കണ്ടാലുടൻ വെടി; മൃഗഹിംസയ്ക്കായി
ഇടതുസർക്കാറിന്റെ
കൊളോണിയൽ മോഡൽ

‘‘മൃഗാവകാശനിരാസത്തിലൂടെ മനുഷ്യ കർത്തൃകേന്ദ്രിതമായി മാത്രം മനുഷ്യ- വന്യജീവി സംഘർഷത്തെ മനസിലാക്കുന്നത് അപക്വസമീപനമാണെന്നേ പറയാനാവൂ’’- അപകടകാരികളായ മൃഗങ്ങളെ ജനവാസമേഖലയിൽ കണ്ടാലുടൻ വെടിവെച്ചുകൊല്ലാൻ അനുമതി നൽകുന്ന നിയമ ഭേദഗതിയെക്കുറിച്ച് എം. ശ്രീനാഥൻ.

ന്യജീവി സംരക്ഷണനിയമം- 1972 ഭേദഗതിയുമായി കേരള സർക്കാർ മുന്നോട്ടുവന്നിരിക്കുകയാണല്ലോ. അപകടകാരികളായ മൃഗങ്ങളെ ജനവാസമേഖലയിൽ കണ്ടാലുടൻ വെടിവെച്ചുകൊല്ലാൻ അനുമതി നൽകാമെന്ന ഭേദഗതി ഉടൻ നടപ്പിലാകില്ലെങ്കിലും സർക്കാർ നിയമിക്കുന്ന വിദഗ്ധ സമിതിയുടെ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഷെഡ്യൂൾ രണ്ടിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും വന്യജീവി മനുഷ്യജീവനോ സ്വത്തിനോ ഭീഷണിയാണെന്ന് സർക്കാരിന് ബോധ്യപ്പെടുന്നെങ്കിൽ ആറുമാസം വരെ ആ മൃഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാമെന്ന ഉപവകുപ്പ് നടപ്പിൽവന്നേക്കാം.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം കൺകറൻറ് ലിസ്റ്റിൽ പ്പെടുന്ന വന്യജീവി സംരക്ഷണത്തിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരേപോലെ നിയമനിർമാണം നടത്താമെന്നിരിക്കെ ഇത്തരമൊരു ഭേദഗതിക്ക് സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്, നിത്യേന ഉണ്ടാകുന്ന മനുഷ്യ- വന്യജീവി സംഘർഷമാണെന്നുറപ്പാണ്. പ്രത്യക്ഷത്തിൽ മനുഷ്യ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് ഈ ഭേദഗതിയിൽ നിന്ന് തെളിയുന്നു. മനുഷ്യർ മനുഷ്യർക്കുവേണ്ടി സൃഷ്ടിക്കുന്ന ഇത്തരം നിയമങ്ങളുടെ സന്ദർഭത്തിൽ എത്രത്തോളം മൃഗാവകാശപ്രശ്നങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നത് ആലോചനാവിഷയമാണ്.

വന്യമൃഗങ്ങൾ ശത്രുക്കളാണെന്ന നിലപാട് പരിശോധിക്കേണ്ടതല്ലേ? അതോ പ്രകൃതിയിൽ മനുഷ്യർക്ക് മുമ്പേ അവകാശം സ്ഥാപിച്ച എല്ലാ ജീവിവർഗത്തെയും മനുഷ്യസുരക്ഷയ്ക്കായി വംശോന്മൂലനം നടത്തണമെന്ന ആശയം ന്യായീകരിക്കാനാവുമോ? സഹജീവനം മനുഷ്യരുടെ അതിജീവനത്തിനു വെല്ലുവിളിയാണോ എന്നത് സൈദ്ധാന്തികമായ ചർച്ചയർഹിക്കുന്നുണ്ടോ? അതിർത്തി നിർണയത്തിന്റെയും അതിർത്തിലംഘനത്തിന്റെയും അധിനിവേശത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ച് കേരള വന -റവന്യു അതിർത്തി സന്ദർഭം തുറന്നിടുന്ന ചർച്ചാവിഷയങ്ങൾ എന്തൊക്കെയാണ്? വിപുലമായ മനുഷ്യ- മൃഗബന്ധത്തെ കുറിച്ച് പരിശോധിക്കപ്പെടേണ്ട വിഷയങ്ങളാണിവയെങ്കിലും മൃഗങ്ങൾ മനുഷ്യശത്രുക്കളാണെന്ന വ്യവഹാരബലം ചർച്ചകളുടെ കൂമ്പടയ്ക്കുന്നു. മനുഷ്യകേന്ദ്രിതമായ അധികാരത്താൽ മൃഗാവകാശധ്വംസനം മനുഷ്യരുടെ അതിജീവനത്തിന് നിർബന്ധമാണെന്ന് സ്ഥാപിച്ചുറപ്പിക്കുകയാണോ ഈ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നത്.

മനുഷ്യർ മനുഷ്യർക്കുവേണ്ടി സൃഷ്ടിക്കുന്ന ഇത്തരം നിയമങ്ങളുടെ സന്ദർഭത്തിൽ എത്രത്തോളം മൃഗാവകാശപ്രശ്നങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നത് ആലോചനാവിഷയമാണ്.
മനുഷ്യർ മനുഷ്യർക്കുവേണ്ടി സൃഷ്ടിക്കുന്ന ഇത്തരം നിയമങ്ങളുടെ സന്ദർഭത്തിൽ എത്രത്തോളം മൃഗാവകാശപ്രശ്നങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നത് ആലോചനാവിഷയമാണ്.

മനുഷ്യരാൽ നിർവചിക്കപ്പെടുന്ന മൃഗങ്ങൾ

പ്രാഥമികമായി കേരള സമൂഹം ജീവികളെ കാണുന്നതെങ്ങനെയാണെന്ന് അന്വേഷിച്ചുകൊണ്ടു തുടങ്ങാം. ‘മൃഗം’ അഥവാ ‘ജന്തു’ എന്നതിനെ കേരളം എങ്ങനെ നിർവചിച്ചിരിക്കുന്നുവെന്നു നോക്കാം. ഒരു മൃഗത്തെ മൃഗമാക്കുന്നത് എന്താണ്? കശേരുക്കൾ മാത്രമാണോ മൃഗങ്ങൾ അതോ ഈ പദത്തിൽ പ്രാണികളും പുഴുക്കളും ഉൾപ്പെടുന്നുണ്ടോ? ഭൂമിയിലെ 95 ശതമാനം മൃഗങ്ങളും അകശേരുക്കളാണ്, അതിനാൽ മൃഗങ്ങളുടെ ലോകത്തിൽനിന്ന് അവയെ ഒഴിവാക്കാനാവില്ലെങ്കിലും പൊതുവിൽ കശേരുക്കളായ ജന്തുഗണത്തിലൂന്നിക്കൊണ്ടാണ് മൃഗങ്ങളെ മനസിലാക്കുന്നത്. ‘മനുഷ്യൻ’ എന്നത് പൊതുവെ മൃഗമല്ലാത്ത ഒന്നായി നിർവചിക്കപ്പെടുന്നു. ജൈവശാസ്ത്രപരമായി മനുഷ്യർ മൃഗങ്ങളാണെങ്കിലും “മൃഗം,” “മനുഷ്യേതര മൃഗം,” “മറ്റ് മൃഗം,” അല്ലെങ്കിൽ “മനുഷ്യനല്ലാത്തത്” എന്നീ പദങ്ങളെല്ലാം മനുഷ്യരെ വേറിട്ടു നിർത്താനായി ഉപയോഗിക്കുന്നുണ്ട്. അതായത് “മൃഗ”ത്തെ എങ്ങനെ നിർവചിക്കുന്നുവെന്നത് വെറും അർത്ഥശാസ്ത്രത്തിനപ്പുറം നിൽക്കുന്ന പ്രശ്നമാണ്.

മൃഗങ്ങളെ മനുഷ്യർ ഭാഷാപരമായ വിഭാഗങ്ങളിലൂടെയാണ് നിർവചിക്കുന്നതെന്നു പറയാം. വന്യമൃഗങ്ങൾ, വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ജോലിസഹായികൾ പരീക്ഷണമൃഗങ്ങൾ എന്നിങ്ങനെ മനുഷ്യർ ഉപയോഗവുമായി ബന്ധപ്പെട്ടോ വാസസസ്ഥലവുമായി ബന്ധപ്പെട്ടോ ഉപഭോഗവുമായി ബന്ധപ്പെട്ടൊക്കെയാണ് അവയെ മനസിലാക്കുന്നത്. ‘നമ്മൾ’, ‘അവ’ എന്നിവ തമ്മിലുള്ള കൃത്രിമഅതിർത്തി തീർച്ചയായും മനുഷ്യർക്ക് സ്വന്തം ഉപയോഗത്തിനായി മറ്റ് മൃഗങ്ങളെ ഉപയോഗിക്കുന്ന അധികാരത്തിന്റെ ഭാഗമാണ്. വിവിധ ജീവിവർഗങ്ങൾക്കിടയിൽ ഒരു തുടർച്ച അനുവദിക്കുകയാണെങ്കിൽ, ചില മൃഗങ്ങളെ മാംസത്തിനും മറ്റു ചിലത് ജോലിക്കും മറ്റു ചിലത് കുടുംബാംഗങ്ങളായും ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ല. മനുഷ്യർ ജൈവശാസ്ത്രപരവും സാംസ്കാരികവുമായ ജീവികളാണെങ്കിലും, മൃഗങ്ങൾ സംസ്കാരമില്ലാത്ത ജീവികളാണെന്ന് കരുതുന്നതുകൊണ്ട് അവയെ നാം വേറിട്ടുകാണുന്നു

മൃഗങ്ങളെ മറ്റൊന്നായി തിരിച്ചറിയുന്നതിന്റെ ഫലം, അവ ധാർമ്മിക പ്രപഞ്ചത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നു എന്നതാണ്. അങ്ങനെ നാം നിശ്ചയിക്കുന്ന അതിർത്തികൾ ഫലപ്രദമായി 'ധാർമ്മിക അകലം' സൃഷ്ടിക്കുന്നു. അങ്ങനെ അതിരുകൾ 'അവരെ' അകറ്റിനിർത്തുന്നു. അതിരുകൾ വരയ്ക്കുന്നത്, നമ്മൾ മനുഷ്യനാണെന്നതിന്റെ ഒരു നിർണായക പ്രഖ്യാപനമാണ്. ചരിത്രത്തിലുടനീളം ഒരേ അതിർത്തി ഇല്ലെന്നതും അതിരുകൾ മങ്ങുന്നുവെന്നതും സവിശേഷമായി മനസിലാക്കണം. കേരളസന്ദർഭത്തിൽ സങ്കീർണമായി മാറിയിരിക്കുന്ന മനുഷ്യ- വന്യജീവി സംഘർഷ ഭൂമിക അതിരുകളെക്കുറിച്ചുള്ള ചരിത്രപരമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

മനുഷ്യരാൽ നിർമിക്കപ്പെടുന്ന മൃഗങ്ങൾ

മൃഗങ്ങൾ എങ്ങനെ സാമൂഹികമായി നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് കേരളത്തിലെ മനുഷ്യ- മൃഗ സംഘർഷം മനസ്സിലാക്കുന്നതിൽ പ്രധാനമാണ്. മൃഗങ്ങൾ പ്രകൃതിയിൽ നിലനിൽക്കുന്നുണ്ടെങ്കിലും, സാമൂഹിക ലോകങ്ങളിൽ അവ ഉൾപ്പെടുത്തിക്കഴിയുന്നതോടെ അവയ്ക്ക് മനുഷ്യർ സാമുഹ്യാർഥം നൽകുന്നു. അവയുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി മൃഗങ്ങളെ എങ്ങനെ കാണുന്നു എന്നതു മാത്രമല്ല, അവയെ എങ്ങനെ ഉപയോഗിക്കുന്നു, എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും രൂപപ്പെടുത്തുന്നത് ഈ സാമൂഹ്യാർത്ഥത്തിന്റെ അടിസ്ഥാനത്തിലാണ്. വന്യമൃഗം, ലാബ് മൃഗം, വളർത്തുമൃഗം, മാംസത്തിനുള്ളവ, വിനോദോപാധി എന്നിങ്ങനെ സാമൂഹികവിഭാഗങ്ങൾ രൂപപ്പെടുന്നു. സാമൂഹ്യവൽക്കരണത്തിലൂടെ മൃഗങ്ങൾ സംസ്കാരത്തിന്റെ ഭാഗമാകുന്നു. സംസ്കാരത്തിന് പുറത്തുള്ള ഒരു മൃഗം എന്താണ് എന്ന ആലോചന ഈ വർഗ്ഗീകരണങ്ങൾ നിഷ്പക്ഷമല്ലെന്നും അവ രാഷ്ട്രീയമായി ആരോപിക്കപ്പെടുന്നതാണെന്നും നമ്മെ ബോധ്യപ്പെടുത്തും. മൃഗങ്ങളെ ചുറ്റിപ്പറ്റി നമ്മൾ നിർമ്മിച്ച സാമൂഹിക വിഭാഗങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ, ആ മൃഗങ്ങളുമായുള്ള നമ്മുടെ ബന്ധം മനസ്സിലാക്കുന്നതിന് അതുപകരിക്കും. നാം മൃഗങ്ങളെ എങ്ങനെ തരംതിരിക്കുന്നു എന്നത് നാം അവയെ എങ്ങനെ കാണുന്നു എന്നതിനെ രൂപപ്പെടുത്തുന്നു. മനുഷ്യസമൂഹത്തിലെ ഒരു മൃഗത്തിന് ജീവശാസ്ത്രവുമായി വലിയ ബന്ധമൊന്നുമില്ലെന്നു നമുക്കറിയാം. മൃഗങ്ങളുടെ ഭൗതിക വ്യക്തിത്വവും അവയുടെ പ്രതീകാത്മക തിരിച്ചറിയലും സാമൂഹിക അർത്ഥവും വേറിട്ടുനിൽക്കുന്നുവെന്നത് വാസ്തവമാണ്. സാമൂഹികനിർമിതിക്കു വിധേയമാകുന്ന വസ്തു യഥാർത്ഥമല്ലെന്നോ ഭൗതികമായി നിലനിൽക്കുന്നില്ല എന്നോ അർത്ഥമാക്കുന്നില്ല. സാമൂഹിക നിർമ്മാണം എന്നത് കൂട്ടായ നിർവചന പ്രക്രിയയാണ്. ആളുകൾ വസ്തുക്കളുടെയും സംഭവങ്ങളുടെയും ബന്ധങ്ങളുടെയും മൃഗങ്ങളുടെയും മറ്റ് ആളുകളുടെയും പോലും അർത്ഥങ്ങൾ പരസ്പര ഇടപെടലിലൂടെയും വ്യാഖ്യാനത്തിലൂടെയും ഉത്പാദിപ്പിക്കുകയും നിലനിർത്തുകയും മാറ്റുകയും ചെയ്യുന്നു. അർത്ഥങ്ങൾ വസ്തുക്കളുടെ വസ്തുനിഷ്ഠമായ സ്വഭാവത്തെ പ്രതിനിധീകരിക്കുന്നില്ല.

മൃഗങ്ങൾ എങ്ങനെ സാമൂഹികമായി നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് കേരളത്തിലെ മനുഷ്യ- മൃഗ സംഘർഷം മനസ്സിലാക്കുന്നതിൽ പ്രധാനമാണ്. മൃഗങ്ങൾ പ്രകൃതിയിൽ നിലനിൽക്കുന്നുണ്ടെങ്കിലും,  സാമൂഹിക ലോകങ്ങളിൽ അവ ഉൾപ്പെടുത്തിക്കഴിയുന്നതോടെ അവയ്ക്ക് മനുഷ്യർ സാമുഹ്യാർഥം നൽകുന്നു.
മൃഗങ്ങൾ എങ്ങനെ സാമൂഹികമായി നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് കേരളത്തിലെ മനുഷ്യ- മൃഗ സംഘർഷം മനസ്സിലാക്കുന്നതിൽ പ്രധാനമാണ്. മൃഗങ്ങൾ പ്രകൃതിയിൽ നിലനിൽക്കുന്നുണ്ടെങ്കിലും, സാമൂഹിക ലോകങ്ങളിൽ അവ ഉൾപ്പെടുത്തിക്കഴിയുന്നതോടെ അവയ്ക്ക് മനുഷ്യർ സാമുഹ്യാർഥം നൽകുന്നു.

മൃഗങ്ങളുടെ അർത്ഥം സാമൂഹികമായി നിർമ്മിക്കപ്പെട്ടതാണ്. മൃഗങ്ങൾക്ക് ഒരു ഭൗതിക യാഥാർത്ഥ്യമുണ്ടെന്ന് ഇത് നിഷേധിക്കുന്നില്ല. പകരം, അവയുമായുള്ള നമ്മുടെ ഇടപെടലുകളുടെ രീതികളാണ് അവ നമുക്ക് എന്താണ് അർത്ഥമാക്കുന്നതെന്ന് വെളിവാക്കുന്നത്. നമ്മൾ ‘പശു’ എന്ന് വിളിക്കുന്ന മൃഗത്തിന്റെ അർത്ഥം ആളുകൾ അതിനെ പാലിനും മാംസത്തിനും ഉപയോഗിക്കുന്നുണ്ടോ അതോ മാന്യതയുടെയും സൗമ്യതയുടെയും പവിത്രമായ പ്രതീകമായി ഉപയോഗിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സാമൂഹിക നിർമ്മാണ പ്രക്രിയ അർത്ഥം മാത്രമല്ല, സാമൂഹിക, സാംസ്കാരിക, ധാർമ്മിക മൂല്യവും നിർമിക്കുന്നു. സാമൂഹിക നിർമ്മാണം ഒരു മനുഷ്യ പ്രവർത്തനമായതിനാൽ, മറ്റ് ജീവിവർഗങ്ങളുമായി നാം ബന്ധിപ്പിക്കുന്ന അർത്ഥം അവയെ ‘നല്ലത്’ അല്ലെങ്കിൽ ‘മോശം’, ‘ഉപയോഗപ്രദം’ അല്ലെങ്കിൽ ‘ശല്യപ്പെടുത്തുന്നത്’ എന്നിങ്ങനെ ക്രമീകരിക്കുന്നു.

ചുരുക്കത്തിൽ, ആളുകൾ മൃഗങ്ങളെ വ്യത്യസ്തമായി നിർമ്മിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. മാംസമൃഗങ്ങളോ, വളർത്തുമൃഗങ്ങളോ വന്യജീവികളോ എന്ന നിലയിലുള്ള അവയുടെ സാമൂഹിക നിർമ്മിതി അവയുടെ ജീവിതത്തിൽ വ്യത്യസ്തമായ ധാർമ്മിക മൂല്യം സ്ഥാപിക്കുന്നു. ചിലർ നമ്മുടെ വീടുകൾ പങ്കിടുകയും മറ്റുചിലത് നമ്മുടെ ഭക്ഷ്യവസ്തുവായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിനാൽ ഇത് വ്യത്യസ്തമായ മനോഭാവത്തിലേക്ക് നയിക്കുന്നു. മൃഗങ്ങളുടെ അവസ്ഥ സ്വാഭാവികമോ അനിവാര്യമോ അല്ല. മറ്റ് ജീവികളുടെ മേൽ മനുഷ്യരായ നാം ചെലുത്തുന്ന ഇടപെടലിന്റെ ഫലമാണിത്. സാധാരണയായി മൃഗങ്ങൾ നമുക്ക് എന്താണ് എന്നാലോചിച്ചാൽ അവ ഒരുപാട് കാര്യങ്ങൾ അർത്ഥമാക്കുന്നുവെന്നു പറയാം. മൃഗങ്ങളുടെ സ്ഥലപരമായ വിതരണം, മൃഗങ്ങൾ മനുഷ്യ സമൂഹങ്ങളിൽ എങ്ങനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സഹായിക്കും. ഉദാഹരണമായി ഗാർഹിക ഇടവുമായി ബന്ധപ്പെടുത്തി നോക്കിയാൽ കിട്ടുന്ന സാമുഹ്യാർത്ഥമല്ല മറ്റു സന്ദർഭങ്ങളിൽ തെളിയുന്നത്. ഗാർഹിക ഇടത്തിൽ ഒരു സാംസ്കാരിക ആചാരമെന്ന നിലയിൽ വളർത്തുമൃഗങ്ങളെ വളർത്തുന്നു. ഈ ബന്ധങ്ങളിൽ എന്താണ് പ്രകടമാകുന്നത്, അത് മനുഷ്യ സമൂഹങ്ങളെയും സംസ്കാരങ്ങളെയും കുറിച്ച് എന്താണ് പറയുന്നത്? ഒരു വളർത്തുമൃഗത്തെ വളർത്തുമൃഗമാക്കുന്നത് എന്താണ് എന്നും എന്തിനാണ് വളർത്തുന്നതെന്നും അന്വേഷിക്കുമ്പോൾ സഹജീവികളുടെ സാന്നിധ്യം പ്രത്യേകിച്ച് ബന്ധങ്ങളെ രൂപപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കാം. മൃഗങ്ങൾ പലപ്പോഴും പകരക്കാരായി പ്രവർത്തിക്കുന്നു. കുട്ടികളെ സാമൂഹികവൽക്കരിക്കാനും അവരെ സഹാനുഭൂതി പഠിപ്പിക്കാനും, മൃഗങ്ങളെ മുതിർന്നവർക്കും പ്രായമായവർക്കും പകരക്കാരായി നാം കാണുന്നു. കൂടാതെ അവർ പ്രായമായവർക്കും കാഴ്ചപരിമിതർക്കും കൂട്ടാളികളാണ്. മൃഗങ്ങൾക്ക് മനുഷ്യ ഗുണങ്ങൾ ആരോപിക്കുന്നത് വളർത്തുമൃഗങ്ങളുമായുള്ള മനുഷ്യ ബന്ധങ്ങളിൽ ഏറ്റവും സങ്കീർണ്ണമായ രൂപത്തിൽ പ്രകടമാകുന്നു. വളർത്തുമൃഗങ്ങൾക്ക് പേര് നൽകാറുണ്ട്. ഒരു മൃഗത്തിന് പേരിടുന്നത് ആ ജീവിയെ നമ്മുടെ സാമൂഹിക ലോകത്തിൽ ഉൾപ്പെടുത്തുന്നതിന്റെയും വൈകാരിക അടുപ്പത്തിന്റെയും അടയാളമാണ്. വളർത്തുമൃഗങ്ങളിൽ നിന്ന് സ്ഥലപരമായി വേർപെട്ടവയാണ് വന്യ മൃഗങ്ങൾ, മാംസ മൃഗങ്ങൾ, രോമ മൃഗങ്ങൾ, എന്നിവ. ഈ മൃഗങ്ങൾ ഒരിക്കലും ഒരു വീട്ടിൽ താമസിക്കുന്നില്ല. അവയ്ക്ക് ഒരിക്കലും ഒരു പേരും ലഭിക്കുന്നില്ല. അവ വസ്തുക്കളാണ്. അവയ്ക്ക് ചരിത്രമോ ജീവചരിത്രമോ ഉദ്ദേശ്യങ്ങളോ വികാരങ്ങളോ ഉള്ളതായി നാം കണക്കാക്കുന്നില്ല.

ഒരു വളർത്തുമൃഗത്തെ വളർത്തുമൃഗമാക്കുന്നത് എന്താണ് എന്നും എന്തിനാണ് വളർത്തുന്നതെന്നും  അന്വേഷിക്കുമ്പോൾ സഹജീവികളുടെ സാന്നിധ്യം പ്രത്യേകിച്ച് ബന്ധങ്ങളെ രൂപപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കാം.
ഒരു വളർത്തുമൃഗത്തെ വളർത്തുമൃഗമാക്കുന്നത് എന്താണ് എന്നും എന്തിനാണ് വളർത്തുന്നതെന്നും അന്വേഷിക്കുമ്പോൾ സഹജീവികളുടെ സാന്നിധ്യം പ്രത്യേകിച്ച് ബന്ധങ്ങളെ രൂപപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കാം.

അതിരുകളുടെ പ്രാധാന്യം

മനുഷ്യസ്വത്വ നിർമ്മാണത്തിൽ മൃഗങ്ങളെ ആത്യന്തികമായി ‘മറ്റുള്ളവ’ ആയി പ്രതിഷ്ഠിക്കുന്നു. ‘മറ്റുള്ളതി’ന്റെ ധാർമ്മിക പരിഗണനയല്ല, മറിച്ച് 'നമ്മളെ'ക്കുറിച്ചുള്ള ധാർമ്മിക പരിഗണനയാണ് നാം മുന്നോട്ടു വെയ്ക്കുന്നത്. മനുഷ്യസമൂഹത്തിലെ അംഗമല്ല എന്ന യുക്തിയിലാണ് മനുഷ്യ-മൃഗ അതിർത്തി നിർണയിച്ചുകൊണ്ട് വന്യമൃഗങ്ങളെ നാം നേരിടുന്നത്. മൃഗങ്ങളെ മറ്റൊന്നായി തിരിച്ചറിയുന്നതിന്റെ ഫലം, അവ ധാർമ്മിക പ്രപഞ്ചത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നു എന്നതാണ്. അതിർത്തികൾ ഫലപ്രദമായി 'ധാർമ്മിക അകലം' സൃഷ്ടിക്കുന്നു; അങ്ങനെ അതിരുകൾ 'അവരെ' അകറ്റി നിർത്തുന്നു, ദൂരത്തെയും വ്യത്യാസത്തെയും ഊന്നിപ്പറയാൻ സഹായിക്കുന്നു.. ഈ തരംതിരിവ് അപരസ്വത്വങ്ങളോട് പറഞ്ഞറിയിക്കാനാവാത്ത ക്രൂരതയ്ക്കും അവരുടെ അവകാശങ്ങളോടുള്ള തികഞ്ഞ അവഗണനയ്ക്കും കാരണമാകും. ഈ ഒഴിവാക്കൽ പലപ്പോഴും മറ്റൊന്നിനെ മനുഷ്യരേക്കാൾ കുറവോ മനുഷ്യരല്ലാത്തതോ ആയി നിർമ്മിക്കുന്നതിലൂടെയാണ് നേടിയെടുക്കുന്നത്.

മനുഷ്യ സംസ്കാരവും മനുഷ്യേതര പ്രകൃതിയും തമ്മിലുള്ള ബന്ധം പരിശോധിച്ചാൽ, ഗോത്രസമൂഹങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മൃഗങ്ങളുമായി പതിവായി സമ്പർക്കം പുലർത്തിയിരുന്നുവെന്നു വ്യക്തമാകും. വേട്ടയിൽനിന്നും ഉപജീവനം കാർഷിക സംസ്കൃതിയിലേക്കു വളർന്നപ്പോൾ മെരുക്കലിന്റെയും വളർത്തലിന്റെയും പാരമ്പര്യവും ഉദയംകൊണ്ടു. അക്കാലത്തൊക്കെ വന്യതയെ നിഷേധിക്കാത്ത സഹജീവനം സാധ്യമായിരുന്നു. ആധുനികത പ്രകൃതിയെയും സംസ്കാരത്തെയും കർശനമായി വേർതിരിച്ചു. ഉപകാരികളും ഉപദ്രവകാരികളും എന്ന സംവർഗം പ്രബലമായി. അതോടെ സഹജീവനം മാറി നിയന്ത്രണത്തിന്റെയും കീഴ്പ്പെടുത്തലിന്റെയും അതിരുകൾ ശക്തമായി. മനുഷ്യരെയും മൃഗങ്ങളെയും പ്രതീകാത്മകമായി വേർതിരിക്കുന്ന അതിരുകൾ ദൃഢമാകുന്നതിന് ഇത് കാരണമായി. മനുഷ്യരുടെ പുരോഗതിയെ സഹായിക്കുന്നതിന് മൃഗങ്ങളെ നിയമാനുസൃതമായ ഒരു വിഭവമായി കാണുന്ന മനുഷ്യരാശിയെക്കുറിച്ചുള്ള വീക്ഷണത്തെ ആധുനികത ആശ്രയിച്ചിരുന്നു. പരിസ്ഥിതിയെ നശിപ്പിക്കാനുള്ള മനുഷ്യരുടെ കഴിവ് കൂടുതൽ വ്യക്തമായതോടെ മൃഗങ്ങളുടെയും മനുഷ്യരുടെയും താൽപ്പര്യങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന വീക്ഷണവും മാറി.

മനുഷ്യരുടെ ഇടപെടലുകളിൽ നിന്ന് മൃഗങ്ങൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന ഒരു വന്യപ്രദേശം ഉറപ്പുവരുത്താൻ വനനിയമം ഉണ്ടായിരുന്നുവെന്ന് പൊതുവെ അനുമാനിക്കപ്പെട്ടിരുന്നു. എല്ലാം മനുഷ്യരുടെ നിയന്ത്രണത്തിന് വിധേയമായതിനാൽ ഒരു കാടും പ്രകൃതിയും സ്വതന്ത്രമായി ഇല്ല. ഈ മാറ്റം മനുഷ്യരും മൃഗവും തമ്മിലുള്ള അതിർത്തി ദുർബലപ്പെടുത്തി. സമൂഹത്തിനും പ്രകൃതിക്കും ഇടയിലുള്ള ദീർഘകാല വിഭജന രേഖയ്ക്ക് ക്രമേണ മങ്ങലേറ്റു. വന്യജീവികളുടെ ജനസംഖ്യാ വർധനവാണ് പ്രശ്നത്തിന്റെ കാതൽ എന്ന് ചിലർ വാദിക്കാറുണ്ടെങ്കിലും തിരിച്ച് മനുഷ്യരുടെ ജനസംഖ്യാവർധനവിനെ സംഘർഷ കാരണങ്ങളിൽ ഉൾപ്പെടുത്തി കാണാറുമില്ല. മൃഗവിരുദ്ധ ഏകപക്ഷീയത ചർച്ചകളിലെല്ലാം തെളിഞ്ഞുകാണാം. മൃഗങ്ങളുടെ അവകാശങ്ങങ്ങൾക്കായി വാദിക്കുന്ന മൃഗക്ഷേമ പ്രസ്ഥാനങ്ങൾ സൃഷ്ടിച്ച സംവാദ പരിസ്ഥിതി കാരണം സമീപ ദശകങ്ങളിൽ, മൃഗങ്ങളുടെ അവകാശങ്ങളുടെ പ്രശ്നം വിശാലമായ പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംബന്ധിച്ചുള്ള സംവാദങ്ങൾ പുതിയ സമീപനരേഖ ആവശ്യപ്പെടുന്നുണ്ട്.

മൃഗങ്ങളുടെയും മനുഷ്യരുടെയും സ്വത്വങ്ങൾ പരസ്പര ബന്ധത്തിലൂടെയാണ് നിർമ്മിക്കപ്പെടുന്നത്. മനുഷ്യരും അവരുടെ സഹജീവികളും സഹകരിച്ച് ഒരു "ഇന്റർസ്പീഷീസ് സംസ്കാരം" എങ്ങനെ സൃഷ്ടിക്കപ്പെട്ടിരുന്നുവെന്നതിന് ഗോത്രസമൂഹങ്ങൾ സാക്ഷിയാണ്. പിൽക്കാലത്ത് ഇതിന് അപചയം വരാനുള്ള കാരണങ്ങൾ എന്താണെന്നു അന്വേഷിക്കേണ്ടതുണ്ട്. ഗോത്രവാസിയുടെ കാട്ടറിവിൽ സഹജീവികളെല്ലാം പ്രകൃതിയുടെ ഭാഗമാണ്. അവരുടെ ബോധത്തിലും സംസ്കാരത്തിലും നിന്ന് ജീവിവർഗങ്ങളുടെ നിലനിൽപ്പോ അനുഭവമോ അവഗണിക്കപ്പെടുന്നില്ല. എന്നാൽ നമ്മുടെ ബോധത്തിൽ അപരപക്ഷം അദൃശ്യമായി തുടരുന്നു. അവയെ ശത്രുക്കളായി ക്ഷുദ്രജീവികളായി തിരിച്ചറിയുന്നു.

അതിനാൽ സമൂഹങ്ങൾ ജന്തുലോകത്തെ അദൃശ്യമാക്കി മനുഷ്യകേന്ദ്രിതമായ നയങ്ങൾക്ക് രൂപം നൽകുന്നു. മൃഗാവകാശങ്ങൾ പൂർണമായി നിരാകരിച്ചുകൊണ്ടുള്ള സമീപനരേഖ തയ്യാറാക്കുന്നു. മനുഷ്യർക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് മുൻഗണന നൽകി മൃഗഉന്മൂലനം വിഭാവനം ചെയ്യുന്നു. ലോകത്തിൽ നമ്മൾ ഒറ്റയ്ക്കല്ലെന്നും, മറ്റ് ജന്തുജാലങ്ങൾ നിലവിലുണ്ടെന്നും, അവർക്കും നമ്മെപ്പോലെ സമാനമായ പാരിസ്ഥിതിക അനുഭവങ്ങൾ ഉണ്ടെന്നും, അവ നമ്മുടെ സാംസ്കാരികലോകത്തിന്റെ ഭാഗമാണെന്നും ഉള്ള തിരിച്ചറിവ് വന്യജീവി നയരൂപീകരണത്തിൽ പരിഗണിക്കപ്പെടേണ്ടതാണ്. ഒരു വിവാദത്തിൽ എല്ലാ വശങ്ങളെയും തുല്യമായി പരിഗണിക്കണമെന്നും മനുഷ്യരായാലും മൃഗങ്ങളായാലും പ്രകൃതിദത്തവും സാമൂഹികവുമായ സഹജീവനത്തെ വിവരിക്കാൻ ഒരേ ഭാഷ ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്നു. മൃഗങ്ങൾ മനുഷ്യ പ്രവർത്തനത്തിന്റെ സ്വീകർത്താക്കളല്ലെന്നും മനുഷ്യ-മൃഗ അതിർത്തിയുടെ സാമൂഹിക അർത്ഥം സാമൂഹികമായും ചരിത്രപരമായും നിർമ്മിച്ചതാണെന്നും അംഗീകരിക്കേണ്ടതുണ്ട്. മനുഷ്യ- മൃഗ അതിർത്തി മൂല്യരഹിതവും സ്ഥിരതയുള്ളതും അല്ല.

ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ മനുഷ്യർ മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് അവകാശപ്പെടാനാവില്ല. ജീവിവർഗത്തിന്റെ നിർവചനത്തിൽ സമവായമില്ല. ഭാഷയോ ഉപകരണ ഉപയോഗമോ മനുഷ്യരെയും മൃഗങ്ങളെയും തമ്മിൽ വേർതിരിച്ചറിയാൻ സഹായിക്കുമെന്ന അനുമാനത്തെ സമീപകാല മൃഗ പെരുമാറ്റ പഠനങ്ങളും വെല്ലുവിളിച്ചിട്ടുണ്ട്. മൃഗങ്ങളെ മനുഷ്യരുമായി ജൈവശാസ്ത്രപരമായി സാമ്യമുള്ളതായി കാണുന്നു. മനുഷ്യരെ പോലെ മൃഗം പ്രകൃതിയിൽ നിന്ന് പൂർണ്ണമായും വേർപിരിഞ്ഞ ഒരു സാംസ്കാരിക മേഖലയിലേക്ക് നീങ്ങിയിട്ടില്ല എന്ന വ്യത്യാസമേയുള്ളൂ.

മനുഷ്യരുടെ ഇടപെടലുകളിൽ നിന്ന് മൃഗങ്ങൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന ഒരു വന്യപ്രദേശം ഉറപ്പുവരുത്താൻ വനനിയമം ഉണ്ടായിരുന്നുവെന്ന് പൊതുവെ അനുമാനിക്കപ്പെട്ടിരുന്നു. എല്ലാം മനുഷ്യരുടെ നിയന്ത്രണത്തിന് വിധേയമായതിനാൽ ഒരു കാടും പ്രകൃതിയും സ്വതന്ത്രമായി ഇല്ല.
മനുഷ്യരുടെ ഇടപെടലുകളിൽ നിന്ന് മൃഗങ്ങൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന ഒരു വന്യപ്രദേശം ഉറപ്പുവരുത്താൻ വനനിയമം ഉണ്ടായിരുന്നുവെന്ന് പൊതുവെ അനുമാനിക്കപ്പെട്ടിരുന്നു. എല്ലാം മനുഷ്യരുടെ നിയന്ത്രണത്തിന് വിധേയമായതിനാൽ ഒരു കാടും പ്രകൃതിയും സ്വതന്ത്രമായി ഇല്ല.

അതിർത്തി വരയ്ക്കൽ ആധുനിക മനുഷ്യ പ്രവർത്തനത്തിന്റെ ഒരു പ്രധാന ഭാഗമാണെങ്കിലും അത് മനുഷ്യ/മൃഗ ദ്വന്ദ്വത്തിന് അപ്പുറത്തേക്ക് പോകുന്നു, മറ്റൊന്നിനെ മൃഗമോ മനുഷ്യനേക്കാൾ കുറവോ ആയി നിശ്ചയിക്കുന്നത് പ്രത്യേകിച്ചും മനുഷ്യമേൽക്കോയ്മയുടെ പ്രധാനപ്പെട്ട ഒരു തന്ത്രമാണ്. പ്രതീകാത്മകമായ ഈ അപരത്വം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. അതിർത്തി വരയ്ക്കൽ ഒരു രാഷ്ട്രീയ അല്ലെങ്കിൽ തന്ത്രപരമായ പ്രവർത്തനമാണെന്നത് മാത്രമല്ല, അതിരുകളാൽ നിർവചിക്കപ്പെട്ട വിഭാഗങ്ങൾ സ്വയം സ്ഥിരതയുള്ളതോ രാഷ്ട്രീയമായി നിഷ്പക്ഷമോ അല്ല. പ്രകൃതിശാസ്ത്രപരമായും ജീവിക്കുന്ന മൃഗങ്ങൾ തമ്മിലുള്ള ബന്ധം കേവലം ഒരു ദ്വന്ദ്വാത്മകമായ ഒന്നല്ല. മനുഷ്യരും മൃഗവും തമ്മിലുള്ള സാമൂഹികവും സാംസ്കാരികവുമായ അതിർത്തി പ്രശ്നത്തെക്കുറിച്ച് സഹജീവന അഥവാ ബയോക്രസി തത്വങ്ങളെ മുൻനിറുത്തിവേണം സമീപനരേഖ നിർമിക്കാൻ. ഇതിനായി മനുഷ്യ- മൃഗബന്ധ പഠനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകളെന്തെന്നും ചരിത്രപരമായ അതിർത്തിയിൽ മങ്ങലേൽക്കാൻ കാരണങ്ങളെന്തെന്നും മനസിലാക്കേണ്ടതുണ്ട്. ഇതിനായി ശാസ്ത്രീയമായ അന്വേഷണങ്ങൾ ആവശ്യമാണ്. മൃഗാവകാശനിരാസത്തിലൂടെ മനുഷ്യ കർത്തൃകേന്ദ്രിതമായി മാത്രം മനുഷ്യ- വന്യജീവി സംഘർഷത്തെ മനസിലാക്കുന്നത് അപക്വസമീപനമാണെന്നേ പറയാനാവൂ.

കൊളോണിയൽ കാലത്ത് നായാട്ട് വിനോദമായി വേട്ടയാടൽ സമൂഹങ്ങളിൽ നായാട്ട് ഉപജീവനമാർഗമെന്ന നിലയിൽ സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായിരുന്നു. പിൽക്കാലത്ത് അത് വരേണ്യവർഗങ്ങൾക്കുള്ള ഒരു കായിക വിനോദമായി മാറി. അതായത് ആധുനികസമൂഹങ്ങളിൽ വേട്ടയാടൽ സമൃദ്ധിയുടെയും പദവിയുടെയും അടയാളമായി മാറി. കൊളോണിയൽ കാലത്തെ നായാട്ടുചരിത്രം ഇത് അടിവരയിട്ടു കാണിക്കുന്നു. ഇത്തരത്തിൽ കൊളോണിയൽ മൃഗഹിംസാ മാതൃകയാണോ സർക്കാർ ഭേദഗതിയിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


Summary: Kerala LDF government's proposed Wild Life (Protection) Act and it's problems, M Sreenathan writes an analysis.


എം. ശ്രീനാഥൻ

ഭാഷാ സംസ്‌കാര ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ.സമരകോശം, ചട്ടമ്പിസ്വാമികളുടെ ജ്ഞാനാനവോത്ഥാനം എന്നിവയാണ് സമീപകാല പഠനങ്ങൾ.

Comments