ചെറുകിട ആണവ നിലയങ്ങളിലേക്കുള്ള കേന്ദ്ര സർക്കാർ ചുവടുമാറ്റം അപകടകരം

കൂടുതൽ ചെറുകിട ആണവ നിലയങ്ങൾ നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിൻെറ ബജറ്റ് പ്രഖ്യാപനത്തിൻെറ പശ്ചാത്തലത്തിൽ, ആണവ ശാസ്ത്രജ്ഞൻ പ്രൊഫ. എം.വി.രമണയുമായി കെ.സഹദേവൻ നടത്തിയ അഭിമുഖത്തിൽ നിന്നുമുള്ള ആദ്യഭാഗം…

ധനമന്ത്രി നിർമല സീതാരാമൻ ഇക്കഴിഞ്ഞ ബജറ്റ് അവതരണത്തിൽ ചെറുകിട റിയാക്ടറുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ എനർജി ട്രാൻസിഷനുമായി ബന്ധപ്പെട്ട്, കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യമായ പരിഹാരമെന്ന നിലയിൽ വൻകിട ആണവ റിയാക്ടറുകൾക്ക് പകരമായി ചെറിയ മോഡുലാർ റിയാക്ടറുകൾ (Small Modular Reactors-SMRs) നിർമ്മിക്കുക എന്നതാണ് പ്രഖ്യാപനത്തിന്റെ രത്നച്ചുരുക്കം. ചെറുകിട ആണവ റിയാക്ടറുകളുടെ നിർമ്മാണത്തിൽ സ്വകാര്യ ബിസിനസ്സ് പങ്കാളികളെക്കൂടി ഉൾപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.

നിലവിൽ പ്രവർത്തിച്ചുവരുന്ന റിയാക്ടറുകളുടെ (1000 മുതൽ 1,500 മെഗാവാട്ട്) ഉത്പാദന ശേഷിയുമായി താരതമ്യപ്പെടുത്തുമ്പോൾ 300 മെഗാവാട്ടിൽ താഴെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ആണവ റിയാക്ടറുകളെയാണ് എസ്എംആർ (സ്മാൾ മോഡുലാർ റിയാക്ടറുകൾ) എന്ന് നിർവചിച്ചിരിക്കുന്നത്. എസ്എംആറുകളുടെ നിർമ്മാണത്തിന് ചെലവ് കുറവായിരിക്കുമെന്നും അത് കൂടുതൽ താങ്ങാനാവുന്നതാണെന്നും ആണ് അതിന്റെ വക്താക്കൾ അവകാശപ്പെടുന്നത്.

പക്ഷേ, നിലവിലെ ആഗോള അനുഭവങ്ങൾ സൂചിപ്പിക്കുന്നത് ഒരു യൂണിറ്റ് പവർ കപ്പാസിറ്റിയുടെ വിലയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ, ചെറുകിട ആണവ റിയാക്ടറുകൾ സാമ്പ്രദായിക റിയാക്ടറുകളേക്കാൾ ചെലവേറിയതായിരിക്കും എന്നാണ്.

അമേരിക്കയിലെ ഇദാഹോയിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നതും ഇപ്പോൾ ഉപേക്ഷിച്ചതുമായ, 77 മെഗാവാട്ട് ശേഷിയുള്ള, ആറ് ന്യൂ സ്കെയിൽ ചെറുകിട റിയാക്ടറുകൾ നിർമ്മാണച്ചെലവിന്റെ കാര്യത്തിൽ ഈ അന്തരം പ്രകടമാക്കുകയുണ്ടായി. അമേരിക്കയിലെ തന്നെ ജോർജിയയിൽ നിർമിക്കുന്ന 2,200 മെഗാവാട്ട് ആണവ നിലയത്തിനായി പ്രതി മെഗാവാട്ട് ചെലവ് കണക്കാക്കിയതിനേക്കാൾ 250 ശതമാനം കൂടുതലാണ് ഇദാഹോയിലെ എസ്എംആർ നിലയത്തിൽ ഒരു മെഗാവാട്ട് ഉത്പാദിപ്പിക്കാൻ വേണ്ടിവരികയെന്ന് കണ്ടെത്തുകയുണ്ടായി. അമേരിക്ക മുമ്പ് നിർമ്മിച്ച പല ചെറുകിട റിയാക്ടറുകളും സാമ്പത്തികമായി ലാഭകരമല്ലെന്ന് കണ്ടെത്തിയതിനാൽ പിന്നീട് അടച്ചുപൂട്ടുകയായിരുന്നു. ചെറുകിട ആണവ റിയാക്ടറുകളുടെ നിർമ്മാണച്ചെലവിലെ ഈ അസാധാരണമായ വർധനവ് സ്വാഭാവികമായും വൈദ്യുതി ഉത്പാദനച്ചെലവിലേക്ക് പരിവർത്തനം ചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

