പെട്ടിമുടിയിലെ കൂട്ടക്കൊല ഉത്തരവാദികൾ നാം തന്നെ

പശ്ചിമഘട്ടത്തിന് മാത്രമായി ഒരു സംരക്ഷണം സാധ്യമല്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കേരളത്തിന്റെ വികസന-സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുത്തി കേരളമെന്ന ഭൂപ്രദേശത്തെ മൊത്തത്തിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകൾക്ക് മാത്രമേ പ്രസക്തിയുള്ളൂ. വികസന-സാമ്പത്തിക നയങ്ങളിൽ പുതിയൊരു ദിശാബോധം അനിവാര്യമായിരിക്കുന്നു

ട്ടരെയും പട്ടിണിയെയും ഭയന്ന് മലകയറിയവർ ഇന്ന് പന്നികളെയും പ്രകൃതിക്ഷോഭങ്ങളെയും ഭയന്ന് മലയിറങ്ങുകയാണ്.

രണ്ട് കാലങ്ങളിലെ സാധാരണ മനുഷ്യരുടെ അടിസ്ഥാന ഭാവത്തിൽ വലിയ മാറ്റമൊന്നും ഇല്ല. ഭയന്ന് ജീവിക്കുക. ഒരുകാലത്ത് പട്ടിണിയും രോഗവുമായിരുന്നു അവരുടെ ഭയത്തിന് അടിസ്ഥാനമെങ്കിൽ; ഇന്ന് നാട്ടിലേക്കിറങ്ങുന്ന കാട്ടുമൃഗങ്ങളും പ്രകൃതി ദുരന്തങ്ങളുമാണ്. രണ്ടും അതത് കാലത്തെ ഭരണകൂട നയങ്ങളുമായി അഭേദ്യബന്ധം പുലർത്തുന്നവയുമാണ്. ഇതെഴുതുമ്പോൾ പെട്ടിമുടിയിലെ ഉരുൽപൊട്ടലിൽ മരിച്ചവരുടെ സംഖ്യ 26 ആയി ഉയർന്നുകഴിഞ്ഞു. 46ഓളം പേർ മണ്ണിന്നടിയിൽ കുടുങ്ങിക്കിടക്കുകയാണ്. വർഷങ്ങളായി ദേവികുളത്തും പരിസരപ്രദേശങ്ങളിലുമുള്ള തേയിലത്തോട്ടങ്ങളിലും മറ്റും തൊഴിലെടുക്കുന്ന തമിഴ്‌നാട്ടിൽ നിന്നും കുടിയേറിയ ദളിത്-പിന്നോക്ക വിഭാഗങ്ങളാണ് ഉരുൾപൊട്ടലിന്റെ പ്രധാന ഇരകൾ. ലായങ്ങളിലും ചാളകളിലും കഴിയാൻ വിധിക്കപ്പെട്ടവർ. കേരളം കുത്തിയൊലിച്ച് പോകുകയാണ്. ഒപ്പം ദരിദ്രജനങ്ങളും അവരുടെ ജീവനോപാധികളും. ഈ ദുരന്തങ്ങളുടെ ഉത്തരവാദികൾ ആരാണ്? പ്രകൃതി ദുരന്തങ്ങൾ കേരളത്തെ ആവർത്തിച്ച് വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴും അപകട സാധ്യതകൾ വളരെയധികം വർദ്ധിച്ചിരിക്കുന്ന ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളെ മരണത്തിനെറിഞ്ഞ് കൊടുക്കുന്ന ഭരണകൂടം എങ്ങിനെയാണ് ഇതിനെ ന്യായീകരിക്കുക? ഈ ആധുനിക കേരളത്തിലും യാതൊരു ഉറപ്പുമില്ലാത്ത ലായങ്ങളിലും ചാളകളിലും കഴിയേണ്ടിവരുന്ന അനേകായിരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന രാഷ്ട്രീയ - സാമൂഹ്യ പ്രസ്ഥാനങ്ങൾക്ക് അവരുടെ ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകാനാകുമോ? പരിസ്ഥിതിയെന്നാൽ ചെടികളും മൃഗങ്ങളും ശുദ്ധവായുവും വെള്ളവും മാത്രമാണെന്ന് സങ്കൽപിക്കുന്ന പരിസ്ഥിതി വാദങ്ങൾ ഇതിനെന്ത് സമാധാനം പറയും?

