ആർക്കാണ് വേണ്ടത് ആണവ സാങ്കേതികവിദ്യ

കാർബൺ വിസർജ്ജനം കുറഞ്ഞ ഏറ്റവും മികച്ച സാങ്കേതികവിദ്യയായി ആണവോർജ്ജ സാങ്കേതികവിദ്യ വീണ്ടും ഉയർത്തിക്കൊണ്ടുവരുമ്പോൾ ഈ വിഷയത്തെ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കാൻ നാം നിർബ്ബന്ധിതരാകുന്നു. 'സീറോ കാർബൺ വിസർജ്ജനം' എന്ന ഒറ്റ ലക്ഷ്യത്തിൽ നിന്നുകൊണ്ടുമാത്രം ആണവോർജ്ജ സാങ്കേതിക വിദ്യയെ സ്വാഗതം ചെയ്യാൻ സാധിക്കുമോ? കാലാവസ്ഥാ വ്യതിയാനമോ, ആണവമാലിന്യ പ്രശ്നമോ ഏതാണ് ഗുരുതരം? പുതുക്കാവുന്ന ഊർജ്ജസ്രോതസ്സുകളുടെ വികസനത്തിന് തടസമായി നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെ? ആഗോള ആണവ വ്യവസായവുമായി ബന്ധപ്പെട്ട ഗതിവിഗതികൾ എന്താണ്? തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രൊഫ. എം.വി.രമണ സംസാരിക്കുന്നു

‘‘ആധുനിക സമ്പദ് വ്യവസ്ഥ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ ഭൂരിഭാഗവും നിറവേറ്റാൻ കഴിവുള്ള ഏക ‘കാർബൺ സീറോ വിസർജ്ജന’ സാങ്കേതികവിദ്യയാണ് ന്യൂക്ലിയർ ഫിഷൻ ടെക്​നോളജി പ്രതിനിധീകരിക്കുന്നത്. എന്നാലും വിവിധതരം സാമൂഹിക-സാമ്പത്തിക-സ്ഥാപനപരമായ വെല്ലുവിളികൾ കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതിന് വർത്തമാനകാല ആണവ സാങ്കേതിക വിദ്യകളെ ഉയർന്ന സ്‌കെയിലുകളിൽ ഉപയോഗപ്പെടുത്തുന്നത് അസാധ്യമാക്കുന്നു. ഒരു നിർണായക കാലാവസ്ഥ (വ്യതിയാന) ലഘൂകരണ സാങ്കേതികവിദ്യയെന്ന നിലയിൽ ആണവോർജ്ജത്തിന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് സുരക്ഷിതവും വിലകുറഞ്ഞതുമായ പുതുതലമുറ ആണവ സാങ്കേതികവിദ്യകൾ ആവശ്യമായി വരും''.

കാലാവസ്ഥാ പ്രതിസന്ധികളെ മറികടക്കാനുള്ള സാങ്കേതിക പരിഹാരങ്ങളെന്ന നിലയിൽ ആണവോർജ്ജ സാങ്കേതികവിദ്യ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള മേൽ സൂചിപ്പിച്ച പ്രസ്താവന ഏതെങ്കിലും അന്താരാഷ്ട്ര ആണവ ഏജൻസികളുടേതോ ആണവ വ്യവസായ വക്താക്കളുടേതോ അല്ല. മറിച്ച്, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗൗരവമായ ഉൽക്കണ്ഠ സൂക്ഷിക്കുന്ന പ്രമുഖരായ ശാസ്ത്രജ്ഞരടങ്ങുന്ന, ഇക്കോ-മോഡേണിസ്റ്റുകൾ എന്നറിയപ്പെടുന്ന, വിഭാഗങ്ങളുടെ മാനിഫെസ്റ്റോയിലെ വാചകമാണ്.

ജോർജ്ജ് മോൺബിയോട്ട് തൊട്ട് ജോൺ ഹാൻസെൻ വരെയുള്ള ശാസ്ത്രജ്ഞരും മക്രോൺ മുതൽ നരേന്ദ്രമോദി വരെയുള്ള ഭരണാധികാരികളും ഒരേശബ്ദത്തിൽ ആണവ സാങ്കേതികവിദ്യയെ കാലാവസ്ഥാ പ്രതിസന്ധിക്കുള്ള ഉത്തരമായി കണ്ടെത്തുന്നു. ‘കുറഞ്ഞ കാർബൺ വിസർജ്ജനം മാത്രമുള്ള' ആണവോർജ്ജ സാങ്കേതികവിദ്യക്കനുകൂലമായ അന്തരീക്ഷമൊരുക്കാൻ അന്താരാഷ്ട്ര തലത്തിൽ തന്നെ ആണവ വ്യവസായ ലോബികളും ഈയവസരം ഉപയോഗപ്പെടുത്തുന്നതായി കാണാം. ലോകത്തിലെ ഏറ്റവും ഉയർന്ന കാർബൺ വിസർജ്ജക രാജ്യങ്ങളിൽ പെടുന്ന ഇന്ത്യ ആണവ സാങ്കേതിക വിദ്യകളിൽ കൂടുതൽ നിക്ഷേപം നടത്തുന്നത് കാണാൻ കഴിയും. തദ്ദേശീയമായി വികസിപ്പിച്ച, 700 മെഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയുള്ള, പ്രഷറൈസ്ഡ് ഘനജല റിയാക്ടർ വിഭാഗത്തിൽ പെടുന്ന കക്രപാർ -3 നിലയം (ഗുജറാത്ത്) കഴിഞ്ഞ ജൂലൈ 29ന് ‘ക്രിട്ടിക്കലാ'യതിനെ തുടർന്ന് ഇന്ത്യയുടെ ആണവമോഹങ്ങൾ ഒന്നുകൂടി വികസിതമായിക്കഴിഞ്ഞിരിക്കുന്നു.
ആണവോർജ്ജ സാങ്കേതികവിദ്യ കാർബൺ വിസർജ്ജനം കുറഞ്ഞ ഏറ്റവും മികച്ച സാങ്കേതികവിദ്യകളായി വീണ്ടും ഉയർത്തിക്കൊണ്ടുവരുമ്പോൾ ഈ വിഷയത്തെ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കാൻ നാം നിർബ്ബന്ധിതരായിരിക്കുകയാണ്. ‘സീറോ കാർബൺ വിസർജ്ജനം' എന്ന ഒറ്റ ലക്ഷ്യത്തിൽ നിന്നുകൊണ്ടുമാത്രം ആണവോർജ്ജ സാങ്കേതിക വിദ്യയെ സ്വാഗതം ചെയ്യാൻ സാധിക്കുമോ? കാലാവസ്ഥാ വ്യതിയാനമോ, ആണവമാലിന്യ പ്രശ്നമോ ഏതാണ് ഗുരുതരമായത്? പുതുക്കാവുന്ന ഊർജ്ജസ്രോതസ്സുകളുടെ വികസനത്തിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? ആഗോള ആണവ വ്യവസായവുമായി ബന്ധപ്പെട്ട ഗതിവിഗതികൾ എന്താണ്? തുടങ്ങിയവയാണ് പ്രൊഫ. എം.വി.രമണയുമായുള്ള ഈ അഭിമുഖത്തിന്റെ വിഷയം.

