ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന് സമുദ്രങ്ങൾ അത്യന്താപേക്ഷിതമാണെന്ന കാര്യത്തിൽ ആർക്കും സംശയത്തിന് ഇടയുണ്ടാവില്ല. ലോകത്തിൻെറ നിലനിൽപ്പിന് തന്നെ ആവശ്യമായ 50 ശതമാനത്തോളം ഓക്സിജൻ ഉദ്പാദിപ്പിക്കുന്നതിലും അന്തരീക്ഷ ഊഷ്മാവ് സന്തുലിതമായി നിലനിർത്തുന്നതിലും കാർബൺ സംഭരിക്കുന്നതിലും സമുദ്രങ്ങൾ നിർണായകപങ്ക് വഹിക്കുന്നുണ്ട്. അങ്ങനെയാണ് നമ്മുടെ സമുദ്രസമ്പത്തും അതുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയും നിലനിൽക്കുന്നത് തന്നെ. ഇത്രയേറെ പ്രാധാന്യം ഉണ്ടായിട്ടും സമുദ്രങ്ങളുടെ മൂന്നിൽ രണ്ട് ഭാഗമായ അന്താരാഷ്ട്ര ജലാശയങ്ങൾ വേണ്ടത്ര സൂക്ഷ്മതയോടെ സംരക്ഷിക്കപ്പെടുന്നില്ല. മലിനീകരണവും വിഭവ സമാഹരണവും കാലാവസ്ഥാ സമ്മർദങ്ങളും കാരണം സമുദ്രങ്ങൾ പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് പോവുകയാണ്, ആഗോളതലത്തിൽ ഇതിനെതിരെ കൂട്ടായ നടപടി ആവശ്യമാണ്.
ഈ പശ്ചാത്തലത്തിൽ, 2025 ജൂൺ 9 മുതൽ 13 വരെ ഫ്രാൻസിലെ നൈസിൽ നടന്ന 2025-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര സമ്മേളനം (UNOC3) ആഗോള സമുദ്ര നിയന്ത്രണത്തിൽ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

ചരിത്രപരമായ ചുവടുവെപ്പുമായി
ഒരു ആഗോള കൂട്ടായ്മ
ഫ്രാൻസും കോസ്റ്റാറിക്കയും ചേർന്ന് ആതിഥേയത്വം വഹിച്ച UNOC3-യിൽ, 60-ലധികം രാഷ്ട്രനേതാക്കൾ, ശാസ്ത്രജ്ഞർ, നയതന്ത്രജ്ഞർ, സിവിൽ സൊസൈറ്റി നേതാക്കൾ എന്നിവരുൾപ്പെടെ 15,000-ത്തിലധികം പേരാണ് പങ്കെടുത്തത്. ഏകദേശം 800-ലധികം നിബന്ധനകൾ അംഗീകരിച്ച സമ്മേളനത്തിൽ Nice Ocean Action Plan അംഗീകരിക്കുകയും ചെയ്തു. രണ്ട് നിർണായക ഭാഗങ്ങളുള്ള ഈ ഡോക്യുമെൻറിൻെറ ഒരു ഭാഗം രാഷ്ട്രീയ പ്രഖ്യാപനവും മറുഭാഗം വിശാലമായ തലത്തിൽ സമുദ്ര സംരക്ഷണം, നവീകരണം, ആവാസവ്യവസ്ഥ സംരക്ഷണം, ഉടമ്പടികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രതിജ്ഞകളുമാണ് ഉൾപ്പെടുന്നത്.
നൈസ് സമ്മേളനം മുന്നോട്ടുവെച്ച ‘Our Ocean, Our Future: United for Urgent Action’ എന്ന രാഷ്ട്രീയ പ്രഖ്യാപനം, 2023 ആവുമ്പോഴേക്കും ലോകത്തിൻെറ 30 ശതമാനം സമുദ്ര തീര ആവാസവ്യവസ്ഥ സംരക്ഷിക്കുമെന്ന പ്രഖ്യാപിതലക്ഷ്യമാണ് ഉന്നം വെക്കുന്നത്.
