വയനാട്ടിൽ മഴ പൊതുവെ കുറവുള്ള വർഷമാണിത്, 50 ശതമാനത്തോളം കുറവ്. ഇത്തവണ കേരളത്തിൽ ഏറ്റവും കുറവ് മഴ കിട്ടിയ പ്രദേശം കൂടിയാണ് വയനാട്. ജൂലൈ തുടങ്ങിയ ശേഷമാണ് വയനാട്ടിൽ കുറച്ച് മഴ കിട്ടുന്നത്. കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ ദിവസം, 24 മണിക്കൂറിൽ 264 മില്ലീമീറ്റർ മഴ പെയ്തിട്ടുണ്ട്.
കള്ളാടിയിൽ മണ്ണിടിഞ്ഞതിന് തൊട്ടുമുകളിലുള്ള ഭാഗത്ത് പാറയും കുറച്ച് മരങ്ങളുമാണുള്ളത്. മഴവെള്ളം ഒലിച്ച് താഴേക്കിറങ്ങി മീനാക്ഷിപ്പുഴയിലേക്കാണ് പോയിരുന്നത്. തുരങ്കപ്പാതനിർമാണം മൂലം മഴവെള്ളം ഒഴുകിപ്പോകാനുള്ള വഴിയടഞ്ഞു. മണ്ണ് വെട്ടി പടിപടികളാക്കി, പ്ലാസ്റ്റർ ചെയ്തു വെച്ചിരിക്കുകയാണ്. ഒഴുകിവരുന്ന വെള്ളം ഒലിച്ചുപോകാതെ മണ്ണിലേക്കിറങ്ങുന്നതുമൂലം ഭാരം കൂടിക്കഴിഞ്ഞാൽ, അടിവശത്തുനിന്ന് തള്ളിവരും. അടിവശം തള്ളിപ്പോയാൽ മുകൾഭാഗം തുടർച്ചയായി താഴേക്കുവന്നുകൊണ്ടിരിക്കും. കള്ളാടിയിൽ അതാണ് സംഭവിച്ചത്.
എല്ലാ മണ്ണിടിച്ചിലും ഭൂമിയുടെ ഏറ്റവും ദുർബലമായ ഭാഗത്തുനിന്നാണ് തുടങ്ങുക. കള്ളാടിയിലും മുകളിൽനിന്നല്ല, താഴെനിന്നാണ് ഇടിഞ്ഞു തുടങ്ങിയത്. ചെരിഞ്ഞുകിടക്കുന്ന ഭൂമിയിൽ അതിന്റെ ചരിവ് കൂടുന്നതിനനുസരിച്ച്, മരങ്ങളൊന്നുമില്ലെങ്കിൽ മണ്ണിന്റെ ബലവും കുറയും. മരങ്ങളുടെ വേരാണ് മണ്ണിന്റെ അമിതമായ ലോഡിൽനിന്ന് സംരക്ഷിച്ചുനിർത്തുന്നത്. മരങ്ങളുടെ സംരക്ഷണമില്ലാതെ തുറന്നുകിടക്കുന്ന സ്ഥലം തീരെ ദുർബലമായിരിക്കും. 264 മി.മീറ്റർ മഴ പെയ്യുമ്പോൾ നല്ല ഒഴുക്കുണ്ടാകും. ഇങ്ങനെ മണ്ണിന്റെയും വെള്ളത്തിന്റെയും ഭാരം താങ്ങാൻ പറ്റാതാകുമ്പോഴാണ് താഴേക്ക് ഇടിഞ്ഞുവരുന്നത്. പ്രത്യക്ഷത്തിൽ മുകളിൽനിന്ന് ഇടിയുന്നു എന്നാണ് തോന്നുക. ഉദാഹരണത്തിന് ഒരു തോട്ടത്തിന്റെ അതിരിൽ ഉരുൾ പൊട്ടിക്കഴിഞ്ഞാൽ, കാട്ടിലാണ് പൊട്ടിയത് എന്നാണ് സാധാരണ പറയുക. നമ്മുടെ അറിവ് അങ്ങനെയാണ്. എന്നാൽ, ശാസ്ത്രീയമായി, എവിടെയാണോ ദുർബലാവസ്ഥയുള്ളത്, അവിടെനിന്നാണ് മണ്ണിടിഞ്ഞ് വരിക. മല തുരക്കുന്ന സൈറ്റിൽ തന്നെയാണ് മണ്ണിടിഞ്ഞ് താഴേക്കു വന്നിട്ടുള്ളത്.
ജൂലൈ 20- 25 കഴിയുമ്പോഴേക്കും ഈ പ്രദേശത്ത് 2000 മി. മീറ്ററിനടുത്ത് മഴ കിട്ടാൻ സാധ്യതയുണ്ട്. ഈയളവിൽ മഴ പെയ്യുകയും അതിന്റെ തുടർച്ചയായി മൂന്നാലു ദിവസം കൂടി മഴ പെയ്യുകയും ചെയ്താൽ, മറ്റേ സൈഡിലെ ഭാഗം കൂടി ഇടിഞ്ഞു താഴേക്കുവന്നേക്കാം. മണ്ണ് ലൂസായി കിടക്കുന്നതിനാൽ, മണ്ണ് കൂട്ടിയിട്ട സ്ഥലത്തൊക്കെ ഇടിയാൻ സാധ്യതയുണ്ട്. അതിനുള്ള മുൻകരുതൽ എടുക്കണം. ഇപ്പോൾ തൽക്കാലം ഇടിഞ്ഞിട്ടില്ല എന്നത് സുരക്ഷിതമായ അവസ്ഥയല്ല.

ജൂലൈ തുടങ്ങിയശേഷം നാലഞ്ചുദിവസമാണ് മഴ പെയ്തിട്ടുള്ളത്. സ്വാഭാവികമായും നല്ല മഴ കിട്ടാത്ത ഒരു സ്ഥലത്ത്, 200- 300 മി. മീറ്റർ മഴ കിട്ടിയാൽ, അത് ഭൂമിയിലേക്കിറങ്ങി, പിന്നെ 1500- 1800 മി. മീറ്റർ ആയിക്കഴിഞ്ഞാലാണ് ഉറവകൾ പൊട്ടുക. ഇപ്പോൾ എവിടെയും ഉരുൾപൊട്ടലുണ്ടായിട്ടില്ല. കാരണം, അത്രയും മഴയേ പെയ്തിട്ടുള്ളൂ. ജില്ലയുടെ കിഴക്കൻ ഭാഗത്ത് കൃഷിയിറക്കാൻ പറ്റാതെയിരിക്കുന്ന സമയത്താണ്, ഒരു ദിവസം ഒരു ഏരിയയിൽ കുറച്ചധികം മഴ പെയ്തതത്. അതൊരു സ്വാഭാവിക മണ്ണിടിച്ചിലായി മാറാനുള്ള സാഹചര്യം ഇപ്പോഴില്ല.
ഇനി ശ്രദ്ധിക്കേണ്ട സ്ഥലം വയനാട് ചുരമാണ്. ആറ്, ഏഴ്, എട്ട് വളവുകൾ വീതി കൂട്ടാൻ മഴയ്ക്കുമുമ്പ് മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. എട്ടാം വളവിൽ വിള്ളലുണ്ടായിട്ടുണ്ട് എന്ന് ഇന്ന് പത്രങ്ങളിൽ റിപ്പോർട്ടുണ്ട്. ഇതിന് പ്രധാന കാരണം, മരങ്ങൾ മുറിച്ചുമാറ്റിയതും ഒരു വശത്ത മണ്ണെടുത്ത് മറ്റൊരു സ്ഥലത്തേക്കിട്ടതുമൂലം അവിടത്തെ സന്തുലിതാവസ്ഥയിൽ വന്ന മാറ്റവുമാണ്. ഇതുമൂലം മണ്ണ് വശങ്ങളിലേക്ക് തള്ളിപ്പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇപ്പോൾ കരുതൽ ആവശ്യമാണ്. ലക്കിടയിൽ ജൂലൈ- ആഗസ്റ്റ് മാസമാകുമ്പോഴേയ്ക്കും 5000- 6000 മി. മീറ്റർ മഴ കിട്ടാറുണ്ട്. അതുകൊണ്ട്, എപ്പോൾ വേണമെങ്കിലും മണ്ണിടിഞ്ഞ് താഴോട്ടുപോകാനും ചുരം റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്. വയനാട്ടിൽ മാത്രമല്ല, കേരളത്തിലെ എല്ലാ ഹൈറേഞ്ച് മേഖലകളിലും മഴക്കാലത്ത് ഇത്തരം നിർമാണങ്ങൾ നിർത്തിവെക്കണം.

മുണ്ടക്കൈ ഉരുൾപൊട്ടലിനെതുടർന്ന് മണ്ണ് ധാരാളമായി ഒഴുകിപ്പോയപ്പോൾ കാണാൻ കഴിഞ്ഞത്, ആ പ്രദേശത്തെ പാറകൾ മുഴുവൻ വൻതോതിൽ വിണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു എന്നാണ്. പാറകൾ പാളികളായി നിൽക്കുകയും അതിനിടയിലെ ഗ്യാപുകളിലൂടെ ഭൂഗർഭജലം ഒഴുകുകയുമാണ്. തുരങ്കപ്പാതയുടെ നിർമാണത്തനിടെ, ഓരോ പാളിയും അവസാനിക്കുന്നിടത്തും അടുത്ത പാളി തുടങ്ങുന്നിടത്തും വെള്ളം വരാൻ സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെ പഠിക്കണം. തുരങ്കപാതനിർമാണസ്ഥലത്ത് ഇങ്ങനെയുള്ള ഏരിയകൾ എവിടെയൊക്കൊണുള്ളത് എന്ന് കൂടുതൽ മണ്ണെടുക്കുമ്പോഴേ അറിയാൻ കഴിയൂ. എന്നാൽ, മലകളുടെ മൊത്തം ഘടനയിൽ ഇത്തരം ഇടങ്ങൾ ധാരാളമായിട്ടുണ്ട് എന്ന് കഴിഞ്ഞ മണ്ണിടിച്ചിലിൽ കണ്ടതാണ്. അതുകൊണ്ട്, മഴക്കാലത്തുടനീളം അതീവ ജാഗ്രത ആവശ്യമാണ്.
