൻസ് ഓഫ് പാർട്ടീസ് (COP 26) ബ്രിട്ടനിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്നതിന് മുന്നോടിയായാണ് IPCC റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതും വനനശീകരണവുമാണ് ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന പ്രധാന മനുഷ്യ പ്രവർത്തനങ്ങൾ. ഊർജാവശ്യത്തിനും മറ്റുമായുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി നേരിടാനുള്ള പ്രധാന മാർഗമായി കണക്കാക്കപ്പെടുന്നത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെട്രോളും ഡീസലും ഉൾപ്പെടെയുള്ളവ ഫോസിൽ ഇന്ധനങ്ങളുടെ ഗണത്തിൽ പെടുന്നതാണ്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പകരം വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുക എന്നതാണ് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാൻ ആഗോളതലത്തിൽ ഉയർന്നുവരുന്ന പ്രധാന നിർദേശങ്ങളിലൊന്ന്. 2030 ആകുമ്പോഴേക്ക് ലോകത്താകെയുള്ള ഇലക്ട്രിക് വാഹനളുടെ എണ്ണം 100 മില്യൺ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയായാൽ ആഗോള കാർബൺ ഉദ്വമനത്തിൽ രണ്ട് ശതമാനത്തിന്റെ കുറവാണുണ്ടാവുക. ഇത്രയും കുറവുണ്ടാകണമെങ്കിൽ പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗം പൂർണതോതിലെത്തണം. എന്നാൽ അതിനുള്ള സാഹചര്യം ഇന്ന് ലോകത്ത് പല രാജ്യങ്ങളിലുമില്ല.

കുത്തനെ ഉയർന്ന് ഇ-വാഹന വിൽപന

കാർബൺ എമിഷൻ കുറയ്ക്കാനുള്ള പോരാട്ടത്തിൽ ഏറ്റവും എളുപ്പത്തിൽ സാധാരണക്കാർക്ക് വരെ പങ്കാളികളാകാനുള്ള ഒരു വഴിയായാണ് ഇലക്​ട്രിക്​വാഹനങ്ങളുടെ ഉപയോഗത്തെ കണക്കാക്കുന്നത്. ഇന്ന് ലോകമെങ്ങും ഇലക്​ട്രിക്​ വാഹനങ്ങൾ കൂടിവരികയാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഇല്ലാത്തതിനാൽ കാർബൺ പുറന്തള്ളൽ തീരെ ഇല്ല എന്നതാണ് ഇലക്​ട്രിക്​ വാഹനങ്ങളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ വായുമലിനീകരണവുമുണ്ടാകില്ല. നഗരങ്ങളിലെ വായു ഗുണനിലവാരം ഉയർത്താനും പൊതുജനങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും ഇലക്​ട്രിക്​ വാഹനങ്ങളുടെ ഉപയോഗം സഹായിക്കും.

ഏറ്റവും കൂടുതൽ ഇലക്​ട്രിക്​ വാഹനങ്ങൾ റോഡിലുള്ള രാജ്യം ചൈനയാണ് / Photo: Wikimedia Commons

2020-ലാണ് ലോകത്താകെ ഇലക്​ട്രിക്​ വാഹനങ്ങളുടെ വിൽപന കുത്തനെ ഉയർന്നത്. പരിസ്ഥിതി അവബോധവും ഇലക്​ട്രിക്​ വാഹനങ്ങളുടെ നിർമാണ ചെലവ് കുറഞ്ഞതുമെല്ലാം ഇതിന് കാരണമായി. ഇപ്പോൾ ലോകത്താകെ 10 ദശലക്ഷത്തിലധികം ഇലക്​ട്രിക്​ കാറുകളുണ്ടെന്നാണ് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്ക്. 2020-ൽ ലോകത്തിലെ ഏറ്റവും കൂടുതൽ ഇലക്​ട്രിക്​ വാഹനങ്ങൾ വിൽക്കപ്പെട്ടത് യൂറോപ്പിലാണ്. ഏറ്റവും കൂടുതൽ ഇലക്​ട്രിക്​ വാഹനങ്ങൾ റോഡിലുള്ള രാജ്യം ചൈനയാണ്. 4.5 ദശലക്ഷം ഇലക്​ട്രിക്​ വാഹനങ്ങളാണ് ചൈനയിൽ ഓടുന്നത്.

കോവിഡ് മഹാമാരിയുടെ ഫലമായി 2020 ആഗോള വാഹന വിപണിയ്ക്ക് മന്ദതയുടെ വർഷമായിരുന്നെങ്കിലും, ഇലക്​ട്രിക്​ വാഹന വിപണിക്ക് കുതിപ്പായിരുന്നു. 2020-ൽ ഇലക്​ട്രിക്​ കാർ വിൽപനയിൽ 16 ശതമാനത്തിന്റെ വർധനയുണ്ടായതായാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ ഗ്ലോബൽ ഇലക്​ട്രിക്​ വെഹിക്കിൾ ഔട്ട്‌ലുക്ക് പറയുന്നത്. 2020-ൽ ചൈനയിലേക്കാൾ കൂടുതൽ ഇലക്​ട്രിക്​ വാഹനങ്ങൾ വിറ്റത് യൂറോപ്പിലാണ്. എന്നാൽ ആകെ ഇലക്​ട്രിക്​ വാഹനങ്ങളുടെ എണ്ണത്തിൽ ചൈന തന്നെയാണ് ഇപ്പോഴും മുന്നിൽ.

കഴിഞ്ഞ പതിറ്റാണ്ടിലാണ് ഇലക്​ട്രിക്​ കാറുകളുടെ ഉപയോഗത്തിൽ വൻതോതിലുള്ള വളർച്ചയുണ്ടായിട്ടുള്ളതെന്ന് കണക്കുകൾ പരിശോധിച്ചാൽ കാണാനാകും. 2010-നും 2020-നുമിടയിൽ ഇലക്​ട്രിക്​ കാറുകളുടെ എണ്ണത്തിൽ 10.2 ദശലക്ഷത്തിന്റെ വർധനയാണുണ്ടായത്. 2020-ൽ ലോകത്തെ ആകെ കാർ വിൽപനയുടെ 4.6 ശതമാനവും ഇലക്​ട്രിക്​ കാറുകളായിരുന്നു.

ഇന്ത്യയിലും കുതിപ്പ്

ഇലക്​ട്രിക്​ വാഹനങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്​ട്രിക്​ വെഹിക്കിൾസ് (FAME) എന്ന പദ്ധതി തന്നെ 2015 മുതൽ ഇന്ത്യൻ സർക്കാർ നടപ്പാക്കുന്നുണ്ട്. 2030 ആകുമ്പോഴേക്കും രാജ്യത്തെ റോഡുകളിലെ 30 ശതമാനം വാഹനങ്ങളും ഇലക്​ട്രിക്​ ആക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും എല്ലാ ഒഫീഷ്യൽസും ഇലക്ട്രിക് വാഹനങ്ങൾ മാത്രം ഉപയോഗിക്കണമെന്നത് നിർബന്ധമാക്കുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നതായി ഈ വർഷം ആദ്യം കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.
ഇന്ത്യയിൽ 5.20 ലക്ഷം ഇലക്​ട്രിക്​ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായാണ് 2021 ജൂലൈ 19-ന് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്. FAME പദ്ധതിക്ക് കീഴിൽ 87,659 ഇലക്​ട്രിക്​ വാഹനങ്ങളാണ് 2021 ജൂലൈ 20 വരെ നിർമിച്ചത്.

കോവിഡ് മഹാമാരിയും തുടർന്നുണ്ടായ ലോക്ക്ഡൗണുകളും മറ്റേതൊരു മേഖലയെയും പോലെ ഇലക്​ട്രിക്​ വാഹന വിപണിയെയും ബാധിച്ചിട്ടുണ്ടെന്ന് ദി സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്​ട്രിക്​ വെഹിക്കിൾസ് (SMEV) പറയുന്നു. ഇന്ത്യയിൽ 2021-ൽ ഇലക്​ട്രിക്​ വാഹന വിൽപന 2020-നെക്കാൾ 19.42 ശതമാനമാണ് കുറഞ്ഞത്. 2021-ൽ ഇതുവരെ 2,38,120 വാഹനങ്ങളാണ് വിറ്റത്. 2020-ൽ 2,95,497 ഇലക്​ട്രിക്​ വാഹനങ്ങളായിരുന്നു വിറ്റത്. ഇലക്​ട്രിക്​ കാറുകളേക്കാൾ സ്‌കൂട്ടറുകളും മുച്ചക്ര വാഹനങ്ങളുമാണ് വിൽപനയിൽ ഇടിവ് നേരിട്ടത്. ഇരുചക്രവാഹനങ്ങളുടെ വിൽപന 2020-നെ അപേക്ഷിച്ച് 5.37 ശതമാനവും മുച്ചക്ര വാഹനങ്ങൾ 37.18 ശതമാനവും കുറഞ്ഞു. അതേസമയം, ഇലക്​ട്രിക്​ കാറുകളുടെ വിൽപന 110 ശതമാനമാണ് വർധിച്ചത്. 2020-ൽ 2814 കാറുകളാണ് വിറ്റതെങ്കിൽ, 2021-ൽ 5905 കാറുകൾ ഇതിനകം വിറ്റുകഴിഞ്ഞു. ഇലക്​ട്രിക്​ വാഹനങ്ങൾ കൂടുതൽ ആളുകൾ വാങ്ങണമെങ്കിൽ രാജ്യത്തെ ബാങ്കുകൾ കൂടുതൽ സാമ്പത്തികസഹായം നൽകാൻ തയ്യാറാകണമെന്ന് SMEV ഡയറക്ടർ ജനറൽ സൊഹീന്ദർ ഗിൽ പറയുന്നു. ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് മാത്രമാണ് ബാങ്കുകൾ വായ്പകൾ നൽകുന്നത്. ഇലക്​ട്രിക്​ വാഹനങ്ങൾക്ക് കൂടുതൽ വായ്പകൾ നൽകാൻ സർക്കാർ ബാങ്കുകളെ പ്രേരിപ്പിച്ചെങ്കിൽ മാത്രമെ അവയുടെ വിൽപന കൂടുകയുള്ളൂവെന്നും ഗിൽ പറഞ്ഞു.

ഇലക്ട്രിക് വാഹന ചാർജിങ് സ്‌റ്റേഷൻ / Photo: Flickr

പരിസ്ഥിതി സൗഹൃദ വാഹന ഉപയോഗത്തിന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ട്. ഡൽഹി ഇതിനൊരു നല്ല ഉദാഹരണമാണ്. ജനങ്ങളെ ഇലക്​ട്രിക്​ വാഹനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിന് ഡൽഹി സർക്കാർ നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്തെ ഇ-കോമേഴ്‌സ് സ്ഥാപനങ്ങൾ കൂടുതൽ ഇ.വി. ഉപയോഗിക്കാൻ തുടങ്ങുന്നതാണ് അടുത്തകാലത്തായി കാണുന്ന പോസിറ്റീവ് ട്രെൻഡ്. ആമസോൺ ഇന്ത്യയും ഫ്‌ളിപ്കാർട്ടും ഡെലിവറി വാഹനങ്ങളായി കൂടുതൽ ഇലക്​ട്രിക്​ വാഹനങ്ങൾ ഉപയോഗിക്കുമെന്ന് അടുത്തിടെ തീരുമാനിച്ചിരുന്നു. അടുത്തിടെ പല സ്ഥാപനങ്ങളും ജീവനക്കാർക്ക് ഇലക്​ട്രിക്​ സ്‌കൂട്ടുറുകൾ നൽകിയതായുള്ള വാർത്തകളും കണ്ടു.