പ്രൊഫ. എം.വി.രമണ, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ ലിയു ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഇഷ്യൂസ് ഡയറക്ടറും സൈമൺസ് ചെയർ ഇൻ ഡിസാർമമെന്റ്, ഗ്ലോബൽ, ആന്റ് ഹ്യമൻ സെക്യൂരിറ്റീസിൽ പ്രൊഫസറുമാണ്. കൂടാതെ, ഇന്റർനാഷണൽ ന്യൂക്ലിയർ റിസ്‌ക് അസസ്മെന്റ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പാനൽ ഓൺ ഫിസൈൽ മെറ്റീരിയൽസിൽ അംഗവും വേൾഡ് ന്യൂക്ലിയർ ഇൻഡസ്ട്രി സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുന്ന ടീം അംഗവുമാണ്. ഇന്ത്യയുടെ ആണവോർജ്ജ പദ്ധതികളെ വിശദമായി പ്രതിപാദിക്കുന്ന പവർ ഓഫ് പ്രോമിസ് (പെൻഗ്വിൻ) എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്. ന്യൂക്ലിയർ മോണിറ്റർ, ബുള്ളറ്റിൻ ഓഫ് ആറ്റമിക് സയന്റിസ്റ്റ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര ജേണലുകളിൽ രമണയുടേതായ പഠനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

കെ.സഹദേവൻ: ആഗോള കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കാർബൺ വിസർജ്ജനം കുറയ്ക്കേണ്ടത് സംബന്ധിച്ച് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെയും (IPCC), കോപ് -21 ന്റെയും (Committees Of Parties 21) നിർദ്ദേശങ്ങൾ തങ്ങളുടെ ഊർജ്ജോൽപാദനത്തിൽ മാറ്റം വരുത്താൻ രാജ്യങ്ങളെ നിർബന്ധിതരായിരിക്കുകയാണല്ലോ. ‘ഏറ്റവും കുറഞ്ഞ കാർബൺ വിസർജനം' മാത്രമുള്ള ആണവോർജ്ജ സാങ്കേതികവിദ്യകളാണ് ഇതിന് മറുമരുന്നായി ശാസ്ത്രജ്ഞരും രാഷ്ട്രീനേതാക്കളും അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ പ്രതിസന്ധിക്കുള്ള മറുപടിയെന്ന നിലയിൽ ഒരു ‘ആണവ നവോത്ഥാനം' (Nuclear Renaissance) സംഭവിക്കുകയാണോ?

പ്രൊഫ. എം.വി.രമണ: വൈദ്യുതോൽപാദനത്തിനിടയിൽ സംഭവിക്കുന്ന കാർബൺ വിസർജ്ജനം, പ്രതി കിലോവാട്ട് മണിക്കൂറിൽ കണക്കാക്കുമ്പോൾ കൽക്കരിയേക്കാളും തുലോം തുച്ഛമാണ് ആണവ നിലയങ്ങളിൽ എന്നത് വസ്തുതയാണ്. കൽക്കരി ഉൽപാദന കേന്ദ്രങ്ങളിൽ ഒരു കിലോവാട്ട് മണിക്കൂർ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ ഏതാണ്ട് 1000 ഗ്രാം കാർബൺ പുറന്തള്ളപ്പെടുന്നു, ആണവ വ്യവസായത്തിൽ അത് 1.4 ഗ്രാം തൊട്ട് 200 ഗ്രാം വരെയാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഒരുവേള ആണവ ഇന്ധനചക്രത്തെ പൂർണമായി പരിഗണിച്ചാലും ഇത് കൂടുതലായിരിക്കില്ലെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ കാർബൺ വിസർജ്ജനം കുറയ്ക്കുന്നതിൽ ആണവ സാങ്കേതികവിദ്യ ഫലപ്രദമാണോ അല്ലയോ എന്ന വാദത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനേക്കാൾ മറ്റ് പല ഘടകങ്ങളെയും പരിശോധനാ വിധേയമാക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അതിലൊന്ന് ആരാണ് ആണവ സാങ്കേതിക വിദ്യക്കായി വാദിക്കുന്നതെന്നതാണ്. തീർച്ചയായും ലോകത്തിലെ രാഷ്ട്രീയ ഭരണനേതൃത്വം ഇതിന്റെ പിന്നിലുണ്ട്. ഫ്രഞ്ച് പ്രസിഡൻറ്​ മക്രോൺ തൊട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഇക്കൂട്ടത്തിൽ പെടും. അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് പിന്നീട് വിശദീകരിക്കാം.

രണ്ടാമത്തെ കൂട്ടർ, ആണവ ഏജൻസികളാണ്. അന്താരാഷ്ട്ര ആണവ ഏജൻസി (International Atomic Energy Agency), ന്യൂക്ലിയർ എനർജി ഏജൻസി (OECENEA) എന്നിവയെക്കൂടാതെ ആണവ വ്യവസായ ഗ്രൂപ്പുകളും ഇവയ്ക്ക് പിന്നിലുണ്ട്. മൂന്നാമത്തെ വിഭാഗം ജിം ഹാൻസനെപ്പോലുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞരാണ്. ജിം ഹാൻസൻ ഈ വിഷയത്തിൽ ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട് (Storms of My Grand children). ഈ പുസ്തകത്തിൽ ആണവോർജ്ജത്തിനനുകൂലമായ ശക്തമായ വാദമുഖങ്ങൾ ഹാൻസെൻ ഉയർത്തുന്നുണ്ട്. ആണവോർജ്ജത്തിന് ഹാൻസെൻ

ഉന്നയിക്കുന്ന വാദങ്ങൾ പ്രശ്നങ്ങൾ നിറഞ്ഞതാണ്. അദ്ദേഹത്തിന്റെ ഫോക്കസ് ഒരു പ്രത്യേകതരത്തിലുള്ള റിയാക്ടർ മാതൃകകളെ -Integral Fast Reactor- അടിസ്ഥാനമാക്കിയുള്ളതാണ്. ഈ റിയാക്ടർ മോഡലുകളുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ഞാൻ മുമ്പ് വിശദമായി എഴുതിയിട്ടുണ്ട്. ജിം ഹാൻസൻ നല്ല കാലാവസ്ഥാ ശാസ്ത്രജ്ഞനായിരിക്കുമ്പോൾ തന്നെ ആണവ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് അദ്ദേഹം ഉന്നയിക്കുന്ന വാദങ്ങൾ ഉയർന്ന നിലവാരമുള്ളതല്ല എന്നുമാത്രം തൽക്കാലം പറയാൻ ആഗ്രഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരമെന്ന നിലയിൽ ആണവ സാങ്കേതികവിദ്യയെ സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചത് ടോം ബ്ലീസിന്റെ പ്രശസ്തമായ Prescription for the Planet എന്ന ഗ്രന്ഥമാണെന്ന് ജിം ഹാൻസൻ സൂചിപ്പിക്കുന്നുണ്ട്. സോളാർ, ന്യൂക്ലിയർ, സ്റ്റോറേജ് സെൽ എന്നീ സാങ്കേതിക വിദ്യകളിലൂടെ കാലാവസ്ഥാ പ്രതിസന്ധി മറികടക്കാമെന്ന ടോം ബ്ലീസിന്റെ കുറിപ്പടി ഹാൻസൻ അടക്കമുള്ള നിരവധി കാലാവസ്ഥാ ശാസ്ത്രജ്ഞരെ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്.

ആണവ സാങ്കേതികവിദ്യകൾക്ക് വാദിക്കുന്ന മറ്റൊരു കൂട്ടർ ഇക്കോ-മോഡേണിസ്റ്റുകളാണ്. വർത്തമാന സംവാദങ്ങളിൽ നിർണായക ഇടപെടൽ നടത്തുന്ന ഈ വിഭാഗം ആണവ സാങ്കേതിക വിദ്യകളെ പ്രതിസന്ധികൾക്കുള്ള ‘ഏകപരിഹാരമായി' ചൂണ്ടിക്കാട്ടുന്നു. മാർക് ലൈനസിനെപ്പോലുള്ള പ്രമുഖ പത്രപ്രവർത്തകർ ‘ആണവോർജ്ജത്തെ എതിർക്കുന്നവർ യഥാർത്ഥ വില്ലന്മാരാണ്' എന്നുവരെ പറഞ്ഞുവെക്കുന്നുണ്ട്. ഇവർക്ക് പുറമെ ജോർജ്ജ് മോൺബയോട്ട്, കേറ്റ് ബ്രൗൺ തുടങ്ങിയവരും ആണവ സാങ്കേതികവിദ്യയ്ക്ക് അനുകൂലമായ വാദമുഖങ്ങളുമായി മുന്നോട്ടുവരുന്നുണ്ട്. വൻകിട കോർപറ്റേറ്റുകളും ആണവ വ്യവസായികളും ഈ വാദമുഖങ്ങളെ പിന്തുണച്ച്, അല്ലെങ്കിൽ അവയെ ഉയർത്തിപ്പിടിച്ച് രംഗത്തുണ്ട് എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

ചോദ്യം: കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരമെന്ന നിലയിൽ ആണവോർജ്ജത്തെക്കുറിച്ച് വാദിക്കുന്ന രാഷ്ട്രീയ ഭരണകൂടങ്ങളുടെ ഹിപോക്രസിയെക്കുറിച്ച് താങ്കൾ മുമ്പൊരിക്കൽ സൂചിപ്പിക്കുകയുണ്ടായി. ഇതൊന്ന് വിശദീകരിക്കാമോ?

