ഇത്ര ശക്തമായ പ്രേരണക്കുള്ള ശേഷി എനിക്കുണ്ട് എന്നത് ചെറിയ കാര്യമല്ലല്ലോ. ആ നിലക്ക് അത് ഒരു കൗതുകം തന്നെ. ഒരു ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ നാട്ടിൽ കലാപത്തിന് പ്രേരിപ്പിച്ചു എന്നൊരു കേസിനെ നേരിടുകയാണ് ഞാൻ. 2020 ഏപ്രിൽ 16 നാണ് കൊല്ലം ജില്ലയിലെ അരിപ്പ എന്ന സ്ഥലത്ത് കുടിൽ കെട്ടി താമസിക്കുന്ന ആദിവാസികളും ദളിതരുമായ കുറേ സാധു മനുഷ്യരുടെ വിഷയം ഉന്നയിച്ച് ഫേസ്ബുക്കിൽ ഞാനൊരു പോസ്റ്റിട്ടത്.
അക്കാലം രാജ്യം കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ക്ഡൗണിൽ അമർന്നിരിക്കുകയായിരുന്നു. വീട് വിട്ട് വെളിയിലിറങ്ങാനോ തൊഴിലെടുക്കാനോ പറ്റാത്ത, അക്ഷരാർത്ഥത്തിൽ വീടുകളിൽ പൂട്ടിയിടപ്പെട്ട മനുഷ്യർ. സർക്കാർ അരിയും ഭക്ഷ്യ കിറ്റും എത്തിച്ചു കൊടുത്ത് മഹാമാരിയെ നേരിടാൻ ജനങ്ങളെ സജ്ജരാക്കി എന്നതിൽ തർക്കമില്ല.
പക്ഷെ കാര്യങ്ങൾ ശ്രമകരമായി ചെയ്യുന്നു എന്നതുകൊണ്ട് എവിടെയെങ്കിലും വീഴ്ച പറ്റിയാൽ പറയരുത് എന്നർത്ഥമുണ്ടോ? നടത്തിപ്പുകാർക്ക് നന്നായി ചെയ്തു എന്ന് അഭിപ്രായമുള്ളതുകൊണ്ടു മാത്രം കാര്യങ്ങൾ നന്നാവുമോ? പരാതികൾ കേൾക്കുമ്പോൾ അധികാരികളുടെ ശ്രദ്ധയിലേക്ക്, പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ പൊതു പ്രവർത്തകർ ആരുടെ അനുവാദമാണ് വാങ്ങേണ്ടത് ? അതോ രാഷ്ട്രീയ പാർട്ടിക്കാരല്ലാത്ത പൊതുപ്രവർത്തകർ ഇത്തരം വിഷയങ്ങളിൽ - വിശേഷിച്ച് ആദിവാസി ദളിത് വിഷയങ്ങളിൽ ഇടപെടേണ്ട എന്നാണോ?
അരിപ്പയിൽ പത്ത് വർഷത്തിലേറെയായി കുടിൽ കെട്ടി താമസിക്കുന്ന ആദിവാസികളും ദളിതരും ഉൾപ്പെട്ട ഭൂരഹിതർക്ക് കോവിഡ് കാലത്ത് സർക്കാരിന്റെ അരിയോ സൗജന്യ ഭക്ഷ്യക്കിറ്റോ കിട്ടുന്നില്ല എന്ന് അവരാണ് എന്നോട് വിളിച്ചു പറഞ്ഞത്. അതനുസരിച്ച് എനിക്കറിയാവുന്ന ഭരണകക്ഷിയിൽപെട്ട രാഷ്ട്രീയ നേതാക്കളോട് ഈ വിഷയത്തിൽ ഇടപെട്ട് അരി എത്തിക്കണം എന്ന് പറഞ്ഞിരുന്നു. ഞാൻ പ്രവർത്തിക്കുന്ന എൻ.എ.പി.എമ്മിൽ അംഗങ്ങളായ പല സാമൂഹ്യ സംഘടനകളും അവിടുത്തെ ദയനീയ സ്ഥിതി മനസിലാക്കി അരിയും പച്ചക്കറിയും മറ്റു പലവ്യഞ്ജനങ്ങളും എത്തിച്ചു കൊടുക്കുകയുണ്ടായി.
സർക്കാർ സഹായത്തിന്റെ കാര്യത്തിൽ അപ്പോഴും പരിഹാരം കാണാത്തപ്പോഴാണ് കലക്ടറും എം.എൽ.എയും ഇടപെടണം എന്നാവശ്യപ്പെട്ട് അത്തരമൊരു പോസ്റ്റിട്ടത്. ആ പോസ്റ്റിന് അരിപ്പയിലെ ദുരിതമനുഭവിക്കുന്ന സാധുജനങ്ങൾക്ക് അരി കിട്ടണം എന്നതിൽ കവിഞ്ഞ ഉദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല.
2021 ഏപ്രിൽ 12 മുതൽ ഏഴ് ദിവസം ഞാൻ കേരളത്തിൽ ഉണ്ടായിരുന്നില്ല. ജമ്മു കാശ്മീരിലെ ശ്രീനഗറിൽ സുഹൃത്തുക്കളോടൊപ്പം പോയതായിരുന്നു. അവിടെ പ്രീപെയ്ഡ് സിം കാർഡ് ഉപയോഗിക്കാനാവില്ല. പോസ്റ്റ് പെയ്ഡ് സിം കാർഡ് ഇല്ലാതിരുന്നതിനാൽ എന്റെ സുഹൃത്തിന്റെ സിം ആണ് ഉപയോഗത്തിനായി കൊണ്ടുപോയത്.
കൃത്യം ഏപ്രിൽ 16 ന് ഫേസ്ബുക്ക് പോസ്റ്റിന്റെ ഒന്നാം വാർഷികത്തിൽ കുളത്തൂപ്പുഴ പോലീസിൽ സ്റ്റേഷനിൽ നിന്ന് എനിക്ക് കോൾ വരുന്നു. എനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കേസുണ്ട് എന്നു പറഞ്ഞു. കേസുണ്ട് എന്ന വാർത്ത പോലെ എന്റേതല്ലാത്ത ഈ നമ്പറിലേക്കുള്ള വിളിയും എന്നെ ഞെട്ടിച്ചു. ഫോൺ നമ്പർ എന്റേതല്ലല്ലോ ഇതെങ്ങനെ കിട്ടി എന്ന ചോദ്യത്തിന് "മാഡത്തിനെ സ്വന്തം നമ്പറിൽ കിട്ടാതായപ്പോൾ ഞങ്ങൾ സൈബർ സെല്ലിൽ വിളിച്ച് ഇപ്പോൾ ഉപയോഗിക്കുന്ന നമ്പർ ആവശ്യപ്പെട്ട് എടുത്തതാണ്' എന്ന് മറുപടി.
ഏപ്രിൽ 12 വരെ നാട്ടിൽ ആർക്കും വിളിക്കാവുന്ന ഒരാളായി ഞാനിവിടെ ഉണ്ടായിരുന്നു. കുറഞ്ഞ ദിവസം കൊണ്ട് ഞാൻ ഒളിച്ചു കടന്ന പ്രതീതി സൃഷ്ടിക്കാൻ അവർക്ക് സാധിച്ചു. ഒരാഴ്ചക്കുള്ളിൽ വീട്ടിലെത്തും എന്നറിയിച്ചിട്ടും ഏപ്രിൽ 18 ന് നേരം വെളുക്കും മുമ്പ് വീട്ടിലെത്തി മകനെ വിളിച്ചുണർത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പോയി. അഞ്ച് വർഷം മുമ്പ് വിരമിക്കുന്നതു വരെ ഞാൻ ജോലി ചെയ്തിരുന്ന മാളയിലും അന്വേഷിച്ചത്രേ.
ഏപ്രിൽ 27 ന് കുളത്തൂപ്പുഴ പോലീസ് വീട്ടിലെത്തി നോട്ടീസ് തരുമ്പോഴാണ് കേസ് ഇത്ര ഗൗരവമുള്ളതാണ് എന്ന് ഞാൻ അറിയുന്നത്. ഫേസ്ബുക്കിൽ ഒരു വർഷം മുമ്പ് ഇട്ട പോസ്റ്റ് കലാപത്തിന് പ്രേരണയാകുന്ന വിധത്തിൽ മനപൂർവ്വമായും കരുതലോടെയും ചെയ്തതാണ് എന്ന് കുളത്തൂപ്പുഴ പഞ്ചായത്ത് സെക്രട്ടറിയാണ് പരാതി കൊടുത്തിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ കലാപമൊന്നും ഉണ്ടായില്ലെങ്കിലും ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ആളിനോടുള്ള കലിപ്പ് അടങ്ങുന്നില്ല.
72 മണിക്കൂറിനകം പോസ്റ്റിടാൻ ഉപയോഗിച്ച ഫോണും അനുബന്ധ സാമഗ്രികളുമായി കുളത്തൂപ്പുഴയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ നേരിട്ടു ഹാജരാകാനാണ് നിർദ്ദേശം. ഈ ഒരു വർഷത്തിനിടക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് എന്നെ വിളിക്കുകയോ ഇത്തരം ഒരു പരാതിയെപ്പറ്റി ഒരു വിധത്തിലുമുള്ള അറിയിപ്പ് നൽകുകയോ ഉണ്ടായില്ല.
പാവപ്പെട്ട ഭൂരഹിതരായ മനുഷ്യർക്ക് അരി കൊടുക്കണം എന്ന് അഭ്യർത്ഥിച്ചതിന് IPC 153, K P Act - 118 ( b) ,120 (O) എന്നീ വകുപ്പുകൾ എഴുതിച്ചേർത്ത പോലീസ് ഉദ്യോഗസ്ഥനെയും നമിക്കണമല്ലോ. പ്രതിയായ എന്നോട് യാതൊരു വിധ അന്വേഷണവും നടത്താതെ കേസ് ചാർജ് ചെയ്ത് FIR കോടതിയിലെത്തിക്കാൻ കാണിച്ച ഉത്സാഹവും പ്രശംസനീയം തന്നെ.
പൊതുപ്രവർത്തക എന്ന നിലക്ക് ഞാൻ ചെയ്യേണ്ടതുമാത്രമേ ചെയ്തിട്ടുള്ളു. കോവിഡ് പ്രോട്ടോകോൾ ഇല്ലായിരുന്നെങ്കിൽ അവിടെ നേരിട്ട് എത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായി ഞാൻ കരുതുന്നു. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശം നിഷേധിക്കാൻ ജനാധിപത്യ സർക്കാരോ അവരുടെ സംവിധാനങ്ങളോ ശ്രമിച്ചാൽ അതിനെതിരെയും പോരാടുക എന്നത് എന്റെ ഉത്തരവാദിത്തമാണ്.
അന്യായമായി, മാരക വകുപ്പുകൾ ചേർത്ത് കേസെടുക്കുമ്പോൾ എല്ലാ പൊതുപ്രവർത്തകരെയും ഒന്നിച്ച് ഭയപ്പെടുത്താം എന്ന് കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. അധികാരത്തെയല്ലാതെ ആരെയാണ് വിമർശിക്കേണ്ടത് - ആരോടാണ് തിരുത്തലുകൾ നിർദ്ദേശിക്കേണ്ടത്? ആ പോസ്റ്റിൽ ഭരണകൂടത്തിനെതിരെ യാതൊരു വിമർശനവും ഇല്ല എന്നത് വേറെ കാര്യം.
ഇത് ഏപ്രിൽ മാസത്തെ പോസ്റ്റിനെതിരായ നടപടിയാണ്. മൂന്ന് വർഷമായി ആഗസ്റ്റിൽ ആണ്ടു ബലി പോലെ ആവർത്തിക്കുന്ന പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ പിഴവു കൂടിയാണ് എന്ന് അഭിപ്രായം ഉള്ളതിനാൽ സർക്കാരിനെ വിമർശിച്ച് ആഗസ്റ്റ് മാസത്തിൽ ഇട്ട പോസ്റ്റിനെതിരെയുള്ള കേസ് പിന്നാലെ വരുമായിരിക്കും അല്ലേ...