മാലിന്യമല പുകഞ്ഞുകൊണ്ടിരിക്കുന്നു, വിജയിച്ച നിരവധി മോഡലുകൾക്കുമേൽ...

സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ വെയ്​സ്​റ്റ്​ മാനേജ്‌മെൻറ്​ രീതി വികേന്ദ്രീകൃത സംവിധാനമാണ് എന്നതിന് കേരളത്തിൽ തന്നെ വിവിധ പഞ്ചായത്തിലും നഗരസഭകളിലുമായി അനവധി മാതൃകകൾ കൺമുന്നിലുള്ളപ്പോൾ, പരാജയപ്പെട്ട വേസ്റ്റ് ടു എനർജി പദ്ധതിയെ കുറിച്ച് കേരളം ഇനിയെങ്കിലും വീണ്ടുവിചാരം നടത്തേണ്ടതുണ്ട്. ബ്രഹ്മപുരത്ത് എങ്ങനെ കേരളം പരാജയപ്പെട്ടു എന്നതിനെക്കുറിച്ചും, മാലിന്യനിർമാർജനത്തിന്​ കേരളം കണ്ടെടുത്ത മാതൃകകളെക്കുറിച്ചും ഒരു അന്വേഷണം.

ബ്രഹ്‌മപുരം എന്ന മാലിന്യമല എരിഞ്ഞുപുകഞ്ഞ് കൊച്ചിയിലെ ജനജീവിതം ദുസ്സഹമാക്കിയത് ആഴ്ചകളോളമാണ്. അന്തീക്ഷത്തിൽ തങ്ങിയ വിഷപ്പുക, സമീപ പ്രദേശങ്ങളിലെ ആളുകളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നതു സംബന്ധിച്ച് ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ട്. തീയും പുകയും ഒടുങ്ങി ആഴ്ചകൾക്കുള്ളിൽ ഇതേ മാലിന്യകൂമ്പാരത്തിൽ നിന്ന് വീണ്ടും പുകയുയർന്നു, ഒപ്പം ആശങ്കകളും. ബ്രഹ്‌മപുരം എന്താണ് കേരളത്തോട് പറയുന്നത്? പരിഹാരമില്ലാതെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിഷയമാണോ കേരളത്തെ സംബന്ധിച്ച് മാലിന്യ പ്രശ്‌നം? ഒരന്വേഷണം.

ഉപഭോഗം വർദ്ധിക്കുന്നതിനനുസരിച്ച് മാലിന്യങ്ങളും വർദ്ധിക്കുന്നു. എന്നാൽ ഈ വർദ്ധിച്ച മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് വ്യക്തമായ അവബോധം ജനങ്ങൾക്ക് ഇല്ലായിരുന്നു. സ്വന്തം പരിസരങ്ങളിൽ നിന്ന് മാലിന്യം എങ്ങനെയും ഒഴിവാക്കുക എന്ന പരിഹാരമാർഗത്തിലേയ്ക്ക് ആളുകൾ എത്തിച്ചേർന്നു. ഉപയോഗിച്ച ഡയപ്പറുകൾ പോലുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി അധികം ശ്രദ്ധ പതിയാത്ത വഴിയോരങ്ങളിൽ ഉപേക്ഷിക്കാൻ തുടങ്ങി. ഒന്നുരണ്ട് കുപ്പിയോ കൂടോ കിടന്ന സ്ഥലം ഒന്നിരുട്ടി വെളുക്കുമ്പോഴേയ്ക്കും മാലിന്യം തള്ളാനുള്ള ഇടമായി മാറുന്നത് കേരളത്തിലെ നഗരങ്ങളിലെ സർവസാധാരണ കാഴ്ചയാണ്. സ്വന്തം പരിസരത്തു നിന്ന് ഒഴിവാക്കി മറ്റെവിടെയെങ്കിലും കൂട്ടിയിടുക എന്ന ഈ രീതി തന്നെ ഗവൺമെൻറ്​ സംവിധാനങ്ങളും പിന്തുടർന്നാലോ?

എം. സുചിത്ര

നഗരത്തിൽ മാലിന്യം വലിയൊരു പ്രശ്‌നമായി തുടങ്ങിയപ്പോൾ കൊച്ചി കോർപ്പറേഷൻ മാലിന്യം ഉപേക്ഷിക്കാനായി ചേരാനെല്ലൂരിൽ ഇടം കണ്ടെത്തി. മാലിന്യം കുന്നുകൂടാൻ തുടങ്ങിയപ്പോൾ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് അവിടെ നിന്നും നേവിയുടെ അടുത്ത് ഒഴിഞ്ഞു കിടന്ന ഭൂമിയിൽ വേസ്റ്റിടാൻ തുടങ്ങി, അവിടെയും പ്രശ്‌നമായതിനെ തുടർന്നാണ് കൊച്ചിയിലെ വേസ്റ്റ് ബ്രഹ്‌മപുരത്ത് എത്താൻ തുടങ്ങിയത്. ഈ തീരുമാനത്തിലെ നീതികേടുകളെ കുറിച്ച് മാധ്യമപ്രവർത്തകയായ എം. സുചിത്ര ട്രൂകോപ്പി തിങ്കിനോട് പറയുന്നിതിങ്ങനെ: ‘‘കൊച്ചി നഗരത്തിൽ മാലിന്യപ്രശ്‌നങ്ങൾ രൂക്ഷമായപ്പോൾ പൊതുതാൽപര്യ ഹർജി കൊടുത്തു. ഈ സമയത്ത് കൊച്ചിയിലെ മാലിന്യവണ്ടികൾ തൃശൂർ, കോഴിക്കോട് അടക്കമുള്ള അഞ്ച് ജില്ലകൾ കടന്ന് മൈസൂരിൽ ചെന്ന്, അവിടെയായിരുന്നു മാലിന്യം ഡമ്പ് ചെയ്തിരുന്നത്. തേനി ഭാഗത്തേയ്ക്ക് വേസ്റ്റുമായി പോയ വണ്ടികൾ അവിടുത്തെ പൊലീസ് ഇടപെട്ട് തിരിച്ചുവിടുന്നു. ഇങ്ങനെ മാലിന്യം പ്രശ്‌നം അതിരൂക്ഷമായിരുന്ന സമത്ത് ഹർജി പരിഗണിക്കുമ്പോൾ, ഹൈക്കോടതിയാണ് ബ്രഹ്‌മപുരത്ത് കോർപറേഷന് സ്ഥലമുണ്ടല്ലോ, അവിടം മാലിന്യ നിർമാർജനത്തിനായി ഉപയോഗിക്കൂ എന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. ഹൈക്കോടതിയുടെ ആ ഉത്തരവു തന്നെ അപലപിക്കപ്പെടേണ്ടതാണ് എന്നു തോന്നുന്നു. സിറ്റിയിൽ വേസ്റ്റ് നിറഞ്ഞു നിൽക്കുന്ന അവസരത്തിൽ ആ അഴുകിയ വേസ്റ്റ് ഒരു ഗ്രാമത്തിൽ കൊണ്ടു പോയി ഇടൂ എന്നു പറയുന്നു. ആ സമയത്ത് പേരിനു പോലും അവിടെയൊരു സംസ്‌കരണശാല പോലുമില്ല. ഒരു തുറന്ന സ്ഥലം മാത്രമാണ് അത്. എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആക്ട് 1986 തുടങ്ങി പല നിയമങ്ങളെയും ലംഘിക്കുന്ന ഒരു ഉത്തരവായിരുന്നു ഇത്.

2007 ൽ ബ്രഹ്‌മപുരത്തിനടുത്ത് ചെല്ലിപാടം എന്നൊരു ചെറിയ ഗ്രാമം ഉണ്ടായിരുന്നു. 53 കുടുംബങ്ങളവിടെ താമസിച്ചിരുന്നു. അവിടെ പൊലീസ് ആക്ഷൻ ഉണ്ടായി, സംഘർഷങ്ങളുണ്ടായി, ഒരു സ്‌കൂളിൽ അവർക്ക് അഭയാർഥികളായി താമസിക്കേണ്ടി വന്നു ഒടുവിൽ അവർക്ക് അവിടെ നിന്ന് ഒഴിഞ്ഞു പോകേണ്ടി വന്നു.''

കൊച്ചിയുടെ പദ്ധതിയല്ല, കേരളത്തിന്റെ പദ്ധതി

മാലിന്യം ക്രമാതീതമായി കുന്നുകൂടിയതാണ് കൊച്ചിയിലെ അവസ്ഥ ഇത്ര വഷളാക്കിയത് എന്നു വ്യക്തം. മാലിന്യ നിർമാർജനത്തിന് കേരളത്തിന്റെ പദ്ധതി ഇതാണോ? അല്ല എന്നു തന്നെയാണ് ഉത്തരം. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം, ഉറവിട മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളിൽ നയപരമായി തന്നെ തീരുമാനങ്ങളെടുത്തിട്ടുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ വികേന്ദ്രീകൃതമായല്ല മാലിന്യ സംസ്‌കരണം നടത്തേണ്ടത് എന്ന താൽപര്യം ബ്യൂറോക്രസിക്കുണ്ടായിരുന്നു. ഇതാണ് ബ്രഹ്‌മപുരത്ത് മാലിന്യം കുന്നുകൂടാനുള്ള കാരണമെന്ന് പറയുന്നു ഖരമാലിന്യ സംസ്‌കരണത്തിൽ ഗവേഷണം നടത്തുന്ന ഷിബു കെ.എൻ.: ‘‘വികേന്ദ്രീകൃത മാലിന്യ സംസ്‌കരണവും ഉറവിട മാലിന്യ സംസ്‌കരണവും പല പഞ്ചായത്തുകളും നഗരസഭകളും വിജയകരമായി നടപ്പാക്കുന്നുണ്ട്. എന്നാൽ, കൊച്ചിയെപ്പോലൊരു നഗരത്തിൽ ഈ നയം എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന വലിയ ചോദ്യമുണ്ട്?

ഷിബു കെ.എൻ.

കേരളത്തിൽ നിലവിലുള്ള വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ നയം രൂപപ്പെട്ടത് നാലോ അഞ്ചോ വർഷത്തെ പ്രക്രിയയിലൂടെയാണ്. ഏറ്റവും താഴേത്തട്ടിൽ, ഗ്രാമസഭ കൂടി, അവിടുത്തെ മാലിന്യപ്രശ്നം ചർച്ച ചെയ്ത്, പഞ്ചായത്ത്- നഗരസഭാ തലങ്ങളിലും ജില്ല- സംസ്ഥാന തലങ്ങളിലും കൺസോളിഡേറ്റ് ചെയ്ത് ജനകീയ ശിൽപശാലകളിലൂടെ ഉരുത്തിരിഞ്ഞുവന്നതാണ് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ നയം. ജനങ്ങൾക്കു കൂടി ബോധ്യപ്പെട്ട ഒരു പോളിസിയാണിത്. ഇതിനെ ബ്യൂറോക്രസിക്ക് ഒരു കാലത്തും അംഗീകരിക്കാനായിട്ടില്ല. അതുകൊണ്ട്, തുടക്കം മുതലേ അവർ ഇതിനെതിരായിരുന്നു. വികേന്ദ്രീകൃതമായല്ല മാലിന്യ സംസ്‌കരണം നടത്തേണ്ടത് എന്ന താൽപര്യം ബ്യൂറോക്രസിക്കുണ്ടായിരുന്നു. അതിന് പറ്റിയ സ്ഥലം കൊച്ചിയായിരുന്നു. കാരണം, കൊച്ചി എല്ലാ കാലത്തും സമ്പന്ന വിഭാഗം ഭരണകാര്യങ്ങൾ തീരുമാനിക്കുന്ന ഇടമാണ്. തിരുവനന്തപുരത്തോ ആലപ്പുഴയിലോ ഒരു കാര്യം തീരുമാനിക്കണമെങ്കിൽ അവിടുത്തെ ജനങ്ങളോട് സംസാരിക്കണം. വികേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതി നടപ്പാക്കണമെങ്കിൽ ജനങ്ങളുമായി ബന്ധം വേണം. വാർഡുതലത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും ജനങ്ങളുമായി സംസാരിക്കണം. അങ്ങനെ രൂപപ്പെടുന്ന സംവിധാനം വളരെ സുതാര്യവും ബഹുജന പങ്കാളിത്തമുള്ളതും ആയിരിക്കും. അവിടെ അഴിമതിക്ക് സ്‌കോപ്പ് കുറവാണ്. എന്നാൽ, കൊച്ചിയിൽ ഒരു കാര്യം തീരുമാനിക്കാൻ മൂന്നോ നാലോ പ്രമാണിമാരെ വിളിച്ച് സംസാരിച്ചാൽ മതി. അതുകൊണ്ടാണ് കൊച്ചി ഇതിൽനിന്ന് വിട്ടുനിന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് കമ്യൂണിക്കേഷൻ ചാനലുള്ള പ്രത്യേക സംവിധാനമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് കൊച്ചിക്ക് മാറിനിൽക്കാൻ കഴിഞ്ഞത്.''