ഇതുകൂടാതെ, ചെറുകിട റിയാക്ടറുകളുടെ നിർമ്മാണത്തിൽ ആണവോർജ്ജവുമായി ബന്ധപ്പെട്ട് പൊതുവിൽ ഉയർത്തപ്പെടുന്ന എല്ലാ ആശങ്കകളും നിലനിൽക്കുന്നു. ഗുരുതരമായ അപകട സാധ്യതകൾ, ആണവായുധ വ്യാപനവുമായുള്ള ബന്ധം, ആണവ മാലിന്യ പ്രശ്നങ്ങൾ എന്നിവയൊക്കെയും പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

ചെറുകിട ആണവ റിയാക്ടറുകളുടെ ഗവേഷണത്തിനും വികസനത്തിനുമായി കേന്ദ്ര സർക്കാർ ഭാരത് മോഡുലാർ റിയാക്ടറുകൾ എന്ന പേരിൽ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ ആണവ ശാസ്ത്രജ്ഞനും ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസറും സൈമൺസ് ചെയർ ഇൻ ഡിസാർമമെന്റ്, ഗ്ലോബൽ ആന്റ് ഹ്യൂമൻ സെക്യൂരിറ്റിയുടെ തലവനുമായ എം.വി.രമണയുമായി നടത്തിയ ഇ-മെയിൽ അഭിമുഖത്തിൻെറ ചെറിയൊരു ഭാഗം ഇവിടെ വായിക്കാം...

എം.വി. രമണ
എം.വി. രമണ

കെ. സഹദേവൻ: മോഡുലാർ റിയാക്ടറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള കേന്ദ്ര സർക്കാരിൻെറ പ്രഖ്യാപനത്തെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?

എം.വി.രമണ: ഘന ജല റിയാക്ടറുകൾ (Heavy Water Reactor), ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ (Fast Breader Reactor), തോറിയം അധിഷ്ഠിത റിയാക്ടറുകൾ (Thorium Based Reactors) എന്നിവ ഉൾപ്പെടുന്ന മൂന്ന് ഘട്ട പദ്ധതിയെ അടിസ്ഥാനമാക്കി ഇന്ത്യയിൽ ആണവോർജ്ജം വിപുലീകരിക്കുന്നതിനുള്ള ആണവോർജ വകുപ്പിന്റെ പരമ്പരാഗത പദ്ധതികൾ പരാജയപ്പെട്ടുവെന്നാണ് എസ്എംആറുകളിലേക്ക് പൊടുന്നനെയുള്ള ഗവൺമെന്റിന്റെ ശ്രദ്ധ സൂചിപ്പിക്കുന്നത്. ഇത് പുതിയ കാര്യമല്ല. കാരണം ഡീപ്പാർട്ട്‌മെന്റ് ഓഫ് ആറ്റമിക് എനർജി (DAE) അതിന്റെ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ല. ആണവോർജ്ജം ഒരിക്കലും ഇന്ത്യയുടെ വൈദ്യുതിയുടെ 3 ശതമാനത്തിൽ കൂടുതൽ ഉൽപ്പാദിപ്പിച്ചിട്ടില്ല. ഭാവിയിലും ഇന്ത്യയിലെ ഊർജത്തിന്റെ വിഹിതം കണക്കിലെടുക്കുമ്പോൾ അത് ഒരു ചെറിയ ഊർജ്ജ സ്രോതസ്സായി തന്നെ തുടരും. ഈ പരാജയത്തിന് ഒന്നിലധികം കാരണങ്ങളുണ്ട്. എന്നാൽ മറ്റ് ഊർജ്ജ സ്രോതസ്സുകളെ അപേക്ഷിച്ച് ആണവോർജ്ജത്തിന്റെ ഉയർന്ന വിലയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ഇന്ത്യയിലെ ഊർജ്ജ പരിവർത്തനത്തിന് ചെറുകിട ആണവ റിയാക്ടറുകൾക്ക് എന്തെങ്കിലും സംഭാവന ചെയ്യാനുണ്ടോ?