ചാർജിങ് സ്റ്റേഷനുകൾ

ഇലക്​ട്രിക്​ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി രാജ്യത്താകെ 427 ചാർജിങ് സ്റ്റേഷനുകളാണുള്ളതെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 77 എണ്ണം പ്രധാന ദേശീയപാതകളിലാണ്. ഏഴ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ശേഷിക്കുന്ന 350 സ്റ്റേഷനുകൾ. ഡൽഹിയിൽ മാത്രം 94 ചാർജിങ് സ്റ്റേഷനുകളുണ്ട്. ചണ്ഡീഗഡിൽ 48 സ്റ്റേഷനുകളുണ്ട്.
സംസ്ഥാനങ്ങളിൽ തെലങ്കാനയിലാണ് ഏറ്റവും കൂടുതൽ ചാർജിങ് സ്റ്റേഷനുകളുള്ളത്. 50 എണ്ണം. രാജസ്ഥാനിൽ 49 ഉം കർണാടകയിൽ 45 സ്റ്റേഷനുകളുമുണ്ട്. രാജ്യത്തെ പ്രധാന പാതകളിലൊന്നായ ഡൽഹി-ജയ്പൂർ-ആഗ്ര നാഷണൽ ഹൈവയിൽ 29 ചാർജിങ് സ്റ്റേഷനുകളാണുള്ളത്. ഡൽഹി-ചണ്ഡീഗഡ് പാതയിൽ 24 സ്റ്റേഷനുകളും മുംബൈ- പുനെ പാതയിൽ 15 സ്റ്റേഷനുകളുമുണ്ട്. ജയ്പൂർ- ഡൽഹി പാതയിൽ 9 സ്റ്റേഷനുകളാണുള്ളത്.
25 സംസ്ഥാനങ്ങളിലെ 68 നഗരങ്ങളിലായി 2877 ചാർജിങ് സ്റ്റേഷനുകൾക്ക് ഇതിനകം കേന്ദ്ര സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. വൈകാതെ തന്നെ ഇവയെല്ലാം പ്രവർത്തനം തുടങ്ങും.

വെല്ലുവിളിയാവുക ബാറ്ററി നിർമാണം

ഇലക്​ട്രിക്​ വാഹനങ്ങളുടെ നിർമാണം വൻതോതിൽ കാർബൺ ഉദ്ഗമനത്തിന് ഇടയാക്കും. ഒരു സാധാരണ മോട്ടോർ കാർ നിർമാണത്തിൽ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളുടേതിനേക്കാൾ എത്രയോ മടങ്ങാണ് ഇലക്​ട്രിക്​ വാഹന നിർമാണത്തിലൂടെ പുറന്തള്ളപ്പെടുന്നത്. അതേസമയം, പിന്നീട് വാഹനം ഉപയോഗിക്കുന്ന കാലമത്രയും കാർബൺ ഉദ്ഗമനം ഉണ്ടാകില്ല എന്നതിനാൽ ഇത് വലിയൊരു പ്രശ്‌നമാകില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ഇലക്​ട്രിക്​ കാറുകളുടെ ഉപയോഗകാലത്തെ മൊത്തം കാർബൺ എമിഷൻ പെട്രോൾ കാറുകളേക്കാൾ 70 ശതമാനം കുറവാണെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. പക്ഷെ വൈദ്യുതി ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിർമാണം വൻതോതിൽ കൂടുമ്പോൾ വലിയ പാരിസ്ഥിതിക പ്രതിസന്ധിക്ക് കാരണമായേക്കാം എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ടെസ്‌ലയുടെ കാർ നിർമാണ യൂണിറ്റ്‌ / Photo: Flickr

ഇലക്​ട്രിക്​ വാഹനങ്ങളിൽ ഉപയോഗിക്കുന്ന റീച്ചാർജബിൾ ബാറ്ററികളുടെ നിർമാണം ഹരിതഗൃഹ വാതകങ്ങളുടെ വലിയതോതിലുള്ള പുറന്തള്ളലിന് കാരണമാകുന്നുവെന്നാണ് അടുത്തിടെ നടന്ന പഠനങ്ങളിൽ കണ്ടെത്തിയത്. ലിഥിയം അയോണുകൾ ഉപയോഗിച്ചാണ് ഇലക്​ട്രിക്​ വാഹനങ്ങളിലെ ബാറ്ററികൾ നിർമിക്കുന്നത്. ബാറ്ററി നിർമാണത്തിലൂടെ 56 മുതൽ 494 കിലോഗ്രാം വരെ കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളപ്പെടുന്നതായാണ് യൂറോപ്പിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. ബാറ്ററി നിർമാണത്തിന് ഉപയോഗിക്കുന്ന വൈദ്യുതിയിൽ നിന്നാണ് കാർബൺ എമിഷന്റെ വലിയ പങ്കും ഉണ്ടാകുന്നത്. ബാറ്ററിയുടെ രാസഘടകങ്ങളും കാർബൺ എമിഷന്റെ അളവിനെ സ്വാധീനിക്കും. അതേസമയം, ലിഥിയം അയോൺ ബാറ്ററി നിർമാണ വ്യവസായരംഗം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറുമ്പോൾ, പരമാവധി കാർബൺ പുറന്തള്ളൽ കുറച്ച്, പരിസ്ഥിതി സൗഹൃദപരമായി എങ്ങനെ ബാറ്ററി നിർമിക്കാമെന്ന ഗവേഷണമാണ് നടക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം അതിന്റെ എല്ലാ ഭീകരതയും വെളിവാക്കാൻ തുടങ്ങിയ സാഹചര്യത്തിൽ, നെറ്റ് സീറോ കാർബൺ എമിഷൻ 2030 ആകുമ്പോഴേക്കും കൈവരിക്കുകയെന്ന ലക്ഷ്യമാണ് IPCC മുന്നോട്ടുവെക്കുന്നത്. ഇതിനായി ഭരണകൂടങ്ങൾക്കൊപ്പം നമ്മൾ ഓരോരുത്തരും കൈകോർക്കണം. ഈയൊരു സാഹചര്യത്തിൽ ലോകമെങ്ങും ഇലക്​ട്രിക്​ വാഹന വിപ്ലവം തന്നെയാണ് അരങ്ങേറുന്നത്. ഇലക്​ട്രിക്​ വാഹനങ്ങളുടെ നിർമാണം സർക്കാരുകളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലോകമെങ്ങും ഇലക്​ട്രിക്​ വാഹന നിർമാണം വൻതോതിൽ കൂടിക്കൊണ്ടിരിക്കുകയാണ്. ഇലക്​ട്രിക്​ വാഹനങ്ങളുടെ വിൽപന കുത്തനെ ഉയരുമ്പോൾ, നിർമാണ ചെലവ് കുറയുകയുമാണ്.