മാറുന്ന കാലാവസ്ഥ

കാലം മാറുകയാണ്. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞു. കാലാവസ്ഥാ മാറ്റങ്ങളെ സംബന്ധിച്ച വസ്തുതാപരമായ വിലയിരുത്തലുകൾ നടത്താനും പ്രശ്‌നപരിഹാര സാധ്യകൾ കണ്ടെത്താനുമുള്ള ഉത്തരവാദിത്തം സമൂഹത്തിനാകമാനമുള്ളതാണ്.

ലായങ്ങളിലും ചാളകളിലും കഴിയാൻ വിധിക്കപ്പെട്ടവർ. കേരളം കുത്തിയൊലിച്ച് പോകുകയാണ്. ഒപ്പം ദരിദ്രജനങ്ങളും അവരുടെ ജീവനോപാധികളും. ഈ ദുരന്തങ്ങളുടെ ഉത്തരവാദികൾ ആരാണ്?

കേരളത്തിന്റെ ഭൂവിനിയോഗ രീതിയിൽ സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ, തോട്ടം മേഖലകളുടെ വിനിയോഗം, ഉടമസ്ഥാവകാശം, കാർഷിക മേഖലയിൽ സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ തുടങ്ങി പശ്ചിമഘട്ട മലനിരകൾ തൊട്ട് തീരപ്രദേശം വരെയുള്ള കേരളത്തിന്റെ വികസന ഭാവിയെ സംബന്ധിച്ച പുനരാലോചനകളിൽ കൂടിയല്ലാതെ ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്.

ആഗോള കാലാവസ്ഥയിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ വർഷം അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ കുത്തൊഴുക്കായാരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് 2020 ജനുവരി 6ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു (Statement on Climate of India during 2019, IMD, Climate Research and Services (CRS), 6 th January 2020). എട്ട് ചുഴലിക്കൊടുങ്കാറ്റുകൾ, അതിവൃഷ്ടി, വെള്ളപ്പൊക്കം, ഉഷ്ണക്കാറ്റ്, വരൾച്ച, ഹിമപാതം തുടങ്ങി പ്രകൃതി ദുരന്തങ്ങളുടെ തുടർച്ചകൾ ഇന്ത്യൻ ജനതയെ അഭൂതപൂർവ്വമായതോതിൽ വേട്ടയാടിയ കാലമായിരുന്നു 2019. ചരിത്രത്തിലെ ഏറ്റവും ‘ചൂടേറിയ ജൂലൈ' 2019ലേതായിരുന്നുവെന്നും 530ലധികം അതിതീവ്ര വർഷപാതങ്ങൾ (Extreme Rainfall Events) ഈ കാലയളവിൽ സംഭവിച്ചെന്നും ദശലക്ഷക്കണക്കിന് മനുഷ്യർ വെളപ്പൊക്കത്തിനും കൊടുങ്കാറ്റിനും കൊടുംചൂടിനും ഇരകളാക്കപ്പെട്ടുവെന്നും വിവിധ ഏജൻസികളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ പെരുക്കങ്ങൾ ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. എന്നാൽ ആഗോള കാലാവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിൽ ഗവൺമെന്റുകൾ പരാജയപ്പെടുകയാണ് എന്നത് പരിസ്ഥിതി നിയമങ്ങളുമായി ബന്ധപ്പെട്ട ഭേദഗതികളും മറ്റും ശ്രദ്ധിച്ചാൽ മതിയാകും.

കേരളം: ദുർബലമാകുന്ന പാരിസ്ഥിതിക ജീവിതം

പുതുസഹസ്രാബ്ദത്തിന്റെ ആദ്യം തൊട്ടുതന്നെ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നതിന്റെ സൂചന ലഭിച്ചുകൊണ്ടിരുന്നു. ആഗോള കാലാവസ്ഥയിൽ സംഭവിക്കുന്ന മാറ്റങ്ങളോടൊപ്പം ഇന്ത്യൻ സമുദ്രമേഖലയിലെ താപവ്യതിയാനം കൂടുതൽ രൂക്ഷമാകുന്നത് കേരള കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കഴിഞ്ഞ 120 വർഷത്തിനിടയിൽ 1.1 ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപവ്യതിയാനം സംഭവിച്ചിരിക്കുന്നു. മറ്റ് സമുദ്ര മേഖലകളിൽ ഇതേ കാലയളവിൽ 0.8-0.9 ഡിഗ്രി സെൽഷ്യസ് താപവർദ്ധനവ് മാത്രമാണ് ഉണ്ടായതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇത് തെക്കു പടിഞ്ഞാറൻ മൺസൂണിലും മറ്റ് കാലാവസ്ഥാ ഘടകങ്ങളിലും തീവ്രമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്. 2004

ഉരുൾപൊട്ടൽ നടന്ന പ്രദേശത്തെ ഭൗമോപരിഘടയിലെ മാറ്റങ്ങൾ
ഉരുൾപൊട്ടൽ നടന്ന പ്രദേശത്തെ ഭൗമോപരിഘടയിലെ മാറ്റങ്ങൾ

ഡിസംബറിൽ ഉണ്ടായ സുനാമി തൊട്ടിങ്ങോട്ട് അതിവൃഷ്ടി, അത്യുഷ്ണം, വരൾച്ച, ചുഴലിക്കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ നീണ്ട നിരതന്നെ കേരളത്തെ ആക്രമിച്ചുകൊണ്ടിരുന്നു. 30 വർഷക്കാലയളവിലെ ഏറ്റവും ഉയർന്ന ചൂട് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തപ്പെട്ടത് 2016ലായിരുന്നു (മലമ്പുഴ, 41.9ഡിഗ്രി സെൽഷ്യസ്). പിന്നീടുള്ള വർഷങ്ങളിൽ ശരാശരി അന്തരീക്ഷ താപനിലയിൽ 2 മുതൽ 4 ഡിഗ്രിവരെയുള്ള വ്യത്യാസം ഏറിയും കുറഞ്ഞും കേരളത്തിൽ അനുഭവപ്പെട്ടു. 2019ൽ പാലക്കാടും പുനലൂരും 40 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. സൂര്യാഘാതം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളും കുടിവെള്ള ക്ഷാമവും കേരളത്തിൽ

ആഗോള കാലാവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിൽ ഗവൺമെന്റുകൾ പരാജയപ്പെടുകയാണ് എന്നത് പരിസ്ഥിതി നിയമങ്ങളുമായി ബന്ധപ്പെട്ട ഭേദഗതികളും മറ്റും ശ്രദ്ധിച്ചാൽ മതിയാകും

