മഴയുടെ ശക്തി ഒരൽപം കൂടുമ്പോഴേക്കും ഭയത്തോടെയും ആശങ്കയോടെയും കഴിയേണ്ടി വരുന്ന മനുഷ്യരുണ്ട്. മഴക്കാലമായാൽ വീണ്ടുകീറുന്ന കിടപ്പാടത്തിൽ ഒരു രാത്രി പോലും സ്വസ്ഥമായി ഉറങ്ങാനാവാത്ത കുടിയേറ്റ കർഷക കുടുംബങ്ങളാണ് കണ്ണൂരിലെ മലയോര മേഖലയായ കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലുള്ളത്.
2004-ലെ മഴക്കാലത്ത് വിള്ളൽ വീണ് പ്രദേശത്തെ ഒരു വീട് മുഴുവനായി തകർന്നിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ പ്രതിഭാസം വീണ്ടും വ്യാപകമായി. 2018 മുതൽ കൈലാസംപടിയിലെ വീടുകളിലും കൃഷിയിടങ്ങളിലും റോഡുകളലുമെല്ലാം തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന വിള്ളൽ ആ ജനതയുടെ ജീവിതത്തിന് മേൽ പോറലുകൾ തീർത്തുകൊണ്ടിരിക്കുകയാണ്.
സോയിൽ പൈപ്പിങ്ങാണ് ഈ വിള്ളൽ പ്രതിഭാസത്തിന് കാരണമെന്നാണ് ജിയോളജി ഡിപാർട്‌മെന്റിന്റെ അനുമാനം. ഇതിനെ തുടർന്ന് പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുമുണ്ട്. പ്രദേശത്ത് നിന്ന് ഏറെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ക്വാറിയുടെ പ്രവർത്തനവും വിള്ളലിന് കാരണമായി സാമൂഹ്യ പ്രവർത്തകനായ സന്തോഷ് ഉന്നയിക്കുന്നുണ്ട്
അപകടസാധ്യതയുള്ള പ്രദേശത്തെ മുഴുവൻ കുടുംബങ്ങളെയും മാതൃകാപരമായി പുനരധിവസിപ്പിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ വെറും മൂന്ന് കുടുംബങ്ങൾക്ക് മാത്രമാണ് മാറി താമസിക്കാനായി ധനസഹായം കിട്ടിയത്. ആ തുകയാണെങ്കിൽ അവരുടെ നഷ്ടപ്പെടുന്ന സമ്പാദ്യങ്ങൾക്ക് പകരം വെക്കാവുന്നതോ, പുതിയ ഭൂമി വാങ്ങി വീടുണ്ടാക്കാൻ തികയുന്നതോ അല്ല.
ഓരോ മഴപ്പെയ്ത്തിലും, ജീവൻ ഭയന്ന്, ആയുസ്സിന്റെ സകല സമ്പാദ്യവും ജീവനോപാധികളും വിട്ടെറിഞ്ഞ് ജീവൻ മാത്രം മുറുകെ പിടിച്ചു കൊണ്ടുള്ള ഓട്ടമാണ് ഇവരുടെ മഴക്കാലം.
അടുത്തിടെ ഒരാക്സിഡന്റിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റ മകളെയും കൊണ്ട് ഒരു ക്യാമ്പിലേക്കും മാറാനാകാത്ത നിസഹായതയിലാണ് വിലാസിനി. മഴയത്ത് വീടുകളിൽ നിന്ന് ക്യാമ്പിലേക്കും മഴയടങ്ങിയാൽ തിരിച്ച് വീട്ടിലേക്കുമുള്ള അഭയാർത്ഥി യാത്രകളിൽ മനം മടുത്തിരിക്കുകയാണ് ഈ കുടുംബങ്ങൾ.
താത്കാലിക പ്രശ്‌ന പരിഹാരങ്ങൾക്കപ്പുറം വിഷയത്തിൽ ശ്വാശതമായ പരിഹാരം വേണമെന്ന ശക്തമായ ആവശ്യമാണ് കൈലാസംപടിക്കാർ മുന്നോട്ടുവെക്കുന്നത്