Photo: Muhammad Hanan, Truecopy Magazine LLP

എന്നാൽ കൊച്ചിയേക്കാൾ വലുപ്പത്തിലും ജനസംഖ്യയിലും മാലിന്യത്തിന്റെ അളവിലും മുന്നിലുള്ള തിരുവനന്തപുരം വികേന്ദ്രീകൃത മാലിന്യസംസ്‌കരണം നടപ്പാക്കി, മാലിന്യ പ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിച്ചു.

വേസ്റ്റ് ടു എനർജി എന്ന പരാജയം

വേസ്റ്റ് ടു എനർജി പദ്ധതി കേരളത്തിനോ ഇന്ത്യയ്‌ക്കോ അനുയോജ്യമായ പദ്ധതിയല്ല. മാലിന്യം കത്തിച്ച് ആ ഊർജത്തിൽ നിന്ന് ഇലക്ട്രിസിറ്റി നിർമ്മിക്കുക എന്നതാണ് പദ്ധതി. ഇങ്ങനെ മാലിന്യം കത്തിക്കണമെങ്കിൽ മാലിന്യങ്ങൾക്ക് ഒരു കലോറിഫിക് വാല്യു ഉണ്ടാവണം. അതയാത് തനിയെ കത്തുന്നതിനുള്ള ഊർജം ഉണ്ടാകണം. നമ്മുടെ മാലിന്യങ്ങളിൽ 70 ശതമാനവും ജൈവമാലിന്യമാണ്, അതിന്റെ എഴുപത് ശതമാനവും വെള്ളമാണ്, മഴയും, അന്തരീക്ഷ ഹ്യുമിഡിറ്റിയുമൊക്കെ കൂടുതലുള്ള സ്ഥലമാണ് കേരളം. അതിനാൽ തന്നെ നമ്മുടെ മാലിന്യങ്ങളിൽ ജലാംശം കൂടുതലായിരിക്കും. ഈ ജലാംശം മുഴുവൻ തിളപ്പിച്ചു കളഞ്ഞെങ്കിൽ മാത്രമേ മാലിന്യം കത്തിച്ച് ഊർജം ഉല്പാദിപ്പിക്കാൻ കഴിയുകയുള്ളൂ.അങ്ങനെ തിളപ്പിക്കാനായുള്ള ഊർജം പുറമേ നിന്ന് നൽകേണ്ടി വരും. ഇങ്ങനെ ഊർജം ചിലവഴിച്ച് ഉണ്ടാക്കിയെടുക്കുന്ന ഇലക്​ട്രിസിറ്റി ഒട്ടും ലാഭകരമായിരിക്കില്ല.

മറ്റൊരു പ്രശ്നം ഇത്തരത്തിലുള്ള മാലിന്യസംസ്കരണ രീതി പിന്നെയും മലിനീകരണം ഉണ്ടാക്കുന്നു എന്നതാണ്. മാലിന്യങ്ങൾ കത്തിച്ചുണ്ടാവുന്ന ചാരം ഒരു ടോക്‌സിക് പ്രൊഡക്ട് ആണ്, അത് കൈകാര്യം ചെയ്യാനുള്ള ഫെസിലിറ്റി നിലവിൽ നമുക്കില്ല.

മറ്റൊരു പ്രശ്‌നം വേസ്റ്റ് എനർജിയാക്കി മാറ്റാൻ നിശ്ചിത അളവ് മാലിന്യം ദിവസേന വേണ്ടി വരും. ഇതിന് ഒരു നഗരത്തിലെ വേസ്റ്റ് തികയാതെ വരും പലനഗരത്തിൽ നിന്ന് വേസ്റ്റ് ഒരിടത്തേയ്ക്ക് കൊണ്ടു വരേണ്ടി വരും. തുടർച്ചയായി പ്രവർത്തിക്കുന്നതിനു വേണ്ടി വേസ്റ്റ് സൂക്ഷിച്ചു വയ്‌ക്കേണ്ടി വരും. ദിവസേന 300 - 350 ടൺ വേസ്റ്റ് വീതം കത്തിക്കുന്ന ഒരു പദ്ധതിക്കു വേണ്ടി ഒരു ഇരുപത് ദിവസത്തേയ്ക്ക് വേസ്റ്റ് സൂക്ഷിച്ചാൽ തന്നെ അതൊരു മാലിന്യകൂമ്പാരമാകും. വിജയകരമായൊരു മുൻ മാതൃകയും ഇന്ത്യയിലൊരിടത്തുമില്ല. എന്നിട്ടും ബ്രഹ്‌മപുരം, തിരുവനന്തപുരത്തെ വിഴിഞ്ഞം, കോഴിക്കൊ​ട്ടെ ഞെളിയംപറമ്പ്, തുടങ്ങി കേരളത്തിന്റെ പലനഗരങ്ങളിൽ വേസ്റ്റു ടു എൻർജി പദ്ധതിക്കുള്ള ആലോചന നടക്കുന്നുണ്ട്.

Photo: Muhammad Hanan, Truecopy Magazine LLP

സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ വെയ്​സ്​റ്റ്​ മാനേജ്‌മെൻറ്​ രീതി വികേന്ദ്രീകൃത സംവിധാനമാണ് എന്നതിന് കേരളത്തിനുള്ളിൽ തന്നെ വിവിധ പഞ്ചായത്തിലും നഗരസഭകളിലുമായി അനവധി മാതൃകകൾ കൺമുന്നിലുള്ളപ്പോൾ, പരാജയപ്പെട്ട വേസ്റ്റ് ടു എനർജി പദ്ധതിയെ കുറിച്ച് കേരളം ഇനിയെങ്കിലും വീണ്ടുവിചാരം നടത്തേണ്ടതുണ്ട്.

ശുചിത്വ മിഷൻ, ഒരു കേരളാ മാതൃക

ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരം ദിവസങ്ങളോളം നിന്നു കത്തിയതു വെച്ച് കേരളത്തിന്റെ മാലിന്യനിർമാർജന രീതി പരാജയമാണ് എന്ന് എഴുതിത്തള്ളാനാവില്ല. മാലിന്യ സംസ്‌കരണം സംബന്ധിച്ച് സംസ്ഥാനത്തിന് വ്യക്തമായ പദ്ധതികളുണ്ട്. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുക, പ്ലാസ്റ്റിക്, ചില്ല് പോലുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുക എന്നതാണ് സംസ്ഥാനത്തിന്റെ മാലിന്യ നയം. ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കണം എന്നു പറയുമ്പോൾ ഭൂമി ഉള്ളവർക്ക് അത് എളുപ്പമാണെങ്കിലും ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർക്ക്, ഭൂമി ഇല്ലാത്തവർക്ക് അത് അത്ര എളുപ്പമല്ല. കമ്പോസ്റ്റ് കുഴിക്കുള്ള സ്ഥലം പോലും ഇല്ലാത്തിടത്ത് കമ്പോസ്റ്റ് ബിൻ ഉപയോഗിക്കേണ്ടി വരും. ഇതിനെ കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ക്യാമ്പയ്‌നുകൾ നടന്നു. നിരന്തര ശ്രമഫലമായി ശുചിത്വ മിഷൻ കേരളത്തിലങ്ങോളമിങ്ങോളം മാലിന്യ സംസ്‌കരണത്തിൽ വിജയകരമായ മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്. ശുചിത്വ മിഷന്റെ പ്രവർത്തനങ്ങളെകുറിച്ച് ഹരിത കേരളാ മിഷൻ മുൻ ഉപാധ്യക്ഷയായിരുന്ന ടി.എൻ. സീമ വിശദീകരിക്കുന്നു:

ടി.എൻ. സീമ

‘‘ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്‌കരിക്കുക, ഭൂമി ഇല്ലാത്തവർക്കും അതിനുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുക എന്നതായിരുന്നു മാലിന്യ സംസ്‌കരണത്തിലെ ആദ്യപടി. അജൈവ മാലിന്യങ്ങളിലേയ്ക്ക് വരുമ്പോൾ പ്ലാസ്റ്റിക്, ഇരുമ്പ്, പേപ്പറുകൾ തുടങ്ങി വില കിട്ടുന്ന മാലിന്യങ്ങളുണ്ട്. ഉപയോഗശൂന്യമായ ബാഗുകൾ, ചെരുപ്പുകൾ, തുണി തുടങ്ങി വിലയില്ലാത്ത സാധനങ്ങളുമുണ്ട്. പൊട്ടിയ ട്യൂബ് ലൈറ്റ് പോലുള്ള അപകടസാധ്യതയുള്ള വേസ്റ്റുകളുണ്ട്. ഇങ്ങനെ പല തരത്തിലുള്ള വേസ്റ്റുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന ആലോചനയിൽ നിന്നാണ് ഹരിതകർമ്മ സേന എന്ന ആശയം രൂപം കൊള്ളുന്നത്. ഒരു വാർഡിൽ രണ്ടു പേര് എന്ന കണക്കിൽ വീടുകളിൽ ഹരിതകർമ സേന എത്തി ഇത്തരം വേസ്റ്റുകൾ തരംതിരിച്ച് ശേഖരിക്കാനുള്ള പദ്ധതിക്ക് രൂപം കൊടുത്തു. വീടുകളിൽ വന്നു മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിതകർമ്മ സേനയ്ക്ക് ചെറിയൊരു തുക യൂസർ ഫീ നൽകണം. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങൾ ഹരിത കർമസേന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി എന്നു പറയുന്ന സംവിധാനത്തിൽ കൊണ്ടുവന്ന് തരംതിരിക്കും. ആക്രികച്ചവടക്കാർക്കും ഗ്രീൻകേരള കമ്പനിക്കുമൊക്കെയാണ് ഈ വേസ്റ്റ് കൈമാറുന്നത്. ചില വേസ്റ്റുകൾക്ക് ഇങ്ങോട്ട് വില കിട്ടുകയും റീസൈക്കിൾ വാല്യു ഇല്ലാത്തവയ്ക്ക് അങ്ങോട്ട് പൈസ കൊടുക്കുകയും ചെയ്യണം. ഈയൊരു സിസ്റ്റമാണ് മാലിന്യ സംസ്‌കരണത്തിനായി കേരളം ഇപ്പോൾ പിന്തുടരുന്നത്. 2018 -2019 ആയപ്പോഴേക്കും ഏറെക്കുറെ 70 ശതമാനത്തോളം നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും ഹരിതകർമ സേന രൂപീകരിച്ചു. വീടുകളിൽ നിന്ന് മാലിന്യം കളക്ട് ചെയ്യാനുള്ള ഹരിതകർമ സേന, യൂസർ ഫീസിലൂടെ ഹരിതകർമ സേനയ്ക്ക് കൃത്യമായ വരുമാനം, കലക്ട് ചെയ്ത് കൊണ്ടുവരുന്ന മാലിന്യം തരംതിരിക്കാനുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, തരംതിരിച്ചമാലിന്യങ്ങൾ നിർമാർജനം ചെയ്യുവാനുള്ള സംവിധാനം ഇവയൊക്കെ കൃത്യമായി നടപ്പിലാക്കി ഈ മാലിന്യ നിർമാർജന മാർഗത്തിൽ വിജയം കൈവരിച്ച നിരവധി മാതൃകകൾ ഇന്നു കേരളത്തിലുണ്ട്.’’

പൂന്തോട്ടമായി മാറിയ എരുമക്കുഴിയിലെ മാലിന്യമല

വിളപ്പിൽശാല പൂട്ടിയതിനെ തുടർന്ന് തിരുവനന്തപുരത്ത് ചാലയിലെ എരുമക്കുഴിയിൽ മാലിന്യങ്ങൾ തള്ളാൻ തുടങ്ങി. ബ്രഹ്‌മപുരത്തിന് സമാനമായ രീതിയിൽ എല്ലാത്തരത്തിലുള്ള മാലിന്യങ്ങളും ഇവിടെ കുന്നുകൂടി. 2388 ക്യൂബിക്കോളം മാലിന്യമാണ് ഇവിടെ കുന്നുകൂടിയത്. തിരുവനംന്തപുരം കോർപ്പറേഷന്റെ നിരന്തരപരിശ്രമത്തിന്റെ ഫലമായി ഇവിടം ഇപ്പോൾ ഒരു പൂന്തോട്ടമാണ്. മാലിന്യ പ്രശ്‌നത്തിന് പരിഹാരം ഉണ്ട് എന്നു തന്നെയാണ് തിരുവനംന്തപുരം കോർപ്പറേഷൻ കേരളത്തോട് പറയുന്നത്.

എരുമക്കുഴിയിൽ കുന്നുകൂടിയ മാലിന്യം

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളിലൊന്നാണ് മൂന്നാർ. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതൽ വേസ്റ്റുണ്ടാകാൻ സാധ്യതയുള്ള സ്ഥലവും. വേസ്റ്റ് പ്ലാന്റ് വരുമെന്ന് കരുതി മാലിന്യങ്ങൾ കൂട്ടിയിട്ട് വലിയൊരു മാലിന്യ കൂമ്പാരമായി മാറി. പിന്നീട് ഇത് ക്ലീൻ ചെയ്യാൻ ടെൻഡറുകൾ വിളിച്ചെങ്കിലും ആരും ഈ ജോലി ഏറ്റെടുക്കാൻ തയാറായില്ല. ഈ സാഹചര്യത്തിൽ യു.എൻ.ഡി.പി. പ്രോജക്ടും ഹരിതകേരള മിഷനും മൂന്നാർ ഗ്രാമപഞ്ചായത്തും ചേർന്ന് വലിയൊരു വേസ്റ്റ് മാനേജ്‌മെൻറ്​ പ്രോജക്ട് ആരംഭിച്ചു. തണുപ്പ് കൂടുതലായിതിനാൽ ജൈവ മാലിന്യ സംസ്‌കരണത്തിന് മറ്റ് ജില്ലകളിൽ ഉപയോഗിക്കുന്ന ബാക്ടീരിയകൾ ഇവിടെ പ്രവർത്തിക്കാതെ വന്നു. അതിനാൽ മൂന്നാറിനുവേണ്ടി പ്രത്യേക ഇനാക്കുലം ഡെവലപ് ചെയ്ത് എടുക്കേണ്ടി വന്നു. ഇങ്ങനെ ജൈവമാലിന്യങ്ങൾ കമ്പോസ്റ്റാക്കി മാറ്റി. മുൻപ് കൂട്ടിയിട്ട മാലിന്യകൂമ്പാരത്തിൽ നിന്ന് മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. റീ യൂസ് വേസ്റ്റ് ഉപയോഗിച്ച് ഒരു പാർക്ക് നിർമിച്ചിരിക്കുന്നു മൂന്നാർ.

എരുമക്കുഴിയിൽ കുന്നുകൂടിയ മാലിന്യം സംസ്കരിച്ച് ആ സ്ഥലം പൂന്തോട്ടമാക്കി മാറ്റിയ ശേഷം

കൊല്ലം കേർപ്പറേഷനിലെ ഡംപ് യാർഡും ഉത്തരവാദിത്തപരമായ ഇടപെടലിലൂടെ ഇല്ലാതായ മാലിന്യകൂമ്പാരത്തിന് മറ്റൊരു ഉദാഹരണമാണ്.

അരുത്, വലിച്ചെറിയരുത്, കത്തിക്കരുത്... കണ്ണൂർ പറയുന്നു

കേരളത്തിലെ ആദ്യത്തെ മാലിന്യ വലിച്ചെറിയൽ മുക്ത ജില്ലയായി കണ്ണൂർ മാറും. അത്രമേൽ കാര്യഗൗരവത്തോടെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഏറ്റെടുത്ത ഒരു ജില്ലയാണ് കണ്ണൂർ. തളിപ്പറമ്പ് നഗരസഭയുടെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. നെല്ലിക്ക എന്നൊരു ആപ്പ് ഉപയോഗിച്ചാണ് തളിപ്പറമ്പ് മാലിന്യ നിർമാർജന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഹരിതകർമസേനയ്‌ക്കൊപ്പം സ്വകാര്യ കമ്പനിയുമായി ചേർന്നുള്ള മാലിന്യ നിർമാർജന പ്രവർത്തനമാണ് തളിപറമ്പിൽ നടക്കുന്നത്. ആന്തൂർ നഗരസഭ വഴിയോരങ്ങളിലെ മാലിന്യകൂനകളൊക്കെ വഴിയോര ഉദ്യാനങ്ങളാക്കി മാറ്റി.

ശുചിത്വ മിഷനുവേണ്ടി കെൽട്രോൺ വികസിപ്പിച്ചെടുത്ത ഹരിതമിത്രം എന്ന ആപ്പ് ആന്തൂർ നഗരസഭ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. വീടുകളിൽ ഒരു ക്യൂ ആർ കോഡ് പതിപ്പിക്കും, ഹരിതകർമ സേന ഓരോ തവണ വീടുകളിലെത്തുമ്പോഴും ഈ ക്യൂആർ കോഡ് സ്‌കാൻ ചെയ്യും. കൃത്യമായ ഇടവേളകളിൽ ഹരിതകർമ സേന വീടുകളിൽ എത്തുന്നുണ്ടോ എന്നറിയാൻ ഈ രീതി സഹായിക്കും. ഭാവിയിൽ സംസ്ഥാന തലത്തിൽ തന്നെ ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ ഈ ആപ്പ് ഉപയോഗിക്കാം.

പയ്യന്നൂർ നഗരസഭ, കോളയാട് പഞ്ചാത്ത്, കുറമാത്തൂർ പഞ്ചായത്ത്, ചക്കാരക്കൽ, പെർളശ്ശേരി തുടങ്ങി കണ്ണൂരിലെ ഒട്ടുമിക്ക നഗരസഭകളും പഞ്ചായത്തുകളും സമ്പൂർണ്ണ വലിച്ചെറിയൽ മുക്തമായിക്കഴിഞ്ഞു. കണ്ണൂരിലെ എല്ലാ ക്ഷേത്രങ്ങളിലും ഉത്സവങ്ങളും മറ്റും ഗ്രീൻ പ്രോട്ടോകോളിന്റെ കീഴിലായി കഴിഞ്ഞു. ലക്ഷകണക്കിന് ആളുകൾ ഉത്സവത്തിനെത്തുന്ന കൊട്ടിയൂർ ക്ഷേത്രപരിസരം ഉത്സവ സമയത്തു പോലും ക്ലീൻ ആയിരുന്നു. അത്ര സജീവമാണ് ഹരിതകർമ സേനയുടെ ഇവിടുത്തെ പ്രവർത്തനം. കോളയാട് പഞ്ചായത്ത് മാലിന്യമില്ലാത്ത മാംഗല്യം എന്ന കാമ്പയിന്റെ ഭാഗമായി വിവാഹങ്ങൾ ഗ്രീൻ പ്രോട്ടോകോളിന്റെ കീഴിൽ കൊണ്ടു വന്നു.

വടകരയുടെ ഹരിയാലി ടീം

മാലിന്യ നിർമാർജനത്തിൽ കേരളത്തിലെ തന്നെ മികച്ച മാതൃകകളിൽ ഒന്നാണ് വടകര മുൻസിപ്പാലിറ്റിയുടേത്. വടകര മുനിസിപ്പാലിറ്റിയുടെ കീഴിൽ "ഹരിയാലി' എന്ന പേരിൽ വിദഗ്ദരായ ഒരു വേസ്റ്റ് മാനേജ്‌മെൻറ്​ ടീമിന് രൂപം നൽകി. ആ ടീം ഇപ്പോൾ എവിടെ വേണമെങ്കിലും ഗ്രീൻ പ്രോട്ടോക്കോളിൽ പ്രോഗ്രാമുകൾ നടത്തികൊടുക്കുന്ന ഈവൻറ്​ മാനേജ്‌മെൻറ്​ ടീമായി പ്രവർത്തിക്കും. വേസ്റ്റ് മാനേജ്‌മെന്റിൽ പരിശീലനം നൽകുന്ന ടീമായി പ്രവർത്തിക്കും. നഗരസഭയുടെ മാർക്കറ്റിൽ അഞ്ചോളം ഷോപ്പുകൾ ഇന്ന് ഹരിയാലി ടീമിന്റേതായിട്ടുണ്ട്. അവിടെ ഏത് ബദൽ ഉൽപന്നങ്ങളും ലഭിക്കും. പ്ലാസ്റ്റിക് ഉപയോഗിക്കരുത് എന്നു പറഞ്ഞാൽ പിന്നെ എന്തുപയോഗിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ഷോപ്പുകൾ.

ജൈവമാലിന്യങ്ങൾക്ക് കുന്നംകുളം മാതൃക

ജൈവമാലിന്യം വലിയ തോതിൽ കളക്ടു ചെയ്ത് സംസ്‌കരിക്കുക എന്നത് അത്ര എളുപ്പമല്ല. കൂന്നുകൂട്ടിയിട്ടാൽ അഴുകി, ദുർഗന്ധം വമിച്ച്, അടുത്തുള്ള ജല സ്രോതസ്സുകളിൽ കലർന്ന് പ്രശ്‌നമാകാനുള്ള സാധ്യതയുണ്ട്. എന്നാൽ ജൈവമാലിന്യത്തിന്റെ കാര്യത്തിൽ അനുകരിക്കാവുന്ന ഏറ്റവും നല്ലൊരു മാതൃകയാണ് കുന്നംകുളത്തിന്റേത്. ജൈവമാലിന്യം ശേഖരിച്ച് അത് കമ്പോസ്റ്റാക്കി മാറ്റി, ഉണക്കി പാക്ക് ചെയ്ത് മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നു കുന്നംകുളം. ബയോ കമ്പോസ്റ്റിനൊപ്പം കൃഷിവകുപ്പിൻറെ നിർദ്ദേശമനുസരിച്ച് മറ്റ് അവശ്യ ഘടകങ്ങളും ചേർത്ത് മാർക്കറ്റിലെത്തിക്കുന്ന ഗുണമേന്മയുള്ള ഈ വളത്തിന് ആവശ്യക്കാർ ഏറെയാണ്. ഇതേ രീതി എറണാകുളം ജില്ലയിലെ കോതമംഗലം മുൻസിപാലിറ്റിയിലും കാണാം. മാർക്കറ്റ് വേസ്റ്റുകൾ ധാരാളമുള്ള തിരുവനംന്തപുരം ആറ്റിങ്ങലും ജൈവമാലിന്യം ശേഖരിച്ച് കമ്പോസ്റ്റാക്കുന്നുണ്ട്. ഇത്തരത്തിൽ ജൈവമാലിന്യം കമ്പോസ്റ്റാക്കുന്നതിനായി കേരളത്തിൽ തന്നെ വികസിപ്പിച്ചെടുത്ത തുമ്പൂർമൊഴി പ്രോജക്ട് പോലുള്ള വിജയകരമായ സംവിധാനങ്ങളുണ്ട്.

ജൈവമാലിന്യ സംസ്കരണം - കുന്നംകുളം മാതൃക

എറണാകുളത്തെ ഏലൂരിൽ വളരെ സിസ്റ്റമാറ്റിക്കായുള്ള ഹരിതകർമസേനയുടെ പ്രവർത്തനം കാണാം. അയ്യൻകാളി തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ചാണ് ഇവിടെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്. നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള സ്ഥലം കൂടിയാണിത്. വഴിയരികുകളിൽ മാലിന്യം ശേഖരിക്കാനുള്ള സംവിധാനം ഏലൂർ ഏർപ്പെടുത്തിയിട്ടുണ്ട്. ഹരിതകർമ സേനയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് മാന്യമായൊരു വരുമാനം കണ്ടെത്തുന്നതിലും ഏലൂർ വിജയിച്ചു.

ആലപ്പുഴ മോഡൽ

കേരളത്തിലെ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചുകൂടി ശ്രമകരമാണ് ആലപ്പുഴ ജില്ലയിലെ മാലിന്യ സംസ്‌കരണം. അജൈവ മാലിന്യങ്ങൾ ഹരിതകർമ സേന ശേഖരിക്കുമ്പോഴും ജൈവമാലിന്യങ്ങളുടെ സംസ്‌കരണം പ്രശ്‌നം തന്നെയായിരുന്നു. ഇതിനായി വീടുകളിൽ ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനും കമ്പോസ്റ്റ് ആക്കി മാറ്റുന്നതിലും ആലപ്പുഴ ശ്രദ്ധകൊടുത്തു. ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ വീടുകളിലെ മാലിന്യ സംസ്‌കരണത്തിൽ ആലപ്പുഴ വിജയകരമായി മുന്നേറി.

മാലിന്യമുക്തമായ ജലാശയങ്ങൾക്കായുള്ള ശ്രമം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഹൗസ് ബോട്ടുകൾ മനുഷ്യ വിസർജ്യം കായലിൽ തന്നെ ഉപേക്ഷിക്കുന്നതും മറ്റും ഇപ്പോഴും ആലപ്പുഴ നേരിടുന്ന പ്രശ്‌നമാണ്.

വേസ്റ്റ് മാനേജ്‌മെൻറ്​ എന്നത് ഒരു നിരന്തര പ്രവർത്തനമാണ്. ഓരോ വ്യക്തിയുടെയും സഹകരണത്തോടെ മാത്രം സാധ്യമാകുന്ന ഒന്ന്. ഹരിതകർമ സേനയ്ക്ക് 30 രൂപ കൊടുക്കേണ്ടതുണ്ടോ എന്നു സംശയമുള്ളവർക്കുള്ള ഉത്തരമാണ് മറയൂരിലെ ആദിവാസി ഊരുകൾ. പ്ലാസ്റ്റിക്കുകൾ കൃത്യമായി ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുകയും ഹരിതകർമസേനയെത്തുമ്പോൾ കൈമാറുകയും ചെയ്യുന്നതിൽ മാതൃകയാണ് മറയൂരിലെ ആദിവാസി ഊരുകൾ.

ഹരിതകർമ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കേണ്ട ഉത്തരവാദിത്തം ക്ലീൻകേരള കമ്പനിയ്ക്കാണ്. റീ യൂസ് ചെയ്യാവുന്ന പ്ലാസ്റ്റിക് വേസ്റ്റ്, ഇലക്ട്രോണിക് വേസ്റ്റ് തുടങ്ങിയവ ഇത്തരം വേസ്റ്റുകൾ റീയൂസ് ചെയ്യുന്ന കമ്പനികൾക്ക് എത്തിച്ചു നൽകുകയാണ് ചെയ്യാറ്. ബാഗ്, തുണി പോലുള്ള വേസ്റ്റുകൾ സിമന്റ് കമ്പനികൾക്ക് നൽകും.

മുകളിൽ പറഞ്ഞിരിക്കുന്നത് തിരഞ്ഞെടുത്ത ഉദാഹരണങ്ങൾ മാത്രമാണ്. കേരളത്തിലങ്ങോളമിങ്ങോളം നിരവധി കോർപ്പറേഷനുകളിൽ, നഗരസഭകളിൽ, ഗ്രാമപഞ്ചായത്തുകളിൽ മികച്ച രീതിയിൽ മാലിന്യ സംസ്‌കരണം നടക്കുന്നുണ്ടെന്ന് ഇതിൽ നിന്നു വ്യക്തം. വളരെ കൃത്യമായതും ദീർഘവീക്ഷണത്തോടു കൂടിയതും, കേരളത്തിന്റെ കാലാവസ്ഥയ്ക്കും സാഹചര്യങ്ങൾക്കും അനുയോജ്യമായതുമായ ഒരു വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി കേരളത്തിന് നിലവിൽ ഉണ്ട്. ഈ പദ്ധതി എല്ലായിടത്തും ഒരുപോലെ കാര്യക്ഷമമാക്കുക എന്നതാണ് ഇനി വേണ്ടത്. അതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഒരിടത്ത് വേസ്റ്റ് കൂട്ടിയിട്ട് വേസ്റ്റിൽ നിന്ന് എനർജി എന്ന പദ്ധതിയല്ല, വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമേ കേരളത്തിൽ വിജയിക്കൂ എന്ന് ബ്രഹ്‌മപുരം നമ്മെ ഓർമിപ്പിക്കുന്നു.