സ്വാഭാവികമായിത്തുടങ്ങി. 2017ലെ ‘ഓഖി' കൊടുങ്കാറ്റ്, 2018ലെ വെള്ളപ്പൊക്കം, അതേ വർഷം നവമ്പറിൽ ‘ഗജ' ചുഴലിക്കൊടുങ്കാറ്റ് സൃഷ്ടിച്ച ദുരിതങ്ങൾ, 2019ൽ ആവർത്തിച്ച അതിവൃഷ്ടിയും വെള്ളപ്പൊക്കവും കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക ജീവിതങ്ങളെ തീർത്തും ദുരിതക്കയങ്ങളിലേക്ക് കൂപ്പുകുത്തിക്കുന്നതായിരുന്നു. പ്രളയവും ഉരുൾപൊട്ടലും നൂറുകണക്കിനാളുകളുടെ ജീവനും പതിനായിരക്കണക്കിന് കോടി രൂപയുടെ സമ്പത്തും കവർന്നെടുത്തു. മലയോരങ്ങളിലെ നദീതീരങ്ങളിലും സമതലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും, തീരപ്രദേശങ്ങളിലും താമസിക്കുന്ന ആദിവാസി-ദളിത്-മത്സ്യത്തൊഴിലാളി ജീവിതങ്ങൾ പ്രകൃതി ദുരന്തങ്ങളുടെ വേലിയേറ്റങ്ങൾക്ക് ആവർത്തിച്ച് ഇരകളാക്കപ്പെട്ടു. കേരളത്തിന്റെ സമതലങ്ങളിൽ വസിക്കുന്നവർക്ക് പ്രകൃതി ദുരന്തങ്ങൾ അനുഭവവേദ്യമാകാൻ തുടങ്ങിയത് അടുത്തകാലത്തായിരുന്നെങ്കിലും തീരപ്രദേശങ്ങളിലും വനമേഖലയിലും താമസിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രകൃതി ദുരന്തങ്ങൾ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാകാൻ തുടങ്ങിയിട്ട് ഏറെക്കാലമായെന്ന് വയനാട്ടിലെ ആക്ടിവിസ്റ്റായ മംഗ്ലു ശ്രീധർ പറയുന്നു. അവർ പറയുന്നത് ശ്രദ്ധിക്കുക: ‘‘കാലവർഷവും പ്രളയവുമൊക്കെ നഗരങ്ങളെ കൂടി ബാധിച്ചു തുടങ്ങിയത് കൊണ്ടു മാത്രമാണ് കേരളത്തിൽ വെള്ളപ്പൊക്കത്തെ കുറിച്ച് ചർച്ചകൾ പോലും നടക്കുന്നത്. എല്ലാ വർഷവും ഈ ദുരനുഭവത്തിൽ കൂടി കടന്നുപോകുന്ന പിന്നാക്ക അവസ്ഥ നേരിടുന്ന സ്ഥലങ്ങളെയും അവിടെ ജീവിക്കുന്ന ആദിവാസികൾ അടക്കമുള്ള പാർശ്വവത്ക്കരിക്കപ്പെട്ട ജനതയെക്കുറിച്ചും ഒരു കരുതലും സർക്കാരിനില്ല എന്നുവേണം മനസ്സിലാക്കാൻ''.

നഗരങ്ങളിലെ രണ്ടാം നിലയിൽ വെള്ളം കയറുമ്പോൾ മാത്രം വെള്ളപ്പൊക്കത്തെക്കുറിച്ച് സംസാരിക്കുന്ന, കുടിവെള്ള ടാങ്കർ വന്നില്ലെങ്കിൽ മാത്രം ജലക്ഷാമത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന കേരളീയ പൊതുബോധത്തെ വരാനിരിക്കുന്ന കടുത്ത യാഥാർത്ഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയാൽ മാത്രമേ കേരളം നേരിടുന്ന പ്രതിസന്ധികൾക്കുള്ള അന്വേഷണം സുഗമമാകുകയുള്ളൂ.

അതിവൃഷ്ടി, ഉരുൾപൊട്ടൽ

ശരാശരി മഴപ്പെയ്ത്തിൽ കുറവ് സംഭവിക്കുമ്പോഴും അതിവൃഷ്ടിയുടെ ദുരന്തഫലങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ടവരായി നാം മാറിയിരിക്കുന്നു എന്നതാണ് വസ്തുത. കേരളത്തിലെ പല ജില്ലകളിലും സാധാരണയിലും

ഇടുക്കി ജില്ലയിലെ സോയിൽ പൈപ്പിംഗ് പ്രതിഭാസം നടന്ന പ്രദേശങ്ങൾ
ഇടുക്കി ജില്ലയിലെ സോയിൽ പൈപ്പിംഗ് പ്രതിഭാസം നടന്ന പ്രദേശങ്ങൾ

