പൂർത്തിയാവാതെ പുനരധിവാസം, ജപ്തിഭീഷണിയും; കൂട്ടിക്കലുകാരെ ഇനിയൊരു ദുരന്തത്തിന് വിട്ടുകൊടുക്കരുത്

മൂന്ന് വർഷം മുമ്പ് കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കലിൽ നടന്ന ഉരുൾപൊട്ടലിൽ 21 പേരാണ് മരിച്ചത്. മൂന്ന് വർഷം കഴിഞ്ഞിട്ടും സർക്കാർ വാഗ്ദാനം ചെയ്ത പുനരധിവാസ പദ്ധതികൾ ഇപ്പോഴും എവിടെയും എത്തിയിട്ടില്ലെന്ന് നാട്ടുകാർ.

കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കലിൽ ഒരു പ്രദേശത്തെയാകെ ദുരിതത്തിലാഴ്ത്തിയ ഉരുൾപൊട്ടലുണ്ടായി മൂന്ന് വർഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ പുനരധിവാസം. 2021 ഒക്ടോബർ 16-ന് ഉണ്ടായ ഉരുൾപൊട്ടൽ ഒരു കുടുംബത്തിലെ 7 പേരുടെയടക്കം 21 പേരുടെ ജീവനെടുത്തിരുന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തും ഇടുക്കി ജില്ലയിലെ കൊക്കയാറും പൊട്ടിയൊലിച്ച ഉരുളിൽ അടിമുടി ഉലഞ്ഞു. ആയുഷ്ക്കാലത്തിന്റെ അധ്വാനം മുഴുവൻ നഷ്ടപ്പെട്ട അവിടുത്തെ മനുഷ്യർ ഇന്നും പുതിയ ജീവിതത്തിലേക്ക് കടന്നുവന്നിട്ടില്ല എന്ന വസ്തുത നിലവിലെ ഇടതു സർക്കാറിനെയാണ് ചോദ്യമുനയിൽ നിർത്തുന്നത്.

കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കലിൽ മൂന്ന് വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിന് ശേഷം പുനരധിവാസം ഇപ്പോഴും പൂർത്തിയായിട്ടില്ല. 2021 ഒക്ടോബർ 16-ന് ഉണ്ടായ ഉരുൾപൊട്ടൽ ഒരു കുടുംബത്തിലെ 7 പേരുടെയടക്കം 21 പേരുടെ ജീവനെടുത്തിരുന്നു.
കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കലിൽ മൂന്ന് വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിന് ശേഷം പുനരധിവാസം ഇപ്പോഴും പൂർത്തിയായിട്ടില്ല. 2021 ഒക്ടോബർ 16-ന് ഉണ്ടായ ഉരുൾപൊട്ടൽ ഒരു കുടുംബത്തിലെ 7 പേരുടെയടക്കം 21 പേരുടെ ജീവനെടുത്തിരുന്നു.

ഉരുൾപൊട്ടലുണ്ടായി മൂന്ന് വർഷം കഴിഞ്ഞിട്ടും പാലങ്ങൾ പോലും പുനർനിർമിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഏറെക്കാലമായി ഇവിടെ ജീവിച്ച് പോന്നിരുന്നവരിൽ പലരും ഭയം കാരണം ഇപ്പോൾ പ്രദേശത്ത് നിന്ന് പലായനം ചെയ്തിരിക്കുകയാണ്. ഉരുൾപൊട്ടലും തുടർന്നുണ്ടായ നാശനഷ്ടങ്ങളും പ്രദേശത്തെ മനുഷ്യരുടെ ജീവിതത്തെ അടിമുടി മാറ്റി മറിച്ചിരിക്കുകയാണ്. പ്രദേശവാസികളിൽ ഭൂരിപക്ഷവും കേരള ബാങ്കിന്റെ ജപ്തി ഭീഷണിയിലാണെന്ന് കൂട്ടിക്കൽ പ്രദേശവാസിയും അതിജീവന കൂട്ടായ്മയുടെ പ്രസിഡന്റുമായ ഗോപി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

“ഇത്രയും വർഷങ്ങൾക്കിടയിൽ ഒരു പാലം മാത്രമാണ് പുനർനിർമ്മിച്ചിട്ടുള്ളത്. ബസ് ഓടുന്ന രണ്ട് പാലങ്ങളായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. നിലവിൽ ഒരെണ്ണം പൊളിച്ചിട്ടിരിക്കുകയാണ്. രണ്ട് പാലങ്ങളും ഒരേ സമയത്ത് പണിതിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഗുണം ചെയ്തേനെ. ആ പാലം പൊളിച്ചിട്ടിരിക്കുന്നതുകൊണ്ട് എവിടെയെങ്കിലും പോകണമെങ്കിൽ കറങ്ങി ചുറ്റി പോകേണ്ട അവസ്ഥയാണ്. പൊളിച്ചിട്ടിരിക്കുന്ന പാലത്തിനോട് ചേർന്ന് തന്നെ ചെറിയ വണ്ടികൾ പോകാൻ പാകത്തിൽ ഒരു താൽക്കാലിക പാലം പണിയണമെന്ന ആവശ്യവും ഞങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ചെയ്ത് തരാമെന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെയും ഒന്നും നടന്നിട്ടില്ല. ഈ മഴക്കാലത്ത് പോലും യാത്ര വളരെ ബുദ്ധിമുട്ടാണ്. ഒരു കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തേക്ക് മൂന്ന് കിലോമീറ്റർ ചുറ്റി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഏതെങ്കിലും ആശുപത്രി കേസുകൾ വന്നാൽ വലിയ ബുദ്ധിമുട്ടാണ്. ഇവിടെ പല വീടുകളുടെയും മുറ്റത്ത് കൈപ്പാലങ്ങൾ ഉണ്ടായിരുന്നു. ഉരുൾപൊട്ടലിന് ശേഷം അതൊക്കെ നശിച്ചു. അതൊന്നും ഇതുവരെ പുനർനിർമിച്ചിട്ടില്ല. രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്ത് കഴിഞ്ഞാൽ അവിടെ വെള്ളം പൊങ്ങുകയും വീടുകൾ ഒറ്റപ്പെടുകയും ചെയ്യും,” ഗോപി പറഞ്ഞു.

മുണ്ടക്കയം മുറികല്ലുംപുറത്തെ ആറ്റിറമ്പ് പുറമ്പോക്കിൽ താമസിക്കുന്ന 53 ദലിത് കുടുംബങ്ങൾ ഉരുൾപൊട്ടലിന്റെ ഭാഗമായുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഇരകളാണ്. മൂന്നു വർഷം തികയുമ്പോഴും വെള്ളമെടുത്തുപോയ വീടിരുന്ന മണ്ണിൽ ഷെഡ് കെട്ടി താമസിക്കേണ്ട ഗതികേടിലാണിവർ.
മുണ്ടക്കയം മുറികല്ലുംപുറത്തെ ആറ്റിറമ്പ് പുറമ്പോക്കിൽ താമസിക്കുന്ന 53 ദലിത് കുടുംബങ്ങൾ ഉരുൾപൊട്ടലിന്റെ ഭാഗമായുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഇരകളാണ്. മൂന്നു വർഷം തികയുമ്പോഴും വെള്ളമെടുത്തുപോയ വീടിരുന്ന മണ്ണിൽ ഷെഡ് കെട്ടി താമസിക്കേണ്ട ഗതികേടിലാണിവർ.

“പുനരധിവാസം എങ്ങും എത്താത്ത അവസ്ഥയിലാണ്. കുറച്ചുപേർക്ക് കിട്ടി, കുറച്ചുപേർക്ക് ഒന്നും കിട്ടിയില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. പുനരധിവാസം ഉറപ്പാക്കിയെന്ന് രാഷ്ട്രീയ മുതലെടുപ്പിനായി അവർ വെറുതെ പറയുന്നതാണ്. ഒരുപാട് ആളുകളുടെ വസ്തുവകകളൊക്കെ ഉരുൾപൊട്ടലിന് ശേഷം നശിച്ചുപോയിട്ടുണ്ട്. കുറേപർ ഭാവിയിലും ഉരുൾപൊട്ടൽ ഭയന്ന് ഇവിടുന്ന് പേടിച്ച് പലായനം ചെയ്ത് പോയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയും റോഡിന്റെ പ്രശ്നങ്ങളുമൊക്കെ മനസിലാക്കി വേറെയും ചിലർ പോയി. കഴിഞ്ഞ മഴക്കാലത്തും ഇവിടെ നിന്നും ആളുകൾ മാറിപ്പോയിരുന്നു. പലരും മറ്റ് സ്ഥലങ്ങളിലെ വാടകവീട്ടിൽ താമസം തുടങ്ങിയിരിക്കുകയാണ്. എങ്ങോട്ടും പോകാൻ കഴിയാത്ത വാടക കൊടുക്കാൻ പോലും കഴിവില്ലാത്ത ഞങ്ങളെ പോലെ ചിലയാളുകൾ മാത്രമാണ് ഇവിടെ ഇപ്പോഴും താമസിക്കുന്നത്. വായനാട് പോലെ തന്നെയാണ് ഞങ്ങളുടെയും അവസ്ഥ. എന്തെങ്കിലും വന്ന് കഴിഞ്ഞാൽ ഞങ്ങൾ ഒറ്റപ്പെട്ട് പോകും. സർക്കാറിനും ഉദ്യോഗസ്ഥർക്കും ഇതൊക്കെ അറിയാവുന്നതാണ്,” ഗോപി വ്യക്തമാക്കി.

ഇളങ്കാട് സ്വദേശി ഗോപി
ഇളങ്കാട് സ്വദേശി ഗോപി

“കൂട്ടിക്കൽ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ വാഗമണ്ണിൽ അനധികൃതമായി കൺസ്ട്രക്ഷൻ നടക്കുന്നുണ്ട്. നിരവധി റിസോർട്ടുകളാണ് അവിടെ പണിതിട്ടുള്ളത്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശമാണ് അതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിട്ടുണ്ടായിരുന്നു. ഇത്തരം വി ഷയങ്ങളിൽ ഞങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന ഭാവമാണ് പഞ്ചായത്തിന്. പട്ടയവും കാര്യങ്ങളുമൊക്കെ ഉള്ളവരാണെങ്കിലും കെട്ടിട നിർമാണത്തിന്റെ എല്ലാ നിബന്ധനകളഉം കാറ്റിൽ പറത്തിയാണ് മൂന്നും നാലും നിലയുള്ള കെട്ടിടങ്ങൾ ഇവിടെ പണിയുന്നത്. ഇവിടെ താമസിക്കുന്ന ഞങ്ങളെ ഇതെല്ലാം ഭയപ്പെടുത്തുന്നുണ്ട്. ഇതൊക്കെ അധികാരികളുടെ അശ്രദ്ധയാണെന്ന് തന്നെയാണ് ഞങ്ങൾക്ക് പറയാനുള്ളത്. ഉരുൾപൊട്ടലിന് ശേഷം ജീവിതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല. ബാങ്ക് ലോൺ പോലും തിരിച്ചടക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഞങ്ങൾ. നിലവിൽ അതൊക്കെ കുടിശികയായി ജപ്തി നോട്ടീസൊക്കെ വന്നിട്ടുണ്ട്. ആ വിഷയം പരിഹരിക്കാൻ എം.എൽ.എയേയും സഹകരണ മന്ത്രിയേയും ഞങ്ങൾ കണ്ടിരുന്നു. ജപ്തിയൊന്നും നടക്കില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ ബാങ്കുകാർ ഞങ്ങളെ എപ്പോഴും ശല്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള 80% ആളുകളും കേരളാ ബാങ്കിൽ നിന്നും ലോൺ എടുത്തവരാണ്. രണ്ടും മൂന്നും ലക്ഷം ലോണെടുത്തവർക്ക് ഇപ്പോൾ 15 ഉം 16 ഉം ലക്ഷമായിട്ടുണ്ട്. ഇതെങ്ങനെ ഞങ്ങൾ അടയ്ക്കും? പലിശ ഇളവ് തന്നാൽ പോലും ഞങ്ങൾക്ക് അടയ്ക്കാൻ കഴിയില്ല. ഈ വസ്തു വിൽക്കാൻ പോലും പറ്റില്ല. വാങ്ങിക്കാൻ ഈ പ്രദേശത്തേക്ക് പുതിയതായി ആരും വരില്ല,” ഗോപി കൂട്ടിച്ചേർത്തു.

ദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവയൊന്നും ഫലപ്രദമായി നടന്നിട്ടില്ല. വീട് നഷ്ടപ്പെട്ടവരുടെ വ്യക്തമായ കണക്കുകൾപോലും സർക്കാറിന്റെ കൈവശമില്ലെന്നും ഉരുൾപൊട്ടലിന്റെ നടുക്കത്തിൽ നിന്നും ഇതുവരെയും പുറത്തുവരാൻ ആവശ്യമായ കൗൺസിലിംഗ് പോലും ലഭ്യമാക്കിയിട്ടില്ലെന്നും സാമൂഹ്യപ്രവർത്തക മിനി. കെ. ഫിലിപ്പ് ട്രൂകോപ്പി തിങ്കിനോട് പ്രതികരിച്ചു.

“21 പേർ മരിച്ച സ്ഥലമാണിത്. നൂറുകണക്കിന് പേർക്ക് അവരുടെ വീടുകൾ നഷ്ടമായിട്ടുണ്ട്. വീട് ഭാഗീകമായി തകർന്നവരും പൂർണമായി തകർന്നവരുമുണ്ട്. ഒരു പ്രദേശത്ത് ഒരു ദുരന്തം സംഭവിക്കുമ്പോൾ പലതരത്തിലാണ് ആളുകളെ അത് ബാധിക്കുന്നത്. ആ നിലയിൽ ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ രണ്ട് പഞ്ചായത്തുകളെ പൂർണമായി ബാധിച്ച ദുരന്തമാണ് 2021-ൽ ഉണ്ടായ ഉരുൾപൊട്ടൽ. അതിന് ആനുപാതികമായ തരത്തിലുള്ള ഒരു പുനരധിവാസവും ഇവിടെ നടന്നിട്ടില്ല. ഭൂമി വാങ്ങാൻ സർക്കാർ പത്ത് ലക്ഷം കൊടുക്കുമെന്നാണല്ലോ പറഞ്ഞത്. ഭൂമി സ്വന്തമായില്ലാത്തവർക്ക് സർക്കാർ ഭൂമിയുടെ വില കൊടുക്കുമെന്നാണ് പറഞ്ഞത്. അല്ലാത്തവർക്ക് ലൈഫ് പദ്ധതിയിലൂടെയാണ് വീടുകൾ വെച്ച് നൽകുക. ആ പണം മുഴുവൻ കിട്ടിയാൽ തന്നെ ഒരാൾക്ക് വീട് പൂർണമായി പണിയാൻ പറ്റില്ല. വീടടക്കം എല്ലാം നഷ്ടപ്പെട്ട് ജോലിപോലും ഇല്ലാത്ത ഒരു മനുഷ്യനെ സംബന്ധിച്ച് 4 ലക്ഷം രൂപ ഘട്ടം ഘട്ടമായി നൽകി കഴിഞ്ഞാൽ വീട് പണിയാൻ കഴിയുമോ? അവിടെ മരണപ്പെട്ട ആളുകളിലൊരാളാണ് ഷാലറ്റ് എന്നുപറയുന്ന ചെറുപ്പക്കാരൻ. ഷാലറ്റിന്റെ അച്ഛനെ പിന്നീട് ഞങ്ങൾ കാണുമ്പോൾ സ്ഥലം കിട്ടിയിടത്ത് അടിത്തറ മാത്രം നാമമാത്രമായി കെട്ടി അതിന്റെ പുറത്ത് ടാർപ്പായും വിരിച്ച് കിടക്കുകയായിരുന്നു ആ കുടുംബം,” മിനി.കെ.ഫിലിപ്പ് പറഞ്ഞു.

സാമൂഹ്യപ്രവർത്തക മിനി. കെ. ഫിലിപ്പ്
സാമൂഹ്യപ്രവർത്തക മിനി. കെ. ഫിലിപ്പ്

“വീട് നഷ്ടപ്പെട്ട ആളുകളുടെ ആധികാരികമായ ഒരു കണക്ക് സർക്കാറിന്റെ കൈവശമില്ലെന്നതാണ് മറ്റൊരു പ്രശ്നം. കളക്ട്രേറ്റിൽ ഈ വിഷയം കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഞാൻ നേരിട്ട് പോയി അന്വേഷണം നടത്തിയിരുന്നു. വീട് പൂർണമായി നഷ്ടപ്പെട്ടവരായോ, പുനരധിവാസം നടത്തേണ്ടവരായോ ആകെ അവരുടെ കണക്കിൽ 85 വീടുകൾ മാത്രമാണുള്ളത്. ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്ത് മാറ്റിനിർത്തിയാൽ കാഞ്ഞിരപ്പള്ളി മുതൽ മുണ്ടക്കയവും കൂട്ടിക്കലും ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകളിലായി സർക്കാറിന്റെ കണക്കിൽ 85 കുടുംബങ്ങൾ മാത്രമാണുള്ളത്. 85 കുടുംബങ്ങൾക്ക് മാത്രമല്ല വീടുകൾ പോയിട്ടുള്ളത്. അത് തർക്കമില്ലാത്ത കാര്യമാണ്. ഇത്തരം കാര്യങ്ങളിൽ സർക്കാറിന് സർക്കാറിന്റേതായ നിബന്ധനകൾ ഉണ്ടായിരിക്കാം. പക്ഷെ അവിടെ, 44 പാലങ്ങൾ തകർന്നുപോയിരുന്നു. അതിൽ മൂന്നെണ്ണം ബസ് പോകുന്ന പാലങ്ങളായിരുന്നു. അതിൽ ഒരെണ്ണം പോലും ഇതുവരെ പുനർനിർമിക്കപ്പെട്ടിട്ടില്ല. ഏന്തയാറിൽ നിന്നും കൊക്കയാറിലേക്കുള്ള പാലം നാട്ടുകാർ ഉരുൾപൊട്ടൽ നടന്ന് അഞ്ചാറ് മാസത്തിനുശേഷം സ്വന്തം പണം മുടക്കി പണിയുകയായിരുന്നു. ഇളങ്കാട് ടോപ്പിലേക്കുള്ള പാലം നാട്ടുകാരുടെ ഒരുപാട് പ്രതിഷേധങ്ങൾക്കൊടുവിൽ, ഒരുപാട് തവണ മന്ത്രിയേയും എം.എൽ.എയുമൊക്കെ കണ്ടതിനുശേഷമാണ് ഓട്ടോ പോകാനെങ്കിലും പാകത്തിൽ പണിഞ്ഞത്. എന്നാൽ അത് പണിത് കഴിഞ്ഞപ്പോൾ ഇളങ്കാട് ടോപ്പിൽ നിന്നും വാഗമണ്ണിലേക്കുള്ള പാലം അവർ പൊളിച്ചിട്ടു. വലിയ പാലങ്ങളുടെ സ്ഥിതി ഇതാണെങ്കിൽ നടപ്പാലങ്ങളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ച് നോക്കൂ,” മിനി ചൂണ്ടിക്കാട്ടി.

“ഇളങ്കാട് ടോപ്പ്, മൂപ്പുമല എന്നൊക്കെ പറയുന്നത് ഇളങ്കാട് ടൗണിൽ നിന്നും 3-4 കിലോ മീറ്റർ ദൂരെയുള്ള സ്ഥലങ്ങളാണ്. അവിടെ നിന്നും പണിക്ക് പോവാനോ റേഷൻ കടയിലേക്ക് പോകാനോ പോലും താഴേക്ക് വരാൻ കഴിയാത്ത അവസ്ഥയാണ്. പാലമില്ലാത്തതുകൊണ്ട് ഒരു സമയത്ത് റേഷൻ പോലും അവിടേക്ക് കൊണ്ടുപോകാൻ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ് സ്ഥിതി. പിള്ളേർക്ക് സ്കൂളിൽ പോകണം, ഗ്യാസടക്കമുള്ള സാധനങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകണം, ആളുകൾക്ക് പണിക്ക് പോകണം ഇത്തരം കാര്യങ്ങളൊക്കെ പാലങ്ങൾ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടിലാകുന്ന സാഹചര്യമാണ് അവിടെയുള്ളത്. ദൈനംദിന ജീവിതം വളരെ പ്രയാസകരമാണ്. ആ സാഹചര്യത്തിലാണ് അവിടെ ജപ്തിയടക്കമുള്ള കാര്യങ്ങൾ ഒരു ഇളവുമില്ലാതെ നടക്കുന്നത്. ഒരാളുടെ പോലും വായ്പ എഴുതി തള്ളിയിട്ടില്ല. വായ്പയുടെ പ്രശ്നം നമ്മൾ ഉന്നയിക്കുമ്പോൾ മരിച്ചവരുടെ ആരുടെയെങ്കിലും വീട് അതിലുൾപ്പെടുന്നുണ്ടോ, ഭൂമി പോയവരുണ്ടോ, വീട് പോയവരുണ്ടോ എന്നാണ് അവർ ചോദിക്കുന്നത്. ഇതൊന്നും പ്രസക്തമായ വിഷയമല്ല. ഒരു പ്രദേശം മുഴുവൻ ദുരന്തത്തിലായ സാഹചര്യത്തിൽ മരിച്ചുപോയാലേ വായ്പ എഴുതി തള്ളുകയുള്ളുവെന്ന് പറയുന്നത് എന്തൊരു മര്യാദകേടാണ്. ആളുകൾ മരിക്കാതെ നോക്കേണ്ടതല്ലേ സർക്കാറിന്റെ ചുമതല?,” മിനി ചോദിക്കുന്നു.

“കൗൺസിലിംഗ് നടപടികൾ പോലും കൂട്ടിക്കലിൽ നടന്നിട്ടില്ല. കൗൺസിലിംഗ് വേണമെന്ന് നമ്മൾ തുടക്കം മുതൽ തന്നെ ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് ആളുകൾ വലിയ തോതിൽ ഭീതി അനുഭവിച്ചിട്ടുണ്ടായിരുന്നു. മാനം കറുക്കുമ്പോൾ തന്നെ കുഞ്ഞുങ്ങൾ പേടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. വീട്ടിലേക്ക് തിരിച്ചുവരാൻ പോലും ആളുകൾ ഭയന്നിരുന്നു. എന്നാൽ ആ വിഷയത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലും ഉണ്ടായില്ല. ഞങ്ങളുടെ അതിജീവന കൂട്ടായ്മ ഉയർത്തിയ പ്രധാനപ്പെട്ട ആവശ്യവും അതായിരുന്നു,” അവർ വ്യക്തമാക്കി.

മുറികല്ലുംപുറം സ്വദേശി സന്ധ്യ
മുറികല്ലുംപുറം സ്വദേശി സന്ധ്യ

കൂട്ടിക്കലിലെയും കൊക്കയാറിലെയും മനുഷ്യരെ ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ചപ്പോൾ, പുല്ലകയാറിന്റെ ഇരുവശങ്ങളിലും താമസിച്ച സകല മനുഷ്യരുടെയും ജീവിതത്തിലേക്ക് ഒറ്റദിവസം കൊണ്ട് പുഴവെള്ളം ഇരച്ചുകയറുകയായിരുന്നു. മുണ്ടക്കയം മുറികല്ലുംപുറത്തെ ആറ്റിറമ്പ് പുറമ്പോക്കിൽ താമസിക്കുന്ന 53 ദലിത് കുടുംബങ്ങൾ ഉരുൾപൊട്ടലിന്റെ ഭാഗമായുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഇരകളാണ്. മൂന്നു വർഷം തികയുമ്പോഴും വെള്ളമെടുത്തുപോയ വീടിരുന്ന മണ്ണിൽ ഷെഡ് കെട്ടി താമസിക്കേണ്ട ഗതികേടിലാണിവർ. സർക്കാർ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയുടെ അവസാന ഗഡു ലഭിക്കാൻ വൈകുന്നതാണ് അവിടുത്തെ മനുഷ്യർ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.

“പത്ത് ലക്ഷം മുഴുവനായി ലഭിച്ചവരുണ്ട്. ചിലർക്കാണെങ്കിൽ ഇതുവരെയും അവസാന ഗഡു ലഭിച്ചിട്ടില്ല. പത്ത് ലക്ഷം രൂപ പാക്കേജിൽ ഉൾപ്പെടുത്തി അവരൊക്കെ വേറെ സ്ഥലം വാങ്ങുകയാണ് ചെയ്തത്. പത്ത് പന്ത്രണ്ട് കുടുംബങ്ങളുടെ വീടുപണി ഏകദേശം പൂർത്തിയാകാറായിട്ടുണ്ട്. അവർക്ക് ഇനി അവസാനത്തെ ഗഡു കൂടി കിട്ടിയാൽ മതി. സർക്കാറിൽ നിന്ന് കിട്ടിയ പൈസയൊക്കെ തീർന്നു. വീടുപണി പൂർത്തിയാക്കി താമസം തുടങ്ങണമെങ്കിൽ സ്വന്തം കയ്യിൽ നിന്നും പൈസയെടുക്കേണ്ടി വരും. ഷെഡിൽ താമസിച്ചിരുന്നവരൊക്കെ ഇപ്പോഴും അവിടെ തന്നെയാണ് താമസം,” മുറികല്ലുംപുറം സ്വദേശി സന്ധ്യ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

പാലങ്ങളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്നും മഴക്കാലമായതിനാലാണ് ചില തടസങ്ങൾ നേരിടുന്നതെന്നുമാണ് പ്രദേശവാസികൾ ഉന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് പ്രതികരിച്ചത്. “പ്രധാനമായിട്ടും ഇവിടെ നാല് പാലങ്ങളാണ് നശിച്ച് പോയത്. നാലെണ്ണത്തിന്റെയും നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു പാലം ഉദ്ഘാടനം ചെയ്തു. മഴക്കാലമായതുകൊണ്ട് രണ്ട് പാലത്തിന്റെ പണികൾ നിർത്തിവെച്ചിരിക്കുകയാണ്. വെള്ളം കാരണം അവിടെ പണി നടക്കുന്നില്ല. പാലങ്ങൾ ഇല്ലെങ്കിലും അതിന് പകരം ഗതാഗത മാർഗങ്ങൾ നിലവിലുണ്ട്. പകരം രണ്ട് മൂന്ന് കിലോ മീറ്റർ അധികം പോകേണ്ടി വരുമെന്ന പ്രശ്നം മാത്രമാണുള്ളത്,” ബിജോയ് ജോസ് പറഞ്ഞു.

Comments