തൊഴിലാളികളുടെ
ചൂടുജീവിതം

‘‘ILO-യുടെ 2024-ലെ റിപ്പോർട്ട് പ്രകാരം, ലോകത്തെ തൊഴിൽശക്തിയുടെ 71 ശതമാനവും അമിതമായ ചൂടിന് വിധേയരാകുന്നുണ്ട്. ഇന്ത്യയിലാകട്ടെ, അസംഘടിത തൊഴിലാളികളാണ് കൊടുംചൂടിന്റെ നേരിട്ടുള്ള ഇരകൾ. സ്ത്രീതൊഴിലാളികൾ, വിവേചനപൂർണമായ ലിംഗാധിഷ്ഠിതമായ ആരോഗ്യപ്രശ്നങ്ങളും നേരിടുന്നു’’- ഷൈൻ കെ. എഴുതുന്നു.

ഷൈൻ. കെ

ഗോളതാപനില വ്യവസായവൽക്കരണത്തിന് മുൻപുള്ള ശരാശരിയേക്കാൾ 1.5°C എന്ന പരിധി എപ്പോഴേ മറികടന്നുകഴിഞ്ഞു എന്നാണ് പുതിയ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ആഗോള താപനിലയുടെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ടുള്ള ഈയൊരു കാലഘട്ടത്തിലൂടെ നാം കടന്നുപോകുന്നതുകൊണ്ടുതന്നെ, കാലാവസ്ഥാ വ്യതിയാനം എന്നത് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ മാത്രം ചർച്ചാവിഷയമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെയും വരുമാനത്തെയും ബാധിക്കുന്ന കടുത്ത സാമ്പത്തിക- ആരോഗ്യ പ്രതിസന്ധിയായതിനാലും പ്രത്യേകിച്ച്, ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യത്ത്, പുറംജോലികളിൽ ഏർപ്പെട്ടിരിക്കുന്ന അസംഘടിത തൊഴിലാളികളാണ് ഈ താപതരംഗങ്ങളുടെ നേരിട്ടുള്ള ഇരകൾ എന്നതുകൊണ്ടും ഈ പ്രതിസന്ധി ഏറ്റവും ഗൗരവത്തോടെ വിശകലനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) 2024-ലെ റിപ്പോർട്ട് പ്രകാരം, ലോകത്തെ തൊഴിൽ ശക്തിയുടെ 71 ശതമാനവും (ഏകദേശം 240 കോടി ആളുകൾ) അമിതമായ ചൂടിന് വിധേയരാകുന്നുണ്ട്. ഇത് വർഷം തോറും 19,000-ത്തോളം മരണങ്ങൾക്കും ലക്ഷക്കണക്കിന് തൊഴിലപകടങ്ങൾക്കും കാരണമാകുന്നു എന്നുകൂടി ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. കടുത്ത വേനൽ ചൂട് വ്യക്തികളുടെ ശാരീരിക തളർച്ചയിലേക്കും ഉൽപ്പാദനക്ഷമതയുടെ ഇടിവിലേക്കും നയിക്കുന്നു.

ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ ഏകദേശം 75 ശതമാനവും, 38 കോടി ജനങ്ങൾ, പുറംജോലികളിൽ ഏർപ്പെടുന്നവരാണ്. 2024-ൽ മാത്രം ചൂട് കാരണം ഇന്ത്യക്ക് നഷ്ടമായത് 247 ബില്യൺ തൊഴിൽ മണിക്കൂറുകളാണ്.

ലാൻസെറ്റ് കൗണ്ട്‌ഡൗൺ (The Lancet Countdown 2025) റിപ്പോർട്ട് പ്രകാരം, 2024-ൽ ഇന്ത്യയിൽ ഓരോ വ്യക്തിയും ശരാശരി 20 ദിവസത്തോളം കടുത്ത താപതരംഗങ്ങൾക്ക് (Heatwaves) സാക്ഷ്യം വഹിച്ചു. ഇതിൽ 6.6 ദിവസങ്ങൾ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അസ്വാഭാവികമായ ചൂട് മൂല്യമായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കൃഷി, നിർമ്മാണം, ഖനനം എന്നീ മേഖലകളിലാണ് ഈ കടുത്ത ചൂട് ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കുന്നത്. ഇന്ത്യയിലെ തൊഴിൽ ശക്തിയുടെ ഏകദേശം 75 ശതമാനവും (38 കോടി ജനങ്ങൾ) പുറംജോലികളിൽ ഏർപ്പെടുന്നവരാണ്. 2024-ൽ മാത്രം ചൂട് കാരണം ഇന്ത്യക്ക് നഷ്ടമായത് 247 ബില്യൺ തൊഴിൽ മണിക്കൂറുകളാണ്. ഇത് ഏകദേശം 16 ലക്ഷം കോടി രൂപയുടെ (194 ബില്യൺ ഡോളർ) സാമ്പത്തിക നഷ്ടത്തിന് തുല്യമാണ് എന്ന് കണക്കാക്കപ്പെടുന്നു. ഈ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നതാവട്ടെ കാർഷികമേഖലയിൽ മാത്രം 66 ശതമാനം നിർമ്മാണ മേഖലയിൽ 20 ശതമാനം എന്നിങ്ങനെയാണ്.

സ്ത്രീതൊഴിലാളികൾ നേരിടുന്ന ലിംഗാധിഷ്ഠിതമായ ആരോഗ്യപ്രശ്നങ്ങളും, നിർമ്മാണ- കാർഷിക മേഖലകളിലെ തൊഴിലാളിമരണങ്ങളും ചെറിയ കണക്കുകളല്ല, മറിച്ച് നമ്മുടെ തൊഴിൽ നിയമങ്ങളിലെ അപാകതകളുടെ തെളിവുകളാണ്.
സ്ത്രീതൊഴിലാളികൾ നേരിടുന്ന ലിംഗാധിഷ്ഠിതമായ ആരോഗ്യപ്രശ്നങ്ങളും, നിർമ്മാണ- കാർഷിക മേഖലകളിലെ തൊഴിലാളിമരണങ്ങളും ചെറിയ കണക്കുകളല്ല, മറിച്ച് നമ്മുടെ തൊഴിൽ നിയമങ്ങളിലെ അപാകതകളുടെ തെളിവുകളാണ്.

താരതമ്യേന ശാന്തമായ കാലാവസ്ഥയുണ്ടായിരുന്ന കേരളവും ഇപ്പോൾ ഉഷ്ണതരംഗഭീഷണിയിലാണ്. പാലക്കാട്, തൃശൂർ, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് സ്ഥിരമായി ഉയരുന്നു. ഉയർന്ന ഹൂമിഡിറ്റി കാരണം അനുഭവപ്പെടുന്ന ചൂട് (Heat Index) യഥാർത്ഥ താപനിലയേക്കാൾ 5 മുതൽ 10 ഡിഗ്രി വരെ കൂടുതലാണെന്നത് തൊഴിലാളികളുടെ ആരോഗ്യത്തെ മുൻനിർത്തി ഏറെ ആശങ്ക ഉളവാക്കുന്നു.

38 കോടി തൊഴിലാളികൾ
ചൂടിന്റെ ഇരകൾ

നിർമ്മാണം, കൃഷി, ഖനനം, തെരുവുകച്ചവടം, ഡെലിവറി സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന 38 കോടിയോളം വരുന്ന ഇന്ത്യക്കാർ ഇന്ന് കടുത്ത ചൂടിന്റെ ഏറ്റവും വലിയ വില നൽകുന്നവരാണ്. താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുന്ന സാഹചര്യത്തിൽ ഒരു മനുഷ്യശരീരത്തിന് ജോലി ചെയ്യാനാവശ്യമായ ഊർജ്ജം കണ്ടെത്തുക എന്നത് അപ്രയോഗികമാണ്. അതോടൊപ്പം ഇൻഷുറൻസോ സ്ഥിരവരുമാനമോ ഇല്ലാത്ത ഈ വിഭാഗത്തിന് ജോലി ഉപേക്ഷിക്കുക എന്നത് പട്ടിണി തിരഞ്ഞെടുക്കുന്നതിന് തുല്യവുമാണ്.

താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുന്ന സാഹചര്യത്തിൽ ഒരു മനുഷ്യശരീരത്തിന് ജോലി ചെയ്യാനാവശ്യമായ ഊർജ്ജം കണ്ടെത്തുക എന്നത് അപ്രയോഗികമാണ്.

ഉദാഹരണത്തിന്, നിർമ്മാണ മേഖലയിലെ ഒരു തൊഴിലാളി ചുട്ടുപൊള്ളുന്ന കല്ലിനും ഇരുമ്പിനും ഇടയിൽ പണിയെടുക്കുമ്പോൾ ലഭിക്കുന്ന ഹീറ്റ് സ്ട്രെസ് അവരുടെ ദീർഘകാല ആരോഗ്യത്തെ വേരോടെ നശിപ്പിക്കുന്നു. അതുപോലെ, പാലക്കാട് പോലുള്ള ജില്ലകളിൽ കൃഷിപ്പണിയിലേർപ്പെടുന്നവർക്ക് ഉയർന്ന ഹ്യൂമിഡിറ്റി കാരണം വിയർപ്പ് ബാഷ്പീകരിക്കപ്പെടാത്ത സാഹചര്യം നേരിടേണ്ടിവരുന്നു, ഇത് ശരീരത്തിന്റെ ആകെ താപനില അപകടകരമായ രീതിയിൽ ഉയർത്താൻ കാരണമാകുന്നു. ദിവസക്കൂലിക്കാർക്ക് ഇത് നേരിട്ടുള്ള വരുമാനനഷ്ടമാണുണ്ടാക്കുന്നത്. നഗരങ്ങളിലെ റോഡുകളിൽ ജോലി ചെയ്യുന്ന ഡെലിവറി പാർട്ണർമാരും ട്രാഫിക് പോലീസുകാരും വഴിയോര കച്ചവടക്കാരും 'അർബൻ ഹീറ്റ് ഐലൻഡ്' (Urban Heat Island) പ്രതിഭാസത്തിന് ഇരകളാവുന്നു. അതായത്, മരങ്ങളില്ലാത്ത കോൺക്രീറ്റ് നഗരങ്ങളിൽ അന്തരീക്ഷ താപനിലയേക്കാൾ 5 മുതൽ 10 ഡിഗ്രി വരെ അധികം ചൂട് ഇവർ അനുഭവിക്കേണ്ടിവരുന്നു.

സ്ത്രീതൊഴിലാളികളുടെ അവസ്ഥ ഇതിലും ദയനീയമാണ്. തൊഴിലിടങ്ങളിൽ ആവശ്യത്തിന് ശുദ്ധജലമോ ശുചിമുറി സൗകര്യങ്ങളോ ഇല്ലാത്തത് ചൂടുകാലത്ത് അവരെ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നു. ഹരിതകർമ്മ സേനാംഗങ്ങളെപ്പോലെ വീടുതോറും നടന്ന് മാലിന്യശേഖരണം നടത്തുന്ന സ്ത്രീകൾക്ക് ഈ കാലാവസ്ഥ കടുത്ത ശാരീരിക തളർച്ചയാണ് നൽകുന്നത്. നിലവിലെ തൊഴിൽനിയമങ്ങൾ മാറ്റം വരുത്തുകയോ, ചൂട് കൂടുമ്പോൾ ജോലി നിർത്തിവെക്കുന്ന തൊഴിലാളികൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഹീറ്റ്-ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കുകയോ ചെയ്യാത്ത പക്ഷം കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ അസംഘടിത തൊഴിലാളികളെ അടിമത്തത്തിന് സമാനമായ സാഹചര്യത്തിലേക്ക് തള്ളിവിടും എന്നതിൽ തർക്കമില്ല.

ഹരിതകർമ്മ സേനാംഗങ്ങളെപ്പോലെ വീടുതോറും നടന്ന് മാലിന്യശേഖരണം നടത്തുന്ന സ്ത്രീകൾക്ക് ഈ കാലാവസ്ഥ കടുത്ത ശാരീരിക തളർച്ചയാണ് നൽകുന്നത്.
ഹരിതകർമ്മ സേനാംഗങ്ങളെപ്പോലെ വീടുതോറും നടന്ന് മാലിന്യശേഖരണം നടത്തുന്ന സ്ത്രീകൾക്ക് ഈ കാലാവസ്ഥ കടുത്ത ശാരീരിക തളർച്ചയാണ് നൽകുന്നത്.

സ്ത്രീതൊഴിലാളികൾക്ക്
ഇരട്ടിച്ചൂട്

കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ സ്ത്രീതൊഴിലാളികളിലുണ്ടാക്കുന്ന ആഘാതം അങ്ങേയറ്റം സങ്കീർണ്ണമാണെന്ന് 2026-ലെ ആഗോള ഗവേഷണ പ്രബന്ധങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിൽ, അസംഘടിത തൊഴിൽ ശക്തിയുടെ വലിയൊരു ഭാഗം സ്ത്രീകളാണ്. എന്നാൽ, നിലവിലെ തൊഴിൽ നിയമങ്ങളോ നയരൂപീകരണമോ ഇവരുടെ ശാരീരിക-സാമൂഹിക സവിശേഷതകളെ പരിഗണിക്കുന്നില്ല.

2025-ലെ വേൾഡ് ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നത്, അന്തരീക്ഷ താപനില വർദ്ധിക്കുന്നത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെ നേരിട്ട് ബാധിക്കുന്നുണ്ട് എന്നാണ്. കൂടാതെ, ചൂട് കൂടുമ്പോൾ വീട്ടിനുള്ളിലെ താപനില ഉയരുന്നതുമൂലം വീട്ടിലെ പ്രായമായവരെയും കുട്ടികളെയും പരിചരിക്കാനുള്ള സ്ത്രീകളുടെ ഉത്തരവാദിത്തം ഏറെ കുഴപ്പത്തിലാവുകയും അവരെ മറ്റ് പുറംജോലികളിൽനിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നും പഠനം കൂട്ടിചേർക്കുന്നു.

ജീവശാസ്ത്രപരമായി നോക്കിയാൽ, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ചൂടിനോട് പ്രതികരിക്കാനുള്ള ശാരീരികശേഷിയിൽ വ്യത്യാസങ്ങളുണ്ട്. 2026-ലെ മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം, ആർത്തവം, ഗർഭാവസ്ഥ, ആർത്തവവിരാമം (Menopause) എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് കടുത്ത ചൂട് താങ്ങാനുള്ള ശേഷി കുറവാണ്.

ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിൽ, അസംഘടിത തൊഴിൽ ശക്തിയുടെ വലിയൊരു ഭാഗം സ്ത്രീകളാണ്. എന്നാൽ, നിലവിലെ തൊഴിൽ നിയമങ്ങളോ നയരൂപീകരണമോ ഇവരുടെ ശാരീരിക-സാമൂഹിക സവിശേഷതകളെ പരിഗണിക്കുന്നില്ല.

ഉദാഹരണത്തിന്, മാലിന്യം ശേഖരിച്ച് ജീവിക്കുന്ന തൊഴിലാളികൾ കിലോമീറ്ററുകളോളം നടന്ന് മാലിന്യശേഖരണം നടത്തുമ്പോൾ അനുഭവിക്കുന്ന Heat Exhaustion അവരുടെ പ്രത്യുൽപ്പാദന ആരോഗ്യത്തെയും ഹോർമോൺ സന്തുലിതാവസ്ഥയെയും ദോഷകരമായി ബാധിക്കുന്നു. ആർത്തവകാലത്ത് ശരീരതാപനില സ്വാഭാവികമായും ഉയർന്നുനിൽക്കുന്നതിനാൽ, പുറത്തെ കടുത്ത ചൂട് ഇവർക്ക് അസഹനീയമായ ശാരീരിക ക്ലേശമാണ് നൽകുന്നത്. ശരിയായ ശുചിമുറി സൗകര്യങ്ങളില്ലാത്ത തൊഴിലിടങ്ങളിൽ, ആർത്തവകാലത്ത് ജോലി ചെയ്യുന്നത് സ്ത്രീകളെ കടുത്ത മാനസിക-ശാരീരിക സമ്മർദ്ദത്തിലാക്കുന്നു. നിർജ്ജലീകരണം ഭയന്ന് വെള്ളം കുടിക്കുന്നത് കുറയ്ക്കുന്ന സ്ത്രീകളിൽ മൂത്രാശയ അസുഖങ്ങളും വൃക്കരോഗങ്ങളും കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 15-20% വർദ്ധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

ജീവശാസ്ത്രപരമായി നോക്കിയാൽ, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ചൂടിനോട് പ്രതികരിക്കാനുള്ള ശാരീരികശേഷിയിൽ വ്യത്യാസങ്ങളുണ്ട്.
ജീവശാസ്ത്രപരമായി നോക്കിയാൽ, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ചൂടിനോട് പ്രതികരിക്കാനുള്ള ശാരീരികശേഷിയിൽ വ്യത്യാസങ്ങളുണ്ട്.

ചൂട് കാരണം പുറത്തെ ജോലിസമയം പുനഃക്രമീകരിക്കുമ്പോഴാവട്ടെ (അതിരാവിലെയും വൈകിട്ടും), സ്ത്രീകളുടെ വീട്ടുജോലിസമയത്തെ ഇത് നേരിട്ട് ബാധിക്കുകയാണ് ചെയ്യുന്നത്. രാത്രി ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും ചൂടുകാലത്തെ അധികമായ വീട്ടുജോലികളും ഇവരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും താറുമാറാക്കുന്നു. നിർമ്മാണ- കാർഷിക മേഖലകളിൽ പണിയെടുക്കുന്ന സ്ത്രീകൾ പലപ്പോഴും പുരുഷന്മാരേക്കാൾ കുറഞ്ഞ കൂലിക്ക് കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരുന്നുണ്ട്. ചൂട് കൂടുമ്പോൾ ലഭിക്കുന്ന ഇടവേളകൾ പോലും പുരുഷന്മാർക്ക് വിശ്രമിക്കാനുള്ള അവസരം നൽകുമ്പോൾ, സ്ത്രീകൾ വെള്ളം ശേഖരിക്കാനോ മറ്റ് വീട്ടുജോലികൾക്കോ വേണ്ടിയാണ് ആ സമയം ഉപയോഗിക്കുന്നത്. വിയർപ്പിനും ചൂടിനും ലിംഗഭേദമില്ലെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങളിൽ വലിയ വിവേചനമുണ്ടെന്ന് തിരിച്ചറിയണം.

കത്തുന്ന വെയിലിലെ
തൊഴിലാളി മരണങ്ങൾ

ആഗോളതലത്തിൽ താപനില റെക്കോർഡുകൾ ഭേദിക്കുമ്പോൾ, തൊഴിലിടങ്ങളിൽ മരണവും കൂടുകയാണ്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) 2024-25 കാലയളവിലെ റിപ്പോർട്ടുകൾ പ്രകാരം, അമിത ചൂട് മൂലം ആഗോളതലത്തിൽ വർഷം തോറും ഏകദേശം 19,000 തൊഴിൽമരണങ്ങൾ സംഭവിക്കുന്നുണ്ട്. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്; യഥാർത്ഥ സംഖ്യ ഇതിലും എത്രയോ മടങ്ങായിരിക്കും.

ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം തൊഴിൽമരണങ്ങളിൽ വലിയൊരു ഭാഗം നിർമ്മാണസൈറ്റുകളിലും കാർഷിക മേഖലകളിലും നടന്നവയാണ്.

ഇന്ത്യയെപ്പോലെയുള്ള ഉഷ്ണമേഖലാരാജ്യങ്ങളിൽ, പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾ നേരിടുന്ന ഏറ്റവും മാരകമായ ഭീഷണി 'ഹീറ്റ് സ്ട്രോക്ക്' (Heatstroke) ആണ്. ശരീരത്തിന്റെ ആന്തരിക താപനില നിയന്ത്രിക്കാൻ കഴിയാത്തവിധം ക്രമാതീതമായി ഉയരുമ്പോൾ സംഭവിക്കുന്ന ഈ അവസ്ഥ പലപ്പോഴും മിനിറ്റുകൾക്കുള്ളിലെ മരണത്തിന് കാരണമാകുന്നു.

ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം തൊഴിൽമരണങ്ങളിൽ വലിയൊരു ഭാഗം നിർമ്മാണസൈറ്റുകളിലും കാർഷിക മേഖലകളിലും നടന്നവയാണ്. ക്ഷീണം കാരണം ശ്രദ്ധ തെറ്റുന്നതും യന്ത്രങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സംഭവിക്കുന്ന പിഴവുകളും നിർമ്മാണ സൈറ്റുകളിൽ വലിയ വീഴ്ചകൾക്കും മരണങ്ങൾക്കും കാരണമാകാറുണ്ട്. ഇതിനുപുറമെ, കടുത്ത ചൂടിൽ തുടർച്ചയായി ജോലി ചെയ്യുന്നത് ഹൃദയാഘാതത്തിനും, വൃക്കകളുടെ പ്രവർത്തനരഹിതമാകലിനും ഇടയാക്കുന്നു. ഇന്ത്യയിലെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കിടയിൽ വർദ്ധിച്ചുവരുന്ന 'നിഗൂഢമായ വൃക്കരോഗങ്ങൾ' യഥാർത്ഥത്തിൽ ചൂടുമായി ബന്ധപ്പെട്ട തൊഴിൽ മരണങ്ങളുടെ മറ്റൊരു മുഖമാണ്. കഠിനമായ വെയിലിൽ വിയർപ്പിലൂടെ ലവണങ്ങൾ നഷ്ടപ്പെടുമ്പോൾ ആവശ്യത്തിന് വിശ്രമമോ ശുദ്ധജലമോ ലഭിക്കാത്തതാണ് ഈ മരണങ്ങൾക്ക് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടാനാവുന്നത്.

ഇന്ത്യയെപ്പോലെയുള്ള ഉഷ്ണമേഖലാരാജ്യങ്ങളിൽ, പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾ നേരിടുന്ന ഏറ്റവും മാരകമായ ഭീഷണി 'ഹീറ്റ് സ്ട്രോക്ക്' (Heatstroke) ആണ്.
ഇന്ത്യയെപ്പോലെയുള്ള ഉഷ്ണമേഖലാരാജ്യങ്ങളിൽ, പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾ നേരിടുന്ന ഏറ്റവും മാരകമായ ഭീഷണി 'ഹീറ്റ് സ്ട്രോക്ക്' (Heatstroke) ആണ്.

മിക്കപ്പോഴും ഇത്തരം മരണങ്ങൾ 'സ്വാഭാവിക മരണങ്ങളായി' രേഖപ്പെടുത്തപ്പെടുന്നത് തൊഴിലാളി കുടുംബങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ഇല്ലാതാക്കാറുണ്ട്. കൃത്യമായ മരണകാരണം 'ഹീറ്റ് സ്ട്രെസ്' ആണെന്ന് തെളിയിക്കാൻ കഴിയാത്തതിനാൽ പലപ്പോഴും തൊഴിലുടമകൾ ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാറുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ മരണനിരക്കും ഇതിനോട് സസൂക്ഷ്മം ചേർത്തുവായിക്കേണ്ടതാണ്; കാരണം ഈ മേഖലകളിലും കടുത്ത താപനില ഹൃദയസ്തംഭനത്തിലേക്കും മരണത്തിലേക്കും നയിക്കാറുണ്ട്.

അന്തരീക്ഷ താപനില വർദ്ധിക്കുമ്പോൾ ഉൽപ്പാദനക്ഷമത കുറയുന്നതും, അത് അസംഘടിത മേഖലയിലെ സാധാരണക്കാരുടെ ദിവസക്കൂലിയെ ബാധിക്കുന്നതും ഇന്ത്യയെപ്പോലൊരു രാജ്യത്ത് എക്കാലത്തെയും സാമൂഹിക പ്രതിസന്ധിതന്നെയാണ്. വിശ്രമവേളകളും ശുദ്ധജലവും ഉറപ്പുവരുത്തുക എന്നതിലുപരി, ചൂട് കാരണം ജോലി ചെയ്യാൻ കഴിയാത്ത ദിവസങ്ങളിൽ വേതനമുറപ്പാക്കാനാവുന്ന രീതികൾ ഉണ്ടാക്കേണ്ടതുണ്ട്.

സ്ത്രീതൊഴിലാളികൾ നേരിടുന്ന ലിംഗാധിഷ്ഠിതമായ ആരോഗ്യപ്രശ്നങ്ങളും, നിർമ്മാണ- കാർഷിക മേഖലകളിലെ തൊഴിലാളിമരണങ്ങളും ചെറിയ കണക്കുകളല്ല, മറിച്ച് നമ്മുടെ തൊഴിൽ നിയമങ്ങളിലെ അപാകതകളുടെ തെളിവുകളാണ്. കാലാവസ്ഥാനയങ്ങളിൽ തൊഴിലാളിസുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിലൂടെ മാത്രമേ വരും കാലഘട്ടങ്ങളിലുണ്ടാകാൻ പോകുന്ന വൻതോതിലുള്ള സാമ്പത്തിക തകർച്ചയും ജീവഹാനിയും തടയാൻ സാധിക്കൂ. പ്രകൃതിയിലെ മാറ്റത്തിനനുസരിച്ച് തൊഴിൽ സംസ്കാരവും നിയമങ്ങളും മാറ്റിപ്പണിയാൻ തയ്യാറായേ മതിയാകൂ.


Summary: According to a ILO report, 71 percent of the world's workforce is exposed to excessive heat. Kerala Summer Hot Weather and Labours crisis, Shine K writes.


ഷൈൻ. കെ

ഗവേഷക വിദ്യാർഥി, ​സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് & ഡെവലപ്മെൻറ് സ്റ്റഡീസ് , മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം.

Comments