ഇലക്​ട്രിക്​ വാഹനങ്ങൾ ലോകമെങ്ങും വ്യാപകമാകുന്നതോടെ അവയുടെ ബാറ്ററിയുടെ പുനരുപയോഗവും സാധ്യമാകും. ബാറ്ററി നിർമിക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ കുറവ് കാർബൺ എമിഷൻ മാത്രമെ റീസൈക്ലിങ് ചെയ്യുമ്പോൾ ഉണ്ടാവുകയുള്ളൂ. പ്രകൃതിവിഭവങ്ങളിൽ നിന്ന് അലൂമിനിയം ഉണ്ടാക്കുമ്പോഴുള്ളതിനേക്കാൾ 95 ശതമാനം കുറവ് ഹരിതഗൃഹവാതകം മാത്രമെ അലൂമിനിയും റീസൈക്ലിങ്ങിൽ പുറന്തള്ളുന്നൂള്ളൂ. അതുപോലെ തന്നെയാണ് ലിഥിയം ബാറ്ററിയുടെ കാര്യവും. നിലവിൽ ലിഥിയം ബാറ്ററി റീസൈക്ലിങ് വികസിക്കപ്പെടാത്ത മേഖലയാണ്. വാഹനങ്ങളുടെ എണ്ണം കൂടുമ്പോൾ റീസൈക്ലിങ് സാധ്യതയും കൂടുതലാകും. ഇപ്പോൾ തന്നെ ബെൽജിയം പോലെയുള്ള രാജ്യങ്ങളിൽ ലിഥിയം റീസൈക്ലിങ് നടക്കുന്നുണ്ട്.

കൽക്കരിയാണ് വില്ലൻ

ലോകത്ത് ഏറ്റവും കൂടുതൽ ഇലക്​ട്രിക്​ വാഹനങ്ങളും ലിഥിയം ബാറ്ററി നിർമാണ യൂണിറ്റുകളുമുള്ളത് ചൈനയിലാണ്. ചൈനയാണ് നിലവിൽ ആഗോളതലത്തിൽ കാർബൺ പുറന്തള്ളലിൽ മുന്നിൽ നിൽക്കുന്ന രാജ്യമെന്നതിനാൽ, കൂടുതൽ ഇലക്​ട്രിക്​ വാഹനങ്ങൾ ഉപയോഗിക്കുന്നത് നല്ല ലക്ഷണമായി കണക്കാക്കാം. വൈദ്യുതി വാഹനങ്ങളുടെ എണ്ണം കൂടുമ്പോൾ, വൈദ്യുതി ഉത്പാദനവും കൂട്ടേണ്ടിവരും. ലിഥിയം ബാറ്ററി നിർമിക്കുന്ന 93 ജിഗാഫാക്റ്ററികളാണ് ചൈനയിലുള്ളത്. യു.എസ്.എ.യിൽ നാലെണ്ണം മാത്രമാണുള്ളത്.

തൂത്തുക്കുടിയിലെ കൽക്കരി താപവൈദ്യുതി നിലയം / Photo: Wikimedia Commons

ലോകത്ത് ഏറ്റവും കൂടുതൽ കൽക്കരി ഖനികളുള്ളതും കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം ഏറ്റവുമധികം നടക്കുന്നതും ചൈനയിലാണ്. നെറ്റ് സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിനായി ലോകം മുഴുവൻ ശ്രമിക്കുമ്പോൾ, ചൈനയുടെ ഉത്തരവാദിത്വപരമായ നീക്കമായാണ് വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെ കാണേണ്ടത്. എന്നാൽ ഈ വാഹനങ്ങൾക്കെല്ലാം ഉപയോഗിക്കാൻ വേണ്ടിയുള്ള വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ കാർബൺ പുറന്തള്ളൽ വർധിക്കുകയാണ് ചെയ്യുക. കൂടുതൽ വൈദ്യുതി വേണമെങ്കിൽ കൂടുതൽ കൽക്കരി കത്തിക്കേണ്ടി വരുന്നു. ഇത് ആഗോളതാപനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
ഇലക്​ട്രിക്​ വാഹനങ്ങൾ ഭാവിയുടെ വാഹനങ്ങളാണെങ്കിൽ, വൈദ്യുതി ഉദ്പാദനത്തിന് കൽക്കരിയുടെ ഉപയോഗം കുറയ്ക്കുക തന്നെ വേണം. കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ പ്രതിജ്ഞാബദ്ധരായ രാഷ്ട്രങ്ങൾ വൈദ്യുതി ഉത്പാദനത്തിന് ഫലപ്രദമായ ബദൽമാർഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്.

കൽക്കരിശേഖരങ്ങളുടെ കാര്യത്തിൽ ലോകത്തിൽ അഞ്ചാമത്തെ റാങ്കുള്ള രാജ്യമാണ് ഇന്ത്യ. 1,10,000 ദശലക്ഷം ടൺ കൽക്കരിയാണ് രാജ്യത്ത് നിലവിൽ കണ്ടെത്തിയിരിക്കുത്. ആഗോള കൽക്കരി ശേഖരത്തിന്റെ ഒമ്പത് ശതമാനം വരും ഇത്. പ്രതിദിനം 14 മുതൽ 16 ലക്ഷം ടൺ വരെ കൽക്കരി ഉപഭോഗം നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കാര്യത്തിൽ ലോകത്തിൽ രണ്ടാമതാണ് നമ്മുടെ സ്ഥാനം. കൽക്കരി ഇറക്കുമതിയുടെ കാര്യത്തിലും നാം മുന്നിലാണ്. രാജ്യത്തിന്റെ കൽക്കരി ഉപഭോഗത്തിന്റെ 20 ശതമാനത്തോളം വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.

