ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ട ന്യൂനപക്ഷ കമ്മീഷൻ ക്വാറി നടത്തിപ്പിനുള്ള അനുമതിയും ന്യൂനപക്ഷ അവകാശമാക്കി ഉത്തരവിറക്കി. ന്യൂനപക്ഷ വിഭാഗത്തിൽപെട്ടയാൾക്ക് ക്വാറി നടത്തിപ്പിന് പാരിസ്ഥിതിക സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനതല പാരിസ്ഥിതിക ആഘാത വിലയിരുത്തൽ സമിതിയ്ക്ക് (SEIAA) കഴിഞ്ഞ ജൂൺ 27നാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ഉത്തരവ് നൽകിയത്. ഒരുമാസത്തിനുള്ളിൽ ക്വാറി നടത്തിപ്പിനാവശ്യമായ സർട്ടിഫിക്കറ്റുകൾ ഹർജിക്കാരന് നൽകി ന്യൂനപക്ഷ കമ്മിഷന് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഉത്തരവ്. എന്നാൽ സംസ്ഥാന പാരിസ്ഥിതിക ആഘാത വിലയിരുത്തൽ സമിതി ഇതുവരെ തുടർനടപടി സ്വീകരിച്ചിട്ടില്ല. അധികാരത്തിന് പുറത്തുള്ള ഇടപെടലാണ് ന്യൂനപക്ഷ കമ്മിഷന്റെതെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ഉരുൾപൊട്ടലുൾപ്പെടെയുള്ള വലിയ ദുരന്തങ്ങളുണ്ടാവുമ്പോഴാണ് അനുമതി നിഷേധിച്ച ക്വാറിയ്ക്ക് പ്രവർത്താനാനുമതി നൽകണമെന്ന ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവ്.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വെള്ളാട് വില്ലേജിലെ ക്വാറി നടത്തിപ്പിനുള്ള അപേക്ഷ സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതിയ്ക്ക് 2020ലാണ് തളിപ്പറമ്പ് സ്വദേശി ജെ. മാത്യു സമർപ്പിച്ചത്. തുടർന്ന് SEIAAയ്ക്ക് കീഴിലുള്ള സ്റ്റേറ്റ് ലെവൽ എക്സ്പേർട്ട് അപ്റൈസൽ കമ്മിറ്റി (SEAC) സ്ഥല പരിശോധന ഉൾപ്പടെ നടത്തി. SEAC-യുടെ ശുപാർശ പ്രകാരം ക്വാറിയ്ക്ക് പ്രവർത്തനാനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷ നിരസിക്കുകയായിരുന്നു. SEAC കാര്യമായ പഠനം നടത്തിയില്ലെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നെന്നുമാണ് മാത്യുവിന്റെ പരാതി. 2023 ഡിസംബർ-14നാണ് ഇദ്ദേഹം ന്യൂനപക്ഷ കമ്മിഷനിൽ ഹർജി സമർപ്പിച്ചത്.
ക്വാറിയ്ക്ക് അനുമതി തേടിയ ഭൂമി മീഡിയം ഹസാർഡ് സോണിൽ ഉൾപ്പടുന്നതാണെന്നും സമാനമായി മീഡിയം ഹസാർഡ് സോണിൽ ഉൾപ്പടുന്ന മറ്റൊരു ക്വാറിയ്ക്ക് ഇതേ കാലഘട്ടത്തിൽ അനുമതി നൽകിയതും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഭരണഘടന വിഭാവനം ചെയ്യുന്ന മതന്യൂനപക്ഷ സംരക്ഷണവും തുല്യനീതിയും തുല്യ അവകാശവും കേരള സംസ്ഥാനത്തെ ന്യൂനപക്ഷ ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെടുന്ന അപേക്ഷകന് ലഭ്യമാക്കുന്നതിനായി ന്യൂനപക്ഷ കമ്മീഷൻ ഇടപെടണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. മീഡിയം ഹസാഡ് സോണിലും ഹൈ ഹസാഡ് സോണിലും ഉൾപ്പെടുന്ന മറ്റുള്ളവരുടെ ഭൂമിയിൽ പാറ ഖനനത്തിന് അനുവദിക്കുന്നതിന് ശുപാർശ നൽകിയെങ്കിലും തന്റെ അപേക്ഷ നിരസിക്കുകയാണുണ്ടായതെന്നും തുല്യനീതിയും അവകാശവും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
ഉരുൾപൊട്ടലുൾപ്പെടെയുള്ള വലിയ ദുരന്തങ്ങളുണ്ടാവുമ്പോഴാണ് അനുമതി നിഷേധിച്ച ക്വാറിയ്ക്ക് പ്രവർത്താനാനുമതി നൽകണമെന്ന ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവ്.
ഈ ഹർജി പരിഗണിച്ച ന്യൂനപക്ഷ കമ്മീഷൻ ക്വാറിക്ക് അനുമതി നൽകാനാകില്ലെന്ന് കാണിച്ച് സംസ്ഥാനതല പാരിസ്ഥിതിക ആഘാത വിലയിരുത്തൽ സമിതി നിരസിച്ച അപേക്ഷയിൽ ഒരു മാസത്തിനുള്ളിൽ പരിസ്ഥിതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിടുകയായിരുന്നു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടാതിരിക്കാൻ പ്രവർത്തിക്കേണ്ട കമ്മീഷന്റെ ഉത്തരവിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉയർന്നിട്ടുണ്ട്. ക്വാറി ആരംഭിക്കാനിരുന്ന പ്രദേശത്തുണ്ടായ മണ്ണിടിച്ചിലും സോയിൽ പൈപ്പിംഗുമെല്ലാം പരിശോധിച്ചാണ് അനുമതി നിഷേധിച്ചിരുന്നത്. ന്യൂനപക്ഷ കമ്മീഷനിൽ നൽകിയ ഹർജിയിൽ അനുമതി നൽകിയിട്ടുണ്ടെന്ന് പരാതിക്കാരൻ സൂചിപ്പിച്ച ക്വാറിയ്ക്ക് നൽകിയ ലൈസൻസ് സംബന്ധിച്ച് കേന്ദ്ര ഹരിത ട്രൈബ്യൂണലിൽ കേസുണ്ട്. ഇതൊന്നും കമ്മീഷന്റെ പരിശോധനയിൽ വന്നിട്ടില്ലെന്നാണ് ആക്ഷേപം.
പരിസ്ഥിതി സർട്ടിഫിക്കറ്റ് ലഭിക്കാൻ ആവശ്യമായ എല്ലാ രേഖകളും ഹർജിക്കാരൻ ഹാജരാക്കിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുമ്പോഴും ഇതെങ്ങനെയാണ് കമ്മീഷൻ വിലയിരുത്തിയതെന്ന് വ്യക്തമല്ല. സർക്കാർ സംവിധാനമായ SEIAA നിഷേധിച്ച അനുമതി നൽകാനായി ന്യൂനപക്ഷ കമ്മീഷൻ ചൂണ്ടിക്കാണിച്ചത് ഹർജിക്കാരൻ സ്വന്തം നിലയിൽ നടത്തിയ പഠനങ്ങളാണ്.
2018-ലാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ വെള്ളാട് വില്ലേജിലെ 1.6932 ഹെക്ടർ ഭൂമിയിൽ പാറഖനനത്തിനായി അനുമതി തേടി ഹർജിക്കാരൻ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് അപേക്ഷ നൽകിയത്. 27.09.2018-ൽ വകുപ്പ് ലെറ്റർ ഓഫ് ഇന്റന്റ് (LOI) നൽകി. തുടർന്ന് പാറഖനനത്തിന് SEIAA-യിൽ നിന്ന് അനുമതി ലഭിക്കുന്നതിനായി 2020-ൽ അപേക്ഷ നൽകി. ഈ അപേക്ഷയാണ് തള്ളിയത്.
പരാതിയിൽ പറയുന്ന വിഷയങ്ങളിൽ എതിർകക്ഷികൾ നൽകിയ റിപ്പോർട്ടുകളും രേഖകളും പരിശോധിച്ചതിൽ എൺവയോൺമെന്റൽ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് ആവശ്യപ്പെട്ട എല്ലാ രേഖകളും ഹർജിക്കാരൻ നൽകിയിട്ടുണ്ടെന്നാണ് ന്യൂനപക്ഷ കമ്മീഷന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്വാറി നടത്തിപ്പിനാവശ്യമായ എൺവയോൺമെന്റൽ സർട്ടിഫിക്കറ്റ്, ഈ ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം ഹർജിക്കാരനായ കക്ഷിക്ക് നൽകി കമ്മീഷന് റിപ്പോർട്ട് നൽകാൻ സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതിക്ക് നിർദ്ദേശം നൽകി ഉത്തരവിട്ടത്.