തൊട്ടുതാഴെയായി മാത്രം മഴ ലഭിച്ചുകൊണ്ടിരിക്കുമ്പോഴും വളരെപ്പെട്ടെന്നുതന്നെ വെള്ളപ്പൊക്കത്തിന്റെ പിടിയിലകപ്പെട്ടുപോകുന്ന പ്രതിഭാസം ശക്തമായിക്കൊണ്ടിരിക്കുകയാണ് എന്ന് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വർഷപാതത്തിന്റെ തോത് നോക്കിയാൽ മനസ്സിലാകും. അതിതീവ്ര വർഷപാതങ്ങളെന്ന് (ഒരു പ്രത്യേക പ്രദേശത്ത് വളരെ കുറഞ്ഞ സമയദൈർഘ്യത്തിനുള്ളിൽ 150 മുതൽ 200 മില്ലീ മീറ്റർ വരെ അളവിൽ പെയ്യുന്ന മഴയെയാണ് അതിതീവ്ര വർഷപാതം അഥവാ എക്‌സ്ട്രീം റെയിൻഫാൾ എന്ന് വിളിക്കുന്നത്) വിശേഷിപ്പിക്കാവുന്ന മഴയുടെ നിരക്കിലുള്ള വർദ്ധനവാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണം. അറബിക്കടലിൽ സംഭവിക്കുന്ന താപവ്യതിയാനവുമായി ഇതിന് വളരെയധികം ബന്ധമുണ്ട് എന്നതാണ് യാഥാർത്ഥ്യം. ചെറിയ പ്രദേശത്ത് ഒറ്റയടിക്ക് വലിയതോതിലുള്ള വർഷപാതം സംഭവിക്കുമ്പോൾ ചരിഞ്ഞ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിന് കാരണമാകുമെന്നത് തർക്കമില്ലാത്ത സംഗതിയാണ്. അതിവൃഷ്ടി പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഇന്ന് നമുക്കില്ല എന്നത് വസ്തുതയാണ്. എന്നാൽ ഉരുൾപൊട്ടലിനും തുടർന്നുണ്ടാകുന്ന ജീവനാശങ്ങളും ഇല്ലാതാക്കാനാവശ്യമായ നിരവധി കാര്യങ്ങൾ സംസ്ഥാന-പ്രാദേശിക

മുൻകാലങ്ങളിലെ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാതിരിക്കുന്നു എന്നതുകൊണ്ടുതന്നെ പെട്ടിമുടിയിൽ വിലപ്പെട്ട മനുഷ്യജീവനുകൾ നഷ്ടമായതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിന് കയ്യൊഴിയാൻ സാധ്യമല്ല തന്നെ

ഭരണകൂടങ്ങൾക്ക് ചെയ്യാനുണ്ട്. അക്കാര്യത്തിൽ മുൻകാലങ്ങളിലെ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാതിരിക്കുന്നു എന്നതുകൊണ്ടുതന്നെ പെട്ടിമുടിയിൽ വിലപ്പെട്ട മനുഷ്യജീവനുകൾ നഷ്ടമായതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിന് കയ്യൊഴിയാൻ സാധ്യമല്ല തന്നെ.

പടിഞ്ഞാറൻ താഴ്‌വര കുന്നുകളടക്കം (foot hills) കേരളത്തിന്റെ ഭൂവിസ്തൃതിയിൽ ഏതാണ്ട് നാൽപത് ശതമാനത്തോളം (15545 ചതുരശ്ര കിലോമീറ്റർ) വരും പശ്ചിമഘട്ട മേഖല. 25 ഡിഗ്രിയിലും കൂടുതൽ ചെരിവുള്ള ഈ മലമ്പ്രദേശങ്ങളിൽ ഏതാണ്ട് 1700-1900 ചതുരശ്ര കിലോമീറ്റർ പ്രദേശം തീവ്ര ഉരുൾപൊട്ടൽ ഭീഷണിയുടെ നിഴലിൽ കഴിയുന്നവയും 3750 ചതുരശ്ര കിലോമീറ്റർ പ്രദേശം തീവ്രത കുറഞ്ഞ മേഖലകളുമാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ പത്തനംതിട്ട (170 ച.കി.മീ), ഇടുക്കി (388ച.കി.മീ), പാലക്കാട് (324 ച.കി.മീ), മലപ്പുറം (198ച.കി.മീ), കണ്ണൂർ (168ച.കി.മീ), വയനാട് (102ച.കി.മീ) എന്നിവ തീവ്ര ഉരുൾപൊട്ടൽ സ്വഭാവമുള്ള മേഖലകളായും തിരിച്ചിട്ടുണ്ട് (KSDMA, 2010).

ഇടുക്കി ജില്ലയിൽ 2018ൽ നടന്ന ഉരുൾപൊട്ടൽ സംഭവങ്ങളുടെ ഇൻവെന്ററി
ഇടുക്കി ജില്ലയിൽ 2018ൽ നടന്ന ഉരുൾപൊട്ടൽ സംഭവങ്ങളുടെ ഇൻവെന്ററി

2018 കാലയളവിൽ ഇടുക്കി ജില്ലയിൽ സംഭവിച്ച ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സംഭവങ്ങളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. വ്യത്യസ്ത തീവ്രതകളിലുള്ള, ഭിന്ന സ്വഭാവത്തോടുകൂടിയ ഏതാണ്ട് 2300ലധികം ഉരുൾപൊട്ടലുകളാണ് ജില്ലയിൽ സംഭവിച്ചത്. ഉരുൾപൊട്ടലിന്റെ സ്വഭാവമനുസരിച്ച് സർഫിഷ്യൽ സ്ലൈഡ് (1421), ഡെബ്രിസ് ഫ്‌ളോ (679), റോക് ഫാൾ (123) എന്നിങ്ങനെ മൂന്നായി ഇവയെ തിരിച്ചിരിക്കുന്നു. (Landslide inventory dataset for the 2018, Kerala, Earth System Science Data, Lina Hao et al, June 2020). കേരളത്തിൽ അങ്ങോളമിങ്ങോളമായി 4200ലധികം ഉരുൾപൊട്ടലുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവയ്ക്ക് പുറമെ, മണ്ണിടിച്ചിൽ, മണ്ണമരൽ, സോയിൽ പൈപ്പിംഗ് പോലുള്ള പ്രതിഭാസങ്ങളും പശ്ചിമഘട്ട മലനിരകളിൽ വർദ്ധിച്ചുവരുന്നതായി നിരവധി ശാസ്ത്രീയ പഠനങ്ങൾ തെളിവുനൽകുന്നു. ഉരുൾപൊട്ടൽ സംവേദകത്വ മേഖലകൾ വ്യക്തമായി അടയാളപ്പെടുത്തിക്കൊണ്ടുള്ള ഭൂപടം 2010ൽ തന്നെ കേരള ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ സോയിൽ പൈപ്പിംഗ് പ്രതിഭാസങ്ങൾ കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള മാപ്പുകളും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 2018ലെ പ്രകൃതി ദുരന്തങ്ങളുടെ അത്രയും തീവ്രത ഉണ്ടായിരുന്നില്ലെങ്കിലും 2019ലും വ്യാപകമായ ഉരുൾപൊട്ടലുകൾക്ക് കേരളം സാക്ഷ്യം വഹിച്ചു. ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനോ അവർക്ക് മറ്റ് സ്ഥലങ്ങളിലേക്ക് താമസസൗകര്യം ഏർപ്പെടുത്തിക്കൊടുക്കാനോ ഉള്ള യാതൊരു നടപടികളും ഈ കാലയളവിൽ സർക്കാർ സ്വീകരിക്കുകയുണ്ടായില്ല.

ഭൂവിനിയോഗത്തിലുള്ള മാറ്റം

ആഗോള കാലാവസ്ഥാ പ്രതിസന്ധിയുടെ സുപ്രധാന കാരണങ്ങളിലൊന്ന് ഭൂവിനിയോഗത്തിൽ സംഭവിച്ച മാറ്റങ്ങളാണെന്ന് ശാസ്ത്രലോകം തെളിവ് നിരത്തുന്നുണ്ട്. ആഗോള കാലാവസ്ഥാ മാറ്റങ്ങളോടൊപ്പം തന്നെ പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് പിന്നിലും ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങളാണ് എന്ന് കണ്ടെത്താവുന്നതാണ്. ഇപ്പോൾ ഉരുൾപൊട്ടൽ സംഭവിച്ച ദേവികുളം താലൂക്കിലെ ഭൂവിനിയോഗത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ സംഭവിച്ച മാറ്റങ്ങൾ അവിടുത്തെ പ്രാദേശിക പരിസ്ഥിതിയിൽ ഉണ്ടാക്കിയ പരിക്കുകൾ എന്താണെന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ ലഭ്യമാണ് (Mani. K, Land use and land cover changes, International Journal of Geomatics & Geoscience, Volume 3, No1, 2012).

കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ കാർഷിക വിളകളിലും ജനസംഖ്യയിലും ഉണ്ടായ മാറ്റങ്ങൾ അവിടുത്തെ പ്രാദേശിക കാലാവസ്ഥയിലും ഭൂമിയുടെ ഉപരിതല ഘടനയിലും വമ്പിച്ച പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട്. കേരളത്തിലെ പാരിസ്ഥിതിക തകർച്ചകളെ സംബന്ധിച്ച നിരവധി ശാസ്ത്രീയ പഠനങ്ങൾ ലഭ്യമാകുമ്പോഴും ദൈനംദിന ഭരണനിർവ്വഹണത്തിലും നയരൂപീകരണത്തിലും അത്തരം പഠനങ്ങളിലെ നിഗമനങ്ങളും നിർദ്ദേശങ്ങളും പ്രതിഫലിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട സംഗതിയാണ്. ശാസ്ത്രീയ പഠനങ്ങൾ ഒരു ഭാഗത്തും സാമ്പത്തിക താൽപര്യങ്ങൾ മറ്റൊരു ഭാഗത്തുമായി നിൽക്കുകയാണ്. എന്നാലതേ സമയം സാമ്പത്തിക താൽപര്യങ്ങൾ പോലും താൽക്കാലിക ലക്ഷ്യങ്ങൾ മാത്രം മുന്നിൽക്കണ്ടുകൊണ്ടുള്ളതാണെന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്.

2018ലെ മഹാപ്രളയം കേരളത്തിന് സൃഷ്ടിച്ച സാമ്പത്തിക നഷ്ടം 30,000 കോടി രൂപയോളം വരുമെന്ന് വിവിധ ഏജൻസികളുടെ പഠനം വ്യക്തമാക്കുന്നു. സംസ്ഥാന ബജറ്റിന്റെ 20.83ശതമാനം വരും ഈ തുക. മേൽമണ്ണടക്കമുള്ള പ്രകൃതി വിഭവങ്ങളുടെ നാശം സൃഷ്ടിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ

ദേവികുളം താലൂക്കിലെ ഭൂവിനിയോഗത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ സംഭവിച്ച മാറ്റങ്ങൾ അവിടുത്തെ പ്രാദേശിക പരിസ്ഥിതിയിൽ ഉണ്ടാക്കിയ പരിക്കുകൾ എന്താണെന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ ലഭ്യമാണ്