ആണവോർജം വിപുലീകരിക്കാൻ എസ്എംആർ സഹായിക്കില്ല. വലിയ റിയാക്ടറുകളേക്കാൾ വളരെ കുറച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനാൽ ഇത് യഥാർത്ഥത്തിൽ വലിയ റിയാക്ടറുകളെ അപേക്ഷിച്ച് കൂടുതൽ ചെലവേറിയതായിരിക്കും. റിയാക്ടറുകൾക്കുള്ള മെറ്റീരിയലും മറ്റ് നിർമ്മാണ സംബന്ധിയായ ആവശ്യകതകളും അതിന്റെ ഊർജ്ജോത്പാദന ശേഷിയുമായി ഒരുമിച്ച് പോകുന്നില്ല എന്നതുതന്നെ കാരണം. എസ്എംആറുകൾക്ക് ''എക്കണോമി ഓഫ് സ്കെയിൽ'' ഇല്ലാത്തതിനാൽ കൂടുതൽ ചെലവേറിയതാണ് എന്നതാണ് വസ്തുത. അമേരിക്കയിൽ ആറ് ന്യൂസ്കെയിൽ എസ്എംആറുകൾ നിർമ്മിക്കാനുള്ള പദ്ധതി ഇക്കാര്യം തെളിയിക്കുന്നു. ഈ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു. DAEയുടെ ഊർജ്ജോത്പാദന നയം കാണിക്കുന്നത് സമ്പദ് വ്യവസ്ഥയുടെ സ്കെയിൽ പ്രയോജനപ്പെടുത്തണമെന്ന് അത് വിശ്വസിക്കുന്നുവെന്നാണ്. അതുകൊണ്ടാണ് 220MW CANDU റിയാക്ടറുകൾ നിർമ്മിക്കുന്നതിൽ നിന്നും വൻകിട 700MW റിയാക്ടറുകളിലേക്ക് ചുവടുമാറ്റം നടത്തിയത്. ചുരുക്കത്തിൽ, ചെറുകിട റിയാക്ടറുകൾ നിർമ്മിക്കുന്നത് ആണവോർജ്ജത്തിന്റെ ഉത്പാദന ചെലവ് വർദ്ധിപ്പിക്കും.

കൂടംകുളം ആണവ നിലയം
കൂടംകുളം ആണവ നിലയം

സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തെക്കുറിച്ച് എന്തുപറയുന്നു?

ആണവോർജ്ജം പോലുള്ള അപകടകരമായ സാങ്കേതിക വിദ്യയിൽ സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തുന്നതിൽ ആശങ്കപ്പെടാൻ മതിയായ കാരണങ്ങളുണ്ട്. ന്യൂക്ലിയർ റിയാക്ടറുകൾ, അവയുടെ സ്വഭാവമനുസരിച്ച്, ഫുകുഷിമയിലും ചെർണോബിലിലും സംഭവിച്ചതുപോലെ, ഊർജ്ജത്തിന്റെയും റേഡിയോ ആക്ടിവിറ്റിയുടെയും വിനാശകരമായ ആഘാതങ്ങൾക്ക് കാരണങ്ങളാവാൻ വരെ സാധ്യതയുള്ളവയാണ്. ചെറിയ റിയാക്ടറുകൾ പോലും റേഡിയോ ആക്ടീവ് മലിനീകരണത്തിന്റെ വ്യാപനത്തിന് കാരണമാകുന്ന ഗുരുതരമായ അപകട സാധ്യതകൾ ഉൾക്കൊള്ളുന്നു. ചെലവ് ചുരുക്കലും ലാഭമുണ്ടാക്കലും ഉൾപ്പെടുന്ന മുൻഗണനകൾ നൽകുന്ന സ്ഥാപനങ്ങൾ ആണവ നിലയങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ അപകടങ്ങളുടെ സാധ്യതയും അത്ര തന്നെ കൂടുതലാണ്.

ചെർണോബൈൽ റേഡിയേഷൻ മാപ്പ്
ചെർണോബൈൽ റേഡിയേഷൻ മാപ്പ്

(അഭിമുഖത്തിന്റെ പൂർണ്ണരൂപം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.)


Summary: Nuclear Scientist MV Ramana talks to K Sahadevan on Central government's decision to focus more Small Modular Nuclear Reactors.


എം.വി. രമണ

പ്രിന്‍സ്റ്റണ്‍ യൂണിവേര്‍സിറ്റിയിലെ ന്യൂക്ലിയര്‍ ഫ്യൂച്ചേര്‍സ് ലബോറട്ടറി, പ്രോഗ്രാം ഓണ്‍ സയന്‍സ് ആന്റ് ഗ്ലോബല്‍ സെക്യൂരിറ്റി എന്നിവയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന പ്രൊഫ.രമണ, കനേഡിയന്‍ പഗ്വാഷ് ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ഫിസൈല്‍ മെറ്റീരിയല്‍ അംഗം കൂടിയാണ്

കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments