മനുഷ്യജീവന്റെ മൂല്യം;
വയനാട് ദുരന്തത്തിന്റെ
വസ്തുതകളിലേക്ക് ഒരന്വേഷണം

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ കാരണങ്ങൾ വസ്തുതകളുടെയും ശാസ്ത്രീയാടിത്തറയുടെയും അടിസ്ഥാനത്തിൽ കണ്ടെത്താനും ഭാവിയിലെ ആസൂത്രണത്തിലേക്കുള്ള വഴികൾ ആരായാനും, ഇന്ത്യയിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി രൂപം കൊടുത്ത പഠനസമിതിയുടെ ജനകീയ വഴികൾ വിശദീകരിക്കുകയാണ് കെ. സഹദേവൻ.

‘മണ്ണിടിച്ചിൽ അപകട സാധ്യത: കലക്ടർ ഔദ്യോഗിക വസതി ഒഴിയുന്നു’- 2024- ലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലുണ്ടായതിന് ഏതാണ്ട് ഒന്നര മാസത്തിനുശേഷം, കൃത്യമായി പറഞ്ഞാൽ 2024 സെപ്തംബർ 18ന്, മലയാള മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ടാണിത്. ഈയൊരു വാർത്ത മനുഷ്യ ജീവന്റെ മൂല്യത്തെയും വിലയെയും സംബന്ധിച്ച് നിലനിൽക്കുന്ന വ്യത്യസ്തങ്ങളായ മനോഭാവത്തെ അടയാളപ്പെടുത്തുന്ന ഒന്നായി അനുഭവപ്പെട്ടു.

ഔദ്യോഗിക കണക്കുകളനുസരിച്ച് 298 മനുഷ്യ ജീവനുകൾ നഷ്ടപ്പെടാനിടയാക്കിയ, നൂറുകണക്കിനാളുകളെ ശാരീരികമായ കഷ്ടതകളിലേക്ക് എന്നെന്നേക്കുമായി തള്ളിവിട്ട, ഒരു ദുരന്തത്തെ കൃത്യമായ മുന്നറിയിപ്പുകൾ ലഭ്യമായിട്ടും അവഗണിക്കാൻ ഭരണസംവിധാനങ്ങൾക്ക് സാധിക്കുന്നതെങ്ങനെയാണ്? അപകട സാധ്യതകളെ ഭരണകൂടം മനസ്സിലാക്കുന്നതും വിലയിരുത്തുന്നതും എങ്ങനെയാണ്? ഭരണകൂട സ്ഥാപനങ്ങളിന്മേലുള്ള ജനങ്ങളുടെ വിശ്വാസം അപകടസാധ്യതയെ ബാധിക്കുന്നതെങ്ങിനെ? 'ജനങ്ങളുടെ രക്ഷാകർത്താവെ'ന്ന് (പാരെൻസ് പാട്രിയേ) ഭരണഘടന (ആർട്ടിക്ക്ൾ 21) വിശേഷിപ്പിക്കുന്ന ഭരണകൂടം തങ്ങളുടെ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിൽ ആവർത്തിച്ച് പരാജയപ്പെടുന്നതെന്തുകൊണ്ട്? പ്രകൃതിദുരന്തങ്ങൾസ്വാഭാവിക പ്രതിഭാസങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളം പോലുള്ള വളരെച്ചെറിയൊരു ഭൂപ്രദേശത്ത് വികസനാസൂത്രണങ്ങളിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാനപരമായ മാറ്റങ്ങൾ എന്തൊക്കെയായിരിക്കണം? മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിന് പിന്നിലെ കാരണങ്ങളിൽ പ്രകൃതിയിന്മേലുള്ള മനുഷ്യ ഇടപെടൽ എത്രമാത്രം ആഴത്തിലുള്ളതാണ്? പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് ദുരന്തനിവാരണത്തിലും ലഘൂകരണത്തിലും എന്തുപങ്കാണ് വഹിക്കാനുള്ളത്?

ശാസ്ത്ര മുന്നറിയിപ്പുകളെ അതിന്റെ ഗൗരവത്തിൽ ഉൾക്കൊള്ളാൻ നമ്മുടെ ഭരണസംവിധാനങ്ങളും ഒരു സമൂഹമെന്ന നിലയിൽ നാം സ്വയം തന്നെയും തയ്യാറായിട്ടില്ല എന്നതാണ് അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളിലെ ഉയർന്ന മരണനിരക്കുകൾ സൂചിപ്പിക്കുന്നത്.

ഉരുൾപൊട്ടൽ അപകട സാധ്യതയെത്തുടർന്ന് ഔദ്യോഗിക വസതി ഒഴിയാനുള്ള കലക്ടറുടെ തീരുമാനം സ്വാഭാവികമായും മനസ്സിലുയർത്തിയ ചോദ്യങ്ങൾ ഇവയായിരുന്നു. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വസ്തുതകളുടെയും ശാസ്ത്രീയാടിത്തറയുടെയും അടിസ്ഥാനത്തിൽ കണ്ടെത്തുക എന്നതിൽ നിന്നാണ് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ജനകീയ ശാസ്ത്ര പഠനസംഘത്തിന്റെ രൂപീകരണം നടക്കുന്നത്.

കെട്ടുറപ്പുള്ള സംഘടനാ സംവിധാനങ്ങളോ, സാമ്പത്തിക പിൻബലമോ ഇല്ലാത്ത, സ്വതന്ത്ര പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ട്രാൻസിഷൻ സ്റ്റഡീസ് എന്ന കൊച്ചു സംഘത്തിന് ആലോചിക്കാവുന്നതിനും അപ്പുറമായിരുന്നു ഈ ഉത്തരവാദിത്തം. പക്ഷേ ഈയൊരു പഠന പദ്ധതിയെക്കുറിച്ചുള്ള ആശയങ്ങൾ പങ്കുവെച്ച ഏതാണ്ടെല്ലാ വിദഗ്ധരും ഞങ്ങളുടെ ഉദ്യമത്തിന് പൂർണ്ണമനസ്സോടെ പിന്തുണ അറിയിച്ചു. അങ്ങനെയാണ് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ സഹകരണത്തോടെ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി പഠന സമിതിക്ക് രൂപംകൊടുക്കുന്നത്.

ഔദ്യോഗിക കണക്കനുസരിച്ച് 298 പേരുടെ മരണത്തിനിടയാക്കിയ, നൂറുകണക്കിനാളുകളെ ശാരീരികമായ കഷ്ടതകളിലേക്ക് എന്നെന്നേക്കുമായി തള്ളിവിട്ട, ഒരു ദുരന്തത്തെ കൃത്യമായ മുന്നറിയിപ്പുകൾ ലഭ്യമായിട്ടും അവഗണിക്കാൻ ഭരണസംവിധാനങ്ങൾക്ക് സാധിക്കുന്നതെങ്ങനെയാണ്?
ഔദ്യോഗിക കണക്കനുസരിച്ച് 298 പേരുടെ മരണത്തിനിടയാക്കിയ, നൂറുകണക്കിനാളുകളെ ശാരീരികമായ കഷ്ടതകളിലേക്ക് എന്നെന്നേക്കുമായി തള്ളിവിട്ട, ഒരു ദുരന്തത്തെ കൃത്യമായ മുന്നറിയിപ്പുകൾ ലഭ്യമായിട്ടും അവഗണിക്കാൻ ഭരണസംവിധാനങ്ങൾക്ക് സാധിക്കുന്നതെങ്ങനെയാണ്?

കേരളം കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്ക്

കേരളം കാലാവസ്ഥാ ഭീഷണിയുടെ നിഴലിലേക്ക് വഴുതിമാറിയിട്ട് രണ്ട് പതിറ്റാണ്ടായി എന്ന് നമുക്കറിയാം. 2004-ലെ സുനാമി കേരളത്തിന്റെ തെക്കൻ തീരപ്രദേശങ്ങളെ ചെറുതായൊന്ന് തലോടി കടന്നുപോയപ്പോൾതന്നെ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിൽ ഒരു സമൂഹമെന്ന നിലയിൽ നാം എത്രമാത്രം ദുർബലരാണെന്ന യാഥാർത്ഥ്യം വെളിപ്പെട്ടു. അപ്പോഴും ദശാബ്ദങ്ങൾക്കിടയിൽ കടന്നുവരുന്ന പ്രാകൃതിക പ്രതിഭാസമായി കണ്ടുകൊണ്ട് അലസമായിരിക്കാനാണ് ഭരണകൂടവും സിവിൽ സമൂഹവുമൊക്കെ ശ്രമിച്ചത്. എന്നാൽ ആഗോളതലത്തിൽ തന്നെ അതിദ്രുതം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ മാറ്റത്തിൽ നിന്നും 'ദൈവത്തിന്റെ സ്വന്തം നാടി'നും രക്ഷയില്ലാതായിരിക്കുന്നുവെന്ന് അനുഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിതീവ്ര മഴ, ചുഴലിക്കൊടുങ്കാറ്റുകൾ, മേഘവിസ്‌ഫോടനങ്ങൾ, വെള്ളപ്പൊക്കം, ഉരുൾപൊട്ടലുകൾ, വരൾച്ച, അത്യു ഷ്ണം... കേരളം അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ (extreme weather events) പിടിയിൽ അമർന്നുകഴിഞ്ഞിരിക്കുന്നു.

സാങ്കേതികവിദ്യകൾ ഇത്ര വികസിതമായിക്കഴിഞ്ഞ ഇക്കാലത്തും പ്രകൃതി ദുരന്തങ്ങളെത്തുടർന്നുള്ള മരണസംഖ്യ ഇത്ര ഉയർന്ന നിലയിൽ സംഭവിക്കുന്നതിനെക്കുറിച്ച് ഗൗരവമായിത്തന്നെ നാം ആലോചിക്കേണ്ടതുണ്ട്.

2018-ൽ വീശിയടിച്ച 'ഗജ' ചുഴലിക്കാറ്റ് മറ്റൊരു യാഥാർത്ഥ്യം കൂടി വെളിപ്പെടുത്തി. പടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ള ചുഴലിക്കൊടുങ്കാറ്റുകളിൽ നിന്ന് കേരളത്തെ സംരക്ഷിച്ചുപോന്ന പശ്ചിമഘട്ടത്തിന് ഇനിയങ്ങോട്ട് നമ്മെ സംരക്ഷിക്കാനാവതില്ലെന്നതാണ് യാഥാർത്ഥ്യം. അറബിക്കടലിൽ ഉയിരെടുക്കുന്ന ചുഴലിക്കൊടുങ്കാറ്റുകളുടെ തീവ്രത മുൻകാലങ്ങളിൽ നിന്ന് തികച്ചും ഭിന്നമാണ് എന്നതാണ് കാരണം.

ഒരു കാലത്ത് ബംഗാൾ ഉൾക്കടൽ തീരത്ത് ആവർത്തിച്ച് സംഭവിക്കാറുള്ളതും, കേട്ടുകേൾവി മാത്രമുള്ളതുമായ ചുഴലിക്കൊടുങ്കാറ്റുകളും പേമാരികളും കേരള തീരത്തേക്ക് എത്തിയിരിക്കുന്നു. അറബിക്കടലിലെ സമുദ്ര താപനില വർധിച്ചിരിക്കുന്നുവെന്നും അത് ചുഴലിക്കൊടുങ്കാറ്റുകളും പേമാരിയും അടക്കമുള്ള അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ എണ്ണത്തിൽവർധനവ് സൃഷ്ടിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ശാസ്ത്ര മുന്നറിയിപ്പുകളെ അതിന്റെ ഗൗരവത്തിൽ ഉൾക്കൊള്ളാൻ നമ്മുടെ ഭരണസംവിധാനങ്ങളും ഒരു സമൂഹമെന്ന നിലയിൽ നാം സ്വയം തന്നെയും തയ്യാറായിട്ടില്ല എന്നതാണ് അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളിലെ ഉയർന്ന മരണനിരക്കുകൾ സൂചിപ്പിക്കുന്നത്. 2018-ലെ വെള്ളപ്പൊക്കമായാലും, 2024-ലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലായാലും ദുരന്ത പ്രതികരണത്തിൽ നാം എത്രയോ പിന്നിലാണെന്നതാണ് സത്യം.

2018-ൽ വീശിയടിച്ച 'ഗജ' ചുഴലിക്കാറ്റ് മറ്റൊരു യാഥാർത്ഥ്യം കൂടി വെളിപ്പെടുത്തി. പടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ള ചുഴലിക്കൊടുങ്കാറ്റുകളിൽ നിന്ന് കേരളത്തെ സംരക്ഷിച്ചുപോന്ന പശ്ചിമഘട്ടത്തിന് ഇനിയങ്ങോട്ട് നമ്മെ സംരക്ഷിക്കാനാവതില്ലെന്നതാണ് യാഥാർത്ഥ്യം.
2018-ൽ വീശിയടിച്ച 'ഗജ' ചുഴലിക്കാറ്റ് മറ്റൊരു യാഥാർത്ഥ്യം കൂടി വെളിപ്പെടുത്തി. പടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ള ചുഴലിക്കൊടുങ്കാറ്റുകളിൽ നിന്ന് കേരളത്തെ സംരക്ഷിച്ചുപോന്ന പശ്ചിമഘട്ടത്തിന് ഇനിയങ്ങോട്ട് നമ്മെ സംരക്ഷിക്കാനാവതില്ലെന്നതാണ് യാഥാർത്ഥ്യം.

ജനകീയ ശാസ്ത്ര പഠനസംഘം

ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ് സ്റ്റഡീസിലെ ഭൗമശാസ്ത്രജ്ഞനായ പ്രൊഫ. സി.പി. രാജേന്ദ്രൻ, യു.എൻ.ഇ.പിയിൽ റിസ്‌ക് അനലിസ്റ്റായി സേവനമനുഷ്ഠിച്ച സാഗർധാര, കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. എസ്. അഭിലാഷ്, കേരള വനഗവേഷണ കേന്ദ്രത്തിലെ ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവ്, ​ഡോ. സി.കെ. വിഷ്ണുദാസ്, പാരമ്പര്യ നെൽവിത്തിനങ്ങളുടെ സംരക്ഷകൻ ചെറുവയൽ രാമൻ, ട്രാൻസിഷൻ സ്റ്റഡീസ് അംഗവും സസ്യശാസത്രജ്ഞയുമായ ഡോ. സ്മിത പി. കുമാർ, കർണ്ണാടകയിൽ നിന്നുള്ള സസ്റ്റൈനബിലിറ്റി എക്‌സ്‌പേർട്ടും കെമിക്കൽ എഞ്ചിനീയറുമായ ഡോ. ശ്രീകുമാർ എന്നിവരടങ്ങുന്ന വിദഗ്ധരായിരുന്നു പഠനസംഘത്തിൽ ഉൾപ്പെട്ടിരുന്നത്. അവർക്ക് പുറമേ, ദില്ലിയിൽ നിന്നുള്ള ബോട്ടണിസ്റ്റായ ഡോ. പ്രകാശ് ഝാ, ബാംഗ്ലൂരിൽ നിന്നുള്ള ഭൗമശാസ്ത്രജ്ഞയായ ഡോ. ജയശ്രീ സൻവാൾ എന്നിവരും പഠനസംഘത്തിന് സഹായങ്ങൾ നൽകി.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെക്കുറിച്ച് പഠിച്ച ജനകീയ ശാസ്ത്ര പഠനസംഘം: ഡോ. സി.കെ.വിഷ്ണുദാസ്, പ്രൊഫ. സി.പി. രാജേന്ദ്രൻ, സാഗർധാര, ചെറുവയൽ രാമൻ, ഡോ. ടി.വി. സജീവ്, ഡോ. എസ്. അഭിലാഷ്, ഡോ. സ്മിത പി. കുമാർ, ഡോ. ശ്രീകുമാർ.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെക്കുറിച്ച് പഠിച്ച ജനകീയ ശാസ്ത്ര പഠനസംഘം: ഡോ. സി.കെ.വിഷ്ണുദാസ്, പ്രൊഫ. സി.പി. രാജേന്ദ്രൻ, സാഗർധാര, ചെറുവയൽ രാമൻ, ഡോ. ടി.വി. സജീവ്, ഡോ. എസ്. അഭിലാഷ്, ഡോ. സ്മിത പി. കുമാർ, ഡോ. ശ്രീകുമാർ.

പഠനസംഘത്തിലെ ഓരോ ശാസ്ത്രജ്ഞരും അതത് മേഖലകളിൽ വർഷങ്ങളായി പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരും ഈയൊരു പഠന പ്രവർത്തനങ്ങൾക്കായി യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ പ്രവർത്തിച്ചവരുമാണ്. ദുരന്തബാധിത മേഖലകളിലെ സന്ദർശനങ്ങൾ അടക്കം സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് ഓരോ വ്യക്തിയും പ്രവർത്തിച്ചത്.

പഠന സംഘത്തിന്റെ ചൂരൽമല സന്ദർശനം, റിസ്‌ക് പേർസെപ്ഷൻ മാപ്പിംഗ് സർവ്വേ, ജനസമ്പർക്ക പരിപാടികൾ, വിവിധ വർക്ക്‌ഷോപ്പുകൾ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു.

ഈ പഠന പ്രവർത്തനങ്ങളുടെ പ്രധാന ഉദ്ദേശ്യം, വയനാട് ഉൾപ്പെടെയുള്ള പശ്ചിമഘട്ട മേഖലയിലെ ഉരുൾപൊട്ടൽ അടക്കമുള്ള പ്രതിഭാസങ്ങൾക്കു പിന്നിലെ മനുഷ്യ ഇടപെടലുകൾ എത്രമാത്രം ശക്തമാണെന്ന് മനസ്സിലാക്കുകയും നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും ഭാവിയിൽ നടത്താൻ ലക്ഷ്യമിട്ടിരിക്കുന്നതുമായ വികസന പ്രവർത്തനങ്ങൾഈ പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയെയും സമൂഹ്യ ജീവിതത്തെയും എങ്ങനെയൊക്കെ ബാധിക്കാൻ പോകുന്നുവെന്ന് തിരിച്ചറിയുകയും ചെയ്യുകയാണ്. കേവലമായ പ്രാകൃതിക ദുരന്തം എന്നതിനപ്പുറം ഈ മേഖലകളിൽ ആവർത്തിച്ചു സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ദുരന്തങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളോടൊപ്പം അവ തടയാനുള്ള സാധ്യമായ നിർദ്ദേശങ്ങൾ ജനങ്ങൾക്കും ഭരണകൂടങ്ങൾക്കും മുന്നിൽ അവതരിപ്പിക്കുക എന്നതും ഈ പഠനത്തിന്റെ ലക്ഷ്യമായിരുന്നു.

പഠനസംഘത്തിലെ ഡോ. പ്രകാശ് ഝാ, ഭരത്, ഡോ.​ ശ്രീകുമാർ, ഡോ. സി.കെ. വിഷ്ണുദാസ്, സാഗർധാര, എം.കെ. രാംദാസ്, ഡോ. സ്മിത പി.​ കുമാർ എന്നിവർ.
പഠനസംഘത്തിലെ ഡോ. പ്രകാശ് ഝാ, ഭരത്, ഡോ.​ ശ്രീകുമാർ, ഡോ. സി.കെ. വിഷ്ണുദാസ്, സാഗർധാര, എം.കെ. രാംദാസ്, ഡോ. സ്മിത പി.​ കുമാർ എന്നിവർ.

ലക്ഷ്യവും പരിമിതികളും

സാങ്കേതികവിദ്യകൾ ഇത്ര വികസിതമായിക്കഴിഞ്ഞ ഇക്കാലത്തും പ്രകൃതി ദുരന്തങ്ങളെത്തുടർന്നുള്ള മരണസംഖ്യ ഇത്ര ഉയർന്ന നിലയിൽ സംഭവിക്കുന്നതിനെക്കുറിച്ച് ഗൗരവമായിത്തന്നെ നാം ആലോചിക്കേണ്ടതുണ്ട്. കാലാവസ്ഥാ പ്രതിസന്ധികളെത്തുടർന്നുള്ള പ്രകൃതി ദുരന്തങ്ങൾ ഒരു യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അവയുമായി പൊരുത്തപ്പെട്ട് ജീവിക്കുവാനും (adaptation) ദുരന്തഫലങ്ങൾ ലഘൂകരിക്കാനുള്ള (mitigation) കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതും സുപ്രധാനമാണ്. ഈയൊരു വിഷയത്തെ കേന്ദ്ര സ്ഥാനത്ത് നിർത്തി, ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ കാലാവസ്ഥാ ദുരന്ത പ്രതികരണത്തെ മനസ്സിലാക്കുവാനും വിലയേറിയ മനുഷ്യ ജീവനുകൾ സംരക്ഷിക്കുവാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ടെന്ന് എന്നന്വേഷിക്കുവാനും ഈ പഠനം ലക്ഷ്യമിട്ടു.

ഡോ. ജയശ്രീ സൻവാൾ, ചെറുവയൽ രാമൻ, പ്രൊഫ. സി.പി. രാജേന്ദ്രൻ.
ഡോ. ജയശ്രീ സൻവാൾ, ചെറുവയൽ രാമൻ, പ്രൊഫ. സി.പി. രാജേന്ദ്രൻ.

മനുഷ്യ നിയന്ത്രണങ്ങൾക്ക് ബാഹ്യമായ പ്രാകൃതിക ദുരന്തങ്ങളിൽ നിന്ന് രക്ഷനേടുന്നതെങ്ങിനെയെന്ന് സ്വാഭാവികമായും സംശയങ്ങളുയരാം. എന്നാൽ ലോകത്തിന്റെ, നമ്മുടെ സ്വന്തം രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ അനുഭവങ്ങൾ അത്തരം സാധ്യതകളെ നമ്മുടെ മുന്നിലേക്ക് തുറന്നിടുന്നുണ്ട്. 1999-ലെ സൂപ്പർ സൈക്ലോൺ ഒഡീഷയെ തകർത്തെറിഞ്ഞത് നാമെല്ലാവരും നടുക്കത്തോടെയാണ് ഇപ്പോഴും ഓർക്കുന്നത്. ആ അതിതീവ്ര ചുഴലിക്കൊടുങ്കാറ്റിൽ 10,000 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കനുസരിച്ച് 50,000 പേരും. 1999-ലെ സൂപ്പർ സൈക്ലോണിനുശേഷവും അതിതീവ്ര ചുഴലിക്കൊടുങ്കാറ്റുകൾ ഒഡീഷ തീരത്തെ ആക്രമിച്ചിട്ടുണ്ട്. 'ഫാനി', 'തിത്‌ലി', 'ഹുദ്ഹുദ്'... ഒരു വർഷത്തിൽ തന്നെ രണ്ടും മൂന്നും ചുഴലിക്കൊടുങ്കാറ്റുകൾ ആവർത്തിച്ചിട്ടും ഒഡീഷയിൽ പ്രകൃതി ദുരന്തങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്ടമാകുന്നത് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നു.

കേരളത്തേക്കാൾ ഉയർന്ന ജനസംഖ്യയുള്ള, കുറഞ്ഞ സാക്ഷരതയും ആളോഹരി വരുമാനവും മാത്രമുള്ള ഒഡീഷയ്ക്കും ബംഗാളിനും സാധ്യമായ കാര്യം എന്തുകൊണ്ട് കേരളത്തിന് സാധ്യമാകുന്നില്ല?

എങ്ങനെയാണ് അവരത് സാധ്യമാക്കിയത്? കേരളത്തേക്കാൾ ഉയർന്ന ജനസംഖ്യയുള്ള, കുറഞ്ഞ സാക്ഷരതയും ആളോഹരി വരുമാനവും മാത്രമുള്ള ഒഡീഷയ്ക്കും ബംഗാളിനും സാധ്യമായ കാര്യം എന്തുകൊണ്ട് കേരളത്തിന് സാധ്യമാകുന്നില്ല? സാങ്കേതിക ജഡിലമല്ലാത്തതും ലളിതവുമായ വഴികൾ ഇക്കാര്യത്തിൽ ലഭ്യമായിരിക്കെ എന്തുകൊണ്ടാണ് കേരളം കാലാവസ്ഥാ ദുരന്തങ്ങൾക്ക് മനുഷ്യ ജീവനുകൾ വിട്ടുകൊടുക്കുന്നത്?

ഉരുൾപൊട്ടൽ ദുരന്തങ്ങളുടെ സവിശേഷ പശ്ചാത്തലത്തിലും, കാലാവസ്ഥാ ദുരന്തങ്ങളെ പൊതുവിലും, ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കുകയും സാധ്യമായ പരിഹാര നിർദ്ദേശങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ റിപ്പോർട്ടിലൂടെ ശ്രമിക്കുന്നത്.

1999-ലെ സൂപ്പർ സൈക്ലോണിനുശേഷവും അതിതീവ്ര ചുഴലിക്കൊടുങ്കാറ്റുകൾ ഒഡീഷ തീരത്തെ ആക്രമിച്ചിട്ടുണ്ട്. 'ഫാനി', 'തിത്‌ലി', 'ഹുദ്ഹുദ്'... ഒരു വർഷത്തിൽ തന്നെ രണ്ടും മൂന്നും ചുഴലിക്കൊടുങ്കാറ്റുകൾ ആവർത്തിച്ചിട്ടും ഒഡീഷയിൽ പ്രകൃതി ദുരന്തങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്ടമാകുന്നത് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നു.
1999-ലെ സൂപ്പർ സൈക്ലോണിനുശേഷവും അതിതീവ്ര ചുഴലിക്കൊടുങ്കാറ്റുകൾ ഒഡീഷ തീരത്തെ ആക്രമിച്ചിട്ടുണ്ട്. 'ഫാനി', 'തിത്‌ലി', 'ഹുദ്ഹുദ്'... ഒരു വർഷത്തിൽ തന്നെ രണ്ടും മൂന്നും ചുഴലിക്കൊടുങ്കാറ്റുകൾ ആവർത്തിച്ചിട്ടും ഒഡീഷയിൽ പ്രകൃതി ദുരന്തങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്ടമാകുന്നത് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നു.

പശ്ചിമഘട്ടത്തെ നമ്മുടെ സാമ്പത്തിക- വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിഭവ കലവറ എന്നതിലുപരിയായി അത് ഈ സംസ്ഥാനത്തിന്റെ മൊത്തം ജൈവവ്യവസ്ഥയുടെ ഭാഗമായി കണ്ടുകൊണ്ടുള്ള ഭൂവിനിയോഗ- ആസൂത്രണ നയസമീപനങ്ങൾക്ക് മാത്രമേ ഭാവി തലമുറകളോട് നീതിപുലർത്താൻ സാധിക്കുകയുള്ളൂ. എന്നാൽ അത്തരമൊരു നയസമീപനം സ്വീകരിക്കുന്നതിൽ ഭരണകൂടങ്ങൾക്ക് താൽപ്പര്യമില്ലെന്ന് തന്നെയാണ് കാണുന്നത്. പശ്ചിമഘട്ടത്തിന്റെ വാഹകശേഷിക്കപ്പുറമുള്ള (carrying capasity) ‘വികസന' പ്രവർത്തനങ്ങൾ ആ മേഖലയിൽ അധിവസിക്കുന്നവരുടെ മാത്രമല്ല സമതലങ്ങളിൽ താമസിക്കുന്നവരുടേതടക്കമുള്ള മുഴുവൻ കേരളീയരുടെയും ഭാവിജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് വർഷങ്ങൾക്ക് മുമ്പ് പല വിദഗ്ധ സമിതികളും- ഗാഡ്ഗിൽ തൊട്ട് കസ്തൂരി രംഗൻ വരെയുള്ള- മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. എങ്കിൽക്കൂടിയും അത്തരം ശാസ്ത്രീയ പഠനങ്ങളെ മുഖവിലയ്‌ക്കെടുത്ത് വികസനാസൂത്രണങ്ങൾ പുനഃപരിശോധിക്കാൻ ഗവൺമെന്റുകൾ തയ്യാറായിട്ടില്ല എന്നതുതന്നെയാണ് ഈ രീതിയിലുള്ള ദുരന്തങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിനിടയാക്കുന്നത്.

സാമ്പത്തിക വികസനാസൂത്രണത്തിൽ നാം അനുവർത്തിച്ചുപോരുന്ന രീതികൾ അതേപടി തുടരാൻ സാധ്യമല്ലെന്നുതന്നെയാണ് ആവർത്തിച്ചു സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ പ്രതിസന്ധികളും നമ്മോട് പറയുന്നത്. ഈ പ്രതിസന്ധികൾ തിരിച്ചറിയാനും അനിവാര്യമായ ബദലുകൾ അന്വേഷിക്കാനും സമൂഹത്തെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു വിശദമായ പഠനത്തിന് നേതൃത്വം നൽകാൻ ഞങ്ങൾമുൻകൈയ്യെടുത്തത്.

വലിയ സംഘടനാ സംവിധാനങ്ങളോ, സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഒരു ചെറു സംഘത്തിന്റെ കഴിവിനപ്പുറമുള്ള ഒന്നായിരുന്നു ഈ പഠന സമിതിയുടെ രൂപീകരണവും തുടർ പ്രവർത്തനങ്ങളും എന്ന് ഞങ്ങൾക്കറിയാമായിരുന്നു. എങ്കിലും ഇത്തരം ശാസ്ത്രീയ പഠനങ്ങളിൽ ജനകീയ മുൻകൈകൾ ഉയർന്നുവരേണ്ടതിന്റെ ആവശ്യകത ഈ പരിമിതികളെ മറികടക്കാൻ ഞങ്ങളെ നിർബന്ധിക്കുകയായിരുന്നു.

പ്രകൃതി ദുരന്തങ്ങളടക്കമുള്ള അപകട സാധ്യതകൾ നിറഞ്ഞ പുതുകാലത്ത് അവയോടുള്ള മനോഭാവത്തിൽ അടിസ്ഥാനതലത്തിലുള്ള മാറ്റങ്ങൾഅനിവാര്യമായി വന്നിരിക്കുകയാണ്.

എന്നിരുന്നാലും ദുരന്തബാധിത മേഖലയിൽ നേരിട്ട് നടക്കേണ്ടിയിരുന്ന, വലിയ സാമ്പത്തിക ചെലവുകൾ ആവശ്യമായി വരുന്ന, സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള, സവിശേഷ പഠനങ്ങൾ നടത്താൻ സാധിച്ചിട്ടില്ലെന്നകാര്യം അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തീർച്ചയായും സവിശേഷ സ്ഥലങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ ഈ മേഖലയിൽ നടക്കേണ്ടതുണ്ടെന്നുതന്നെ ഞങ്ങൾ വിശ്വസിക്കുന്നു. അത്തരം പഠനങ്ങൾ ഔദ്യോഗിക മേഖലയിൽ നടത്തുന്നതിനാവശ്യമായ സമ്മർദ്ദം ജനങ്ങളിൽ നിന്ന് ഉയർന്നുവരേണ്ടതുണ്ടെന്നും ഞങ്ങൾ കരുതുന്നു.

ജനകീയ മുൻകൈയ്യിൽ
റിപ്പോർട്ട് ജനങ്ങളിലേക്ക്

തികച്ചും ജനകീയമായ രീതിയിലാണ് ഈ പഠന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. ഏതെങ്കിലും ഏജൻസികളിൽ നിന്നുള്ള സാമ്പത്തിക സഹായം ഞങ്ങൾ സ്വീകരിച്ചിട്ടില്ലെന്ന വസ്തുത അഭിമാനപൂർവ്വം അറിയിക്കുകയാണ്.

ട്രാൻസിഷൻ സ്റ്റഡീസ് മുൻകാലങ്ങളിൽ ചെയ്തതുപോലെ അച്ചടിച്ചെലവിൽ പുസ്തകങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന രീതി തന്നെയാണ് ഈ റിപ്പോർട്ടിന്റെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. നിരവധി വ്യക്തികൾ, ചെറു സംഘടനകൾ എന്നിവ പുസ്തക പ്രസിദ്ധീകരണത്തിൽ സഹകരിക്കാൻ മുന്നോട്ടുവന്നു. ചെറുകൂട്ടായ്മകളുടെ ശക്തി തിരിച്ചറിഞ്ഞ് അവയെ ഏകോപിപ്പിക്കുന്നതിലൂടെ ഇത്തരം ഭാരിച്ച ഉത്തരവാദിത്തങ്ങൾ വലിയ തടസ്സങ്ങളൊന്നും കൂടാതെ പൂർത്തിയാക്കുവാൻ സാധിക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ പഠന സമിതിയുടെ രൂപീകരണവും റിപ്പോർട്ട് പ്രസിദ്ധീകരണവും.

പ്രകൃതി ദുരന്തങ്ങളടക്കമുള്ള അപകട സാധ്യതകൾ നിറഞ്ഞ പുതുകാലത്ത് അവയോടുള്ള മനോഭാവത്തിൽ അടിസ്ഥാനതലത്തിലുള്ള മാറ്റങ്ങൾഅനിവാര്യമായി വന്നിരിക്കുകയാണ്. മനുഷ്യജീവനുകൾ രക്ഷിക്കുക എന്ന അടിയന്തര കർത്തവ്യത്തോടൊപ്പം അപകട സാധ്യതകൾ വർധിപ്പിക്കുന്ന വികസന ആസൂത്രണ പ്രവർത്തനങ്ങളെ പുനഃപ്പരിശോധിക്കുവാനും അതിനാവശ്യമായ ദീർഘകാല പദ്ധതികൾ തയ്യാറാക്കുവാനും സാധ്യമാകേണ്ടതുണ്ട്. അത്തരമൊരു ആലോചനയ്ക്കും പ്രായോഗിക പ്രവർത്തനങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങളാണ് ഈ റിപ്പോർട്ടിൽ അവതരിപ്പിക്കുന്നത്.

1924 ഓഗസ്റ്റ് 5 ലെ ‘ദ ഹിന്ദു’വിൽ മാനന്തവാടി (മാനന്തത്തൊട്ടി), മേപ്പാടി (മേപ്പാർസ്) എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിനെക്കുറിച്ച് വന്ന  റിപ്പോർട്ട്.
1924 ഓഗസ്റ്റ് 5 ലെ ‘ദ ഹിന്ദു’വിൽ മാനന്തവാടി (മാനന്തത്തൊട്ടി), മേപ്പാടി (മേപ്പാർസ്) എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിനെക്കുറിച്ച് വന്ന റിപ്പോർട്ട്.

അപകട സാധ്യതയുടെ ചെറിയൊരു സൂചനപോലും വസതി ഒഴിയാൻ ജില്ലാ ഭരണാധികാരിയെ പ്രേരിപ്പിക്കുന്ന അപകടസാധ്യത സംബന്ധിച്ച അവബോധം സാധാരണ പൗരരുടെ ജീവന്റെ കാര്യത്തിൽ സൂക്ഷിക്കാത്തതാണ് ജീവന്റെ മൂല്യത്തെ, വിലയെ സംബന്ധിച്ച ഭരണവർഗ്ഗബോധമെന്നത്. മുന്നറിയിപ്പുകൾ അവഗണിക്കപ്പെടുന്നതും സാമ്പ്രദായിക മാതൃകകൾ അതേപടി തുടരുന്നതും ഈയൊരു ഭരണവർഗ്ഗ ബോധത്തിൽ നിന്നാണ്. കീഴ്‌മേൽ മറിച്ചിടേണ്ട ഈയൊരു അവബോധത്തിലേക്കാണ് ഈ റിപ്പോർട്ട് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.

ഭൗമശാസ്ത്രം, ജൈവവ്യവസ്ഥ, സമ്പദ്‌വ്യവസ്ഥ, സാമൂഹികജീവിതം എന്നിവ പരസ്പര ബന്ധിതമായി പ്രവർത്തിക്കേണ്ടതാണെന്ന് തിരിച്ചറിഞ്ഞ് പുത്തൻ ആസൂത്രണ വഴികൾ കണ്ടെത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. മനുഷ്യ സമൂഹത്തിന്റെ ഭാവിയെ സംബന്ധിച്ച ഉത്തരവാദിത്തപൂർണ്ണമായ നിലപാട് സ്വീകരിക്കാനാവശ്യമായ ചർച്ചകളിലേക്ക് വസ്തുതകളുടെയും ശാസ്ത്രീയ കണ്ടെത്തലുകളുടെയും പിൻബലത്തോടുകൂടിയ സംഭാവനകൾ നൽകുക എന്നതാണ് റിപ്പോർട്ടിലൂടെ ഉദ്ദേശിക്കുന്നത്. കേരളീയ സമൂഹം ഈയൊരു പഠന റിപ്പോർട്ടിനെ അർഹിക്കുന്ന ഗൗരവത്തോടെ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.


Summary: K. Sahadevan explains the public perspectives on the expert committee formed with leading Indian scientists to study the causes of the wayanad landslide and suggest future planning measures.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments