പുത്തുമല ഉരുൾപൊട്ടൽ സ്ഥലം / Photo: KSSP

വയനാട്ടിൽ അപകടഭയമില്ലാതെ ജീവിക്കാനാകുന്നത് 30 ശതമാനം പ്രദേശത്തുമാത്രം- പഠന റിപ്പോർട്ട്

എട്ട് ലക്ഷത്തിലധികം പേർ ജീവിക്കുന്ന വയനാട്ടിലെ 30% പ്രദേശത്ത് മാത്രമേ അപകട ഭയമില്ലാതെ ആളുകൾക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ- ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആന്റ് വൈൽഡ് ലൈഫ് ബയോളജിയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയും ചേർന്ന് 2020-ൽ നടത്തിയ ഉരുൾപൊട്ടൽ സാധ്യതാ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്.

News Desk

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 2018- നുശേഷം പശ്ചിമഘട്ട മലനിരകളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ പരിധിയിലധികം മഴ പെയ്തതോടെ കേരളത്തിലെ ഉയർന്ന പ്രദേശങ്ങളായ വയനാട്, ഇടുക്കി, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ മലയോര മേഖലകൾ തുടർച്ചയായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും നേരിടേണ്ടി വന്നു. കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയവുമുണ്ടായി.

2011ലെ സെൻസസ് പ്രകാരം 817470 ആണ് വയനാട്ടിലെ ജനസംഖ്യ. 2024 ലേക്കെത്തുമ്പോൾ ജനസംഖ്യ വീണ്ടുമുയർന്നു. ഇത്രയും ജനങ്ങൾ അതിവസിക്കുന്ന വയനാട്ടിൽ എവിടെയാണ് സുരക്ഷിതമായി താമസിക്കാനാവുകയെന്ന ചിന്ത വളരെ പ്രധാനപ്പെട്ടതാണ്.

2018 ൽ വയനാട്ടിൽ ആകെ 1132 ഇടങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും മണ്ണ് നിരങ്ങിനീങ്ങുന്ന പ്രതിഭാസവും സംഭവിച്ചത്. 2019 ൽ 38 ഇടത്ത് ഉരുൾപൊട്ടലും 31 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. 2018- ൽ വയനാട് ജില്ലയിലെ 17 പഞ്ചായത്തുകളാണ് ദുരന്തം നേരിട്ട് അനുഭവിച്ചത്. പനമരം, മാനന്തവാടി,ബാവലി പുഴകളുടെ കൈവഴികളായ പനമരം കോട്ടത്തറ പഞ്ചായത്തുകളും മാനന്തവാടി, കൽപറ്റ മുൻസിപാലിറ്റികളിലും വെള്ളപ്പൊക്കമുണ്ടായി. വൈത്തിരി,തിരുനെല്ലി,പൊഴുതന,മേപ്പാടി പഞ്ചായത്തുകളിൽ ഉരുൾപൊട്ടലുണ്ടായി. 2018 ൽ പത്ത് പേരും 2019 ൽ 17 പേരും കൊല്ലപ്പെട്ടു. 2018 ൽ മാത്രം ആകെ 625 കോടിയുടെ നാശനഷ്ടങ്ങളാണ് വയനാട്ടിലുണ്ടായത്. 2018ൽ ഉരുൾപൊട്ടലുണ്ടായ മേൽമുറിയിൽ 2019ൽ വീണ്ടും ശക്തമായ ഉരുൾപൊട്ടലുണ്ടായി. ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം 30 ന് സംഭവിച്ച മുണ്ടക്കൈ ദുരന്തത്തിൽ നിലവിലെ കണക്ക് പ്രകാരം 366 പേരാണ് കൊല്ലപ്പെട്ടത്. ഒരു നാട് തന്നെ പൂർണമായും ഇല്ലാതായ വലിയ ദുരന്തത്തെയാണ് വയനാട് അഭിമുഖീകരിക്കേണ്ടി വന്നത്- ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആന്റ് വൈൽഡ് ലൈഫ് ബയോളജിയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയും ചേർന്ന് 2020-ൽ നടത്തിയ ഉരുൾപൊട്ടൽ സാധ്യതാ പഠന റിപ്പോർട്ടിൽ പറയുന്നു.

എവിടെയാണ് സുരക്ഷിതം എന്ന ചോദ്യത്തിന് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ മാപ്പാണ് ഉത്തരം നൽകുന്നത്. തുടർച്ചയായി സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളിൽ നിന്ന് മുൻകരുതൽ സ്വീകരിക്കാനാണ് ഇത്തരത്തിൽ മാപ്പ് പ്രസിദ്ധീകരിച്ചത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശങ്ങളെ ശാസ്ത്രീയമായി കണ്ടെത്തി അടയാളപ്പെടുത്തുന്നതിലൂടെ, നിർമാണപ്രവർത്തികളും മറ്റും നടത്തുമ്പോൾ പ്രദേശത്തിന്റെ ഘടനയും അപകട സാധ്യതയും മനസിലാക്കാൻ സാധിക്കും. തീവ്ര സാധ്യത പ്രദേശങ്ങൾ,മിത സാധ്യത പ്രദേശങ്ങൾ, കുറഞ്ഞ സാധ്യതാ പ്രദേശങ്ങൾ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഈ മാപ്പിംഗ് നോക്കിയാൽ മനസിലാകുന്നത്, വയനാടിന്റെ ആകെ ഭൂവിസ്തൃതിയുടെ 21 % വും അതി തീവ്ര ദുരന്തസാധ്യതാ മേഖലയാണെന്നാണ്. 49 % പ്രദേശങ്ങളാണ് മിതസാധ്യതാ പ്രദേശങ്ങളിൽ വരുന്നത്. വയനാട് ജില്ലയിൽ ആകെ 30% മാത്രമെ കുറവ് ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളുള്ളൂവെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. അതായത് എട്ട് ലക്ഷത്തിലധികം ജനസഖ്യയുള്ള വയനാട് ജില്ലയിലെ ആകെ ഭൂവിസ്തൃതിയുടെ 30 ശതമാനം പ്രദേശത്ത് മാത്രമെ അപകട ഭയമില്ലാതെ ആളുകൾക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ.

Comments