യൂറോപ്യൻ കമ്മീഷന്റെ ഒരു ബില്യൺ യൂറോയുടെ സമുദ്ര സംരക്ഷണ പദ്ധതി, സമുദ്ര ശുചീകരണത്തിന് ജർമ്മനിയുടെ 100 മില്യൺ യൂറോയുടെ പദ്ധതി, ലോകത്തിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷിത പ്രദേശം (MPA) നിർമ്മിക്കാനുള്ള ഫ്രഞ്ച് പോളിനേഷ്യയുടെ പദ്ധതി എന്നിവയെല്ലാം ഈ വർഷത്തെ സമുദ്രസമ്മേളനത്തിൻെറ സംഭാവനകളാണ്. സ്പെയിൻ അഞ്ച് പുതിയ MPAകൾ കൂടി കൂട്ടിച്ചേർത്തപ്പോൾ, പവിഴപ്പുറ്റ് പുനരുദ്ധാരണത്തിന് ലോക ബാങ്കുമായി സഹകരിച്ച് ഇന്തോനേഷ്യ നൂതനമായ Coral Bond പദ്ധതിയും ആവിഷ്കരിച്ചു. ആഗോളസമൂഹത്തിൻെറ ഈ വിഷയത്തിലുള്ള പ്രതികരണമാണ് അടിയന്തരമായി ഈ പ്രഖ്യാപനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് വ്യക്തം. എന്നാൽ സമ്മേളനത്തിൻെറ പ്രധാന ആകർഷണം ഹൈ സീസ് ഉടമ്പടി അഥവാ Biodiversity Beyond National Jurisdiction (BBNJ) കരാർ നവീകരിക്കാനുള്ള തീരുമാനമാണ്.

ഹൈ സീസ് ഉടമ്പടി:
ചരിത്രം, ലക്ഷ്യം, സാധ്യതകൾ
രണ്ട് വർഷത്തോളം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ്, അന്താരാഷ്ട്ര ജലാശയങ്ങളിലെ ജൈവവൈവിധ്യത്തെ പരിരക്ഷിക്കുന്നതിന് വേണ്ടി BBNJ എന്ന സമഗ്രമായ ഉടമ്പടി 2023 ജൂൺ-19ന് പ്രാബല്യത്തിൽ വരുന്നത്. കടൽനിയമങ്ങളുമായി ബന്ധപ്പെട്ട് നടന്ന യുഎൻ കൺവെൻഷനിൽ (UNCLOS) രൂപം കൊണ്ട ഉടമ്പടി പ്രധാനമായും നാല് ഭാഗങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്:
1. സമുദ്ര ജനിതക വിഭവങ്ങളും അതിൻെറ ആനുകൂല്യ പങ്കിടലും.
2. സമുദ്ര സംരക്ഷിത പ്രദേശങ്ങളും (MPA) അതിൻെറ മാനേജ്മെൻറും.
3. പാരിസ്ഥിതിക ആഘാതം വിലയിരുത്തൽ.
4. ശേഷി വർദ്ധിപ്പിക്കലും സാങ്കേതികവിദ്യാ കൈമാറ്റവും.
ജൈവവൈവിധ്യനഷ്ടം തടയുക, വിഭവചൂഷണം നിയന്ത്രിക്കുക, തുല്യമായ പ്രാതിനിധ്യത്തിന് അവസരമൊരുക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുക - പ്രത്യേകിച്ച്, സമുദ്ര ഗവേഷണത്തിലും വാണിജ്യത്തിലും വേണ്ടവിധത്തിൽ പരിഗണിക്കപ്പെടാതെ പോവുന്ന വരുമാനം കുറഞ്ഞ രാഷ്ട്രങ്ങളുടെ കാര്യത്തിൽ, എന്നിവയാണ് ഉടമ്പടി പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

നൈസ് സമ്മേളനവും
പദ്ധതികളുടെ വേഗതയും
2025 സമുദ്രസമ്മേളനം നയതന്ത്രമേഖലയിൽ ഒരു നിർണായക ചുവടുവെപ്പാണ്. 19 അധിക നിബന്ധനകൾ കൂടി സമ്മേളനത്തിൽ പ്രഖ്യപിച്ചതോടെ ഉടമ്പടി പ്രാബല്യത്തിൽ വരുന്നതിനാവശ്യമായ 60-ൽ 51 എണ്ണം അംഗീകരിക്കപ്പെട്ടു. ഈ ഉടമ്പടി 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ഉടമ്പടി സമ്പൂർണമായി അംഗീകരിക്കപ്പെട്ടാൽ 120 ദിവസത്തെ കൗണ്ട്ഡൗൺ ആരംഭിക്കും. ഇതോടെ, ആദ്യത്തെ ‘Ocean COP’-ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും നിയന്ത്രണഘടന, നടപ്പിലാക്കേണ്ട സംവിധാനങ്ങൾ, സാമ്പത്തിക രൂപരേഖകൾ എന്നിവ അന്തിമമാക്കുകയും ചെയ്യും. അംഗീകരിക്കാത്ത രാജ്യങ്ങൾക്ക് ഇതോടെ വോട്ടവകാശം നഷ്ടമാവുമെന്നതും പ്രധാനമാണ്.

നൈസ് സമ്മേളനം മുന്നോട്ടുവെച്ച ‘Our Ocean, Our Future: United for Urgent Action’ എന്ന രാഷ്ട്രീയ പ്രഖ്യാപനം, 30×30 എന്ന 2023 ആവുമ്പോഴേക്കും ലോകത്തിൻെറ 30 ശതമാനം സമുദ്ര തീര ആവാസവ്യവസ്ഥ സംരക്ഷിക്കുമെന്ന പ്രഖ്യാപിതലക്ഷ്യമാണ് ഉന്നം വെക്കുന്നത്. കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്സിറ്റി ഫ്രെയിംവർക്ക് പോലുള്ള പ്രധാനപ്പെട്ട പാരിസ്ഥിതിക കരാറുകൾക്കുള്ള പിന്തുണയും സമ്മേളനം മുന്നോട്ട് വെക്കുന്നുണ്ട്.
വിമർശനങ്ങളും പിന്മാറ്റങ്ങളും:
യു.എസും മറ്റുള്ളവരും
ആഗോളതലത്തിൽ വലിയ പിന്തുണയും സ്വീകാര്യതയും ലഭിച്ചിട്ടുണ്ടെങ്കിലും ഉടമ്പടിക്കെതിരെ വിമർശനവും ഉയരുന്നുണ്ട്, പ്രത്യേകിച്ച് അമേരിക്കയുടെ ഭാഗത്ത് നിന്ന്. 2023-ൽ അമേരിക്ക ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും പൂർണമായി അംഗീകരിച്ചിരുന്നില്ല. അമേരിക്കൻ സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല. ട്രംപ് ഭരണകൂടത്തിനകത്ത് നിന്ന് പരമാധികാരം, നിയന്ത്രണപരിധി, ആഴക്കടൽ ഖനനവും മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട സാമ്പത്തിക ആനുകൂല്യം തുടങ്ങിയ വിഷയങ്ങളിൽ ഉടമ്പടിയിലുള്ള ആശങ്ക മുന്നോട്ട് വെക്കുന്നുണ്ട്. കടൽത്തീര ഖനനത്തെ പിന്തുണച്ചും നിയന്ത്രണങ്ങൾ നീക്കിയുമുള്ള ട്രംപിന്റെ വിവാദ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെയും UNOC3-ൽ യുഎസ് പ്രാതിനിധ്യം കുറഞ്ഞതിനെതിരെയും വലിയ പ്രതിഷേധം ഉയർന്നിരുന്നു. അമേരിക്കയുടെ നിലപാടിനെ ഫ്രഞ്ച് ഉദ്യോഗസ്ഥർ കാര്യമായി തന്നെ എതിർത്തു. “ആഴക്കടൽ വിൽപ്പനയ്ക്കുള്ളതല്ല” എന്ന പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിൻെറ പ്രസ്താവനയാണ് അവർ ഉയർത്തിപ്പിടിച്ചത്. ‘ചൊവ്വയിലേക്ക് പോവാൻ അമേരിക്ക തിരക്ക് കൂട്ടുമ്പോൾ’ ഫ്രാൻസ് ശാസ്ത്രീയമായാണ് ഈ വിഷയങ്ങളിൽ നിലപാടെടുക്കുന്നത് എന്നും അവർ വാദിച്ചു. അമേരിക്കയുടെ അഭാവം ആഗോള സമുദ്രഭരണത്തിലെ നേതൃത്വശൂന്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ പങ്കെടുക്കാതിരുന്നതിലൂടെ ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ള ഉടമ്പടി ചർച്ചകളിലും തീരുമാനങ്ങളിലും തങ്ങളുടെ സ്വാധീനം ചെലുത്താൻ സാധിക്കാത്ത അവസ്ഥയെയും അമേരിക്കയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കും.

