'വയനാട്ടിൽ പനമരത്തിനടുത്ത് പാലുകുന്നിലാണ് ഞാൻ ജനിച്ചത്. കബനീ നദിയുടെ കരയിലുള്ള ഗ്രാമമാണത്. വളരെ അടുത്തൊന്നും കാടില്ല. നിറയെ കാപ്പിത്തോട്ടങ്ങളാണ്. മുതലാളിമാരുടെ ഈ തോട്ടങ്ങളിൽ പണിയെടുത്താണ് അച്ഛനുമമ്മയും കുടുംബം പോറ്റിയിരുന്നത്. ഞങ്ങൾ ഉൾപ്പെടെ, കോളനിയിൽ എല്ലാവരും ആശ്രയിച്ചിരുന്നത് തോട്ടങ്ങളെയാണ്. അകാലത്തിൽ അച്ഛൻ മരിച്ചതോടെ അമ്മയോടൊപ്പം നടവയലിനടുത്തെ നെയ്ക്കുപ്പയിലേക്ക് വന്നു. അവിടെയാണ് അമ്മയുടെ വീട്. അതുവരെയുണ്ടായിരുന്ന കാഴ്ചകളായിരുന്നില്ല പിന്നീട് കണ്ടത്. കാട്ടുപന്നികളും കുരങ്ങന്മാരുമായിരുന്നു അന്നോളം ഞങ്ങൾക്ക് കാട്ടുജീവികൾ. നടവയലിലെത്തിയതോടെ കാടായി ജീവിതം. പേടി തോന്നിയില്ല, പകരം കൗതുകമായിരുന്നു.
കാടിനകത്തുള്ള മണൽവയലിലാണ് താമസം. കുറെ നേരം കാട്ടിനകത്തുകൂടെ നടന്നാലെ അവിടെയെത്തൂ. ഇടക്കിടെ ഞങ്ങൾ അവിടെപ്പോവും. രാപ്പകൽ ഭേദമില്ലാതെ നടവഴിയിൽ മൃഗങ്ങളുണ്ടാവും, ആനയും കാട്ടുപോത്തും മാനുമെല്ലാമുണ്ടാവും. ഞങ്ങൾ അവയെ കാണാതെ, ശബ്ദമുണ്ടാക്കാതെ നടന്നുപോവും. ചിലപ്പോഴെല്ലാം മൃഗങ്ങൾ ഞങ്ങളെ കാണാതെ മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കും പിന്നിൽ ഒളിച്ചുനിൽക്കുന്നതായി തോന്നിയിട്ടുണ്ട്. മനുഷ്യർക്കുവേണ്ടി ഈ ജീവികൾ വഴിമാറിക്കൊടുത്ത നിരവധി കഥകൾ കാരണവന്മാർ പറഞ്ഞത് കേട്ടിട്ടുണ്ട്.
മൃഗങ്ങളും മനുഷ്യരും സമാധാനത്തോടെയാണ് അക്കാലമെല്ലാം കഴിഞ്ഞതെന്നാണ് ഞാൻ വിചാരിക്കുന്നത്. മൃഗങ്ങൾ ഇപ്പോഴത്തെപ്പോലെ അക്രമകാരികളായിരുന്നില്ല, അന്ന്. അവരുടെ ആവാസകേന്ദ്രമായ കാട്ടിനുള്ളിൽ നിന്നുമാത്രമല്ല, സമീപ പ്രദേശങ്ങളിൽ കഴിയുന്ന മനുഷ്യരിൽ നിന്നും ഇന്ന് അവർ വലിയ സമ്മർദമനുഭവിക്കുന്നുണ്ട്. മനുഷ്യരുടെ കാര്യവും ഇങ്ങനെ തന്നെ. പഴയ കാലത്തെ മനുഷ്യരൊന്നുമല്ല, ഇപ്പോൾ. അവരുടെ താല്പര്യങ്ങളും വേറെയാണ്.
വനത്തിനകത്ത് മൃഗങ്ങൾ നേരിടേണ്ടിവരുന്ന സമ്മർദത്തിന് നിരവധി കാരണങ്ങളുണ്ട്. വനം ശുഷ്‌കിച്ചുപോയി. വേനൽക്കാലമായാൽ അവയ്ക്ക് തീറ്റയോ വെള്ളമോ അവിടെ കിട്ടാനില്ല. കാട് ശരിക്കും ചൂഷണം നേരിടുന്നുണ്ട്, ഭൂമാഫിയയുടെയൊക്കെ പ്രവർത്തനഫലമായി. അതിന്റെ മുഴുവൻ സമ്മർദവും അവിടുത്തെ ജീവജാലങ്ങൾ സഹിക്കേണ്ടിവരുന്നു. പണ്ടൊക്കെ കാട് നിശ്ശബ്ദമായിരിക്കും, ഇപ്പോൾ അവിടെ ഭയമാണ് പതിയിരിക്കുന്നത്.
നേരത്തെ കാടിനടുത്ത് കൃഷി ചെയ്യുന്നവർ കാവൽ കിടന്നാണ് വിളകൾ സംരക്ഷിച്ചിരുന്നത്. നെയ്ക്കുപ്പയിലെ വാസകാലത്ത് എനിക്കിത് നേരിട്ട് കാണാൻ പറ്റിയിട്ടുണ്ട്. ഞങ്ങളുടെ പുരയിലുളളവരും കാവൽ കിടക്കാൻ പോവും. കാവൽപുരകളിൽ രാത്രി മുഴുവൻ അവർ ഉറങ്ങാതിരിക്കും. ഉണങ്ങിയ മുളക്കഷ്ണങ്ങൾ തമ്മിലടിച്ച് ഒച്ചയുണ്ടാക്കും, തീയിടും. കൂടാതെ പാട്ടുപാടും. വിളവെടുപ്പുകാലത്ത് കാവൽപുരകളിൽ നിന്നുവരുന്ന ഈ പാട്ടുകളാണ് ഞങ്ങളിലെ സംഗീതത്തിന്റെ ആദ്യ പാഠം. അക്കാലത്ത് കാടിറങ്ങി വരുന്ന മൃഗങ്ങളെ തുരത്തുവാൻ ഇതെല്ലാം ധാരാളമായിരുന്നു.
ഇപ്പോഴോ? പടക്കവും തോക്കുമാണ് എല്ലാവരുടെയും കൈവശം. മൃഗങ്ങളിപ്പോൾ ഇത്തരം ആയുധങ്ങൾ പോലും ഗൗനിക്കുന്നില്ല, അവരും അതിജീവനത്തിന് പുതിയ തന്ത്രങ്ങൾ പരിശീലിച്ചുവെന്നുവേണം കരുതാൻ.
കാലാവസ്ഥ- ചൂടും തണുപ്പും മഴയുമെല്ലാം- ഇപ്പോൾ വളരെ ഉയർന്ന നിലയിലാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഇങ്ങനെയൊരു മാറ്റമുണ്ടാക്കിയത്. ഈ മാറ്റം ജീവജാലങ്ങളിൽ ശാരീരികവും മാനസ്സികവുമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇതും ഇപ്പോഴത്തെ സംഘർഷത്തിന് കാരണമാണ്.
വന്യജീവികൾക്ക്, പ്രത്യേകിച്ച് ആനകൾക്ക്, തലച്ചോറിൽ ഒരു മാപ്പുണ്ട്, അവർ നേരത്തെ സഞ്ചരിക്കുകയോ ഭക്ഷണം തേടുകയോ ചെയ്ത സ്ഥലങ്ങൾ സ്വകാര്യസ്വത്തായി മാറി. അതാണ് ഇപ്പോഴുണ്ടായ സംഭവങ്ങളുടെ ഒരു പ്രധാന കാരണം.
കുടിയേറ്റക്കാർ വന്നതോടെയാണ് കാട് ഇത്രമാത്രം സമ്മർദമനുഭവിക്കാൻ തുടങ്ങിയത്. അതിപ്പോഴും തുടരുകയാണ്. വനത്തിനകത്ത് ഏകയിന മരങ്ങളുടേതടക്കമുള്ള വലിയ തോട്ടങ്ങളുണ്ടാക്കിയത് ഗുരുതര പ്രശ്‌നമാണ്.
വന്യജീവികൾക്ക്, പ്രത്യേകിച്ച് ആനകൾക്ക്, തലച്ചോറിൽ ഒരു മാപ്പുണ്ട്, അതുകൊണ്ടാണ് അവർ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിവരുന്നത് എന്നാണ് കർഷകർ പറയുന്നത്. അവർ നേരത്തെ സഞ്ചരിക്കുകയോ ഭക്ഷണം തേടുകയോ ചെയ്ത സ്ഥലങ്ങൾ സ്വകാര്യസ്വത്തായി മാറി. അതാണ് ഇപ്പോഴുണ്ടായ സംഭവങ്ങളുടെ ഒരു പ്രധാന കാരണം. ഇതിന് പരിഹാരം കണ്ടെത്തേണ്ടത് സർക്കാരാണ്. ഭരണകൂടങ്ങളും ഒരു പരിധി വരെ ഉത്തരവാദികളാണ്. മനുഷ്യരുൾപ്പെടെ എല്ലാ ജീവികൾക്കും ആശ്യമായ ആവാസവ്യവസ്ഥയുണ്ടാവണം. അതിന് സർക്കാർ ശ്രമിക്കണം. അത് കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
മനുഷ്യ- വന്യജീവി സംഘർഷത്തിന്റെ യഥാർത്ഥ ഇരകൾ ആദിവാസികളാണ്. അവരാണ് ജീവിക്കാൻ കൂടുതലും കാടിനെ ആശ്രയിക്കുന്നത്. ഞങ്ങളിൽ ഭൂരിഭാഗവും കഴിയുന്നത് വനത്തിനരികിലാണ്. വന്യജീവികളുടെ മേൽ കർഷകർ അടിച്ചേൽപ്പിക്കുന്ന സമ്മർദത്തിന്റെ ഫലം ഞങ്ങൾ അനുഭവിക്കേണ്ടിവരുന്നു. ആദിവാസികൾ വലിയ ആശയക്കുഴപ്പത്തിലാണ്. മൃഗങ്ങളിൽ നിന്ന് രക്ഷ വേണം എന്നാവശ്യപ്പെട്ട് നേരത്തെയൊന്നും ആദിവാസികൾ സർക്കാരിനെ സമീപിക്കാറില്ലായിരുന്നു. കാരണം അവരുടെതായ ഒരു Prevention മാതൃക ഉണ്ടാക്കിയെടുത്തിരുന്നു. അത് തുടരണോ അതോ ഗവൺമെന്റുകൾ ആവിഷ്‌കരിക്കുന്ന സമ്പ്രദായങ്ങൾ വേണോ എന്ന ആശയക്കുഴപ്പമാണ് അവർ നേരിടുന്നത്.
എന്താണ് യഥാർത്ഥത്തിൽ വനത്തിനകത്ത് നടക്കുന്നതെന്നും നടന്നതെന്നും ആദിവാസികൾ അറിയാം. കാടിനുള്ളിലെ മൃഗങ്ങളുടെ കൊലയെക്കുറിച്ച്, മരം വെട്ടുന്നതിനെപ്പറ്റിയെല്ലാം അവർക്കറിയാം. എന്നാൽ ഇത് പുറത്തുപറയാൻ അവർക്ക് പേടിയാണ്. നാട്ടിൽ, പുറത്തുകൂടി ഇറങ്ങിനടന്നാൽ അത് മനസ്സിലാവും. ഇപ്പോഴത്തെ സംഘർഷത്തിന് കാരണമായ വസ്തുതകളെക്കുറിച്ച് കൃത്യമായി ധാരണയുള്ളവർക്കൊന്നും അത് വെളിപ്പെടുത്താൻ ഇപ്പോൾ കഴിയില്ല. കാരണം, അവരെല്ലാം ഭയത്തിലാണ്.
(തയാറാക്കിയത് എം.കെ. രാമദാസ്)