പെട്രോൾ വാഹനങ്ങളിൽ നിന്ന് വൈദ്യുതി വാഹനങ്ങളിലേക്കുള്ള മാറ്റം കാലാവാസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിനുള്ള ഒറ്റമൂലിയല്ലെന്ന് മനസ്സിലാക്കണമെന്ന് വിദഗ്ധർ ലോകത്തിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് സാമൂഹികമാറ്റത്തിനായുള്ള നയങ്ങൾ രൂപപ്പെടുത്തുകയും ലോകം മുഴുവൻ കൈകോർക്കുകയും വേണം. പെട്രോൾ വാഹനങ്ങൾ മാത്രമല്ല, വിമാനയാത്രയും പരമാവധി ഒഴിവാക്കണം. യാത്രകൾക്കായി മറ്റു പ്രകൃതിസൗഹൃദ മാർഗങ്ങൾ കണ്ടെത്തണം. പറ്റാവുന്ന ദൂരങ്ങളിലേക്ക് നടന്നും സൈക്കിളുകളിലും സഞ്ചരിക്കാൻ നമുക്ക് കഴിയണം. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പൊതുവാഹനങ്ങൾ യാത്രയ്ക്ക് ഉപയോഗിക്കുകയും ചെയ്യണം. ഇതിന് വലിയതോതിലുള്ള ആസൂത്രണവും നയവും ആവശ്യമാണ്. ഫോസിൽ ഇന്ധനം ഉപയോഗിക്കുന്ന 1.2 ബില്യൺ വാഹനങ്ങളാണ് ലോകത്താകെ ഇപ്പോഴുള്ളത്. ഇത് വൈകാതെ തന്നെ രണ്ട് ബില്യൺ കടക്കുമെന്നാണ് മസാചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പഠനത്തിൽ പറയുന്നത്.

പരിസ്ഥിതിയുടെ രക്ഷയ്ക്ക് "ക്ലീൻ എനർജി'

ഊർജ ഉപഭോഗവും പുറന്തള്ളലും കുറയ്ക്കാൻ സഹായിക്കുന്നതിനാലാണ് ഇലക്​ട്രിക്​ വാഹനങ്ങൾ വ്യാപക ശ്രദ്ധ നേടുന്നത്. എന്നാൽ വൈദ്യുതി വാഹനങ്ങളുടെ എണ്ണം കൂടുമ്പോൾ വൈദ്യുതി ഉപഭോഗവും വർധിക്കും. അതിനനുസരിച്ച് വൈദ്യുതി ഉദ്പാദനവും കൂട്ടേണ്ടിവരും. വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്ന മാർഗത്തിന് അനുസരിച്ചായിരിക്കും കാർബൺ ഉദ്ഗമനത്തിന്റെ തോതും. ആണവോർജവും സോളാർ പോലെയുള്ള പുനർനിർമിക്കാവുന്ന ഊർജസ്രോതസ്സുകളുമാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നതെങ്കിൽ അതുവഴിയുള്ള കാർബൺ ഉദ്വമനത്തോത് കുറയും.
ലോകത്താകെ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതിയിൽ 65 ശതമാനവും കൽക്കരിയിൽ നിന്നാണ്. ഹരിതഗൃഹവാതക വികിരണത്തിന് ഏറ്റവുമധികം കാരണമാകുന്ന മനുഷ്യപ്രവൃത്തി കൽക്കരി കത്തിക്കുന്നതാണ് എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നത്. അതുകൊണ്ടുതന്നെ വൈദ്യുതി ഉദ്പാദനം പരിസ്ഥിതിസൗഹൃദ രീതികളിലേക്ക് മാറ്റുക എന്നതാണ് കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ഫലപ്രദമായ മാർഗങ്ങളിൽ പ്രധാനം.
2050 ആകുമ്പോഴേക്കും ലോകത്താകെ റോഡിലിറങ്ങുന്ന കാറുകളിൽ രണ്ടിലൊന്ന് ഇലക്​ട്രിക്​ ആയിരിക്കുമെന്നാണ് കേംബ്രിഡ്ജ് സർവകലാശാലയുടെ പഠനത്തിൽ പ്രവചിക്കുന്നത്. ഇത് ആഗോള കാർബൺ എമിഷൻ പ്രതിവർഷം 1.5 ജിഗാടൺ കുറയ്ക്കുന്നതിന് കാരണമാകുമെന്നും പഠനം പറയുന്നു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സോളാർ പ്ലാന്റ്. പൂർണമായും സൗരോർജത്തെ ആശ്രയിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചി / Photo: Wikimedia Commons

"ക്ലീൻ എനർജി' പയോഗിക്കുന്നതിലൂടെ ഇലക്​ട്രിക്​ വാഹനങ്ങളുടെ നിർമാണത്തിലൂടെയുള്ള കാർബൺ എമിഷൻ കുറയ്ക്കാനാകും. എന്നാൽ ക്ലീൻ എനർജി ഉത്പാദനവും വിതരണവും വ്യാപകമാക്കുകയെന്നത് വികസിത രാജ്യങ്ങൾക്കുപോലും എളുപ്പമായിരിക്കുകയില്ല.
ഇലക്​ട്രിക്​ വാഹനങ്ങൾ ഉപയോഗകാലമത്രയും കാർബൺ പുറന്തള്ളാത്തതിനാൽ അവ പരിസ്ഥിതിസൗഹൃദമാണെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇലക്​ട്രിക്​ കാറുകളുടെ ടയറുകളും ബ്രേക്കുകളും നഗരങ്ങളിൽ മലിനീകരണത്തിന് കാരണമാകുമെന്ന് ലീഡ്‌സ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്‌പോർട്ട് സ്റ്റഡീസിലെ പ്രൊഫസർ ഗ്രെഗ് മാർസ്‌ഡെൻ പറയുന്നു.

കാലം ആവശ്യപ്പെടുന്ന രീതിയിലുള്ള ഊർജസ്രോതസ്സുകളിലേക്കുള്ള പരിവർത്തനം സാധ്യമാകണമെങ്കിൽ ഫോസിൽ ഇന്ധന ആവശ്യകതയെ പൊളിച്ചുപണിയേണ്ടതുണ്ട്. ആഗോള ഊർജ ഉത്പാദന- വിതരണ മേഖലയെ കാർബൺ മുക്തമാക്കുക എന്നത് വളരെ എളുപ്പം സാധിക്കുന്ന കാര്യമല്ല.
യു.എൻ.എഫ്.സി.സി.യുടെ (United Nations Framework Convention on Climate Change -UNFCC) 1992-ൽ നടന്ന പ്രഥമ സമ്മേളനത്തിൽ ആഗോള പ്രാഥമിക ഊർജ വിനിയോഗത്തിൽ ഫോസിൽ ഇന്ധന നിരക്ക് 86.6% ആണെന്ന് വിലയിരുത്തുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന നിരവധി ഉച്ചകോടികൾക്കും കരാറുകൾക്കും ശേഷം 2017-ലെ കണക്കനുസരിച്ച് ഇത് 85.5% ആണ്. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തിനിടയിൽ ഫോസിൽ ഇന്ധന ഉപഭോഗത്തിൽ കേവലം 1.5% കുറവ് മാത്രമാണ് സംഭവിച്ചിട്ടുള്ളത്.

"എന്റെ വീട്ടുമുറ്റത്തല്ല'

മലിനീകരണത്തെ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് മാറ്റുക എന്നത് മാത്രമാണ് ഇലക്​ട്രിക്​ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുതിലൂടെ സർക്കാരുകൾ ലക്ഷ്യമിടുന്നത്. "Not in my Backyard' (എന്റെ വീട്ടുമുറ്റത്തല്ല) എന്ന മനോഭാവമാണ് മറ്റു പലതിലുമെന്നതുപോലെ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും കാണുന്നത്. നഗരങ്ങളെ മാലിന്യമുക്തമാക്കാനുള്ള നടപടികളിലൂടെ സർക്കാരും ഇതേ മനോഭാവമാണ് പ്രകടമാക്കുന്നത്. സ്വന്തം വീട്ടുമുറ്റം വൃത്തിയാക്കി അന്യന്റെ പറമ്പിലേക്ക് മാലിന്യം വലിച്ചെറിയുന്ന അതേ മനോഭാവം തന്നെയാണിതും. നഗരങ്ങളിലെ റോഡുകളിൽ വൈദ്യുതി വാഹനങ്ങൾ നിറയുമ്പോൾ വായു ശുദ്ധമാകും, ശബ്ദമലിനീകരണം കുറയും. നഗരജീവിതം കൂടുതൽ സുഖകരമാകും. എന്നാൽ ഇതിന് വിലകൊടുക്കേണ്ടിരുവരുന്നത് ഗ്രാമങ്ങളിലുള്ളവരാണ്.
വൈദ്യുതി ഉത്പാദനം കൂട്ടേണ്ടി വരുമ്പോൾ കൂടുതൽ കൽക്കരി ഉത്പാദിപ്പിക്കേണ്ടി വരുന്നു. കൽക്കരി പാടങ്ങളെല്ലാം രാജ്യങ്ങളുടെ "പിന്നാമ്പുറ'ങ്ങളിൽ (ഗ്രാമങ്ങളിലാണ്) ആണ് ഉണ്ടാവുക. കൽക്കരി ഖനികളിൽ പണിയെടുക്കുവരും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരുമൊക്കെയാണ് ദൂഷ്യഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക. ലോകത്ത് ഏറ്റവുമധികം ഹരിതഗൃഹവാതകം പുറന്തള്ളുന്നത് വികസിത രാജ്യങ്ങളാണ്. എന്നാൽ കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ രൂക്ഷമായി അനുഭവിക്കേണ്ടിവരുന്നത് ഏറെയും വികസ്വര രാജ്യങ്ങളും മൂന്നാംലോക രാജ്യങ്ങളുമാണ്.

നഗരങ്ങളിലെ റോഡുകളിൽ വൈദ്യുതി വാഹനങ്ങൾ നിറയുമ്പോൾ വായു ശുദ്ധമാകും, ശബ്ദമലിനീകരണം കുറയും / Photo: Flickr

വൈദ്യുതി വാഹനങ്ങൾ പരിഹാരമാർഗമായി കാണുമ്പോൾ, അവ ഉപയോഗിക്കുവർക്ക് പ്രത്യക്ഷത്തിൽ ഗുണഫലങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ വൈദ്യുതി ഉത്പാദനം കൂടുന്നതിന്റെ ഫലമായുണ്ടാകുന്ന ആഗോളതാപനത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരിക മലയോരങ്ങളിലും തീരപ്രദേശങ്ങളിലും പരിസ്ഥിതി ദുർബല പ്രദേശങ്ങളിലുമുള്ള സാധാരണ മനുഷ്യരാണ്. വായു മലിനീകരണം ഇല്ലാതാക്കും എത് മാത്രമാണ് യാഥാർഥ്യം എന്നിരിക്കെ, ഇലക്​ട്രിക്​ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വലിയൊരു വ്യവസായ മേഖലയുടെ വളർച്ച കൂടിയാണ് സർക്കാരുകൾ ലക്ഷ്യമിടുന്നത്. മാത്രമല്ല, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ വലിയതോതിൽ ചർച്ചയാക്കപ്പെടുന്ന കാലഘട്ടത്തിൽ, പരിസ്ഥിതിക്കായി എന്തെങ്കിലും ചെയ്യുന്നുവെന്ന തോന്നലാണ് ഇലക്​ട്രിക്​ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഉണ്ടാകുന്നത്. അതുതന്നെയാണ് ഈ മേഖലയുടെ യു.എസ്.പി.യും. ഭൂമിയുടെ രക്ഷയ്ക്കായി ഞാനും സംഭാവന ചെയ്തു എന്ന് പുളകിതരാകുന്ന മനുഷ്യർ അത് സൃഷ്ടിക്കുന്ന വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിക്കുന്നേയില്ല.