ഈയൊരു അവകാശവാദത്തോടുള്ള-കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിൽ ആണവോർജ്ജം ഉപയോഗപ്പെടുത്താമെന്നത്-പ്രതികരണമെന്ന നിലയിൽ എനിക്ക് ചോദിക്കാനുള്ളത്, യഥാർത്ഥത്തിൽ ഈ ആളുകൾ ആണവോർജ്ജത്തിനായി വാദിക്കുന്നത് കാലാവസ്ഥാ വ്യതിയാനം ഒരു യഥാർത്ഥ പ്രശ്നമാണെന്ന് കരുതുന്നതുകൊണ്ടാണോ എന്നാണ്. ഇവിടെ ഞാൻ പ്രത്യേകം ഊന്നുന്നത് തീരുമാനമെടുക്കാനും ഫണ്ട് നീക്കിവെക്കാനും അധികാരമുള്ള ആളുകളെക്കുറിച്ചാണ്. അവർ യഥാർത്ഥത്തിൽ എന്തുചിന്തിക്കുന്നു എന്നത് പ്രധാനമാണ്. വാസ്തവത്തിൽ അവരെ നയിക്കുന്നത് ഹിപ്പോക്രസിയാണെന്ന് ഞാൻ പറയും. ഉദാഹരണത്തിന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ നോക്കുക. ട്രംപ് അധികാരത്തിൽ വന്നയുടൻ ആണവോർജ്ജ പദ്ധതികൾക്കുള്ള സബ്സിഡി ഉയർത്തി. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, കാലാവസ്ഥാ പ്രതിസന്ധി എന്നൊന്ന് ഉള്ളതായി ട്രംപ് ഒരിക്കലും അംഗീകരിച്ചിട്ടില്ല എന്നതാണ്. അതേമയം ‘ക്ലൈമറ്റ് ചെയ്ഞ്ച് വിശ്വാസി'യായ നരേന്ദ്ര മോദി ചെയ്തത് കൽക്കരി അടിസ്ഥാനപ്പെടുത്തിയ ഊർജ്ജോത്പാദനത്തിന് കൂടുതൽ പ്രാമുഖ്യം നൽകുക എന്നതായിരുന്നു. അമേരിക്കയുടെ മുൻ പ്രസിഡണ്ട് ബറാക് ഒബാമ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്. എന്നാൽ അദ്ദേഹം അധികാരത്തിലിരുന്നപ്പോൾ ഏറ്റവും കൂടുതൽ മുതൽ മുടക്ക് നടത്തിയത് എണ്ണ മേഖലയിലാണെന്നും അറിയേണ്ടതുണ്ട്. കൽക്കരി, എണ്ണ പോലുള്ള ഫോസിൽ ഇന്ധനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിനുള്ള മറുമരുന്നാണെന്ന് ഇന്ന് ആരും കരുതുന്നുണ്ടാകില്ലല്ലോ. ഇവയെല്ലാം സൂചിപ്പിക്കുന്നത് കാലാവസ്ഥാ പ്രതിസന്ധിയല്ല അവരുടെ ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്നും മറിച്ച് മറ്റ് പല മുൻഗണനകളുമാണെന്നതാണ്.

ചോദ്യം: ഈ മുൻഗണനകൾ എന്തൊക്കെയാണ്?

രാഷ്ട്രീയാധികാരം കയ്യിലുള്ളവരെയും അധികാരക്കസേര ലക്ഷ്യം വെക്കുന്നവരെയും ആകർഷിക്കാനുതകുന്ന നിരവധി ഘടകങ്ങൾ ആണവ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടുണ്ട് എന്നതാണ് ഒന്ന്. ആണവ സാങ്കേതിക വിദ്യ, ഒരേസമയം വൈദ്യുതി ഉൽപാദനത്തിന് സഹായകമാകുന്നു എന്നതുപോലെ രാജ്യസുരക്ഷയുമായും ബന്ധപ്പെട്ടുനിൽക്കുന്നതാണ് എന്ന് നമുക്കറിയാം. Power of Promise എന്ന എന്റെ പുസ്തകത്തിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ആണവ സാങ്കേതിക വിദക്കായി വാദിക്കുന്ന ഇക്കോ-മോഡേണിസ്റ്റുകളെപ്പോലുള്ളവർ ആണവോർജ്ജവും ആണവായുധവും തമ്മിൽ ബന്ധിപ്പിച്ച് കൺഫ്യൂഷൻ സൃഷ്ടിക്കുകയാണെന്നാണ് ആരോപിക്കുന്നത്. അതേസമയം അടുത്തകാലത്ത്, യു.എസ്​.എയിലും യു.കെയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണവനിലയങ്ങളും ആണവായുധങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വെളിപ്പെടുത്തുന്നതാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഈ പറഞ്ഞ രണ്ട് രാജ്യങ്ങളിലെയും ആണവ വ്യവസായം വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ, അവയുടെ നിലനിൽപിന് ആവശ്യമായ സബ്സിഡികളും സൗജന്യങ്ങളും ലഭിക്കുന്നതിനായി കമ്പനികൾ പരസ്യമായി പ്രസ്താവിച്ചത്, ആണവ വ്യവസായം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെ അവയെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്നുമായിരുന്നു. ആണവ റിയാക്ടറുകളുടെ ഇത്തരമൊരു പ്രാധാന്യം സൂചിപ്പിക്കാൻ അവർ ഉപയോഗിച്ച സാങ്കേതികപദം ‘a key national security enabler' എന്നാണ്.

രണ്ടാമത്തെ കാര്യം, ഭൗമ രാഷ്ട്രീയ പരിഗണനകളുമായി ബന്ധപ്പെട്ടതാണ്. ചൈന, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് ആണവ സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്നതിൽ ഈയൊരു ഘടകം പ്രധാനമാണ്. തങ്ങളുടെ സാങ്കേതികവിദ്യകൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പിന്തുണ പല മേഖലകളിലും ഉറപ്പുവരുത്താൻ ഇത് സഹായിക്കുന്നുവെന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ.

ഇത്രയധികം പ്രതിസന്ധികളും പ്രശ്നങ്ങളും ആണവ സാങ്കേതികവിദ്യകൾക്ക് പിന്നിൽ പതിയിരിക്കുമ്പോഴും എന്തുകൊണ്ടാണ് ഈയൊരു സാങ്കേതികവിദ്യയുമായി മുന്നോട്ടുപോകുന്നതെന്ന സംശയം സ്വാഭാവികമാണ്. ഇതിനുള്ള ഉത്തരം problems for us are not problems for ‘them' എന്നാണ്. പ്രൊഫ. നോം ചോസ്‌കി ചൂണ്ടിക്കാട്ടിയതുപോലെ, ‘ആധുനിക മുതലാളിത്തത്തിന്റെ അടിസ്ഥാന തത്വമെന്നത്, ലാഭം സ്വകാര്യവൽക്കരിക്കുമ്പോഴും അപകട സാധ്യതകളും മറ്റ് ചെലവുകളും സാധ്യമായത്രയും സാമൂഹികവൽക്കരിക്കുക എന്നതാണ്'. നാം പ്രശ്നങ്ങളായി ചൂണ്ടിക്കാട്ടുന്നത് അവർക്ക് (സ്വകാര്യ കമ്പനികൾക്ക്) പ്രശ്നങ്ങളാകാതിരിക്കുന്നത് അതുകൊണ്ടാണ്. ഗവൺമെന്റുകൾ സബ്സിഡികളും സൗജന്യങ്ങളും വർധിപ്പിക്കുമ്പോൾ മാത്രമാണ് സ്വകാര്യ കമ്പനികൾ ആണവ വ്യവസായങ്ങളിൽ നിക്ഷേപം നടത്താൻ തയ്യാറാകുന്നത് എന്ന കാര്യം പല സന്ദർഭങ്ങളിലും ഇത് വെളിവാക്കപ്പെട്ട കാര്യമാണ്. ആണവാപകടം സംബന്ധിച്ച ബാദ്ധ്യതകൾ (liabilities) ഏറ്റെടുക്കാൻ കമ്പനികൾ മടികാണിക്കുന്നതും അത് ഗവൺമെന്റുകളുടെ കൈകളിലേക്ക് തള്ളിമാറ്റുന്നതും നമുക്ക് കാണാൻ സാധിക്കും.

ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിൽ ഉത്തരവാദികളായവർ തന്നെ മുന്നോട്ടുവെക്കുന്ന പരിഹാര നിർദ്ദേശങ്ങൾ അവർക്ക് വൻതോതിലുള്ള ലാഭം കൊയ്യുന്നതിനുള്ള വഴികളായി മാറുന്നുവെന്നതാണ് വസ്തുത. ‘Those most responsible for creating problem (the problem of climate change) will see to it that they profit from the solution that they propose' എന്ന് അരുന്ധതി റോയ് സൂക്ഷ്മമായി ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനുള്ള പരിഹാരമെന്ന നിലയിൽ ആണവ പദ്ധതികൾ കടന്നുവരുന്നതിന് പിന്നിൽ അവയുടെ ലാഭശതമാനം (സ്വകാര്യ നിക്ഷേപകർക്ക് ലഭിക്കുന്ന മാർക്കറ്റ് വാല്യു) വളരെ ഉയർന്നതായതുകൊണ്ടാണ് എന്നത് സ്പഷ്ടമാണ്.

ചോദ്യം: കൃത്യമായൊരു നിയമക്രമമോ, സ്റ്റോപിംഗ് റൂൾസോ, ആത്യന്തിക പരിഹാര സാധ്യതകളോ ഇല്ലാത്ത കാലാവസ്ഥാ പ്രതിസന്ധി പോലുള്ള ‘ദുർഘട പ്രശ്നങ്ങൾ' (Wicked Problems) മറികടക്കാൻ ആണവോർജ്ജ സാങ്കേതികവിദ്യകൾ പോലുള്ള ‘വിശിഷ്ട പരിഹാരങ്ങൾ' (Elegant Solutions) എത്രമാത്രം ഫലപ്രദമാണ്?

ആസൂത്രണ വിദഗ്ദ്ധന്മാരും സൈദ്ധാന്തികരും ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാന വിഷയമാണിത്. നയ സൈദ്ധാന്തികർ അവതരിപ്പിക്കുന്ന ‘ദുർഘട പ്രശ്നങ്ങൾ' (Wicked Problems) എന്ന ആശയം ഇവിടെ ഉയർന്നുവരുന്നുണ്ട്. പ്രശ്നം സംബന്ധിച്ച നിർവചനത്തിൽ പോലും വ്യക്തതയില്ലായ്മ ഇവിടെ കാണാം. ‘ദുർഘട പ്രശ്നങ്ങൾ' നേരിടുന്നതിനായി അവതരിപ്പിക്കുന്ന ‘വിശിഷ്ട പരിഹാരങ്ങൾ' (Elegant Solutions) യഥാർത്ഥത്തിൽ പരിഹാരങ്ങളേ അല്ലെന്ന് മൈക്ക് ഹ്യൂമിനെപ്പോലുള്ളവർ വ്യക്തമാക്കിയിട്ടുള്ളതാണ്. കാലാവസ്ഥാ പ്രതിസന്ധി എന്നത് അത്തരമൊരു ‘ദുർഘട പ്രശ്ന'മാണെന്നും ആണവോർജ്ജ സാങ്കേതിക വിദ്യ എന്നത് മേൽസൂചിപ്പിച്ച തരത്തിലുള്ള ‘വിശിഷ്ട പരിഹാരങ്ങളു'ടെ ഗണത്തിൽ പെട്ടവയാണെന്നും തന്നെയാണ് എന്റെ അഭിപ്രായം.

ആണവ സാങ്കേതിക വിദ്യകൾ കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരമല്ല എന്ന എന്റെ അഭിപ്രായത്തിന് ഉപോൽബലകമായ വസ്തുതകൾ രണ്ട് ഗണത്തിൽ പെടുത്തി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നു. ആദ്യത്തേത് അഭിലഷണീയത (desirability)യുടെ പ്രശ്നവുമായി ബന്ധപ്പെട്ടാണ്. മൂന്ന് വിഷയങ്ങളാണ് ഈ ഗണത്തിൽ പെടുന്നത്. ഒരു കാര്യം​, ആണവോർജ്ജ സാങ്കേതികവിദ്യ ഗുരുതര അപകടങ്ങൾ വരുത്തിവെക്കാൻ കെൽപുള്ളവയാണ് എന്നതാണ്​. ഇക്കാര്യം പലഘട്ടങ്ങളിൽ പല അപകടങ്ങളുമായി ബന്ധപ്പെട്ട് വിശദീകരിച്ചതാണ്. ചെർണോബൈൽ അപകടം വലിയൊരു ഭൂപ്രദേശത്തെ വാസയോഗ്യമല്ലാതാക്കിത്തീർത്തത് നാം കണ്ടു. അപകടം സംഭവിച്ച് മൂന്നര പതിറ്റാണ്ട് കഴിഞ്ഞതിനുശേഷവും പ്രത്യാഘാതം തുടരുകയാണ്.

ചെർണോബൈൽ റേഡിയേഷൻ മാപ്പ്

സ്വാഭാവികമായും ഇവിടെ ഉയർന്നുവരുന്ന ഒരു വാദം, റിയാക്ടറുകൾ സുരക്ഷിതവും അപകടരഹിതവുമായ നിലയിൽ നിർമ്മിക്കാൻ കഴിയില്ലേ എന്നതാണ്. ഇത് അസാധ്യമാണ് എന്നതിന് നിരവധി കാരണങ്ങളുണ്ട്. ആണവ സാങ്കേതികവിദ്യ സങ്കീർണമായ ഒന്നാണ് എന്നതുകൊണ്ടുതന്നെ അവയിലെ അപകട വഴികൾ മുൻകൂട്ടി വിഭാവനം ചെയ്യുക അസാധ്യമാണ്. മൂൻകൂട്ടി കാണാൻ സാധിക്കാത്ത അപകടങ്ങളിൽ നിന്ന് രക്ഷനേടാനാവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കുക എന്നതും അസാധ്യമാണ്. അപകട നിർണ്ണയം (Risk Assessment) എന്നത് വിശ്വാസയോഗ്യമല്ലാത്ത കാര്യമാണ് എന്നതാണ് മൂന്നാമത്തെ കാര്യം. ഇതിലൊക്കെ ഉപരി, ആണവ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി താൽപര്യങ്ങൾ അപകടരഹിതമായ ആണവസാങ്കേതിക വിദ്യ ഉറപ്പുവരുത്തുന്നതിന് വിഘാതമായി വർത്തിക്കുന്നു. ഈ കാരണങ്ങൾകൊണ്ട് ആണവസാങ്കേതിക വിദ്യകളിലെ അപകട സാധ്യത എന്നത് അനിശ്ചിതത്വം നിറഞ്ഞ ഒന്നാണ്. കൃത്യമായി പറഞ്ഞാൽ പൂജ്യത്തേക്കാൾ ഉയർന്ന അപകട സാധ്യതയാണ്; ‘ഇതിനർത്ഥം സുരക്ഷിതമായ ആണവോർജ്ജം എന്നത് മിഥ്യയാണ്' എന്നാണ്.

ചോദ്യം: കാലാവസ്ഥ വ്യതിയാനം, വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് ഇടയാക്കുന്നുവെന്നത് ആണവ സാങ്കേതികവിദ്യകളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കാൻ പോകുന്ന ഒന്നല്ലേ?