ഇന്ത്യയുടെ പ്രതിബദ്ധതയും
കാലതാമസവും
സമുദ്ര താൽപ്പര്യങ്ങളും പരിസ്ഥിതി പ്രതിബദ്ധതയും വ്യക്തമാക്കി കൊണ്ടാണ് ഇന്ത്യ 2024 സെപ്റ്റംബറിൽ BBNJ ഉടമ്പടിയിൽ ഒപ്പുവച്ചത്. UNOC3-ൽ സംസാരിച്ച കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി ജിതേന്ദ്ര സിംഗ്, ഉടമ്പടിയോടുള്ള പിന്തുണയും അതിന് അംഗീകാരം നൽകേണ്ടതിൻെറ ആവശ്യകതയും വിശദീകരിച്ചിരുന്നു. എന്നാൽ ഇപ്പോഴും ഉടമ്പടിക്ക് അംഗീകാരം ലഭിച്ചിട്ടില്ല. പാർലമെന്റ് ഉടമ്പടി അംഗീകരിക്കുന്നതിന് മുമ്പ്, ഇന്ത്യ തങ്ങളുടെ Biological Diversity Act പോലുള്ള ആഭ്യന്തര നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവിടെ കാലതാമസം ഉണ്ടാവുന്നത്, ഇന്ത്യയിലെ ആഭ്യന്തര നിയമനിർമ്മാണങ്ങളിലാണ്, ചില ഉദ്യോഗസ്ഥർക്ക് ഉടമ്പടിയിലെ സാമ്പത്തിക ആനുകൂല്യം പങ്കിടുന്ന നിബന്ധനകളിലുള്ള വിയോജിപ്പ് കൊണ്ട് കൂടിയാണ് ഇത് സംഭവിക്കുന്നത്. ഇത്രയേറെ തീരപ്രദേശമുള്ള, സമുദ്രവിഭവങ്ങളെ വല്ലാതെ ആശ്രയിക്കുന്ന ഒരു രാജ്യം, സമുദ്ര സുരക്ഷയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് വൈകുന്നത് പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഇന്ത്യയുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഗണിക്കുമ്പോൾ ഈ നടപടികൾ വേഗത്തിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. ഗ്ലോബൽ സൗത്തിലെ ഒരു പ്രധാന പങ്കാളിയെന്ന നിലയിൽ ഉടമ്പടി അംഗീകരിപ്പിച്ച് ഭൗമരാഷ്ട്രീയ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഇന്ത്യയുടെ ഇടപെടൽ നിർണായകമാണ്.
ഐക്യരാഷ്ട്രസഭ പറയുന്നതസരിച്ച്, ഹരിതഗൃഹ വാതകങ്ങൾ മൂലമുണ്ടാകുന്ന താപത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നു, ഇത് വ്യാപകമായ അമ്ലീകരണത്തിനും സമുദ്ര താപനില ഉയരുന്നതിനും കാരണമാകുന്നു.
ഉടമ്പടി എന്തുകൊണ്ടാണ്
ഇപ്പോൾ നിർണായകമാവുന്നത്?
പാരിസ്ഥിതിക സമ്മർദ്ദങ്ങൾ വർധിച്ചുവരുന്നത് ഹൈ സീസ് ഉടമ്പടി അത്യന്താപേക്ഷിതമാക്കുന്നു. ഐക്യരാഷ്ട്രസഭ പറയുന്നതസരിച്ച്, ഹരിതഗൃഹ വാതകങ്ങൾ മൂലമുണ്ടാകുന്ന താപത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നു, ഇത് വ്യാപകമായ അമ്ലീകരണത്തിനും സമുദ്ര താപനില ഉയരുന്നതിനും കാരണമാകുന്നു. 1,500-ലധികം സമുദ്ര സസ്യജന്തുജാലങ്ങൾ വംശനാശ ഭീഷണിയിലാണെന്ന് കണക്കാക്കപ്പെടുന്നു. പ്ലാസ്റ്റിക് മലിനീകരണമാണ് സമുദ്രജലത്തിന് മറ്റൊരു വെല്ലുവിളി. പ്രതിവർഷം ഏകദേശം 14 മില്യൺ മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യം ലോകത്തിലെ ജലാശയങ്ങളിലേക്ക് എത്തിച്ചേരുന്നുവെന്നാണ് കണക്കുകൾ. ഭക്ഷ്യസുരക്ഷ, സമുദ്രജീവിതം, തീരദേശ സമ്പദ്‌വ്യവസ്ഥ എന്നിവയെയെല്ലാം ഇത് ഒരുപോലെ അപകടത്തിലാക്കുന്നുണ്ട്. മാത്രമല്ല, ഔഷധങ്ങൾക്കും ബയോടെക്നോളജിക്കും വേണ്ടി സമുദ്ര ജനിതക വിഭവങ്ങൾ ഉപയോഗപ്പെടുത്താനുള്ള അനിയന്ത്രിതമായ മത്സരം ബയോ പൈറസിയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നു. നിയന്ത്രണങ്ങൾ ഇല്ലാതെ പോയാൽ, സമ്പന്ന രാജ്യങ്ങൾക്കും കോർപ്പറേഷനുകൾക്കും വികസ്വര രാജ്യങ്ങളുടെ Exclusive Economic Zone (EEZ)-കൾക്ക് പുറത്തുള്ള കണ്ടെത്തലുകളുടെ കുത്തകാവകാശം ലഭിക്കും. ഇത്തരം ഗവേഷണങ്ങളുടെ വിവരശേഖരണം സുതാര്യമാക്കണമെന്നും നീതിപൂർവമായി ആനുകൂല്യം പങ്കിടൽ നടക്കണമെന്നും BBNJ ഉടമ്പടി ആവശ്യപ്പെടുന്നുണ്ട്.

ആഴക്കടൽ ഖനനത്തിനെതിരായ നിയമപരമായ സംരക്ഷണവും ഉടമ്പടി വാഗ്ദാനം ചെയ്യുന്നുണ്ട്. ആഴക്കടൽ ഖനനം പൂർണ്ണമായും നിരോധിക്കാൻ ആവശ്യപ്പെടുന്നില്ലെങ്കിലും, കൂടുതൽ പാരിസ്ഥിതിക പഠനങ്ങൾ നടത്തുന്നതുവരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുകയും പാരിസ്ഥിതിക ആഘാത പഠനങ്ങളും അന്താരാഷ്ട്ര മേൽനോട്ടവും വേണമെന്നും ഉടമ്പടി ആവശ്യപ്പെടുന്നു. താൽക്കാലികലാഭം ലക്ഷ്യമിട്ടുള്ള കോർപ്പറേറ്റുകളുടെ ഇടപെടലുകൾ സമുദ്ര ആവാസവ്യവസ്ഥയുടെ പാരിസ്ഥിതിക സന്തുലനം തകരാറിലാക്കുന്നത് അനുവദിക്കരുതെന്ന് വിമർശകർ ആവശ്യപ്പെടുന്നു.
ഇത്രയധികം വിശാലമായി കിടക്കുന്ന അന്താരാഷ്ട്ര ജലാശയങ്ങളുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിയുടെ മേൽനോട്ടം വഹിക്കണമെങ്കിൽ അത്യാധുനികമായ സാറ്റലൈറ്റ് സംവിധാനവും ബഹുരാഷ്ട്ര നാവിക സഹകരണവും ആഗോള നിയമസംവിധാനവുമെല്ലാം വേണ്ടിവരും.
നടപ്പിലാക്കുമ്പോഴുള്ള
വെല്ലുവിളികൾ
ഉടമ്പടിക്ക് ചരിത്രപരമായി വലിയ പ്രാധാന്യമുണ്ടെങ്കിലും നടപ്പിലാക്കുകയെന്നത് വളരെ സങ്കീർണമായ വിഷയമാണ്. ഇത്രയധികം വിശാലമായി കിടക്കുന്ന അന്താരാഷ്ട്ര ജലാശയങ്ങളുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിയുടെ മേൽനോട്ടം വഹിക്കണമെങ്കിൽ അത്യാധുനികമായ സാറ്റലൈറ്റ് സംവിധാനവും ബഹുരാഷ്ട്ര നാവിക സഹകരണവും ആഗോളനിയമസംവിധാനവുമെല്ലാം വേണ്ടിവരും. സാമ്പത്തികമായി നോക്കുകയാണെങ്കിൽ, സമുദ്രങ്ങളുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് (SDG14) ലഭിക്കുന്ന ഫണ്ട് തുലോം കുറവാണ്. ഇതിനായി മാറ്റിവെക്കേണ്ട തുകയുടെ വെറും 0.01 ശതമാനം മാത്രമാണ് ഇപ്പോൾ ലഭ്യമാവുന്നതെന്നാണ് അമ്പരപ്പിക്കുന്ന യാഥാർത്ഥ്യം. സമുദ്ര സുരക്ഷയ്ക്കായി പ്രതിവർഷം കുറഞ്ഞത് 175 ബില്യൺ ഡോളറെങ്കിലും മാറ്റിവെക്കേണ്ടതുണ്ട് എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. നടപ്പാക്കലിൻെറ നടപടിക്രമങ്ങൾക്കും സാമ്പത്തികസഹായത്തിനും അപ്പുറത്ത് ഗവേണിങ് ബോഡിയുടെ ഒരു അന്താരാഷ്ട്ര കൺവെൻഷൻ, മോൽനോട്ട സമിതികൾ, കേന്ദ്രീകൃത ഡാറ്റഹബ്ബ് എന്നിവയെല്ലാം രൂപീകരിക്കേണ്ടതുണ്ട്. ഇതിനെല്ലാം പുറമേ അവസാനമായി, വിഭവങ്ങൾ കുറവുള്ള രാജ്യങ്ങളുടെ സമഗ്ര പങ്കാളിത്തം ഉറപ്പാക്കുന്നതിന് സാങ്കേതികവിദ്യ കൈമാറ്റത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനുമാവശ്യമായ പരിപാടികൾക്കായി സമർപ്പിത നിക്ഷേപം ആവശ്യമാണ്.

ഇത് കൂടാതെ, മത്സ്യബന്ധനത്തിലും ഷിപ്പിങ്ങിലുമുള്ള വാണിജ്യതാൽപ്പര്യങ്ങൾ പുതിയ നിയന്ത്രണങ്ങളെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. InfluenceMap 2024-ൽ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത് ലോകത്തിലെ 30-ൽ 29 വൻകിട സീഫുഡ് കമ്പനികളും സമുദ്രസംരക്ഷണ പ്രവർത്തനങ്ങളെ എതിർക്കുന്നുവെന്നും കടുത്ത നിയന്ത്രണങ്ങളെ എതിർക്കുകയും ചെയ്യുന്നുവെന്നാണ്. സമുദ്ര ശാസ്ത്രജ്ഞനായ എൻറിക് സാല പറയുന്നത് പ്രകാരം, “സംരക്ഷണമല്ല പ്രശ്നം, അമിതമായ മത്സ്യബന്ധനമാണ്. മത്സ്യബന്ധന വ്യവസായത്തിൻെറ ഏറ്റവും വലിയ ശത്രുക്കൾ അവർക്കിടയിൽ തന്നെയാണ് ഉള്ളത്.”
കേരള തീരത്തുണ്ടായ രണ്ട് കപ്പലപകടങ്ങളെതുടർന്നുണ്ടായ ഇന്ധനചോർച്ചയുടെ പ്രത്യാഘാതവുമായി ബന്ധപ്പെട്ട ആശങ്ക പരിസ്ഥിതി പ്രവർത്തകർ ഉയർത്തുന്നുണ്ട്. ഇത്തരം ദുരന്തങ്ങൾ സമുദ്ര ആവാസവ്യവസ്ഥയ്ക്കും മത്സ്യബന്ധനത്തിനും ഉയർത്തുന്ന ഭീഷണി ചെറുതല്ല.
സമുദ്രത്തിൻെറ ആരോഗ്യത്തിന്
ഭീഷണി ഉയർത്തുന്ന കപ്പൽ ദുരന്തങ്ങൾ
സമുദ്ര ജൈവവൈവിധ്യത്തിന് ദീർഘകാല സംരക്ഷണം ഉറപ്പാക്കാൻ അന്താരാഷ്ട്ര ഉടമ്പടികൾ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ഇന്ത്യൻ തീരത്ത് ഈയടുത്ത് ഉണ്ടായ രണ്ട് ദുരന്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, നമ്മുടെ സമുദ്ര ആവാസവ്യവസ്ഥ എത്രത്തോളം ദുർബലമാണെന്നാണ്. പെട്ടെന്നുണ്ടായ ഗുരുതരമായ ഇത്തരം സംഭവങ്ങൾ സമുദ്രസംരക്ഷണത്തിൽ കാലങ്ങളെടുത്ത് ഉണ്ടാക്കിയ സംരക്ഷണ പ്രവർത്തനങ്ങളുടെ ഫലം ഒറ്റയടിക്ക് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ 15 ദിവസങ്ങൾക്കുള്ളിൽ കേരളതീരത്ത് രണ്ട് വലിയ കപ്പൽ അപടകങ്ങളാണ് ഉണ്ടായത്. നമ്മുടെ സമുദ്ര ഗതാഗതത്തിലെ സുരക്ഷാമുൻകരുതലുകളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും വലിയ ആശങ്കകളാണ് ഈ അപകടങ്ങൾ ഉയർത്തിയിരിക്കുന്നത്. കേരളതീരത്ത് മുങ്ങിയ ലൈബീരിയൻ പതാകയുള്ള MSC ELSA 3, എന്ന കപ്പൽ പുറപ്പെടുന്നതിന് മുമ്പ് നടത്തേണ്ടിയിരുന്ന പരിസ്ഥിതി ആഘാതസാധ്യതകളെക്കുറിച്ചുള്ള വിലയിരുത്തലുകൾ, അതായത് ഇന്ധന ചോർച്ചയോ മറ്റെന്തെങ്കിലും സാധ്യതകളോ ഒന്നും തന്നെ വ്യക്തമായി പരിശോധിച്ചിരുന്നില്ല. ആദ്യദുരന്തം ഉണ്ടാക്കിയ പ്രതിസന്ധികൾ വിലയിരുത്തി വരുമ്പോഴാണ് രണ്ടാമത്തെ അപകടം സംഭവിക്കുന്നത്. സിങ്കപ്പുർ രജിസ്റ്റേർഡ് കാർഗോ കപ്പലായ M.V. Wan Hai 503-ന് കോഴിക്കോട് തീരത്തിന് ഏകദേശം 88 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് തീപിടിച്ചത്.

തുടരെത്തുടരെ ഉണ്ടായ ഈ രണ്ട് വലിയ അപകടങ്ങൾ, കേരളത്തിൻെറ പാരിസ്ഥിതിക ദുർബലമായ തീരപ്രദേശത്ത് ഇന്ധനചോർച്ചയുടെയും മറ്റും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ പോലും ഇന്ധനചോർച്ചയുടെ പ്രത്യാഘാതവുമായി ബന്ധപ്പെട്ട വലിയ ആശങ്ക പരിസ്ഥിതി പ്രവർത്തകർ ഉയർത്തുന്നുണ്ട്. ഇത്തരം ദുരന്തങ്ങൾ സമുദ്ര ആവാസവ്യവസ്ഥയ്ക്കും മത്സ്യബന്ധനത്തിനും ഉയർത്തുന്ന ഭീഷണി ചെറുതല്ല.
നമ്മുടെ സമുദ്രസംരക്ഷണനയം എത്രത്തോളം ദുർബലമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഈ അപകടങ്ങൾ. അന്താരാഷ്ട്രതലത്തിൽ BBNJ ഉടമ്പടി അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇത് സംഭവിക്കുന്നത്. സമുദ്ര സുരക്ഷയ്ക്കായി നടപ്പാക്കേണ്ട ഇത്തരം ഉടമ്പടികൾ പ്രാവർത്തികമാക്കുന്നതിലുള്ള സങ്കീർണതകളും ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. തിരക്കേറിയതും നീളമേറിയതുമായ കടൽത്തീരങ്ങൾ അിർത്തിയുള്ളതും, തീരങ്ങൾക്ക് സുരക്ഷ വേണ്ടതും, അടിയന്തര ഇടപെടലുകൾ ആവശ്യമുള്ളതും, ജൈവവൈവിധ്യ അപകടസാധ്യതകൾ ഉള്ളതുമായ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഉടമ്പടി അംഗീകരിക്കേണ്ടതും അന്താരാഷ്ട്ര സഹകരണം വേണ്ടതും വളരെ നിർണായകമാണ്.
ദുർബലമാവുന്ന
പ്രതീക്ഷകൾ
നൈസ് സമ്മേളനം സമുദ്ര നയതന്ത്രത്തിലെ ഒരു നിർണായക ചുവടുവെയ്പ്പാണെന്നാണ് സമാപന വേളയിൽ യുഎൻ ഓഷ്യൻ പ്രതിനിധി പീറ്റർ തോംസൺ പറഞ്ഞത്. എന്നാൽ ഈ കാര്യങ്ങളിൽ യഥാർത്ഥ പുരോഗതി വാഗ്ദാനങ്ങളെയല്ല, മറിച്ച് തുടർനടപടികളെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായി വേഗത്തിൽ നടപ്പാക്കുകയാണെങ്കിൽ ഹൈ സീസ് ഉടമ്പടിക്ക് സമുദ്ര സന്തുലിതാവസ്ഥ നിലനിർത്താനും ജൈവവൈവിധ്യം സംരക്ഷിക്കാനും ലോകരാജ്യങ്ങളുടെ ഭാവിക്കായി വലിയ സംഭാവനകൾ നൽകാനും സാധിക്കും. ആഗോള പാരിസ്ഥിതിക സുരക്ഷയുടെ കാര്യത്തിൽ ഇതൊരു നാഴികക്കല്ലായി മാറുമോ, അതോ നഷ്ടപ്പെടുത്തിയ മറ്റൊരു അവസരം മാത്രമായി മാറുമോയെന്നുള്ളത് വരും മാസങ്ങളിൽ എടുക്കുന്ന തീരുമാനങ്ങളുടെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലാവും നിർണയിക്കപ്പെടുക.
(കടപ്പാട്: TheWire.in)