ഡയപേഴ്‌സ്, സാനിറ്ററി നാപ്കിൻ, പരിഹാരമില്ലാത്ത മാലിന്യങ്ങൾ

വീണ്ടും ഉപയോഗിക്കാവുന്ന എല്ലാ മാലിന്യങ്ങളും വിജയകരമായി കൈകാര്യം ചെയ്യാൻ കഴിയുമ്പോഴും കേരളത്തിന് മുന്നിൽ വെല്ലുവിളിയാവുന്ന മാലിന്യങ്ങളാണ് ഡയപേഴ്‌സ്, സാനിറ്ററി നാപ്കിൻ തുടങ്ങിയ വേസ്റ്റുകൾ. കേരളത്തിൽ മാത്രമല്ല ലോകത്തൊരിടത്തും ഇതിന് ഫലപ്രദമായൊരു നിർമാർജന മാർഗം ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നു പറയുന്നു ആഗോളമാലിന്യ പ്രശ്‌നങ്ങളിൽ പഠനം നടത്തുന്ന ഷിബു കെ.എൻ: ‘‘പല വിദേശ രാജ്യങ്ങളും ഇത്തരം വേസ്റ്റുകൾ സാനിറ്ററി ലാൻഡ്ഫില്ലിൽ എത്തിച്ച് കുഴിച്ചു മൂടുകയാണ് ചെയ്യുന്നത്. കേരളത്തിൽ അത്തരം സാനിറ്ററി ലാൻഡ്ഫില്ലുകളില്ലാത്തതിനാൽ ഇവയെ മെഡിക്കൽ വേസ്റ്റായി പരിഗണിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. പാലക്കാട് ഐ.എം.എ ഒരുക്കിയ സംവിധാനം നിലവിൽ ഉണ്ട്. ഇങ്ങനെ മെഡിക്കൽ വേസ്റ്റായി സാനിറ്ററി നാപ്കിനേയും ഡയപ്പറിനേയും പരിഗണിക്കുമ്പോൾ സംസ്കരണത്തിന് ചിലവ് കൂടുതലാണ് എന്നൊരു പ്രശ്‌നമുണ്ട്. ഇത് ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണ്. സാങ്കേതികമായൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ലോകത്ത് എല്ലായിടത്തും ഉത്തരമില്ലാത്ത ഇത്തരം ചില മാലിന്യ പ്രശ്‌നങ്ങൾക്കു മാത്രമേ കേരളത്തിനും ഇന്ന് ഉത്തരം ഇല്ലാത്തതുള്ളൂ.''

സാനിറ്ററി നാപ്കിന് പകരം സാധിക്കുന്നവർക്ക് മെനുസ്ട്രൽ കപ്പ് പോലുള്ള ബദൽ സംവിധാനങ്ങൾ തിരഞ്ഞെടുക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനും ഗവൺമെന്റ് തന്നെ മുൻകൈ എടുക്കുന്നുണ്ട്. ആലപ്പുഴയിലെ മുഹമ്മ പഞ്ചായത്ത്, തിരുവനംന്തപുരം കാട്ടക്കട എന്നിവിടങ്ങളിലൊക്കെ മെനുസ്ട്രൽ കപ്പ് ഉപയോഗം കൊണ്ട് സാനിറ്ററി നാപ്കിൻ വേസ്റ്റിന്റെ അളവ് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.

വേസ്റ്റ് ടു എനർജിയെന്ന പരാജയം മാറ്റി നിർത്തിയാൽ, വിജയകരമായ പല മാതൃകകൾ നിലവിലുണ്ടായിട്ടും മാലിന്യസംസ്കരണത്തിൽ കേരളത്തിന് എന്തുകൊണ്ടാണ് വീണ്ടും വീണ്ടും പഴികേൾക്കേണ്ടി വരുന്നത്? ഇടപെടലുകളിലെ സ്ഥിരതയില്ലായ്മയും അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോഴും, ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ സർക്കാരിന് കഴിയാത്തതുമാണ് ഇതിനു കാരണമെന്ന് ഡോ. പ്രതിഭ ഗണേശൻ പറയുന്നു.

""ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പലവിധ ശ്രമങ്ങൾ കേരള സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിയിട്ടുണ്ട്. എന്നാൽ ആ പ്രയത്‌നങ്ങൾക്ക്​ ഫലമില്ലാതെ പോകുന്നത്, അവയ്ക്ക്​തുടർച്ചയില്ലാത്തതുകൊണ്ടാണ്. കാലങ്ങളായുള്ള ജനങ്ങളുടെ ശീലത്തിന് മാറ്റം വരണമെങ്കിൽ രണ്ട് കാര്യങ്ങൾ അത്യാവശ്യമാണ്.
ഒന്ന്; തുടർച്ചയായ ഇടപെടൽ ഉണ്ടാകണം
രണ്ട്; നാളെ സർക്കാർ പിന്മാറിയാലും ജനങ്ങളുടെ ശുചിത്വ ശീലം നിലനിൽക്കുന്ന രീതിയിലുള്ള പരിവർത്തനം ജനങ്ങളിലുണ്ടാവണം.
രണ്ടാമത് പറഞ്ഞ കാര്യം നടക്കണമെങ്കിൽ ജനങ്ങൾക്ക് അവർ ചെയ്യുന്ന കാര്യങ്ങളിൽ അഭിമാനം തോന്നണം. ഇതിന്റെ തുടർച്ചയാണ് ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം.''

മാലിന്യ സംസ്​കരണത്തിൽ കേരളം തന്നെ ജനകീയമായി വികസിപ്പിച്ചെടുത്ത നിരവധി മാതൃകകൾ പല തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളും വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ്​ ബ്രഹ്​മപുരം പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കുന്നത്​. മാലിന്യം ഉറവിടത്തിൽനിന്നുതന്നെ ശേഖരിച്ച്​ തദ്ദേശീയമായി സംസ്​കരിക്കാനുതകുന്ന ഇത്തരം വികേന്ദ്രീകൃത മാതൃകകൾ സംസ്​ഥാനമാകെ വ്യാപിപ്പിക്കുകയാണ്​ വേണ്ടത്​. ​അതിനുപകരം വേസ്​റ്റ്​ ടു എനർജി പദ്ധതികളും വിശ്വാസ്യത നഷ്​ടപ്പെട്ട കമ്പനികളുടെ ഏജൻസിഷിപ്പിലുള്ള കേന്ദ്രീകൃത മാതൃകകളും അടിച്ചേൽപ്പിക്കാൻ ബ്യൂറോക്രസിയുടെയും രാഷ്​ട്രീയ നേതൃത്വങ്ങളുടെയും സമ്മർദങ്ങളുണ്ട്​. അവയെ തദ്ദേശീയമായ ജനകീയ ഇടപെടലുകൾ കൊണ്ടുതന്നെ നേരിടാൻ കഴിയുമെന്ന്​ വിളപ്പിൽശാലയും ആലപ്പുഴയുമെല്ലാം കാണിച്ചുതന്നിട്ടുണ്ട്​. ജനകീയ ഇടപെടലുകളുടെ ഈ വലിയ പാഠമാണ്​ ബ്രഹ്​മപുരം കേരളത്തിനോട്​ പറയുന്നത്​​.

Comments