കാലാവസ്ഥാ മാറ്റങ്ങൾ, പ്രത്യേകിച്ചും ആഗോളതാപനം, വാസ്തവത്തിൽ ആണവ റിയാക്ടറുകളുടെ അപകട സാധ്യത ഉയർത്തുകയാണ് ചെയ്യുന്നത് എന്നതിൽ രണ്ടഭിപ്രായമില്ല. കാലാവസ്ഥാ ചാഞ്ചല്യം വരൾച്ച പോലുള്ള പ്രതിഭാസത്തിലേക്ക് നയിക്കുന്നു എന്നതുകൊണ്ടുതന്നെ ഫ്രാൻസ് അവരുടെ ഒരു ആണവ നിലയം അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള വാർത്തകൾ രണ്ട് ദിവസം മുമ്പു മാത്രമാണ് പുറത്തുവന്നത്. അതുപോലെതന്നെ അമേരിക്കയിലെ അയോവ സ്റ്റേറ്റിലെ ആർനോൾഡ് ന്യൂക്ലിയർ പവർ പ്ലാന്റും ഇതേ കാരണം കൊണ്ട് തുറന്ന് പ്രവർത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്.
രണ്ടാമത്തെ കാര്യം, ആണവോർജ്ജം ആണവായുധങ്ങളുമായി അടുത്ത് ബന്ധപ്പെട്ടു നിൽക്കുന്നു എന്നതാണ്. ആണവോർജ്ജ ഉത്പാദനം എന്നത് സമ്പുഷ്ട യുറേനിയത്തിന്റെയും പ്ലൂട്ടോണിയത്തിന്റെയും ഉപയോഗം ഉൽപാദനം എന്നിവ ഉൾച്ചേർന്ന ഒന്നാണ്. ഒരു ചെറിയ ആണവ നിലയത്തിന് പോലും വൻതോതിൽ മുമ്പ്​ സൂചിപ്പിച്ച ആണവ ഇന്ധനങ്ങൾ ആവശ്യമാണ്.
മൂന്നാമത്തെ വിഷയം, ആണവ നിലയങ്ങൾ ഉത്പാദിപ്പിക്കുന്ന വികിരണ മാലിന്യങ്ങൾ സഹസ്രാബ്ദങ്ങളോളം നിലനിൽക്കുന്നതാണ് എന്നതാണ്. ഇത് സംബന്ധിച്ച സാമൂഹ്യ ഉത്കണ്ഠകൾ പരിഹരിക്കുന്നതിനാവശ്യമായ യാതൊരു സാങ്കേതിക വിദ്യകളും നാളിതുവരെ കണ്ടെത്തിയിട്ടില്ല. ലോകത്തെവിടെയും സുരക്ഷിതമായി പ്രവർത്തിക്കുന്ന ആണവ മാലിന്യ സംഗ്രഹം (Nuclear Waste Repositories) ഇല്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. വരുംതലമുറകൾക്കുമേൽ അത്യന്തം അപകടകാരികളായ ഇത്തരത്തിലുള്ള മാലിന്യഭാരം പൈതൃകമായി അടിച്ചേൽപ്പിക്കുന്നത് സംബന്ധിച്ച സാമൂഹ്യ ഉൽക്കണ്ഠ ഇന്ന് വ്യാപകമാണ്.

ചോദ്യം: ആണവ സാങ്കേതികവിദ്യകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ആഗോള ഗതിവിഗതികൾ എന്താണ് സൂചിപ്പിക്കുന്നത്? കൽക്കരി നിലയങ്ങൾക്ക് പകരമെന്ന നിലയിൽ എത്രമാത്രം ന്യൂക്ലിയർ എനർജി നമുക്കാവശ്യമുണ്ട്?

ആണവ സാങ്കേതിക വിദ്യ കാലാവസ്ഥാ പ്രതിസന്ധികൾക്ക് പരിഹാരമല്ല എന്നത് സംബന്ധിച്ച വാദമുഖങ്ങളിലെ രണ്ടാമത്തെ ഗണത്തിൽ പെടുന്ന പ്രശ്നങ്ങൾ അവയുടെ പ്രായോഗികതയുമായി (feasibility)യുമായി ബന്ധപ്പെട്ടതാണ്.

ഇവിടെ ചില സ്ഥിതിവിവരക്കണക്കുകൾ നാം മനസ്സിലാക്കേണ്ടതുണ്ട്. ലോകത്താകമാനം 31 രാജ്യങ്ങളിലായി 442 റിയാക്ടറുകളാണ് ഇന്ന് നിലവിലുള്ളത്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ റിയാക്ടറുകളിൽ വലിയൊരു ഭാഗവും പ്രവർത്തിക്കുന്നത് അമേരിക്ക അടക്കമുള്ള അഞ്ചോളം രാജ്യങ്ങളിലാണ്. ബാക്കിയുള്ളവയിൽ ഒന്നോ രണ്ടോ നിലയങ്ങൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. തീർച്ചയായും ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളും ആണവ നിലയങ്ങൾ നാളിതുവരെയായി നിർമിച്ചിട്ടില്ല എന്നതുകൂടി ഓർക്കേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ച ആണവ റിയാക്ടറുകൾ പ്രധാനമായും നിർമിക്കപ്പെട്ടിരിക്കുന്നത് രണ്ട് കാലഘട്ടങ്ങളിലാണ്. ഒന്ന് 1970കളിൽ അമേരിക്കയിലും രണ്ടാമത് 1980കളിൽ പടിഞ്ഞാറൻ യൂറോപ്പിലുമാണ്. 1986ലെ ചെർണോബൈൽ ആണവാപകടത്തിന് ശേഷം നിരവധി നിലയങ്ങൾ അടച്ചുപൂട്ടുന്ന സ്ഥിതിവിശേഷമാണ് വാസ്തവത്തിൽ ഉണ്ടായത്. പിന്നീട് ആണവനിലയ നിർമ്മാണത്തിൽ ചെറിയൊരു വർദ്ധനവ് സംഭവിച്ചത് 2012-13 വർഷങ്ങളിൽ ചൈനയിലാണ്. ആണവ നിലയ നിർമാണത്തിന് ചെലവഴിക്കേണ്ടി വരുന്ന കാലദൈർഘ്യം വളരെ വലുതാണ് എന്നത് മറ്റൊരു പ്രശ്നമായി ചൂണ്ടിക്കാട്ടാം. ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയാൽപ്പോലും ഒരു നിലയത്തിന്റെ നിർമാണം പൂർത്തിയാക്കാൻ പത്തുവർഷം വേണ്ടിവരും. പൊതുവിൽ അതിലും എത്രയോ കൂടുതൽ കാലമെടുത്താണ് നിലയ നിർമാണം പൂർത്തിയാക്കപ്പെട്ടിട്ടുള്ളതെന്ന് കാണാം. ഈ ഗതിവിഗതികളെല്ലാം സൂചിപ്പിക്കുന്നത്, വൈദ്യുതോൽപാദനത്തിലെ ആണവ വൈദ്യുതിയുടെ പങ്ക് വളരെ കുറവാണ് എന്നതാണ്. 1990കൾക്ക് ശേഷമുള്ള ആഗോള ആണവ വൈദ്യുതോൽപാദനം സ്ഥിരതയോടെ താഴ്ന്നുകൊണ്ടിരിക്കുന്നതായി കണക്കുകൾ തെളിയിക്കുന്നു. ഇന്ന് അത് 10ശതമാനം എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നതായി കാണാം. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി പോലുള്ള ആണവ നിലയങ്ങൾക്കായി അഹോരാത്രം വാദിക്കുന്ന സ്ഥാപനങ്ങൾ മുന്നോട്ടുവെക്കുന്ന പ്രൊജക്ഷനുകളിൽ പോലും ആണവോർജ്ജ ഉൽപാദനത്തിൽ വലിയ പുരോഗതി കാണാൻ സാധിക്കില്ല എന്നതാണ് വസ്തുത. ഈ ട്രെൻഡുകൾ നിരീക്ഷിക്കുന്നവർക്ക് ഫോസിൽ ഇന്ധനങ്ങൾക്ക് പകരമെന്ന നിലയിൽ ആണവ സാങ്കേതിക വിദ്യ കടന്നുവരാനുള്ള സാധ്യത വിരളമാണെന്ന് വളരെ എളുപ്പത്തിൽ മനസ്സിലാകും.

ചോദ്യം: എന്തുകൊണ്ടാണ് ഈ ട്രെൻഡ് സ്ഥായിയായിരിക്കുന്നത്?

ഉത്തരം ലളിതമാണ്. ആണവ സാങ്കേതികവിദ്യ സാമ്പത്തികമായി ലാഭകരമല്ല എന്നതുതന്നെ. റിയാക്ടറുകളുടെ നിർമ്മാണച്ചെലവ് ഈ സാങ്കേതികവിദ്യയെ മത്സരങ്ങളിൽ നിന്ന് പുറന്തള്ളുന്നുവെന്നത് വസ്തുതയാണ്. ലസാർഡ്(Lazard) എന്ന അമേരിക്കൻ സ്ഥാപനം 2019ൽ നടത്തിയ താരതമ്യ പഠനം വെളിപ്പെടുത്തുന്നത്, നിർമാണം, ഉൽപാദനം എന്നീ രണ്ട് മേഖലകളിലും ഏറ്റവും കൂടുതൽ ചെലവ് വരുന്നത് ആണവ വൈദ്യോൽപാദനത്തിലാണ് എന്നതാണ്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ പുതുക്കാവുന്ന (Renewables) ഊർജ്ജ പദ്ധതികളുടെ നിർമ്മാണ-ഉത്പാദന ചെലവ് വർഷാവർഷം താഴുകയും, ഏഴ് പതിറ്റാണ്ടിലധികം അനുഭവ പാരമ്പര്യമുള്ള ആണവോർജ്ജ മേഖലയിൽ ചെലവ് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ആണവോർജ്ജം ഈ രീതിയിൽ ചെലവുകൂടിയതാകാൻ നിരവധി കാരണങ്ങൾ ഉണ്ട്. സമീപഭാവിയിലെങ്ങും അത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകാൻ പോകുന്നില്ലെന്ന് മനസ്സിലാക്കുക. ആണവ പദ്ധതികളിൽ അടങ്ങിയിരിക്കുന്ന ഫിനാൻഷ്യൽ റിസ്‌ക് കാരണം സ്വകാര്യ കമ്പനികൾ ഈ വ്യവസായത്തിൽ നിക്ഷേപം നടത്താൻ മടിച്ചുനിൽക്കുന്നതായും കാണാം. ആണവ പദ്ധതികളുടെ പ്രാരംഭ മതിപ്പുചെലവും നിർമ്മാണം പൂർത്തിയാകുമ്പോഴുള്ള ചെലവും രണ്ടിരട്ടിയോ മൂന്നിരട്ടിയോ ആയി വർദ്ധിക്കുന്നത് ഏതാണ്ടെല്ലാ പദ്ധതികളിലും കാണാൻ സാധിക്കും. ഉദാഹരണത്തിന്, കൂടങ്കുളം പദ്ധതിയെ നോക്കുക. ഇനീഷ്യൽ കോസ്റ്റ് എസ്റ്റിമേഷൻ 132 ബില്യൺ രൂപയായിരുന്നത് (2007-09) പദ്ധതി നിർമാണം പൂർത്തിയാകുമ്പോഴേക്കും 225 ബില്യൺ രൂപയായി ഉയർന്നുകഴിഞ്ഞിരുന്നു.

കൂടംകുളം ആണവ നിലയം

ആണവ പദ്ധതികളെ സംബന്ധിച്ചുള്ള ഒരു പ്രധാന അവകാശവാദം, ഒരു തവണ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ പിന്നീടുള്ള പ്രവർത്തനചെലവ് തുച്ഛമായിരിക്കും എന്നാണ്. എന്നാൽ ഈ അവകാശവാദം സമ്പൂർണമായും തെറ്റാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ഏതാനും ദശകങ്ങളിലെ അനുഭവങ്ങൾ തെളിയിക്കുന്നത്. പുതുക്കാവുന്ന ഊർജ്ജസ്രോതസ്സുകളുടെ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിലക്കുറവ് പഴയ ആണവ നിലയങ്ങൾ അടച്ചുപൂട്ടുന്നതിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ആണവ വൈദ്യുതി ഒരു ചരക്ക് (Commodity) എന്ന നിലയിൽ വിൽക്കുന്ന രാജ്യങ്ങളിലാണ് ഈയൊരു സ്ഥിതിവിശേഷം നിലനിൽക്കുന്നത്. അതായത് വിപണി മത്സരങ്ങളിൽ നിന്ന് ആണവ വൈദ്യുതി പിന്തള്ളപ്പെടുന്നു എന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
കാലാവസ്ഥാ പ്രതിസന്ധിക്ക് അഭിലഷണീയ ബദൽ എന്ന നിലയ്ക്കോ, പ്രയോഗസാധ്യത കൂടുതലുള്ള സ്രോതസ്സ് എന്ന നിലയ്ക്കോ ആണവോർജ്ജ പദ്ധതികളെ ചൂണ്ടിക്കാണിക്കാൻ സാധിക്കില്ലെന്ന് ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ നിന്ന് വ്യക്തമാണല്ലോ.

ചോദ്യം: ഈ പറഞ്ഞ കാര്യങ്ങളെ ഖണ്ഡിക്കുന്നതിന് ആണവ സാങ്കേതികവിദ്യയുടെ പ്രയോക്താക്കൾ മൂന്ന് പ്രധാന വാദമുഖങ്ങൾ ഉയർത്തുന്നുണ്ട്. 1. പുത്തൻ ആണവ സാങ്കേതിക വിദ്യ ഇതിനുള്ള ഉത്തരമാണ്. 2. ആണവപദ്ധതികൾ ഉയർത്തുന്ന പ്രശ്നങ്ങളേക്കാൾ അനഭിലഷണീയമാണ് കാലാവസ്ഥാ പ്രതിസന്ധി ഉയർത്തുന്ന പ്രതിസന്ധികൾ; 3. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ പ്രശ്നങ്ങളെ മറികടക്കാൻ നമുക്ക് സാധിക്കും. ഇവയോട് എങ്ങിനെ പ്രതികരിക്കുന്നു?

പുതിയ റിയാക്ടർ മോഡലുകൾ പ്രശ്നം പരിഹരിക്കുന്നതിന് സഹായകമാകില്ലേ എന്ന ചോദ്യം പരിശോധിക്കാം. ആണവ ചരിത്രത്തിലുടനീളം റിയാക്ടർ നിർമാതാക്കൾ ഇത്തരമൊരു അവകാശവാദം ഉയർത്തിക്കൊണ്ടിരുന്നതായി കാണാൻ കഴിയും. എങ്ങിനെയാണ് അവരുടെ പുതിയ മോഡൽ ആ മേഖലയിലെ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാൻ പോകുന്നതെന്ന് ഓരോ പുതിയ മാതൃകയെയും അവതരിപ്പിച്ച് കമ്പനികൾ അവകാശപ്പെടുന്നുണ്ട്. ഉദാഹരണത്തിന് അമേരിക്കൻ റിയാക്ടർ നിർമ്മാതാക്കളായ വെസ്റ്റിംഗ്ഹൗസിനെ എടുക്കാം. അവർ തങ്ങളുടെ പുതിയ റിയാക്ടർ മോഡൽ AP1000 നെക്കുറിച്ച് അവകാശപ്പെടുന്നത് ‘മോഡുലാർ കൺസ്ട്രക്ഷൻ മെതേഡ്' ഉപയോഗിച്ച് 36 മാസങ്ങൾക്കുള്ളിൽ നിർമിച്ചവയാണെന്നാണ്. കേവലം ടെക്നിക്കൽ ജാർഗണുകൾക്കപ്പുറത്ത് മോഡുലാർ കൺസ്ട്രക്ഷൻ മെതേഡിന് എന്ത് പ്രത്യേകതകളാണുള്ളതെന്ന് ആർക്കുമറിയില്ല, അതിനേക്കാളുപരി, ഈ ഡിസൈൻ പരിശോധിച്ചതിൽ നിന്ന് മനസ്സിലാകുന്നത് നിരവധി പിഴവ് നിറഞ്ഞതും പുതിയ പല പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ ഒന്നാണ് വെസ്റ്റിംഗ്ഹൗസിന്റെ AP1000 റിയാക്ടർ മോഡൽ എന്നാണ്. ഇക്കാര്യം പുതുതായി നിർമിക്കപ്പെട്ട സ്മാൾ മോഡുലാർ റിയാക്ടർ മാതൃകകൾക്കും അത്രതന്നെ ബാധകമായ കാര്യമാണ്. ഇതുസംബന്ധിച്ച പല പഠനങ്ങളും തെളിയിക്കുന്നത് മുൻകാല മാതൃകകളെക്കാളും കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കാൻ ഉതകുന്നവയാണ് പുതിയ മോഡലുകൾ എന്നാണ്. പുതിയ റിയാക്ടർ ഡിസൈനുകൾ പ്രശ്നപരിഹാരം സാധ്യമാക്കും എന്നത് കേവലം അഭിലഷണീയ ചിന്ത എന്നതിനപ്പുറം യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണ് എന്ന് പറയേണ്ടതുണ്ട്. രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം നേരത്തെ സൂചിപ്പിച്ച തീരുമാനമെടുക്കാൻ കെൽപുള്ള രാഷ്ട്രീയ ഭരണകൂടങ്ങളുടെ ഹിപ്പോക്രസി മാത്രമാണ് ഈ വാദങ്ങൾക്ക് പിന്നിലുള്ളതെന്നതാണ്. അവരുടെ വാദങ്ങളും പ്രവൃത്തികളും തമ്മിൽ യാതൊരുബന്ധവും ഇല്ല എന്നതാണ് വാസ്തവം.

കാലാവസ്ഥാ പ്രതിസന്ധികൾക്കുള്ള പരിഹാരം എന്നതുകൊണ്ട് യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. നിലനിൽക്കുന്ന സാമ്പത്തിക വ്യവസ്ഥയിൽ, നിരന്തര ഉപഭോഗവും വളർച്ചയും ലക്ഷ്യം വെക്കുന്ന ഒരു സമ്പദ്ക്രമത്തിൽ, കാലാവസ്ഥാ പ്രതിസന്ധി എന്നത് പരിഹരിക്കാൻ സാധിക്കുന്ന ഒരു പ്രശ്നമാണോ എന്നതാണത്. മുതലാളിത്ത സമ്പദ്ക്രമം എന്നത് നിരന്തരം വികസിക്കാൻ നിശ്ചയിക്കപ്പെട്ട ഒന്നാണ്. അതിനർത്ഥം അത് കൂടുതൽ കൂടുതൽ ഭൗതികവസ്തുക്കൾ ഉൽപാദിപ്പിച്ചു കൂട്ടുകയും ഉപഭോഗം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും എന്നതുമാണ്. പക്ഷേ ഒരു കാര്യം ഇന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്; ‘in a finite planet, you cannot have infinite growth'. എന്നാൽ അതേസമയം ക്ലൈമറ്റ് ചെയ്ഞ്ചിന് പരിഹാരമായി ആണവ സാങ്കേതിക വിദ്യകളെ ചൂണ്ടിക്കാണിക്കുന്നവർ ചെയ്യുന്നത്, വ്യവസ്ഥാ മാറ്റത്തിന് പകരം വ്യവസ്ഥയ്ക്കകത്തു നിന്നുകൊണ്ടുള്ള പരിഷ്‌കരണങ്ങളാണ്. ഇതൊരു പരിഹാര നിർദ്ദേശമേ അല്ലെന്ന് വളരെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് നീരീക്ഷിക്കുമ്പോൾ മനസ്സിലാക്കാവുന്നതാണ്.

ചോദ്യം: ആണവ റിയാക്ടർ നിർമ്മാണവുമായി ബന്ധപ്പെട്ട് വർത്തമാന കാലത്ത് ഏറ്റവും ശക്തമായി മുന്നോട്ടുപോകുന്ന രാജ്യം ചൈനയാണ് എന്ന് നമുക്കറിയാം. അതുപോലെ, വൈദ്യുതി ഉൽപാദനത്തിൽ 70ശതമാനം വരെ ആണവോർജ്ജത്തെ ആശ്രയിക്കുന്ന ഫ്രാൻസിന്റെ കാര്യവും. ഈ രണ്ട് രാജ്യങ്ങളെയും ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെന്താണ്?

ഇന്ന് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ആണവ റിയാക്ടറുകളുടെ നിർമാണം പൂർത്തിയാക്കുന്ന രാജ്യമാണ് ചൈന. ഇതിന് അവരെ സഹായിക്കുന്നത് അവിടുത്തെ രാഷ്ട്രീയ ഭരണസംവിധാനമാണെന്ന് പറയാം. അതിലേക്ക് കൂടുതൽ ആഴത്തിൽ കടക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ചൈനീസ് നാഷണൽ ന്യൂക്ലിയർ കോർപ്പറേഷൻ (CNNC), ചൈനീസ് ജനറൽ ന്യൂക്ലിയർ (CGN) എന്നീ പൊതുഉടമ സ്ഥാപനങ്ങളാണ് ആണവ വ്യവസായത്തെ പൂർണമായും നിയന്ത്രിക്കുന്നത്. ആണവോർജ്ജത്തെ കൂടുതൽ ആശ്രയിക്കാനുള്ള ചൈനീസ് ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകം ചൈനയിലെ നഗരങ്ങളെ ഭീകരമായ തോതിൽ ഗ്രസിച്ചിരിക്കുന്ന അന്തരീക്ഷ മലിനീകരണമാണ് എന്ന് പറയേണ്ടതുണ്ട്. ചൈനയിലെ ഗ്രാമീണരെ അപേക്ഷിച്ച് ഇതിന്റെ പ്രധാന ഇരകൾ ചൈനയിലെ നഗരങ്ങളിലെ എലീറ്റ് വിഭാഗങ്ങളാണ് എന്നത് പൊതുവെ വായുമലിനീകരണത്തിൽ നിന്ന് മുക്തമായ ആണവ സാങ്കേതികവിദ്യയെ സ്വീകാര്യമാക്കുന്നതിന് അവരെ നിർബന്ധിച്ചുവെന്ന് പറയാം. എന്നാൽ ഇപ്പോൾ ആ തീരുമാനത്തിൽ മാറ്റം വന്നതായി കാണാം. ഫുക്കുഷിമ അപകടത്തിനുശേഷം ചൈനീസ് ദേശീയനേതൃത്വം ആണവ റിയാക്ടറുകളുടെ നിർമ്മാണത്തിൽ വലിയ താൽപര്യം കാണിക്കുന്നില്ലെന്നതാണ് വസ്തുത. യു.എസ്, യു.കെ, ഇന്ത്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഫുകുഷിമ അപകടത്തിനുശേഷം ആണവ റിയാക്ടർ നിർമാണത്തിൽ ദീർഘാവധിയിൽ പ്രവേശിച്ച രാജ്യം ചൈനയാണെന്ന് കാണാം. അതേസമയം, നിരവധി അനിശ്ചിതത്വങ്ങളും ആഭ്യന്തര രാഷ്ട്രീയ കാരണങ്ങളും ഇതിനു പിന്നിലുണ്ട് എന്നതും ഓർക്കേണ്ടതുണ്ട്. ചൈനയുടെ നിർമാണ നൈപുണ്യം എടുത്തുപറയേണ്ട സംഗതിയാണ്. കഴിഞ്ഞ വർഷം വുഹാനിൽ കോവിഡ് ആശുപത്രി പണിതതിലൂടെ അവർ അക്കാര്യം തെളിയിച്ചു. ഇത്രയും കുറഞ്ഞ സമയത്തിനുളളിൽ ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത്തരമൊരു നിർമാണ പ്രവൃത്തി ഏറ്റെടുക്കാൻ ശേഷിയില്ല എന്നതാണ് സത്യം. നേരത്തെ സൂചിപ്പിച്ച കാര്യങ്ങളൊക്കെ ഭാവിയിൽ മാറിമറിഞ്ഞേക്കാം. എന്നാലും ചൈനയുടെ ഊർജ്ജോൽപാദന മേഖലയിൽ ഒരു ചാലകശക്തി എന്ന നിലയിൽ ആണവ സാങ്കേതികവിദ്യ ഇന്ന് നിലനിൽക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണ്.

ഫ്രാൻസിൽ തികച്ചും അസ്വാഭാവികമെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥിതിവിശേഷമാണുള്ളത്. മറ്റൊരു പ്രദേശത്തും മാതൃകയായി സ്വീകരിക്കാൻ സാധ്യമല്ലാത്ത അവസ്ഥ. ഫ്രാൻസ് നേരിടുന്ന പ്രധാന പ്രശ്നം, നിലവിലെ സ്ഥിതിയിൽ നിന്ന് അത് എങ്ങോട്ടുപോകും എന്നതാണ്. പഴയ റിയാക്ടറുകൾ അടച്ചിടുകയും പുതിയവ നിർമിക്കുകയും ചെയ്യേണ്ട എന്ന അവസ്ഥയാണ് നിലവിൽ. ഇത് വളരെ ചെലവേറിയ ഏർപ്പാടാണ്. ക്ലമെൻബെല്ലിൽ ഫ്രാൻസ് നിർമിക്കുന്ന ആണവ നിലയം ഏറ്റവും ഒടുവിലത്തേതാകാനുള്ള സാധ്യതയാണുള്ളത്. പഴയ നിലയങ്ങൾ അടച്ചുപൂട്ടിയാൽ ഫ്രാൻസ് എന്തുചെയ്യും എന്നത് പ്രധാന ചോദ്യമാണ്. അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊന്ന്​, ഫ്രാൻസിലെ റിന്യൂവബ്ൾ എനർജി മേഖലയിലെ കുറഞ്ഞ വളർച്ചാ നിരക്കാണ്. ബേസ് ലോഡിനെ അടിസ്ഥാനപ്പെടുത്തി വൈദ്യുതി സ്രോതസ്സുകളെ പരിഗണിച്ചാൽ, വളരെ കുറഞ്ഞ ഫ്ളക്ച്വേഷൻ മാത്രമുള്ളതാണ് ന്യൂക്ലിയർ എനർജി എന്നത് വസ്തുതയാണ്. അതേസമയം റിന്യൂവബ്ൾ മേഖലയിലെ പുതിയ സങ്കേതങ്ങൾ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ കൂടി കണ്ടെത്തുന്നുണ്ട്.

ചോദ്യം: സോളാർ, വിൻഡ് തുടങ്ങിയ പുതുക്കാവുന്ന ഊർജ്ജസ്രോതസ്സുകളിന്മേലുള്ള ആശ്രയം മൊത്തം ഊർജ്ജാവശ്യങ്ങളുടെ 30ശതമാനത്തിൽ കൂടുതലാകുന്നത് ഗുണകരമായിരിക്കുകയില്ല എന്നത് അവയ്ക്കെതിരായി ഉന്നയിക്കുന്ന പ്രധാനവാദമാണല്ലോ?

ബേസ് ലോഡ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള വാദമാണിത്. ജർമനി പോലുള്ള രാജ്യം ഈയസ്ഥ മറികടന്നതായി കാണാം. ജർമനിയുടെ വൈദ്യുതോൽപാദനത്തിലെ റിന്യൂവബ്ൾ സ്രോതസ്സുകൾ 50 ശതമാനത്തിനും മുകളിലാണ്. തീർച്ചയായും ജർമനി യൂറോപ്യൻ യൂണിയൻ ഗ്രിഡിനെ ആശ്രയിച്ചാണെന്ന മറുവാദം ഇവിടെ ഉയർന്നുവരും. എന്നാലും കഴിഞ്ഞ ഏതാനും ദശാബ്ദത്തിനുള്ളിൽ പുതുക്കാവുന്ന ഊർജ്ജസ്രോതസ്സുകളിന്മേലുള്ള നിക്ഷേപം വൻ തോതിൽ വർദ്ധിച്ചിട്ടുണ്ട്​. ബേസ് ലോഡിനെ അടിസ്ഥാനമാക്കിയുള്ള സ്ഥിരതയോടുകൂടിയ ഊർജ്ജോൽപാദനം ആവശ്യമാണ് എന്നതിൽ തർക്കമില്ല. ജിയോ തെർമൽ, ഹൈഡ്രോ പവർ എന്നീ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തി പ്രശ്നത്തിന് പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ.

ചോദ്യം: ഇന്ത്യയുടെ ബ്രീഡർ റിയാക്ടറുകളുമായി ബന്ധപ്പെട്ട ഒരു ചോദ്യം കൂടി. ഇന്ത്യയുടെ സ്വാശ്രയ ആണവോർജ്ജ സ്വപ്നങ്ങൾ ബ്രീഡർ റിയാക്ടറുകളുമായി ബന്ധപ്പെടുത്തിയുള്ളതാണല്ലോ. ഇന്ത്യയിൽ വൻതോതിൽ നിക്ഷേപമുള്ള തോറിയം ഇന്ധനമായി പ്രവർത്തിക്കുന്ന ബ്രീഡർ റിയാക്ടറുകൾ ഭാവിയിലെ ഊർജ്ജപ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിലയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ബ്രീഡർ റിയാക്ടർ സാധ്യതകളെക്കുറിച്ച് പ്രതികരിക്കാമോ?

ഇന്ത്യയുടെ ആണവ പദ്ധതികൾ മൂന്ന് ഘട്ട പരിപാടികൾ എന്ന നിലയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ മൂന്നാമത്തെ ഘട്ടം ഫാസ്റ്റ് ബ്രീഡർ റിയാക്ടറുടെ നിർമാണമാണ്. ഹോമി ബാബയുടെ കാലത്ത് തന്നെ വിഭാവനം ചെയ്യപ്പെട്ട ഈ പരിപാടി നിശ്ചയിക്കപ്പെട്ട സമയപരിധിയിൽ നിന്ന് വളരെ ദൂരെയാണ് എന്ന് എടുത്തുപറയണം. ബ്രീഡർ റിയാക്ടറുകൾ വളരെ സങ്കീർണത നിറഞ്ഞ ഒന്നാണെന്ന് മനസ്സിലാക്കണം. മാത്രമല്ല, അവ നിലവിലുള്ള പ്രൈഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളുമായി

ഹോമി ബാബ

തട്ടിച്ചുനോക്കുമ്പോൾ ചെലവ് കൂടിയ ഒന്നുമാണ്. ഞാനും എന്റെ സുഹൃത്തും ചേർന്ന് 2009-10 കാലയളവിൽ ഇന്ത്യയിലെ ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളുടെ നിർമാണ ചെലവ് സംബന്ധിച്ച് താരതമ്യ പഠനം നടത്തുകയുണ്ടായി. ഈ പഠനത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ ഘനജല ആണവ നിലയങ്ങളേക്കാൾ (Pressurised Heavy Water Reactor) രണ്ട് മുതൽ രണ്ടര മടങ്ങുവരെ ചെലവു കൂടുതലാണ് ബ്രീഡർ റിയാക്ടറുകൾക്കെന്നാണ്. ഇതേകാരണം കൊണ്ടുതന്നെ മറ്റ് രാജ്യങ്ങൾ ബ്രീഡർ റിയാക്ടറുകളുടെ നിർമാണവുമായി ബന്ധപ്പെട്ട പദ്ധതികളിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ഇന്ത്യയിൽ ബാബയുടെ (ഹോമി ബാബ) വിഷൻ തള്ളിക്കളഞ്ഞ്​ മുന്നോട്ടുപോകുക അസാധ്യമാണെന്ന വിശ്വാസം ന്യൂക്ലിയോക്രാറ്റുകൾക്കിടയിൽ ദൃഢമായിട്ടുണ്ട്. ഈയൊരു കാര്യത്തിന് ഇളക്കം തട്ടിയത് 2005ലെ ഇന്തോ-യു.എസ് ആണവ കരാറുമായി ബന്ധപ്പെട്ടാണ്. ഈ കാലയളവിൽ ഇന്ത്യയിലെ ആണവ സ്ഥാപന അധികാരികൾക്കിടയിൽ കൃത്യമായൊരു വിഭജനം സംഭവിച്ചത് കാണാൻ കഴിയും.

ഒരു വിഭാഗം ആണവ ഇന്ധനമടക്കമുള്ളവ ഇറക്കുമതി ചെയ്യണമെന്നും തോറിയം ഇന്ധനമാക്കിയുള്ള ബ്രീഡർ റിയാക്ടറുകളുടെ മേലുള്ള സ്വപ്നം ഉപേക്ഷിക്കണമെന്നും അവ പ്രായോഗികമല്ലെന്നും വാദിക്കുമ്പോൾ, രണ്ടാമത്തെ വിഭാഗം ബാബയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കേണ്ടതുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. ഇന്തോ-യു.എസ് ആണവ കരാർ ആണവ റിയാക്ടറുകൾ അടക്കം ഇറക്കുമതി ചെയ്യുന്നതിൽ വലിയ ഇളവുകൾ നൽകുന്നുണ്ടെങ്കിലും നാളിതുവരെയായും അത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെന്ന് കാണാൻ കഴിയും. അതേസമയം ബ്രീഡർ റിയാക്ടറുകളുടെ കാര്യത്തിലും വലിയ പുരോഗതി സംഭവിച്ചിട്ടില്ലെന്നതും വാസ്തവമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ നിശ്ചയിച്ച സമയപരിധി വളരെയധികം അധികരിച്ചുവെന്നതിന് നിരവധി സാങ്കേതിക പ്രശ്‌നങ്ങളും കാരണമായിട്ടുണ്ടെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സമീപഭാവിയിലെന്നും ഇന്ത്യയുടെ ബ്രീഡർ റിയാക്ടർ മോഹം പൂവണിയും എന്ന് സങ്കല്പിക്കാൻ യാതൊരു കാരണവും കാണുന്നില്ല എന്നാണ് എന്റെ ബോദ്ധ്യം.

Comments