പരിഗണിക്കാതെയുള്ള കണക്കെടുപ്പാണിത്. തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾ കേരളത്തിന്റെ കാർഷിക-തൊഴിൽ മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായിരിക്കും. അതുകൊണ്ടുതന്നെ താൽക്കാലിക ആശ്വാസ നടപടികൾകൊണ്ട് പ്രശ്‌നപരിഹാരം സാധ്യമാക്കാമെന്ന ചിന്തകൾ മാറ്റിവെക്കുന്നതാണ് നല്ലത്. ഭൂവിനിയോഗം അടക്കമുള്ള വിഷയങ്ങളിൽ കൃത്യമായ പദ്ധതികൾ രൂപീകരിക്കുകയും വിഭവ വിനിയോഗത്തിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച പുനരാലോചനകൾ സജീവമാക്കിയും ദീർഘകാല നയസമീപനങ്ങൾ തയ്യാറാക്കുകയും വിവിധ തലങ്ങളിൽ ജനങ്ങളുമായി കൂടിയാലോചനകൾ നടത്തുകയും വേണം.

പശ്ചിമഘട്ടത്തിന് മാത്രമായി ഒരു സംരക്ഷണം സാധ്യമല്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കേരളത്തിന്റെ വികസന-സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുത്തി കേരളമെന്ന ഭൂപ്രദേശത്തെ മൊത്തത്തിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകൾക്ക് മാത്രമേ പ്രസക്തിയുള്ളൂ. പശ്ചിമഘട്ടത്തിന്റെ നാശത്തിലേക്ക് നയിക്കുന്ന സമതലങ്ങളിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പുനരാലോചന കൂടാതെ പശ്ചിമഘട്ട സംരക്ഷണം സാധ്യമാകില്ല. സാങ്കേതിക പരിഹാരങ്ങളിലൂടെ പ്രശ്‌നങ്ങളെ നേരിടാനുള്ള അവസരങ്ങൾ കൈമോശം വന്നിരിക്കുന്നു. വികസന-സാമ്പത്തിക നയങ്ങളിൽ പുതിയൊരു ദിശാബോധം വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്. കൂട്ടായ ആലോചനകളിലൂടെ മാത്രം സാധ്യമാകുന്ന ഒന്നാണത്.

പ്രാദേശിക പാരിസ്ഥിതിക തകർച്ചകളോട് പ്രതികരിക്കുമ്പോഴും ആഗോള കാലാവസ്ഥാ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ ദേശീയ-അന്തർദ്ദേശീയ ഭരണകൂടങ്ങളോട് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും വർദ്ധിച്ചുവരുന്ന താപവ്യതിയാനം ആഗോള കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് സംഭവിക്കുന്നതാണ്. കാർബൺ വിസർജ്ജനം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളിലേക്ക് മാറാനും ഉള്ള ഭരണകൂട പ്രതിജ്ഞകൾ പാലിക്കാൻ ദേശീയ-അന്തർദ്ദേശീയ ഭരണ നേതൃത്വങ്ങളെ നിർബന്ധിക്കേണ്ടതുണ്ട്. നഷ്ടപ്പെടുത്തുന്ന ഓരോ ദിനവും കൂടുതൽ ദുരന്തങ്ങളിലേക്കുള്ള ചുവടുവെപ്പുകൾ മാത്രമാണ്.

ഈ ലേഖനം തയ്യാറാക്കുന്നതിന് സഹായകമായ വിവരങ്ങൾ നൽകിയ ഇടുക്കി ജില്ലയിലെ പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകരായ സിബി മൂന്നാർ, രാജു ചെറുതോണി, ജോൺ ജോസഫ് നെടുങ്കണ്ടം എന്നിവരോട് കടപ്പാട്


Summary: പശ്ചിമഘട്ടത്തിന് മാത്രമായി ഒരു സംരക്ഷണം സാധ്യമല്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കേരളത്തിന്റെ വികസന-സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുത്തി കേരളമെന്ന ഭൂപ്രദേശത്തെ മൊത്തത്തിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകൾക്ക് മാത്രമേ പ്രസക്തിയുള്ളൂ. വികസന-സാമ്പത്തിക നയങ്ങളിൽ പുതിയൊരു ദിശാബോധം അനിവാര്യമായിരിക്കുന്നു


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments