'കാർബൺ ന്യൂട്രൽ കേരള- 2050 (CN50) പാത്ത്‌വേ' റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പുറത്തിറക്കുന്നു.

‘കാർബൺ
ന്യൂട്രൽ കേരള’ത്തിലേക്ക്
സർക്കാറിനൊരു
പോളിസിയുണ്ടോ?

'കാർബൺ ന്യൂട്രൽ കേരള- 2050 പാത്ത്‌വേ' റിപ്പോർട്ട് വായിക്കുമ്പോൾ, കേരളം വലിയ പാരിസ്ഥിതിക മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് തോന്നും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം നേരിടാൻ യഥാർത്ഥത്തിൽ എന്തുചെയ്യണം എന്നതിനെക്കുറിച്ച് സർക്കാരിന് യാതൊരു ധാരണയുമില്ല എന്നതാണ് യാഥാർത്ഥ്യം: ആദിൽ മുഹമ്മദ് സെയ്ദ് എഴുതുന്നു.

2026 ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ 'കാർബൺ ന്യൂട്രൽ കേരള- 2050 (CN50) പാത്ത്‌വേ' റിപ്പോർട്ട് വായിക്കുമ്പോൾ, കേരളം ഒരു വലിയ പാരിസ്ഥിതിക മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് തോന്നും. 2040-ഓടെ വൈദ്യുതി ഉൽപ്പാദനം പൂർണമായി റിന്യൂവബിൾ എനർജിയിലേക്ക് മാറ്റുക, 2050-ൽ നെറ്റ് കാർബൺ എമിഷൻ പൂജ്യമാക്കുക തുടങ്ങി ആകർഷക ലക്ഷ്യങ്ങളാണ് അതിലുള്ളത്. എന്നാൽ ഈ രേഖകളെയും സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും താരതമ്യം ചെയ്യുമ്പോൾ മനസ്സിലാകുന്നത് ലളിതമായ ഒരു യാഥാർഥ്യമാണ്: കാലാവസ്ഥാ വ്യതിയാനം നേരിടാൻ യഥാർത്ഥത്തിൽ എന്തുചെയ്യണം എന്നതിനെക്കുറിച്ച് സർക്കാരിന് യാതൊരു ധാരണയുമില്ല.

ഏതൊരു ക്ലൈമറ്റ് പോളിസിയുടെയും യഥാർഥ പരീക്ഷണം നടക്കുന്നത് വർണ്ണാഭമായ പോളിസി ഡോക്യുമെന്റുകളിലല്ല; മറിച്ച്, സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളിലാണ്. കൃത്യമായി പറഞ്ഞാൽ പബ്ലിക് പ്രൊക്യുർമെന്റിൽ (പൊതുസംഭരണം). കേരളത്തിലെ ഗവൺമെന്റ് പ്രൊക്യുർമെന്റിന്റെ 90 ശതമാനവും ഇന്നും നിയന്ത്രിക്കുന്നത് ഒരൊറ്റ കാലഹരണപ്പെട്ട മാനദണ്ഡമാണ്: 'എൽ1' (L1) അഥവാ ടെക്നിക്കലായി യോഗ്യത നേടിയവരിൽ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ബിഡ്ഡർ. കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങളോ കെട്ടിട നിർമാണ സാമഗ്രികളോ വാങ്ങുമ്പോൾ, അതിന്റെ ഭാവിയിലെ എനർജി കോസ്റ്റോ, ലൈഫ് സ്പാനോ, കാർബൺ എമിഷനോ ഈ സർക്കാരിന്റെ കണക്കെടുപ്പിൽ ഒരിടത്തും വരുന്നില്ല. ഇത് വെറും സാമ്പത്തിക നിരക്ഷരത മാത്രമല്ല, അങ്ങേയറ്റത്തെ കണ്ണടച്ചിരുട്ടാക്കൽ കൂടിയാണിത്.

പബ്ലിക് ട്രസ്റ്റ് ഡോക്ട്രിനും
ഭരണഘടനാബാധ്യതയും

ഒരു കച്ചവടക്കാരനെപ്പോലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങിക്കൂട്ടുക എന്നതല്ല സർക്കാരിന്റെ ഉത്തരവാദിത്തം. ഭരണഘടനയുടെ ആർട്ടിക്കിൾ 48A പ്രകാരം പരിസ്ഥിതി സംരക്ഷിക്കുക എന്നത് സ്റ്റേറ്റിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. സുപ്രീം കോടതി എം.സി. മേത്ത കേസുകളിൽ ആവർത്തിച്ചുറപ്പിച്ച 'പബ്ലിക് ട്രസ്റ്റ് ഡോക്ട്രിൻ' ഇവിടെ പ്രസക്തമാണ്. പ്രകൃതിവിഭവങ്ങളുടെ ട്രസ്റ്റി മാത്രമാണ് സർക്കാർ. വിലക്കുറവിന്റെ പേരിൽ ഊർജക്ഷമതയില്ലാത്ത ഉപകരണങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ, സർക്കാർ ഖജനാവിലെ പണം മാത്രമല്ല ചോരുന്നത്; വരും തലമുറയുടെ കാർബൺ ബഡ്ജറ്റ് കൂടിയാണ്.

2040-ഓടെ വൈദ്യുതി ഉൽപ്പാദനം പൂർണമായി റിന്യൂവബിൾ എനർജിയിലേക്ക് മാറ്റുക, 2050-ൽ നെറ്റ് കാർബൺ എമിഷൻ പൂജ്യമാക്കുക തുടങ്ങി ആകർഷക ലക്ഷ്യങ്ങളാണ് 'കാർബൺ ന്യൂട്രൽ കേരള- 2050 (CN50) പാത്ത്‌വേ' റിപ്പോർട്ടിലുള്ളത്.
2040-ഓടെ വൈദ്യുതി ഉൽപ്പാദനം പൂർണമായി റിന്യൂവബിൾ എനർജിയിലേക്ക് മാറ്റുക, 2050-ൽ നെറ്റ് കാർബൺ എമിഷൻ പൂജ്യമാക്കുക തുടങ്ങി ആകർഷക ലക്ഷ്യങ്ങളാണ് 'കാർബൺ ന്യൂട്രൽ കേരള- 2050 (CN50) പാത്ത്‌വേ' റിപ്പോർട്ടിലുള്ളത്.

L1 എന്ന വില മാത്രം അടിസ്ഥാനമാക്കിയുള്ള മാനദണ്ഡം, പരിസ്ഥിതിയെ ഒരു ബാഹ്യഘടകമായി മാത്രം കണക്കാക്കുന്ന മനുഷ്യകേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയുടെ സൃഷ്ടിയാണ്. ഒരു ഉൽപ്പന്നം പ്രകൃതിയിലും പരിസ്ഥിതിയിലും സൃഷ്ടിക്കുന്ന ആഘാതത്തെ അതിന്റെ വിലനിർണ്ണയത്തിൽനിന്ന് പൂർണ്ണമായും ഒഴിവാക്കുന്നത്, പ്രകൃതിയെ മനുഷ്യനേക്കാൾ താഴെയായി കാണുന്ന സമീപനമാണ്. ഒരു ഇക്കോസെൻട്രിക് കാഴ്ചപ്പാടിൽ, ഇത് സാമ്പത്തികമായി മാത്രമല്ല, പാരിസ്ഥിതികമായും തികഞ്ഞ അനീതിയാണ്.

വിജിലൻസ് ഭയമെന്ന കള്ളവും
സെൻട്രൽ വിജിലൻസ് കമ്മീഷൻ
ഗൈഡ്‌ലൈൻസും

L1 രീതിയെ ന്യായീകരിക്കാൻ ഉദ്യോഗസ്ഥർ സ്ഥിരമായി പറയുന്ന ഒരു ഒഴിവുകഴിവുണ്ട്: ‘‘ക്വാളിറ്റി നോക്കി കൂടുതൽ വിലയുള്ളത് വാങ്ങിയാൽ വിജിലൻസ് കേസ് വരും, അഴിമതിയാണെന്ന് പറയും."
ഇത് തികച്ചും അടിസ്ഥാനരഹിതമായ വാദമാണ്. ഇന്ത്യയിലെ സെൻട്രൽ വിജിലൻസ് കമ്മീഷൻ തന്നെ ഈ പഴഞ്ചൻ രീതി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2021-ലെ സെൻട്രൽ വിജിലൻസ് കമ്മീഷൻ അപ്ഡേറ്റഡ് മാന്വൽ പ്രകാരവും, ജനറൽ ഫിനാൻഷ്യൽ റൂൾസ് (GFR 2017) റൂൾ 192 പ്രകാരവും, സങ്കീർണ്ണമായ പർച്ചേസുകളിൽ 'ക്വാളിറ്റി ആൻഡ് കോസ്റ്റ് ബേസ്ഡ് സെലക്ഷൻ' ഉപയോഗിക്കാൻ വ്യക്തമായ അനുമതിയുണ്ട്. മാത്രമല്ല, ലൈഫ് സൈക്കിൾ കോസ്റ്റിംഗ് എന്ന ആശയം കേന്ദ്ര ഗവൺമെന്റ് പ്രൊക്യുർമെന്റ് ഗൈഡ്‌ലൈനുകളിൽ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ചട്ടങ്ങൾ ഇത്രയും പുരോഗമിച്ചിട്ടും, കേരളത്തിലെ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഇപ്പോഴും 1990-കളിലെ സ്റ്റോർസ് പർച്ചേസ് മാന്വലും വെച്ച് വികസനം കളിക്കുകയാണ്. എനർജി കൺസർവേഷൻ ആക്റ്റ്, 2001-ന്റെ സെക്ഷൻ 14 പ്രകാരം ഊർജക്ഷമതയുള്ള ഉപകരണങ്ങൾ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാരിന് പൂർണ്ണ അധികാരമുണ്ട്. എന്നിട്ടും അത് പബ്ലിക് പ്രൊക്യുർമെന്റിൽ പ്രയോഗിക്കാൻ അവർ തയ്യാറാകുന്നില്ല.

ആയിരക്കണക്കിന് കോടി രൂപയുടെ പൊതുപണം ചെലവഴിച്ച് വസ്തുക്കളും സേവനങ്ങളും വാങ്ങുന്ന സർക്കാർ തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഉപഭോക്താവ്. അതുകൊണ്ട് തന്നെ സർക്കാർ എന്ത് വാങ്ങുന്നു എന്നത് വിപണിയുടെ ദിശയെ നേരിട്ട് സ്വാധീനിക്കും.

കാപെക്സ് ടെൻഡറുകളിലെ
മാത്തമാറ്റിക്കൽ അസംബന്ധം

കേരളത്തിലെ സർക്കാർ പർച്ചേസുകളിലെ ഘടനാപരമായ പിഴവ് ഏറ്റവും കൂടുതൽ കാണുന്നത് ക്യാപിറ്റൽ എക്സ്പെൻഡിച്ചർ (കാപെക്സ്) മോഡലിലാണ്. ഉദാഹരണത്തിന്, സർക്കാർ ആശുപത്രികളിലേക്ക് എസി പ്ലാന്റുകൾ വാങ്ങുകയോ, ഓഫീസുകളിലേക്ക് സോളാർ പാനലുകൾ വാങ്ങുകയോ ആണെന്ന് കരുതുക. രണ്ട് കമ്പനികൾ വരുന്നു:

കമ്പനി എ: വില 10 കോടി (കുറഞ്ഞ വില, പക്ഷെ ഉയർന്ന വൈദ്യുതി ഉപയോഗം).

കമ്പനി ബി: വില 12 കോടി (2 കോടി കൂടുതൽ, പക്ഷെ വൈദ്യുതി ഉപയോഗം പകുതി മാത്രം).

ഇന്നത്തെ L1 സംവിധാനപ്രകാരം, യാതൊരു സംശയവുമില്ലാതെ കമ്പനി A-യ്ക്കായിരിക്കും കരാർ ലഭിക്കുക. എന്നാൽ, ആ എ.സി പ്ലാന്റ് അടുത്ത പത്ത് വർഷം പ്രവർത്തിക്കുമ്പോൾ സർക്കാർ അടയ്ക്കേണ്ടിവരുന്ന കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലും, അതിന്റെ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന ഹരിതഗൃഹവാതക പുറന്തള്ളലും ടെൻഡർ കമ്മിറ്റിയുടെ പരിഗണനയിൽ പോലും വരില്ല. ഒരു സമഗ്രമായ ലൈഫ്- സൈക്കിൾ ചെലവ് കണക്കാക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ വിലയിരുത്തുന്നതിനും ഉദ്യോഗസ്ഥർക്ക് നിലവിലെ നിയമചട്ടക്കൂടിൽ മതിയായ നിയമപരമായ അധികാരമില്ല.

എന്നാൽ, അഞ്ച് വർഷത്തെ പ്രവർത്തനച്ചെലവും ഊർജ ഉപഭോഗവും ഉൾപ്പെടെ ഒരു സമഗ്രമായ ലൈഫ്-സൈക്കിൾ കോസ്റ്റ് കണക്കിലെടുത്താൽ, 12 കോടി രൂപ വിലയുള്ള മെഷീൻ തന്നെയായിരിക്കും ദീർഘകാലാടിസ്ഥാനത്തിൽ സർക്കാരിന് സാമ്പത്തികമായും പാരിസ്ഥിതികമായും കൂടുതൽ ലാഭകരമായ തിരഞ്ഞെടുപ്പ്.

എനർജി കൺസർവേഷൻ ആക്റ്റ്, 2001-ന്റെ സെക്ഷൻ 14 പ്രകാരം ഊർജക്ഷമതയുള്ള ഉപകരണങ്ങൾ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാരിന് പൂർണ്ണ അധികാരമുണ്ട്. / പ്രതീകാത്മക ചിത്രം
എനർജി കൺസർവേഷൻ ആക്റ്റ്, 2001-ന്റെ സെക്ഷൻ 14 പ്രകാരം ഊർജക്ഷമതയുള്ള ഉപകരണങ്ങൾ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാരിന് പൂർണ്ണ അധികാരമുണ്ട്. / പ്രതീകാത്മക ചിത്രം

അന്താരാഷ്ട്ര നിയമങ്ങളും
കോടതികളുടെ നിലപാടും

യൂറോപ്യൻ യൂണിയന്റെ പൊതു സംഭരണ ഡയറക്റ്റീവായ ഡയറക്റ്റീവ് 2014/24/EU-ലെ ആർട്ടിക്കിൾ 67 പ്രകാരം, കരാറുകൾ നൽകേണ്ടത് ഏറ്റവും കുറഞ്ഞ വില മാത്രം നോക്കിയല്ല, ഏറ്റവും സാമ്പത്തികമായി പ്രയോജനകരമായ ടെൻഡർ എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്. അതായത്, ഒരു ഉൽപ്പന്നത്തിന്റെ വാങ്ങൽവില മാത്രമല്ല, അതിന്റെ ഊർജ ഉപഭോഗം, അറ്റകുറ്റപ്പണി ചെലവ്, പ്രവർത്തനച്ചെലവ്, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക ചെലവ് തുടങ്ങിയ ഘടകങ്ങളും മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങളുടെയും കണക്കുകൂട്ടൽ രീതികളുടെയും അടിസ്ഥാനത്തിൽ വിലയിരുത്താം.

അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനം 2017-ലെ ‘ബൈ ക്ലീൻ കാലിഫോർണിയ ആക്റ്റ്’ വഴി ഈ ആശയത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നു. പൊതുമരാമത്ത് പദ്ധതികൾക്കായി നിർമാണ സാമഗ്രികൾ വാങ്ങുമ്പോൾ, അവയുടെ ഉൽപ്പാദന ഘട്ടം മുതൽ തന്നെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന എംബോഡീഡ് കാർബൺ കണക്കിലെടുക്കുന്നതിനുള്ള സംവിധാനമാണ് നിയമം അവതരിപ്പിച്ചത്. ഇതിനായി ഉൽപ്പന്നത്തിന്റെ കാർബൺ കാൽപ്പാടും പാരിസ്ഥിതിക ആഘാതവും രേഖപ്പെടുത്തുന്ന എൻവയോൺമെന്റൽ പ്രൊഡക്റ്റ് ഡിക്ലറേഷൻ (EPD) പോലുള്ള വിവരങ്ങൾ ഉപയോഗിച്ച്, ഏറ്റവും കുറഞ്ഞ വിലയെന്നതിനപ്പുറം ഒരു ഉൽപ്പന്നത്തിന്റെ സമഗ്രമായ പാരിസ്ഥിതിക ചെലവും പൊതുസംഭരണ തീരുമാനങ്ങളിൽ പരിഗണിക്കാൻ സാധിക്കുന്നു.

പരിസ്ഥിതി എന്നത് വെറും പോസ്റ്ററൊട്ടിക്കാനും സെമിനാർ നടത്താനുമുള്ള വിഷയമായി മാത്രം കാണുന്ന ഭരണകൂടത്തിന് പോളിസി ഷിഫ്റ്റ് സാധ്യമല്ല. ധനവകുപ്പിന്റെ പർച്ചേസ് മാന്വൽ തിരുത്താതെ, ഡി.ഒ.ഇ.സി.സി. ഇറക്കുന്ന എത്ര ലക്ഷ്യപ്രഖ്യാപനങ്ങൾ വന്നാലും കേരളം കാർബൺ ന്യൂട്രൽ ആകാൻ പോകുന്നില്ല.

L1 അല്ലാതെ മറ്റൊരു ഫോർമുല കൊണ്ടുവന്നാൽ കോടതി ഇടപെടും എന്നതും ഉദ്യോഗസ്ഥരുടെ അബദ്ധധാരണയാണ്. 2012-ലെ മിഷിഗൺ റബ്ബർ കേസിൽ സുപ്രീംകോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ടെൻഡർ വ്യവസ്ഥകൾ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിനാണ്. വ്യവസ്ഥകൾ ഏകപക്ഷീയം ആകാത്തിടത്തോളം കോടതി ഇടപെടില്ല. അതായത്, ഒരു കൃത്യമായ മാത്തമാറ്റിക്കൽ ഫോർമുല ടെൻഡർ ഡോക്യുമെന്റിൽ മുൻകൂട്ടി പ്രസിദ്ധീകരിച്ചാൽ അതിന് ഇന്ത്യയിൽ പൂർണ്ണ നിയമസാധുതയുണ്ട്. പുതിയ നിയമം പോലും ആവശ്യമില്ല, ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ ഒരു ഗവൺമെന്റ് ഓർഡർ മതിയാകും ഈ സിസ്റ്റം മാറ്റാൻ.

സർക്കാർ ചെയ്യേണ്ട
അടിയന്തര തിരുത്തലുകൾ

സർക്കാരിന് യഥാർത്ഥത്തിൽ കാർബൺ ന്യൂട്രൽ ലക്ഷ്യത്തോട് ആത്മാർത്ഥതയുണ്ടെങ്കിൽ ചില നയപരമായ മാറ്റങ്ങൾ ഉടൻ നടപ്പിലാക്കണം.

വലിയ പ്രൊജക്റ്റുകളുടെ ടെൻഡർ ഇവാല്യുവേഷനിൽ പ്രൊഡക്റ്റുകൾ പുറന്തള്ളുന്ന ഓരോ ടൺ കാർബണിനും ഒരു സാങ്കൽപ്പിക വില നിശ്ചയിച്ച് അത് ബിഡ് തുകയോട് ചേർത്ത് കണക്കാക്കണം. ഇത് ഇക്കോസെൻട്രിക് എക്കണോമിക്സിന്റെ അടിസ്ഥാനമാണ്. L1-ന് പകരം ലൈഫ്- സൈക്കിൾ കോസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയ സംവിധാനം എല്ലാ പർച്ചേസുകൾക്കും നിർബന്ധമാക്കുക. ഇതിനായി കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിലവിലുള്ള മാർഗനിർദേശങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ, വാങ്ങൽവിലയ്‌ക്കൊപ്പം ഊർജ ഉപഭോഗം, പ്രവർത്തനച്ചെലവ്, പരിപാലനച്ചെലവ്, ജീവിതകാല പാരിസ്ഥിതിക ചെലവ് എന്നിവ കൂടി കണക്കിലെടുക്കുന്ന വ്യക്തമായ ലൈഫ്-സൈക്കിൾ കോസ്റ്റ് ഫോർമുല ഉൾപ്പെടുത്തി പുതിയ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണം.

അതോടൊപ്പം, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) നൽകുന്ന 1 മുതൽ 5 സ്റ്റാർ വരെയുള്ള ഊർജക്ഷമതാ റേറ്റിംഗ് ടെൻഡർ മൂല്യനിർണയത്തിന്റെ ഭാഗമാക്കണം. ഉയർന്ന BEE സ്റ്റാർ റേറ്റിംഗുള്ള ഉപകരണങ്ങൾക്ക് നിശ്ചിത വെയിറ്റേജ് നൽകുകയും, കുറഞ്ഞ ഊർജ ഉപഭോഗമുള്ള ഉൽപ്പന്നങ്ങൾക്ക് മൂല്യനിർണയത്തിൽ ആനുകൂല്യം ലഭിക്കുന്ന തരത്തിൽ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുകയും വേണം.

സാധ്യമാകുന്നിടത്തോളം ഉപകരണങ്ങൾ സർക്കാർ പണം കൊടുത്തു വാങ്ങുന്ന രീതി അവസാനിപ്പിക്കുക. പകരം എനർജി സേവിംഗ്സ് ഗ്യാരണ്ടി നൽകുന്ന പ്രൈവറ്റ് കമ്പനികൾക്ക് കോൺട്രാക്ട് നൽകുക. കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ വാങ്ങിയത് ഈ മാതൃകയിലാണ്.
സാധ്യമാകുന്നിടത്തോളം ഉപകരണങ്ങൾ സർക്കാർ പണം കൊടുത്തു വാങ്ങുന്ന രീതി അവസാനിപ്പിക്കുക. പകരം എനർജി സേവിംഗ്സ് ഗ്യാരണ്ടി നൽകുന്ന പ്രൈവറ്റ് കമ്പനികൾക്ക് കോൺട്രാക്ട് നൽകുക. കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ വാങ്ങിയത് ഈ മാതൃകയിലാണ്.

ഇതിലൂടെ ഏറ്റവും കുറഞ്ഞ വാങ്ങൽവിലയെ മാത്രം അടിസ്ഥാനമാക്കിയുള്ള L1 രീതിയിൽ നിന്ന്, ദീർഘകാല സാമ്പത്തിക കാര്യക്ഷമത, ഊർജക്ഷമത, പരിപാലനച്ചെലവ്, പാരിസ്ഥിതിക ആഘാതം എന്നിവ ഒരുമിച്ച് പരിഗണിക്കുന്ന കൂടുതൽ സമഗ്രമായ പൊതുസംഭരണ മാതൃകയിലേക്ക് കേരളത്തിന് മാറാൻ കഴിയും.

സാധ്യമാകുന്നിടത്തോളം ഉപകരണങ്ങൾ സർക്കാർ പണം കൊടുത്തു വാങ്ങുന്ന രീതി അവസാനിപ്പിക്കുക. പകരം എനർജി സേവിംഗ്സ് ഗ്യാരണ്ടി നൽകുന്ന പ്രൈവറ്റ് കമ്പനികൾക്ക് കോൺട്രാക്ട് നൽകുക. കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ വാങ്ങിയത് ഈ മാതൃകയിലാണ്. അവിടെ എഫിഷ്യൻസി ഉറപ്പാക്കേണ്ട റിസ്ക് കമ്പനിക്കാണ്. PWD കോൺട്രാക്റ്റുകളിൽ ഉപയോഗിക്കുന്ന സ്റ്റീൽ, സിമന്റ് എന്നിവയ്ക്ക് 'എൻവയോൺമെന്റൽ പ്രൊഡക്റ്റ് ഡിക്ലറേഷൻ' സർട്ടിഫിക്കറ്റ് വേണമെന്നത് ടെൻഡറിലെ അടിസ്ഥാന യോഗ്യതയാക്കുക.

സത്യത്തിൽ, സർക്കാർ സ്വന്തം വിപണി സ്വാധീനം തിരിച്ചറിയുന്നില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രശ്നം. ആയിരക്കണക്കിന് കോടി രൂപയുടെ പൊതുപണം ചെലവഴിച്ച് വസ്തുക്കളും സേവനങ്ങളും വാങ്ങുന്ന സർക്കാർ തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഉപഭോക്താവ്. അതുകൊണ്ട് തന്നെ സർക്കാർ എന്ത് വാങ്ങുന്നു എന്നത് വിപണിയുടെ ദിശയെ നേരിട്ട് സ്വാധീനിക്കും.

സർക്കാർ ഗ്രീൻ പ്രൊക്യുർമെന്റ് നയത്തിലേക്ക് മാറുകയും, ഊർജക്ഷമതയും കുറഞ്ഞ കാർബൺ പാദമുദ്രയും കുറഞ്ഞ ലൈഫ്-സൈക്കിൾ ചെലവും ഉള്ള ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്താൽ, അതിന്റെ സ്വാധീനം സർക്കാർ സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങില്ല. വിതരണക്കാർ അവരുടെ ഉൽപ്പന്നങ്ങളും ഉൽപ്പാദനരീതികളും അതനുസരിച്ച് മാറ്റാൻ നിർബന്ധിതരാകും. ഇതുവഴി സർക്കാരിന്റെ വാങ്ങൽശേഷി തന്നെ വിപണിയെ കൂടുതൽ ഊർജക്ഷമവും കുറഞ്ഞ കാർബൺ അടിസ്ഥാനവുമായ സപ്ലൈ ചെയിനിലേക്ക് നയിക്കുന്ന ഒരു നയോപാധിയായി മാറും.

സർക്കാർ ഗ്രീൻ പ്രൊക്യുർമെന്റ് നയത്തിലേക്ക് മാറുകയും, ഊർജക്ഷമതയും കുറഞ്ഞ കാർബൺ പാദമുദ്രയും കുറഞ്ഞ ലൈഫ്-സൈക്കിൾ ചെലവും ഉള്ള ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്താൽ, അതിന്റെ സ്വാധീനം സർക്കാർ സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങില്ല. Via/ ChatGPT
സർക്കാർ ഗ്രീൻ പ്രൊക്യുർമെന്റ് നയത്തിലേക്ക് മാറുകയും, ഊർജക്ഷമതയും കുറഞ്ഞ കാർബൺ പാദമുദ്രയും കുറഞ്ഞ ലൈഫ്-സൈക്കിൾ ചെലവും ഉള്ള ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്താൽ, അതിന്റെ സ്വാധീനം സർക്കാർ സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങില്ല. Via/ ChatGPT

പക്ഷേ, പരിസ്ഥിതി എന്നത് വെറും പോസ്റ്ററൊട്ടിക്കാനും സെമിനാർ നടത്താനുമുള്ള വിഷയമായി മാത്രം കാണുന്ന ഭരണകൂടത്തിന് ഈ പോളിസി ഷിഫ്റ്റ് സാധ്യമല്ല. ധനവകുപ്പിന്റെ പർച്ചേസ് മാന്വൽ തിരുത്താതെ, ഡി.ഒ.ഇ.സി.സി. ഇറക്കുന്ന എത്ര ലക്ഷ്യപ്രഖ്യാപനങ്ങൾ വന്നാലും കേരളം കാർബൺ ന്യൂട്രൽ ആകാൻ പോകുന്നില്ല. ഇന്നത്തെ വിലക്കുറവിന് വേണ്ടി നാളെയുടെ കാർബൺ ബഡ്ജറ്റ് വിറ്റുതുലയ്ക്കുന്ന ഈ L1 വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം, 'കാർബൺ ന്യൂട്രൽ കേരളം' എന്നത് സർക്കാരിന്റെ അറിവില്ലായ്മയെ മറച്ചുപിടിക്കാനുള്ള വെറുമൊരു ഗ്രീൻവാഷിംഗ് തട്ടിപ്പ് മാത്രമാണ്.

Comments