ഉത്തരവാദിത്വം മറന്ന് ഇന്ത്യ

2030 ഓടെ കാർബൺ ബഹിർഗമനം 33-35 ശതമാനം മുതൽ 40 ശതമാനം വരെയായി കുറയ്ക്കുമെന്നും 2070 ആകുമ്പോഴേക്കും ഇന്ത്യ നെറ്റ് സീറോ കാർബൺ എമിഷൻ എന്ന നില കൈവരിക്കുമെന്നും COP 26-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. IPCCയുടെ ആഹ്വാനമനുസരിച്ച് മിക്ക രാജ്യങ്ങളും ഇത്തരത്തിൽ ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് വെറും പ്രഖ്യാപനം മാത്രമാണെന്ന് തോന്നിപ്പിക്കുന്ന നടപടികളാണ് പിന്നീടുണ്ടായത്. ആഗോളതാപനത്തെ ഉത്തേജിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മനുഷ്യപ്രവൃത്തിയായ കൽക്കരി കത്തിക്കൽ കുറയ്ക്കാൻ COP26-ൽ 40 രാജ്യങ്ങൾ കൂട്ടായി തീരുമാനിച്ചപ്പോൾ അതിൽ പങ്കാളിയാകാതെയാണ് ഇന്ത്യ ഉത്തരവാദിത്വമില്ലായ്മ തെളിയിച്ചത്. സമ്പന്നരാജ്യങ്ങൾ 2030 ഓടെയും സാമ്പത്തിമായി പിന്നിലുള്ള രാജ്യങ്ങൾ 2040 ഓടെയും കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതോത്പാദനം അവസാനിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ വൻതോതിൽ കൽക്കരി ഉപയോഗിക്കുന്ന ചൈന, ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ കരാറിന്റെ ഭാഗമായിട്ടില്ല.

പുനർനിർമിക്കാവുന്ന ഊർജശേഷി നിലവിലെ 450 ജിഗാവാട്ടിൽ നിന്ന് 2030 ഓടെ 500 ജിഗാവാട്ടായി ഉയർത്തുമെന്നാണ് നരേന്ദ്ര മോദി ഗ്ലാസ്‌ഗോയിൽ പ്രഖ്യാപിച്ചത്. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ആകെ വൈദ്യുതി ആവശ്യത്തിന്റെ 50 ശതമാനം പുനർനിർമിക്കാവുന്ന ഊർജസ്രോതസ്സിൽ നിന്നായിരിക്കുമെന്നും മോദി പറഞ്ഞു. നേരത്തെ ഇത് 40 ശതമാനമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 500 ജിഗാവാട്ട് വൈദ്യുതി എന്നത് നിലവിൽ കൽക്കരിയിൽ നിന്ന് ഉത്പാദിപ്പിക്കുന്നതിന്റെ രണ്ട് മടങ്ങാണെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സൂചിപ്പിക്കുന്നത് ഊർജമേഖലയിലെ അതിവേഗത്തിലെ മാറ്റമാണെന്നുമാണ് ക്ലൈമറ്റ് ട്രെൻഡ്‌സ് ഡയറക്ടർ ആർതി ഖോസ്ല പറഞ്ഞത്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മാറ്റമായിരിക്കും അതെന്നും ഖോസ്ല പറയുന്നു. നെറ്റ് സീറോ എമിഷൻ ലക്ഷ്യമിടുന്ന ഭാവിയുടെ ഊർജസ്രോതസ്സായി മാറുക സൗരോർജവും കാറ്റുമായിരിക്കുമെന്നും ഖോസ്ല പറയുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി COP26 വേദിയിൽ / Photo: Twitter

ഇന്ത്യയുടെ ശരാശരി വൈദ്യുതി ആവശ്യകത ഏതാണ്ട് 1.5 ലക്ഷം മെഗാവാട്ട് ആണെന്നാണ് കണക്കാക്കപ്പെടുന്നത്. മൺസൂൺ സീസണിൽ രാജ്യത്തിന്റെ ജലവൈദ്യുതി നിലയങ്ങൾ അതിന്റെ പരമാവധിയിൽ പ്രവർത്തിക്കും. 90,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സൗരോർജ സംവിധാനങ്ങൾ മഴക്കാലങ്ങളിൽ പോലും 75 ശതമാനം കാര്യക്ഷമതയിൽ പ്രവർത്തിക്കും. സ്ഥിരതയുള്ള വൈദ്യുതി എന്ന നിലയിൽ താപനിലയങ്ങളുടെ പങ്ക് പ്രധാനമാണെങ്കിലും ഈ കണക്കുകളെയൊക്കെ മുൻനിർത്തി താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ആവശ്യം ഒരുലക്ഷം മെഗാവാട്ട് ആയിരിക്കും. ഇത്രയും വൈദ്യുതി ഉത്പാദിപ്പിക്കാൻ ഒരുവർഷം 500 ദശലക്ഷം ടൺ കൽക്കരി ആവശ്യമായി വരും.

2022 ആകുമ്പോഴേക്ക് ഇന്ത്യയിൽ പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം 175 ജിഗാവാട്ട് വർധിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ 96 ജിഗാവാട്ട് മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. (ഒക്ടോബകർ 31 വരെയുള്ള കണക്കാണിത്). 2030 ആകുമ്പോഴേക്കും ഇത് 500 ജിഗാവാട്ടായി ഉയർത്തണമെന്ന് ലക്ഷ്യമിടുമ്പോൾ അത് എത്രത്തോളം പ്രായോഗികമാണെ് ഊഗഹിക്കാവുതേയുള്ളൂ. ഒമ്പത് വർഷം കൊണ്ട് ലക്ഷ്യം കൈവരിക്കണമെങ്കിൽ ഓരോ വർഷവും 45 ജിഗാവാട്ട് ഉത്പാദനം സാധ്യമാകണം. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഇത് പ്രായോഗികമാണെ് കരുതാനാവില്ല.

പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾ

2050 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ കൈവരിക്കണമെങ്കിൽ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസ് (വ്യവസായ വിപ്ലവത്തിന് മുമ്പുള്ള കാലത്തിലേക്കാൾ കൂടുതലാണ് ഇത്) ആയി നിലനിർത്താനുള്ള നടപടികൾക്കാണ് COP26 ഊന്നൽ നൽകുന്നത്. ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസിൽ താഴെയായി നിലനിർത്തണമെന്നാണ് 2015-ലെ പാരിസ് ഉടമ്പടിയിൽ പറഞ്ഞിരുന്നത്. ഹരിതഗൃഹ വാതകം പുറന്തള്ളുന്നത് കുറയ്ക്കാൻ കൂടുതൽ പ്രതീക്ഷ നൽകുന്ന തീരുമാനങ്ങളാണ് രാജ്യങ്ങൾ സമ്മേളനത്തിൽ മുന്നോട്ടുവെക്കുന്നത്. ഇതനുസരിച്ച് പാരിസ് ഉടമ്പടി പുനപരിശോധിക്കപ്പെടും.
പ്രധാനമായും നാല് ലക്ഷ്യങ്ങളാണ ഗ്ലാസ്‌ഗോയിൽ പ്രഖ്യാപിക്കപ്പെട്ടത്. 2050 ഓടെ നെറ്റ് സീറോ കാർബൺ എമിഷനും ആഗോളതാപനം 1.5ൽ നിലനിർത്തുന്നതുമാണ് ആദ്യത്തെ ലക്ഷ്യം. ഇതിനായി വനനശീകരണം നിർത്തുകയും, കൽക്കരി ഉപയോഗം അസാനിപ്പിച്ച് പുനർനിർമിക്കാവുന്ന ഊർജത്തിലേക്ക് മാറുകയും, വൈദ്യുതി വാഹനങ്ങളിലേക്ക് മാറുകയും വേണം. നൂറിലേറെ രാഷ്ട്രങ്ങളാണ് 2030 ഓടെ വനനശീകരണം അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകിയത്.

COP26 നടക്കുന്ന ഗ്ലാസ്‌ഗോയിൽ നിന്നുള്ള കാഴ്ച / Photo Pixabay

ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നതാണ് രണ്ടാമത്തെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നതിന് പാരിസ് ഉടമ്പടിയിൽ നിർദേശമുണ്ടായിരുന്നു. 2020 മുതൽ ഓരോ വർഷവും ഇതിനായി 100 ബില്യൺ ഡോളർ നൽകണമെന്നാണ് വികസിത രാജ്യങ്ങളോട് ആവശ്യപ്പെട്ടത്. സാമ്പത്തികസഹായം ഉറപ്പാക്കണമെന്നതാണ് മൂന്നാമത്തെ ലക്ഷ്യമായി പറയുന്നത്. പാരിസ് ഉടമ്പടി യാഥാർഥ്യമാക്കാനുള്ള പാരിസ് റൂൾബുക്കിന് COP 26-ൽ അന്തിമരൂപം നൽകും.

ഉയരുന്ന പരിസ്ഥിതി ബോധം

ലോകത്താകെ പാരിസ്ഥിതിക അവബോധം വർധിച്ചുവരികയും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സാധാരണക്കാരുടെ ഇടയിൽ വരെ ചർച്ചയാവുകയും ചെയ്യുന്ന കാലഘട്ടമാണിത്. കാരണം ഇന്ന് കാട്ടുതീ, വരൾച്ച, പ്രളയം തുടങ്ങിയ വാർത്തകളില്ലാത്ത ദിവസമില്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അസാധാരണമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ അരങ്ങേറുകയാണ്. മുമ്പ് കണ്ടിട്ടില്ലാത്തവിധത്തിലുള്ള കാലാവസ്ഥ വ്യത്യാസങ്ങൾ ആളുകളെ ആശങ്കയിലാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ഒരുവശത്ത് പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ചും ചൂഷണം ചെയ്തും ഭൂമിയെ മരണത്തിലേക്ക് നയിക്കുന്നവർ ഉള്ളപ്പോൾ തന്നെ, പരിസ്ഥിതിക്കുവേണ്ടി ജീവൻ വെടിയാൻ വരെ തയ്യാറുള്ളവരുമുണ്ട്. സ്വന്തം നിലനിൽപ്പിനേക്കാൾ, വരുംതലമുറയ്ക്കായി ഈ ഭൂമിയെ സംരക്ഷിച്ച് നിർത്തുന്നതാണ് ഈ കൂട്ടർക്ക് പ്രധാനം. ഈ വിഭാഗത്തിൽപെടുന്ന മനുഷ്യരുടെ എണ്ണം നേരത്തെ വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് കൂടുതൽ പേർ പരിസ്ഥിതി അവബോധം ഉള്ളവരായിത്തീരുന്നു എന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. അതേസമയം, ഭരണകൂടങ്ങളുടെ കരുത്തും രാഷ്ട്രീയ ഗൂഢാലോചനകളും മറികടന്ന് പരിസ്ഥിതിയ്ക്കായി എന്തെങ്കിലും ചെയ്യുക എന്നത് ഏറെക്കുറെ അസാധ്യവുമാണ്. മാത്രമല്ല, പല രാജ്യങ്ങളിലും പരിസ്ഥിതി പ്രവർത്തകർ കടുത്ത ഭീഷണിയാണ് നേരിടുന്നത്. പ്രകൃതിക്കുവേണ്ടി ശബ്ദമുയർത്തുന്നവർ ഭരണകൂടങ്ങളുടെയും കോർപറേറ്റുകളുടെയും ശത്രുതയാണ് ക്ഷണിച്ചുവരുത്തുന്നത്. നിരവധി പരിസ്ഥിതി പ്രവർത്തകർക്കാണ് കാലാവസ്ഥയ്ക്കും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടമാകുന്നത്.

മനുഷ്യപ്രവർത്തനങ്ങളാണ് കാർബൺ ഉദ്ഗമനത്തിന് പ്രധാന കാരണം. അതുകൊണ്ടുതന്നെ മനുഷ്യർ മനസ്സുവച്ചാൽ മാത്രമെ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പ് സാധ്യമാവൂ. ആഗോളതാപനം കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് ഇനിയെങ്കിലും രാജ്യങ്ങളും ഓരോ മനുഷ്യരും തയ്യാറായില്ലെങ്കിൽ വരാനിരിക്കുന്ന കാലത്തെ ദുരന്താവസ്ഥ പ്രവചനാതീതമായിരിക്കും.

Comments